Sunday, 3 May 2015

അംബേദ്‌കറിനെ വൈകല്യപ്പെടുത്തി സ്വന്തമാക്കാനുള്ള ബിജെപി നീക്കങ്ങളെ തുറന്നുകാട്ടുക

അംബേദ്‌കറിനെ വൈകല്യപ്പെടുത്തി സ്വന്തമാക്കാനുള്ള
ബിജെപി നീക്കങ്ങളെ തുറന്നുകാട്ടുക

  സംഘ് പരിവാര്‍ അജണ്ടയ്ക്ക് ചേരും വിധത്തില്‍ അംബേദ്‌കറിനെ സ്വന്തമാക്കാനുള്ള വിഫല പരിശ്രമത്തിന്  ഉദാഹരണമാണ് ബിഹാറില്‍  അംബേദ്‌കര്‍ ജന്മദിന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് നരേന്ദ്ര മോഡി നടത്തിയ  പ്രസംഗം.
സമത , മമത , സംരസ്ത (സമത്വം, മാതൃതുല്യമായ സ്നേഹം, സാമൂഹ്യ ഐക്യം ) എന്നീ മൂന്നു തത്വങ്ങള്‍ ഉയര്ത്തിപ്പിടിച്ച ഒരു മഹാന്‍ ആയിരുന്നു അംബേദ്‌കര്‍ എന്നും അതിനാല്‍  സമൂഹത്തെ വിഭജിക്കാനായിരുന്നില്ല , ഇണക്കിച്ചേര്‍ക്കാനായിരുന്നു അദ്ദേഹം പരിശ്രമിച്ചിരുന്നതെന്നും മോദി പ്രസ്താവിച്ചു.
 അംബേദ്‌കറിനെ ഒരു "ദലിത് നേതാവാ"യി ചിലര്‍ വിശേഷിപ്പിക്കുന്നത് തന്നെ വേദനിപ്പിക്കുന്നുവെന്നും, അദ്ദേഹം യഥാര്‍ഥത്തില്‍ മനുഷ്യത്വത്തിന്റെ നേതാവ് ആയിരുന്നുവെന്നും മോദി പറഞ്ഞു. "രാഷ്ട്രീയ അയിത്തം" കല്‍പ്പിക്കപ്പെട്ട ഒരു നേതാവ് ആയിരുന്നു അംബേദ്‌കര്‍ എന്ന് സൂചിപ്പിച്ച് കൊണ്ട് മോദി പിന്നെ അവകാശപ്പെട്ടത്,  അംബേദ്‌കറിനെപ്പോലെ താനും"രാഷ്ട്രീയ അയിത്തത്തിനെതിരെ" പോരാട്ടം നയിക്കാന്‍  നിര്ബന്ധിതനായ ഒരു വ്യക്തിയാണെന്നാണ് .
ആര്‍ എസ്സ് എസ്സും ,ബി ജെ പിയും കഴിഞ്ഞ കുറേക്കാലമായി അംബേദ്‌കറിനെ വൈകല്യപ്പെടുത്തി സ്വന്തമാക്കാന്‍ ശ്രമിച്ചു വരികയാണ്. വാസ്തവത്തില്‍ ഈ ശ്രമങ്ങളുടെ തുടര്ച്ച മാത്രമാണ് മോദി നടത്തിയ അംബേദ്‌കര്‍ ജന്മദിന റാലി പ്രസംഗത്തില്‍ മുഴങ്ങിക്കേട്ടത് . അംബേദ്‌കര്‍ മുസ്ലിങ്ങള്‍ക്ക്‌  എതിരായി  നിലകൊണ്ട ഒരു നേതാവായിരുന്നുവെന്ന് പാഞ്ചജന്യ , ഓര്‍ഗനൈസര്‍ എന്നീ സംഘ് പരിവാര്‍  ജിഹ്വകള്‍ നേരത്തെ തന്നെ പ്രചരിപ്പിച്ചു . അംബെദ്കറിന്റെ 124 -)മത് ജന്മവര്ഷത്തില്‍ ഉടനീളം "സമരസ്താ യജ്ഞങ്ങള്‍" ജില്ലകള്‍ തോറും സംഘടിപ്പിക്കുന്നത് മുതല്‍ "സാമൂഹ്യജീവിതത്തില്‍  മറ്റുള്ളവരുമായി ഇഴുകിചേരാന്‍" ദലിതരെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികളാണ്  വിശ്വഹിന്ദു പരിഷത്ത്  പ്രഖ്യാപിച്ചിരിക്കുന്നത്.
