Saturday, 11 April 2015

ഹാഷിംപുര ,യു പി (1987) മുസ്ലിംവിരുദ്ധ കൂട്ടക്കൊലക്കേസില്‍ പിഎസിക്കാരായ പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി വിധി


ഹാഷിംപുര
,യു പി (1987)
 
മുസ്ലിംവിരുദ്ധ കൂട്ടക്കൊലക്കേസില്‍ പിഎസിക്കാരായ പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി വിധി നീതിനിഷേധത്തിന്റെ ലജ്ജാകരമായ തുടര്ച്ച 
ര്ഗീയതയുടെ പിടിയിലമര്ന്ന  ഇന്ത്യന്‍  പോലീസ് സംവിധാനത്തിന്റേയും രാഷ്ട്രീയത്തിന്റേയും ജീര്ണ്ണിപ്പും ക്രിമിനല്‍ നീതിനിര്‍വഹണ വ്യവസ്ഥയുടെ തികഞ്ഞ പരാജയവും വിളിച്ചോതുന്ന ഒന്നാണ് 1987ലെ  ഹാഷിംപുര മുസ്ലിംകൂട്ടക്കൊല ക്കേസില്‍ കുറ്റമാരോപിക്കപ്പെട്ട 19 പോലീസുകാരെയും മതിയായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഡെല്‍ഹിയിലെ തീസ് ഹസാരി കോടതി ഇക്കഴിഞ്ഞ മാര്ച്ച് 21ന് കുറ്റവിമുക്തരാക്കിയ സംഭവം. 
യു പി യിലെ ഹാഷിംപുരയില്‍ 1987ല്‍ വര്ഗീയാസ്വാസ്ഥ്യത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് വീടുകളില്‍ തെരച്ചില്‍ നടത്തി 50 മുസ്ലിം പുരുഷന്മാരെ കസ്റ്റഡിയില്‍ എടുത്ത ശേഷം തോക്കിന്‍ മുനയില്‍ നിര്ബന്ധിച്ച് ഒരു ട്രക്കില്‍ കയറ്റികൊണ്ടുപോയി. അവരില്‍ ഭൂരിപക്ഷത്തെയും വെടിവെച്ച് കൊലപ്പെടുത്തുകയും മൃതശരീരങ്ങള്‍ ഗാസിയാബാദിലെ അപ്പര്‍ ഗംഗാ കനാലില്‍ തള്ളുകയും ചെയ്തു .ശേഷിച്ചവരെ വീണ്ടും തോക്കിനിരയാക്കി മഖന്‍പൂരിലെ ഹിന്ഡോണ്‍ കനാലിലേക്ക് അവരുടെ ശരീരങ്ങള്‍ വലിച്ചെറിഞ്ഞു .എല്ലാവരും മരിച്ചെന്നു കരുതി പോലീസ് സ്ഥലം വിട്ടപ്പോള്‍, അവരില്‍ അഞ്ച് പേര്‍ക്ക് ജീവനുണ്ടായിരുന്നു .
ഇരുപത്തെട്ട് വര്ഷങ്ങള്ക്ക് മുന്‍പ് യു പി യിലെ പ്രോവിന്ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (PAC) എന്ന  സേനയുടെ 41 -)0 ബറ്റാല്യനിലെ ഏതാനും പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പൈശാചികമായ ഈ കസ്റ്റോഡിയല്‍ കൂട്ടക്കൊലയില്‍  കേസന്വേഷണം അനേക വര്‍ഷങ്ങള്‍  ഇഴഞ്ഞു നീങ്ങിയ ശേഷം,  60 പോലീസുകാര്‍ ഈ സംഭവവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന ഒരു അന്വേഷണ റിപ്പോര്‍ട്ട്‌ 1994 ല്‍ ഔദ്യോഗികമായി സമര്പ്പിക്കപ്പെട്ടുവെങ്കിലും ചാര്ജ് ഷീറ്റ് സമര്പ്പിക്കാന്‍ വീണ്ടും രണ്ട് വര്ഷം കഴിഞ്ഞു .അപ്പോഴേക്കും പ്രതികളുടെ ലിസ്റ്റ് വെറും 19 പോലീസുകാരായിചുരുങ്ങി .ആ പത്തൊന്പത് പേരില്‍, മൂന്നു പേര്‍ കഴിഞ്ഞ ഇരുപത്തെട്ട് വര്‍ഷത്തിനിടയില്‍ മരിച്ചുപോയി. അതിനിടെ, പോലീസ് കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ ബന്ധുക്കള്‍ നല്കിയ ഒരു ഹര്ജിയെത്തുടര്‍ന്ന് 2002-ല്‍ കേസ് ഡെല്‍ഹി കോടതിയിലേക്ക് മാറ്റപ്പെട്ടു.
