Thursday 5 September 2019

NRC പട്ടിക പൂർത്തിയാവുമ്പോൾ :

ഒഴിവാക്കാവുന്ന 

ബൃഹത്തായ മാനുഷിക 

പ്രതിസന്ധിക്ക് മുന്നിൽ ഇന്ത്യ 

[Editorial  ML Update weekly, Sept 03-09,2019]



 തർക്കങ്ങൾക്ക്  നിമിത്തമായ വ്യത്യസ്ത 
ചരിത്രപശ്ചാത്തലങ്ങൾ  ഉണ്ടാക്കിയ എല്ലാ  ചേരി തിരിവുകൾക്കും ഉപരിയായി അസമിലെ ജനത  പൊതുവേ  പ്രതീക്ഷിച്ചിരുന്നത്  എൻ ആർ സി പ്രക്രിയ പൂർത്തിയാവുന്നതോടെ അവരുടെ ആശങ്കകൾക്കും പൗരത്വ സംബന്ധമായ ഉൽക്കണ്ഠകൾക്കും ആത്യന്തികമായ ഒരു പരിഹാരം ഉണ്ടാവുമെന്നായിരുന്നു.  എന്നാൽ, ഒരു വിഭാഗത്തിന്റെയും ആശങ്കകൾക്ക്  പരിഹാരം കാണാതിരിക്കുകയും,  സംസ്ഥാനത്ത്  വിഭാഗീയ രാഷ്ട്രീയത്തിന്റെ ഒരു പുതിയ ഘട്ടത്തിന് തുടക്കമിടുകയുമാണ്  പൗരത്വ ലിസ്റ്റ് പൂർത്തിയാക്കി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതിലൂടെ ഉണ്ടായിരിക്കുന്നത്.  


