Saturday, 5 July 2014

വിലകൾ കുതിച്ചുയരുന്നു
പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനം മോഡി കാറ്റിൽ പറത്തുന്നു


നാണയപ്പെരുപ്പം നിയന്ത്രിച്ച്  വിലക്കയറ്റം തടയും എന്നതായിരുന്നു മോഡിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ ജനങ്ങളെ സ്വാധീനിച്ച വയിൽ ഏറ്റവും പ്രധാനം. എന്നാൽ ,അധികാരത്തിൽ ഏറിയ ആദ്യ മാസം തന്നെ തൊട്ടതിനും വെച്ചതിനും ആകെ വിലകൾ കൂട്ടും മുൻപ്  പാർലമെന്റിൽ ഒരു ചർച്ചയ്ക്ക്  ഉള്ള സാവകാശം പോലും മോഡി അനുവദിച്ചില്ല. യു പി എ രണ്ടാം സർക്കാരിന്റെ നയങ്ങളുടെ തുടർച്ചയുടെ ഭാഗം തന്നെയാണ് മോഡി ഭരണവും എന്ന്  മാത്രമല്ലാ, ജനദ്രോഹ നയങ്ങൾക്ക് കാമ്പില്ലാത്ത  ഒഴിവുകഴിവുകൾ വിളമ്പുന്ന കാര്യത്തിൽ പോലും മൻമോഹൻ  ടീമിൽ നിന്നും തങ്ങൾ  ഒട്ടും വ്യത്യസ്തരല്ലെന്ന് അവർ  തെളിയിച്ചിരിക്കുന്നു.        
റെയിൽവേ യാത്രക്കൂലി നിരക്കുകളും ചരക്കുകൂലിയും ഒരേപോലെ വർധിപ്പിചിരിക്കുന്നു. ചരക്കു കൂലിയിൽ വരുത്തിയ വർധനവ്‌ നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റത്തെ കൂടുതൽ ദുസ്സഹം ആക്കും എന്ന് പറയേണ്ടതില്ല .പഞ്ചസാര, ഉള്ളി ,പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയൊന്നും വിലക്കയറ്റത്തിന്റെ പിടിയിൽ നിന്നും മുക്തമല്ല .ഗ്യാസ് വില ഇനിയും കൂട്ടാൻ ആലോചിക്കുമ്പോൾ അതിന്റെ പ്രത്യാഘാതമായി കർഷകരെ കാത്തിരിക്കുന്നത് മറ്റൊരു ഇടിത്തീ പോലെ വരാൻ പോകുന്ന യൂറിയാ വില വർധനവ്‌ ആണ് . ഇവയെല്ലാം മൂലം ദുരിതങ്ങൾ അനുഭവിക്കാൻ പോകുന്ന സാമാന്യ ജനവും വിശേഷിച്ചു കൂടുതൽ ദരിദ്രരായ  ജനവിഭാഗങ്ങളും മോഡിയുടെ നേരും നെറിയും ഇല്ലാത്ത തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ മറന്നുപോകാൻ ഇടയില്ല .
വിലക്കയറ്റത്തിന്റെ ദുരിതങ്ങൾ പെരുപ്പിക്കാൻ ഇടവരുത്തുന്ന പൂഴ്ത്തി വെപ്പും ഊഹക്കച്ചവടവും നിയന്ത്രിക്കാൻ ഫലപ്രദമായ ഒരു നടപടിയുംബി ജെ പി സർക്കാർ  ഇനിയും സ്വീകരിച്ചിട്ടില്ല.
നെല്ലിനും പയർ വർഗ്ഗ ഉൽപ്പന്നങ്ങൾക്കും നാമമാത്രമായ താങ്ങ് വിലകൾ  മോഡി സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി .ഇതിന്റെ പേരിൽ  നിയോലിബറൽ സാമ്പത്തിക നയങ്ങളുടെ വക്താക്കൾ മോഡി സർക്കാരിനെ കുറ്റപ്പെടുത്തുന്നത് വിലക്കയറ്റ ത്തിന്റെ മുഖ്യ കാരണം അതാണ്‌ എന്ന് പറഞ്ഞുകൊണ്ടാണ് ."