Sunday, 8 January 2017

  അമ്പത് ദിവസം എന്ന മോദിയുടെ വാഗ്ദാനം പൊളിഞ്ഞു  : നോട്ടു റദ്ദാക്കൽ ദുരിതങ്ങൾക്ക് ഇനിയും പരിഹാരമില്ല 

 നോട്ടു റദ്ദാക്കൽ പ്രഖ്യാപനത്തിന്റെ അവസരത്തിൽ ഉയർത്തിയ പ്രശ്നങ്ങളും അവ പരിഹരിക്കുന്നത് സംബന്ധിച്ച വാഗ്ദാനങ്ങളും അവകാശവാദങ്ങളും പരാമർശിക്കുകപോലും ചെയ്യാതെ നവവത്സരദിനത്തലേന്ന്  പ്രധാനമന്ത്രി നടത്തിയ പ്രസംഗം ആ നിലയിൽ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. അമ്പതു ദിവസത്തെ പ്രയാസങ്ങൾ രാജ്യത്തിന് വേണ്ടി ജനങ്ങൾ സഹിക്കണമെന്നും, അത് കഴിഞ്ഞും ബുദ്ധിമുട്ടുകൾ ഉണ്ടാവുന്ന പക്ഷം രാജ്യത്തിലെ ഏതു കവലയിൽവെച്ചും ഏത് തരം  ശിക്ഷ വേണമെങ്കിലും ജനങ്ങൾ തനിക്കു നൽകിക്കോട്ടെ എന്നായിരുന്നു നോട്ട് റദ്ദാക്കൽ പ്രഖ്യാപിച്ച നവംബർ 8 നു രാത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ  പറഞ്ഞിരുന്നത്.

  എന്നാൽ ,ഡിസംബർ 31 ആയപ്പോൾ മേൽപ്പറഞ്ഞ അമ്പതു ദിവസ കാലാവധിയെക്കുറിച്ചു  പരാമർശം പോലും മോദി ഒഴിവാക്കി. നോട്ടു റദ്ദാക്കൽ കൊണ്ട് സാധിക്കുമെന്ന് അവകാശപ്പെട്ടിരുന്ന എന്താണ് യാഥാർഥത്തിൽ നേടിയതെന്നും മോദി പറഞ്ഞില്ല. റദ്ദാക്കിയ കറൻസിയുടെ രൂപത്തിൽ 'കള്ളപ്പണ'വും കള്ളനോട്ടുകളും എത്ര ശതമാനം ഉണ്ടായിരുന്നെന്നോ, അപ്രകാരമുള്ള നോട്ടുകൾ കണ്ടെടുത്ത്  നശിപ്പിക്കാൻ കഴിഞ്ഞത് എത്ര തുകയ്ക്കുള്ള മൂല്യം വരുന്നതാണെന്നോ ജനങ്ങളോട് വിശദീകരിക്കേണ്ടത് തന്റെ ബാധ്യതയാണെന്ന് അൻപത് ദിവസങ്ങൾ കഴിഞ്ഞുള്ള അഭിസംബോധനയിൽ മോദിയ്ക്ക് തോന്നിയില്ല .കള്ളപ്പണവേട്ടയിൽ എത്ര കള്ളപ്പണക്കാരെ കണ്ടെത്തിയെന്നോ, എത്രപേരെ ശിക്ഷിച്ചുവെന്നോ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായതുമില്ല. ബാങ്കുകളിൽ നിന്നും പണം പിൻവലിക്കുന്നതിന് ഇത്രയേറെ നിയന്ത്രണം ഉള്ളപ്പോൾ പുതുതായി ഇറക്കിയ നോട്ടുകൾ ചിലരുടെ കയ്യിൽ ലക്ഷങ്ങളും കോടികളുമായി കണ്ടെത്തിയത് എങ്ങനെയെന്നോ, ഭീകരപ്രവർത്തനങ്ങൾക്ക് തടയിടുക എന്നതും ഉദ്ദിഷ്ടലക്ഷ്യമാക്കിയ നോട്ടു റദ്ദാക്കലിന് ശേഷവും എന്തുകൊണ്ട് ഭീകരാക്രമണങ്ങൾക്ക് കുറവൊന്നും ഉണ്ടായില്ല എന്നോ വിശദീകരിക്കപ്പെട്ടില്ല.

