Thursday, 22 January 2015

പാരീസില്‍ മാദ്ധ്യമ പ്രവര്ത്തകര്‍ക്കുനേരെ നടന്ന കൂട്ടക്കൊലയെ അപലപിക്കുക സി പി ഐ (എം എല്‍ )

പാരീസില്‍ മാദ്ധ്യമ പ്രവര്ത്തകര്‍ക്കുനേരെ നടന്ന കൂട്ടക്കൊലയെ  അപലപിക്കുക
സി പി ഐ (എം എല്‍ )

പാരീസ് ആസ്ഥാനമായുള്ള ചാര്‍ലീ ഹെബ്ഡോ മാസികയുടെ പ്രവര്‍ത്തകരായ കാര്ട്ടൂണിസ്റ്റുകളേയും മറ്റ് പത്രപ്രവര്‍ത്തകരേയും കൂട്ടക്കൊല ചെയ്ത പൈശാചികമായ പ്രവൃത്തിയെ സി പി ഐ (എം എല്‍ ) ലിബറേഷന്‍ ശക്തിയായി അപലപിക്കുന്നു .
ചാര്‍ലീ ഹെബ്ഡോ മാസിക പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുകള്‍ ഇസ്ലാമിനേയും പ്രവാചകന്‍ മുഹമ്മദിനേയും അപകീര്ത്തിപ്പെടുത്തുന്നതായി ആര്ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അവര്ക്ക് ജനാധിപത്യപരവും സമാധാനപരവുമായ രീതിയില്‍ പ്രതിഷേധിക്കാമായിരുന്നു.പാരീസ് കൂട്ടക്കൊലയുടെ മാതൃകയിലുള്ള ഭീകര പ്രവര്ത്തനങ്ങള്‍ വാസ്തവത്തില്‍ ആഗോളതലത്തില്‍ മുസ്ലിം വിരുദ്ധ പ്രചാരണങ്ങള്‍ക്ക് വളംവെച്ചു കൊടുക്കുകയാണ് ചെയ്യുന്നത് . അധിനിവേശയുദ്ധങ്ങള്‍ക്കും മൂന്നാം മുറയിലുള്ള പോലീസ് പീഡനങ്ങള്‍ക്കും  വേണ്ടിയാണ് ഇസ്ലാമോഫോബിയ (മുസ്ലിം വിരുദ്ധത ) യുടെ പ്രത്യയശാസ്ത്രം ഇന്ന് ഉപയോഗിക്കപ്പെടുന്നത്..
 പ്രത്യേക മത വിശ്വാസപ്രമാണങ്ങള്‍ സ്വീകരിക്കാത്ത  കാര്‍ട്ടൂണിസ്റ്റുകള്‍ക്കും എഴുത്തുകാര്ക്കും സിനിമാ സംവിധായകര്ക്കും കലാരംഗത്ത് പ്രവര്‍ ത്തിക്കുന്നവര്‍ക്കും എതിരേ ഹിംസയും ഉപരോധവും ആവശ്യപ്പെടുന്നവര്‍ക്ക്  ജനാധിപത്യ സമൂഹത്തില്‍ സ്ഥാനമില്ല. ഇസ്ലാമോഫോബിയയുടെ പ്രചാരകരിലൊരാളായ ആന്‍ഡേര്സ് ബ്രെയ്വിക്  നോര്‍വേയില്‍ നടത്തിയ കൂട്ടക്കൊല , സല്മാന്‍ റുഷ്ദിക്കെതിരെ നിലനില്ക്കുന്ന വധഭീഷണി,ഇന്ത്യയിലും ബംഗ്ലാദേശിലും പീഡിപ്പിക്കപ്പെട്ട തസ്ലീമാ നാസ്റീന്‍, പെഷ് വാറില്‍ നടന്ന കൂട്ടക്കൊല, എം എഫ് ഹുസെയിനെ ഇന്ത്യ വിട്ട് മറ്റൊരു രാജ്യത്ത് അഭയം തേടാന്‍ നിര്ബന്ധിതമാക്കും വിധത്തില്‍ അദ്ദേഹത്തിന് നേരേ ഉണ്ടായ പീഡനം,ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഉയര്ത്തിയ ഭീഷണി നിമിത്തം വെന്റി ഡോണിഗറിന്റെ പ്രസിദ്ധീകൃതമായ ഗ്രന്ഥത്തിന്റെ കോപ്പികള്‍ പ്രസാധകര്‍ തന്നെ അരച്ച് നശിപ്പിച്ചത്, പികെ എന്ന സിനിമയുടെ പ്രദര്‍ശനത്തിനെതിരെ  അടുത്തയിടെ  ഹിന്ദുത്വ സംഘടനകള്‍ തിയ്യെറ്ററുകളില്‍ അഴിച്ചുവിട്ട ആക്രമണം - ഇവയെല്ലാം തന്നെ മതവികാരം മുന്‍ നിര്ത്തിയോ, ദേശപരമായോ  അരങ്ങേറിയ കടുത്ത അസഹിഷ്ണുതയുടെയും സങ്കുചിതത്വത്തിന്റെയും ഉല്‍പ്പന്നമായ ഹിംസാത്മകതയ്ക്ക് ഉദാഹരണങ്ങളാണ് .   