കർഷകരുടെ സമ്മർദ്ദങ്ങൾക്ക് മുന്നിൽ സർക്കാർ കീഴടങ്ങി"യത് കൊണ്ടാണത്രേ വിലക്കയറ്റം ഉണ്ടായത് ! വാസ്തവത്തിൽ മേല്പ്പറഞ്ഞ താങ്ങ് വിലകൾ വേണ്ടതിലും വെച്ച് എത്രയോ കുറവാണ് എന്ന കാര്യം മറച്ചു വെക്കാൻ ആണ് അവർ ശ്രമിയ്ക്കുന്നത് . കാര്ഷിക മേഖലയിൽ  ഉൽപ്പാദനച്ചെലവ് കൃഷിക്കാർക്ക് താങ്ങാനാവുന്നതിലും ഏറെയായിരിക്കുന്നതും സർക്കാർ സബ് സിഡികൾ യഥാർഥത്തിൽ പലതും നീക്കം ചെയ്യപ്പെടുന്നതും കണ്ടില്ലെന്നു നടിക്കുകയാണ് അവർ. കാർഷിക ഉൽപ്പാദന മേഖലയ്ക്കു പിടിച്ചു നിൽക്കണമെങ്കിൽത്തന്നെ ജലസേചനം, രാസവളങ്ങൾ, വൈദ്യുതി തുടങ്ങിയ നിവേശങ്ങളുടെ കാര്യത്തിൽ സർക്കാർ സബ് സിഡികൾ നില നിർത്തുകയും വര്ധിപ്പിക്കുകയും ആണ് വേണ്ടത് . 
ഭക്ഷ്യ ഉല്പ്പന്നങ്ങളുടെ വിലവർധനവ്‌ മൂലം കർഷകർക്ക് ഒരു നേട്ടവും ലഭിക്കുകയില്ല എന്നതാണ് സത്യം. ഉദാഹരണത്തിന് പഞ്ചസാരയുടെവില കൂടിയത് കരിമ്പ് കൃഷിക്കാരെ സഹായിക്കാൻ മോഡി സർക്കാർ  എന്തെങ്കിലും ചെയ്തത് കൊണ്ടായിരുന്നില്ല . പഞ്ചസാര കയറ്റുമതിക്ക് അധിക നികുതി ഏർപ്പെടുത്തിയപ്പോൾ പഞ്ചസാര മില്ലുകൾക്ക് ഇറക്കുമതിച്ചുങ്കം താഴ്ത്തിക്കൊടുക്കുകയായിരുന്നു. അത് പോലെ പഞ്ചസാര മില്ലുകൾക്ക്  പലിശ രഹിത വായ്പ്പയും ധാരാളമായി നല്കി .കോർപ്പറേറ്റ് നിയന്ത്രണത്തിൽ ഉള്ള പഞ്ചസാര ലോബി മൊത്തമായി കരിമ്പ്‌  കൃഷിക്കാർക്ക്‌ നല്കാനുള്ള കുടിശ്ശിക 110 ബില്ല്യൻ (പതിനായിരം കോടി ) രൂപ വരും. മില്ലുടമസ്ഥർ  ഈ തുക കൃഷിക്കാർക്ക് നല്കുന്നു എന്ന് ഉറപ്പുവരുത്താൻ  ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല .
പഞ്ചസാര ഇറക്കുമതിക്കുമേൽ അധികനികുതി ചുമത്തിയിരുന്നുവെങ്കിൽ ഉചിതമായ നടപടികളുടെ പിൻബലത്ത്തോടെയെങ്കിലും കർഷകർക്ക് ചില നേട്ടങ്ങൾ ലഭ്യമാവുമായിരുന്നു, പക്ഷെ, ഇവിടെ സംഭവിച്ചത് നേരെ മറിച്ചാണ്‌ . വിതരണത്തിൽ കാര്യമായ ക്ഷാമം ഒന്നും ഇല്ലാത്തപ്പോൾ പഞ്ചസാര ഇറക്കുമതിക്കാർക്ക് സർക്കാർ ആനുകൂല്യങ്ങൾ നല്കുന്നു. സര്ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ നടപടി പഞ്ചസാരയുടെ വില കൂട്ടാൻ ഉള്ള പച്ചക്കൊടിവീശൽ ആയി മില്ലുടമകൾ കരുതുകയും അപ്രകാരം വില വർധന നടപ്പാക്കുകയും ചെയ്യുന്നു. മഹാരാഷ്ട്രയിലെ പഞ്ചസാര ലോബിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗദ്കാരിയടക്കം പങ്കെടുത്ത ഒരു യോഗത്തിലാണ്  കോർപ്പറേറ്റ് ഷുഗർ ലോബിയുടെ താൽപ്പര്യങ്ങൾക്ക് മാത്രം ഗുണം ചെയ്യുന്നതും  കരിമ്പ് കൃഷിക്കാർക്കും പഞ്ചസാരയുടെ ഉപഭോക്താക്കൾക്കും ദ്രോഹകരവും ആയ തീരുമാനങ്ങൾ ഉണ്ടായത് എന്നതും ശ്രദ്ധേയമാണ് .