നോട്ടു റദ്ദാക്കലിന് ശേഷം രാജ്യത്ത് ഉണ്ടായ അതിരൂക്ഷമായ പണപ്രതിസന്ധി എത്രകാലം ഇനിയും തുടരുമെന്നോ ,എന്ന് അത് പരിഹരിക്കുമെന്നോ , ബാങ്കുകളിൽ പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം ഇനിയെത്ര കാലം തുടരുമെന്നോ പറയാൻ പ്രധാനമന്ത്രിയ്ക്ക്  കഴിഞ്ഞില്ല. അതിലുപരിയായി, പണ ദൗർലഭ്യം മൂലം ഇപ്പോൾ മൊത്തത്തിൽ ഉണ്ടായ തൊഴിൽ നഷ്ടം, കാർഷിക രംഗത്തെ കഠിനമായ പ്രതിസന്ധി ഇവമൂലം ദുരിതങ്ങളനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നത് പോയിട്ട് രാജ്യത്ത് ഉണ്ടായ അതിഗുരുതരമായ സാമ്പത്തിക മാന്ദ്യം ഉണ്ടെന്നു അംഗീകരിക്കാൻ പോലും മോദി  കൂട്ടാക്കിയില്ല..

നോട്ട് റദ്ദാക്കലിന് ശേഷം ജനങ്ങൾക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചു ഒന്നും പറയാത്ത മോദി തന്റെ പ്രസംഗത്തിൽ പ്രഖ്യാപിച്ച നാമമാത്രമായ ഇളവുകൾ ഒരു സാധാരണ ബഡ്ജറ്റ് പ്രസംഗത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു.  റാബി വിളവിറക്കലിന്റെ ചെലവുകൾ നിറവേറ്റാൻ ജില്ലാ സഹകരണ ബാങ്കുകളിൽനിന്നോ പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നോ വായ്പ്പകളെടുത്ത കൃഷിക്കാർക്ക് വെറും അറുപതു ദിവസത്തെ പലിശയിളവാണ്‌ അതീവ  ഗുരുതരമായ കാർഷിക പ്രതിസന്ധിയുള്ളപ്പോൾപ്പോലും മോദി പ്രഖ്യാപിച്ചത്.

പഴയതും, ഇപ്പോൾ നിലവിലുള്ളതുമായ ആശ്വാസ പദ്ധതികൾ പോലും ആദ്യമായി പ്രഖ്യാപിക്കുന്നതുപോലെയായിരുന്നു മോദി തന്റെ പ്രസംഗത്തിൽ പരാമർശിച്ചത്. ഗർഭിണികളായ സ്ത്രീകൾക്ക് 6000 രൂപയുടെ സഹായധനം പ്രഖ്യാപിച്ചത് അതിനു ഉദാഹരണമാണ്. 2013 ൽ നടപ്പാക്കിയ ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രകാരം 6000 രൂപയുടെ അത്തരമൊരു ആനുകൂല്യത്തിന് ഗർഭിണികൾ ഇപ്പോൾത്തന്നെ അർഹരാണ്. എന്നാൽ ,2014 ൽ മോദി പ്രധാനമന്ത്രിയായ ശേഷം വന്ന ഒരു ബഡ്ജറ്റിലും അതിനുവേണ്ടി തുകകൾ വകയിരുത്തിയിട്ടില്ല എന്നതാണ് യാഥാർഥ്യം! കൃഷിക്കാർക്ക് റുപേ (RuPay )കാർഡുകൾ അല്ലെങ്കിൽ കിസ്സാൻ ക്രെഡിറ്റ് കാർഡുകൾ എന്ന നിലയിൽ മറ്റേതെങ്കിലും വിധത്തിലുള്ള ക്രെഡിറ്റ് കാർഡുകൾ ലഭ്യമാക്കുന്നതിന് 2012 മുതൽ നിയമത്തിൽ വ്യവസ്ഥയുണ്ട് .56 .60 ലക്ഷം
റുപേ (RuPay )കാർഡുകൾ 2013 -14 സാമ്പത്തികവർഷത്തിൽ വിതരണം ചെയ്യപ്പെട്ടിരുന്നുവെന്ന് ലോക് സഭയിൽ ഒരു ചോദ്യത്തിന് ഉത്തരമായി വിശദീകരിക്കപ്പെട്ടിട്ടുണ്ട് എന്ന് ചില മാദ്ധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

