Monday, 18 August 2025

 എം എൽ അപ്ഡേറ്റ്

സിപിഐ (എംഎൽ ) പ്രതിവാര പ്രസിദ്ധീകരണം
വോളിയം 28, No. 33 (12-18 ആഗസ്ത് 2025)

എഡിറ്റോറിയൽ

വോട്ടുമോഷ്ടാക്കൾ രാജിവെച്ചൊഴിയുക


ബിഹാറിലെ നീചമായ എസ് ഐ ആർ പരിപാടി ഇപ്പോൾ രണ്ടാം മാസത്തിലേക്ക് കടന്നിരിക്കുന്നു. വീടുവീടാന്തരം കയറിയിറങ്ങിയുള്ള കണക്കെടുപ്പ് എന്ന് അവർ അവകാശപ്പെടുന്ന ഘട്ടം കഴിഞ്ഞതോടെ, 36 ലക്ഷം വോട്ടർമാർ ബിഹാറിൽ നിന്നും സ്ഥിരമായി താമസം മാറിപ്പോവുകയോ, അവരെ 'കണ്ടെത്താൻ ' കഴിയാതാവുകയോ ഉണ്ടായി എന്നും, മറ്റ് 22 ലക്ഷം വോട്ടർമാർ മരിച്ചതായി വിവരം ലഭിച്ചുവെന്നും, വേറെ 7 ലക്ഷം പേർ മറ്റ് സ്ഥലങ്ങളിൽ വോട്ടർമാരായി രജിസ്റ്റർ ചെയ്തുവെന്നും ആണ് ഇ സി ഐ അവകാശപ്പെടുന്നത്. ഈ കണക്കുകൾ അത്രയും അക്കങ്ങളിലല്ല, ശതമാനത്തിന്റെ രൂപത്തിലാണ് അവതരിപ്പിച്ചത് എന്നതും, വോട്ടർമാരുടെ പേരുകളോ, അവരെ ഡ്രാഫ്റ്റ്‌ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനുള്ള കാരണങ്ങളോ കാണിച്ചിട്ടില്ല എന്നതും ദുരൂഹമായി തുടരുകയാണ്.

ഇത്തരത്തിൽ വൻതോതിൽ പേരുകൾ നീക്കിയതിലെ സംശയങ്ങൾക്ക് ആസ്പദമായ മൂന്ന് കാരണങ്ങൾ മുന്നിൽ വന്നിട്ടുണ്ട്. ഒന്നാമതായി, ആകപ്പാടെ കുറച്ചു ദിവസങ്ങൾ മാത്രം എടുത്ത എന്യൂമറേഷന്റെ അവസാന ദിവസങ്ങളിലാണ് സംഖ്യകളിൽ വലിയ കുതിച്ചു ചാട്ടം ഉണ്ടായതെ ന്നത് ശ്രദ്ധേയമാണ്. ജൂലൈ 19 ന്റെ തൽസ്ഥിതി പ്രകാരം, താമസസ്ഥലങ്ങളിൽ 'കണ്ടെത്താൻ ' കഴിയാതെ വന്നവരുടെ എണ്ണം 41,64, 814 ആണ്. അതായത്, നാൽപ്പത് ലക്ഷത്തിന് അൽപ്പം മുകളിൽ. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ഇത് 66 ലക്ഷമായി പെട്ടെന്ന് കുതിച്ചുയർന്നു. അതായത്, 7 ദിവസം കൊണ്ട് 25 ലക്ഷം! ഇത്രയും ഭീമമായ തോതിൽ പേരുകൾ നീക്കം ചെയ്തതിനിടെ, വിദേശ പൗരത്വം ഉള്ളവർ എന്ന കാരണത്താൽ പേര് നീക്കം ചെയ്യപ്പെട്ട ഒറ്റക്കേസ് പോലും ഉണ്ടായില്ല. എന്യൂമറേഷൻ നടക്കുന്നതിനിടയിൽ , 'തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങ'ളെ ഉദ്ധരിച്ച് മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ച റിപ്പോട്ടുകൾ നൽകിയ ചിത്രം മറ്റൊന്നായിരുന്നു. ബിഹാറിലെ വോട്ടർപ്പട്ടികയിൽ സ്ഥാനം പിടിക്കാൻ ബംഗ്ലാദേശ്, മ്യാന്മർ, നേപ്പാൾ എന്നീ രാജ്യങ്ങളിൽനിന്നെത്തിയ നുഴഞ്ഞു കേറ്റക്കാർ ശ്രമിക്കുന്നു എന്നായിരുന്നു പ്രചാരണം.

