Sunday, 12 April 2020

#മുതലാളിത്തം ജീവിതം സ്വകാര്യവത്കരിക്കാൻ ആഗ്രഹിച്ചു. ഇപ്പോൾ അത് മരണത്തെ സാമൂഹ്യവൽക്കരിക്കാൻ ആഗ്രഹിക്കുന്നു.#

മുതലാളിത്തം ജീവിതം സ്വകാര്യവത്കരിക്കാൻ ആഗ്രഹിച്ചു. ഇപ്പോൾ അത് മരണത്തെ സാമൂഹ്യവൽക്കരിക്കാൻ ആഗ്രഹിക്കുന്നു.
- എൻ. സായ് ബാലാജി 2020 മാർച്ച് 24
ഹാമാരി എത്തിയിരിക്കുന്നു. പുസ്തകങ്ങളിൽ മാത്രം വായിക്കുന്നതും കഥകളായി വിവരിക്കുന്നതും ഭീഷണിയായി മുന്നറിയിപ്പ് നൽകുന്നതുമായ ഒരു കാര്യത്തിന് ലോകം സാക്ഷ്യം വഹിക്കുന്നു. എന്നിട്ടും, നമ്മൾ തീരെ തയ്യാറായിരുന്നില്ല എന്ന് പറയാനാവില്ലെങ്കിലും, വേണ്ടത്ര തയ്യാറായിരുന്നില്ല.
COVID-19 അതിർത്തികൾ മറികടന്ന് സ്വതന്ത്ര വ്യാപാര നിയമങ്ങൾ നിരർഥകമാക്കി. സർക്കാരുകൾ ഉത്തരങ്ങൾക്കായി പരക്കം പായുകയാണ്. പരിഭ്രാന്തിയും ഭയവുമുണ്ട്. നമ്മുടെ വീടുകൾ ലോകത്തിന്റെ അതിർത്തിയായി മാറിയതോടെ ...(this is the beginning) ജീവിതം ആകെ നിലച്ചു. വേഗത കുറയ്ക്കൽ അനിവാര്യമായതോടെ, അഭിവൃദ്ധി പ്രാപിക്കാനും ജയിക്കാനുമുള്ള ഓട്ടം ഇപ്പോൾ പിന്തിരിഞ്ഞോട്ടം ആവുകയാണ് .
നമ്മൾ അവഗണിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയുടെ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാൻ ലോകം ഒടുവിൽ നിർബന്ധിതരായി. അനിവാര്യമായ ദുരിതത്തെ ഒരുവിധം സഹിക്കാവുന്ന വേദനയായും സ്വീകാര്യമായ കഷ്ടപ്പാടുകളായും മാറ്റുന്നതിനായി ഇപ്പോഴത്തെ പരിശ്രമങ്ങൾ. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കോടിക്കണക്കിന് രൂപയുടെ ഓഹരികൾ, ഹെഡ്ജ് ഫണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഭാവി സുരക്ഷിതമാക്കാൻ വേണ്ടത് എന്നിവയെല്ലാം തന്നെ വിലകെട്ട കടലാസുകളായി മാറിയിരിക്കുന്നു. സുരക്ഷിതമായ ജെറ്റുകളും യാക്ട് കളും - അന്തസ്സിന്റെയും ഉടമസ്ഥതയുടെയും പ്രതീകങ്ങൾ - വെറുതെ കിടക്കുകയാണ്; സർക്കാർ അവയെല്ലാം സംരക്ഷിക്കണമെന്ന് ഉടമസ്ഥർ ഇപ്പോൾ ആവശ്യപ്പെടുന്നു.
എന്തൊരു വിരോധാഭാസം. എല്ലാവർക്കും സൗഭാഗ്യം, സുരക്ഷിത ജീവിതം, “കഠിന പ്രയത്നത്തിന് അർഹമായ സമ്മാനം " ഇവ വാഗ്ദാനം ചെയ്ത മുതലാളിത്തം എല്ലാവരെയും പരാജയപ്പെടുത്തി. സ്വതന്ത്ര കമ്പോളം ഞങ്ങൾക്ക് തന്നത് മരിക്കാനുള്ള ഊഴം കാത്ത് ക്യൂവിൽ നിൽക്കാൻ ഉള്ള സൗകര്യം ആയിരുന്നു. ആകാശവും അമ്പിളിയും വാഗ്ദാനം ചെയ്ത കോർപ്പറേറ്റുകൾ ഇപ്പോൾ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെടുകയാണ് .
