Tuesday, 31 July 2018

ആസ്സാമിൽ ഇന്ത്യൻ പൗരത്വവകാശമുള്ളവരുടെ കരട് രജിസ്റ്റർ അഥവാ എൻ ആർ സി (നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് ) പ്രസിദ്ധീകരിച്ച നടപടിയ്‌ക്കെതിരെ  സി പി ഐ (എം എൽ ) പുറപ്പെടുവിച്ച പ്രസ്താവന യുടെ പൂർണ്ണ രൂപം
എൻ ആർ സി യിലൂടെ ബി ജെ പി നടപ്പാക്കാനുദ്ദേശിക്കുന്ന വിഭാഗീയതയുടെ അജണ്ടയെ ചെറുത്തു് തോൽപ്പിക്കുക


ആസ്സാമിൽ ഇന്ത്യൻ പൗരത്വവകാശമുള്ളവരുടെ കരട് രജിസ്റ്റർ അഥവാ എൻ ആർ സി (നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് ) ജൂൺ 30 ന് പ്രസിദ്ധീകരിക്കും എന്ന് ആദ്യം അറിയിച്ച ശേഷം ഒരു മാസത്തിനു ശേഷം ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ് .ഇങ്ങനെയൊരു കരട്‌  എൻ ആർ സി പ്രസിദ്ധീകരിച്ച സർക്കാർ നടപടി   അസ്വാസ്ഥ്യ ജനകമായ നിരവധി ചോദ്യങ്ങളാണ് മുന്നോട്ടുകൊണ്ടുവരുന്നത്.  എൻ ആർ സി യിൽ പേരുകൾ വരുത്താൻ സമർപ്പിക്കപ്പെട്ട
3 .29 കോടി അപേക്ഷകളിൽനിന്നും 2 .89 കോടി മാത്രം സ്വീകരിക്കപ്പെട്ടപ്പോൾ പൗരത്വ മുള്ളവരുടെ കരട് ലിസ്റ്റിൽനിന്നും പുറത്തായത്  നാൽപ്പത് ലക്ഷത്തി ഏഴായിരം പേരാണ് ! എൻ ആർ സി വെറും ഒരു കരട് ലിസ്റ്റ് മാത്രമാണെന്നും , അതിലെ തകരാറുകൾ തിരുത്താൻ ഇനിയും അപേക്ഷ സമർപ്പിക്കാൻ സംവിധാനമുണ്ടെന്നും, ഈ കരട് ലിസ്റ്റിനെ പേരിൽ ഒരാളെയും രാജ്യത്തുനിന്ന്  പുറത്താക്കുകയോ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കുകയോ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വക്താക്കൾ വിശദീകരിക്കുന്നുണ്ട്.  എന്നാൽ ,മതിയായ തെളിവുകളോടെ പ്രസ്തുത ലിസ്റ്റ് തിരുത്താനുള്ള അപേക്ഷകൾ  സമർപ്പിക്കാൻ അനുവദിച്ചിരിക്കുന്ന സമയം ആഗസ്ത് 30 മുതൽ സെപ്റ്റംബർ 28 വരെയുള്ള ചുരുങ്ങിയ കാലമാണ്. 2018  ഡിസംബർ 31 ആണ് അന്തിമമായ എൻ ആർ സി പ്രസിദ്ധീകരിക്കുന്നതിനുള്ള തീയ്യതിയായി സർക്കാർ നിശ്ചയിച്ചിട്ടുള്ളത്.  ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ തിരക്കും അവഗണനാ പൂർണ്ണമായ മനോഭാവവും ,അതിനും പുറമേ , ഡീറ്റെൻഷൻ ക്യാമ്പുകളിൽ ഇപ്പോൾത്തന്നെ നിലനിൽക്കുന്ന ഭയാനകമായ സ്ഥിതിവിശേഷവും കണക്കിലെടുത്താൽ , നാൽപ്പതു ലക്ഷം മനുഷ്യർ ഇന്ന് നേരിടുന്ന ആശങ്കകൾ ദൂരീകരിക്കാൻ സർക്കാരുകൾ നൽകുന്ന പൊള്ളയായ ഉറപ്പുകൾക്ക് എത്രകണ്ട് കഴിയുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ.  

"നിയമവിരുദ്ധ  കുടിയേറ്റക്കാർ" അല്ലെങ്കിൽ "വിദേശികൾ" എന്ന നിലയിൽ ഇന്ത്യൻ പൗരത്വം നിഷേധിക്കാതിരിക്കാനുള്ള ഒരു മാനദണ്ഡം എന്ന നിലക്ക് 1971 മാർച്ച് 24 ന് മുൻപു വന്ന കുടിയേറ്റക്കാരുടെ പൗരത്വത്തിനുള്ള അപേക്ഷകൾ പരിഗണിക്കണമെന്ന ഒരു വീക്ഷണമാണ് നേരത്തെ   ആസ്സാം ഉടമ്പടി മുന്നോട്ടുവെച്ചിരുന്നത്. ആസ്സാമിൽ അധികാരത്തിലിരുന്ന മുൻ കോൺഗ്രസ് സർക്കാർ ആസ്സാം ഉടമ്പടി പ്രവർത്തികമാക്കുന്നതിലേക്ക് മുന്നോട്ടുള്ള ഒരു കാൽവെപ്പ്  എന്ന നിലയിലാണ് കാലികമായി പുതുക്കിയതും അന്തിമവുമായ  ഒരു എൻ ആർ സി  തയ്യാറാക്കുന്ന നടപടിക്രമങ്ങൾ ആരംഭിച്ചത്. 1951 ലെ എൻ ആർ സിയും തുടർന്ന് 1971 വരെ തയ്യാറാക്കപ്പെട്ട വോട്ടർ പട്ടികയും ആണ് പുതുക്കിയ എൻ ആർ സിയുടെ മാനദണ്ഡം ആവേണ്ടിയിരുന്നത്. എന്നാൽ അനുഭവങ്ങൾ കാണിക്കുന്നത് വോട്ടർ പട്ടികയിൽ ആളുകളെ പുതുതായി ചേർക്കുന്നതിനേക്കാൾ ഏറെയായി പുറംതള്ളുന്നതിനാണ് ഇപ്പോഴത്തെ എൻ ആർ സി  രൂപീകരണപ്രക്രിയയിൽ കൂടുതൽ പ്രാധാന്യം നല്കപ്പെട്ടിരിക്കുന്നതെന്നാണ്.  1951 നു ശേഷം പുതിയ സംസ്ഥാനങ്ങൾ രൂപീകൃതമായപ്പോൾ ആസ്സാമിന്റെ ഭൂപടം മാറിയതും, തുടർന്നുള്ള വർഷങ്ങളിൽ ആഭ്യന്തരമായ കുടിയേറ്റങ്ങൾ 
ഏറെ ഉണ്ടായപ്പോൾ തൽസംബന്ധമായ രേഖകൾ ഏറെക്കുറെ അപൂർണ്ണമായിരിക്കുന്ന അവസ്ഥയും കണക്കിലെടുത്താൽ എൻ ആർ സി യുമായി ബന്ധപ്പെട്ട് അധികൃതരിൽനിന്നു ഉണ്ടാകുന്ന ഏതു  നടപടിയും വിശേഷിച്ചും തൊഴിലെടുത്തു ജീവിക്കുന്ന ദുർബ്ബലവിഭാഗങ്ങൾക്ക് അരക്ഷിതാവസ്ഥയാണ് സമ്മാനിക്കുന്നത്. പഞ്ചായത്തുകൾ നൽകുന്ന വിവാഹ സർട്ടിഫിക്കറ്റുകൾ എൻ ആർ സി അധികൃതർ സ്വീകരിക്കാതിരിക്കുന്നതുമൂലം വിവാഹാനന്തരം  ഗ്രാമീണ മേഖലകളിൽനിന്നു  ആസ്സാമി ലെത്തുന്ന  സ്ത്രീകളായ കുടിയേറ്റക്കാർക്ക്  എൻ ആർ സിയിൽ ഇടം നിഷേധിക്കപ്പെടുന്നു. പ്രത്യേക കുടുംബാംഗങ്ങൾ വ്യക്തികൾ എന്ന നിലക്ക് എൻ ആർ സി കരട് ലിസ്റ്റിൽ ഒഴിവാക്കപ്പെടുന്നതിനാൽ അനവധി കുടുംബങ്ങൾ തന്നെ എൻ ആർ സി മൂലം വിഭജിക്കപ്പെടുന്ന അവസ്ഥയാണ്  ഉണ്ടായിരിക്കുന്നത്.  ഇന്ത്യൻ പാസ്‌പോർട്ടും മറ്റു തിരിച്ചറിയൽ രേഖകളും ഉള്ള ആളുകൾ പോലും എൻ ആർ സി കരട് ലിസ്റ്റിൽപ്പെടാത്ത ഒരു സാഹചര്യം ഇപ്പോൾ ഉണ്ടായിരിക്കുന്നു.  