19,06,657 പേർ NRC യിൽനിന്നും പുറത്തായി. ഈ 19 ലക്ഷം  ജനങ്ങൾ ഇനി  അനുഭവിക്കാനിരിക്കുന്നത് വ്യവസ്ഥാപിതമായ  പക്ഷപാതിത്വവും ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ ദയാവായ്പ്പിന് യാചിക്കേണ്ട ഗതികെട്ട അവസ്ഥയിലേക്ക് നയിക്കുന്ന നിയമത്തിന്റെ ഊരാക്കുരുക്കുകളും ആണ്. ഇതെല്ലാം തരണം ചെയ്താൽപ്പോലും അന്തിമമായി തങ്ങൾക്കു പൗരത്വം ലഭിക്കുമോ അതോ രാജ്യമില്ലാത്തവരായി വിധിച്ചുതള്ളപ്പെടുമോ എന്ന ഭീതി അവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. 
ഇപ്പോൾ NRC പട്ടികയിൽ ഇടം ലഭിച്ച 3,11,21,004 ആളുകളുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. സുപ്രീം കോടതിയിൽ NRC പെറ്റീഷൻ ആദ്യം കൊടുത്ത ആസാം പബ്ലിക് വർക്സ് (APW ) എന്ന സംഘടന ഇപ്പോൾ പറയുന്നത് പുറത്തുവന്ന NRC ലിസ്റ്റിൽ "നിയമവിരുദ്ധ കുടിയേറ്റക്കാർ" ഉൾപ്പെട്ടിട്ടുണ്ടെന്നും അതിനാൽ    വിശദമായ പുനഃപരിശോധന നടത്താൻ സുപ്രീം കോടതിയിൽ ഒരു പെറ്റീഷൻ കൂടി ഫയൽ ചെയ്യും എന്നും ആണ്.  ആൾ അസം സ്റ്റുഡൻറ്സ് യൂണിയനും (AASU ) 30% റീ വെരിഫിക്കേഷൻ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പെറ്റീഷൻ സമർപ്പിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുന്നു. അസം സർക്കാരിലെ ഒരു ഘടക കക്ഷിയായ അസം  ഗണ  പരിഷത് (AGP )  "നിയമവിരുദ്ധ കുടിയേറ്റക്കാരെ" പുറത്താക്കിയത് വളരെ കുറവാണെന്നു പറഞ്ഞു സുപ്രീം കോടതി യോട് NRC പട്ടിക പുനഃപരിശോധിക്കാനുള്ള ആവശ്യം ഉന്നയിക്കുകയാണ്.  
അതിനിടെ അസമിലെ ധനകാര്യ മന്ത്രിയും ബി ജെ പി നേതാവുമായ ഹിമന്ത ബിശ്വാ ശർമ സംസ്ഥാനസർക്കാർ തന്നെ സുപ്രീം കോടതിയിൽ NRC പട്ടിക പുനഃപരിശോധിക്കാനുള്ള പെറ്റീഷൻ സമർപ്പിക്കുമെന്നും, AASU ,APW ഉം അതിൽ കക്ഷി ചേരുന്നതാണ് നല്ലതെന്നും പറഞ്ഞു.  പൗരത്വ നിയമ ഭേദഗതി ബിൽ പാസ്സാക്കുന്ന മുറയ്ക്ക് എൻ ആർ സി പ്രക്രിയ ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിലേക്ക്  വ്യാപിപ്പിക്കുമ്പോൾ അസമിന്റെ     പങ്കാളിത്തമുറപ്പാക്കാൻ  കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും  ശർമ്മ പ്രസ്താവിച്ചു.     ബി ജെ പിയെ സംബന്ധിച്ചിടത്തോളം  പൗരത്വ നിയമ ഭേദഗതി ബിൽ എന്നത് എൻ ആർ സി യെ മുസ്ലീങ്ങൾക്കെതിരെ ഉപയോഗിക്കാൻ വേണ്ടി പ്രത്യേകം രൂപകല്പന നൽകി ഉണ്ടാക്കിയെടുത്ത ഒരു ആയുധമാണ്.
റീ-വെരിഫിക്കേഷൻ  എന്നുവച്ചാൽ ഇപ്പോൾ ലിസ്റ്റിൽ ഉള്ള എല്ലാവരെയും ഒരിക്കൽക്കൂടി കഠിനമായ പരീക്ഷണങ്ങൾക്ക്   നിർബന്ധിക്കലാണ്. അതിനാൽ അത്തരമൊരു നിർദ്ദേശത്തെ എതിർത്ത് തള്ളേണ്ടതാണ്. പക്ഷെ, റീ -വെരിഫിക്കേഷൻ നടക്കുന്നില്ല എന്ന് വിചാരിച്ചാലും അന്തിമ ലിസ്റ്റിൽ ഇപ്പോൾ ഉള്ളവർ  അരക്ഷിതരും വർഗ്ഗീയ വാദികളുടെ  ആക്രമണലക്ഷ്യങ്ങളും ആണ്.   ശർമ്മ സൂചിപ്പിച്ചതുപോലെ അന്തിമ ലിസ്റ്റിൽ പേര് ഉണ്ടായാലും "വിദേശികൾ എന്ന്  സംശയിക്കുന്നവരെ " ഫോറിനേഴ്സ് ട്രൈബ്യൂണലിലേക്ക് (FT )  വിടാൻ സംസ്ഥാന അതിർത്തി പൊലീസിന് ഇപ്പോഴും അധികാരമുണ്ട്.
 NRC പ്രക്രിയ യിൽ ഉടനീളം കണ്ടത് ദരിദ്രരോടുള്ള അനുഭാവ രഹിതമായ സമീപനവും പൊതുവിലുള്ള  ജനവിരുദ്ധതയും  ആയിരുന്നു. NRC നടപ്പാക്കുന്നതിന് മേൽനോട്ടം  വഹിച്ച സുപ്രീം  കോടതിയാകട്ടെ , അസം നിവാസികളുടെ ഭരണസംഘടനാപരമായ അവകാശങ്ങൾ ഉയർത്തിക്കാട്ടുന്നതിനെ   സഹായിക്കുന്നതിന് പകരം അവ  സാക്ഷാൽക്കരിക്കുന്നതിന് പുതിയ തടസ്സങ്ങൾ സൃഷ്ടിക്കും വിധം NRC യുടെ  ഉദ്ദേശ ലക്ഷ്യങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയും  ചെയ്യുകയായിരുന്നു . അങ്ങനെയൊരു നയത്തിന്റെ പരിണിത  ഫലം  ഒഴിവാക്കാൻ പറ്റുന്നതായിരുന്നില്ല .പൗരത്വത്തിനുള്ള  അർഹത അംഗീകരിച്ചുകിട്ടാനായി അധികാരികൾ ഏർപ്പാടാക്കിയ ഓട്ടമത്സരത്തിൽ ഏറ്റവും ദുർബ്ബലരും ദരിദ്രരുമായ ജനലക്ഷങ്ങൾ  തോറ്റുപോവുകയായിരുന്നു . പട്ടികയിൽ പേരില്ലാതായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപ്പേരുടെ ബന്ധുക്കൾ ലിസ്റ്റിൽ ഉണ്ട് എന്നത് തന്നെ അതിന് തെളിവാണ് .