പക്ഷെ, അന്ന് അധികാരത്തിലിരുന്ന ഡെല്‍ഹി സര്‍ക്കാര്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നത് മനപ്പൂര്‍വ്വം വൈകിക്കുകയും ഒടുവില്‍ അധികം സേവന പരിചയം ഇല്ലാത്ത ഒരു വ്യക്തിയെ SPP ആയി നിയമിക്കുകയുമാണ്‌ ചെയ്തത് . ഡെല്‍ഹി കോടതിയില്‍ 2006 ല്‍ സമര്പ്പിച്ച കുറ്റപത്രത്തില്‍ 19 PAC ക്കാര്ക്കെതിരെയുള്ള  കേസ് കൊലപാതകത്തിന് പകരം നരഹത്യയാക്കി.
പേരറിയാത്ത ഏതോ അജ്ഞാതര്‍ നടത്തിയതും, ദുരൂഹത മുറ്റിനിന്നതുമായ ഒരു കൂട്ടക്കൊലയായിരുന്നില്ല ഹാഷിം പുരയിലേത് . PAC എന്ന പോലീസ് വിഭാഗത്തിന്റെ 41- )മത് ബറ്റാല്യന്‍ ആണ് ഈ കൂട്ടക്കൊല നടത്തിയതെന്ന് വാസ്തവത്തില്‍ വ്യക്തമായിരുന്നിട്ടും, 28 വര്ഷങ്ങള്ക്ക് ശേഷം ആരെയും ശിക്ഷിക്കാന്‍ മാത്രം തെളിവ് കോടതിയുടെ മുന്നില്‍ എത്തിയില്ലെന്നായിരുന്നു ഡെല്‍ഹി കോടതിയുടെ നിലപാട്; അതിനാല്‍ പ്രതികളെ വിട്ടയക്കുക എന്ന ഏക മാര്ഗ്ഗം മാത്രമേകോടതിയുടെ മുന്നില്‍ ഉള്ളൂവെന്നും. എങ്ങിനെയാണത് 
ഈ നിലപാട് സാധൂകരിക്കാന്‍ കഴിയുക ? 41- )മത് ബറ്റാല്യന്‍ PAC യില്‍ ആ ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരെ രേഖകളില്‍ നിന്നും കൃത്യമായി കണ്ടെത്താനും  അവരെ ചോദ്യം ചെയ്യാനും കഴിയുമായിരുന്നില്ലേ ?കസ്റ്റഡിയിലെടുത്തവരെ വെടിവെച്ചു കൊല്ലാനും, മൃതശരീരങ്ങള്‍ കനാലില്‍ വലിച്ചെറിയാനും ഉത്തരവിട്ട ഓഫീസര്‍മാര്‍  ആരൊക്കെയായിരുന്നുവെന്ന് വെളിപ്പെടുമായിരുന്നില്ലേ ? 
തുടക്കം മുതലേ തെളിവുകള്‍ നശിപ്പിക്കാനും ഉള്ളവ പുറത്ത് വരാതിരിക്കാനും സംസ്ഥാന ഭരണകൂടം നടത്തിയ ശ്രമങ്ങള്‍ നിമിത്തമാണ് ഹാഷിംപുര കസ് റ്റോഡിയല്‍ കൂട്ടക്കൊലയിലെ പ്രതികളായ പോലീസുകാര്‍ എല്ലാവരും കുറ്റ വിമുക്തരാക്കപ്പെടുന്ന ഒരു കോടതി വിധി ഇത്തരത്തില്‍ ഉണ്ടായത് എന്നത് വളരെ വ്യക്തമാണ്.കൃത്യം നടത്തിയത് പിഎസി യിലെ ഒരു പ്രത്യേക ബറ്റാല്യനില്‍ ഉള്പ്പെട്ടവര്‍ ആയിരുന്നുവെന്നതിന് മതിയായ സര്‍വ്വീസ് രേഖകള്‍ ഉള്ളതിനാല്‍ വെറും ദിവസങ്ങള്‍ കൊണ്ട് ആളെ കണ്ടെത്താന്‍ കഴിയുമായിരുന്നു. എന്നിട്ടും ഏഴു വര്ഷങ്ങള്‍ കഴിഞ്ഞ് 60 പേരുകള്‍ ഉള്പ്പെട്ട ഒരു പ്രാഥമിക അന്വേഷണ റിപ്പോര്ട്ടും, പിന്നെയും രണ്ടു വര്ഷങ്ങള്ക്ക് ശേഷം 19 പേര് മാത്രം പ്രതികള്‍ എന്ന നിലയില്‍ കുറ്റാരോപിതരാവുന്ന ഒരു ചാര്ജ് ലിസ്റ്റും ആണ് സമര്പ്പിക്കപ്പെട്ടത്‌ .പോലീസ് കാര്‍ നടത്തുന്ന അന്വേഷണത്തില്‍ അവരുടെ സഹപ്രവര്‍ത്തകര്‍ ആയ പ്രതികള്ക്ക് സാഹോദര്യത്തിന്റെ ആനുകൂല്യം ലഭിക്കുമെന്ന് ആര്ക്കാണ് അറിയാത്തത് ?