മുതലാളിത്തം ജീവിതം സ്വകാര്യവത്കരിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്, എന്നാൽ ഇപ്പോൾ മരണം സാമൂഹ്യവൽക്കരിക്കപ്പെടണമെന്ന് അത് ആഗ്രഹിക്കുന്നു.
'ഏറ്റവും ശക്തൻ', 'ധനികൻ', 'വികസിത സമ്പദ്‌വ്യവസ്ഥകൾ' എന്നിവ പ്രതിസന്ധിയെ നേരിടാനുള്ള വഴികൾക്കായി 'ദരിദ്ര'രേയും 'അവികസിത'ലോകത്തിലെ സംവിധാനങ്ങളിലേക്കും നോക്കുമെന്ന് ആരാണ് കരുതിയത്‌ ? സ്വതന്ത്ര കമ്പോളത്തിനു വേണ്ടി വാദിച്ച സർക്കാരുകളും ആൾക്കാരും ഭക്ഷണത്തിന്റെ റേഷനെക്കുറിച്ച് സംസാരിക്കുന്നു, ആരോഗ്യ പരിപാലനച്ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നു. ആരോഗ്യസംരക്ഷണത്തിന്റെ ദേശസാൽക്കരണം, സാർവ്വത്രികലഭ്യത, അവ താങ്ങാനാവുന്ന നയങ്ങൾ എന്നിവ നിരസിച്ചവരാൽ അപമാനിക്കപ്പെട്ട ആശയങ്ങൾ ആഗോള പ്രതിസന്ധിയുടെ ഒരു കാലഘട്ടത്തിലെ ഏക പരിഹാരമായി മാറും.
കമ്മ്യൂണിസത്തെ അനുകൂലിക്കുകയും പരിശീലിക്കുകയും ചെയ്തതിന് പാർശ്വവൽക്കരിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത ക്യൂബയോട് വൈദ്യസഹായത്തിനായി ഡോക്ടർമാരെ അയയ്ക്കാൻ അപേക്ഷിക്കുന്നു. സാമ്പത്തിക പുരോഗതിയുടെ വ്യത്യസ്ത മാതൃക പിന്തുടർന്ന തിന്റെ പേരിൽ ആക്ഷേപങ്ങൾക്ക് പാത്രമായ ചൈനയോട് COVID-19 നെതിരെ പോരാടുന്നതിനും സഹായത്തിനും വേണ്ടി ലോകം അഭ്യർത്ഥിക്കുകയാണ് . നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ സാർവത്രികമായിരുന്നുവെങ്കിൽ, പകർച്ചവ്യാധിയെ നിയന്ത്രിക്കാൻ കൂടുതൽ കഴിവ് നമുക്ക് ഉണ്ടായേനെ . ഉപയോഗശൂന്യമായി മാറിയ ആയുധങ്ങൾ, ടാങ്കുകൾ, യുദ്ധക്കപ്പലുകൾ എന്നിവ വാങ്ങാൻ ചെലവാക്കിയ കോടിക്കണക്കിന് ഡോളർ മാത്രം മതിയാകുമായിരുന്നു വെന്റിലേറ്ററുകൾ, ആശുപത്രികൾ, മരുന്നുകൾ, ഡോക്ടർമാർ, നഴ്‌സുമാർ, പാരാ മെഡിക്കൽ സ്റ്റാഫ്, എന്നിവയെല്ലാം ആവശ്യത്തിന് സജ്ജീകരിക്കാൻ . ജീവിതങ്ങളും സ്വപ്നങ്ങളും ഭാവിയും സുരക്ഷിത മാക്കാൻ നമുക്ക് അതുകൊണ്ട് കഴിയു മായിരുന്നു. സിയാച്ചിനിൽ നിൽക്കുന്ന സൈനികൻ പോലും ഇപ്പോൾ അണുബാധയെ ഭയപ്പെടുന്നു, മിനിമം അടിസ്ഥാന സൌകര്യ ങ്ങളോടെ ജീവൻ രക്ഷിക്കാൻ പാടുപെടുന്ന ഒരു ഡോക്ടറെയെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നാണ് ആ സൈനികർ ആശിക്കുന്നത് . യുദ്ധക്കപ്പലുകളും സൈനിക താവളങ്ങളും എല്ലാം ക്വാറന്റൈൻ മേഖലകളായി മാറുകയാണ്. സമ്പന്നരെയും ദരിദ്രനെയും ഒരുപോലെ ബാധിക്കുന്നു - എന്നാൽ എല്ലായ്പ്പോഴും എന്നപോലെ, അനുപാതമില്ലാത്ത അളവിലും കൂടുതലും ആയി ബാധിക്കുന്നത് ദരിദ്രരെയാണ്.
