Wednesday 3 January 2018

2018
ഫാസിസ്റ്റ്   വിരുദ്ധ
ജനകീയചെറുത്തുനിൽപ്പിന്റെ വർഷമാക്കുക !
 


 മുസ്ലിം-ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കും ദളിതുകൾക്കും മോദി ഭരണത്തോട് വിയോജിപ്പ് പുലർത്തിയവർക്കും, ഇന്ത്യയെന്ന  വിശാല രാജ്യത്തിന്റെ യും അതിന്റെ ഭരണഘടനയുടെയും മതേതര ജനാധിപത്യ അടിത്തറയ്ക്കും  എതിരെ ഏറ്റവും ഹീനമായ കടന്നാക്രമണങ്ങൾ  നടന്നതിന്റെ പേരിൽ ആയിരിക്കും   
2017 ഓർമ്മിക്കപ്പെടുക.
പിന്നിട്ട  വർഷത്തെ ക്രിസ്തുമസ്  ആഘോഷങ്ങൾക്കിടെ  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘപരിവാർ ഗുണ്ടാസംഘങ്ങൾ   ക്രിസ്ത്യാനികൾക്കെതിരെ  ആസൂത്രിതമായ ആക്രമണം അഴിച്ചുവിട്ടു. ക്രിസ്ത് മസിനു  10  ദിവസങ്ങൾ മുൻപുതന്നെ കരോൾ ഗായക സംഘങ്ങൾ ശാരീരികമായി കയ്യേറ്റം ചെയ്യപ്പെടുകയും മദ്ധ്യപ്രദേശിലെ ഒരു പോലീസ് സ്റ്റേഷന്റെ തൊട്ടരികിൽ വെച്ച്  അവരുടെ കാറുകൾ കത്തിക്കുകയും ചെയ്തു.  ഈ ആക്രമണങ്ങൾ തടയുകയോ, പ്രസ്തുത സംഘത്തിൽപ്പെട്ടവരെ അറസ്റ്റു ചെയ്യുകയോ അല്ലാ പോലീസ് ചെയ്തത്; മറിച്ച് , "നിർബന്ധിത മതപരിവർത്തനത്തിന്"  ശ്രമിച്ചു എന്നാരോപിച്ചു 
കരോൾ ഗായകരുടെ പേരിൽ കേസ് ചുമത്തുകയായിരുന്നു.   ഫാസിസ്റ്റ് ആക്രമണങ്ങളുടെ ഇരകൾക്കെതിരെ  ഇതുപോലെ കേസ് ചുമത്തൽ  ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഒരു വ്യവസ്ഥാപിതമാതൃക തന്നെയായിക്കഴിഞ്ഞിട്ടുണ്ട്. ഉത്തർപ്രദേശിലെ അലിഗറിൽ ഹിന്ദു ജാഗരൺ മഞ്ച് എന്ന ഒരു സംഘപരിവാർ  സംഘടന ക്രിസ്തുമസ് ആഘോഷങ്ങൾ പാടില്ല എന്ന് താക്കീത് ചെയ്യുന്ന ഒരു കത്ത് ക്രിസ്ത്യൻ മാനേജ്‌മെന്റുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ അധികാരികൾക്കു  വിതരണം ചെയ്തതിന് പിന്നാലെയാണ്  കരോൾ ഗായകരെ  കുത്തി പരിക്കേൽപ്പിച്ച സംഭവമുണ്ടായത്. ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തുന്നത് "ഹിന്ദു വിദ്യാർത്ഥികളെ   ക്രിസ്തുമതത്തിലേക്ക് പ്രലോഭിക്കുന്ന" പ്രവൃത്തിക്ക്  തുല്യമായി  കണക്കാക്കും എന്ന് പ്രസ്തുത കത്തിൽ ഭീഷണി മുഴക്കിയിരുന്നു. യു പി യിൽത്തന്നെയുള്ള  മഥുരയിൽ , സ്വന്തം വീട്ടിൽ പ്രാർത്ഥന നടത്തുകയായിരുന്ന ക്രൈസ്തവർക്കെതിരെ "നിർബന്ധ മതപരിവർത്തനത്തിന് ശ്രമിക്കുന്നു"  എന്നാരോപിച്ചു പോലീസ് കേസ് ചുമത്തിയ സംഭവം ഉണ്ടായി.  2016 വർഷത്തിൽ  ക്രൈസ്തവർക്കെതിരെ ലോകത്താകെ ഉണ്ടായത്രയും  ആക്രമണ സംഭവങ്ങൾ  2017 ന്റെ ആദ്യപകുതിയിൽ ഇന്ത്യയിൽ മാത്രം ഉണ്ടായെന്ന് ബന്ധപ്പെട്ട ഒരു പഠനം  ചൂണ്ടിക്കാട്ടുന്നുണ്ട്.

