ഭൂസമര മുന്നണി ആലപ്പുഴ ഘടകത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 22 നു രാവിലെ 11 മണിമുതൽ ആലപ്പുഴയിൽ നടന്ന സമര പ്രഖ്യാപന ഏകദിന കൺവെൻഷൻ സി പി ഐ (എം എൽ ) ലിബറേഷൻ പോളിറ്റ് ബ്യൂറോ അംഗം സഖാവ് വി ശങ്കർ ഉദ്ഘാടനം ചെയ്തു. പുന്നപ്ര വയലാർ രക്തസാക്ഷിനഗറിൽ (നരസിംഹം ഓഡിറ്റോറിയം ) നടന്ന കൺവെൻഷനിൽ ഭൂസമരമുന്നണി വൈസ് ചെയർമാനും സി പി ഐ (എം എൽ )ലിബറേഷൻ സംസ്ഥാന ലീഡിങ് ടീം അംഗവും ആയ സ: ഓ പി കുഞ്ഞുപിള്ള അധ്യക്ഷത വഹിച്ചു .
ഭൂസമര മുന്നണി സംസ്ഥാന കൺവീനറും എൻ ഡി എൽ എഫ് ചെയർമാനും ആയ സ: കെ കെ എസ് ദാസ് കൺവെൻഷനെ അഭിസംബോധന ചെയ്ത് മുഖ്യ പ്രഭാഷണം നടത്തി .
"ഭൂമികയ്യേറ്റങ്ങൾ ഉന്നയിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങളും അതിനെതിരായ സമരപരിപാടികളും" എന്ന വിഷയം അഡ്വക്കേറ്റ് സ : പി ഓ ജോൺ ചർച്ചയ്ക്കായി അവതരിപ്പിച്ചു.
പുന്നപ്രയിലെയും വയലാറിലെയും അനശ്വരരായ രക്തസാക്ഷികളെ അനുസ്മരിച്ചുകൊണ്ട് ആരംഭിച്ച തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സഖാവ് വി ശങ്കർ കേരളത്തിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ കൊണ്ടുവന്ന കാർഷിക ബന്ധ ബില്ലിനെ തുടർന്ന് പാസാക്കപ്പെട്ട ഭൂപരിഷ്കരണ നിയമങ്ങളിലെ അനേകം അപാകതകളിലേയ്ക്ക് ശ്രദ്ധ ക്ഷണിച്ചു.
പ്രതിഷേധിക്കാനും വിയോജിപ്പ് പ്രകടിപ്പിക്കാനും ജനാധിപത്യത്തിൽ ഉള്ള
അവകാശങ്ങളെ ഭരണകൂട അടിച്ചമർത്തലിലൂടെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതിൽ നമ്മുടെ രാജ്യത്ത് ഇന്ന് ബി ജെ പി ഒറ്റയ്ക്കല്ല എന്ന് നാം മനസ്സിലാക്കുന്നു. പശ്ചിമ ബംഗാളിൽ ഇടതു മുന്നണി സർക്കാർ ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ നടപ്പാക്കാൻ ശ്രമിച്ച സിംഗൂർ- നന്ദിഗ്രാം മാതൃകകളുടെ അനുഭവം മറക്കാറായില്ല. കേരളത്തിൽ 1960 കൾ മുതൽ നടപ്പാക്കിയ ഭൂപരിഷ്കരണ നയത്തിലെ ഗുരുതരമായ വൈകല്യങ്ങളുടെ അനന്തര ഫലമാണ് ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നുവന്നിരിക്കുന്ന ഭൂസമരങ്ങൾ.