ആസ്സാം ജനതയിൽ ഗണ്യമായ വിഭാഗങ്ങളെ ഭീതിയിലും അരക്ഷിതബോധത്തിലും ആഴ്ത്തിയ ഒരേയൊരു സംഗതി എൻ ആർ സി അല്ല. കഴിഞ്ഞ രണ്ടു ദശകങ്ങളിൽ വോട്ടർമാരിൽ കുറേയേറെ പേർ "ഡി വോട്ടർമാർ" (സംശയാസ്പദമായ നിലയിൽ 
വോട്ടർ പട്ടികയിൽ സ്ഥാനം പിടിച്ചവർ )ആയി പരിഗണിക്കപ്പെട്ടുവരുന്നു. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥർ അവരുടെ പേരുകൾക്കെതിരെ രേഖപ്പെടുത്തിയ പ്രതികൂലമായ റിമാർക്കുകൾ അടിസ്ഥാനമാക്കിയാണ്  "ഡി വോട്ടർമാർ" എന്ന വിഭാഗം സൃഷ്ടിക്കപ്പെട്ടത്. അത്തരത്തിൽപ്പെട്ട ആയിരക്കണക്കിനാളുകൾ ആസ്സാമിലെ ജെയിലുകളിൽ ഒരുക്കിയ ഡീറ്റെൻഷൻ സെന്ററുകളിൽ ഇന്നും കഴിയുന്നു. വെറും വോട്ടവകാശം മാത്രമല്ല, അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ പോലും അവർക്കു നിഷേധിക്കപ്പെട്ടിരിക്കുകയാണ് .ഇപ്പോൾ എൻ ആർ സി കരടിൽ പേരില്ലാത്തവരെ ഡീറ്റെൻഷൻ സെന്ററുകളിലേക്ക് അയക്കാനുദ്ദേശിക്കുന്നില്ലെന്നു സർക്കാർ പറയുമ്പോഴും , പുതുതായി ഡീറ്റെൻഷൻ ക്യാമ്പുകൾ ആരംഭിക്കാൻ മോദി സർക്കാർ 46 കോടി രൂപ അനുവദിച്ചുവെന്നും ഗോൽപാരയിൽ 3000 പേരെ പാർപ്പിക്കാനുള്ള ഒരു ക്യാമ്പ്  അക്കൂട്ടത്തിൽപ്പെടുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. "ഡി വോട്ടർമാർ" അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചു ആസ്സാമിലെ മാധ്യമങ്ങളും ദേശീയ വാർത്താമാധ്യമങ്ങളും അധികമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും , അതിന്റെ  സത്യാവസ്ഥ അധികം കാലം മൂടിവെയ്ക്കാൻ കഴിയില്ല. പുതുതായി പുറംതള്ളപ്പെടുന്ന നാൽപ്പത് ലക്ഷം പേരുടെ ഗതിയും അതുതന്നെയാവുകയില്ലേ എന്ന ആശങ്കയാണ് ഇപ്പോഴുള്ളത്. ഇപ്പോൾ എൻ ആർ സി സംബന്ധിച്ചു നടക്കുന്ന ചർച്ചകൾ ഏറെയും എൻ ആർ സി പ്രക്രിയയിലെ സാങ്കേതികമായ പിഴവുകൾ മൂലം വന്ന ഒഴിവാക്കലുകൾ പരിഹരിച്ച് ഫൈനൽ ലിസ്റ്റ് വേഗത്തിൽ ഉണ്ടാക്കുന്നത് സംബന്ധിച്ചാണ്.  എന്നാൽ   ഒരു പൊതു ചർച്ചയിലും കാര്യമായി ഇതേവരെ പൊന്തിവന്നിട്ടില്ലാത്ത 
മറ്റൊരു പ്രശ്നം അതീവ ഗുരുതരമാണ്.  പൗരത്വപദവിയില്ലാതെ "രാജ്യമില്ലാത്തവരായി"അനേകായിരങ്ങൾ ആസ്സാമിൽ ഉണ്ടാകുമ്പോൾ അത് സംസ്ഥാനത്തും ഇന്ത്യയൊട്ടുക്കും സൃഷ്ട്ടിക്കുന്ന വലിയ സാമൂഹ്യ പ്രശ്‌നത്തെ എങ്ങിനെയാണ് അഭിമുഖീകരിക്കാൻ പോകുന്നത് എന്നതാണ് അത്. 
ആസ്സാമിൽ അത്യന്തം ആപൽക്കരമായ ഒരു കളിയാണ് ബി ജെ പി കളിക്കുന്നത്. പാസ്പോർട്ട് പ്രവേശന നിബന്ധനകൾ ഭേദഗതി ചെയ്യുന്നതും , പൗരത്വ  നിയമ ഭേദഗതി ബിൽ കൊണ്ടുവരുന്നതും വഴിയായി ആസ്സാം ഉടമ്പടിയെ ഫലത്തിൽ നിർവീര്യമാക്കാനും, പൗരത്വവും കുടിയേറ്റവും സംബന്ധിച്ച പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് വർഗ്ഗീയതയുടെ ഒരു ചട്ടക്കൂട്  അടിസ്ഥാനപ്രമാണമാക്കാനും ആണ് ബി ജെ പി ശ്രമിക്കുന്നത്.  പ്രസ്തുത ചട്ടക്കൂട് അടിസ്ഥാനമാക്കുന്നതോടെ മുസ്ലീങ്ങൾ പുറന്തള്ളപ്പെടുകയും കടുത്ത വിവേചനങ്ങൾക്കിരയാവുകയും ചെയ്യും. പൗരത്വ നിയമ ഭേദഗതി ബില്ലിനെ ആസ്സാമും ത്രിപുരയും കടുത്ത എതിർപ്പോടെയാണ് നോക്കിക്കാണുന്നത്. ആസ്സാം  ഉടമ്പടിയുടെ അന്തസ്സത്തയെ  മാനി ക്കുന്നുവെന്നും , ആസ്സാമിൽ കുടിയേറിപ്പാർത്തിരിക്കുന്ന വിദേശികളെ കണ്ടെത്തി അവരെ  നാടുകടത്താനും മാത്രം ലക്ഷ്യമിടുന്നുവെന്നും ഉള്ള നാട്യങ്ങളോടെയാണ്  ബി ജെ പി സർക്കാർ   എൻ ആർ സി കരട് പ്രസിദ്ധീകരിച്ചത് .   പക്ഷെ, ഈ പ്രക്രിയ ആസ്സാമിനെ വിസ്ഫോടകമായ ഒരു സാമൂഹ്യാന്തരീക്ഷത്തിൽ എത്തിച്ചിരിക്കുന്നു. അനേകം ദശാബ്ദങ്ങളായി സംസ്ഥാനത്ത്  ജീവിച്ചുപോരുന്ന നാൽപ്പതു ലക്ഷമാളുകൾ രാജ്യമില്ലാത്തവരായി മാറാൻപോകുന്നു.  ഇവർ യഥാർത്ഥത്തിൽ ആരാണ് , അവരുടെ സാമൂഹ്യ മുഖഛായയും പശ്ചാത്തലവും എങ്ങിനെയുള്ളതാണ് എന്നറിയാനുള്ള ആധികാരികമായ  വിശദവിവരങ്ങൾ ഒന്നും ആരുടെ പക്കലും ഇല്ല. പക്ഷെ, ആദ്യ സൂചനകൾ അനുസരിച്ചു നമ്മൾ അറിയുന്നത് അവരിൽ ബഹുഭൂരിപക്ഷവും ബംഗാളി ഭാഷ സംസാരിക്കുന്നവരും  സ്ത്രീകളും  ആണെന്നതാണ്.  സ്വാഭാവികമായും, ഇത് ഇന്ത്യയിൽ  പശ്ചിമ ബംഗാൾ അടക്കം ഉള്ള ഇതര പ്രദേശങ്ങളിൽ ജീവിക്കുന്ന ബംഗാളി സമുദായങ്ങളെ വൈകാരികമായി പ്രക്ഷുബ് ധരാക്കിയിട്ടുണ്ട്.(അതിനിടെ, പശ്ചിമ ബംഗാളിനെ  'ബാംഗ്ളാ' എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശങ്ങൾ വന്നുകഴിഞ്ഞു.). ഇങ്ങനെയൊരു സങ്കീർണ്ണ സാഹചര്യത്തിൽ കുളമാകെ കലക്കി മീൻ പിടിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. പശ്ചിമ ബംഗാളിലെ ബി ജെ പി നേതാക്കൾ സംസ്ഥാനത്തു എൻ ആർ സി നടപ്പാക്കണമെന്ന് ആവശ്യപ്പെടുമ്പോൾ വ്യക്തമായും അവർ ഉദ്ദേശിക്കുന്നത് മുസ്‌ലിം സമുദായത്തെ "ബംഗ്ളാ ദേശിൽ നിന്നുള്ള നുഴഞ്ഞു കയറ്റക്കാരാ"യി ചിത്രീകരിക്കാൻ ആണ്.  ആർ എസ് എസ്സും ബി ജെ പിയും വർഷങ്ങളായി അത്തരം പ്രചാരണം കെട്ടഴിച്ചുവിട്ടു സാമുദായിക വിഭാഗീയതയും ധ്രുവീകരണവും ഉണ്ടാക്കാൻ നോക്കുന്നുണ്ട്.ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായ ഒരു ഘട്ടത്തിൽ  'പശു രക്ഷ' യ്ക്കും 'ലവ് ജിഹാദി'നും ശേഷം  വർഗ്ഗീയ ധ്രുവീകരണമുണ്ടാക്കാൻ സംഘ പരിവാരത്തിന്റെയും ബി ജെ പിയുടെയും മുൻകൈയിൽ വികസിപ്പിക്കപ്പെട്ട മറ്റൊരു ഉപകരണമായിരിക്കുകയാണ്  എൻ ആർ സി.

