Friday, 13 July 2018

 ലിഞ്ച് മോബുകളെ


പ്രോത്സാഹിപ്പിക്കുന്ന


 ബി ജെ പി നയം 

കൊളോണിയൽ കാലഘട്ടം മുതൽ ഇന്ത്യയിൽ എണ്ണമറ്റ കലാപങ്ങളും കൂട്ടക്കൊലകളും നടന്നിട്ടുണ്ടെന്ന് നമുക്കറിയാം ; സ്വാതന്ത്ര്യാനന്തര കാലത്തും  തുടക്കം മുതലേ ഈ നാട് നിരവധി കൂട്ടക്കൊലകൾക്കും ഭരണ കൂട ഏജൻസികൾ  നടത്തിയ നിയമബാഹ്യമായ അറുംകൊലകൾക്കും സാക്ഷിയായിട്ടുണ്ടെന്നും അറിയാവുന്ന കാര്യമാണ്. എന്നാൽ, മോദി ഭരണകാലത്ത് നമ്മൾ കണ്ടുവരുന്നതരം ലിഞ്ചിങ് അഥവാ ആൾക്കൂട്ടക്കൊലപാതകങ്ങൾ  ഈ ഭരണത്തിന്റെ മുഖമുദ്ര തന്നെയായി മാറിയിരിക്കുന്നു.  2015 മെയ് 30 ന് നാഗ്‌പൂരിൽ അബ്ദുൽ  ഗാഫർ ഖുറേഷി എന്ന ചെറുപ്പക്കാരനെ ആൾക്കൂട്ടം വളഞ്ഞു തല്ലിക്കൊന്നതായിരുന്നു മോദി പ്രധാനമന്ത്രി പദത്തിലെത്തിയശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട ലിഞ്ചിങ് പരമ്പരയിൽ  ആദ്യത്തേത്. അന്ന് തൊട്ടു ഇതെഴുതുന്നതുവരെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരപരാധികളായ  120 മനുഷ്യരാണ് ലിഞ്ചിന്  ഇരകൾ ആയത് . വേറൊരുതരത്തിൽ പറഞ്ഞാൽ, ഓരോ പത്തുദിവസം കടന്നുപോവുമ്പോഴും രാജ്യത്തെവിടെനിന്നായാലും ആൾക്കൂട്ടക്കൊല പാതകത്തിന്റെ ഒരു പുതിയ വാർത്ത റിപ്പോർട്ട് ചെയ്യപ്പെടുന്നു. 'പുത്തൻ ഇന്ത്യ'യെക്കുറിച്ചുള്ള സങ്കൽപ്പത്തിന്  മോദിഭരണത്തിന്റെ ഏറ്റവും വലിയ സംഭാവനയായത്  ലിഞ്ച് മോബ് പ്രതിഭാസം ആണ് !  
സമീപകാലത്ത് കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്നവരെക്കുറിച്ചുള്ള വാട്ട്സപ്പ് സന്ദേശങ്ങൾ പ്രചരിച്ചതിന് പിന്നാലെ നടന്ന ആൾക്കൂട്ടക്കൊലപാതകങ്ങളുടെ വെളിച്ചത്തിൽ കൂടുതൽ ജാഗ്രത പാലിക്കാൻ സർക്കാർ ആവശ്യപ്പെട്ടത് വാട്ട്സ്പ്പ് എന്ന സ്ഥാപനത്തോടായിരുന്നു. മോദി ഭരണത്തിലെ ലിഞ്ചിങ് സംഭവങ്ങൾക്കു വാട്ട്സപ്പ്  എങ്ങനെയാണ് ഉത്തരവാദിയാവുക ? ഇന്റർനെറ്റിന്റെയും സാമൂഹ്യമാധ്യമങ്ങളുടെയും കാലഘട്ടത്തിൽ ധാരാളം വ്യാജ വാർത്തകളും വിദ് വേഷം പരത്തുന്ന സന്ദേശങ്ങളും പ്രചരിപ്പിക്കാൻ വാട്ട്സപ്പ്  തീർച്ചയായും ഉപയോഗിക്കപ്പെടുന്നുണ്ട് ; പക്ഷെ, ഈ വ്യാജവാർത്തകളും വിദ്വേഷപ്രചാരണങ്ങളും കൊണ്ട് ആൾക്കൂട്ടത്തെ കൊലയാളിസംഘങ്ങൾ ആക്കുന്നത് ആരാണ്?  ഇതേപ്പറ്റി ഒരന്വേഷണം നടത്തുകയാണെങ്കിൽ വെളിപ്പെടുന്ന ഒരു വസ്തുത ഏറ്റവുമധികം  അത്തരം വ്യാജ വാർത്തകൾ നിർമ്മിക്കുന്നതിലും സന്ദേശങ്ങളും വിദ്വേഷ പ്രചാരണങ്ങൾ  നടത്തുന്നതിലും മുൻപന്തിയിൽ നിൽക്കുന്നത് ബി ജെ പിയുടെ ഐ ടി സെൽ ആണെന്നതാണ്.  