കേരളത്തിൽ നിലവിൽവന്ന ഭൂപരിഷ്കരണ നിയമങ്ങളുടെ പശ്ചാത്തലം "കൃഷിഭൂമി കർഷകന് "എന്ന മുദ്രാവാക്യത്തിൻകീഴിൽ കർഷക ജനത ഒന്നടങ്കം അണിനിരന്ന സമരങ്ങൾ ആയിരുന്നുവെങ്കിൽ പിൽക്കാലത്ത് നടപ്പാക്കിയ ഭൂപരിഷ്കരണം ഭൂബന്ധങ്ങളെ സമഗ്രമായി പൊളിച്ചെഴുതുന്നതിനു പകരം കേവലം പാട്ടക്കൃഷി വ്യവസ്ഥയുടെ പരിഷ്കാരമായി കലാശിക്കുകയായിരുന്നു. വൻകിട തോട്ടങ്ങൾ ഭൂപരിഷ്കരണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടതും, പരിധികവിഞ്ഞുള്ള ഭൂമി ഇഷ്ടദാന നിയമത്തിന്റെ ആനുകൂല്യത്തോടെ സ്വന്തക്കാരുടെ പേരിൽ ബിനാമി കൈമാറ്റങ്ങൾ നടത്താൻ ഭൂവുടമകൾക്ക് സാധിച്ചതും നിമിത്തം കൃഷിഭൂമിയുടെ ഉടമാവകാശം നിഷേധിക്കപ്പെട്ടത് യാഥാർത്ഥത്തിൽ മണ്ണിൽ പണിയെടുത്ത വിഭാഗങ്ങൾക്കായിരുന്നു.
സ: കെ കെ എസ് ദാസ് (എൻ ഡി എൽ എഫ് ചെയർമാൻ , ഭൂസമര മുന്നണി സംസ്ഥാന കൺവീനർ ) |
രാജമാണിക്യം കമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയതുപോലെ സംസ്ഥാനത്ത് 525000 ഏക്കർ തോട്ടഭൂമി ഇപ്പോഴും വൻകിട തോട്ടം കമ്പനികൾ അന്യായമായി കയ്യടക്കിവെച്ചിരിക്കുന്നു. ഇവ പിടിച്ചെടുത്തു ഭൂരഹിതർക്ക് വിതരണം ചെയ്യാനുള്ള ആവശ്യം അംഗീകരിപ്പിക്കുന്നതിനു ഇതുപോലുള്ള കൺവെൻഷനുകൾ മതിയാവുകയില്ല എന്ന് ഞങ്ങളുടെ പാർട്ടി വിശ്വസിക്കുന്നു. ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടു അത്തരം ഭൂമികളിൽ കൊടികൾ നാട്ടി അവകാശം സ്ഥാപിക്കലും സമരം ചെയ്യുകയും ആണ് സാധ്യമായ ഒരേയൊരു മാർഗ്ഗം. കോർപ്പറേറ്റ് -ഭൂമാഫിയകളുടെ കയ്യേറ്റവും അനധികൃത കൈവശപ്പെടുത്തലും പ്ലാന്റേഷൻ ഭൂമികളിൽ മാത്രമായി ഒതുങ്ങുന്നില്ല . ദരിദ്രരിൽ നിന്ന് ഭൂമി തട്ടിയെടുത്തും വൻതോതിൽ കായൽ കയ്യേറ്റം നടത്തിയും ഒരു പ്രശ്നവുമില്ലാതെ മന്ത്രിസ്ഥാനത്ത് തുടരുന്ന തോമസ് ചാണ്ടിയുടെ ഉദാഹരണം വ്യക്തമാക്കുന്നത് നിയോലിബറൽ ഭരണവർഗ്ഗനയങ്ങൾ ഭൂമാഫിയാകൾക്ക് എങ്ങിനെയെല്ലാം പ്രോത്സാഹനം നല്കുന്നുവെന്നാണ്; അതുപോലെ വിദ്യാഭ്യാസരംഗത്തും മറ്റു നിരവധി മേഖലകളിലും മാഫിയകളുടെ ആധിപത്യം മൂലം ജനജീവിതം പൊറുതിമുട്ടുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ്. സാമ്പത്തിക നയത്തിന്റെ കാര്യത്തിൽ ബി ജെപി സർക്കാരും ബി ജെ പിയിതര സർക്കാരുകളും ഒരേ നിയോലിബറൽ പാത തന്നെയാണ് പിന്തുടരുന്നത്.
