Saturday 11 June 2022

 
വിശ്വാസമോ യുക്തിയോ : ഹിന്ദുത്വയുടെ കോടതി വിജയങ്ങൾ ആകസ്മികമോ?

(ദ് വയർ ഓൺലൈനിൽ 06-06-2022ന് ശ്രീ. ശിവസുന്ദർ എഴുതിയ Faith or Reason: Are the Judicial Victories of Hindutva Accidental? എന്ന ലേഖനത്തിന്റെ മലയാള പരിഭാഷ)
*പരിഭാഷ - കെ. രാമചന്ദ്രൻ*


ഹിന്ദുത്വ സംഘടനകൾ പല വിഷയങ്ങളിലും സ്വീകരിച്ചുപോരുന്ന ഇരട്ടത്താപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയതൊന്നുമല്ല. എന്നാൽ, ഇപ്പോൾ ഇതേ ഇരട്ടത്താപ്പ് ഇന്ത്യൻ ജ്യുഡീഷ്യറിയും സ്വാംശീകരിച്ചതായി കാണുന്നത് പുതിയതും , അസ്വാസ്ഥ്യജനകവുമായ ഒരു സംഗതിയാണ്.   



ഹിന്ദുത്വസംഘടനകൾക്ക് അവരുടെ പ്രവൃത്തികളെയോ ചരിത്രത്തിന്മേലും ഭാവിയിന്മേലുമുള്ള അവകാശവാദങ്ങളെയോ പിന്തുണയ്ക്കാൻ ഏതെങ്കിലും സഥാപനത്തിന്റെയോ ഭരണഘടനയുടെയോ ഒന്നും ആവശ്യം ഇനിയില്ലെങ്കിൽ പോലും ശാസ്ത്രീയയുക്തിയും ഭൂരിപക്ഷവാദവും കൂട്ടിക്കുഴച്ചുകൊണ്ട് എതിർവാദങ്ങളെ കീഴ്പ്പെടുത്താൻ അവർ ശ്രമിക്കാറുണ്ട്.
മുത്തലാഖ്, ഹിജാബ് ധരിക്കൽ തുടങ്ങിയ മുസ്ലിം ആചാരങ്ങളെ പ്രാകൃതവും പിന്തിരിപ്പനുമായി അവതരിപ്പിക്കുവാൻ അവർ ശാസ്ത്രീയയുക്തി ഉപയോഗിക്കും. ആധുനികത, ജനാധിപത്യം, ലിംഗനീതി, യാഥാസ്ഥിതിക പൌരോഹിത്യത്തിൽ നിന്ന് സ്ത്രീകളെ മോചിപ്പിക്കൽ എന്നിങ്ങനെയുള്ള വാദങ്ങളും ഉയർത്തും. ഇത്തരം വാദങ്ങൾ സമർത്ഥിക്കാൻ അംബേദ്കറിനെപ്പോലെയുള്ള വ്യക്തികളെയും ആധുനികശാസ്ത്രത്തെയും ഭരണഘടനയെപ്പോലും അവർ കൂട്ടുപിടിക്കും. എന്നാൽ ഹിന്ദുക്കളുടെ ആചാരങ്ങളെക്കുറിച്ച് പറയുമ്പോൾ എന്തുകൊണ്ട് ഇതേ തത്വങ്ങൾ പ്രയോഗിക്കുന്നില്ല എന്ന് ചോദിച്ചാൽ ആ ചോദ്യം ഒഴിവാക്കുകയോ അല്ലെങ്കിൽ ‘പക്ഷപാതപര’മെന്ന് ആരോപിക്കുകയോ ആണ് പതിവ്.
