Monday, 26 January 2026


റിപ്പബ്ലിക് ദിനം 2026: തകർന്ന റിപ്പബ്ലിക്, തകർന്ന പൗരൻ, ദൃഢനിശ്ചയമുള്ള ജനത

 [ എഡിറ്റോറിയൽ, എം എൽ അപ്ഡേറ്റ്

വാല്യം 29 / നമ്പർ 04, ജനുവരി 21-27 , 2026 ]


1950 ജനുവരി 26 ന് ഭരണഘടന നിലവിൽ വന്നതിന്റെയും ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയതിന്റെയും അടയാളമായി നമ്മൾ ജനുവരി 26 റിപ്പബ്ലിക് ദിനമായി ആചരിക്കുന്നു. അതിനാൽ റിപ്പബ്ലിക് ദിനം "നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ" പ്രഖ്യാപിച്ചതുപോലെ റിപ്പബ്ലിക്കിന്റെ സ്വഭാവവും ദിശയും പൗരന്റെ അവകാശങ്ങളും നിർവചിക്കുന്ന ഭരണഘടനാ ലക്ഷ്യങ്ങളും പ്രതിബദ്ധതകളും ആഘോഷിക്കുന്നതിനുള്ള ഒരു അവസരമായിരിക്കണം. എന്നാൽ വർഷങ്ങളായി, റിപ്പബ്ലിക് ദിനം ഇന്ത്യൻ രാഷ്ട്രത്തെക്കുറിച്ചുള്ളതായി മാറിയിരിക്കുന്നു. ഡെൽഹിയിലെ പരേഡ് ഭരണകൂടത്തിന്റെ സാമ്പത്തിക, സൈനിക ശക്തിയുടെയും സർക്കാരിന്റെ വിവിധ പദ്ധതികളുടെ പ്രചാരണത്തിന്റെയും ഒരു ക്യൂറേറ്റഡ് പ്രദർശനമായി മാറുകയാണ്.

വിരോധാഭാസമെന്നു പറയട്ടെ, മോദി യുഗത്തിൽ ഭരണഘടന നിരന്തരമായ ആക്രമണത്തിന് വിധേയമാകുകയും കൂട്ടത്തോടെ വോട്ടവകാശം നിഷേധിക്കപ്പെടുമെന്ന ഭീഷണി പൗരന്മാർ നേരിടുകയും ചെയ്യുമ്പോൾ, ഭരണഘടനയുടെയും വോട്ടറുടെയും പേരിൽ രണ്ട് അധിക ദിവസങ്ങൾ ഔദ്യോഗികമായി ആഘോഷിക്കുന്നു. 1949 നവംബർ 26 ന് ഭരണഘടനാ നിർമ്മാണ സഭ രാജ്യത്തിന്റെ ഭരണഘടന അംഗീകരിച്ചതിന്റെ വാർഷികം ആഘോഷിക്കുന്നതിനായി നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നു. 1950 ജനുവരി 25 ന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാപിതമായതിന്റെ വാർഷികം ആഘോഷിക്കുന്നതിനായി ജനുവരി 25 ദേശീയ വോട്ടർ ദിനമായി ആചരിക്കുകയാണ് .

