Thursday 16 June 2022

 വിദ്വേഷ പ്രസംഗം മുതല്‍ ഭരണകൂട ഭീകരത വരെ എത്തിനിൽക്കുന്ന ഇസ്ലാമോഫോബിയയുടെ സഞ്ചാര പഥത്തെ   ചെറുക്കുക. പ്രകോപനങ്ങളെ നിരാകരിക്കുക, ഐക്യവും സമാധാനവും നിലനിര്‍ത്തുക.



[എഡിറ്റോറിയൽ, ML Update, 14 June 2022] 



ബി.ജെ.പി ദേശീയ വക്താവ് നുപൂര്‍ ശര്‍മ്മയും പാര്‍ട്ടിയുടെ ഡെല്‍ഹി മീഡിയാ വിഭാഗം തലവൻ നവീന്‍ കുമാര്‍ ജിൻ ന്‍ഡാലും ചേര്‍ന്ന് നടത്തിയ നബിനിന്ദാ പ്രസ്താവനകള്‍ ശരവേഗത്തിലാണ് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. പ്രതിഷേധ സമരങ്ങള്‍ക്കെതിരെ നടന്ന സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ മുസ്ലിം മതവിശ്വാസികളെ ഉന്നം വെച്ചുള്ള അക്രമ പരമ്പരകളില്‍ കലാശിച്ചിരിക്കുകയാണ്. പാര്‍ട്ടി വക്താക്കളുടെ വിവാദ പരാമര്‍ശം എറെ വൈകാതെ തന്നെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നു. ഖത്തര്‍, സൗദി, മലേഷ്യ, ഇറാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധമുണ്ടായതോടെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന ഭീഷണി നേരിടുന്നത് വരെ കാര്യങ്ങള്‍ എത്തിനിന്നു. ഈ അവസരത്തിലാണ് ബി.ജെ.പി അംഗത്വം പിന്‍വലിച്ചും ഉത്തരവാദികളെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തും മോദി സര്‍ക്കാര്‍ രംഗം തണുപ്പിക്കാന്‍ ശ്രമിച്ചത്. ഫ്രിഞ്ച് എലമെന്റെന്ന് വിശേഷിപ്പിച്ചാണ്  നബി നിന്ദ നടത്തിയവരെ പാർട്ടി തഴഞ്ഞത്. 



ഒരു നൂറ്റാണ്ടിനടുത്ത പ്രവർത്തന കാലയളവിൽ പ്രതിസന്ധി ഘട്ടങ്ങളില്‍ പതിവായി സ്വീകരിച്ച് വരാറുള്ള ആര്‍.എസ്.എസ് തന്ത്രമാണിത്. പാര്‍ട്ടി അനുഭാവികള്‍ ഗാന്ധി വധമാഘോഷിച്ചപ്പോഴും ഗോഡ്‌സെയെ തള്ളിപ്പറയാനായിരുന്നു ആര്‍.എസ്.എസ് നേതൃത്വം വ്യഗ്രത കാണിച്ചത്. സമൂഹത്തിന് ഭീഷണിയായി മാറിയ ആര്‍.എസ്.എസ്സിനെ നിരോധിക്കാനൊരുങ്ങിയ സര്‍ദാര്‍ വല്ലഭായ് പട്ടേലിനോട് ഒരു സാംസ്‌കാരിക സംഘമായി തുടര്‍ന്നോളാമെന്നായിരുന്നു നേതാക്കളുടെ വിശദീകരണം. ആർഎസ്എസ് ആചാര്യൻ ഗോൾവാൾക്കർ തന്റെ "നാം അഥവാ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു" എന്ന കൃതിയിൽ ആര്‍.എസ്.എസിന്റെ ഫാഷിസ്റ്റ് തത്വശാസ്ത്ര ജന്മമുദ്രകൾ വെളിവാക്കുകയും ഹിറ്റ്‌ലറെയും വംശവിശുദ്ധിയിലും വംശഗർവ്വിലുമൂന്നിയ തന്റെ നാസി ദേശീയതയെയും വംശഹത്യയിലൂന്നിയ തീവ്രമായ സെമിറ്റിക് വിരോധത്തെയും ആരാധനാപൂർവ്വം അവതരിപ്പിക്കുകയും ചെയ്തപ്പോൾ, പ്രസ്തുത പാഠഭാഗത്തിന്റെ ആധികാരികതയെക്കുറിച്ച് സംശയമുണ്ട് എന്ന് അകലം പാലിക്കാനാണ് അന്ന് ആർഎസ്എസ് ശ്രമിച്ചത്.  നൂപുര്‍ ശര്‍മ്മയുടേയും നവീന്‍ കുമാര്‍ ജിന്‍ഡാലിന്റേയും വിവാദ പ്രസ്താ വനയില്‍ നിന്ന് ഫ്രിഞ്ച് എലമെന്റ്‌സ് എന്ന ന്യായീകരണത്തോടെ എളുപ്പം തടിയൂരാമെന്ന ചിന്തയിലായിരുന്നു പാര്‍ട്ടി നേതൃത്വം.