യാഥാസ്ഥിതികവും ജാതിപക്ഷപാതം കലർന്നതും, വിവേചനപരവും ആൺകോയ്മയിലധിഷ്ഠിതവുമായ ഹൈന്ദവമോ ബ്രാഹ്മിണിക്കലോ ആയ പ്രവർത്തനങ്ങളെ സംരക്ഷിക്കാൻ അവർ അവലംബിക്കുന്ന രീതി യുക്തിയുടെ മേൽ വിശ്വാസത്തെ പ്രതിഷ്ഠിക്കുന്ന വാദം കൊണ്ടുവരിക എന്നതാണ്. ഭരണഘടനാപരവും നിയമപരമായവയുമുൾപ്പെടെ ബാഹ്യ ഇടപെടലിനെതിരെ, ആന്തരികമായ മതസ്വാതന്ത്ര്യം സംരക്ഷിക്കുന്ന വിധത്തിൽ ഭരണഘടനയെ വ്യാഖ്യാനിക്കുകയാണ് മറ്റൊരു രീതി.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഹിന്ദുത്വസംഘടനകൾ പ്രയോഗിക്കുന്ന ഇരട്ടത്താപ്പ് പുതിയതല്ല, എന്നാൽ നീതിന്യായത്തിലെ ഉയർന്ന വിഭാഗങ്ങൾ ഈ ഇരട്ടത്താപ്പ് സ്വാംശീകരിക്കുന്നു എന്നത് പുതിയതാണ്; കൂടുതൽ അസ്വാസ്ഥ്യജനകവുമാണ്.
ഉദാഹരണത്തിന് ക്ലാസ് മുറികളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതിയുടെ മൂന്നംഗബെഞ്ചിന്റെ സമീപകാലത്തെ വിധിയെടുക്കുക. ഈ ബെഞ്ച് വാദിച്ചെടുത്ത മൌലികമായ നിയമയുക്തികൾ രണ്ടായിരുന്നു. ഒന്നാമത്തേത് ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ ഒരു അവശ്യമതാചാരമല്ല എന്നതും, പരാതിക്കാരുടെ മനസ്സാക്ഷിക്കൊത്ത് നിലപാടെടുക്കാനുള്ള അവകാശം സ്ഥാപിച്ചിട്ടില്ല എന്നതുമായിരുന്നു. ഹിജാബ് ധരിക്കുന്നതിനെതിരായ മുൻവിധികളെ അതേപടി പിന്തുണയ്ക്കുന്നതായിരുന്നു രണ്ടാമത്തെ വാദം. ഹിജാബ് സ്വാതന്ത്ര്യം ഹനിക്കുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ യൂനിഫോം ഡ്രസ് കോഡ് നിർബന്ധമാക്കുക വഴി മതേതരത്വത്തെ മുന്നോട്ട് നീക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.  ഈ സ്ഥാപനങ്ങളിൽ എല്ലാവരുടെയും വേഷം ഒരേപോലെയാക്കുക എന്നതിന് വിദ്യാഭ്യാസം തുടരുന്നതിനേക്കാൾ മുൻഗണന നൽകുന്നതിന് പ്രാമാണ്യം നൽകുന്നതായിരുന്നു കോടതിവിധി.
തലപ്പാവ്, കുങ്കുമം പോലുള്ള മറ്റ് മതസൂചനകളെ പരിഗണിക്കുമ്പോൾ ഇതേ തത്വം പ്രയോഗിക്കാൻ കോടതി വിമുഖത കാട്ടി. ദക്ഷിണാഫ്രിക്കയിലെ ഒരു സമാനസന്ദർഭത്തിൽ യുനിഫോമിനോടൊപ്പം മൂക്കുത്തി ഉപയോഗിക്കാനനുവദിക്കുന്ന ഒരു വിധിയെ പരിഗണിക്കാൻ കോടതി വിസമ്മതിച്ചു. കോടതി ഇതിന്നുപയോഗിച്ച വിചിത്രമായ യുക്തി ഹിജാബിനോട് തട്ടിച്ചുനോക്കിയാൽ മൂക്കുത്തി അത്ര കണ്ണിൽ പെടുന്ന വസ്തുവല്ല എന്നതായിരുന്നു.
ബിജെപി സർക്കാറും ഹിന്ദുത്വശക്തികളും മുന്നോട്ടുവെക്കുന്ന മതേതരത്വത്തിന്റെയും ഏകതാനതയുടെയും (uniformity) തത്വം സ്വീകരിക്കുകയും മെച്ചപ്പെടുത്തുകയുമാണ്ഹിജാബ് കോസിൽ കോടതി ചെയ്തത്. ഒരു ആചാരം എന്ന നിലയിലോ, വ്യക്തിക്ക് മനസ്സാക്ഷിക്കനുസരിച്ച് നടപ്പിലാക്കാവുന്ന ഒരു കാര്യം എന്ന നിലയിലോ മുസ്ലിം പെൺകുട്ടിക്ക് ഹിജാബ് ധരിക്കുവാനുള്ള അവകാശം നിഷേധിക്കുക എന്നതിനായിരുന്നു മുഖ്യ ഊന്നൽ.