നമ്മുടെ ഭരണഘടനയുടെ ആമുഖം ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്കായി വിശേഷിപ്പിക്കുന്നു. 'സോഷ്യലിസ്റ്റ്', 'മതേതര' എന്നീ വാക്കുകൾ ആമുഖത്തിന്റെ മുൻ പതിപ്പിൽ ഇല്ലാതിരുന്നതിനാലും, അടിയന്തരാവസ്ഥക്കാലത്ത് വിവാദമായ 42-ാം ഭേദഗതിയിലൂടെ ചേർത്തതിനാലും സംഘ്-ബിജെപി സ്ഥാപനം 'സോഷ്യലിസ്റ്റ്', 'മതേതര' എന്നീ വാക്കുകൾ നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നു. ഈ രണ്ട് വാക്കുകൾ യഥാർത്ഥ ആമുഖത്തിൽ ഇല്ലായിരുന്നു എന്നത് ശരിയാണ്, പക്ഷേ അംബേദ്കറും ഭരണഘടനാ അസംബ്ലിയും സോഷ്യലിസത്തിന്റെയും മതേതരത്വത്തിന്റെയും ആശയങ്ങളെ എതിർക്കുന്നു എന്നല്ല അതിനർത്ഥം. നേരെമറിച്ച്, സോഷ്യലിസത്തിന്റെയും മതേതരത്വത്തിന്റെയും ആശയങ്ങളും തത്വങ്ങളും ഭരണഘടനയുടെ പാഠത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ആമുഖത്തിന്റെ സംക്ഷിപ്തതയ്ക്കായി, പരമാധികാരം, ജനാധിപത്യം എന്നീ വാക്കുകൾ റിപ്പബ്ലിക്കിന്റെ കാതലായ സ്വഭാവമായി നിർവഹിക്കാൻ പര്യാപ്തമാണെന്ന് അംബേദ്കർ കരുതിയിരുന്നു.

1977-ൽ അടിയന്തരാവസ്ഥ പിൻവലിച്ച് പരാജയപ്പെടുത്തിയതിനെത്തുടർന്ന്, ജനതാ പാർട്ടി സർക്കാർ 44-ാം ഭേദഗതിയിലൂടെ 42-ാം ഭേദഗതിയെ ഗണ്യമായ അളവിൽ റദ്ദാക്കിയെന്നും നാം ഓർക്കണം. ബിജെപിയുടെ മുൻഗാമിയായ ഭാരതീയ ജനസംഘം ജനതാ പാർട്ടിയിൽ ലയിച്ചു, വാജ്‌പേയിയും അദ്വാനിയും മൊറാർജി ദേശായി സർക്കാരിൽ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിമാരായിരുന്നു. 42-ാം ഭേദഗതിയിലൂടെ വരുത്തിയ പല മാറ്റങ്ങളും റദ്ദാക്കിയെങ്കിലും, 44-ാം ഭേദഗതി ആമുഖത്തിൽ നിന്ന് സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ വാക്കുകൾ നീക്കം ചെയ്തില്ല. ഇന്ന് ബിജെപി ഈ രണ്ട് വിശേഷണങ്ങളും നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് സംഘ് സേനയുടെ സോഷ്യലിസത്തിന്റെയും മതേതരത്വത്തിന്റെയും ആശയത്തോടുള്ള പ്രത്യയശാസ്ത്രപരമായ വൈരാഗ്യം മൂലമാണെന്ന് വ്യക്തമാണ്.

സംഘം മതേതരത്വത്തിന്റെയും ബദ്ധശത്രുവാണെന്നും സോഷ്യലിസം തീർച്ചയായും പുതിയ വെളിപ്പെടുത്തലല്ലെന്നും വ്യക്തമാണ്. തീർച്ചയായും, ഭരണഘടന അംഗീകരിച്ചതുമുതൽ സംഘം മുഴുവൻ ഭരണഘടനയെയും എതിർത്തിട്ടുണ്ട്. ആർ‌എസ്‌എസിന്റെ അഭിപ്രായത്തിൽ, ഭരണഘടന 'ആദർശ ഇന്ത്യൻ മനുസ്മൃതി കോഡ്' അടിസ്ഥാനമാക്കിയുള്ളതല്ലാത്തതിനാൽ അത് ഒരു ഇന്ത്യാ വിരുദ്ധ രേഖയായിരുന്നു! മഹാത്മാഗാന്ധിയുടെ വധത്തെത്തുടർന്ന് സർദാർ പട്ടേൽ ഏർപ്പെടുത്തിയ വിലക്കിൽ നിന്ന് പുറത്തുകടക്കാൻ മാത്രമാണ് സംഘത്തിന് ഭരണഘടന അംഗീകരിക്കുന്നതായി രേഖാമൂലം ഉറപ്പ് നൽകേണ്ടി വന്നത്. അതിനാൽ, ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളേയും കാതലായ വീക്ഷണങ്ങളെയും പ്രത്യയശാസ്ത്രപരമായി എതിർക്കുന്ന ശക്തികൾ ഭരിക്കുന്ന റിപ്പബ്ലിക്കിന്റെ ദ്വന്ദ്വാവസ്ഥ ഇന്ന് നമ്മൾ അനുഭവിച്ചേ തീരൂ.