തദ്ദേശീയരായ ആസ്സാമീസ് ജനസമൂഹങ്ങൾ ന്യൂനപക്ഷമായിത്തീരുന്നത് സംബന്ധിച്ച ഉൽക്കണ്ഠകളും വികസനപരമായ പിന്നോക്കാവസ്ഥ മറികടക്കാനുള്ള ത്വരയും ചേർന്നാണ്  ആസ്സാം പ്രക്ഷോഭത്തിന്‌ വഴിയൊരുക്കിയത്. ഭിന്നിപ്പിച്ചു ഭരിക്കലിന്റെയും, വഞ്ചനയുടെയും വിദ്വേഷത്തിന്റെയും  രാഷ്ട്രീയത്തിന്റെയും പരീക്ഷണശാലയായി ആസ്സാമിനെ മാറ്റിത്തീർക്കാൻ ആണ് ബി ജെ പി പരിശ്രമിക്കുന്നത്. ആസ്സാം മുന്നോട്ടുപോകാൻ ആഗ്രഹിക്കുമ്പോൾ ,ബി ജെ പി ആസ്സാമിനെയും ഇന്ത്യയെയും വിഭജനത്തിന്റെ ദിവസങ്ങളിൽ കണ്ടതുപോലുള്ള കൊടും ദുരിതത്തിന്റെയും തീരാ വേദനകളുടെയും വിക്ഷുബ്ധ ദിനങ്ങളിലേക്ക് മടക്കി ക്കൊണ്ടുപോകാനാണ്‌ ഇന്ന് ശ്രമിക്കുന്നത്.  വിഭാഗീയതയുടെ ഈ ഗൂഢാലോചനയെ നമ്മൾ തിരസ്കരിക്കുകയും തോൽപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. തീർത്തും കുറ്റമറ്റതും നീതിപൂർണ്ണവുമായ ഒരു എൻ ആർ സി യെക്കുറിച്ചു ബി ജെ പി വെറുതെ വാചകമടിച്ചതുകൊണ്ടായില്ല; എൻ ആർ സിയുടെ ചട്ടക്കൂട് തന്നെ 
വിശാലവും ,കൂടുതൽ  ഉൾക്കൊള്ളുന്നതും ആവേണ്ടതുണ്ട്.   എൻ ആർ സി യിൽനിന്ന് ആളുകൾ പുറത്താകുന്നതിനുള്ള സാദ്ധ്യതകൾ പരമാവധി കുറയ്ക്കുന്നതോടൊപ്പം, പുറത്താക്കപ്പെടുന്നവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതും  അവരുടെ  മാന്യമായ പുനരധിവാസം ഉറപ്പുവരുത്തുന്നതുമടക്കമുള്ള നയങ്ങളുടെ വ്യക്തമായ ഒരു റോഡ് മാപ്പ് സർക്കാരിന്റെ ഭാഗത്തു തയ്യാറാവേണ്ടതുണ്ട് . പരിഹാരം ഡീറ്റെൻഷൻ ക്യാമ്പുകൾ  എന്ന  ഭയാനകമായ അവസ്ഥ അവസാനിക്കേണ്ടതുണ്ട്.  റോഹിൻഗ്യൻ പ്രതിസന്ധിയ്ക്കു പരിഹാരങ്ങൾ കണ്ടെത്താൻ ലോകമാകെ ഇന്ന് ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ , എൻ ആർ സിയുടെ പേരിൽ മറ്റൊരു സാമൂഹ്യ ദുരന്തവും മനുഷ്യത്വ പ്രതിസന്ധിയും ഉണ്ടാകാൻ അനുവദിച്ചുകൂടാ . ടിബറ്റിൽനിന്നും ഉള്ളവരടക്കമുള്ള അഭയാർഥികളുടെ അന്തസ്സ് കാത്തുകൊണ്ട്  ഭൂതകാലത്തിൽ ഇന്ത്യ അഭയം നല്കിയിട്ടുള്ളത് ഓർമിക്കുമ്പോൾ, നമ്മുടെ ജനത   സ്വന്തം രാജ്യത്ത്  വിദേശികളായിക്കഴിയാൻ വിധിക്കപ്പെടുന്ന അവസ്ഥ  ഒരിക്കലും ഉണ്ടായിക്കൂടാത്തതാണ്. 
CPI-ML statement on publication of draft NRC
Defeat the BJP’s Divisive Agenda over NRC
The publication of the draft National Register of Citizens (NRC) in Assam, originally scheduled for 30th June but eventually deferred by a month, has brought several disturbing questions to the fore. The number of applicants excluded from the draft NRC is massive: more than four millions. Of the 3.29 crore applicants who had filed claims for inclusion in the NRC, names of 2.89 crore people appear in the draft while 40.07 lakhs remain excluded. The central and state governments are busy telling us that the NRC is only a draft and there would be scope for raising objections and correcting mistakes and that as of now nobody would be deported or sent to detention camps on the basis of the draft NRC. The time available for making complaints and filing proofs is however only a month (from August 30 to September 28) and the government has set December 31, 2018 as the final deadline for publication of the final NRC. Given the scant possibility of correction of mistakes in this rushed bureaucratic exercise and the horror of the existing detention camps, the fear that has engulfed the four million excluded people is too real to be allayed by empty assurances and appeals.