ഫ്രിഞ്ച് എലമെന്റെന്ന പൊള്ളയായ വാദം കൊണ്ട് ലോകജനതയേയും സ്വന്തം പൗരന്മാരേയും കബളിപ്പിക്കാമെന്ന് മോദി ഭരണകൂടമോ സംഘ് സംഘടനകളോ കണക്കുകൂട്ടിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അബദ്ധം പിണഞ്ഞിരിക്കുന്നുവെന്ന് നിസ്സംശയം പറയാം. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ മുദ്രാവാക്യങ്ങളും പ്രതികരണങ്ങളും പാര്‍ട്ടിയുടെ പൊള്ളത്തരങ്ങളെ പൊളിക്കുകയായിരുന്നുവെന്ന് വേണം പറയാന്‍.
ബി.ജെ.പി സംഘ്പരിവാര്‍ നേതാക്കളും, വക്താക്കളും വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയതില്‍ ഇന്ത്യന്‍ ജനതയോടും ഭരണഘടനയോടും സര്‍ക്കാര്‍ മറുപടി നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് ഈ പ്രതിഷേധങ്ങള്‍ ഭരണത്തലവന്മാരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് കരുതാം. എന്നാൽ, പാര്‍ട്ടി തഴഞ്ഞ ബി.ജെ.പി വക്താക്കളെ വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ അറസ്റ്റു ചെയ്യാന്‍ വൈകുന്നത് എന്തുകൊണ്ടാണ് ? രാജ്യം പരക്കെ ആളിക്കത്തുന്ന പ്രതിഷേധ സമരങ്ങള്‍ കൃത്യമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. ജൂണ്‍ മൂന്നിനും പത്തിനും വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ക്ക് ശേഷം നടന്ന പ്രതിഷേധങ്ങള്‍ താരതമ്യേന അതി വിപുലമായിരുന്നു. കല്ലേറും തീവെപ്പും റോഡ് തടയലുമടങ്ങിയ പ്രതിഷേധ മുറകള്‍ അല്‍പ്പം അക്രമാസക്തമായിരുന്നുവെന്നത് സത്യമാണ്. രാജ്യത്താകമാനം വളര്‍ന്നു പന്തലിച്ച പ്രതിഷേധങ്ങള്‍ക്കിടയില്‍ പോലീസ് നരനായാട്ടും ഭരണകൂട പകപോക്കലുമായി രാഷ്ട്രം സ്തംഭിച്ച അവസ്ഥാവിശേഷമാണിപ്പോള്‍ സംജാതമായിരിക്കുന്നത്. സാഹചര്യം ശ്രദ്ധയോടെ കൈകാര്യം ചെയ്യാത്തതിന്റെ പേരില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഇതിനോടകം പൗരവിമര്‍ശനം നേരിട്ട് കഴിഞ്ഞിട്ടുണ്ട്. 
തീവെപ്പും കല്ലേറും ഇന്ത്യ പോലത്തെ ഒരു രാജ്യത്തെ സമരമുഖങ്ങളില്‍ സര്‍വ്വസാധാരണമാണെന്നിരിക്കെ, ഫലപ്രദവും അപായം കുറഞ്ഞതുമായ മാര്‍ഗങ്ങളിലൂടെ ഇവ നിയന്ത്രണ വിധേയമാക്കാന്‍ പോലീസ് സംവിധാനം പരിശീലിപ്പിക്കപ്പെട്ടതുമാണ്. പത്മാവത് സിനിമക്കെതിരെയും ശബരിമലയിലെ സ്ത്രീ പ്രവേശം സാധുവാക്കിയ സുപ്രീം കോടതി വിധിയിലും നടന്ന പ്രതിഷേധങ്ങള്‍ ബുള്ളറ്റ് കൊണ്ടും ബുള്‍ഡോസറുകള്‍ കൊണ്ടും തടയപ്പെട്ടില്ലെങ്കില്‍ ഇസ്ലാമോഫോബിയയില്‍ പ്രതിഷേധിക്കുന്ന മുസ്ലിംകളോട് മാത്രമെന്തിനാണീ വിവേചനം?

