Thursday 17 July 2014

ഇന്ത്യാ ഗവണ്‍മെന്റ് മൌനം നിർത്തുക 
ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുക 
 ഗാസയിൽ ഇസ്രയേൽ നടത്തിവരുന്ന പുതിയ ആക്രമണങ്ങളിൽ ഇതിനകം 200-ഇൽ അധികം പലസ്തീൻ കാരുടെ ജീവൻ അപഹരിക്കപ്പെട്ടു .ഇപ്പോഴും ആക്രമണം തുടരുകയാണ് . അധിനിവിഷ്ട  വെസ്റ്റ് ബാങ്ക് പ്രദേശത്തുനിന്നു   മൂന്ന് ജൂത ബാലന്മാരെ  തട്ടിക്കൊണ്ടു പോയി  കൊലചെയ്തത് ഹമാസ് ആണെന്ന് ആരോപിച്ചു ഇസ്രയേൽ നടത്തുന്ന പ്രതികാര നടപടി ആയിട്ടാണ് ഇപ്പോഴത്തെ ആക്രമണം വിശേഷി പ്പിക്കപ്പെടുന്നത്. എന്നാൽ, ഏറ്റവും അപലപനീയമായ തട്ടിക്കൊണ്ടുപോകലിനും തുടര്ന്നുണ്ടായ ഹീനമായ കൊലപാതകങ്ങൾക്കും ഉത്തരവാദികൾ ആര് എന്ന് കൃത്യമായി അന്വേഷിച്ച്  കണ്ടെത്താൻ മിനക്കെടാതെ ഇസ്രയേൽ  ഇപ്പോൾ ചെയ്യുന്നത് ഈ കുറ്റകൃത്യങ്ങളെ കേവലം ഒരു  മറയാക്കി  പലസ്തീനികളെ കൂട്ടക്കൊല ചെയ്യുകയാണ്
ഇസ്രയേൽ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം തട്ടിക്കൊണ്ടുപോകലുകളും  കൊലപാതകങ്ങളും സൈനിക ആക്രമണങ്ങൾ തുടർന്ന് നടത്താനുള്ള ഒഴിവു കഴിവ്കൾ  മാത്രമാണെന്ന് വ്യക്തമാക്കുന്ന  പ്രസ്താവനകൾ  തന്നെ സയണിസ്റ്റ് തീവ്ര പക്ഷക്കാരിൽ നിന്നു ഉണ്ടായിട്ടുണ്ട്.  അധിനിവിഷ്ട പലസ്തീൻ പ്രദേശങ്ങളിൽ  വർഷം  തോറും ആവര്ത്തിച്ചു നടത്തുന്ന  ഇസ്രയേൽ സൈനിക ആക്രമണങ്ങളെ  2012-ഇൽ അവരിൽ  ഒരാൾ വിശേഷിപ്പിച്ചത്‌ "പുൽത്തകിടി ചെത്തി വടിക്കൽ" ("mowing the lawn ") എന്നായിരുന്നു. പലസ്തീനിൽ നടത്തുന്ന ഹീനമായ അധിനിവേശങ്ങളെയും വംശഹത്യകളെയും  ന്യായീകരിക്കാൻ ഒരു ജനതയെയാകമാനം ഇകഴ്ത്തുന്ന മനുഷ്യത്വരഹിതമായ പദപ്രയോഗങ്ങൾ ഇസ്രയേൽ ഭരണകൂടം  ഉപയോഗിക്കുന്നതിനു നീണ്ട ചരിത്രം തന്നെ ഉണ്ട് .1969 -ൽ ഇസ്രയേൽ പ്രധാന മന്ത്രിയായിരുന്ന ഗോൾഡാ മേയർ പലസ്തീൻകാർ എന്നൊരു ജനതയേ ഇല്ല എന്ന് പറഞ്ഞു ;  1982-ൽ മറ്റൊരു പ്രധാന മന്ത്രി ബെഗിൻ  പലസ്തീൻകാരെ 'ഇരുകാലിൽ നടക്കുന്ന ജന്തുക്കൾ' എന്ന് വിശേഷിപ്പിച്ചു; 1988-ൽ പ്രധാന മന്ത്രിയായിരിക്കുമ്പോൾ യിറ്റ്സാക് ഷമീർ "പലസ്തീൻകാരെ പച്ചക്കുതിരകളെ എന്നപോലെ  നശിപ്പിച്ച് തുടച്ചു നീക്കും" എന്ന് പറഞ്ഞു.
