Sunday, 19 April 2020

സി പി ഐ (എം എൽ ) സ്ഥാപിതമായതിന്റെ 51 -)0 വാർഷികമായ ഏപ്രിൽ 22, 2020 ന് അഞ്ച് പ്രതിജ്ഞകൾ


http://www.cpiml.net/liberation/2020/04/five-pledges-on-22-april-on
-the-occasion-of-the-51st-anniversary-of-the



സി പി ഐ (എം എൽ ) സ്ഥാപിതമായതിന്റെ
51 -)0 വാർഷികമായ ഏപ്രിൽ 22, 2020 ന് അഞ്ച് പ്രതിജ്ഞകൾ
1.കോവിഡ്-19 മഹാമാരിയുടെ വ്യാപനം തടയാൻ  മോദി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന രാജ്യവ്യാപക ലോക്ക്ഡൌണിനെത്തുടർന്ന് ആരോഗ്യവും ഭക്ഷണവും ഉപജീവനവുമായി ബന്ധപ്പെട്ട് ഗുരുതരമായ പ്രതിസന്ധിയാണ് ഉയർന്നുവന്നിരിക്കുന്നത് . രാജ്യത്തിലെ ദരിദ്രരും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളും പൊതുവേയും , പ്രത്യേകിച്ചും കുടിയേറ്റത്തൊഴിലാളികളും ആണ്  ഏറ്റവും ദുരിതങ്ങൾ അനുഭവിക്കുന്നത്. ഈ അവസരത്തിൽ നമ്മൾ, "ജനങ്ങളുടെ താൽപ്പര്യങ്ങൾ ആണ് പാർട്ടിയുടെ താൽപ്പര്യങ്ങൾ" എന്ന് സഖാവ് ചാരു മജൂംദാർ കാട്ടിത്തന്ന  ദിശാബോധത്തിന്റെ വിപ്ലവകരമായ അന്തസ്സത്ത പൂർണ്ണമായും ഉൾക്കൊള്ളുകയും,  ലോക്ക്ഡൌൺ മൂലം കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കൊപ്പം നിൽക്കുമെന്ന് ദൃഢമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു.
ജനങ്ങൾക്ക് ഭക്ഷണം നൽകുക, കോവിഡിനെ തോൽപ്പിക്കുക 

