Wednesday, 9 November 2016

പ്രൊഫസ്സർ നന്ദിനി സുന്ദറിനെതിരെ ഛത്തീസ്ഗഢ് സർക്കാർ ഫയൽ ചെയ്ത എഫ് ഐ ആറും മറ്റ് രേഖകളും ഉടൻ പിൻവലിക്കുക

പ്രൊഫസ്സർ നന്ദിനി സുന്ദറിനെതിരെ ഛത്തീസ്ഗഢ് സർക്കാർ ഫയൽ ചെയ്ത എഫ് ഐ ആറും മറ്റ് രേഖകളും ഉടൻ പിൻവലിക്കുക .
സി പി ഐ (എം എൽ) ലിബറേഷൻ , നവംബർ 9 ,2016
ബസ്തറിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവന്ന മനുഷ്യാവകാശ പ്രവർത്തകരെയും മാദ്ധ്യമ പ്രവർത്തകരേയും ബുദ്ധിജീവികളേയും ഭയപ്പെടുത്താനും പീഡിപ്പിക്കാനുമുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറുക
ന്യൂ ഡെൽഹി , നവംബർ 8 ,2016
ഡെൽഹി സർവ്വകലാശാലയിൽ  പ്രൊഫസ്സർ ആയ നന്ദിനി സുന്ദർ ,ജെ എൻ യു വിലെ പ്രൊഫസ്സർ അർച്ചനാ പ്രസാദ് ,സി പി ഐ (എം) ഛത്തീസ്ഗഢ് സംസ്ഥാന സെക്രട്ടറി  സഞ്ജയ് പരാതേ ,  ഡെൽഹിയിലെ ജോഷി അധികാർ  സംസ്ഥാൻ എന്ന സംഘടനയിലെ വിനീത് തിവാരി എന്നിവർക്കും മറ്റു ആറുപേർക്കും എതിരെ ഛത്തീസ്ഗഢ് സർക്കാർ എഫ് ഐ ആർ ഫയൽ ചെയ്ത സംഭവത്തെ സി പി ഐ (എം എൽ) ശക്തമായി  അപലപിക്കുന്നു.