 പലസ്തീനിന്റെ നേരെയുള്ള ഇസ്രയെലിന്റെ ഒടുവിലത്തെ  ബോംബാക്രമണ പരമ്പരയ്ക്കു മുന്നിൽ  ലോകത്തിലെ വൻകിട പരമാധികാര ശക്തികൾ ലജ്ജാകരമായ  മൗനം പാലിക്കുമ്പോൾ തന്നെ ലോക ശക്തികളുടെ ഏത് സമ്മര്ദ്ദം കൊണ്ടും തങ്ങൾ പിന്തിരിയില്ല എന്നും ഇനിയും ആക്രമണം തുടരേണ്ടതുണ്ടെന്നും  പറയാനുള്ള ധാർഷ്ട്യം ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനന്  ഉണ്ടായി . വീടുകളും ആശുപത്രികളും മറ്റു സിവിലിയൻ സ്ഥലങ്ങളും കൂസലെന്യേ ബോംബിട്ടു തകർക്കുന്നതിനെ പരസ്യമായും നിർലജ്ജതയോടെയും ന്യായീകരിക്കുകയാണ് ഇസ്രയേൽ .  ഇത്തരം ഗുരുതരമായ ഒരു യുദ്ധക്കുറ്റം ഇസ്രയേലിന്റെ ഭാഗത്ത് ഉണ്ടാവുകയും, തങ്ങൾ ബോധപൂര്വ്വം ആണ് അത് ചെയ്യുന്നതെന്ന് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ധിക്കാരപൂര്വ്വം ഏറ്റു പറയുകയും ചെയ്തിട്ടും   ഗാസയിൽ അടിയന്തരമായ  ഒരു യുദ്ധവിരാമം ഇസ്രായേലിനോട് ആവശ്യപ്പെടുന്ന ഒരു പ്രമേയം പോലും ,ഐക്യരാഷ്ട്ര സഭ പാസ്സാക്കിയിട്ടില്ല .ഇപ്പോൾ ഗാസയിൽ കൊല്ലപ്പെട്ടവരിൽ 80% സിവിലിയന്മാർ ആണെന്ന് യു എൻ റിപ്പോർട്ട്‌ കൾ തന്നെ പറയുമ്പോൾ ആണ് ഐക്യരാഷ്ട്ര സഭയുടെ ഈ നിഷ്ക്രിയത്വം.
ഗാസയിലെ വംശഹത്യയുടെ കാര്യത്തിൽ ഇന്ത്യാ ഗവണ്‍മെൻറ് പുലർത്തുന്ന മൌനം പലസ്തീൻ ജനതയുടെ പോരാട്ടവുമായി ഈ രാജ്യത്തിന്  ഉള്ള ഐക്യദാർഢയത്തിന്റെ സുദീർഘമായ ചരിത്രത്തെ അവഹേളിക്കുന്ന ഒന്നാണ്  . ഇന്ത്യയുടെ കൊളോണിയൽ വിരുദ്ധ സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി  അഭേദ്യമായി കേട്ട് പിണഞ്ഞു കിടക്കുന്ന ഒരു ചരിത്ര പശ്ചാത്തലം പലസ്തീൻ- ഇന്ത്യാ ഐക്യദാർഢയത്തിന്നുണ്ട് ഗാന്ധി യടക്കം ഉള്ള ഇന്ത്യൻ സ്വാതന്ത്ര്യസമര നേതൃത്വം പലസ്തീൻ അധിനിവേശത്തിന്റെ കാര്യത്തിൽ കോളനി ശക്തികൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ചവർ ആയിരുന്നു:
"പലസ്തീൻ അറബ് ദേശത്തിന്റെത് എന്നത്, ഇംഗ്ലണ്ട്  ഇംഗ്ലീഷുകാരുടേത് എന്നതുപോലെയും, ഫ്രാൻസ് ഫ്രഞ്ചുകാരുടേത് എന്ന പോലെയും ഉള്ള ഒരു പരമാർത്ഥം ആണ്" എന്ന് അഭിപ്രായപ്പെട്ട ഗാന്ധി അധിനിവേശത്തിനെതിരെ ഉറച്ച നിലപാട് എടുത്ത് പലസ്തീൻ വിമോചനപ്‌പോരാട്ടത്തിനു പിന്തുണ നല്കി.പലസ്തിൻ വിഷയത്തിൽ ചിരകാലം നിലനിന്ന ഇന്ത്യയുടെ വിദേശ നയ സമീപനത്തിന്റെ  അന്തസ്സത്ത  പില്ക്കാലത്ത് അട്ടിമറിക്കപ്പെടുകയായിരുന്നു.  ഇന്ത്യൻ ഭരണ വർഗ്ഗങ്ങൾ  യു എസ് സാമ്രാജ്യത്വഭരണകൂടത്തിന്റെ താൽപ്പര്യങ്ങലളുമായി  കഴിഞ്ഞ രണ്ടു ദശകക്കാലം പുലർത്തിവന്ന  സവിശേഷ മായ ചങ്ങാത്തം നിമിത്തമാണ് ഇസ്രയേലുമായി  "പ്രായോഗികതയുടെ അടിസ്ഥാനത്തിൽ" സൌഹൃദവും ബന്ധവും ആകാം എന്ന നില ഉണ്ടായത്.