2. കോവിഡ് -19 മഹാമാരിയെ നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ ലോക്ക്ഡൌൺ കാലത്ത്  ജനങ്ങൾ കനത്ത ത്യാഗങ്ങൾ സഹിക്കേണ്ടിവരുമ്പോൾ ആർഎസ്എസ്സ് - ബിജെപി സംഘങ്ങൾ വിദ്വേഷവും തെറ്റിദ്ധാരണകളും പരത്തുന്ന പ്രചാരവേലയിൽ മുഴുകുകയാണ് . കോവിഡ്-19 ന്റെ പേരിൽ ചൈനാ വിരുദ്ധവും മുസ്‌ലിം വിരുദ്ധവും ആയ വ്യാജപ്രചാരണങ്ങൾ നടത്തുന്നതോടൊപ്പം  അന്ധവിശ്വാസപ്രചാരണങ്ങളും അവർ യഥേഷ്ടം നടത്തുന്നുണ്ട് . കൊറോണാ വൈറസിനെ കേന്ദ്രീകരിച്ചു നടത്തുന്ന വർഗീയ പ്രചാരണങ്ങളെ നാം ശക്തമായി അപലപിക്കുന്നു.   ആരോഗ്യ സേവനരംഗത്തു പ്രവർത്തിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്കും രോഗബാധിതരെന്നോ വാഹകരെന്നോ സങ്കൽപ്പിക്കപ്പെടുന്നവർക്കും എതിരെ അയിത്തവും സമൂഹവിലക്കും നടപ്പാക്കുന്നത്‌  ഒരുതരത്തിലും അംഗീകരിക്കാനാവില്ല . കോവിഡ്-19 വൈറസ് ബാധിച്ചവരോട് സാഹാനുഭൂതിയും,  രോഗപ്രതിരോധപ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവൃത്തികൾക്കും വേണ്ടി മുൻനിരയിൽ നിലകൊള്ളുന്ന എല്ലാവരോടും പൂർണ്ണ സഹകരണവും പുലർത്തുന്നതോടൊപ്പം യുക്തിയിലധിഷ്ഠിതവും പുരോഗമനപരവുമായ ആശയങ്ങൾകൊണ്ട് വർഗ്ഗീയ വൈറസിനെ നാം എതിർത്തു പരാജയപ്പെടുത്തും. ജനങ്ങൾക്കിടയിൽ ഐക്യദാർഢ്യം വികസിപ്പിക്കാൻ സാധ്യമായ എല്ലാ പരിശ്രമങ്ങളും നമ്മൾ നടത്തും . 
3.  ലോക്ക്ഡൌൺ മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക്  പരിഹാരം കാണാൻ  കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരിനോ, ഭൂരിപക്ഷം സംസ്ഥാനങ്ങളിലേയും  ഭരണകൂടങ്ങൾക്കോ താൽപ്പര്യമില്ലെന്നാണ് ഇപ്പോഴത്തെ പ്രതിസന്ധി തുടരുന്നതിൽനിന്നും മനസ്സിലാവുന്നത്. ദരിദ്രർക്കും കഠിനാധ്വാനം ചെയ്ത് അന്നന്നത്തെ ഉപജീവനം കണ്ടെത്തുന്നവർക്കും ഉണ്ടാകാൻ പോകുന്ന ദുരിതങ്ങൾ ഒട്ടും കണക്കിലെടുക്കാതെയാണ് ലോക്ക്ഡൌൺ പ്രഖ്യാപിച്ചത്. ജനാധിപത്യവും സൗകര്യങ്ങളും പണക്കാർക്ക് മാത്രം എന്ന നയം സ്വീകരിച്ച ഭരണകൂടം ദരിദ്രർക്ക് വേണ്ടി കരുതിവെച്ചിരിക്കുന്നത് അവരുടെ നേർക്കുള്ള അവഹേളനവും ബലപ്രയോഗവും മാത്രമാണ്.  സിപിഐ (എംഎൽ)ന്  കൂടുതൽ കരുത്തു പകരാനും ,അതിന്റെ  ബഹുജന അടിത്തറ വിശാലമാക്കാനും അതുവഴി ജനങ്ങളുടെ രാഷ്ട്രീയ അഭിലാഷങ്ങൾക്ക് കൂടുതൽ ആവിഷ്കാരവും സാഫല്യവും നൽകുന്ന ബഹുജനപ്രസ്ഥാനങ്ങൾക്ക് ഊർജ്ജം നൽകാനുമായി നമ്മുടെ എല്ലാ ശേഷിയും നാം വിനിയോഗിക്കും.        
4. മോദി സർക്കാർ അതിന്റെ ഭരണപരമായ പാളിച്ചകളും ജനവഞ്ചനയും മറച്ചുവെക്കാൻ ഒരു ഒഴിവുകഴിവ് എന്ന നിലയിൽ കോവിഡ് -19 എന്ന മഹാമാരിയെ ഉപയോഗിക്കാൻ ശ്രമിക്കുകയാണ് . അനേകം പോരാട്ടങ്ങളിലൂടെ നേടിയെടുത്ത  ജനാധിപത്യാവകാശങ്ങൾ  ജനങ്ങളിൽനിന്നു തട്ടിപ്പറിച്ചു് തൽസ്ഥാനത്തു് പോലീസ് രാജ് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ലോക്ക് ഡൗണിന്റെ മറവിൽ നടക്കുകയാണ് .കോർപ്പറേറ്റ് ലോബികളും ഫ്യൂഡൽ -വർഗ്ഗീയ -ക്രിമിനൽ സംഘങ്ങളും ജനങ്ങളെ കൊള്ളയടിക്കാനും, സമൂഹത്തിൽ തങ്ങൾക്കുള്ള ആധിപത്യം കൂടുതൽ പിടിമുറുക്കാനും ഉള്ള അവസരമായിട്ടാണ് ഇതിനെ കാണുന്നത്.   ഈ ശക്തികൾക്ക് അവരുടെ വൃത്തികെട്ട ഉദ്ദേശങ്ങൾ നടപ്പാക്കുന്നതിന്  ലോക്ക്ഡൌൺ ഒരു മറയാക്കാൻ നാം അനുവദിക്കുകയില്ല.  