സംഘ് പരിവാര്‍ ശക്തികള്‍ അംബെദ്കറില്‍ ചൊരിയുന്ന പൊള്ളയായ പ്രശംസകള്‍ യഥാര്‍ഥത്തില്‍ ദലിത് ജനതയെ തങ്ങളിലേക്ക് ആകര്ഷിക്കാനുള്ള സൂത്രം മാത്രമാണ് .ഇന്ത്യന്‍ സമൂഹം അന്നും ഇന്നും ജാതിയുടെയടിസ്ഥാനത്തില്‍ ആഴത്തില്‍ വിഭജിതമാണെന്നും ദലിത് ജനത അന്നത്തെപ്പോലെ ഇന്നും സാമൂഹ്യമായ അതിക്രമങ്ങള്‍ക്ക് ഇരകളാവുന്നുവെന്നുമുള്ള സത്യം മറച്ചു വെച്ചുകൊണ്ടാണ്‌  അവര്‍ ഇത് ചെയ്യുന്നത് .ദലിതുകളെ ഹൈന്ദവ മുഖ്യധാരയിലേക്ക് 'ഉല്‍ഗ്രഥിക്കാന്‍  സഹായകമായ ' മതാചാരങ്ങളും അനുഷ്ഠാനങ്ങളും അംബേദ്‌കറിന്റെ
124 -)0 ജന്മവര്ഷാചരണത്തിന്റെ ഭാഗമായി വി എച് പി കൊണ്ടാടുന്നത് അംബെദ്കറിന്റെ ജീവിതവും കൃതികളും നല്കുന്ന സന്ദേശങ്ങളെയാകെ ത്തന്നെ അവമതിക്കുന്നതിനു തുല്യമാണ് .
അന്നും സംഘ് പരിവാര്‍ ആസ്ഥാനമായിരുന്ന നാഗ്പൂരില്‍ വെച്ചായിരുന്നു അംബേദ്‌കര്‍ ബുദ്ധമതം സ്വീകരിച്ചതും ദലിതര്‍   ഹിന്ദു മതം വിട്ട്
കൂട്ടത്തോടെ ബുദ്ധിസത്തിലേക്ക് മതപരിവര്ത്തനം ചെയ്യുന്നതിന്  സ്വയം നേതൃത്വം നല്കിയതും എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. പ്രസ്തുത ചടങ്ങില്‍  വെച്ച് അംബേദ്‌കര്‍ ഇങ്ങനെ പ്രഖ്യാപിച്ചു : "ഞാന്‍ ജനിച്ചത്‌ ഒരു ഹിന്ദു വായിട്ടായിരുന്നെങ്കിലും ഒരു ഹിന്ദുവായി മരിക്കുകയില്ലെന്നു നിങ്ങള്ക്ക് ഉറപ്പു തരുന്നു". ഹിന്ദുമതത്തിലെ ജാതീയ മര്ദ്ദനങ്ങള്‍ക്കെതിരെ ദലിതര്‍ നടത്തിയ കലാപമായിരുന്നു അംബേദ്‌കറിന്റെ നേതൃത്വത്തില്‍ അവര്‍ അന്ന് നടത്തിയ മതപരിവര്‍ത്തനമെങ്കില്‍ , സംഘ് പരിവാര്‍ ഇന്ന് നടത്തുന്ന 'സമരസ്താ യജ്ഞ'ങ്ങള്‍ 'ഘര്‍ വാപസി' കാംപെയിനിന്റെ മറ്റൊരു രൂപമാണ്. മത പരിവര്ത്തനം തടയാനും ഹിന്ദുമതത്തിന്റെ ജാതിവ്യവസ്ഥയിലേക്ക് ദളിതരെ തിരികെ ആട്ടിപ്പായിക്കാനുമുള്ള ഹീനമായ ഒരു പദ്ധതിയാണ് ഇതിലുള്ളത്.