'ദേശീയത'യും 'രാഷ്ട്രമഹിമ'യും 'കരുത്തും' സംബന്ധിച്ച ആശയങ്ങൾ മനസ്സുകളിൽ കുത്തിനിറയ്ക്കാൻ നമ്മൾ ചെലവാക്കിയ സമയമൊക്കെയും വൃഥാവിലായിരിക്കുന്നുവെന്ന യാഥാർഥ്യം എങ്ങിനെ മറക്കാൻ കഴിയും ? .കോവിഡ് -19 നെ തോൽപ്പിക്കാൻ ശക്തിയുടെ ലക്ഷണങ്ങളായി നമ്മളെ പഠിപ്പിച്ച സൈനിക മേധാവിത്വമോ ,ട്രില്ല്യൻ കണക്കിന്‌ വെടിയുണ്ടകളോ തോക്കുകളോ, ദശലക്ഷക്കണക്കിനു പട്ടാളക്കാരോ , 'സുരക്ഷിത'മായ ദേശാതിർത്തികളോ ഒന്നുകൊണ്ടും കഴിയാതെ വന്നിരിക്കുന്നു. ആണവായുധങ്ങൾ സർവ്വതിനേയും നശിപ്പിക്കുമെന്ന് നമ്മൾ ഭയപ്പെട്ടിരുന്നുവെങ്കിലും, ഏറെ സമയം നാം ചർച്ചചെയ്ത ദേശ സുരക്ഷയുടെയും സാർവ്വദേശീയ സുരക്ഷയുടെയും വിഷയങ്ങളിൽ നിന്നല്ലാതെ ഒരു വൈറസിൽനിന്ന് ഇത്രയേറെ ഭയാനകമായ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്ന് ആരും കരുതിയില്ല.
ലോകം കഠിനമായ ഒരു പാഠം മനസ്സിലാക്കുകയാണ്, വെടിയുണ്ടകൾക്ക് വൈറസുകളെ കൊല്ലാൻ കഴിയില്ല, വാക്സിനുകൾക്കും മരുന്നുകൾക്കും ഡോക്ടർമാർക്കുമാണ് അതിനു കഴിയുക. . ജീവൻ രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ശാസ്ത്രത്തെ അവഗണിക്കുകയും, ജീവൻ അപഹരിക്കൽ ലക്ഷ്യമിട്ടുള്ള തെറ്റായതും നിരർത്ഥകവുമായ പ്രയോഗങ്ങൾ വികസിപ്പിക്കാൻ ശാസ്ത്രത്തിന്റെ വിഭവശേഷി വളരെയധികം ദുർവ്യയം ചെയ്യുകയുമാണ് നമ്മൾ ചെയ്തത്.