ദലിത് ജനവിഭാഗങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ശബ്ദം ഉയർത്തുന്നവരെയെല്ലാം ബി ജെ പി ആക്ഷേപിക്കുന്നത് അവർ  "ജാതീയത" കുത്തിപ്പൊക്കുന്നു എന്നുപറഞ്ഞാണ്‌ . അതുപോലെ, ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിടുന്നവരെയല്ല,
    ന്യൂനപക്ഷ  മതവിഭാഗക്കാരെയാണ് "വർഗ്ഗീയവാദികൾ"  എന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ്  പ്രചാരണത്തിനിടെ   ബി ജെ പി ആക്ഷേപിച്ചത് .

 രാഷ്‌ട്രപതിമാർ   ക്രിസ്തുമസ്  തലേന്നാൾ കരോൾ ഗായകരെ  കേൾക്കുന്ന  കീഴ്വഴക്കം വേണ്ടെന്നുവെച്ചതിലൂടെ 
ഇന്ത്യയുടെ ഇപ്പോഴത്തെ  രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്  ക്രൈസ്തവർക്ക് നേരെ ഇക്കുറി  ആസൂത്രിതമായി ആക്രമണങ്ങൾ അഴിച്ചുവിട്ടവരെ പരോക്ഷമായി അഭിനന്ദിക്കുകയായിരുന്നു. ഒരു "മതേതരരാഷ്ട്ര"ത്തിൽ രാഷ്ടപതി കരോൾഗാനങ്ങൾകേൾക്കുന്നത് "അനുചിത"മാണെന്നായിരുന്നു   രാഷ്‌ട്രപതി ഭവനിൽ നിന്ന് ഇക്കാര്യത്തിലുള്ള  വിശദീകരണം.   താൻ  ക്രിസ്തുമസ് ആഘോഷങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതിനനുകൂലമായി രാഷ്‌ട്രപതി "മതേതരത്വ"ത്തെ എടുത്തുകാട്ടുമ്പോൾത്തന്നെയാണ്  ഒരു കേന്ദ്രമന്ത്രിയായ   അനന്ത് ഹെഗ്‌ഡേ "മതേതരത്വ"വാദികൾക്കെതിരെ ഭീഷണിയുമായി രംഗത്തുവന്നത് എന്നത്  ബി ജെ പി ഭരണത്തിലെ മറ്റൊരു വിരോധാഭാസമാണ്. തെരഞ്ഞെടുപ്പ് ആസന്നമായ കർണ്ണാടകയിൽ ഒരു യോഗത്തിൽ പ്രസംഗിക്കവെ പ്രസ്തുത മന്ത്രി ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞത് ബി ജെ പി ഭരണഘടന മാറ്റിയെഴുതാനിരിക്കേ സ്വന്തം മതവും ജാതിയും വിട്ടു "മതേതരത്വ"ത്തെ ഉൽഘോഷിക്കുന്നവർ  ചില "കുഴപ്പങ്ങൾ" മുന്നിൽ കാണുന്നത് നന്ന് എന്നാണ്.    