ഇനി ശബരിമല കേസ് നോക്കൂ. മതേതരത്വം, തുല്യനീതി, ആധുനികത എന്നിവ ഉയർത്തിപ്പിടിച്ചാണ് പരമോന്നത കോടതി ശബരിമലയിൽ ആർത്തവമുള്ള സ്ത്രീകൾക്ക്  പ്രവേശനമനുവദിച്ചത്. ഹിന്ദുത്വസംഘങ്ങൾ വിധിക്കെതിരെ രംഗത്തുവന്നു; ഭക്തർ പ്രക്ഷോഭം നടത്താൻ ആഹ്വാനം ചെയ്തു. ഒടുവിൽ കോടതി അതിന്റെ വധി പുനഃപരിശോധിക്കാൻ സമ്മതിച്ചു. മതാചാരവും മതവുമായി ബന്ധപ്പെട്ട സംഗതികളും മൌലികമായി നിർവചിക്കുന്നതിനുള്ള നിയമപരമായ അതിരുകൾ നിശ്ചയിക്കുവാൻ ഒരു ഏഴംഗ ബഞ്ച് സ്ഥാപിച്ചു.
മനസ്സാക്ഷിക്കുള്ള അവകാശം എങ്ങനെയാണ് നീതിപീഠം ഹിജാബ് കേസിലും അയോധ്യയുടെ ഉടമസ്ഥതാ കേസിലും പരിഗണിച്ചതെന്ന് താരതമ്യപെടുത്തി നോക്കണം.
ഹിജാബ് കേസിൽ കർണാടകയുടെ മൂന്നംഗ ബെഞ്ച് പ്രഖ്യാപിച്ചു:
“മനസ്സാക്ഷി എന്നത് സ്വതവേ വ്യക്തിനിഷ്ഠസ്വഭാവമുള്ളതാണ്. പരാതിക്കാർക്ക് അത്തരം മനസ്സാക്ഷിയുണ്ടോ എന്നും എങ്ങിനെയാണ് അത് അവർ വികസിപ്പിച്ചതെന്നും ഹരജിയിൽ വിശദാംശങ്ങളോടെ പറയുന്നില്ല. ഹിജാബ് ധരിക്കുന്നത് മനസ്സാക്ഷിക്കനുസരിച്ച ഒരു പ്രവൃത്തിയാണെന്നും അത് നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നത് മനസ്സാക്ഷിക്കെതിരായ നീക്കമാണെന്നും വെറുതേ പ്രസ്താവിക്കുന്നത്, പരാതിക്കാർക്ക് ആശ്വാസം നൽകുന്നതിനാവശ്യമായ മതിയായ ന്യായീകരണമാവുന്നില്ല. പരാതിക്കാർക്ക് ഉണ്ടെന്ന് പറയപ്പെടുന്ന മനസ്സാക്ഷി എന്നതിനെ വിലയിരുത്താനും നിർണയിക്കാനും പറ്റുന്ന വസ്തുക്കളൊന്നും ഞങ്ങൾക്ക് മുന്നിൽ സമർപ്പിച്ചിട്ടില്ല. ഹിജാബ് ധരിക്കുന്നതിനെ എങ്ങിനെയാണ് അവർ മനസ്സാക്ഷിയുമായി ബന്ധിപ്പിക്കുന്നത് എന്നവർ പ്രസ്താവിച്ചിട്ടുമില്ല. പ്രതീകാത്മകമായ ഒരു ആവിഷ്കാരമായോ അവരുടെ വിശ്വാസപ്രകടനമായോ ആണ് പരാതിക്കാർ ഹിജാബ് ധരിക്കുന്നത് എന്നതിന് ഒരു തെളിവുമില്ല. മനസ്സാക്ഷിയുടെ അടിസ്ഥാനത്തിൽ അതിനുവേണ്ടി വാദിക്കുന്നത് ചുരുങ്ങിയ പക്ഷം ഉപരിപ്ലവമാണ്.”