കൂടുതൽ‌ ആശുപത്രികൾ‌, ആരോഗ്യ സേവനങ്ങൾ, വിദഗ്ധരായ പ്രൊഫഷണലുകൾ‌, ശരിയായതും ഏ വർക്കും അഭിഗമ്യവും താങ്ങാനാവുന്നതുമായ ആരോഗ്യസംരക്ഷണ സംവിധാനം എന്നിവയ്‌ക്കായുള്ള മുറവിളികൾ ഉയർന്നുവന്നത് കൃത്യമായും നാമിന്ന് അഭിമുഖീകരിക്കുന്നതുപോലെയുള്ള കാര്യങ്ങൾ‌ മുന്നിൽ കണ്ടുകൊണ്ടാണ്. പ്രതിസന്ധി തുടങ്ങിയപ്പോഴും ജീവൻ രക്ഷിക്കുന്നതിനും COVID-19 പോലുള്ള പകർച്ചവ്യാധികൾ തടയുന്നതിനും. ആശുപത്രികൾ പണിയണമെന്നും വെന്റിലേറ്ററുകൾ കൊണ്ടുവരണമെന്നും മാസ്കുകൾ നൽകണമെന്നും ആവശ്യപ്പെട്ട് ഡോക്ടർമാർ സർക്കാരിനു മുന്നറിയിപ്പ് നൽകിയിരുന്നു.
അവർ ശാസ്ത്രം സംസാരിക്കുകയും വൈദ്യശാസ്ത്രം നമ്മെ രക്ഷിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തതുകൊണ്ട് അവരെ നാം പരാജയപ്പെടുത്തി.
അടിസ്ഥാന സൗകര്യങ്ങൾ, മെഡിക്കൽ സ്റ്റാഫ്, മെഡിക്കൽ ഉപകരണങ്ങൾ, മാസ്കുകൾ, ശമ്പളം എന്നിവയുടെ അപര്യാപ്തതകൾക്ക് നമ്മുടെ സർക്കാരുകൾക്ക് ഉത്തരവാദിത്തമുണ്ട് എന്ന് ചൂണ്ടിക്കാണിച്ചു പരിഹാരങ്ങൾ ആവശ്യപ്പെട്ടപ്പോൾ അവർ ഉദ്ദേശിച്ചത് സ്വന്തം സൗകര്യങ്ങൾ വർദ്ധിപ്പിക്കുക എന്ന അർത്ഥത്തിൽ ആയിരുന്നില്ല മറിച്ച് നമ്മുടെ ജീവനും ആരോഗ്യവും രക്ഷിക്കാൻ അവർക്ക് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി സംഭാവനകൾ നൽകാൻ അവരെ പ്രാപ്തിയുള്ളവർ ആക്കുക എന്നാണ് .
ഔഷധ നിർമ്മാണത്തിന്റെ കുത്തകാവകാശത്തിന്നായി അമേരിക്ക ഒരു ജർമ്മൻ കമ്പനിയുമായി സംഭാഷണങ്ങൾ നടത്തിയത് ആ നിലക്ക് മാത്രമല്ല അപലപനീയം ആയിരിക്കുന്നത് ; സർക്കാരുകളുടെയും സമൂഹങ്ങളുടെയും അവകാശങ്ങളും കടമകളും പുനർനിർവ്വചിക്കപ്പെടുന്ന പ്രക്രിയയിലെ ഒരു കാൽവെപ്പ് എന്ന നിലയിൽക്കൂടി അത് കാണണം. വികസിതാവസ്ഥയുടെ മകുടോദാഹരണങ്ങളിൽ ഒന്നായി കൊട്ടി ഘോഷിക്കപ്പെട്ട ആരോഗ്യ സേവനങ്ങളുടെ സ്വകാര്യവൽക്കരണം, ജീവൻ രക്ഷിക്കുന്നതിലും രോഗങ്ങൾ ഭേദമാക്കാനും ചികിത്സിച്ചു ഭേദമാക്കുന്നതിലും അമ്പേ പരാജയപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിൽ ഔഷധ വ്യവസായത്തെ അടക്കി ഭരിച്ച പേറ്റന്റ് നിയമങ്ങൾ 21-ാം നൂറ്റാണ്ടിലും ആധിപത്യം തുടരുകയാണെങ്കിലും റോയൽറ്റികൾ, ഉടമസ്ഥാവകാശം, പേറ്റന്റുകൾ എന്നിവ അപലപിക്കപ്പെടുന്നുണ്ട് . ഏവർക്കും അഭിഗമ്യതയും താങ്ങാനാവുന്ന വിലയും ഉറപ്പുവരുത്തണമെന്ന ആവശ്യമാണ് ഉയർന്നുവരുന്നത്. .