  'മതേതര രാഷ്ട്രീയം 'ആയി സാധാരണ വ്യവഹാരങ്ങളില്‍ മനസ്സിലാക്കപ്പെടുന്ന ചില സങ്കല്പ്പങ്ങളേക്കുറിച്ചും
ഗൗരവമായ ചില ചോദ്യങ്ങള്‍ ഹാഷിം പുര ഉയര്ത്തുന്നുണ്ട് . 1987 -ല്‍ രാജീവ് ഗാന്ധി യുടെ നേതൃത്വത്തിലുള്ള കോണ്ഗ്രസ് ആയിരുന്നു കേന്ദ്രത്തില്‍ അധികാരത്തിലുണ്ടായിരുന്നത് .പൂട്ടിയിട്ടിരുന്ന ബാബരി മസ്ജിദ്  രാമജന്മഭൂമി എന്ന നിലയില്‍ ഹിന്ദുക്കളുടെ ആരാധനയ്ക്കുള്ള അവകാശവാദം മാനിക്കുന്ന ഒരു കോടതിവിധിയെ ത്തുടര്‍ന്ന് തുറന്നു കൊടുത്തതോടെ യു പി യില്‍ ഗുരുതരമായ സാമുദായിക അസ്വാസ്ഥ്യങ്ങള്‍ ഉടലെടുക്കുകയും, മീററ്റ് , മലിയാന, ഹാഷിം പുര തുടങ്ങിയ പ്രദേശങ്ങളില്‍ മുസ്ലിങ്ങള്‍ ക്കെതിരെ നടന്ന സംഘടിതമായ ഹിംസയില്‍ യു പി യിലെ ലോക്കല്‍ പോലീസ് , പി എ സി, സൈന്യം എന്നിവയിലെ അംഗങ്ങള്‍ കേവലം കാഴ്ചക്കാരായി നോക്കി നില്ക്കുകയോ അല്ലെങ്കില്‍ നേരിട്ട് പങ്കാളികളാവുകയോ ചെയ്ത അനുഭവങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു. ഈ സമയത്തെല്ലാം കേന്ദ്രത്തിലെന്നപോലെ സംസ്ഥാനത്തും കോണ്ഗ്രസ് ആയിരുന്നു അധികാരത്തില്‍ ഇരുന്നത് . രാഷ്ട്രീയ സംവിധാനത്തിന്റെയും പോലീസിന്റെയും തലപ്പത്ത് ഉണ്ടായിരുന്നവരുടെ അറിവോ, മൌനാനുമതിയോ ഇല്ലാതെ പി എ സിയിലെ ഏതാനും പോലീസുകാര്ക്ക് 42 മുസ്ലിങ്ങളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ എങ്ങിനെ ധൈര്യം ലഭിച്ചുവെന്ന ചോദ്യം പ്രസക്തമാണ്. 'ഒന്നും പേടിക്കാനില്ലെന്ന' ഉറപ്പ് ഏതെല്ലാമോ വഴിക്ക് ആരില്നിന്നോ ഈ പോലീസുകാര്ക്ക് ലഭിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേസ് പരമാവധി ദുര്ബ്ബല പ്പെടുത്താന്‍ കോണ്ഗ്രസ് സര്ക്കാരിന്റെ കാലഘട്ടമായ 1987 തൊട്ട്നടന്ന ശ്രമങ്ങള്‍ സൂചിപ്പിക്കുന്നത് .
എന്നാല്‍ , ഇങ്ങിനെയൊരു പതനത്തിനുള്ള  ഉത്തരവാദിത്ത്വത്തില്‍ നിന്ന് പിന്നീട് വന്ന യു പി സര്ക്കാരുകള്‍ ക്കും പൂർണ്ണ മായും ഒഴിഞ്ഞു മാറാന്‍ കഴിയില്ല .കാലാകാലങ്ങളായി നീതിയെ കുഴിച്ചു മൂടുന്ന പണിയില്‍  സമാജ് വാദി പാര്ട്ടി , ബഹുജന്‍ സമാജ് പാര്‍ട്ടി, ഭാരതീയ ജനതാ പാര്‍ട്ടി ഇവരെല്ലാം ഒരു പോലെ പങ്കെടുത്തു.