അത്രതന്നെ വിചിത്രമായ മറ്റൊരു കാര്യം, ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷൻ അഥവാ രണ്ടോ അതിലധികമോ ഇടങ്ങളിൽ വോട്ടർപട്ടികയിൽ പേരുള്ളവർ ആയി തിരിച്ചറിഞ്ഞ കാരണത്താൽ പേര് നീക്കിയവരുടെ എണ്ണം ആദ്യം കാണിച്ച 7.5 ലക്ഷത്തിന്റെ സ്ഥാനത്ത് പെട്ടന്ന് 7 ലക്ഷം ആയി കുറഞ്ഞു എന്നതാണ്. ബിഹാർ എസ് ഐ ആർ വഴി ' സ്ഫുടം ചെയ്തെടുത്ത' കരട് വോട്ടർ പട്ടികയിൽ പശ്ചിമ ചമ്പാരൻ ജില്ലയിലെ ഒറ്റ മണ്ഡലത്തിൽ ഉത്തർപ്രദേശുകാരായ അയ്യായിരം സംശയാസ്പദ വോട്ടർമാർ ഇടംപിടിച്ച വസ്തുത ചില അന്വേഷണാത്മക റിപ്പോർട്ടുകളിൽ പുറത്തു വന്നതിൽ ഒട്ടും അത്ഭുതമില്ല. ബിഹാർ ഡെപ്യൂട്ടി മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് സിഹ്നയുടെ കാര്യമെടുത്താൽ, അദ്ദേഹത്തിന്റെ പേര് രണ്ടിടത്ത് തുടരുകയാണ്, ഒരു മണ്ഡലത്തിൽ പേര് നീക്കം ചെയ്യാൻ സ്വയം അപ്പീൽ നൽകിയിട്ടുണ്ടെന്നാണ് അവകാശവാദമെങ്കിലും. അങ്ങനെയെങ്കിൽ, ബിഹാറിലെ ഉപമുഖ്യമന്ത്രിപോലും ബിഹാർ എസ് ഐ ആർ തട്ടിപ്പിന്റെ 'ഇര'യായ സാഹചര്യത്തിൽ എസ് ഐ ആർ എന്ന അഭ്യാസം മൊത്തത്തിൽ എത്രമാത്രം ചതിയും തട്ടിപ്പും നിറഞ്ഞതാണെന്ന് ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ.
ഇപ്പോഴും നമ്മൾ മറന്നുകൂടാത്ത ഒരു കാര്യം തിരിമറികൾ തുടങ്ങിയിട്ടേയുള്ളൂ എന്നതാണ്. മരിച്ചവരുടേ യും ഒന്നിലധികം ഇടത്ത് പേരുള്ളവരുടേയും സംഖ്യകൾ ഏറെക്കുറെ ശരിയാണെന്നു വന്നാൽപ്പോലും, 2025 ജനുവരിയിലെ പുതുക്കിയ വോട്ടർപട്ടികയിൽ പേരുകൾ നീക്കം ചെയ്ത 66 ലക്ഷത്തിൽ 40 ലക്ഷത്തോളം വോട്ടർമാരെങ്കിലും എസ് ഐ ആർ തിരിമറിയുടെ ഇരകൾ ആണ് എന്നാണ് മനസ്സിലാക്കേണ്ടത്. അവരുടെ അനുഭവത്തിൽ എസ്ഐആർ ( SIR ) എന്നത് 'സ്പെഷ്യൽ ഇന്റെൻസീവ് റിമൂവൽ' അഥവാ "പ്രത്യേക കടുംവെട്ടൽ" ആയിരിക്കുന്നു.

രേഖകൾ പരിശോധിച്ച് പട്ടികയ്ക്ക് അന്തിമരൂപം നൽകുന്ന രണ്ടാം ഘട്ടത്തിൽ അതാത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (ഇആർഓ)മാർ ആയിരിക്കും ദശലക്ഷക്കണക്കിന് വോട്ടർമാരുടെ ഭാവി തീരുമാനിക്കുക. അവർക്ക് കൊടുത്തിരിക്കുന്ന പ്രത്യേകമായ വിവേചനാധികാരത്തിൽ രാഷ്ട്രീയവും സാമൂഹ്യവുമായ പക്ഷപാതങ്ങൾ ഏതെല്ലാം വഴികളിലൂടെ ഇഴഞ്ഞു കേറുമെന്ന് ഊഹിക്കാൻ പ്രയാസമില്ല. മേൽപ്പറഞ്ഞ രീതിയിൽ വോട്ടർമാരെ തെരഞ്ഞുപിടിച്ച് കൂട്ടമായി ഒഴിവാക്കുന്നതോടൊപ്പം, 'പുതിയ' വോട്ടർമാരെ മഹാദേവപുരയിൽ നമ്മൾ കണ്ട മാതൃകയിൽ മഹാരാഷ്ട്രയിൽ നടപ്പാക്കിയതുപോലെ വലിയ സംഖ്യയിൽ കൂട്ടിച്ചേർക്കാനും സാദ്ധ്യത നിലനിൽക്കുന്നു. എസ് ഐ ആർ നിർത്തിവെക്കാത്ത പക്ഷം, ബിഹാർ വോട്ടർ പട്ടിക കൂടുതൽ ചതിയും കൃത്രിമങ്ങളും നിറഞ്ഞതായി കലാശിക്കാൻ പോവുകയാണ്.