The present NRC updating exercise was mooted by the previous Congress government in Assam as a step towards implementing the Assam Accord which had stipulated 24 March 1971 as the cut-off point for determination of ‘foreigners’ or illegal immigrants. The 1951 NRC and subsequent electoral rolls till 1971 have been made the main basis (legacy data) for inclusion in the updated NRC. Given our experience with exclusion-ridden electoral rolls, it is not difficult to see that the process of exclusion has thus been built into the very framework of the current NRC. We also have to keep in mind the changes that have taken place since 1951 – the redrawing of the map of Assam with the fragmentation of the erstwhile state into a number of new states and the internal migration that has happened over the years. Add to this the general lack of documentation among the weaker sections and toiling masses and the NRC becomes a nightmare for many. Rural women migrating to Assam through the marital route have found it especially difficult to substantiate their claims as the NRC has disregarded certificates issued by panchayats. Many families stand divided on the basis of the NRC with individual members failing to make it to the draft. There are even many cases of people with Indian passports and other identifying documents having been excluded from the current NRC draft.

It is not just the NRC which has enveloped many in Assam with fear and insecurity. For the last two decades, some people in Assam have been marked as D (D for doubtful) voters, usually on the basis of adverse remarks made by the Border Security Force. A few thousands of them are lodged in detention camps in certain jails of Assam, stripped of not just their voting rights but virtually most of their basic human rights. While the government says that the excluded will not be sent to detention camps, there are reports that the Modi government has granted 46 crore rupees for construction of new detention camps including one in Goalpara with a capacity of more than 3,000 people. The plight of these detained D voters has not received much attention in the national media or even within Assam, but horror stories from the camps cannot be suppressed or denied any more. Is this the fate now awaiting the four million excluded people in Assam? As of now, the discussion over the NRC in Assam revolves primarily around the omissions and anomalies and the process and possibility of getting them corrected in the final list. But it is now very much clear that Assam and India will soon have to deal with a huge social problem of hundreds of thousands of ‘stateless’ people. And this is a topic on which there has been no public deliberation yet.
The BJP is playing a dangerous game in Assam. By amending the passport entry rules and introducing the Citizenship Amendment Bill, it has effectively nullified the Assam Accord and made it abundantly clear that it wants to deal with the issues of citizenship and immigration on the basis of a communal framework where Muslims will be excluded and treated adversely. Assam and Tripura reacted angrily to the Citizenship Amendment Bill. With the publication of the draft NRC, the BJP now seeks to create the impression that it is committed to the implementation of the Assam Accord and the agenda of identification and deportation of foreign nationals from Assam. But what Assam has got in the process is an explosive situation with four million people residing in the state for decades liable to be declared stateless. Who are these four million people? We do not yet have sufficient data to map their social profile, but early indications suggest that majority of them are women and Bengali-speaking. This has understandably stirred the Bengali community across India and especially in neighbouring West Bengal (now proposed to be renamed ‘Bangla’) and the BJP is seeking to fish in the troubled waters. BJP leaders in Bengal are now speaking about implementing the NRC in the state, clearly targeting the Muslim community which is customarily branded by the BJP and RSS as a community of ‘Bangladeshi infiltrators’. After ‘cow protection’ and ‘love jihad’, here you have another grand RSS-BJP game plan for communal polarisation for the forthcoming Lok Sabha elections.

The Assam movement was prompted by the demographic anxiety and developmental aspiration of the Assamese community. The BJP wants to turn Assam into a laboratory for its politics of hate, deception and ‘divide and rule’. While Assam wanted to move forward, the BJP is bent upon taking Assam and India back to the trauma, turbulence and tragedy of the Partition. We must reject and defeat this divisive conspiracy. The BJP’s empty talk of a just and perfect NRC will not do, we need a broader and more inclusive framework for the NRC. And while minimizing the chances of omission from the NRC, the government must come out with a clear road map for the people being omitted. The horror of the detention camps must end. We must uphold the dignity and human rights of whoever may be excluded from the NRC. At a time when the whole world is seeking an end to the Rohingya crisis, we cannot create another humanitarian and social tragedy in the name of the NRC. India has given shelter and dignity to Tibetan and other refugees in the past, we cannot treat our own people as aliens in their own land.