ആദിവാസികൾ,ദലിതർ ,പിന്നോക്കജാതിക്കാർ,എന്നീ വിഭാഗങ്ങൾക്ക് മുൻഗണന നിശ്ചയിക്കപ്പെട്ട മുദ്രാ യോജന വഴി വിതരണം ചെയ്യപ്പെടുന്ന വായ്പ്പകൾ ഇരട്ടിയാക്കും എന്ന് മോദി അവകാശപ്പെടുമ്പോഴും ,വസ്തുതകൾ പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയുന്നത് 'മുദ്രാ' വായ്പ്പകളിൽ താരതമ്യേന തുച്ഛമായ തുകകൾ ആണ് 'പുതിയ' വായ്പ്പ കളായി വിതരണം ചെയ്യുന്നത് എന്നാണ് . ഇതുവരെ വായ്‌പകൾ ഒന്നും ലഭിക്കാത്ത വിഭാഗങ്ങൾ ആയിരിക്കും അവർ

ഏറ്റവും ശ്രദ്ധേയമായ കാര്യം , പ്രധാനമന്ത്രി ഇപ്പോൾ പ്രഖ്യാപിച്ച ആശ്വാസ നടപടികൾ ഒന്നുംതന്നെ നോട്ടു റദ്ദാക്കൽ മൂലം ജനങ്ങൾക്ക് ഉണ്ടായ യഥാർഥ വരുമാന നഷ്ടത്തിന് പരിഹാമാകുന്നതിന് തീർത്തും അപര്യാപ്തമാണെന്നതാണ്‌.

നോട്ടുകൾ  റദ്ദാക്കലിന്റെ  ലക്ഷ്യങ്ങൾ ആയി ആദ്യം പ്രഖ്യാപിക്കപ്പെട്ടവ നേടുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടപ്പോൾ, പണരഹിതമോ, പണമിടപാടുകൾ നാമമാത്രമാക്കപ്പെട്ടതോ ആയ ഒരു സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടെന്നു താൻ അവകാശപ്പെടുന്ന മേന്മയിലേക്ക്   
ചർച്ചകൾ മുഴുവൻ കേന്ദ്രീകരിക്കാൻ ആണ് ഇപ്പോൾ പ്രധാനമന്ത്രിയുടെ ശ്രമം. അങ്ങനെ ചെയ്യുന്നതിനിടയിൽ , ഡിസംബർ 31 ന്റെ പ്രസംഗത്തിൽ "പണം" എന്നുവെച്ചാൽ അഴിമതിയുടെ മറ്റൊരു പേരാണ് എന്നും ,അതിനാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ "അധികപ്പറ്റായ  പണം" ഇല്ലാതാക്കി "വൃത്തിയാക്കേണ്ടത്" ആ വശ്യമാണെന്നും ഉള്ള അസംബന്ധജടിലമായ വാദങ്ങൾ ആണ് ഉന്നയിക്കപ്പെട്ടത്. എന്നാൽ വസ്തുക്കൾ പരിശോധിച്ചാൽ, അഴിമതിയും  "പണ" വുമായി അങ്ങനെയൊരു ബന്ധം ഇല്ല എന്ന് മനസ്സിലാവും. പണം കുറവെങ്കിഅഴിമതി കുറയുകയില്ല. ഉദാഹരണത്തിന് സ്വീഡനിലും നൈജീരിയയിലും ഉള്ളത് പണത്തിന്റെ തോത് താരതമ്യേന ഏറ്റവും കുറഞ്ഞ സമ്പദ് വ്യവസ്ഥകയാണെങ്കിലും , സ്വീഡൻ  അഴിമതി കുറഞ്ഞതും, നൈജീരിയ അഴിമതി ഏറ്റവും കൂടിയതും ആയ രാജ്യങ്ങൾ ആയിട്ടാണ് യഥാക്രമം ലോകരാഷ്ട്രങ്ങൾക്കിടയിൽ  നിലകൊള്ളുന്നത്. ജപ്പാനിലെ സമ്പദ് വ്യവസ്ഥയിൽ ഇന്ത്യയിൽ നിലവിലുള്ള 11.8 ശതമാനം എന്ന തോതിനേക്കാൾ ഉയർന്ന  അനുപാതത്തിൽ, അതായത് 20 .7 ശതമാനം ക്യാഷ് ഉണ്ട്. എന്നിട്ടും ഒരു വികസിത സമ്പദ് വ്യവസ്ഥ നിലവിലുള്ള ജപ്പാൻ അഴിമതിരാഹിത്യത്തിന്റെ സൂചകങ്ങളുടെ അടിസ്ഥാനത്തിൽ  ലോകരാജ്യങ്ങളിൽ പതിനെട്ടാമത് സ്ഥാനത്തും ഇന്ത്യ 76 -)മതും ആണ് .