ഒഴിവാക്കപ്പെട്ടവർക്കും , ലിസ്റ്റിൽ ഇടം ലഭിച്ചിട്ടും പൗരത്വം പിന്നെയും ചോദ്യം ചെയ്യപ്പെടുന്നവർക്കും മുന്നിൽ ഇനിയുള്ള മാർഗ്ഗം എന്ത് ? നിയമപരമായി അപ്പീലുകൾ നൽകാൻ  കഴിയുമെന്നും   അപ്പീലുകൾ തീർപ്പാവുന്നതുവരെ പൗരത്വ അവകാശങ്ങൾ  അനുവദിക്കും എന്നുമുള്ള   അവ്യക്തമായ  ചില വാഗ്ദാനങ്ങൾ സർക്കാർ നൽകുന്നുണ്ട് . അപ്പീലുകൾ സമർപ്പിക്കേണ്ട ഫോറിനേഴ്‌സ് ട്രൈബ്യൂണലുകൾ  (FT ) പരാതി സമർപ്പിക്കാൻ നിർബന്ധിതരായവരുടെ  ഭീമമായ സംഖ്യ വെച്ച് നോക്കുമ്പോൾ   എണ്ണത്തിൽ തുലോം കുറവാണ് .  120 ദിവസത്തിനുള്ളിൽ FT യിൽ പരാതി ഫയൽ ചെയ്യുന്നതിൽ എന്തെങ്കിലും കാരണങ്ങളാൽ  വീഴ്ച വന്നാൽ ഉത്തരവാദിത്തം സർക്കാരിനല്ല , പൂർണ്ണമായും ഇരകൾക്ക്  ആയിരിക്കും !  
FT യിൽ നിയമിതരായ  അഭിഭാഷകർ പ്രത്യേകിച്ച് ജുഡീഷ്യൽ ട്രെയിനിംഗ് ഒന്നും ഇല്ലാത്തവർ ആണ് .പക്ഷപാതങ്ങൾക്കും നിരുത്തരവാദപരമായ പെരുമാറ്റത്തിനും കുപ്രസിദ്ധി നേടിയവരാണവർ. "വിക്കെറ്റുകൾ പരമാവധി വീഴ്ത്താൻ" (അതായത് എണ്ണത്തിൽ  പരമാവധി ആളുകളെ പുറംതള്ളാൻ )  ഈ FT  കൾക്കിടയിൽ അനൗദ്യോഗികമായ  മത്സരം തന്നെ നടക്കുന്നതായി പരാതിയുണ്ട് . NRC ലിസ്റ്റിൽ പേരുകൾ ഉണ്ടായിട്ടും അസം ബോർഡർ പോലീസ് സംശയാസ്പദ മായി പിടികൂടുന്ന " വിദേശി "കളെ അയക്കേണ്ടത്  ഖാപ് പഞ്ചായത്തുകളേക്കാൾ ലേശം ഭേദമെന്ന് മാത്രം  പറയാവുന്ന  ഈ FT കളിലേക്കാണ്. ഏറ്റവും  ചുരുങ്ങിയ പക്ഷം  സർക്കാരിന്റെ പൂർണ്ണ ഉത്തരവാദിത്വത്തോടെ  ഓരോ വ്യക്തിക്കും നിയമപരവും സാങ്കേതികവും ആയ സഹായങ്ങളും വൈകാരികവും  ധാർമ്മികവുമായ പിന്തുണയും ലഭ്യമാക്കണം.            
'സംശയാസ്പദമായ' വോട്ടർമാർ'  (Doubtful Voters ) ആയോ  'വിദേശികൾ' ആയോ  FT കൾ കണ്ടെത്തുന്ന ആളുകളെ അനിശ്ചിതകാലം "ഡീറ്റെൻഷൻ ക്യാമ്പ്"കളിൽ പാർപ്പിക്കുകയാണ് ഇതുവരെ ചെയ്തുപോരുന്നത്. പ്രസ്തുത ക്യാമ്പുകൾ കോൺസെൻട്രേഷൻ ക്യാമ്പുകളെപ്പോലെ മനുഷ്യത്വഹീനമായ രീതിയിൽ ആണ് നടത്തപ്പെടുന്നത്.   സർക്കാർ പുതുതായി ഇത്തരം നിരവധി ക്യാമ്പുകൾ പണിതുണ്ടാക്കുകയാണെന്ന റിപോർട്ടുകൾ ഉണ്ട്. FT കളിൽനിന്നും ഡീറ്റെൻഷൻ ക്യാമ്പുകളിലേക്ക് അയക്കുന്ന ഏർപ്പാട് തന്നെ ഭരണഘടനാ വിരുദ്ധവും വലിയ അതിക്രമവും ആണ്. അതിനാൽ, നിലവിലുള്ള എല്ലാ ഡീറ്റെൻഷൻ ക്യാമ്പുകളും നിർത്തൽ ചെയ്യുകയും പുതിയവ ഉണ്ടാക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയുകയും വേണം.   
1979 ൽ അസമിൽ വിദ്യാർഥി-യുവജന സമരകാലത്ത് സി പി ഐ (എം എൽ) കേന്ദ്ര കമ്മിറ്റി വിദ്യാർഥി-യുവജനതയോട് നടത്തിയ ഒരു   ആഹ്വാനത്തിന്റെ ഉള്ളടക്കം   ഈ അവസരത്തിലും  പ്രസക്തമാണ്. ആസാം പ്രക്ഷോഭത്തിന്റെ എല്ലാ ശക്തിയും തിരിച്ചു വിടേണ്ടത് വിവേചനം മൂലം ഈ പ്രദേശം അനുഭവിക്കുന്ന അസന്തുലിതമായ വികസനത്തിന്റെയും, തൊഴിലില്ലായ്മയുടെയും പ്രശ്നങ്ങളിലേക്കാണ്. അസമിന്റെ ഭാഷാപരവും സാംസ്കാരികവുമായ തനിമ നിലനിർത്തപ്പെടേണ്ടതുണ്ട്. ഒരു വിഭാഗം ബംഗാളി വരേണ്യ ബുദ്ധിജീവികളിൽ നിന്നും സാംസ്കാരികമായ അടിച്ചമർത്തൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് കോളനിവാഴ്ചയുടെ അവശിഷ്ടമെന്ന നിലയ്ക്ക് അതിനെതിരെ സമരം ചെയ്യുന്നതിനു പകരം , ഈ രോഷം ദരിദ്രരായ  കുടിയേറ്റക്കാർക്ക്  എതിരായി തിരിച്ചു വിടുകയോ, അവരെ ശത്രുക്കൾ ആയി കാണുകയോ ചെയ്യുന്നത് വലിയ തെറ്റായിരിക്കും. അത്തരം ശത്രുതയിൽ നിന്നും മുതലെടുക്കാൻ കഴിയുന്നതും നേട്ടം ഉണ്ടാകുന്നതും സാമ്രാജ്യത്വ  ശക്തികൾക്കും തദ്ദേശീയരായ പിന്തിരിപ്പൻ ശക്തികൾക്കും  മാത്രമായിരിക്കും, അസാമീസ് ജനതയ്ക്കു അതുകൊണ്ട് ഒരു പ്രയോജനവുമില്ല.