ഭരണഘടന അംഗീകരിക്കുന്ന വേളയിൽ സംസാരിക്കുമ്പോൾ, ബാബാസാഹേബ് അംബേദ്കർ ഈ സംഭവത്തെക്കുറിച്ച് കൃത്യമായി മുന്നറിയിപ്പ് നൽകിയിരുന്നു. മോശം കൈകളിലായ ഒരു നല്ല ഭരണഘടന വിനാശകരമായ ഫലങ്ങൾ ഉണ്ടാക്കുമെന്ന് അംബേദ്കർ മുന്നറിയിപ്പ് നൽകിയിരുന്നു. ഭരണഘടനയുടെ ഘടനാപരമായ ദുർബലതകളെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ജനാധിപത്യവിരുദ്ധമായ നമ്മുടെ സാമൂഹിക മണ്ണിലെ ജനാധിപത്യത്തിന്റെ ഒരു മേലങ്കി മാത്രമായിരുന്നു ഭരണഘടന എന്ന് അദ്ദേഹം നമ്മെ ഓർമ്മിപ്പിച്ചു. സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങൾ തടഞ്ഞില്ലെങ്കിൽ 'ഒരു വോട്ട്, ഒരു മൂല്യം' എന്ന തുല്യത നിഷ്ഫലമാകുമെന്ന് അംബേദ്കർ മുന്നറിയിപ്പ് നൽകിയിരുന്നു. 'ഒരു വോട്ട്, ഒരു മൂല്യം' എന്ന ഔപചാരിക സാർവത്രിക പ്രായപൂർത്തി വോട്ടവകാശ തത്വം പോലും ഇന്ന് ഗുരുതരമായ അപകടത്തിലാണ്. പ്രത്യേക തീവ്ര വോട്ടർ പട്ടികാ പരിഷ്കരണത്തിന്റെ പേരിൽ നടപ്പിലാക്കുന്ന തെരഞ്ഞെടുപ്പ് ശുദ്ധീകരണത്തിലൂടെ ദശലക്ഷക്കണക്കിന് വോട്ടർമാർക്ക് ഇതിനകം തന്നെ വോട്ടവകാശം നഷ്ടപ്പെട്ടു.