കർണ്ണാടകത്തിലെ കൊപ്പൽ ജില്ലയിൽ 25 വർഷങ്ങളായി ദലിത് ജനവിഭാഗം കൃഷിചെയ്തു പോരുന്ന ഒരു ഭൂമി തട്ടിയെടുക്കാൻ നാട്ടുകാരായ ചില സ്ഥാപിതതാല്പര്യക്കാരുടെയും സർക്കാരിന്റെയും ഒത്താശയോടെ നടന്ന ശ്രമങ്ങൾക്കെതിരെ സി പി ഐ (എം എൽ ) ഇന്ന് സമര രംഗത്താണ്. പ്രസ്തുത ഭൂമിയിൽ ദലിതുകൾ ചെങ്കൊടി നാട്ടി പാർട്ടിയുടെ നേതൃത്വത്തിൽ ചെറുത്തുനിന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ വൻ പോലീസ് സന്നാഹത്തോടെ എത്തിയിരുന്ന ടാറ്റാ കമ്പനിയെ പിന്തിരിപ്പിക്കാൻ എസ് സി / എസ് ടി കമ്മീഷനിൽ നിന്നും ഉത്തരവ് സമ്പാദിക്കാൻ പാർട്ടി നേതൃത്വം നൽകിയ ചെറുത്തു നിൽപ്പിനു കഴിഞ്ഞു.
ബുള്ളറ്റ് ട്രെയിൻ പദ്ധതി പോലുള്ള വികസന പ്രവർത്തനങ്ങൾ പലതും ഇന്ന് മനുവാദി ശക്തികളുടെ മുൻകൈയ്യിലും നേതൃത്വത്തിലും അരങ്ങേറുന്നത് ദളിത്- ആദിവാസി ജനതയുടെ ഭൂമി തട്ടിയെടുത്തതുകൊണ്ടാണ്.അംബാനിമാരുടെയും അദാനിയുടേയും വികസനമാണ് ഇത് - ഇതിന്റെ വില നല്കേണ്ടിവരുന്നത് മിക്കപ്പോഴും ദളിതുകളോ ആദിവാസി ജനസമൂഹങ്ങളോ ആണ്. ഈ വിഭാഗങ്ങൾ മനുസ്മൃതിയിലും വേദങ്ങളിലും ഹിന്ദുക്കളിലെ കീഴ് ജാതികളിൽ പ്പോലും പെടാത്തവരാണെന്നു ഹിന്ദു താൽപ്പര്യങ്ങളുടെ രക്ഷകരായി ഭാവിക്കുന്നവർക്കു ഒരു പക്ഷെ നന്നായി അറിയാമെന്ന് സഖാവ് ശങ്കർ ചൂണ്ടിക്കാട്ടി.
ഭൂസമരം മുന്നണി രൂപീകരണത്തിന്റെ കാലോചിതമായ സന്ദർഭവും പശ്ചാത്തലവും വിശദീകരിച്ചുകൊണ്ട് സംസാരിച്ച സ: കെ കെ എസ് ദാസ് അതിനെ വിപുലമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ട ആവശ്യകത വ്യക്തമാക്കി. പുത്തൻ കൊളോണിയൽ ചൂഷണം സമസ്ത മേഖലകളേയും ഗ്രസിച്ചിരിക്കുന്നതിനാൽ വിശാല ഭൂപ്രദേശങ്ങളും സാമ്പത്തിക മണ്ഡലവുമെല്ലാം ഭരണവർഗ്ഗ ഒത്താശകളോടെ ഭൂ മാഫിയകളും ഭൂമി തട്ടിപ്പുകാരും കൂസലില്ലാതെ കയ്യടക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുകയാണ് . സാമ്പത്തിക ഉദാരവൽക്കരണം ലക്ഷ്യമാക്കുന്ന പുത്തൻ നയങ്ങൾ വ്യക്തികൾക്കോ സമൂഹത്തിനോ ഒരു ഗുണവും ചെയ്യുകയില്ല ; ആളോഹരി വരുമാനവും ആഭ്യന്തര ഉൽപ്പാദന നിരക്കുകളും കുത്തനെ ഇടിയുകയായിരുന്നു അവയുടെ പ്രത്യക്ഷമായ പരിണിത ഫലം.