അംബെദ്കറിന്റെ പേരില്‍ ഇത്തരം 'യജ്ഞ'ങ്ങളും 'ഘര്‍ വാപസി ', 'സമരസ്താ 'തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കാന്‍ ആര്‍ എസ് എസ് -സംഘ് പരിവാര്‍ സംഘടനകള്ക്ക് ലേശം പോലും നാണമില്ലാതായിരിക്കുന്നു എന്നതാണ് ഏറെ അത്ഭുതം ഉളവാക്കുന്നത്!
ആര്‍ എസ്സ് എസ്സും ,ബി ജെ പിയും ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുള്ള യത്നത്തിലാണ് .എന്നാല്‍  ഹിന്ദു രാഷ്ട്രവാദത്തിന്റെ രാഷ്ട്രീയത്തെ അംബേദ്‌ക
ര്‍ യാതൊരു അര്‍ഥശങ്കയ്ക്കും ഇടനല്കാതെ തള്ളിക്കളഞ്ഞിരുന്നുവെന്നതാണ് സത്യം. "പാകിസ്ഥാനോ ഇന്ത്യാ വിഭജനമോ" എന്ന തന്റെ ലേഖനത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി: ഹിന്ദു രാജ് ഒരു യാഥാര്‍ഥ്യമാവുകയാണെങ്കില്‍ അത് ഈ രാജ്യത്തിലെ ഏറ്റവും വലിയ ആപത്തായി കലാശിക്കും എന്നതില്‍ യാതൊരു സംശയവുമില്ല.അത് സ്വാതന്ത്ര്യം,സമത്വം,സാഹോദര്യം എന്നീ ആദര്‍ശങ്ങളുടെ നേരെയുള്ള ഒരു ഭീഷണിയായിരിക്കും എന്നതിനാല്‍ ജനാധിപത്യവുമായി ഒരിക്കലും പൊരുത്തപ്പെടുകയില്ല. ഇക്കാരണം കൊണ്ടുതന്നെ അത് എന്ത് വിലകൊടുത്തും തടയപ്പെടേണ്ടതാണ്." സ്വതന്ത്ര ഇന്‍ഡ്യയില്‍ 1951 -ല്‍ നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ അംബേദ്‌കര്‍ നയിച്ച ഷെഡ്യൂള്‍ഡ്‌ കാസ്റ്റ് ഫെഡറേഷന്‍(SCF) അതിന്റെ മാനിഫെസ്റ്റൊ പുറത്തിറക്കിയപ്പോള്‍ ഹിന്ദു മഹാസഭയും ജനസംഘും പോലെയുള്ള പ്രതിലോമകാരികളായ വര്‍ഗീയ പാര്‍ട്ടികളുമായി ഒരുതരത്തിലും തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കില്ലെന്ന് പ്രഖ്യാപിച്ചു ( cited in Ambedkar & the BJP, A G Noorani, Frontline, February 21, 2014).