പാർലമെന്ററി ജനാധിപത്യം, ഫെഡറൽ ചട്ടക്കൂട്, എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചർ, ജുഡീഷ്യറി എന്നിവകൾ തമ്മിലുള്ള അധികാര വിഭജനം എന്നിവയാണ് ഇന്ത്യയുടെ ജനാധിപത്യ റിപ്പബ്ലിക്കിന് ഇന്നുവരെ പ്രവർത്തനപരമായ അടിത്തറ നൽകിയിരിക്കുന്നത്. എക്സിക്യൂട്ടീവിന്റെ കൈകളിലെ അധികാരങ്ങളുടെ നിരന്തരമായ അമിത കേന്ദ്രീകരണത്തോടെ, റിപ്പബ്ലിക്കിന്റെ നിയമനിർമ്മാണ, ജുഡീഷ്യൽ വിഭാഗങ്ങളുടെ അധികാരങ്ങളും പങ്കുകളും ഗണ്യമായി ക്ഷയിച്ചിരിക്കുന്നു. സംസ്ഥാനങ്ങളുടെ ഫെഡറൽ അധികാരങ്ങളിലേക്കുള്ള നിരന്തരമായ എക്സിക്യൂട്ടീവ് കടന്നുകയറ്റവും ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ കേന്ദ്രീകൃതവും ചിട്ട പ്പെടുത്തിയതുമായ ഒരു ഏകീകൃത രൂപത്തിലേക്ക് ഉരുട്ടിയെടുക്കാൻ ശ്രമിക്കുന്നതും ദേശീയ ഐക്യത്തിന്റെ അടിത്തറയെ നിരന്തരം തകർക്കുകയാണ്. ഹിന്ദി സംസാരിക്കുന്ന പ്രദേശമായ ഛത്തീസ്ഗഡിൽ നിന്നുള്ള ഒരു കുടിയേറ്റ തൊഴിലാളി 'ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരൻ' ആകാമെന്ന സംശയത്തിന്റെ പേരിൽ ആൾക്കൂട്ടം കൊലപ്പെടുത്തുമ്പോൾ, ത്രിപുരയിൽ നിന്നുള്ള ഒരു ആദിവാസി വിദ്യാർത്ഥിയിൽ 'ചൈനീസ് ലക്ഷണം ' ആരോപിച്ച് ഉത്തരാഖണ്ഡിൽ അയാൾ കൊല്ലപ്പെടുമ്പോൾ, രാജ്യമെമ്പാടും ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരേ ആക്രമണങ്ങൾ അഴിച്ചു വിടപ്പെടുമ്പോൾ, വീട്ടിൽ പ്രാർത്ഥന നടത്തിയതിന് പോലും കുറ്റം ചാർത്തി മുസ്ലീങ്ങൾ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ, മതേതര ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള സംഘ-ബിജെപി നീക്കങ്ങൾ എൺപത് വർഷങ്ങൾക്ക് മുമ്പ് അംബേദ്കർ നമുക്ക് മുന്നറിയിപ്പ് നൽകിയ ഇന്ത്യയുടെ ഏറ്റവും വലിയ വിപത്താണെന്ന് നമുക്ക് വ്യക്തമായി കാണാൻ കഴിയും.

കൊളോണിയൽ ഭരണം അവസാനിപ്പിച്ചുകൊണ്ട് നേടിയെടുത്ത പരമാധികാരവും അപകടത്തിലാണ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തടയുന്നതോ, ഇറാനുമായി ഇടപാടുകൾ നടത്തുന്നതിനെ തടയുന്നതോ, ഇന്ത്യക്കാരെ അമേരിക്കൻ മണ്ണിൽ നിന്ന് കൈവിലങ്ങുകളിലും ചങ്ങലകളിലും നാടുകടത്തുന്നതോ, ഇന്ത്യൻ സാധനങ്ങളും സേവനങ്ങളും ശിക്ഷാ തീരുവകൾക്ക് വിധേയമാക്കുന്നതോ ആയ രീതികൾ എല്ലാംതന്നെ ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള അപകടകരമായ യു എസ് ആക്രമണങ്ങളെ തുറന്നുകാട്ടുന്നു. ഇതെല്ലാം നടക്കുമ്പോഴും വിദേശനയത്തിന്റെ മേഖലയിൽ മോദി സർക്കാർ യുഎസ് സാമ്രാജ്യത്വത്തെയും ട്രംപ് ഭരണകൂടത്തെയും സേവിക്കുന്ന പ്രീണന പാത നിർലജ്ജം പിന്തുടരുകയാണ്.

റിപ്പബ്ലിക്ക് പല കോണുകളിൽ നിന്നും ആക്രമണങ്ങൾ നേരിട്ട് തകർച്ചയെ അഭിമുഖീ ക്കുമ്പോൾ , പൗരന്മാർ ഉപജീവനമാർഗ്ഗങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കും നേരെയുള്ള നിരന്തരമായ ആക്രമണത്തിന് ഇരയാകുന്നു. പൗരത്വ ഭേദഗതി നിയമം പൗരന്മാരെ അഭയാർത്ഥികളാക്കി മാറ്റുന്നു, SIR അവരെ സംശയിക്കപ്പെടുന്ന നുഴഞ്ഞുകയറ്റക്കാരായി മുദ്രകുത്തി പൗരന്മാരുടെ അവകാശങ്ങൾ നിഷേധിക്കുകയാണ്. UAPA പോലുള്ള ഡ്രക്കോണിയൻ നിയമങ്ങൾ എതിർപ്പ് പ്രകടിപ്പിക്കുന്ന പൗരന്മാരെ വിചാരണ കൂടാതെ ദീർഘകാലം ജെയിലിൽ ഇടുന്നു. വിയോജിപ്പ് പ്രകടിപ്പിക്കുന്ന പൗരന്മാരെ എല്ലാ വിധത്തിലും ഒരുവശത്ത് അടിച്ചമർത്താനും നിരുത്സാഹപ്പെടുത്തുത്താനും ശ്രമിക്കുമ്പോൾ, മറുവശത്ത് ലിഞ്ച് മോബുകളെ ശാക്തീകരിക്കുകയും ശിക്ഷയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു. ബലാത്സംഗ, കൊലപാതക കുറ്റവാളികൾക്ക് നായക പരിവേഷം ചാർത്തി പരസ്യമായി ആദരിക്കുകയാണ്.

ഈ ചതുപ്പിൽ നിന്ന് നമുക്ക് എങ്ങനെ റിപ്പബ്ലിക്കിനെ രക്ഷിക്കാം? വെല്ലുവിളി നിറഞ്ഞ ഈ സമയങ്ങളിൽ റിപ്പബ്ലിക്കിന്റെ ചൈതന്യവും ദർശനവും നമുക്ക് എങ്ങനെ വീണ്ടെടുക്കാം? സമ്പദ്‌വ്യവസ്ഥയുടെ കോർപ്പറേറ്റ് ഏറ്റെടുക്കലിനെയും നമ്മുടെ രാഷ്ട്രീയത്തിന്റെയും സമൂഹത്തിന്റെയും ഫാസിസ്റ്റ് ഏറ്റെടുക്കലിനെയും എങ്ങനെ തടയാം? 2026 ലെ റിപ്പബ്ലിക് ദിനത്തിൽ, നമ്മുടെ റിപ്പബ്ലിക് പ്രഖ്യാപനത്തിന്റെ എഴുപത്തിയാറാം വാർഷികത്തിൽ, സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പൈതൃകം അവകാശമാക്കിയവരും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലൂടെയും ഭരണഘടന അംഗീകരിക്കുന്നതിലൂടെയും ലഭിച്ച അവകാശങ്ങളും അന്തസ്സും ആസ്വദിക്കുന്നവരുമായ നമ്മളെല്ലാവരും നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയാണിത്. എളുപ്പമുള്ള ഉത്തരങ്ങളൊന്നുമില്ല, പക്ഷേ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടാനും ബ്രിട്ടീഷ് സാമ്രാജ്യം അവസാനിപ്പിക്കാനും കഴിയുന്ന ഒരു രാജ്യത്തിന് സാമ്രാജ്യത്വ വലയത്തിന്റെയും ഫാസിസ്റ്റ് ഗ്രഹണത്തിന്റെയും നിലവിലെ ഘട്ടത്തിലൂടെ കടന്നുപോകാൻ തീർച്ചയായും കഴിയും. ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കാൻ അധികാരമുള്ള ഇന്ത്യയിലെ ജനങ്ങൾക്ക്, അതിനെ പ്രതിരോധിക്കാനും ഫാസിസത്തിനെതിരായ വിജയത്തിലേക്ക് നയിക്കാനുമുള്ള ഉത്തരവാദിത്തവും ശക്തിയും ഉണ്ട്.

No comments:

Post a Comment