ഇന്ത്യയിൽ കൊളോണിയൽ കാലഘട്ടത്തിലും അതിനു ശേഷവും നടന്ന കർഷക സമരങ്ങളുടെ വിശാലമായ ഒരു പശ്ചാത്തലം അവതരിപ്പിച്ചു കൊണ്ട്
സ: പി ഓ ജോൺ തുടർന്ന് സംസാരിച്ചു. മന്ത്രിയടക്കം ഉള്ളവർ ഇന്ന് ഭൂമിതട്ടിപ്പുകാരായിരിക്കുമ്പോൾ അതിനെതിരെയുള്ള ജനകീയ സമരങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ഏറ്റവും പ്രായോഗികമായ വഴികൾ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തിൽ ഊന്നിയാണ് അദ്ദേഹം വിഷയം അവതരിപ്പിച്ചത്.
സി പി ഐ (എം എൽ ) സംസ്ഥാന ലീഡിങ് ടീം ജനറൽ സെക്രട്ടറി സ: ജോൺ കെ എരുമേലി , ഭൂസമര മുന്നണി ജനറൽ കൺവീനർ സ: എം ജെ ജോൺ , കുഞ്ഞപ്പൻ കുമ്മായത്തറ (മൽസ്യത്തൊഴിലാളി യൂണിയൻ ), രമേശ് അഞ്ചിലശ്ശേരി (എൻ ഡി എൽ എഫ് ) എന്നിവർ തുടർന്ന് ചർച്ചയിൽ പങ്കെടുത്തു .ഹാരിസൺ മലയാളം കമ്പനി അനധികൃതമായി കൈവശം വെച്ച ചെറുവള്ളി എസ്റ്റേറ്റ് ഗേറ്റിൽ ഭൂസമര മുന്നണി ആരംഭിച്ച സത്യാഗ്രഹ സമരം മാസങ്ങൾ പിന്നിട്ടിരിക്കുന്നു . പാട്ടക്കാലാവധി കഴിഞ്ഞ തോട്ടം ഭൂമികൾ മുഴുവൻ പിടിച്ചെടുത്തു ഭൂരഹിതരായ തോട്ടം തൊഴിലാളികൾക്കും മറ്റ് ദരിദ്ര ഭൂരഹിതർക്കും വിതരണം ചെയ്യണമെന്ന ആവശ്യം ഉയർത്തിയുള്ള പ്രസ്തുത സമരത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി തോമസ് ചാണ്ടി ആലപ്പുഴ ജില്ലയിൽ കായൽ ഭൂമി കയ്യേറിയതും , ഭൂരഹിതർക്ക് പതിച്ചു നൽകപ്പെട്ടിരുന്ന ഭൂമി തട്ടിപ്പറിച്ചതും ആയ റിപ്പോർട്ടുകൾ ശക്തമായ പ്രതിഷേധത്തിന് ഇടവരുത്തിയത്.
മന്ത്രി തോമസ് ചാണ്ടി നടത്തിയ ഭൂമി കയ്യേറ്റത്തെയും ഭൂമി തട്ടിപ്പിനെയും മുൻനിർത്തിയുള്ള ബഹുജന പ്രക്ഷോഭം അടക്കമുള്ള ഭാവി പ്രവർത്തനങ്ങൾ ജില്ലയിൽ ശക്തിപ്പെടുത്താൻവേണ്ടി സഖാവ് ടി കെ രഞ്ജിത്ത് കൺവീനർ ആയി ഒരു ഒൻപതംഗ കമ്മിറ്റിക്കുരൂപം നൽകിക്കൊണ്ടാണ്
ഭൂസമര മുന്നണിയുടെ ആലപ്പുഴ കൺവെൻഷൻ സമാപിച്ചത്.
No comments:
Post a Comment