അങ്ങനെ ഹിജാബിന്റെ കാര്യത്തിൽ മുസ്ലിം പെൺകുട്ടികളുടെ പ്രസ്താവങ്ങൾ അവരുടെ മനസ്സാക്ഷിക്കുള്ള അവകാശം ഉയർത്തിപ്പിടിക്കാൻ പര്യാപ്തമല്ല. ജഡ്ജിമാരുടെ ‘വിലയിരുത്തലും തീരുമാനവും’ തൃപ്തിപ്പെടുത്തുക എന്ന തത്വമാണ് പിന്തുടരേണ്ടത്. ജഡ്ജിയല്ല വിശ്വാസി, കോടതിയാണ്.
എന്നാൽ അയോധ്യയുടെ വിധിയിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് പറയുന്നതിങ്ങനെ:
“വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശ്വാസിയുടെ വ്യക്തിപരമായ മേഖലയിൽ കിടക്കുന്നവയാണ്. ആത്മാവിന് സാന്ത്വനമേകുന്നതെന്താണെന്നുള്ളത് കണ്ടെത്താൻ കഴിയാത്തതാണ്. ഒരു വിശ്വാസത്തിന് ന്യായീകരണമുണ്ടോ എന്നത് നീതിന്യായവകുപ്പിന്റെ പരിധിക്ക് പുറത്താണ്. വിശ്വാസം ഒരു നാട്യം മാത്രാണ്, അഥവാ വ്യവഹാരത്തിനുള്ള ഒരു തന്ത്രം മാത്രമാണ് എന്ന് സാക്ഷിമൊഴികൾ രേഖപ്പെടുത്തുന്ന ഒരു കേസല്ല ഇത്. സാക്ഷികൾ വിശ്വാസത്തിന്റെ അടിസ്ഥാനം എടുത്തുപറഞ്ഞ സ്ഥിതിക്ക് അതിന്റെ സത്യാവസ്ഥയുടെ അടിസ്ഥാനം സംശയിക്കാവുന്ന യാതൊന്നും ഇല്ല തന്നെ. വിശ്വാസത്തിന്റെ അടിസ്ഥാനം ചോദ്യം ചെയ്യാൻ കോടതിക്ക് സാധ്യമല്ല. മതഗ്രന്ഥങ്ങൾ പലരീതിയിൽ വ്യാഖ്യാനിക്കാം. ഇതിലേത് വ്യാഖ്യാനമാണ് സ്വീകാര്യം എന്നുപറയാൻ കോടതി കടന്നുവരാതിരിക്കുന്നതാണ് നല്ലത്. വിശ്വാസം എന്നത് വിശ്വാസിയായ വ്യക്തിയുടെ കാര്യമാണ്.”
ഇവിടെ കോടതി വളരെ ഉദാരമാണ്. വ്യക്തിയുടെ വിശ്വാസത്തിന്റെ അതിരുകൾ നിശ്ചയിച്ച് അതിനകത്തേക്ക് അതിക്രമിച്ചുകയറുന്നതിന് തടയിടുകയാണ് അത് ചെയ്യുന്നത്. തന്നെയുമല്ല ഹിജാബ് കേസിൽ നിന്നും ഭിന്നമായി, ‘വിലയിരുത്താനും തീരുമാനമെടുക്കാനും’ വിശ്വാസിയുടെ മനസ്സാക്ഷിക്കുള്ള അധികതെളിവൊന്നും അത് ആവശ്യപ്പെടുന്നുമില്ല.
“വിശ്വാസം സത്യമാണെന്നും നാട്യമല്ലെന്നും അംഗീകരിക്കാൻ പര്യാപ്തമായ വസ്തുക്കൾ കോടതിക്ക് ലഭിച്ചാൽ, കോടതി ആരാധകന്റെ വിശ്വാസത്തെ മാനിക്കണം. എല്ലാ മതങ്ങൾക്കും അവരുടെ പ്രമാണഗ്രന്ഥങ്ങൾക്കും ഇത് ബാധകമണെന്നംഗീകരിക്കണം, ഹിന്ദുമതത്തിനും ഇസ്ലാമിനുമുൾപ്പെടെ. മതേതരഭരണഘടനയുടെ മൂല്യം കുടികൊള്ളുന്നത് തുല്യമായി ഇവയെ മാനിക്കുന്നതിലാണ്.”