  2017 ഡിസംബറിൽ  രാജസ്ഥാനിൽ തത്സമയവീഡിയോ ചിത്രീകരണത്തിന്റെ അകമ്പടിയോടെ നടത്തിയ അഫ്രാസുൽ കൊലപാതകത്തിന്റെ  നടുക്കുന്ന  ദൃശ്യങ്ങൾ  ജനങ്ങളുടെ ഓർമ്മയിൽനിന്നും എളുപ്പം മായ്ക്കാൻ കഴിയാത്തതാണ്.  സംഘപരിവാർ  പ്രചരിപ്പിക്കുന്ന  വർഗ്ഗീയ ഹിംസയുടെ ദൗത്യം ഉൾക്കൊള്ളുന്ന വീഡിയോകൾ സ്ഥിരമായി കണ്ടിരുന്ന ഒരു വ്യക്തിയാണ് അഫ്‌റാസുലിന്റെ ഘാതകനായ ശംബൂ ലാൽ എന്നും , അയാളെ ഇത്തരമൊരു  കൊടും ക്രൂര കൃത്യത്തിനു പ്രേരിപ്പിച്ചത് ഫാസിസ്റ്റ് കൊലയാളി സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നവർക്കിടയിൽ  ഒരു വീരനായകന്റെ പരിവേഷത്തോടെയുള്ള സ്വീകരണം തനിക്കും ലഭിക്കുമെന്ന  ചിന്തയായിരുന്നെന്നും   ഇതിനകം   വ്യക്തമായി. പ്രസ്തുത കൊലപാതകത്തിന്റെ വീഡിയോ ഈ സംഘങ്ങൾ  വ്യാപകമായി പ്രചരിപ്പിച്ചുവെന്നു മാത്രമല്ല, പരസ്യമായി നിരോധനാജ്ഞ ലംഘിച്ചു കൊണ്ട് ഈ കൊലയെ ന്യായീകരിച്ചു അക്രമാസക്തമായ പ്രകടനം നാത്താനും ഉദയ്‌പൂരിലെ കോടതി മന്ദിരത്തിന്  മുകളിൽ കാവിക്കൊടി നാട്ടാനും പോലീസ് അവർക്ക്  മൗനാനുവാദം നൽകുകകൂടിയുണ്ടായി. ഏറെ വൈകി നടന്ന ഒരു പ്രഹസന അറസ്റ്റിനു ശേഷം ഈ സംഘത്തെ പോലീസ് വിട്ടയച്ചപ്പോൾത്തന്നെ ,അഫ്‌റാസുലിന്റെ കൊലയിൽ  പ്രതിഷേധിച്ചു  പ്രകടനം നടത്തിയ മുസ്ലീങ്ങൾക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ ചാർത്തി കേസെടുക്കുന്ന പോലീസ് ചെയ്തത്. ഇടതുപക്ഷ ഗ്രൂപ്പുകൾ നടത്താൻ  തീരുമാനിച്ചിരുന്ന ഒരു സമാധാന  മാർച്ചിന്  പോലീസ് അനുമതി നിഷേധിച്ചു എന്നതും പ്രസ്താവ്യമാണ്.
ബി ജെ പി ഭരണത്തിൽ രാജസ്ഥാനിൽ മുസ്ലീങ്ങൾക്കെതിരെ നടന്നുവരുന്ന വിദ്വേഷ പ്രചാരണങ്ങളുടെ ഫലമായി ഹിംസയുടെ ഒരു  പരമ്പര തന്നെ ഉണ്ടായി; അവരിൽ പലരും കൊല്ലപ്പെട്ടത് 'പശുരക്ഷ'യുടെ പേരിൽ മനുഷ്യരെ  കൊല്ലാൻ  ഭരണകൂടം പരോക്ഷമായി പ്രോത്സാഹിപ്പിച്ച ഉന്മത്തരായ ആൾക്കൂട്ടങ്ങളുടെ കയ്യിലാണ്.     അഫ്രാസുലിന്റെ കൊല  പാതകം   'ലവ് ജിഹാദ് ' എന്ന സമാനസ്വഭാവമുള്ള  മറ്റൊരു  മുസ്ലംവിരുദ്ധ വിദ്വേഷ പ്രോപഗാണ്ടയുടെ   ഫലമായിരുന്നു. "പശുക്കളെ കള്ളക്കടത്ത്  നടത്തിയാൽ നിങ്ങൾ തീർച്ചയായും കൊല്ലപ്പെടും" എന്നായിരുന്നു  രാജസ്ഥാനിലെ ബി ജെ പി എം എൽ എ ആയ ഗ്യാൻ ദേവ് അഹൂജ  ഗോ രക്ഷാ കൊലപാതകങ്ങളെ ന്യായീകരിച്ചുകൊണ്ട് പുതുവത്സരത്തിനു ഏതാനും ദിവസം മുൻപ് പറഞ്ഞത്.  അതിനിടെ, ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ 298 മദ്രസ്സ അധ്യാപകരുടെ  ശമ്പളം നിർത്തിവെപ്പിച്ചു.  അവർ ജോലിചെയ്തിരുന്ന മദ്രസ്സകൾ സർക്കാർ ആവശ്യപ്പെട്ട ചില രേഖകൾ സമർപ്പിക്കുന്നതിൽ വീഴ്ചവരുത്തി എന്ന അവകാശവാദത്തെ ത്തുടർന്നായിരുന്നു ഇത്തരമൊരു കടുത്ത നടപടി. തെലുങ്കാനയിലെ ഒരു  ബി ജെ പി നിയമസഭാംഗം 2017 ഡിസംബറിൽത്തന്നെ വേറൊരു വിദ്വേഷ പ്രസ്താവന നടത്തി : ഹിന്ദുക്കൾക്കും ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യത്തിനും  ഇടയിൽ വന്നു തടസ്സമുണ്ടാക്കുന്നവർ ആരായാലും അവരെ തുടച്ചു നീക്കേണ്ടത് വാളുകൾ കൊണ്ടാണെനന്നായിരുന്നു അത്.