ആരോഗ്യ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി ജനങ്ങൾ ഇൻഷുറൻസിനായി ചെലവഴിച്ച കോടിക്കണക്കിന് ഡോളർ അപ്രത്യക്ഷമായി എന്ന് മാത്രമല്ല, “ കൈകൾ കഴുകുക”എന്ന തത്വം നടപ്പാക്കുന്നതിൽ ആണ് നിങ്ങളുടെ അടിസ്ഥാനപരമായ ഇൻഷുറൻസ് എന്ന വാദം പോലും ഇപ്പോൾ കേൾക്കുന്നത് അതിശയകരമല്ലേ? :
🤝🤝🤝🤝🤝
തങ്ങളുടെ നിലനിൽപ്പ് തന്നെ മറ്റുള്ളവരുടെ ആരോഗ്യത്തിലും ശുചിത്വനിഷ്ഠയിലും അധിഷ്ഠിതമാണ് എന്ന് ജനങ്ങൾ മനസ്സിലാക്കിവരികയാണ്. മുൻപ് ഉണ്ടായിട്ടില്ലാത്തവിധം പെട്ടെന്ന് ഒരു സമൂഹം എന്ന നിലയിൽ ചിന്തിക്കാനും ജീവിക്കാനും ശ്രമിക്കുകയാണ്.വാൾമാർട്ട്സ്‌ പൊതുവിതരണ സംവിധാനത്തിലെന്നപോലെ ഭക്ഷണവും അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്ന ജോലിയിൽ പങ്കാളികൾ ആവുന്നുണ്ട്.. സാധ്യമായ ഓരോ ഇടവും ക്വാറന്റൈൻ നുവേണ്ടിയോ സമ്പർക്കവിലക്കിന് വേണ്ടിയോ ഉള്ള മേഖല ആയി മാറുകയാണ്.. പ്രാർത്ഥനാ വേളകളിൽ പുരോഹിതർ വിശ്വാസികളോട് പറയുന്നത് ഡോക്ടർമാരുടെ ഉപദേശങ്ങൾ ചെവിക്കൊള്ളാനാണ്.
നമ്മുടെ കൂട്ടായ അതിജീവനത്തിന് ശാസ്ത്രം പെട്ടെന്ന് നിർണായകമായ ഒരു ഉപാധിയാകുന്നു. നമ്മൾ കീഴടക്കി ചൂഷണം ചെയ്യാൻ ശ്രമിച്ച പ്രകൃതി അതിന്റെ നിയമങ്ങൾ നമ്മളെക്കൊണ്ട് അനുസരിപ്പിക്കുകയാണ്. . .
രോഗവും മരണവും എന്തെന്ന് ഇന്ന് ശാസ്ത്രം കാട്ടിത്തരുകയാണ്. അനിവാര്യമായതിനെ നീട്ടിവെക്കാനും നമുക്ക് രോഗവിമുക്തി നൽകി സഹിക്കാൻ കഴിയുന്ന ഒരു അളവിലേക്ക് ദുരിതങ്ങൾ പരിമിതമാക്കാനും ശാസ്ത്രം സഹായിക്കുന്നു. ഈ പ്രക്രിയയിൽ ചെറുപ്പക്കാരായ നമ്മുടെ ചുമലിൽ വീഴുന്ന ഉത്തരവാദിത്തം വലുതാണ് .കാരണം നമ്മുടെ വിദ്യാഭ്യാസകാര്യത്തിൽ നഷ്ടങ്ങൾ സഹിക്കേണ്ടിവരുമ്പോൾ തന്നെ വിദ്യാഭ്യാസ വായ്പ്പകൾ നമുക്ക് തിരിച്ചടക്കാതിരിക്കാൻ പറ്റില്ല. തൊഴിലുകൾ നഷ്ടപ്പെടുന്നതും , സ്വപ്‌നങ്ങൾ പലതും പൊലിഞ്ഞുപോകുന്നതും, തൊഴിലില്ലായ്മയിൽ നട്ടം തിരിയുന്നതും , ചെയ്യുന്ന തൊഴിലുകളിൽ തുടരാൻ ആവാത്തതും ഒന്നും ഒഴിവാക്കാൻ മാർഗ്ഗമില്ല.