മുസ്ലിങ്ങൾക്കും ദലിത് ജനവിഭാഗങ്ങൾക്കും കമ്മ്യൂണിസ്റ്റ്കാർക്കും  എതിരെ സംഘ് ബ്രിഗേഡുകൾ തുടർച്ചയായി ഉൽപ്പാദിപ്പിച്ചുവരുന്ന വെറുപ്പും സ്ത്രീകളെ സാമൂഹികമായി ഇകഴ്ത്തിക്കാട്ടാൻ അവർ നടത്തുന്ന ആശയപ്രചാരണങ്ങളും വളരെ പ്രകടമാണ്. വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനും   മുസ്ലിങ്ങളെ ആക്രമണ ലക്ഷ്യമാക്കുന്ന തരത്തിലും ആർ എസ് എസ് അജണ്ടയുടെ ഭാഗമായി പ്രചരിപ്പിക്കപ്പെടുന്ന പെരുംനുണകളും ,അവയ്ക്കു കൂടുതൽ ശക്തി പകരുമാറ്  അമേരിക്കൻ നേതൃത്വത്തിൽ ലോകവ്യാപകമായി ഉൽപാദിപ്പിക്കപ്പെടുന്ന ഇസ്ലാമോഫോബിയയുടെ ആശയമണ്ഡലവും കാണാതിരിക്കാനാവില്ല.
ലിഞ്ച് മോബുകളെ കെട്ടഴിച്ചുവിടുന്നതിലും അവർക്കു ധൈര്യം പകരുന്നതിലും ഏറ്റവും നിർണ്ണായകപ്രാധാന്യമുള്ള  ഒരു ഘടകം ബി ജെ പി യും അതിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളും കൊലയാളികളായ ആൾക്കൂട്ടങ്ങൾക്ക് നൽകിവരുന്ന പ്രോത്സാഹനമാണ്. അടുത്തയിടെ 'ലവ് ജിഹാദ്' ആരോപിച്ചു ഉത്തരാഖണ്ഡിൽ ഒരു മുസ്ലിം യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്താൻ ശ്രമിച്ചപ്പോൾ അയാളെ രക്ഷപ്പെടുത്താൻ ധീരമായി ഇടപെട്ട്   തന്റെ കർത്തവ്യം ഫലവത്തായും പ്രശംസനീയമായും നിറവേറ്റിയ ഇൻസ്‌പെക്ടർ ഗഗൻ ദീപിനെപ്പോലെയുള്ളവർ  ഇന്ന് പോലീസ് സേനയിൽ അപൂർവ്വമായ അപവാദങ്ങൾ ആണ്.  പോലീസിന്റെ  ഇക്കാലത്തെ പെരുമാറ്റത്തിന്റെ കൂടുതൽ സാർവ്വത്രികമായ മാതൃക ഹാപ്പൂരിലെ കോൺസ്റ്റബിൾമാർ ചെയ്തതുപോലെ കൊലയാളികളായ ആൾക്കൂട്ടത്തോടൊപ്പം നിൽക്കലോ അവർക്കു അകമ്പടി സേവിക്കലോ ആയിരിക്കുന്നു. ഉത്തർപ്രദേശിൽ നടന്ന ഹാപ്പൂർ ലിഞ്ചിങ് സംഭവത്തിൽ ഇരയായ കാസിം എന്ന മുസ്‍ലീം കർഷകൻറെ  മൃതശരീരം നായാടിപ്പിടിച്ച ഒരു മൃഗത്തെയെന്നപോലെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന വേട്ടക്കാരെ ആനയിക്കുന്ന പോലീസുകാരെയാണ് പുറത്തുവന്ന ചില ദൃശ്യങ്ങളിൽ നാം കണ്ടത്.  പോലീസുദ്യോഗസ്ഥർ  അവരുടെ പണി ഇങ്ങനെ ചെയ്യുമ്പോൾ, ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാരും ഭരണകക്ഷി എം എൽ എ മാരും  പരസ്യമായിത്തന്നെ കുറ്റവാളികളുടെ രക്ഷയ്ക്ക് എത്തുന്നതും കാണാം. കത്വാ ബലാൽസംഗക്കൊലപാതകസംഭവത്തിലെ  പ്രതികളെ തുണയ്ക്കാൻ   ഇതുപോലെ  അവർ എത്തിയതും, നേരത്തെ മൊഹമ്മദ് അഖ്‌ലാഖിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിലെ ഒരു പ്രതി മരണപ്പെട്ടപ്പോൾ അയാളുടെ ശവസംസ്കാരച്ചടങ്ങിൽ ഉത്തർപ്രദേശ് സാംസ്കാരികവകുപ്പ് മന്ത്രിയായ മഹേഷ് ശർമ്മ നേരിട്ട് എത്തി ആദരവ് പ്രകടിപ്പിച്ചതും ശ്രദ്ധേയമാണ്. ഹസാരിബാഗ് എം പി യും സിവിൽ വ്യോമയാന വകുപ്പു മന്ത്രിയും ആയ ജയന്ത് സിൻഹയുടെ  പ്രവൃത്തി എല്ലാറ്റിലുമേറെ നടുക്കമുളവാക്കുന്നതാണ്. രംഗറിൽ  മാംസവില്പനക്കാരനായിരുന്ന അലീമുദ്ദീൻ അൻസാരിയെ വളഞ്ഞു തല്ലിക്കൊന്നതിന് കോടതിയിൽ ശിക്ഷ വിധിക്കപ്പെട്ട ആളുകളെ പ്രസ്തുത മന്ത്രി ഒരു ചടങ്ങിൽ മാലയിട്ട് ആദരിക്കുകയുണ്ടായി. 
വലതുപക്ഷത്തിന്റെ സാമ്പത്തിക മുഖവും വർഗീയ മുഖവും തമ്മൽ പലപ്പോഴും ഉള്ളതായി സങ്കല്പിക്കപ്പെടുന്ന വേർതിരിവ് നിശ്ശേഷം മായ്ച്ചുകളയുന്ന ഒന്നാണ് ജയന്ത് സിൻഹയുടെ പരസ്യമായ പ്രകടനം. മാന്യതയുടെ പരിവേഷവും ഹാവാർഡിൽനിന്നുള്ള ഉന്നതബിരുദങ്ങളും  വർഗ്ഗീയ വാദത്തിനും  സങ്കുചിതത്വത്തിനും  ഒരുതരത്തിലുള്ള പൊരുത്തക്കേടും ഉണ്ടാക്കുന്നില്ലെന്നാണ് അത് തെളിയിക്കുന്നത്. ലിഞ്ച് സ്ക്വാഡുകളെ പാലൂട്ടിവളർത്തുന്ന പ്രക്രിയയ്ക്കിടയിൽ   ജനങ്ങളുടെ ഉപജീവനമാർഗ്ഗങ്ങൾ മുടങ്ങുന്നതോ , ഭരണഘടനയുടെയും നിയമവാഴ്ചയുടേയും കേവലമായ  ഔപചാരികതകൾ പോലും ലംഘിക്കപ്പെടുന്നതോ ഒന്നും കോർപ്പറേറ്റ് ദുരയുടെ ഉപാസകർക്ക് ഒരു പ്രശ്നമല്ല.   കോർപ്പറേറ്റ് ലാഭക്കൊതിയും വർഗ്ഗീയ വിദ്വേഷവും ഒരേ പാത്രത്തിൽ വെന്ത് ഫാസിസം  പാകപ്പെടുന്ന രീതിയിൽ ആണ് അവർ അധികാരം കൈകാര്യം ചെയ്യുന്നത്. അതിനാൽ, ഫാസിസ്റ്റുകൾ ലിഞ്ച് മോബുകളെ സഹായിക്കുന്നുവെന്നു പറഞ്ഞാൽ പോരാ,  അവരെ സാധ്യമാക്കുന്നുവെന്നു തന്നെ പറയേണ്ടിവരും!  
 വിദ്വേഷത്താൽ പ്രചോദിതരായ ലിഞ്ച് മോബുകൾക്ക് മുന്നിൽ അടിയറവു പറയുന്നതിന് പകരം  ഭരണഘടനയും നിയമവാഴ്ചയും  അടിസ്ഥാനമാക്കിയുള്ള നമ്മുടെ റിപ്പബ്ലിക്ക് തുടർന്ന് നിലനിൽക്കണമെങ്കിൽ, ലിഞ്ച് മോബുകളുടെ ശ്രുംഖലകൾ പൂർണ്ണമായും തകർത്തെറിയപ്പെടണം.  . ഇത് സാധിക്കണമെങ്കിൽ അവയിലെ കാലാൾപ്പടകളെ നേരിട്ട് എതിർത്തു തോൽപ്പിക്കുന്നതിലേറെയായി വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രത്തിലൂടെയും നുണപ്രചാരണങ്ങളിലൂടെയും   അവയ്ക്ക് രൂപം നൽകുന്ന   ബൗദ്ധിക കേന്ദ്രങ്ങളെയും, സ്വന്തം അധികാരം ഉറപ്പിച്ചുനിർത്തനായി ഭരണസംവിധാനത്തെയാകെ ദുരുപയോഗം ചെയ്തും കൊലയാളികളായ ആൾക്കൂട്ടത്തെ കയറൂരി വിടുന്ന രാഷ്ട്രീയ നേതാക്കളെയും ഭരണ നിർവ്വഹണം നടത്തുന്ന ഉദ്യോഗസ്ഥരെയും നിലക്കു നിർത്തേണ്ടതുണ്ട്. 

No comments:

Post a Comment