അയോധ്യക്കേസിൽ പരാതിക്കാരൻ ഹിന്ദുവായിരിക്കുന്നിടത്ത്, കോടതി പരിശോധിക്കുന്നത് വിശ്വാസം യഥാർത്ഥമാണോ എന്നതുമാത്രമാണ്. എന്നിട്ട് വിശ്വാസത്തെ മാനിക്കുകയും ചെയ്യുന്നു. എന്നാൽ ഹിജാബ് കേസിൽ എന്തുകൊണ്ട് ഈ തത്വം വ്യാപിപ്പിക്കുന്നില്ല?
അയോധ്യാക്കേസിൽ ഉൽഖനനത്തിന്റെ തെളിവുകളുൾപ്പെടെ പരിഗണിച്ചിട്ടും, തെളിവുകൾ സൂചിപ്പിക്കുന്നത് വിപരീതമായിട്ടും, ഹിന്ദുവിന്റെ അവകാശവാദങ്ങൾ കോടതി ഉയർത്തിപ്പിടിച്ചത് വിശ്വാസത്തെ യുക്തിയുടെ മേൽ പ്രതിഷ്ഠിച്ചുകൊണ്ടാണ്. എന്നാൽ ഹിജാബ് കേസിൽ വിശ്വാസമെന്നത് പിന്നാക്കവും, മതേതരമല്ലാത്തതും, രാജ്യത്തിന്റെ പുരോഗതിക്കെതിരുമായതിനാൽ തള്ളിക്കളയുകയായിരുന്നു. ഇതെങ്ങനെ സംഭവിച്ചു?
രണ്ട് കേസുകളിലും വന്ന വിധികൾ ഹിന്ദു വലതുപക്ഷത്തിന്റെ അജണ്ടകളാണ് മുന്നോട്ടുകൊണ്ടുപോയത്; ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാണ് നിഷേധിക്കപ്പെട്ടത്. ഇതെങ്ങിനെ? ഇത് ഒരബദ്ധം പറ്റിയതല്ല. അയോധ്യയുടെ കാര്യത്തിൽ യുക്തിക്ക് മേൽ വിശ്വാസത്തെ സ്ഥാപിച്ച സുപ്രീംകോടതി വിധി ഹിന്ദുത്വശക്തികൾക്ക് പുതിയ അവകാശവാദങ്ങളുയർത്തുവാനും ആരാധനാലയങ്ങളെക്കുറിച്ചുള്ള നിയമത്തിന്റെ സത്ത പല സംസ്ഥാനങ്ങളിലും ചോർത്തിക്കളയുവാനും പര്യാപ്തമായി.
ഹരജിക്കാരുടെ ‘വിശ്വാസം യഥാർത്ഥമാണെന്ന’ അടിസ്ഥാനത്തിൽ ബാബാബുധൻ സ്വാമി ഗർഗയിൽ ഹിന്ദു അനുഷ്ഠാനങ്ങൾ നടത്താൻ ഒരു ഹിന്ദുസംഘടന ഉന്നയിച്ച അവകാശവാദത്തെ മറ്റൊരു കേസിൽ ഉയർത്തിപ്പിടിക്കാൻ കർണാടക ഹൈക്കോടതി ഇതേ തതത്വങ്ങളാണ് നടപ്പിലാക്കിയത്. വിധിന്യായത്തിൽ ഇങ്ങനെ പ്രഖ്യാപിക്കുന്നു:
“മതം സ്വീകരിക്കാനും പ്രയോഗിക്കാനും പ്രചരിപ്പിക്കാനും മനസ്സാക്ഷിക്കൊത്ത് വിനിയോഗിക്കുവാനുമുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ ആർട്ടിക്കൾ 25 ഉറപ്പുനൽകുന്നു. ഉത്തരവ് പ്രകാരം, സർക്കാർ ഹിന്ദുസമൂഹത്തിന് അവരുടെ വിശ്വാസപ്രകാരം പൂജയും അർച്ചനയും നടത്തുവാനുള്ള അവകാശത്തിന് മേൽ ലംഘനം നടത്തിയിരിക്കുന്നു.” 