ഫ്രാന്സിലും ജര്മ്മനിയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും  അടുത്തകാലത്തായി ഇസ്ലാമോഫോബിയയും, മറുനാടുകളില്നിന്നു കുടിയേറിത്താമസക്കാരായ വിദേശ വംശജര്ക്കെതിരായ ആക്രമണോല്സുകമായ  വിദ്വേഷവും വര്ദ്ധിച്ചു വരികയാണ്.
ചാര്‍ലീ ഹെബ്ഡോ ആക്രമണം, കൂടുതല്‍  ഇസ്ലാമോഫോബിയയ്ക്കും വംശീയ വിദ്വേഷങ്ങള്‍ക്കും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള വംശീയ പക്ഷപാതപരമായ ചെയ്തികള്‍ക്കും ഒഴിവുകഴിവായി ഉപയോഗിക്കപ്പെടില്ലെന്ന് നാം ആഗ്രഹിക്കുന്നു.
 കാര്‍ട്ടൂണിസ്റ്റുകളുടേയും  എഴുത്തുകാരുടേയും കലാപ്രവര്ത്തകരുടേയും ആവിഷ്കാര സ്വാതന്ത്ര്യങ്ങള്‍ പൂര്ണ്ണമായും സംരക്ഷിക്കപ്പെടേണ്ടതുണ്ട് .അതോടൊപ്പം , യൂറോപ്പിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും ഉള്ള മത ന്യൂനപക്ഷങ്ങളുടെയും -വംശീയ ന്യൂനപക്ഷങ്ങളുടെയും അന്തസ്സും അവകാശങ്ങളും സംരക്ഷിക്കപ്പെടണം.
പാരീസ് കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍  ഇന്ത്യയില്‍ സംഘ പരിവാരം ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഇസ്ലാമിനും മുസ്ലിങ്ങള്‍ക്കുമെതിരെ  വിദ്വേഷം കെട്ടഴിച്ചു വിടാന്‍ ആണ്. "വിശ്വാസം സംരക്ഷിക്കുന്നതിന്റെ പേരില്‍"ഇന്ത്യയില്‍ ഏറ്റവുമധികം ഹിംസകള്‍ അരങ്ങേറിയത് സംഘ പരിവാറിന്റെയും ഇതര ഹിന്ദുത്വ സംഘടനകളുടേയും ആഭിമുഖ്യത്തില്‍ ആയിരുന്നുവെന്ന സത്യം നാം മറന്നുകൂടാ . എം കെ ഗാന്ധിയുടെ വധം മുതല്‍ ഗ്രഹാം സ്റ്റീനിനെയും അദ്ദേഹത്തിന്റെ ഇളം പ്രായക്കാരായ രണ്ട് കുട്ടികളെയും ചുട്ടുകൊന്നതും ,മുസ്ലിം- ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കി നിരവധി ഹിംസകള്‍ നടത്തിയതും വരേയുള്ള കൃത്യങ്ങള്‍ അവയില്‍പ്പെടും.  നോര്‍വേയില്‍ എഴുപതിലധികം ചെറുപ്പക്കാരെ കൂട്ടക്കൊല ചെയ്യാന്‍ ആന്‍ഡേര്സ് ബ്രെയ്വിക്  ന് ഒരു പരിധിവരെ പ്രചോദനം ആയതും   ഇന്ത്യയിലെ സംഘ പരിവാറിന്റെ പ്രത്യയശാസ്ത്രവും ഹിംസാത്മകമായ  പ്രവര്ത്തന ശൈലിയും ആയിരുന്നു .
മതങ്ങളുടെ പേരില്‍ വെറുപ്പും ഹിംസയും വളര്ത്താനുള്ള എല്ലാ വിധ ശ്രമങ്ങള്‍ക്കുമെതിരെ ഇന്ത്യന്‍ ജനത ലോകത്തിലെ ഇതര ജനവിഭാഗങ്ങള്‍ക്കൊപ്പം ഉച്ചത്തില്‍ ശബ്ദം ഉയര്ത്തേണ്ടിയിരിക്കുന്നു.



No comments:

Post a Comment