ഇന്ത്യൻ ഭരണകൂടത്തിന്  ഇസ്രയേലുമായി ഉള്ള ചങ്ങാത്തം പ്രത്യയശാസ്ത്ര പരമായി  കൂടുതൽ ഉറപ്പിക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ എൻഡിഎ  സർക്കാരിന്റെ കാലഘട്ടത്തിൽ ഉണ്ടായി . ഇസ്ലാമോഫിബിയയെ അടിസ്ഥാനമാക്കിയ വിദ്വേഷത്തിന്റെ  ഒരു രാഷ്ട്രീയ അജണ്ട പോഷിപ്പിക്കുന്നതിൽ  സയണിസവും ഹിന്ദുത്വവും കൂടുതൽ പരസ്പര ധാരണയോടെ അതതിന്റെ പങ്ക് നിർവഹിച്ചു.
ഇസ്രായേലിന്റെ .പക്കൽ  നിന്നും ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങിച്ചു കൂട്ടുന്ന രാജ്യങ്ങളിലൊന്നിലെ പ്രമുഖ ഭരണവർഗ്ഗ പ്പാർട്ടികൾ എന്നനിലയിലും, കോണ്ഗ്രസ്സും ബിജെപിയും ഒരുപോലെ ഇന്ത്യയും ഇസ്രയേലും തമ്മിൽ ഭരണകൂടതലത്തിൽ സഹകരണം  ആഗ്രഹിച്ചു .  ഇപ്പോൾ മോഡി അധികാരത്തിൽ വന്നതോടെ സംഘ പരിവാർ ശക്തികൾ ശ്രമിക്കുന്നത്  കൊളോണിയൽ വിരുദ്ധ സമരങ്ങളുടെ പൊതു അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ  ഇന്ത്യയും പലസ്തീനും തമ്മിൽ മുൻപ് വളർത്തിയെടുത്തിരുന്ന  ഐക്യ ദാർഢയത്തിൻറെ ഓർമ്മകൾ അപ്പാടെ മായ്ച്ചു കളയാൻ ആണ്. അങ്ങിനെ ചെയ്യുന്നതിലൂടെ ഈ ഉപഭൂഖണ്ഡത്തിൽ ഇസ്രായേലിന്റെ മുഖച്ഛായ ഉള്ള വ്യത്യസ്തമായ ഒരു ഇന്ത്യയെ നിർമിച്ചെടുക്കാനും  അവർ ശ്രമിക്കുന്നു . അയൽ രാജ്യങ്ങളുമായും സ്വന്തം രാജ്യത്തിലെ ന്യൂനപക്ഷ സമുദായക്കാരുമായും  മർദിത ദേശീയതകളുമായും വിദ്വേഷം പുലർത്തുന്ന  നയം അത്തരം ഒരു ഇന്ത്യയുടെ സ്ഥായിയായ ഒരു സവിശേഷതയായിരിക്കും.
   മേൽപ്പറഞ്ഞത്‌ പോലുള്ള ഒരു ചരിത്ര സന്ദർഭത്തിൽ, ഇസ്രായേലിന്റെ  നഗ്നമായ അധിനിവേശത്തെയും പലസ്തീൻ ആക്രമണങ്ങളെയും  ഉച്ചത്തിൽ ചോദ്യം ചെയ്ത് പ്രതിഷേധം പ്രകടിപ്പിക്കാൻ തയ്യാറുള്ള സാധാരണ ഇന്ത്യക്കാർ ഏറെയാണ് എന്നത് അവഗണിക്കാൻ ആവില്ല. വാസ്തവത്തിൽ അവരാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ ഇന്ന് മുന്നണിയിൽ നില്ക്കുന്നത്.  ഒരു വശത്ത്സ്വ ന്തം സർക്കാരുകൾ ഇസ്രയേൽ അധിനിവേശത്തിന് കൂട്ട് നിൽക്കുമ്പോൾ മറു വശത്ത് അതിന്നെതിരായി ,  ഇസ്രയേലിനെ ബഹിഷ്കരിക്കുകയും ആ രാജ്യത്തിനെതിരെ സാമ്പത്തിക ഉപരോധം നടപ്പാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്   ലോകത്താകമാനം ഉള്ള ദശലക്ഷക്കണക്കിനു ആളുകൾ  പൌരജനസമൂഹങ്ങളെ പ്രതിനിധീകരിച്ച് ഇന്ന്പ്രതിഷേധങ്ങൾ ഉയർത്തുന്നുണ്ട്.