ഇന്ന് ബി ജെ പി ഭരണ കക്ഷിയായി രാഷ്ട്രീയലാഭം ഉണ്ടാക്കാനും, അതിന്റെ ഫാസിസ്റ്റ് പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി ജനമനസ്സുകളിൽ   സംശയവും ഭയവും   ഉൽപ്പാദിപ്പിക്കാനും 
 NRC യെ ഉപയോഗിക്കുമ്പോൾ സി പി ഐ (എം എൽ ) അന്ന് ചെയ്ത   ആഹ്വാനം    കൂടുതൽ പ്രസക്തമാണ്. 
 അസമിലെ അനുഭവങ്ങൾ രാജ്യത്തിനാകെ  മുന്നറിയിപ്പ് ആയിരിക്കുകയാണ് . ദീർഘകാലമെടുത്തു തയ്യാറാക്കപ്പെട്ട അസമിലെ NRC പട്ടികയിൽ ഒട്ടേറെ "പിഴവുകൾ" സംഭവിച്ചതായി സമ്മതിക്കുമ്പോൾ പോലും ഇതേ പരിപാടി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും  നടപ്പാക്കണം എന്നാണു ബി ജെ പി
പറയുന്നത്!  മനുഷ്യത്വ പരമായ ഒരു വൻ പ്രതിസന്ധി തന്നെ അസമിൽ  സൃഷ്ടിക്കാൻ ഇടയാക്കിയ ഈ അഭ്യാസം ഇനി ഒരൊറ്റ സംസ്ഥാനത്തുപോലും ആവർത്തിക്കുന്നതിന് നീതീകരണമില്ല  എന്നാണ്  നാം പറയേണ്ടത് .
ബി ജെ പി NRC വെച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നതിലെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞു അതിനെ പരാജയപ്പെടുത്താൻ   ഈ രാജ്യത്തിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളും മുന്നോട്ടുവരണമെന്ന് അഭ്യർഥിക്കുന്നതോടൊപ്പം, അസമിലെ NRC - FT പ്രക്രിയയിലൂടെ ഇരയാക്കപ്പെട്ട ഓരോ വ്യക്തിക്കുമൊപ്പം നിരുപാധികമായി നിൽക്കാനും ഐക്യദാർഢ്യം  പുലർത്താനും  ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. 

No comments:

Post a Comment