അതുപോലെ , പ്രകൃതി വാതക വിലവർധന മുകേഷ് അംബാനിയുടെ റിലയൻസിനെ തടിപ്പിക്കാൻ വേണ്ടിയാണ്. യൂറിയയുടെ മൊത്തം ഉൽപ്പാദനചെലവിൽ അഞ്ചിൽ നാലുഭാഗം വാതക വിലയാണ് എന്നതിനാൽ വെട്ടിച്ചുരുക്കപ്പെടുന്ന രാസവള സബ് സിഡിയുടെയും  താങ്ങാനാവാത്ത വിലകളുടേയും രൂപത്തിൽ അതും കര്ഷകരെ പ്രതികൂലമായി ബാധിക്കാൻ പോകുന്നു .
മോഡി സർക്കാർ ഒരു മാസത്തിനുള്ളിൽ കൈക്കൊണ്ട  ജനവിരുദ്ധമായ എല്ലാ തീരുമാനങ്ങളും ദേശ താൽപ്പര്യങ്ങൾക്കനുസൃതം ആണ് എന്ന് മോഡിയുടെ ബ്ളോഗിൽ അവകാശപ്പെടുന്നുണ്ട് . ഈ ബ്ളോഗ് മുന് സർക്കാറിന്റെ ജനവിരുദ്ധ നടപടികളെ വിമർശിക്കുന്നതിൽ മറ്റാരേക്കാളും മുന്നിൽ ആയിരുന്നു. എന്നാൽ മോഡി ഗവണ്‍മെന്റും മുൻ യുപിഎ സർക്കാർ അടക്കം നിയോ ലിബറൽ നയങ്ങളെ  പ്രതിനിധാനം ചെയ്യുന്ന എല്ലാവരും  ഒരു കാര്യത്തിൽ തികഞ്ഞ യോജിപ്പാണ് : കോർപ്പറേറ്റ്കൾക്ക് വഴിവിട്ട ആനുകൂല്യങ്ങൾ നല്കിയ ശേഷം അവയുടെ അമിത ഭാരം മൂലം ജനങ്ങൾക്ക്‌ നേരിടേണ്ടിവരുന്ന ദുരിതങ്ങൾ എല്ലാം രാജ്യതാൽപ്പര്യം മുൻ നിർത്തി സഹിക്കേണ്ടവയും ഒഴിവാക്കാനാവാത്തവയും ആണ് എന്ന് പ്രചചരിപ്പിക്കൽ ആണ് അത് .
കോർപ്പറേറ്റ് വാർത്താ മാധ്യമങ്ങൾ  വാഗ്ദാന രൂപത്തിൽ വിതരണം ചെയ്ത 'നല്ല നാളുകൾ'ക്ക് വേണ്ടി വോട്ടു ചെയ്ത ജനങ്ങൾ അനിശ്ചിതമായി കാത്തിരിക്കും എന്നോ, ജനങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന അസംതൃപ്തിയെ ഏറെ നാൾ തടഞ്ഞു നിർത്താൻ മേൽപ്പറഞ്ഞ മാദ്ധ്യമ പ്രചാരണങ്ങളിലൂടെ മോഡിയ്ക്ക് സാധിക്കും എന്നോ കരുതുന്നതിന്  യാഥാർഥ്യവുമായി  ഒരു ബന്ധവുമില്ല.


No comments:

Post a Comment