കോണ്ഗ്രസ് ,SP, BSP എന്നീ പാര്‍ ട്ടികള്‍ എടുത്തണിയുന്ന 'മതേതരത്വ'മുഖംമൂടികള്‍ എത്ര മാത്രം കാപട്യം ഒളിപ്പിക്കുന്നുവെന്നു ഇത് തെളിയിക്കുന്നു .(ബീഹാറില്‍ ആണെങ്കില്‍, രണ്‍വീര്‍സേന നടത്തിയ ദളിത്‌ കൂട്ടക്കൊലകളിലും തുടര്ന്നുണ്ടായ നീതിനിഷേധത്തിലും RJD യും JDU വും ഒരു പോലെ പങ്കാളിത്തം വഹിച്ചിരുന്നുവെന്നും ഓര്ക്കുക )
കോണ്ഗ്രസും സമാജ്‌ വാദി പാര്ട്ടിയും ബി എസ് പിയും മാറിമാറി അധികാരത്തില്‍ ഇരുന്നപ്പോള്‍ മേല്‍ പറഞ്ഞ കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം
പോലും നടത്താന്‍  കൂട്ടാക്കിയിരുന്നില്ല . ഹാഷിം പുരാ കേസ് അന്വേഷണം അര്ഹിക്കുന്ന ഗൌരവത്തില്‍ മുന്നോട്ട് നീക്കി പ്രതികള്ക്ക് ശിക്ഷ കൊടുപ്പിക്കാനുള്ള രാഷ്ട്രീയ നിശ്ചയം അവയ്ക്കില്ലായിരുന്നു എന്ന് മാത്രമല്ലാ, പ്രതികളില്‍ ഏറെ പ്പേര്‍ക്കും സ്ഥാനക്കയറ്റങ്ങള്‍വരെ ഈ സര്‍ക്കാരുകള്‍ നല്കി.
ഡെല്‍ഹി-1984 മുതല്‍ ഹാഷിംപുര വരെയും, ബഥനി - ബാതെ വരേയും , ഗുജറാത്ത്-2002 വരേയും നടന്ന കസ്റ്റോഡിയല്‍ കൂട്ടക്കൊലകളിലോ വര്ഗീയവും ജാതീയവുമായ നരനായാട്ടുകളിലോ, മോഡി ഭരണത്തിന്‍ കീഴില്‍ ഗുജറാത്തില്‍ നടന്നതുപോലെയുള്ള സൊഹ്റാബുദീന്‍ -ഇസ്രത് ജഹാന്‍ കൊലപാതകങ്ങളുടെ മാതൃകയിലുള്ള  ഏറ്റുമുട്ടല്‍ക്കൊലകളിലോ പങ്കെടുത്ത യൂണിഫോറം അണിഞ്ഞ ക്രിമിനലുകള്‍ എന്ത് കൊണ്ട് ഒട്ടുമിക്ക കേസുകളിലും തുടര്ച്ചയായി രക്ഷപ്പെടുന്നു എന്ന ചോദ്യം ആണ് ഹാഷിംപുര കേസ് വിധി ഉന്നയിക്കുന്നത് .42 പേരെ പിടികൂടി കൊന്ന് കനാലില്‍ എറിഞ്ഞാലും
ആരും ചോദ്യം ചെയ്യാതെ ഒരു പോലീസ് സേനയ്ക്ക് രക്ഷപ്പെടാന്‍ കഴിയുന്ന അവസ്ഥയുള്ള ഒരു രാജ്യത്തെ  പ്രവര്ത്തിക്കുന്ന ജനാധിപത്യം എന്ന് എങ്ങിനെയാണ് വിളിക്കുക?
 ഹാഷിം പുരയിലെ നീതി നിഷേധിക്കപ്പെട്ട സാധാരണക്കാരായ സ്ത്രീപുരുഷന്മാരുടെ കൂടെ നിന്ന് പോരാടേണ്ടത്
ഇന്ത്യയിലെ ഓരോ പൗര
ന്റെയും കടമയായിരിക്കുകയാണിന്ന്. ഹാഷിം പുരയിലെ കൊലയാളികളെ വെറുതെ വിടാനിടവന്നതിലെ ഗുരുതരമായ നീതി നിഷേധം ഉടന്‍ തിരുത്തപ്പെടേണ്ടതുണ്ട്    
]

1 comment: