Tuesday, 31 July 2018

ആസ്സാമിൽ ഇന്ത്യൻ പൗരത്വവകാശമുള്ളവരുടെ കരട് രജിസ്റ്റർ അഥവാ എൻ ആർ സി (നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് ) പ്രസിദ്ധീകരിച്ച നടപടിയ്‌ക്കെതിരെ  സി പി ഐ (എം എൽ ) പുറപ്പെടുവിച്ച പ്രസ്താവന യുടെ പൂർണ്ണ രൂപം
എൻ ആർ സി യിലൂടെ ബി ജെ പി നടപ്പാക്കാനുദ്ദേശിക്കുന്ന വിഭാഗീയതയുടെ അജണ്ടയെ ചെറുത്തു് തോൽപ്പിക്കുക


ആസ്സാമിൽ ഇന്ത്യൻ പൗരത്വവകാശമുള്ളവരുടെ കരട് രജിസ്റ്റർ അഥവാ എൻ ആർ സി (നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് ) ജൂൺ 30 ന് പ്രസിദ്ധീകരിക്കും എന്ന് ആദ്യം അറിയിച്ച ശേഷം ഒരു മാസത്തിനു ശേഷം ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ് .ഇങ്ങനെയൊരു കരട്‌  എൻ ആർ സി പ്രസിദ്ധീകരിച്ച സർക്കാർ നടപടി   അസ്വാസ്ഥ്യ ജനകമായ നിരവധി ചോദ്യങ്ങളാണ് മുന്നോട്ടുകൊണ്ടുവരുന്നത്.  എൻ ആർ സി യിൽ പേരുകൾ വരുത്താൻ സമർപ്പിക്കപ്പെട്ട
3 .29 കോടി അപേക്ഷകളിൽനിന്നും 2 .89 കോടി മാത്രം സ്വീകരിക്കപ്പെട്ടപ്പോൾ പൗരത്വ മുള്ളവരുടെ കരട് ലിസ്റ്റിൽനിന്നും പുറത്തായത്  നാൽപ്പത് ലക്ഷത്തി ഏഴായിരം പേരാണ് ! എൻ ആർ സി വെറും ഒരു കരട് ലിസ്റ്റ് മാത്രമാണെന്നും , അതിലെ തകരാറുകൾ തിരുത്താൻ ഇനിയും അപേക്ഷ സമർപ്പിക്കാൻ സംവിധാനമുണ്ടെന്നും, ഈ കരട് ലിസ്റ്റിനെ പേരിൽ ഒരാളെയും രാജ്യത്തുനിന്ന്  പുറത്താക്കുകയോ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കുകയോ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വക്താക്കൾ വിശദീകരിക്കുന്നുണ്ട്.  എന്നാൽ ,മതിയായ തെളിവുകളോടെ പ്രസ്തുത ലിസ്റ്റ് തിരുത്താനുള്ള അപേക്ഷകൾ  സമർപ്പിക്കാൻ അനുവദിച്ചിരിക്കുന്ന സമയം ആഗസ്ത് 30 മുതൽ സെപ്റ്റംബർ 28 വരെയുള്ള ചുരുങ്ങിയ കാലമാണ്. 2018  ഡിസംബർ 31 ആണ് അന്തിമമായ എൻ ആർ സി പ്രസിദ്ധീകരിക്കുന്നതിനുള്ള തീയ്യതിയായി സർക്കാർ നിശ്ചയിച്ചിട്ടുള്ളത്.  ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ തിരക്കും അവഗണനാ പൂർണ്ണമായ മനോഭാവവും ,അതിനും പുറമേ , ഡീറ്റെൻഷൻ ക്യാമ്പുകളിൽ ഇപ്പോൾത്തന്നെ നിലനിൽക്കുന്ന ഭയാനകമായ സ്ഥിതിവിശേഷവും കണക്കിലെടുത്താൽ , നാൽപ്പതു ലക്ഷം മനുഷ്യർ ഇന്ന് നേരിടുന്ന ആശങ്കകൾ ദൂരീകരിക്കാൻ സർക്കാരുകൾ നൽകുന്ന പൊള്ളയായ ഉറപ്പുകൾക്ക് എത്രകണ്ട് കഴിയുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ.  

"നിയമവിരുദ്ധ  കുടിയേറ്റക്കാർ" അല്ലെങ്കിൽ "വിദേശികൾ" എന്ന നിലയിൽ ഇന്ത്യൻ പൗരത്വം നിഷേധിക്കാതിരിക്കാനുള്ള ഒരു മാനദണ്ഡം എന്ന നിലക്ക് 1971 മാർച്ച് 24 ന് മുൻപു വന്ന കുടിയേറ്റക്കാരുടെ പൗരത്വത്തിനുള്ള അപേക്ഷകൾ പരിഗണിക്കണമെന്ന ഒരു വീക്ഷണമാണ് നേരത്തെ   ആസ്സാം ഉടമ്പടി മുന്നോട്ടുവെച്ചിരുന്നത്. ആസ്സാമിൽ അധികാരത്തിലിരുന്ന മുൻ കോൺഗ്രസ് സർക്കാർ ആസ്സാം ഉടമ്പടി പ്രവർത്തികമാക്കുന്നതിലേക്ക് മുന്നോട്ടുള്ള ഒരു കാൽവെപ്പ്  എന്ന നിലയിലാണ് കാലികമായി പുതുക്കിയതും അന്തിമവുമായ  ഒരു എൻ ആർ സി  തയ്യാറാക്കുന്ന നടപടിക്രമങ്ങൾ ആരംഭിച്ചത്. 1951 ലെ എൻ ആർ സിയും തുടർന്ന് 1971 വരെ തയ്യാറാക്കപ്പെട്ട വോട്ടർ പട്ടികയും ആണ് പുതുക്കിയ എൻ ആർ സിയുടെ മാനദണ്ഡം ആവേണ്ടിയിരുന്നത്. എന്നാൽ അനുഭവങ്ങൾ കാണിക്കുന്നത് വോട്ടർ പട്ടികയിൽ ആളുകളെ പുതുതായി ചേർക്കുന്നതിനേക്കാൾ ഏറെയായി പുറംതള്ളുന്നതിനാണ് ഇപ്പോഴത്തെ എൻ ആർ സി  രൂപീകരണപ്രക്രിയയിൽ കൂടുതൽ പ്രാധാന്യം നല്കപ്പെട്ടിരിക്കുന്നതെന്നാണ്.  1951 നു ശേഷം പുതിയ സംസ്ഥാനങ്ങൾ രൂപീകൃതമായപ്പോൾ ആസ്സാമിന്റെ ഭൂപടം മാറിയതും, തുടർന്നുള്ള വർഷങ്ങളിൽ ആഭ്യന്തരമായ കുടിയേറ്റങ്ങൾ 
ഏറെ ഉണ്ടായപ്പോൾ തൽസംബന്ധമായ രേഖകൾ ഏറെക്കുറെ അപൂർണ്ണമായിരിക്കുന്ന അവസ്ഥയും കണക്കിലെടുത്താൽ എൻ ആർ സി യുമായി ബന്ധപ്പെട്ട് അധികൃതരിൽനിന്നു ഉണ്ടാകുന്ന ഏതു  നടപടിയും വിശേഷിച്ചും തൊഴിലെടുത്തു ജീവിക്കുന്ന ദുർബ്ബലവിഭാഗങ്ങൾക്ക് അരക്ഷിതാവസ്ഥയാണ് സമ്മാനിക്കുന്നത്. പഞ്ചായത്തുകൾ നൽകുന്ന വിവാഹ സർട്ടിഫിക്കറ്റുകൾ എൻ ആർ സി അധികൃതർ സ്വീകരിക്കാതിരിക്കുന്നതുമൂലം വിവാഹാനന്തരം  ഗ്രാമീണ മേഖലകളിൽനിന്നു  ആസ്സാമി ലെത്തുന്ന  സ്ത്രീകളായ കുടിയേറ്റക്കാർക്ക്  എൻ ആർ സിയിൽ ഇടം നിഷേധിക്കപ്പെടുന്നു. പ്രത്യേക കുടുംബാംഗങ്ങൾ വ്യക്തികൾ എന്ന നിലക്ക് എൻ ആർ സി കരട് ലിസ്റ്റിൽ ഒഴിവാക്കപ്പെടുന്നതിനാൽ അനവധി കുടുംബങ്ങൾ തന്നെ എൻ ആർ സി മൂലം വിഭജിക്കപ്പെടുന്ന അവസ്ഥയാണ്  ഉണ്ടായിരിക്കുന്നത്.  ഇന്ത്യൻ പാസ്‌പോർട്ടും മറ്റു തിരിച്ചറിയൽ രേഖകളും ഉള്ള ആളുകൾ പോലും എൻ ആർ സി കരട് ലിസ്റ്റിൽപ്പെടാത്ത ഒരു സാഹചര്യം ഇപ്പോൾ ഉണ്ടായിരിക്കുന്നു.  

ആസ്സാം ജനതയിൽ ഗണ്യമായ വിഭാഗങ്ങളെ ഭീതിയിലും അരക്ഷിതബോധത്തിലും ആഴ്ത്തിയ ഒരേയൊരു സംഗതി എൻ ആർ സി അല്ല. കഴിഞ്ഞ രണ്ടു ദശകങ്ങളിൽ വോട്ടർമാരിൽ കുറേയേറെ പേർ "ഡി വോട്ടർമാർ" (സംശയാസ്പദമായ നിലയിൽ 
വോട്ടർ പട്ടികയിൽ സ്ഥാനം പിടിച്ചവർ )ആയി പരിഗണിക്കപ്പെട്ടുവരുന്നു. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥർ അവരുടെ പേരുകൾക്കെതിരെ രേഖപ്പെടുത്തിയ പ്രതികൂലമായ റിമാർക്കുകൾ അടിസ്ഥാനമാക്കിയാണ്  "ഡി വോട്ടർമാർ" എന്ന വിഭാഗം സൃഷ്ടിക്കപ്പെട്ടത്. അത്തരത്തിൽപ്പെട്ട ആയിരക്കണക്കിനാളുകൾ ആസ്സാമിലെ ജെയിലുകളിൽ ഒരുക്കിയ ഡീറ്റെൻഷൻ സെന്ററുകളിൽ ഇന്നും കഴിയുന്നു. വെറും വോട്ടവകാശം മാത്രമല്ല, അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ പോലും അവർക്കു നിഷേധിക്കപ്പെട്ടിരിക്കുകയാണ് .ഇപ്പോൾ എൻ ആർ സി കരടിൽ പേരില്ലാത്തവരെ ഡീറ്റെൻഷൻ സെന്ററുകളിലേക്ക് അയക്കാനുദ്ദേശിക്കുന്നില്ലെന്നു സർക്കാർ പറയുമ്പോഴും , പുതുതായി ഡീറ്റെൻഷൻ ക്യാമ്പുകൾ ആരംഭിക്കാൻ മോദി സർക്കാർ 46 കോടി രൂപ അനുവദിച്ചുവെന്നും ഗോൽപാരയിൽ 3000 പേരെ പാർപ്പിക്കാനുള്ള ഒരു ക്യാമ്പ്  അക്കൂട്ടത്തിൽപ്പെടുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. "ഡി വോട്ടർമാർ" അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചു ആസ്സാമിലെ മാധ്യമങ്ങളും ദേശീയ വാർത്താമാധ്യമങ്ങളും അധികമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും , അതിന്റെ  സത്യാവസ്ഥ അധികം കാലം മൂടിവെയ്ക്കാൻ കഴിയില്ല. പുതുതായി പുറംതള്ളപ്പെടുന്ന നാൽപ്പത് ലക്ഷം പേരുടെ ഗതിയും അതുതന്നെയാവുകയില്ലേ എന്ന ആശങ്കയാണ് ഇപ്പോഴുള്ളത്. ഇപ്പോൾ എൻ ആർ സി സംബന്ധിച്ചു നടക്കുന്ന ചർച്ചകൾ ഏറെയും എൻ ആർ സി പ്രക്രിയയിലെ സാങ്കേതികമായ പിഴവുകൾ മൂലം വന്ന ഒഴിവാക്കലുകൾ പരിഹരിച്ച് ഫൈനൽ ലിസ്റ്റ് വേഗത്തിൽ ഉണ്ടാക്കുന്നത് സംബന്ധിച്ചാണ്.  എന്നാൽ   ഒരു പൊതു ചർച്ചയിലും കാര്യമായി ഇതേവരെ പൊന്തിവന്നിട്ടില്ലാത്ത 
മറ്റൊരു പ്രശ്നം അതീവ ഗുരുതരമാണ്.  പൗരത്വപദവിയില്ലാതെ "രാജ്യമില്ലാത്തവരായി"അനേകായിരങ്ങൾ ആസ്സാമിൽ ഉണ്ടാകുമ്പോൾ അത് സംസ്ഥാനത്തും ഇന്ത്യയൊട്ടുക്കും സൃഷ്ട്ടിക്കുന്ന വലിയ സാമൂഹ്യ പ്രശ്‌നത്തെ എങ്ങിനെയാണ് അഭിമുഖീകരിക്കാൻ പോകുന്നത് എന്നതാണ് അത്. 
ആസ്സാമിൽ അത്യന്തം ആപൽക്കരമായ ഒരു കളിയാണ് ബി ജെ പി കളിക്കുന്നത്. പാസ്പോർട്ട് പ്രവേശന നിബന്ധനകൾ ഭേദഗതി ചെയ്യുന്നതും , പൗരത്വ  നിയമ ഭേദഗതി ബിൽ കൊണ്ടുവരുന്നതും വഴിയായി ആസ്സാം ഉടമ്പടിയെ ഫലത്തിൽ നിർവീര്യമാക്കാനും, പൗരത്വവും കുടിയേറ്റവും സംബന്ധിച്ച പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് വർഗ്ഗീയതയുടെ ഒരു ചട്ടക്കൂട്  അടിസ്ഥാനപ്രമാണമാക്കാനും ആണ് ബി ജെ പി ശ്രമിക്കുന്നത്.  പ്രസ്തുത ചട്ടക്കൂട് അടിസ്ഥാനമാക്കുന്നതോടെ മുസ്ലീങ്ങൾ പുറന്തള്ളപ്പെടുകയും കടുത്ത വിവേചനങ്ങൾക്കിരയാവുകയും ചെയ്യും. പൗരത്വ നിയമ ഭേദഗതി ബില്ലിനെ ആസ്സാമും ത്രിപുരയും കടുത്ത എതിർപ്പോടെയാണ് നോക്കിക്കാണുന്നത്. ആസ്സാം  ഉടമ്പടിയുടെ അന്തസ്സത്തയെ  മാനി ക്കുന്നുവെന്നും , ആസ്സാമിൽ കുടിയേറിപ്പാർത്തിരിക്കുന്ന വിദേശികളെ കണ്ടെത്തി അവരെ  നാടുകടത്താനും മാത്രം ലക്ഷ്യമിടുന്നുവെന്നും ഉള്ള നാട്യങ്ങളോടെയാണ്  ബി ജെ പി സർക്കാർ   എൻ ആർ സി കരട് പ്രസിദ്ധീകരിച്ചത് .   പക്ഷെ, ഈ പ്രക്രിയ ആസ്സാമിനെ വിസ്ഫോടകമായ ഒരു സാമൂഹ്യാന്തരീക്ഷത്തിൽ എത്തിച്ചിരിക്കുന്നു. അനേകം ദശാബ്ദങ്ങളായി സംസ്ഥാനത്ത്  ജീവിച്ചുപോരുന്ന നാൽപ്പതു ലക്ഷമാളുകൾ രാജ്യമില്ലാത്തവരായി മാറാൻപോകുന്നു.  ഇവർ യഥാർത്ഥത്തിൽ ആരാണ് , അവരുടെ സാമൂഹ്യ മുഖഛായയും പശ്ചാത്തലവും എങ്ങിനെയുള്ളതാണ് എന്നറിയാനുള്ള ആധികാരികമായ  വിശദവിവരങ്ങൾ ഒന്നും ആരുടെ പക്കലും ഇല്ല. പക്ഷെ, ആദ്യ സൂചനകൾ അനുസരിച്ചു നമ്മൾ അറിയുന്നത് അവരിൽ ബഹുഭൂരിപക്ഷവും ബംഗാളി ഭാഷ സംസാരിക്കുന്നവരും  സ്ത്രീകളും  ആണെന്നതാണ്.  സ്വാഭാവികമായും, ഇത് ഇന്ത്യയിൽ  പശ്ചിമ ബംഗാൾ അടക്കം ഉള്ള ഇതര പ്രദേശങ്ങളിൽ ജീവിക്കുന്ന ബംഗാളി സമുദായങ്ങളെ വൈകാരികമായി പ്രക്ഷുബ് ധരാക്കിയിട്ടുണ്ട്.(അതിനിടെ, പശ്ചിമ ബംഗാളിനെ  'ബാംഗ്ളാ' എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശങ്ങൾ വന്നുകഴിഞ്ഞു.). ഇങ്ങനെയൊരു സങ്കീർണ്ണ സാഹചര്യത്തിൽ കുളമാകെ കലക്കി മീൻ പിടിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. പശ്ചിമ ബംഗാളിലെ ബി ജെ പി നേതാക്കൾ സംസ്ഥാനത്തു എൻ ആർ സി നടപ്പാക്കണമെന്ന് ആവശ്യപ്പെടുമ്പോൾ വ്യക്തമായും അവർ ഉദ്ദേശിക്കുന്നത് മുസ്‌ലിം സമുദായത്തെ "ബംഗ്ളാ ദേശിൽ നിന്നുള്ള നുഴഞ്ഞു കയറ്റക്കാരാ"യി ചിത്രീകരിക്കാൻ ആണ്.  ആർ എസ് എസ്സും ബി ജെ പിയും വർഷങ്ങളായി അത്തരം പ്രചാരണം കെട്ടഴിച്ചുവിട്ടു സാമുദായിക വിഭാഗീയതയും ധ്രുവീകരണവും ഉണ്ടാക്കാൻ നോക്കുന്നുണ്ട്.ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായ ഒരു ഘട്ടത്തിൽ  'പശു രക്ഷ' യ്ക്കും 'ലവ് ജിഹാദി'നും ശേഷം  വർഗ്ഗീയ ധ്രുവീകരണമുണ്ടാക്കാൻ സംഘ പരിവാരത്തിന്റെയും ബി ജെ പിയുടെയും മുൻകൈയിൽ വികസിപ്പിക്കപ്പെട്ട മറ്റൊരു ഉപകരണമായിരിക്കുകയാണ്  എൻ ആർ സി.

തദ്ദേശീയരായ ആസ്സാമീസ് ജനസമൂഹങ്ങൾ ന്യൂനപക്ഷമായിത്തീരുന്നത് സംബന്ധിച്ച ഉൽക്കണ്ഠകളും വികസനപരമായ പിന്നോക്കാവസ്ഥ മറികടക്കാനുള്ള ത്വരയും ചേർന്നാണ്  ആസ്സാം പ്രക്ഷോഭത്തിന്‌ വഴിയൊരുക്കിയത്. ഭിന്നിപ്പിച്ചു ഭരിക്കലിന്റെയും, വഞ്ചനയുടെയും വിദ്വേഷത്തിന്റെയും  രാഷ്ട്രീയത്തിന്റെയും പരീക്ഷണശാലയായി ആസ്സാമിനെ മാറ്റിത്തീർക്കാൻ ആണ് ബി ജെ പി പരിശ്രമിക്കുന്നത്. ആസ്സാം മുന്നോട്ടുപോകാൻ ആഗ്രഹിക്കുമ്പോൾ ,ബി ജെ പി ആസ്സാമിനെയും ഇന്ത്യയെയും വിഭജനത്തിന്റെ ദിവസങ്ങളിൽ കണ്ടതുപോലുള്ള കൊടും ദുരിതത്തിന്റെയും തീരാ വേദനകളുടെയും വിക്ഷുബ്ധ ദിനങ്ങളിലേക്ക് മടക്കി ക്കൊണ്ടുപോകാനാണ്‌ ഇന്ന് ശ്രമിക്കുന്നത്.  വിഭാഗീയതയുടെ ഈ ഗൂഢാലോചനയെ നമ്മൾ തിരസ്കരിക്കുകയും തോൽപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. തീർത്തും കുറ്റമറ്റതും നീതിപൂർണ്ണവുമായ ഒരു എൻ ആർ സി യെക്കുറിച്ചു ബി ജെ പി വെറുതെ വാചകമടിച്ചതുകൊണ്ടായില്ല; എൻ ആർ സിയുടെ ചട്ടക്കൂട് തന്നെ 
വിശാലവും ,കൂടുതൽ  ഉൾക്കൊള്ളുന്നതും ആവേണ്ടതുണ്ട്.   എൻ ആർ സി യിൽനിന്ന് ആളുകൾ പുറത്താകുന്നതിനുള്ള സാദ്ധ്യതകൾ പരമാവധി കുറയ്ക്കുന്നതോടൊപ്പം, പുറത്താക്കപ്പെടുന്നവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതും  അവരുടെ  മാന്യമായ പുനരധിവാസം ഉറപ്പുവരുത്തുന്നതുമടക്കമുള്ള നയങ്ങളുടെ വ്യക്തമായ ഒരു റോഡ് മാപ്പ് സർക്കാരിന്റെ ഭാഗത്തു തയ്യാറാവേണ്ടതുണ്ട് . പരിഹാരം ഡീറ്റെൻഷൻ ക്യാമ്പുകൾ  എന്ന  ഭയാനകമായ അവസ്ഥ അവസാനിക്കേണ്ടതുണ്ട്.  റോഹിൻഗ്യൻ പ്രതിസന്ധിയ്ക്കു പരിഹാരങ്ങൾ കണ്ടെത്താൻ ലോകമാകെ ഇന്ന് ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ , എൻ ആർ സിയുടെ പേരിൽ മറ്റൊരു സാമൂഹ്യ ദുരന്തവും മനുഷ്യത്വ പ്രതിസന്ധിയും ഉണ്ടാകാൻ അനുവദിച്ചുകൂടാ . ടിബറ്റിൽനിന്നും ഉള്ളവരടക്കമുള്ള അഭയാർഥികളുടെ അന്തസ്സ് കാത്തുകൊണ്ട്  ഭൂതകാലത്തിൽ ഇന്ത്യ അഭയം നല്കിയിട്ടുള്ളത് ഓർമിക്കുമ്പോൾ, നമ്മുടെ ജനത   സ്വന്തം രാജ്യത്ത്  വിദേശികളായിക്കഴിയാൻ വിധിക്കപ്പെടുന്ന അവസ്ഥ  ഒരിക്കലും ഉണ്ടായിക്കൂടാത്തതാണ്. 

No comments:

Post a Comment