COVID-19 മരണത്തിന്റെയും ജീവിതത്തിന്റെയും കളിയുടെ നിയമങ്ങൾ നിശ്ചയിക്കുകയാണിപ്പോൾ ..
എങ്കിലും നമ്മൾ ചെറുപ്പക്കാർക്ക് അവസരത്തിനൊത്തു് പ്രവർത്തിച്ചേ പറ്റൂ . ഓരോ വെല്ലുവിളിയും ഭാവിയെ തിരുത്തിക്കുറിക്കാനും , വർത്തമാനത്തെ രക്ഷിച്ചുനിർത്താനും , ഭൂതകാലാം തെറ്റായിരുന്നുവെന്ന് തെളിയിക്കാനും ഉള്ള അവസരം ആണ്. എല്ലാവരെയും ഉൾക്കൊള്ളുന്നതും കൂടുതൽ മെച്ചപ്പെട്ടതുമായ ഒരു ഭാവികാലാത്തിന്നായിരിക്കണം നമ്മൾ കൂട്ടായി ആവശ്യപ്പെടേണ്ടത് . അതിൽ ആരോഗ്യസേവനവും വിദ്യാഭ്യാസവും ഓരോരുത്തരുടെയും അവകാശം ആയിരിക്കും .വർത്തമാനാവസ്ഥയോട് പൊരുതിക്കൊണ്ടേ ഭവിക്കുവേണ്ടിയുള്ള ആ യുദ്ധത്തിന് തുടക്കം കുറിക്കാനാകൂ .ഇത്തരം ഒരു പോരാട്ടത്തിലെ യഥാർത്ഥ പോരാളികൾ ഡോക്ടർമാർ , നഴ്സുമാർ , ആരോഗ്യപ്രവർത്തകർ, കമ്മ്യൂണിറ്റി പ്രൊഫഷണലുകൾ എന്നിവരും പൊതുജന സേവനത്തുറയിൽ പണിയെടുക്കുന്ന ഓരോ വ്യക്തിയും ആണ് എന്ന കാര്യം നമ്മൾ തിരിച്ചറിയുക. അവരാണ് മുഴുവൻ സമൂഹത്തിനും വേണ്ടി ഇന്ന് എഴുന്നേറ്റുനിന്ന് പ്രവർത്തിക്കുന്നത്.
ആയിരക്കണക്കിന് ബില്യൺ ഡോളറുകൾ വെട്ടിവിഴുങ്ങിയ ശേഷം ഒന്നുമറിയാത്ത ഭാവത്തിൽ പുറം തിരിഞ്ഞു നിൽക്കുന്നവരാണ് കോർപറേറ്റുകൾ എന്ന യാഥാർഥ്യം യുവജനത തിരിച്ചറിയണം.പൊതുമേഖലയും ശാസ്ത്രവും വൈദ്യശാസ്ത്രവും മാത്രമാണ് ഈ ദുരിതകാലത്തു നമുക്ക് ആശ്രയമാവുന്നത് . നമുക്ക് വേണ്ടത് ജനങ്ങൾക്കായുള്ള ശാസ്ത്രം ആണ്. അത് ജനങ്ങളിൽ നിന്ന് വരുന്നതും ജനങ്ങളിലേക്ക് എത്തുന്നതും ആവണം. എങ്കിൽ മാത്രമേ എല്ലാവർക്കും ആരോഗ്യവും വിദ്യാഭ്യാസവും നൽകുന്നതും , താങ്ങാനാവുന്ന ചെലവിൽ നേട്ടങ്ങൾ എല്ലാവരിലും എത്തുന്നതും, കൂടുതൽ മെച്ചപ്പെട്ട ഭാവി ഉറപ്പു നൽകുന്നതും ആയ സ്വഭാവം ശാസ്ത്രത്തിന് ഉണ്ടായിരിക്കൂ . എല്ലാ കുടുംബങ്ങൾക്കും അടിസ്ഥാനപരമായ മിനിമം വരുമാനവും , ദുർബ്ബലർക്ക് സാമൂഹ്യ സുരക്ഷിതത്വവും , സർക്കാരുകൾക്ക് ജനങ്ങളോട് ഉത്തരവാദിത്വവും വേണമെന്ന് ആവശ്യപ്പെട്ടാണ് യുവജനങ്ങൾ ഇന്ന് സമരങ്ങളിൽ ഏർപ്പെടുന്നത്.