Friday, 13 July 2018

 ലിഞ്ച് മോബുകളെ


പ്രോത്സാഹിപ്പിക്കുന്ന


 ബി ജെ പി നയം 

കൊളോണിയൽ കാലഘട്ടം മുതൽ ഇന്ത്യയിൽ എണ്ണമറ്റ കലാപങ്ങളും കൂട്ടക്കൊലകളും നടന്നിട്ടുണ്ടെന്ന് നമുക്കറിയാം ; സ്വാതന്ത്ര്യാനന്തര കാലത്തും  തുടക്കം മുതലേ ഈ നാട് നിരവധി കൂട്ടക്കൊലകൾക്കും ഭരണ കൂട ഏജൻസികൾ  നടത്തിയ നിയമബാഹ്യമായ അറുംകൊലകൾക്കും സാക്ഷിയായിട്ടുണ്ടെന്നും അറിയാവുന്ന കാര്യമാണ്. എന്നാൽ, മോദി ഭരണകാലത്ത് നമ്മൾ കണ്ടുവരുന്നതരം ലിഞ്ചിങ് അഥവാ ആൾക്കൂട്ടക്കൊലപാതകങ്ങൾ  ഈ ഭരണത്തിന്റെ മുഖമുദ്ര തന്നെയായി മാറിയിരിക്കുന്നു.  2015 മെയ് 30 ന് നാഗ്‌പൂരിൽ അബ്ദുൽ  ഗാഫർ ഖുറേഷി എന്ന ചെറുപ്പക്കാരനെ ആൾക്കൂട്ടം വളഞ്ഞു തല്ലിക്കൊന്നതായിരുന്നു മോദി പ്രധാനമന്ത്രി പദത്തിലെത്തിയശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട ലിഞ്ചിങ് പരമ്പരയിൽ  ആദ്യത്തേത്. അന്ന് തൊട്ടു ഇതെഴുതുന്നതുവരെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരപരാധികളായ  120 മനുഷ്യരാണ് ലിഞ്ചിന്  ഇരകൾ ആയത് . വേറൊരുതരത്തിൽ പറഞ്ഞാൽ, ഓരോ പത്തുദിവസം കടന്നുപോവുമ്പോഴും രാജ്യത്തെവിടെനിന്നായാലും ആൾക്കൂട്ടക്കൊല പാതകത്തിന്റെ ഒരു പുതിയ വാർത്ത റിപ്പോർട്ട് ചെയ്യപ്പെടുന്നു. 'പുത്തൻ ഇന്ത്യ'യെക്കുറിച്ചുള്ള സങ്കൽപ്പത്തിന്  മോദിഭരണത്തിന്റെ ഏറ്റവും വലിയ സംഭാവനയായത്  ലിഞ്ച് മോബ് പ്രതിഭാസം ആണ് !  
സമീപകാലത്ത് കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്നവരെക്കുറിച്ചുള്ള വാട്ട്സപ്പ് സന്ദേശങ്ങൾ പ്രചരിച്ചതിന് പിന്നാലെ നടന്ന ആൾക്കൂട്ടക്കൊലപാതകങ്ങളുടെ വെളിച്ചത്തിൽ കൂടുതൽ ജാഗ്രത പാലിക്കാൻ സർക്കാർ ആവശ്യപ്പെട്ടത് വാട്ട്സ്പ്പ് എന്ന സ്ഥാപനത്തോടായിരുന്നു. മോദി ഭരണത്തിലെ ലിഞ്ചിങ് സംഭവങ്ങൾക്കു വാട്ട്സപ്പ്  എങ്ങനെയാണ് ഉത്തരവാദിയാവുക ? ഇന്റർനെറ്റിന്റെയും സാമൂഹ്യമാധ്യമങ്ങളുടെയും കാലഘട്ടത്തിൽ ധാരാളം വ്യാജ വാർത്തകളും വിദ് വേഷം പരത്തുന്ന സന്ദേശങ്ങളും പ്രചരിപ്പിക്കാൻ വാട്ട്സപ്പ്  തീർച്ചയായും ഉപയോഗിക്കപ്പെടുന്നുണ്ട് ; പക്ഷെ, ഈ വ്യാജവാർത്തകളും വിദ്വേഷപ്രചാരണങ്ങളും കൊണ്ട് ആൾക്കൂട്ടത്തെ കൊലയാളിസംഘങ്ങൾ ആക്കുന്നത് ആരാണ്?  ഇതേപ്പറ്റി ഒരന്വേഷണം നടത്തുകയാണെങ്കിൽ വെളിപ്പെടുന്ന ഒരു വസ്തുത ഏറ്റവുമധികം  അത്തരം വ്യാജ വാർത്തകൾ നിർമ്മിക്കുന്നതിലും സന്ദേശങ്ങളും വിദ്വേഷ പ്രചാരണങ്ങൾ  നടത്തുന്നതിലും മുൻപന്തിയിൽ നിൽക്കുന്നത് ബി ജെ പിയുടെ ഐ ടി സെൽ ആണെന്നതാണ്.  മുസ്ലിങ്ങൾക്കും ദലിത് ജനവിഭാഗങ്ങൾക്കും കമ്മ്യൂണിസ്റ്റ്കാർക്കും  എതിരെ സംഘ് ബ്രിഗേഡുകൾ തുടർച്ചയായി ഉൽപ്പാദിപ്പിച്ചുവരുന്ന വെറുപ്പും സ്ത്രീകളെ സാമൂഹികമായി ഇകഴ്ത്തിക്കാട്ടാൻ അവർ നടത്തുന്ന ആശയപ്രചാരണങ്ങളും വളരെ പ്രകടമാണ്. വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനും   മുസ്ലിങ്ങളെ ആക്രമണ ലക്ഷ്യമാക്കുന്ന തരത്തിലും ആർ എസ് എസ് അജണ്ടയുടെ ഭാഗമായി പ്രചരിപ്പിക്കപ്പെടുന്ന പെരുംനുണകളും ,അവയ്ക്കു കൂടുതൽ ശക്തി പകരുമാറ്  അമേരിക്കൻ നേതൃത്വത്തിൽ ലോകവ്യാപകമായി ഉൽപാദിപ്പിക്കപ്പെടുന്ന ഇസ്ലാമോഫോബിയയുടെ ആശയമണ്ഡലവും കാണാതിരിക്കാനാവില്ല.