മോദിയുടെ ഡിസംബർ 31 പ്രസംഗം തികച്ചും തെറ്റായ മറ്റൊരു അവകാശവാദം കൂടി നടത്തി. മൂല്യരഹിതമാക്കപ്പെട്ട നോട്ടുകൾ അധികവും അഴിമതി നിറഞ്ഞ ഒരു "സമാന്തര സമ്പദ് വ്യവസ്ഥ"യിൽ കളിച്ചുകൊണ്ടിരുന്നവയായിരുന്നുവെന്നും ഇപ്പോൾ അവയെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നിരിക്കുകയാണെന്നും ആയിരുന്നു അത്. പ്രധാനമന്ത്രി ഇവിടെ അർത്ഥമാക്കുന്നത് അനൗപചാരിക മേഖലകളിൽ നടക്കുന്ന ഓരോ സാമ്പത്തിക പ്രവർത്തനവും കള്ളപ്പണവും അഴിമതിയും കൊണ്ട് നിറഞ്ഞതാണെന്നാണ്. "സമാന്തര"മായി പ്രവർത്തിക്കുന്ന കള്ളപ്പണം എന്നുവെച്ചാൽ അത്തരം മേഖലകളിലെ സാമ്പത്തിക പ്രവർത്തനങ്ങൾ
ആണെന്ന് വാര്ത്തലാണ് ഇതിന്റെ ഉദ്ദേശം. വാസ്തവത്തിൽ , "മുഖ്യധാരാ" ഇന്ത്യയെന്നതുതന്നെ സൃഷ്ടിക്കപ്പെടുന്നത്  അനൗപചാരിക മേഖലകളുടെ മൊത്തമായ പ്രവർത്തനങ്ങളിലൂടെയാണ്; ഇന്ത്യയുടെ മൊത്തം തൊഴിൽശക്തിയുടെ എണ്പത് ശതമാനവും അനൗപചാരിക മേഖലകളിലും ചെറുകിട - ഇടത്തരം വ്യവസായങ്ങളിലും ,ചെറുകിട വ്യാപാര വാണിജ്യ രംഗങ്ങളിലും സേവന മേഖലയിലും പണിയെടുക്കുന്നവരാണ്.അവർ ഇന്ത്യയുടെ ദേശീയ മൊത്തഉൽപ്പാദനത്തിൽ അവരുടെ പങ്ക് 45 % വരും . ഇങ്ങനെയുള്ള അനൗപചാരിക മേഖലയെ അപ്പാടെ സ്തംഭിപ്പിക്കുന്ന നോട്ടു റദ്ദാക്കൽ നടപടി മൂലം സാധാരണ ജനങ്ങളുടെ ഉപജീവനത്തിന്നും നിലനില്പിനുമുള്ള ഉപാധികളാണ് താറുമാറായിരിക്കുന്നത്.

"അധികപ്പറ്റായുള്ള പണം" നിമിത്തം നാണയപ്പെരുപ്പത്തിന്റെ കെടുതികൾ വർദ്ധിച്ചിരുന്നുവെന്ന സൂചനയാണ് മോദിയുടെ പ്രസംഗത്തിലെ മറ്റൊരു അബദ്ധം . നോട്ടു റദ്ദാക്കലിന്റെ ഫലമായി  നാണയപ്പെരുപ്പം കുറഞ്ഞത് സാധാരണക്കാരുടെ ക്രയശേഷിയിൽ അടിച്ചേൽപ്പിക്കപ്പെട്ട പരിമിതികൾ ആണ്. ഡിമാന്റുകൾ കുറഞ്ഞതല്ല കൃത്രിമമായി കുറയ്ക്കപ്പെട്ടതു മൂലം അത്യാവശ്യമായ ഉപഭോഗങ്ങൾ പോലും മാറ്റിവെക്കാൻ ആളുകൾ നിർബന്ധിതരാവുകയായിരുന്നു. ചില ഭക്ഷ്യവസ്തുക്കളുടെ കാര്യത്തി
ൽപ്പോലും ഉണ്ടായ വിലത്തകർച്ചയുടെ കാരണം നോട്ടു റദ്ദാക്കലിന്റെ ഫലമായി കർഷകർ കുറഞ്ഞ വിലയ്ക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ നിര്ബന്ധിതരായതാണ്. അതേ  സമയത്ത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ഉയർത്തിയതുമൂലം നിത്യോപഭോഗ സാധനങ്ങളുടെ വില കൂടുകയും ചെയ്തിട്ടുണ്ട്. പുതുവത്സരത്തിൽ വീണ്ടും ഡീസലിന്റെയും പെട്രോളിന്റെയും വിലകൂട്ടിയതുമൂലം നിത്യോപയോഗ വസ്തുക്കളുടെ വില ഒരിയ്‌ക്കൽക്കൂടി കുതിച്ചുയരുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.