ലഭ്യമായ സൂചനകൾ വെച്ചുനോക്കിയാൽ കോവിഡ് -19 മഹാമാരി ഇന്ത്യയെ സാമ്പത്തികപ്രതിസന്ധിയുടെ കൂടുതൽ ആഴമേറിയ ചുഴികളിലേക്കു എടുത്തെറിയാൻ പോകുകയാണ്. എന്നാൽ,സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവൻ ഭാരവും ജനങ്ങളുടെ ചുമലിൽ കെട്ടിവെക്കാൻ ആണ് മോദി സർക്കാർ തുനിയുന്നത്  . നമ്മുടെ എല്ലാ ശക്തിയും സമാഹരിച്ചു് ഇതിനെ ചോദ്യം ചെയ്യാനും സർക്കാരിനെക്കൊണ്ട് ഉത്തരം പറയിപ്പിക്കാനും നമ്മൾ തയ്യാറാണ്.  ഓരോ പൗരന്നും സൗജന്യവും ഉയർന്ന നിലവാരത്തിലുള്ളതുമായ ആരോഗ്യ ശുശ്രൂഷ ലഭ്യമാവുന്നതും,   കൂടുതൽ സമഭാവനയുള്ളതുമായ ഒരു രാജ്യമായിട്ടായിരിക്കണം കോവിഡ് -19 പ്രതിസന്ധിയിൽനിന്നും ഇന്ത്യ പുറത്തു കടക്കുന്നത് എന്ന് നമ്മൾ വിഭാവന ചെയ്യുകയും അത്തരം  ഒരു സ്ഥിതി ഉറപ്പുവരുത്തുന്നതിനുവേണ്ടി സമരം ചെയ്യുകയും ചെയ്യും. 
5.  ആഗോളമുതലാളിത്തം നിലനിൽക്കുന്നത് എത്രമാത്രം ദുർബ്ബലവും അനാരോഗ്യകരവും ആയ അസ്തിവാരങ്ങളിൽ  ആണെന്നതും തുറന്നുകാട്ടാൻ കോവിഡ് -19 മഹാമാരിക്കു കഴിഞ്ഞു.  അമേരിക്കയ്ക്ക് സ്വന്തം പൗരന്മാരുടെ രക്ഷപോലും ഉറപ്പാക്കാൻ കഴിയുന്നില്ല. അതേ സമയം, ലോകാരോഗ്യ സംഘടന യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കോവിഡ് -19  പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ അമേരിക്ക ആക്രമണങ്ങൾ അഴിച്ചുവിടുകയും , ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കുകയും, വെന്റിലേറ്റർ കമ്പനികൾ  ക്യൂബ, വെനിസ്വേല എന്നീ രാജ്യങ്ങൾക്ക് വിൽക്കുന്നത് തടഞ്ഞുകൊണ്ട് ലോകവ്യാപകമായ ഒരു മഹാമാരിയെ ആയുധവൽക്കരിക്കുകയാണ് യു എസ് ചെയ്യുന്നത്. കോവിഡ് -19  ന്റെ ഇരകളിൽ ഏറിയകൂറും വികസിത  മുതലാളിത്ത ലോകത്തെ മനുഷ്യർ  ആണ്. തീർച്ചയായും ഇവിടങ്ങളിലും ദുരിതങ്ങൾക്ക് ഏറെയും  ഇരകളാവുന്നത് മർദ്ദിതരും പാർശ്വവൽകൃതരും ആയ ജനവിഭാഗങ്ങൾ ആണ് . മുതലാളിത്ത ആരോഗ്യസേവനമേഖലയും ആരോഗ്യനയങ്ങളും ആരോഗ്യത്തെ കാണുന്നത് മനുഷ്യരുടെ അവകാശമായിട്ടല്ല ,ലാഭം ഉണ്ടാക്കാൻ വേണ്ടിയുള്ള ഒരു ബിസിനസ്സ് എന്ന നിലക്കോ കമ്പോളത്തിൽ വാങ്ങാനും വിൽക്കാനും കഴിയുന്ന ചരക്കു എന്ന നിലക്കോ ആണ്.   അതുകൊണ്ടു തന്നെ ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതിൽ അവ തുടർച്ചയായി പരാജയപ്പെടുന്നു. ക്യൂബയിലായാലും, ഇന്ത്യയ്ക്കുള്ളിൽത്തന്നെ കേരളം പോലെയുള്ള ഒരു സംസ്ഥാനത്തായാലും , ഇതിന് അപവാദമായി ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങളുടെ പരിഹാരങ്ങൾക്കു കേന്ദ്രപ്രധാന്യം നൽകുന്ന സമീപനങ്ങൾ ഉണ്ടെന്നു കാണാം. വിനാശകാരിയായ മുതലാളിത്ത വ്യവസ്ഥയെ മറികടക്കാനും സമത്വത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു സോഷ്യലിസ്ററ്  നിർമ്മിതിക്കായി തൊഴിലാളിവർഗ്ഗത്തിന്റെയും പാരിസ്ഥിതിക നിലനില്പിന്റെയും താൽപ്പര്യങ്ങളെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചും മുന്നോട്ട് മാർച് ചെയ്യാൻ നമ്മൾ പ്രതിജ്ഞ എടുക്കുന്നു. 

Long live CPI(ML)!
Red Salute to all our departed leaders and great martyrs.
Inquilab Zindabad.
-- CPI(ML) Central Committee

No comments:

Post a Comment