ലിഞ്ച് മോബുകളെ കെട്ടഴിച്ചുവിടുന്നതിലും അവർക്കു ധൈര്യം പകരുന്നതിലും ഏറ്റവും നിർണ്ണായകപ്രാധാന്യമുള്ള  ഒരു ഘടകം ബി ജെ പി യും അതിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളും കൊലയാളികളായ ആൾക്കൂട്ടങ്ങൾക്ക് നൽകിവരുന്ന പ്രോത്സാഹനമാണ്. അടുത്തയിടെ 'ലവ് ജിഹാദ്' ആരോപിച്ചു ഉത്തരാഖണ്ഡിൽ ഒരു മുസ്ലിം യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്താൻ ശ്രമിച്ചപ്പോൾ അയാളെ രക്ഷപ്പെടുത്താൻ ധീരമായി ഇടപെട്ട്   തന്റെ കർത്തവ്യം ഫലവത്തായും പ്രശംസനീയമായും നിറവേറ്റിയ ഇൻസ്‌പെക്ടർ ഗഗൻ ദീപിനെപ്പോലെയുള്ളവർ  ഇന്ന് പോലീസ് സേനയിൽ അപൂർവ്വമായ അപവാദങ്ങൾ ആണ്.  പോലീസിന്റെ  ഇക്കാലത്തെ പെരുമാറ്റത്തിന്റെ കൂടുതൽ സാർവ്വത്രികമായ മാതൃക ഹാപ്പൂരിലെ കോൺസ്റ്റബിൾമാർ ചെയ്തതുപോലെ കൊലയാളികളായ ആൾക്കൂട്ടത്തോടൊപ്പം നിൽക്കലോ അവർക്കു അകമ്പടി സേവിക്കലോ ആയിരിക്കുന്നു. ഉത്തർപ്രദേശിൽ നടന്ന ഹാപ്പൂർ ലിഞ്ചിങ് സംഭവത്തിൽ ഇരയായ കാസിം എന്ന മുസ്‍ലീം കർഷകൻറെ  മൃതശരീരം നായാടിപ്പിടിച്ച ഒരു മൃഗത്തെയെന്നപോലെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന വേട്ടക്കാരെ ആനയിക്കുന്ന പോലീസുകാരെയാണ് പുറത്തുവന്ന ചില ദൃശ്യങ്ങളിൽ നാം കണ്ടത്.  പോലീസുദ്യോഗസ്ഥർ  അവരുടെ പണി ഇങ്ങനെ ചെയ്യുമ്പോൾ, ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാരും ഭരണകക്ഷി എം എൽ എ മാരും  പരസ്യമായിത്തന്നെ കുറ്റവാളികളുടെ രക്ഷയ്ക്ക് എത്തുന്നതും കാണാം. കത്വാ ബലാൽസംഗക്കൊലപാതകസംഭവത്തിലെ  പ്രതികളെ തുണയ്ക്കാൻ   ഇതുപോലെ  അവർ എത്തിയതും, നേരത്തെ മൊഹമ്മദ് അഖ്‌ലാഖിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിലെ ഒരു പ്രതി മരണപ്പെട്ടപ്പോൾ അയാളുടെ ശവസംസ്കാരച്ചടങ്ങിൽ ഉത്തർപ്രദേശ് സാംസ്കാരികവകുപ്പ് മന്ത്രിയായ മഹേഷ് ശർമ്മ നേരിട്ട് എത്തി ആദരവ് പ്രകടിപ്പിച്ചതും ശ്രദ്ധേയമാണ്. ഹസാരിബാഗ് എം പി യും സിവിൽ വ്യോമയാന വകുപ്പു മന്ത്രിയും ആയ ജയന്ത് സിൻഹയുടെ  പ്രവൃത്തി എല്ലാറ്റിലുമേറെ നടുക്കമുളവാക്കുന്നതാണ്. രംഗറിൽ  മാംസവില്പനക്കാരനായിരുന്ന അലീമുദ്ദീൻ അൻസാരിയെ വളഞ്ഞു തല്ലിക്കൊന്നതിന് കോടതിയിൽ ശിക്ഷ വിധിക്കപ്പെട്ട ആളുകളെ പ്രസ്തുത മന്ത്രി ഒരു ചടങ്ങിൽ മാലയിട്ട് ആദരിക്കുകയുണ്ടായി. 
വലതുപക്ഷത്തിന്റെ സാമ്പത്തിക മുഖവും വർഗീയ മുഖവും തമ്മൽ പലപ്പോഴും ഉള്ളതായി സങ്കല്പിക്കപ്പെടുന്ന വേർതിരിവ് നിശ്ശേഷം മായ്ച്ചുകളയുന്ന ഒന്നാണ് ജയന്ത് സിൻഹയുടെ പരസ്യമായ പ്രകടനം. മാന്യതയുടെ പരിവേഷവും ഹാവാർഡിൽനിന്നുള്ള ഉന്നതബിരുദങ്ങളും  വർഗ്ഗീയ വാദത്തിനും  സങ്കുചിതത്വത്തിനും  ഒരുതരത്തിലുള്ള പൊരുത്തക്കേടും ഉണ്ടാക്കുന്നില്ലെന്നാണ് അത് തെളിയിക്കുന്നത്. ലിഞ്ച് സ്ക്വാഡുകളെ പാലൂട്ടിവളർത്തുന്ന പ്രക്രിയയ്ക്കിടയിൽ   ജനങ്ങളുടെ ഉപജീവനമാർഗ്ഗങ്ങൾ മുടങ്ങുന്നതോ , ഭരണഘടനയുടെയും നിയമവാഴ്ചയുടേയും കേവലമായ  ഔപചാരികതകൾ പോലും ലംഘിക്കപ്പെടുന്നതോ ഒന്നും കോർപ്പറേറ്റ് ദുരയുടെ ഉപാസകർക്ക് ഒരു പ്രശ്നമല്ല.   കോർപ്പറേറ്റ് ലാഭക്കൊതിയും വർഗ്ഗീയ വിദ്വേഷവും ഒരേ പാത്രത്തിൽ വെന്ത് ഫാസിസം  പാകപ്പെടുന്ന രീതിയിൽ ആണ് അവർ അധികാരം കൈകാര്യം ചെയ്യുന്നത്. അതിനാൽ, ഫാസിസ്റ്റുകൾ ലിഞ്ച് മോബുകളെ സഹായിക്കുന്നുവെന്നു പറഞ്ഞാൽ പോരാ,  അവരെ സാധ്യമാക്കുന്നുവെന്നു തന്നെ പറയേണ്ടിവരും!  
 വിദ്വേഷത്താൽ പ്രചോദിതരായ ലിഞ്ച് മോബുകൾക്ക് മുന്നിൽ അടിയറവു പറയുന്നതിന് പകരം  ഭരണഘടനയും നിയമവാഴ്ചയും  അടിസ്ഥാനമാക്കിയുള്ള നമ്മുടെ റിപ്പബ്ലിക്ക് തുടർന്ന് നിലനിൽക്കണമെങ്കിൽ, ലിഞ്ച് മോബുകളുടെ ശ്രുംഖലകൾ പൂർണ്ണമായും തകർത്തെറിയപ്പെടണം.  . ഇത് സാധിക്കണമെങ്കിൽ അവയിലെ കാലാൾപ്പടകളെ നേരിട്ട് എതിർത്തു തോൽപ്പിക്കുന്നതിലേറെയായി വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രത്തിലൂടെയും നുണപ്രചാരണങ്ങളിലൂടെയും   അവയ്ക്ക് രൂപം നൽകുന്ന   ബൗദ്ധിക കേന്ദ്രങ്ങളെയും, സ്വന്തം അധികാരം ഉറപ്പിച്ചുനിർത്തനായി ഭരണസംവിധാനത്തെയാകെ ദുരുപയോഗം ചെയ്തും കൊലയാളികളായ ആൾക്കൂട്ടത്തെ കയറൂരി വിടുന്ന രാഷ്ട്രീയ നേതാക്കളെയും ഭരണ നിർവ്വഹണം നടത്തുന്ന ഉദ്യോഗസ്ഥരെയും നിലക്കു നിർത്തേണ്ടതുണ്ട്. 

Monday, 2 July 2018

ആൾക്കൂട്ട വർഗ്ഗീയ ഹിംസകൾ

മോദി ഭരണത്തിന്റെ മുഖമുദ്ര

 യാവുമ്പോൾ


പശുക്കളെ കൊല്ലുന്നുവെന്ന അഭ്യൂഹങ്ങളുടെ പേരിൽ ഉത്തർപ്രദേശിലും ജാർഖണ്ഡിലും അടുത്തയിടെ മുസ്‌ലിംകൾക്കെതിരെ നടന്ന ആൾക്കൂട്ട വർഗ്ഗീയ ഹിംസകൾ മോദി ഭരണത്തിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നതിന്റെ ദൃഷ്ടാന്തങ്ങളിൽ ഏറ്റവും പ്രത്യക്ഷമായ  ഒന്നാണ് .

ഉത്തർപ്രദേശിലെ ഹാപ്പൂരിൽ പശുസംരക്ഷണത്തിന്റെ പേരിൽ കാസിം എന്ന വ്യക്തിയെ ആൾക്കൂട്ടം അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവന്ന ഒരു വീഡിയോയിൽ അടിയേറ്റ് മൃതപ്രായനായി വെള്ളത്തിന് യാചിക്കുന്ന  ആൾക്ക് അത് നിഷേധിക്കുകയും  ,പശുക്കുട്ടിയെ  രക്ഷിച്ചതിൽ ഊറ്റം കൊള്ളുകയും ചെയ്യുന്ന ആൾക്കൂട്ടത്തെയാണ് കണ്ടത്. അതേ  സ്ഥലത്തു നിന്നുള്ള മറ്റൊരു വീഡിയോയിൽ ശമിയുദ്ദീൻ  എന്ന വയോവൃദ്ധനെ ആൾക്കൂട്ടം അടിക്കുന്നതും ,പശുവിനെ കൊന്നതായി കുറ്റസമ്മതം നടത്താൻ കഠിനമായി പീഡിപ്പിക്കുന്നതും കണ്ടു. ഇത്രയേറെ പരസ്യമായ തെളിവുകൾ ഉണ്ടായിട്ടും ഉത്തർ പ്രദേശ് പോലീസ് ഈ സംഭവത്തെ മുസ്ലിങ്ങൾക്കെതിരായ ഒരു വിദ്വേഷ കുറ്റകൃത്യം ആയി കാണാൻ കൂട്ടാക്കിയില്ല. നേരെ മറിച്ചു് , റോഡിൽ വെച്ചുണ്ടായ ഒരു സാധാരണ വഴക്കിന്റെ ഫലമായിട്ടാണ് സംഭവം ഉണ്ടായതെന്ന് യു പി പോലീസ് അവകാശപ്പെടുന്നു. 
എല്ലാറ്റിലും വെച്ച് ഹൃദയഭേദകമായ  കാഴ്ച  കാസിമിന്റെ മൃതശരീരം ഒരു ചത്ത മൃഗത്തെയെന്നപോലെ വലിച്ചിഴച്ചുകൊണ്ടുപോകുന്ന ആൾക്കൂട്ടത്തിനു  യൂണിഫോം ധരിച്ച പൊലീസുദ്യോഗസ്ഥർ സാധാരണ ഡ്യൂട്ടി ചെയ്യുന്ന മട്ടിൽ  അകമ്പടി സേവിക്കുന്നതാണ് . ഉദ്യോഗസ്ഥരുടെ ഈ പെരുമാറ്റത്തെ " അനുചിത"മെന്ന് വിശേഷിപ്പിച്ചു യു പി പോലീസ് മേധാവികൾ ഖേദപ്രകടനം നടത്തിയെങ്കിലും , ആംബുലൻസ് ലഭ്യമല്ലാതിരുന്നതിനാലും പരിക്കേറ്റ വ്യക്തിയെ അടിയന്തരമായി ആശുപത്രിയിൽ എത്തിക്കേണ്ടിയിരുന്നതിനാലും ആണ് ആൾക്കൂട്ടത്തെ അങ്ങനെ ചെയ്യാൻ  പോലീസ് അനുവദിച്ചത് എന്ന വിശദീകരത്തോടെയുള്ള പ്രസ്തുത ക്ഷമാപണം സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണ്. ഗുരുതരമായി പരിക്കേറ്റ ഒരാളെ നിലത്തുകൂടി വലിച്ചിഴച്ചു് ആശുപത്രിയിൽ എത്തിക്കാൻ പോലീസുകാർക്ക് അനുവാദം ലഭിക്കുന്നത് ഏത്  പരിശീലന പ്രോട്ടോകോൾ  അനുസരിച്ചാണ് ? 
യോഗി ആദിത്യനാഥ്‌ ഭരിക്കുന്ന ഉത്തർപ്രദേശിലെ പോലീസ് എത്രമാത്രം വർഗീയവൽക്കരിക്കപ്പെട്ട ഒരു സേനയാണെന്നതിനു മറ്റൊരു തെളിവാണ് ബറേലിയിൽ മാംസം വില്പനക്കാരനായ മുന്ന എന്ന് വിളിക്കുന്ന സലിം ഖുറേശിയെ ബീഫ് വിൽപ്പന നടത്തി എന്ന ഒരു പരാതിയിന്മേൽ ജൂൺ 14 നു പോലീസ് പിടിച്ചു കൊണ്ടുപോയി  ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വിവാഹ ഹാളിൽ വെച്ച് ക്രൂരമായി മർദ്ദിച്ചതും , പരിക്കുകളെത്തുടർന്നു ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന മുന്ന ജൂൺ 21 നു മരണമടഞ്ഞതുമായ സംഭവം. യോഗിയുടെ പോലീസ് നേരിട്ട് നടത്തിയ കസ്റ്റോഡിയൽ വർഗ്ഗീയ ലിഞ്ചിങ്ങിൽ കുറയാത്ത ഒരു കുറ്റ കൃത്യത്തെയാണ് ഈ സംഭവം വ്യക്തമാക്കിയത്. ഉന്നാവോയിൽ ബി ജെ പി നേതാവിന്റെ  ബലാല്സംഗത്തിന്നിരയായ ഒരു പെൺകുട്ടിയുടെ പിതാവ് പരാതിപ്പെട്ടതിനും,  നടപടിയാവശ്യപ്പെട്ടു സമരം ചെയ്തതിനും  പ്രതികാരം തീർക്കാൻ അയാളെ കസ്റ്റഡിയിൽ എടുത്ത ശേഷം മർദ്ദിച്ചുകൊല്ലുകയായിരുന്നു   യു പി പോലീസ് .
അതിനിടെ ജാർഖണ്ഡിലെ ഗോദ്ദാ എന്ന സ്ഥലത്ത് സിറാജുദ്ദിൻ അൻസാരി,  ,മുർതസാ അൻസാരി എന്നീപേരുകാരായ രണ്ട് മുസ്ലീം സമുദായാംഗങ്ങളെ ആൾക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തി. ഇവർ രണ്ടുപേരും പോത്തുകളെ മോഷ്ടിച്ച് കടത്തുന്ന സംഘത്തിൽപ്പെട്ടവരാണെന്നു ആരോപിക്കപ്പെട്ട ശേഷമാണ് ലിഞ്ചിങ്‌ന് ഇരകൾ ആയതു. ജാർഖണ്ഡിൽത്തന്നെ  രാംഗർ എന്ന സ്ഥലത്തുവെച്ചു തൗഹിദ്‌ അൻസാരി എന്ന് പേരുള്ള മുസ്ളീമിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയത് അയാൾ മാട്ടിറച്ചി കൈവശം വെച്ച് യാത്ര ചെയ്തു എന്നാരോപിച്ചായിരുന്നു. ഈ സംഭവങ്ങളിലെല്ലാം ഇരകൾക്കെതിരെ പശു ക്കടത്ത് പോലുള്ള കേസുകൾ കെട്ടിച്ചമയ്ക്കാനും ജാർഖണ്ഡ് പോലീസിനു് ഒരു മടിയും, ഉണ്ടായിരുന്നില്ല.

മോദി ഭരിക്കുന്ന ഇന്ത്യയിൽ വർഗ്ഗീയ ഹിംസയുമായി അഴിഞ്ഞാടുന്ന ആൾക്കൂട്ടങ്ങൾക്ക് രാഷ്ട്രീയ പിന്തുണയും പ്രോത്സാഹനവും ലഭിച്ചുവരുന്നതിനു തെളിവാണ് ഇത്തരം സംഭവങ്ങളിൽ  അടിക്കടിയുണ്ടാകുന്ന ബി ജെ പി നേതാക്കളുടെ പ്രതികരണങ്ങൾ. ഗോദ്ദാ ആൾക്കൂട്ട കൊലപാതകത്തിൽ പ്രതികളായ നാലു പേരുടെ കേസ് നടത്തിപ്പിന്റെ  എല്ലാ ചെലവുകളും  വഹിക്കും എന്ന് ബി ജെ പി എം പി നിശികാന്ത് ദുബേ പ്രഖ്യാപിച്ചത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മുസഫർനഗർ ഹിംസയിലും ബലാൽസംഗ ക്കേസുകളിലും പ്രതികളായവരെ  ബി ജെ പി യിലെ കേന്ദ്ര മന്ത്രിമാർ മുതൽ എം പി മാരും  എം എൽ എ  മാരും വരെയുള്ളവർ  പരസ്യമായി പിന്തുണച്ചിരുന്നു. ദാദ്രിയിൽ ആക്കൂട്ടക്കൊലയിൽ  പ്രതിയായിരുന്ന ഒരു വ്യക്തി മരണപ്പെട്ടപ്പോൾ മോദി മന്ത്രിസഭയിൽ അംഗമായ ഒരു ബി ജെ പി നേതാവ് മൃത ശരീരത്തിൽ ത്രിവർണ്ണ പതാക പുതപ്പിച്ച് അയാളെ ആദരിച്ചത് മറക്കാറായിട്ടില്ല.   മുസ്‍ലീം സമുദായത്തിൽപ്പെട്ട   ഒരു വ്യക്തിയെ തീവെച്ചു കൊല്ലുകയും സംഭവത്തിന്റെ തത്സമയ വീഡിയോ  ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത  കൊലയാളിയെ പിന്തുണച്ചു സംഘപരിവാർ സംഘടനകൾ ഉദയ്‌പൂരിൽ ബന്ദ് നടത്തി .അതുപോലെ കട്വാ ബലാൽസംഗക്കൊലയിലെ പ്രതികൾക്കനുകൂലമായി മാർച്ച്  നടത്തിയതും  ബി ജെ പി  എം എൽ എ മാർ  അടക്കമുള്ളവരായിരുന്നു.

ആൾക്കൂട്ടക്കൊലകൾക്ക്  ഇരകളായവർ അധികവും മുസ്ലിങ്ങളും ദലിത് സമുദായാംഗങ്ങളുമാണ്. സോഷ്യൽ മീഡിയയിൽ മാത്രമല്ലാ ,ഏറെ പ്രചാരമുള്ള വർത്തമാനപത്രങ്ങളിലും ടി വി ചാനലുകളിലും വ്യാജ വാർത്തകളും  വിദ്വേഷപ്രചാരണങ്ങളും ആസൂത്രിതമായി കൊണ്ടുനടത്താനുള്ള വൻ സന്നാഹങ്ങൾ  ഈ  കൊലപാതകങ്ങൾക്ക് പിന്നിൽ വർത്തിക്കുന്നുണ്ട്. ആവർത്തിക്കപ്പെടുന്ന വിദ്വേഷ കുറ്റകൃത്യങ്ങളുടെ തോത് കൂടിവരുന്ന ഒരു പശ്ചാത്തലം ആണ് അവ സൃഷ്ടിക്കുന്നത്. 
  രാജ്യത്തിന്റെ പല ഭാഗങ്ങളിലും"കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു" എന്ന വ്യാജ സന്ദേശങ്ങൾ   പ്രചരിപ്പിക്കപ്പെടുന്നതിനു പിന്നാലെ നടക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ  വിദ്വേഷക്കുറ്റകൃത്യങ്ങളുടെ വ്യത്യസ്തമായ  മറ്റൊരു മണ്ഡലം സൃഷ്ടിച്ചിരിക്കുന്നു. 

 പശു രക്ഷയുടെ പേരിൽ കൊലയാളിസംഘങ്ങൾ അഴിഞ്ഞാടുന്ന  സമയത്ത് 2016 ൽ ഏറെ വൈകി ഒരു പ്രസ്താവനയുമായി രംഗത്തുവന്നപ്പോഴും മോദി "യഥാർത്ഥ പശുരക്ഷകരെ"യും "വ്യാജ പശുരക്ഷകരെ"യും തമ്മിൽ വേർതിരിച്ചുകാണാൻ ആവശ്യപ്പെട്ടു. ബി ജെ പി യുടെ നേതാക്കളും തെരഞ്ഞെടുത്ത ജന പ്രതിനിധികളും  "വ്യാജ പശുരക്ഷകരെ"ന്ന് മോദി വിവക്ഷിച്ച വരുടെ രക്ഷയ്ക്ക് മിക്കപ്പോഴും എത്തുന്നത് കാണുമ്പോൾ  മേൽപ്പറഞ്ഞ വേർതിരിവ്  എത്രമാത്രം അർഥശൂന്യമാണെന്ന് ബോധ്യപ്പെടും.
2019 ൽ ഇന്ത്യ വീണ്ടും ഒരു പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ മോദി സർക്കാരും വിവിധ സംസ്ഥാനങ്ങളിലെ ബി ജെ പി സർക്കാരുകളും സമ്പൂർണ്ണ പരാജയം ആണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഓരോ രംഗത്തും തികഞ്ഞ  ജനദ്രോഹവും വഞ്ചനയും  അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന  ഈ സന്ദർഭത്തിൽ ബി ജെ പി യും ആർ എസ് എസ്സും കഠിനമായി യത്‌ നിക്കുന്നത് വർധിച്ചുവരുന്ന ജനകീയ അസംതൃപ്തിയെ ഗതി തിരിച്ചു വിടുംവിധം ഭീമമായ അളവിൽ വർഗീയ ധ്രുവീകരണവും ഹിംസയും  ഉൽപ്പാദിപ്പിക്കാനും അതുവഴി അധികാരത്തിൽ എങ്ങനെയും കടിച്ചുതൂങ്ങാനും ആണ്.  മേൽപ്പറഞ്ഞ ദുഷ്ടലാക്ക് ജനങ്ങൾക്ക് മുന്നിൽ പൂർണ്ണമായും തുറന്നുകാട്ടാനും ,  കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ, വിദ്യാർഥികൾ , യുവാക്കൾ, ദലിതർ ഇനീ വിഭാഗങ്ങൾ ഓരോന്നും നടത്തിവരുന്ന ശക്തമായ പ്രക്ഷോഭങ്ങളിലൂടെ സർക്കാരിനെക്കൊണ്ട് ഉത്തരം പറയിപ്പിക്കാനും  സാധിക്കുമ്പോൾ  മാത്രമേ  മേൽ സൂചിപ്പിച്ച സാമൂഹ്യ ദുഃസ്ഥിതിക്ക്‌  ഇനി പരിഹാരാമുള്ളൂ. ഓരോ ഗ്രാമത്തിലും നഗരത്തിലും ഉള്ള ഇന്ത്യക്കാർ ലിഞ്ച് മോബുകൾക്കെതിരെ സംഘടിതരായി രംഗത്ത് വരണം; വിദ്വേഷം പരത്തുന്ന അഭ്യൂഹങ്ങൾക്കെതിരെയും   വർഗീയ ശക്തികൾ സൃഷ്ടിക്കുന്ന ധ്രുവീകരണം തടയുന്നതിനുവേണ്ടിയും   അവർ പരസ്പരം ജാഗരൂകത വളർത്തിയെടുക്കണം; വിദ്വേഷപ്രചാരണത്തെയും വർഗ്ഗീയ ഹിംസയെയും തടുത്തു നിർത്താൻ അവരെ പ്രാപ്തരാക്കും വിധത്തിൽ യുവജനങ്ങൾക്ക്‌ പരിശീലനം നൽകണം.