 ദലിത് ജനവിഭാഗങ്ങള്‍ക്കിടയില്‍ മുസ്‌ലിം വിരുദ്ധതയുടെ വിത്തുകള്‍ പാകി മുളപ്പിക്കാനുള്ള ശ്രമങ്ങള്‍ ഫലിക്കാത്തതിലുള്ള നൈരാശ്യം മൂത്താണ് മുസ്ലിങ്ങളെ അവിശ്വസിച്ച ഒരു നേതാവായി  അംബെദ്കറിനെ  ഇന്ന് ആര്‍സ്സ്എസ്സ് ചിത്രീകരിക്കുന്നത്. വാസ്തവത്തില്‍ മുസ്ലിങ്ങളും മര്‍ദ്ദിത ജാതികളില്‍പെട്ടവരും തമ്മില്‍ ഐക്യപ്പെട്ട്‌ പ്രവര്‍ത്തിക്കാനായിരുന്നു അംബേദ്‌കര്‍ല്‍ബോധിപ്പിച്ചത് . "പാകിസ്ഥാനോ ഇന്ത്യാ വിഭജനമോ" എന്ന മുകളില്‍ സൂചിപ്പിച്ച ലേഖനത്തില്‍ അംബേദ്‌കര്‍ ഇങ്ങനെ പറയുന്നു:
"ഹിന്ദു സമൂഹത്തിന്റെ താഴെത്തട്ടുകളി
ല്‍ കഴിയുന്ന ജനവിഭാഗങ്ങള്‍ സാമ്പത്തികവും രാഷ്ട്രീയവും സാമൂഹ്യവുമായ  പൊതു ലക്ഷ്യങ്ങള്‍ ഏറെയും പങ്കിടുന്നത് നൂറ്റാണ്ടുകളോളം തങ്ങള്‍ക്ക് സാധാരണ മനുഷ്യാവകാശങ്ങള്‍ നിഷേധിച്ച ഉയര്‍ന്ന ജാതിക്കാരായ ഹിന്ദുക്കളുമായിട്ടല്ല, മറിച്ച് സമാന അവസ്ഥയിലുള്ള മുസല്‍മാന്മാരുമായിട്ടാണ്..മൊണ്‍ടേഗു -ചെംസ് ഫോര്‍ഡ് പരിഷ്കാരങ്ങളെത്തുടര്‍ന്ന് 1920 മുതല്‍ 1937 വരെയുള്ള കാലഘട്ടത്തില്‍ ഒട്ടുമിക്ക ഇന്‍ഡ്യന്‍ പ്രവിശ്യകളിലും മുസ്ലീങ്ങളും, അബ്രാഹ്മണ ജാതിക്കാരും അധസ്ഥിത ജാതിക്കാരും ഒറ്റ ടീമിനെപ്പോലെ പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ യോജിച്ചു പ്രവര്‍ത്തിച്ചുവെന്നത് അവഗണിക്കാനാവാത്ത ഒരു സത്യമല്ലേ ? അത്തരം സവിശേഷമായ ഒരു സാമുദായിക സൌഹാര്ദ്ദത്തിന്റെ ഐക്യമാണ് ഹിന്ദു രാഷ്ട്രമെന്ന ആപത്ത് ഇല്ലാതാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം"
 പശുക്കളെയും പോത്തുകളെയും കൊല്ലുന്നത്‌ നിരോധിക്കുന്ന നിയമം ഉണ്ടാക്കണമെന്ന്
മോദി സര്ക്കാരിലെ ഒരു മന്ത്രി ഇയ്യിടെ ആവശ്യപ്പെട്ടു; പശുക്കളെ കൊല്ലുന്നത്‌  'പിങ്ക് വിപ്ലവം പോലെ  അപലപനീയമായ ഒരു ഹീന കൃത്യം' എന്ന് പ്രധാനമന്ത്രിതന്നെ പ്രസംഗിച്ചു നടക്കുന്നു; മഹാരാഷ്ട്രയിലെ ബിജെപി സര്ക്കാര്‍ ബീഫ് നിരോധനം ഏര്പ്പെടുത്തി. ബീഫ് കഴിക്കുന്നതിനെക്കുറിച്ച് അംബെദ്കറിന്റെ നിലപാട് ആര്‍ എസ് എസ്സിനും ബിജെപിയ്ക്കും പറ്റുന്നതാണോ ? 