തന്നെയുമല്ല ഈ വിധിന്യായത്തിൽ യാതൊരു തെളിവുമില്ലാത്ത ഹിന്ദു അവകാശവാദങ്ങളെ ന്യായീകരിച്ചുകൊണ്ട് അയോധ്യവിധിന്യായത്തിലുള്ള ഒരു ഖണ്ഡിക അപ്പാടെ ഉദ്ധരിച്ചുചേർത്തിട്ടുമുണ്ട്. അതിൽ പറയുന്നതിങ്ങനെ:
“ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് എം സിദ്ദിഖ് Vs മഹന്ത് സുരേഷ്ദാസ് രാമജന്മഭൂമി ക്ഷേത്രക്കേസിൽ പ്രസ്താവിച്ചത് വിശ്വാസം വ്യക്തിയായ വിശ്വാസിയുടെ ഒരു കാര്യമാണ് എന്നാണ്. വിശ്വാസം യഥാർത്ഥമാണെന്ന് കോടതിക്ക് അംഗീകരിക്കാമെങ്കിൽ ആരാധകന്റെ വിശ്വാസത്തെ അത് മാനിക്കണം.”
ആരാധനാസ്ഥലനിയമം ചോദ്യം ചെയ്തുകൊണ്ടും ആ നിയമത്തിൽ വെള്ളം ചേർക്കാൻ ആവശ്യപ്പെട്ടും നൽകിയ ഒട്ടേറെ ഹരജികൾ സ്വീകരിക്കാനുള്ള സുപ്രീംകോടതി തീരുമാനത്തിന് ശേഷം (ജ്ഞാൻവാപി പള്ളിക്കേസിൽ), സുപ്രീം കോടതി പ്രഖ്യാപിച്ചത് തർക്കത്തിലുള്ള ദേവാലയങ്ങളുടെ മതപരമായ സ്വഭാവം കണ്ടെത്തുന്നതിൽ നിയമതടസ്സമൊന്നുമില്ല എന്നാണ്. ഹിന്ദുത്വശക്തികൾ അവരുടെ അജണ്ടയ്ക്കുള്ള ജുഡീഷ്യറിയുടെ പിന്തുണയായി ഇതൊക്കെ ആഘോഷിക്കുകയാണ്.
ആർ.എസ്.എസ്. തലവൻ മോഹൻ ഭഗവത് തന്റെ സംഘടന ഇനി ക്ഷേത്രപ്രസ്ഥാനങ്ങളിൽ പങ്കെടുക്കില്ലെന്ന് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽപ്പോലും ആവർത്തിച്ചുപറഞ്ഞതിങ്ങനെയാണ്: “മുസ്ലിം അക്രമണകാരികൾ ആയിരക്കണക്കിന് അമ്പലങ്ങൾ നശിപ്പിച്ച് അവയുടെ മേലാണ് പള്ളികൾ പണിതത്.”
ഈ പ്രസ്താവത്തിൽ നിന്ന് ഊർജമുൾക്കൊണ്ട് ബി.ജെ.പി. സീനിയർ നേതാവും കർണാടക മുൻമന്ത്രിയുമായ ഈശ്വരപ്പ പ്രഖ്യാപിച്ചത് ക്ഷേത്രങ്ങളുടെ മേൽ പണിത 36000 പള്ളികൾ ഭാരതത്തിലുണ്ട് എന്നാണ്. ഇന്നത്തെ മുസ്ലിംകൾ പതിനഞ്ചാം നൂറ്റാണ്ടിലെ അക്രമകാരികളുടെ പക്ഷത്ത് ചേരാതെ അവയെല്ലാം ഹിന്ദുക്കൾക്ക് തിരിച്ചുതന്നാൽ മാത്രമേ ശാന്തിയും ഐക്യവും പുലരൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിജാബിനെക്കുറിച്ചുള്ള വിചാരണ കോടതിയിൽ നടന്നുകൊണ്ടിരിക്കെത്തന്നെ ഹിജാബും കാവി ഷാളുകളും ക്ലാസ് മുറികളിൽ നിരോധിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവ് വന്നു. എന്നാൽ സർക്കാരും സ്വകാര്യസ്ഥാപനങ്ങളുമെല്ലാം ഈ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്ത് ഇത് സാർവത്രികമാണെന്നും അധ്യാപകർക്കും             ബാധകമാണെന്നുമുള്ള  മട്ടിൽ ദുരുപയോഗപ്പെടുത്തി. ഇത് ശ്രദ്ധയിൽ പെടുത്താൻ ശ്രമിച്ചപ്പോൾ ജഡ്ജിമാർ അത് കേൾക്കാൻ പോലും വിമുഖത കാട്ടി. സർക്കാറിന്റെ പ്രതിനിധിയായ അഡ്വക്കറ്റ് ജനറലിന്റെ വാക്കാലുള്ള ഉറപ്പുകൊണ്ട് അവർ തൃപ്തരായിരുന്നു. മതേതരത്വം ഉയർത്തിപ്പിടിക്കുന്ന ഒരു പ്രവൃത്തിയായി ഹിജാബ് നിരോധനം ന്യായീകരിക്കപ്പെട്ടതോടെ കർണാടകയിലെ സർവകലാശാലകൾ-അവർക്ക് നാളിതുവരെ ഡ്രസ് കോഡൊന്നും നിലവിലില്ല-കാമ്പസിനകത്ത് ഹിജാബ് നിരോധിച്ചുതുടങ്ങി. ഏതാനും ദിവസം മുമ്പ് ഹിജാബ് ധരിച്ച പെൺകുട്ടികൾക്ക് മാംഗളൂർ സർവകലാശാലയിൽ പ്രവേശനം തടയുകയുണ്ടായി.
ഉമർ ഖാലിദിന്റെ ജാമ്യത്തിനായുള്ള വാദങ്ങളിലും ഈ ഇരട്ടത്താപ്പ് പ്രകടമാണ്. ‘ജുംല’, ‘ഇങ്ക്വിലാബ് സിന്ദാബാദ്’ എന്നീ വാക്കുകൾ ഖാലിദ് ഉപയോഗിക്കുമ്പോൾ അതിനടിയിൽ ദേശവിരുദ്ധ അജണ്ട ഒളിഞ്ഞിരിപ്പുണ്ടോ എന്ന് ഇഴകീറി പരിശോധിക്കാൻ കോടതി ശ്രമിച്ചു; എന്നാൽ പ്രമുഖ ബി.ജെ.പി. നേതാക്കൾ പ്രക്ഷോഭകർക്കെതിരെ വെടിയുതിർക്കൂ (ഗോലീ മാരോ) എന്ന് പറഞ്ഞതിനെ “പുഞ്ചിരിക്കുന്ന മുഖത്തോടെ പറഞ്ഞ ആ വാക്കുകൾ വെറുപ്പിന്റെ ഭാഷയായി കണക്കാക്കാൻ പറ്റില്ല” എന്നാണ് കോടതി പറഞ്ഞത്.
വിശ്വാസത്തിന്റെ കാര്യമായാലും ‘തെളിവി’ന്റെ അടിസ്ഥാനത്തിലുള്ള അവകാശവാദമായാലും എങ്ങിനെയും ഹിന്ദുത്വ ആഖ്യാനം വിജയിക്കുകയാണ് ചെയ്യുന്നത്. ഇത് കേവലം ആകസ്മികമോ അബദ്ധത്തിൽ സംഭവിച്ചുപോകുന്നതോ അല്ല. ഇന്ത്യൻ ഭരണകൂടത്തിൽ നടക്കുന്ന ഘടനാപരമായ മാറ്റങ്ങളുടെ ഭാഗമാണിത്. ഫാഷിസത്തിന്റെ ഉയർച്ചയിൽ ഉദാരമായ ജുഡീഷ്യറിയുടെ കുറ്റകരമായ പങ്കാളിത്തം സമീപകാലചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രം ആവർത്തിക്കുമ്പോൾ അത് ദുരന്തം മാത്രമല്ല; ചരിത്രത്തിൽ നിന്നും പാഠമുൾക്കൊള്ളുന്നതിൽ സംഭവിച്ച കൂട്ടായ പരാജയത്തിന്റെ ദൃഷ്ടാന്തം കൂടിയാണ്.

No comments:

Post a Comment