മോദി നടത്തിയ മറ്റൊരു പൊള്ളയായ  അവകാശവാദം "പൊതുമേഖലാ ബാങ്കുകളിൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഭീമമായ തുകകൾ 

 എത്തിക്കാൻ കഴിഞ്ഞത്" സംബന്ധിച്ച് ആണ്. വാസ്തവത്തിൽ ഇതിന്റെ താൽപ്പര്യം എന്താണ് ? വന്കിട  കോർപ്പറേറ്റ് സ്ഥാപനങ്ങൾ ബാങ്കുകൾക്ക് ബോധപൂർവ്വം വരുത്തിവെച്ച കിട്ടാക്കടങ്ങൾ മൊത്തം 11 ലക്ഷം കോടി രൂപയോളം വരും.  അതിസമ്പന്നരായ കടക്കാരിൽ നിന്ന് ഇനി അത് തിരിച്ചു ഈടാക്കാതെതന്നെ ബാങ്കുകൾക്ക് പിടിച്ചു നിൽക്കാൻ കഴിയും വിധത്തിൽ ആവശ്യത്തിന് പ്രവർത്തന  മൂലധനം ലഭ്യമാവുന്നു . പാവപ്പെട്ടവർ കഠിന മായി ജോലി ചെയ്തു ഉണ്ടാക്കിയ ചെറിയ സമ്പാദ്യങ്ങൾ പോലും പിൻവലിക്കാൻ ആകാത്തവിധം പൊതു മേഖലാ ബാങ്കുകളിൽ നിർബന്ധമായും സ്വരൂക്കൂട്ടിയതിന്റെ അന്തിമഗുണഭോക്താക്കൾ ആയിത്തത്തീരുന്നത് അതിസമ്പന്നരും കോർപറേറ്റുകളും!
രണ്ടാമത്തെ കൂട്ടരുടെ കിട്ടാക്കടങ്ങൾ നോൺപെർഫോമിങ് അസ്സെറ്റ്സ്
(NPA ) എന്ന നിലയിൽ മരവിപ്പിക്കുകയോ എഴുതിത്തള്ളുകയോ ചെയ്താലും അതേയാളുകൾക്കും സ്ഥാപനങ്ങൾക്കും ബാങ്കുകൾ വീണ്ടും വായ്‌പകൾ അനുവദിക്കും!

രാഷ്ട്രീയപ്പാർട്ടികൾ സംഭാവനകളായി സ്വീകരിക്കുന്ന ഭീമമായ തുകക ളെക്കുറിച്ചും സുതാര്യതയെക്കുറിച്ചും ഒരു മാമൂൽ എന്ന നിലയ്ക്ക് എന്തൊക്കെയോ പറഞ്ഞുവെന്ന് വരുത്തിയ പ്രധാന മന്ത്രി അത്തരം ഫണ്ടിങ്ങ് നിയന്ത്രിക്കാൻ അത്യാവശ്യമായ നടപടികൾ എന്ത് സ്വീകരിക്കാൻ പോകുന്നു എന്ന് മാത്രം പറയാതെ വിട്ടുകളഞ്ഞു. 


നോട്ടു റദ്ദാക്കൽ മൂലം രാജ്യത്തിലെ ജനങ്ങൾക്ക് വരുത്തിവെച്ച വൻ മാനുഷിക ദുരന്തങ്ങൾക്കും സാമ്പത്തിക പ്രതിസന്ധികൾക്കും സമാധാനം പറയാൻ കഴിയാത്ത പ്രധാനമന്ത്രി ,  തുടക്കത്തിൽ താൻ അവകാശപ്പെട്ടതുപോലുള്ള  ഒരു നേട്ടവും ഉണ്ടാകാത്തതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണ് .എന്നാൽ ഒരു പിടി സമ്പന്നരുടെ താല്പര്യങ്ങൾക്കുവേണ്ടി ജനങ്ങളുടെ ഉപജീവന മാർഗ്ഗങ്ങളും രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയും അപകടപ്പെടുത്തി  യതിന് ഏക ഉത്തരവാദിയെന്ന നിലയിൽ അദ്ദേഹത്തെക്കൊണ്ട്  ജനങ്ങൾ മറുപടി പറയിക്കുകതന്നെ ചെയ്യും .

No comments:

Post a Comment