മുഹമ്മദ് മുദസ്സിര്‍, മുഹമ്മദ് സാഹില്‍ എന്നീ രണ്ട് യുവാക്കളുടെ മരണത്തിന് കാരണമായ റാഞ്ചിയിലെ പോലീസ് വെടിവെപ്പും, ഉത്തര്‍പ്രദേശിലെ കണ്ണില്‍ചോരയില്ലാത്ത ലാത്തിച്ചാര്‍ജും, അലഹബാദിലെ പര്‍വീന്‍ ഫാത്തിമയുടെ ഭവനധ്വംസനവും സഹാറന്‍പൂരിലെ രണ്ട് മുസ്ലിം വീടുകൾ തകര്‍ത്തതും പ്രതിഷേധ സമരങ്ങളോട് ബി.ജെ.പി ഭരണത്തിലിരിക്കുന്ന ഇന്ത്യാ രാജ്യം എങ്ങനെ പ്രതികരിക്കുന്നുവെന്നതിന്റെ നേര്‍ക്കാഴ്ചകളാണ്. സമരമുറകളെ ആയുധവും ബലവുമയോഗിച്ച് കീഴ്‌പ്പെടുത്തുന്ന തന്ത്രം ബി.ജെ.പി ഭരണസംസ്ഥാനങ്ങളില്‍ മാത്രമല്ലെന്ന നഗ്നസത്യമാണ് റാഞ്ചിയിലെ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഖര്‍ഗോണ്‍ നഗരത്തില്‍ ആരംഭിച്ച ഭവനനശീകരണ പദ്ധതിയും വ്യാപകമായി സംപ്രേഷണം ചെയ്യപ്പെട്ട അഫ്രീന്‍ ഫാത്തിമയുടെ വീട് പൊളിക്കലും,   ബി.ജെ.പി സര്‍ക്കാര്‍ ഭയത്തെയും നശീകരണത്തേയും എത്രമാത്രം ആഘോഷിക്കുന്നുവെന്നതിന്റെ ഉത്തമ തെളിവാണ്.  നരേന്ദ്ര മോദി സര്‍ക്കാര്‍ ഇത്തരം നിര്‍ദ്ദയ നടപടികള്‍ പ്രാവര്‍ത്തികമാക്കുന്നത് പ്രാഥമികമായി മുസ്ലിം സമൂഹത്തെ ലക്ഷ്യം വെച്ചാണ്  എങ്കിലും,
ഭരണകൂടത്തിന്റെ പ്രതിലോമ പരമായ നടപടികളോട് വിരോധം പുലര്‍ത്തുന്നവര്‍ക്കാകെയുള്ള താക്കീതാണിതെന്ന് നിസ്സംശയം പറയാം.  ഭരണകൂടത്തിന്റെ നടപടികളോട്  വിയോജിപ്പ്  പ്രകടിപ്പിക്കുന്നവർക്കു ഭരണഘടനാദത്തമായ പിന്തുണയോ മൗലികാവകാശങ്ങളോ ലഭ്യമാക്കാൻ  മോദി സർക്കാറിന് ഉദ്ദേശ മില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. 
പോലീസിന്റെ മൂന്നാം മുറ അനുഭവിപ്പിച്ചും ജാമ്യമില്ലാ വകുപ്പ് ചുമത്തിയുമൊക്കെ വര്‍ഷങ്ങളോളം ജയിലില്‍ തള്ളാനും ആണ്  സർക്കാർ ഉദ്ദേശിക്കുന്നത്.    ഭരണഘടനയും നിയമവാഴ്ചയും നിര്‍ലജ്ജമായി നോക്കുകുത്തിയായി മാറുന്ന സ്ഥിതിഗതികളാണിതെങ്കിലും മോദിയുടെ  ഇന്ത്യയില്‍ ഇത് പുതിയ  സാധാരണത്വം ആയി മാറിക്കൊണ്ടിരിക്കുന്നു.

ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ ഈ നിര്‍ണ്ണായകഘട്ടത്തില്‍ മുസ്ലിം സമൂഹം എത്രമാത്രം യാതനകൾ അനുഭവിക്കുന്നുണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിച്ചുള്ള പ്രസ്താവനകള്‍ എന്നും ഹൃദയഭേദകമാണ്. ഇത്തരം പരാമര്‍ശങ്ങള്‍ കൃത്യമായ രാഷ്ട്രീയ ആധിപത്യത്തെ നിര്‍വചിക്കുകയും ദിനേന ഒരു സമൂഹത്തെ പീഡിപ്പിക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷം രൂപപ്പെടുന്നത് അങ്ങേയറ്റം വേദനാജനകമാണ്. നിരന്തരം അക്രമിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ന്യൂനപക്ഷ സമൂഹത്തോട് ചേര്‍ന്ന് നിന്ന് ഫാസിസ്റ്റ് വിദ്വേഷ പ്രചാരണത്തിന് തിരിച്ചടി നല്‍കി ഇന്ത്യയുടെ ജനാധിപത്യ, ചരിത്ര പൈതൃക, സാംസ്‌കാരിക വൈവിധ്യ മൂല്യങ്ങള്‍ പ്രതിരോധിക്കാന്‍ കമ്മ്യൂണിസ്റ്റ്  പാര്‍ട്ടിയടങ്ങുന്ന മതേതര സംഘടനകള്‍ തയ്യാറാകേണ്ടിയിരിക്കുന്നു.

No comments:

Post a Comment