ഇന്ത്യയുടെ  മൂല്യവത്തായ കൊളോണിയൽവിരുദ്ധ  പൈതൃകത്തെയും അതിന്റെ ഭാഗമായി ഉരുത്തിരിഞ്ഞുവന്ന   സമവായത്തിന്റെ പരിണിത ഫലം ആയ ഇന്ത്യയുടെ നാളിതുവരെയുള്ള പലസ്തീൻ നയത്തെയും കാറ്റിൽ പറത്താൻ ഇന്ത്യൻ ഭരണകൂടത്തെ ഒരു കാരണവശാലും അനുവദിക്കാവുന്നതല്ല.
മർദ്ദിതരായ പലസ്തിൻ ജനതയ്ക്ക് ആശ്വാസം പകരും വിധത്തിൽ  ഇസ്രയെലി ആക്രമണത്തെ  അപലപിക്കാനും ഗാസയ്ക്കുമേൽ  ഉള്ള  ഇസ്രായേലിന്റെ സൈനിക നടപടി ഉടൻ നിർത്താൻ സമ്മർദ്ദം ചെലുത്താനും ജനാധിപത്യ വാദികളും സാമ്രാജ്യത്വ വിരുദ്ധ പൊതുജനവികാരം പങ്കിടുന്നവരും ആയ എല്ലാ ഇന്ത്യക്കാരും ഇന്ത്യാ  ഗവണ്‍മെന്റിനോട് ആവശ്യപ്പെടണം. ഐക്യരാഷ്ട്ര സഭയുടെ വേദി ഉപയോഗിച്ച് ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കാൻ ആവശ്യപ്പെടുന്നതോടൊപ്പം , സ്വതന്ത്ര പലസ്തീൻ എന്ന  ആവശ്യത്തെ പിന്തുണയ്ക്കാനും  ഇന്ത്യാ ഗവണ്‍മെന്റ്  തയ്യാറാവണം . ഒപ്പം ഇസ്രായേലിൽ നിന്നും ആയുധങ്ങൾ വാങ്ങുന്നത് അവസാനിപ്പിച്ചുകൊണ്ട് ഇന്ത്യൻ ഭരണകൂടം പലസ്തീൻ വിഷയത്തിൽ വാക്കിലെന്നപോലെ  പ്രവൃത്തിയിലും അതിന്റെ നയം പാലിക്കുകയും വേണം .
പലസ്തീൻ ഇന്ന് കൊളോണിയൽ വാഴ്ച , അധിനിവേശം ,വംശീയത എന്നിവയ്ക്കെതിരായ ജനകീയ ചെറുത്തു നിൽപ്പുകളിൽ വെച്ച് ഏററവും കാല ദൈർഘ്യമേറിയ ഒരു പോരാട്ടത്തിന്റെ പ്രതീകം ആണ്. നാസി കൂട്ടക്കൊലകളുടെയും വംശ വിദ്വേഷ ത്തിന്റെയും  ചരിത്ര സ്മാരകം കൂടിയായി  കണക്കാക്കപ്പെടുന്ന ഇസ്രയേൽ ഭരണകൂടം സമകാലിക ലോകത്തിൽ വംശീയതയുടെയും വംശഹത്യകളുടെയും പ്രഭവകേന്ദ്രം ആകുന്നത് ഒരു വിരോധാഭാസം ആണ്. അതിനാൽ , പലസ്തീനിനു മേലെ  ഇസ്രയേൽ ഇപ്പോൾ  നടത്തിവരുന്ന  വംശീയ അധിനിവേശവും കൂട്ടക്കൊലകളും അവസാനിപ്പിക്കാനുള്ള ആഹ്വാനം ലോകമനസ്സാക്ഷിയെയാകമാനം  ഉൾക്കൊള്ളുന്നതും അഭിസംബോധന ചെയ്യുന്നതുമായ ഒന്നാണ്.     .


No comments:

Post a Comment