ലോകം ഇത്രയേറെ പ്രതീക്ഷയോടെ യുവാക്കളിലേക്ക് ഉറ്റുനോക്കും എന്ന് ആരെങ്കിലും മുൻപ് വിചാരിച്ചിരുന്നോ ? നാം വെയ്ക്കുന്ന ചുവടുകളിലാണ് ഭാവി കുടികൊള്ളുന്നത്. നാം ഒരുമിച്ച് വേഗത അൽപ്പം കുറയ്ക്കുക. പരസ്പരം ഐക്യദാർഢ്യം പുലർത്തി ജീവിച്ചുകൊണ്ടും ആത്മപരിശോധന നടത്തിയും മുന്നോട്ടു പോകാം. പരസ്പരം സഹാനുഭൂതിയും സ്നേഹവും പുലർത്തിയും ഐക്യദാർഢ്യത്തോടെയും നമുക്ക് നിലകൊള്ളാം. .
വൈറസ് പരിശോധന എല്ലാവർക്കും സൗജന്യമായി നടത്താനും വേണ്ടിവന്നാൽ രോഗം ചികിൽസിക്കാനും സംവിധാനങ്ങൾ ഉണ്ടാകട്ടെ. അതുപോലെ , വിദ്യാർഥികൾക്കും തൊഴിൽരഹിതർക്കും ഉൾപ്പെടെ, ദരിദ്രരും പാർശ്വവൽകൃതരുമായ എല്ലാ വിഭാഗങ്ങൾക്കും ആയി ഒരു സാർവത്രിക മിനിമം വേതനം ഏർപ്പെടുത്തുക; . ചെറുകിട ഇടത്തരം ബിസിനസ്സുകളിലും സംരംഭങ്ങളിലും ഏർപ്പെടുന്നവർക്ക് നികുതിയിൽ ഇളവും ആശ്വാസവും പ്രഖ്യാപിക്കുക; അതുപോലെ, മർദ്ദിത വിഭാഗങ്ങളെ സഹായിക്കുന്ന മറ്റു പ്രത്യേക ആശ്വാസ പരിപാടികൾ ആവിഷ്കരിക്കുക.
സർക്കാർ മർദ്ദിതരുടെ ശബ്ദം കേൾക്കണമെന്നും അവർക്കുവേണ്ടി കാര്യങ്ങൾ ചെയ്യണമെന്നും നമുക്ക് ആവശ്യപ്പെടാം.
ബോംബിട്ടു ആക്രമിക്കാനും പരാജയപ്പെടുത്താനും ഇന്ന് നമുക്ക് ബാഹ്യശത്രുക്കൾ ഇല്ല.
നമുക്ക് പോരാടേണ്ടത് ഇപ്പോൾ നിലവിലുള്ള നമ്മുടെ വ്യവസ്ഥയോട് തന്നെയാണ്.
ചെറിയൊരു ന്യൂനപക്ഷത്തിന് മാത്രമല്ല, എല്ലാവർക്കും നീതിയും സമത്വവും ഉറപ്പു വരുത്തുന്ന ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് വേണ്ടിയാണ് നമ്മുടെ പരിശ്രമങ്ങൾ..
കാരണം, നാം ഒരുമിക്കുകയാണെങ്കിൽ കോവിഡ് -19 നെ പരാജയപ്പെടുത്താൻ അത്രയും സാദ്ധ്യതയേറുന്നു!
[ ലേഖകൻ ആൾ ഇൻഡ്യ സ്റ്റുഡൻറ്സ് അസോസിയേഷൻ (AISA ) യുടെ പ്രസിഡണ്ട് ആണ്. പരിഭാഷ: ഡോ:ഇ പി മോഹനൻ  ]

No comments:

Post a Comment