ബീഫ് കഴിക്കുന്ന ശീലം വേദകാലത്ത്‌ ഹിന്ദുക്കള്‍ക്കിടയില്‍ സര്‍വ്വ സാധാരണമായിരുന്നുവെന്ന് ഗവേഷണമികവിന്റെ പിന്ബലമുള്ള തന്റെ അനേകം ലേഖനങ്ങളില്‍ അംബേദ്‌കര്‍ വിശദീകരിക്കുന്നുണ്ട് ; മാത്രമല്ലാ  ബീഫ് കഴിക്കുന്ന ജാതിക്കാരെ ബ്രാഹ്മണര്‍ പില്ക്കാലത്ത് തൊട്ടുകൂടാത്തവരായി കണക്കാക്കിയതിന്റെ സാഹചര്യവും കാരണങ്ങളും അദ്ദേഹം വിശകലനം ചെയ്യുന്നുണ്ട് .
ഇന്‍ഡ്യന്‍ ഭരണഘടനയുടെ മുഖ്യ ശില്പ്പിയായ അംബെദ്കറെ ദലിത് ചെറുത്തു നില്പ്പിന്റെയും പ്രതിരോധത്തിന്റെയും നേതാവായ
അംബെദ്കറില്‍ നിന്നും വേര്പെടുത്തിക്കാണുന്നത്തിനുള്ള ദുരുദ്ദേശപരമായ നീക്കങ്ങള്‍ അവഗണിക്കാനാവില്ല. നീതി നിഷേധിക്കപ്പെട്ട ദലിതുകള്‍ക്കും സ്ത്രീകള്‍ക്കും ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കും അവകാശ സംരക്ഷണവും സ്വാതന്ത്ര്യവും ഉറപ്പു നല്കുന്ന ഒരു ഭരണഘടന എഴുതാന്‍ അംബെദ്കറിനു സാധിച്ചതുതന്നെ അദ്ദേഹത്തിന് കഴിഞ്ഞത് തന്നെ അദ്ദേഹം സ്വയം നേതൃത്വം നല്കിയ സമത്വാധിഷ്ഠിത മൂല്യങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളുടെ ഒരു പശ്ചാത്തലത്തില്‍ക്കൂടിയാണ് .
ഹിന്ദു വ്യക്തിനിയമം പരിഷ്കരിക്കാനും അതുവഴി സ്ത്രീകളുടെ തുല്യത ഉറപ്പു വരുത്താനും വേണ്ടി അംബേദ്‌കര്‍ നിയമ മന്ത്രിയായിരിക്കേ അവതരിപ്പിക്കപ്പെട്ട ഹിന്ദു കോഡ് ബില്ലിനെ കോണ്‍ഗ്രസ്സിലെ യാഥാസ്ഥിതിക വിഭാഗവും ഹിന്ദുത്വ രാഷ്ട്രീയത്തെ ആണ് പ്രതിനിധാനം ചെയ്ത ഭാരതീയ ജനസംഘവും ചേര്‍ന്ന് പരാജയപ്പെടുത്തിയത് മൂലം ഉണ്ടായ സാഹചര്യം അംബെദ്കറിനെ മന്ത്രിപദം രാജിവെച്ചൊഴിയാന്‍ പോലും പ്രേരിപ്പിച്ചു. ബി ജെ പി ഇന്ന് വീരനായകനായി പുകഴ്ത്തുന്ന ശ്യാമപ്രസാദ് മുഖര്ജി പ്രസ്തുത ബില്ലിനെക്കുറിച്ച് പറഞ്ഞത് "ഹിന്ദു സംസ്കാരത്തിന്റെ മഹത്തായ ഘടനയെ ബില്‍ ശിഥിലീകരിക്കും" എന്നായിരുന്നു . ഇതിനു പ്രതികരണമായി തന്റെ രാജിക്കത്തില്‍ അംബേദ്‌കര്‍ ഇങ്ങനെ കുറിച്ചു : ഹിന്ദു സമൂഹത്തിന്റെ കാതലായ അംശ മാണ് വര്ഗ്ഗവും വര്ഗ്ഗവും തമ്മിലും, ലിംഗവും ലിംഗവും തമ്മിലുമുള്ള അസമത്വങ്ങള്‍ അതിനെ തൊടാന്‍ പോലും കഴിയാതെ കേവലം  സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങള്‍ തേടുന്ന നിയമനിര്‍ മ്മാണങ്ങള്‍ തുടര്ച്ചയായി നടത്തിക്കൊണ്ടിരിക്കുന്നത് ഇന്ഡ്യന്‍ ഭരണഘടനയെ നോക്കുകുത്തിയാക്കുന്നതിനു തുല്യമാണ്; ഒരു ചാണകക്കൂനയ്ക്ക് മേലെ കൊട്ടാരം പണിയുന്നതുപോലെയാവുമത്.
ഇക്കാരണത്താലാണ് ഹിന്ദു കോഡിന്
ഞാന്‍ പ്രാധാന്യം കല്‍പ്പിച്ചത്." 
സംഘ് പരിവാറും ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ഉള്ള ഭരണകൂട ഏജന്‍സികളും ഇന്ന് ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ചവുട്ടിയരച്ചുകൊണ്ടിരിക്കുകയാണ് .സ്ത്രീകളുടേയും ന്യൂനപക്ഷ മതവിഭാഗങ്ങളുടേയും ദളിത്‌ -ആദിവാസി ജനതകളുടേയും ഭരണ ഘടനാദത്തമായ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും കടന്നാക്രമണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. ഡ്രസ്സ് കോഡുകള്‍ അടിച്ചേല്‍പ്പിച്ച്  സ്ത്രീകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നു . ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യവും , മനസ്സാക്ഷി സ്വാതന്ത്ര്യവും യഥാക്രമം ബീഫ് നിരോധനത്തിലൂടെയും മതപരിവര്ത്തന വിരുദ്ധ ആക്രമണങ്ങളിലൂടെയും  ചവുട്ടിയരയ്ക്കപ്പെടുന്നു. അവകാശങ്ങളുടെയും സ്വാതന്ത്ര്യങ്ങളുടെയും രക്ഷയ്ക്കായുള്ള ജനകീയ സമരങ്ങളുടെ സന്ദര്‍ഭത്തില്‍ പരിശോധിക്കുമ്പോള്‍ , ഒരു പോരാളി എന്ന നിലയിലുള്ള അംബെദ്കറിന്റെ സംഭാവനകളും പൈതൃകവും ഇന്ന് ഏറെ പ്രസക്തമാണ്.
വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി പരിശോധിക്കാനുണ്ട്. ബിജെപി- ആര്‍എസ്എസ് ശക്തികള്‍ ദലിതുകള്‍ക്കു നേരെ തുടര്ച്ചയായി നടത്തിവരുന്ന ഹിംസാത്മകമായ ആക്രമണങ്ങളെ കാണാതിരിക്കാന്‍ ആര്ക്ക് കഴിയും?ജാതിവ്യവസ്ഥയുടെ ഭാഗമായി മനുഷ്യരെക്കൊണ്ട്‌ മലം ചുമപ്പിക്കുന്ന പ്രാകൃതമായ സമ്പ്രദായത്തെ മോദി അടുത്തകാലത്ത് വിശേഷിപ്പിച്ചത്‌ 'ദൈവങ്ങള്‍ ദലിതരെ ചുമതലപ്പെടുത്തിയ മഹത്തായ ഒരു ആത്മീയ കര്ത്തവ്യം ' ആയിട്ടാണ് !.ആര്‍ എസ് എസ്  പ്രത്യയശാസ്ത്രവും രാഷ്ട്രീയവും പല നിലയിലും പങ്കു വെക്കുന്ന രണ്‍വീര്‍ സേന എന്നു പേരായ സവര്‍ണ്ണ ഹിന്ദുക്കളുടെ സ്വകാര്യ സായുധസേന 1990 കളില്‍ ബീഹാറില്‍ ദലിത് ജനതയ്ക്കെതിരെ കൂട്ടക്കൊലകളുടെ പരമ്പരകള്‍ തന്നെ സംഘടിപ്പിച്ചു . ഈ
രണ്‍വീര്‍ സേനയുടെ തലവനായിരുന്ന ബ്രഹ്മേശ്വര്‍ സിംഗ് 2012 ല്‍ വധിക്കപ്പെട്ടിരുന്നു. മോദി മന്ത്രി സഭയില്‍ കാബിനറ്റ് പദവിയിലുള്ള ഒരു മന്ത്രിയായ ഗിരിരാജ് സിംഗ്   'ബീഹാറിന്റെ ഗാന്ധി' എന്ന് വിശേഷിപ്പിച്ചു ബ്രഹ്മേശ്വര്‍ സിംഗിനെ പുകഴ്ത്തിയത്  അടുത്തകാലത്താണ്.
ബി ജെ പിയും സംഘ് പരിവാറും അംബെദ്കറിനെ വികലപ്പെടുത്തി സ്വന്തമാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അവസരവാദപരവും തികഞ്ഞ വഞ്ചനയും ആണ് . തന്റെ തലമുറയിലെ ജന നേതാക്കളുടെ കൂട്ടത്തില്‍ ഇന്നും ഏറെ പൊക്കത്തില്‍ നില്ക്കുന്ന ഒരു നേതാവാണ്‌ അംബേദ്‌കര്‍ .അസമത്വത്തിനും ദുര്ബ്ബലര്‍ക്ക് മേലെ ശക്തര്‍ നടപ്പാക്കിയ സാമൂഹ്യ പക്ഷപാതിത്വങ്ങള്‍ക്കും എതിരെ വിട്ടു വീഴ്ച്ചയില്ലാതെ പോരാട്ടം നടത്തിയതിനു  പുറമേ , ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന്റെ പ്രണേതാക്കളുടേയും  ചാഞ്ചാട്ടക്കാരായ കോണ്‍ഗ്രസ് നേതാക്കളുടേയും രാഷ്ട്രീയത്തെ ഒരു സംശയവുമില്ലാതെ നിരാകരിച്ച സാമൂഹ്യശാസ്ത്ര വിചക്ഷണന്‍ കൂടിയാണ് അംബേദ്‌കര്‍.  സമത്വത്തിലധിഷ് ഠിതമായ ഒരു ഇന്ത്യയ്ക്ക് വേണ്ടി പോരാടുന്ന എല്ലാ ശക്തിക
ള്‍ക്കും പ്രചോദനവും കരുത്തുമേകുന്നതാണ് അംബെദ്കറിന്റെ മഹത്തായ പാരമ്പര്യം. അതേ  സമയം,  വിദ്വേഷ പ്രചാരണം പ്രധാന ആയുധമാക്കുന്ന ഹിന്ദുത്വത്തിന്റെ രാഷ്ട്രീയത്തിന്റെ വഴിയില്‍ അംബേദ്‌കര്‍ എന്നും ഒരു തടസ്സമായിരിക്കും. കൃത്യമായും അതുകൊണ്ടാണ്  അംബേദ്‌കര്‍ എല്ലാവര്ക്കും ഏറ്റവും അപകടകാരിയായിത്തീരുന്നത് !    
 

No comments:

Post a Comment