ബസ്തറിലെ ആദിവാസിസമുദായാംഗമായ ഒരു ഗ്രാമീണന്റെ മരണവുമായി ബന്ധപ്പെട്ട്  പ്രൊഫസ്സർ ആയ നന്ദിനി സുന്ദറിനും മറ്റു ആറുപേർക്കും എതിരേ ഫയൽ ചെയ്ത  പ്രസ്തുത എഫ് ഐ ആർ ഛത്തീസ്ഗഡിൽ നടന്നുവരുന്ന  ഭരണകൂട അടിച്ചമർത്തലിനെതിരെ ജനാധിപത്യപരമായ പ്രതിഷേധ  ശബ്ദമുയർത്തുന്ന എല്ലാവരെയും ഭയപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കൊലകുറ്റത്തിന് പുറമേ , ക്രിമിനൽ ഗൂഢാലോചനയും കലാപമുണ്ടാക്കലും ആയി ബന്ധപ്പെട്ട വകുപ്പുകൾ ആണ് അവർക്കെതിരെ ചുമത്തപ്പെട്ടത് .
മേൽപ്പറഞ്ഞ കുറ്റാരോപണങ്ങളുടെ പൊള്ളത്തരം  ഒറ്റ നോട്ടത്തിൽത്തന്നെ ആർക്കും വ്യക്തമാവുന്നതാണ്. ചത്തീസ്ഗഢിലെ ടോങ്പാൽ പ്രദേശത്ത് താമസിച്ചിരുന്ന  ശാംനാഥ് ബാഘേലിനെ  നവംബർ 4 ന് വധിച്ചത്  മാവോയിസ്റ്റുകളാണെന്ന ആരോപണമുണ്ടായിരുന്നു. ചത്തീസ്ഗഢ് പോലീസും ഐ ജി കല്ലൂരിയും നൽകിയ വിവരണമനുസരിച്ചു മാവോയിസ്റ്റുകളിൽ നിന്നും ബാഘേലിനെതിരെ  വധഭീഷണി നിലനിന്നിരുന്നു.   നന്ദിനി സുന്ദർ ,അർച്ചനാ പ്രസാദ് , സഞ്ജയ് പരാതേ ,  വിനീത് തിവാരിഎന്നിവരും സുക്മ പ്രദേശത്തുനിന്നുള്ള തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു സ്ത്രീ ആക്ടിവിസ്റ്റും ആദിവാസികളെ സർക്കാരിനെതിരെ 'ഇളക്കിവിടുകയും' മാവോയിസ്റ്റുകൾക്ക് പിന്തുണ നൽകാൻ ഗ്രാമീണരോടാവശ്യപ്പെടുകയും ചെയ്തു. തികച്ചും അസംബന്ധമായ ഈ ആരോപണങ്ങളുടെയടിസ്ഥാനത്തിലാ  ണ് പ്രൊഫസ്സർ സുന്ദറിനും മറ്റുള്ളവർക്കുമെതിരെ കേസ്സെടുത്തിരിക്കുന്നത് .
 ബസ്തറിൽ നടക്കുന്ന ഭരണകൂട അടിച്ചമർത്തലിനെക്കുറിച്ചു  ഈ വർഷം ആദ്യം ഒരു അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ച വസ്തുതാന്വേഷണ സംഘത്തിലെ അംഗങ്ങളായിരുന്നു മേൽപ്പറഞ്ഞ എഫ് ഐ ആറിൽ പേര് പറഞ്ഞ എല്ലാവരും. ഛത്തീസ്ഗഢിൽ വ്യാപകമായി  നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ തുടർച്ചയായി ശബ്ദമുയർത്തിയിരുന്നവരാണ് പ്രൊഫസ്സർ സുന്ദറും മറ്റുള്ളവരും. പോലീസും സെക്യൂരിറ്റി സേനാവിഭാഗങ്ങളും ആവർത്തിച്ചു  പ്രചരിപ്പിച്ചുകൊണ്ടിരുന്ന നുണകളെ   ജനാധിപത്യപ്രവർത്തകർ   പലപ്രാവശ്യം തുറന്നുകാട്ടിയിരുന്നു.  കൊലപാതകങ്ങൾ, ബലാൽസംഗങ്ങൾ, വ്യാജ ഏറ്റുമുട്ടലുകൾ, ,ആദിവാസികളെ വ്യാപകമായ അടിസ്ഥാനത്തിൽ  ഭീഷണിപ്പെടുത്തൽ തുടങ്ങിയ കൃത്യങ്ങൾ ഉണ്ടാവുമ്പോൾ അവയ്ക്കുത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരും സെക്യൂരിറ്റി സേനാംഗങ്ങളും  നിയമത്തെ ഒരിയ്ക്കലും ഭയപ്പെടേണ്ടതില്ലാത്ത അവസ്ഥയാണ് തുറന്നുകാട്ടപ്പെട്ടത്. 2011 ൽ ദണ്ഡേവാഡയിൽ 160 ആദിവാസി കുടിലുകൾ പോലീസ് തീയിട്ടു ചുട്ടെരിച്ച ശേഷം മാവോയിസ്റുകൾക്കെതിരെ വ്യാജക്കേസ് ചുമത്തിയ  ഛത്തീസ്ഗഢ് പോലീസിനെതിരെ കുറ്റാരോപണം നടത്തി അടുത്ത കാലത്ത് സി ബി ഐ പോലും മുന്നോട്ടു വന്നിട്ടുണ്ട് എന്നതും  എടുത്ത് പറയേണ്ട ഒരു സംഗതിയാണ്. 2011 ൽ മേൽപ്പറഞ്ഞ പോലീസതിക്രമങ്ങൾ നടന്ന സമയത്ത് ദണ്ഡേവാഡ പോലീസ് സൂപ്രണ്ടായിരുന്ന കല്ലൂരിയാണ് ഇന്ന് ഛത്തീസ്ഗഢിലെ പോലീസ് ഐ  ജി.  മേൽപ്പറഞ്ഞ ഹീനമായ ഭരണകൂട അതിക്രമത്തെ  തുറന്നുകാട്ടുന്നതിലും പ്രധാന പങ്കു വഹിച്ചത് പ്രൊഫസർ സുന്ദറും സ്വാമി അഗ്നിവേശ് ഉൾപ്പെടെയുള്ള പ്രമുഖരായ  പൗരാവകാശപ്രവർത്തകരും ആയിരുന്നു.
ബസ്തറിലെ യാഥാർഥ്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാൻ ധൈര്യപ്പെട്ടതിനുള്ള ശിക്ഷയാണ് പ്രൊഫസ്സർ സുന്ദറിനും മറ്റുള്ളവർക്കുമെതിരെയുള്ള ഇപ്പോഴത്തെ എഫ് ഐ ആർ എന്ന് വ്യക്തമാവുന്നു. .  ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായ രമൺ  സിംഗിന്റെ എല്ലാ ഒത്താശയോടും കൂടി നടക്കുന്ന പോലീസ് - സുരക്ഷാസേനാ അതിക്രമങ്ങൾക്കെതിരെ ധീരതയോടെ  അവർ ശബ്ദിച്ചതാണ് ഇതിനു പിന്നിലുള്ള ഒരേയൊരു കാരണം.  പോലീസും സ്‌പെഷൽ ഓക്സിലിയറി സേനാ വിഭാഗവും ചേർന്ന് പ്രൊഫസ്സർ സുന്ദർ ഉൾപ്പെടെയുള്ള ഏതാനും മനുഷ്യാവകാശ പ്പോരാളികളുടെ കോലം കത്തിച്ചത് വെറും രണ്ടാഴ്ചകൾക്കു മുൻപ് ആയിരുന്നു. ഇപ്പോഴത്തെ എഫ് ഐ ആർ അതിന്റെ തുടർച്ചയായി വേണം കാണാൻ.
സത്യത്തെ  തല കീഴായി നിർത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഛത്തീസ്ഗഢ് പോലീസിന്റേയും പാരാമിലിറ്ററി വിഭാഗങ്ങളുടെയും ഭാഗത്ത് നടക്കുന്ന അറുംകൊലകൾ തുറന്നു കാട്ടുന്നവർ കൊലക്കേസിൽ പ്രതികളാവുന്നു. യാഥാർഥ്യങ്ങൾക്കു നേർ വിപരീതമായ കാര്യങ്ങൾ വിശ്വസിക്കാൻ ആണ് ഭരണകൂടം നമ്മോടാവശ്യപ്പെടുന്നത്. ബസ്തറിലെ വസ്തുതകൾ തുറന്നു കാട്ടിയ മനുഷ്യാവകാശ പ്രവർത്തകരെയും മാദ്ധ്യമ പ്രവർത്തകരെയും ഭയപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണം എന്ന് സി പി ഐ (എം എൽ) ആവശ്യപ്പെടുന്നു.

(പ്രഭാത് കുമാർ)
സി പി ഐ (എം എൽ) പോളിറ്റ് ബ്യൂറോവിനുവേണ്ടി.

No comments:

Post a Comment