എസ് ഐ ആർ വിഷയത്തിൽ തുടക്കം മുതൽക്കേ നമ്മൾ ഇടപെടൽ നടത്തിയത് അതിന്റെ നടത്തിപ്പിലെ ദുരുദ്ദേശവും ചതിയും തുറന്നുകാട്ടി ജനങ്ങൾക്കിടയിൽ അതിനെതിരായ അവബോധവും ജാഗ്രത യും വളർത്താനും, അതുവഴി സമ്മതിദാനാവകാശം കൂട്ടത്തോടെ നിഷേധിക്കപ്പെടുന്ന ആപത്തിനെ ചെറുക്കാനും ആയിരുന്നു. എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കുന്ന പ്രക്രിയയെ പ്രമാണ രേഖകൾ ഹാജരാക്കുന്നതിൽനിന്നും വേറിട്ട ഒന്നായി എടുത്തു കാട്ടുന്ന ഉത്തരവ് ഇറങ്ങിയപ്പോൾ വോട്ടർമാർക്ക് തല്ക്കാലം ഉണ്ടായ ആശ്വാസവും സുരക്ഷിതത്വ ബോധവും മിഥ്യയായിരുന്നുവെന്ന് പിന്നീടാണ് വ്യക്തമായത് . വിദേശി 'നുഴഞ്ഞുകേറ്റക്കാരെ'ക്കുറിച്ചുള്ള സംഘപരിവാർ- ബിജെപി പ്രചാരണം അരങ്ങേറിയത് മുസ്ലീങ്ങളെ ലക്ഷ്യം വെച്ചുള്ള വിദ്വേഷകാംപെയിനിലൂടെ ശരാശരി വോട്ടർമാരുടെ മനസ്സിൽ മുൻവിധി ജനിപ്പിക്കാൻ ആയിരുന്നു. എന്നാൽ, ജനങ്ങളിൽ വർഗ്ഗീയ വികാരം കുത്തിയിളക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് കുടിയേറ്റത്തൊഴിലാളികൾക്കും ബഹുജൻ സമുദായങ്ങൾക്കും ഇടയിൽനിന്നും കാര്യമായ പിന്തുണ ഇപ്പോൾ ലഭിച്ചില്ല. വലിയ വിഭാഗം കുടിയേറ്റ ത്തൊഴിലാളികളേയും മറ്റ് വിഭാഗങ്ങളേയും ഇപ്പോൾത്തന്നെ ബാധിച്ചിരിക്കുന്ന പ്രധാന പ്രശ്നം വോട്ടവകാശ നിഷേധമാണ്. രാഹുൽ ഗാന്ധി തുറന്നുകാട്ടിയ മഹാദേവ്പുര വോട്ടുമോഷണത്തിന്റെ വിവരങ്ങൾ കൂടിയായപ്പോൾ ഫോക്കസ് മൊത്തത്തിൽ മാറുകയായിരുന്നു.

പെട്ടെന്ന് എസ് ഐ ആർ കൊണ്ടുവന്നതും വോട്ടർ പട്ടിക തയ്യാറാക്കുന്നതും വിവാദപരമായ ദേശീയ പൗരത്വ രജിസ്റ്റർ (NRC) നടപ്പാക്കലുമായി അതിനെ കൂട്ടിയിണക്കലും, തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയുടെ ഉപദേശങ്ങൾ പോലുമവഗണിച്ച് ധിക്കാരപൂർവം ഇതെല്ലാം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതും ചെറുത്തു നിൽപ്പിനുള്ള ജനങ്ങളുടെ ദൃഢനിശ്ചയത്തിന് കൂടുതൽ ശക്തി പകർന്നിരിക്കുന്നു. ഫാസിസ്റ്റ് ആക്രമത്തിൽ നിന്നും ഇന്ത്യൻ ഭരണഘടനയെ പ്രതിരോധിക്കാനുള്ള ഐക്യപ്പെടൽകൂടിയാണ് അത്. റിപ്പബ്ലിക്കിന്റെ ചരിത്രത്തിൽ മുൻപൊരിക്കലും സംഭവിച്ചിട്ടില്ലാത്ത വിധം തരംതാണ നിലവാരത്തിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എത്തിയിരിക്കുന്നു.

എസ് ഐ ആറിന്റെ ഭാവി എന്തുതന്നെയായാലും, കുടിയേറ്റത്തൊഴിലാളികളുടേയും പാർശ്വവൽകൃതരുടേയും ന്യൂനപക്ഷങ്ങളുടേയും വോട്ടവകാശം കവർന്നെടുത്ത് ബിഹാർ തെരഞ്ഞെടുപ്പ് മൊത്തത്തിൽ മോഷ്ടിക്കാൻ നടത്തുന്ന ഗൂഢാലോചനയെ ബിഹാറിലെ സമ്മതിദായകരും ഇന്ത്യയൊട്ടാകെയുള്ള ജനങ്ങളും സർവ്വ ശക്തിയും ഉപയോഗിച്ച് ചെറുത്ത് തോൽപ്പിക്കുകതന്നെ ചെയ്യും. ഒരുമിച്ചു പോരാടുന്ന ജനതയെ ഒരിക്കലും തോൽപ്പിക്കാനാവില്ല.

No comments:

Post a Comment