 'ലവ് ജിഹാദ്' ആരോപണം ഉന്നയിച്ചു 
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ  ഒരു വിവാഹച്ചടങ്ങിന്നെതിരെ ആൾക്കൂട്ട ആക്രമണം സംഘടിപ്പിക്കാനുള്ള ബി ജെ പി നേതാവിന്റെ ശ്രമം ഹിന്ദു പെൺകുട്ടിയുടെ  കുടുംബാംഗങ്ങൾ   സ്വീകരിച്ച ഉറച്ച നിലപാട് നിമിത്തം പരാജയപ്പെട്ടു.  ബി ജെ പി യുടെ "അനുവാദം" വാങ്ങാതെയുള്ള പ്രസ്തുത  വിവാഹം നടക്കില്ല എന്നായിരുന്നു വിവാഹം മുടക്കാൻ എത്തിയവരുടെ നിലപാട്.  സ്വന്തം ജീവിത പങ്കാളികളെ തിരഞ്ഞെടുക്കുന്നതിൽ സ്ത്രീകളുടെ  സ്വയംനിർണ്ണയാധികാരം ഉയർത്തിക്കാട്ടാൻ  ഇന്ത്യൻ കോടതികൾ വിമുഖത കാട്ടുകയും , തൽസ്ഥാനത്തു ഇസ്ലാമോഫോബിയ പരത്തുന്ന  "ലവ് ജിഹാദ്" എന്ന വിദ്വേഷ പ്രോപഗാണ്ടയ്ക്കും  ആൺകോയ്മാ മൂല്യങ്ങൾക്കും മാന്യത യുടെ ഒരു പരിവേഷം ചാർത്തിക്കൊടുക്കുകയും ചെയ്തതിന്റെ പേരിലും  2017 അവശേഷിപ്പിക്കുന്നത് അസ്വാസ്ഥ്യ ജനകമായ ഓർമ്മകളാണ്.
സാമൂഹ്യപ്രവർത്തകയും പത്രാധിപരുമായ ഗൗരി ലങ്കേഷ്  കൊല്ലപ്പെട്ടതും സംഘി കാഡർമാർ ഹീനമായ ആ കൊലപാതകത്തെ ആഘോഷിച്ച രീതിയും  2017 ന്റെ മറ്റൊരു നടുക്കുന്ന ഓർമ്മയാണ്.  ജുനൈദ് എന്ന മുസ്‌ലീം ചെറുപ്പക്കാരനെ ഒരു  തീവണ്ടിയാത്രയ്ക്കിടയിൽ ഒരു പ്രകോപനവുമില്ലാതെ സഹ യാത്രക്കാരുടെ ഒരു സംഘം കൊലപ്പെടുത്തി ട്രാക്കിലേക്ക് വലിച്ചെറിഞ്ഞതും 2017 ന്റെ ദുരന്ത ഓർമ്മകളിൽപ്പെടുന്നു. മേൽപ്പറഞ്ഞ സംഭവങ്ങളിലെല്ലാം രാജ്യവ്യാപകമായ ജനകീയ പ്രതിഷേധം ഉണ്ടായി.

രാജ്യത്തക്ക വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ സംഘപരിവാറും ബി ജെ പി സർക്കാരുകളും  കിണഞ്ഞു ശ്രമിക്കുന്നതിനിടെ, 2017 ഒടുവിൽ ഉണ്ടായ ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം ഫാസിസ്റ്റു വിരുദ്ധ ജനകീയ മുന്നേറ്റത്തെ സംബന്ധിച്ചേടത്തോളം  പ്രതീക്ഷയുടെ ചില വെള്ളിരേഖകളും നൽകുന്നുണ്ട്. കാർഷികപ്രതിസന്ധിയ്ക്കും തൊഴിലില്ലായ്മയ്ക്കും തൊഴിലാളിവിരുദ്ധ നടപടികൾക്കും വർഗീയ ധ്രുവീകരണത്തിനും എതിരായി ഉയർന്നുവന്ന വ്യാപകമായ ജനകീയ പ്രതിഷേധങ്ങളുടെ സന്ദേശം വലിയൊരളവിൽ  ഗുജറാത്തിലെ വോട്ടർമാർ  ഉൾക്കൊണ്ടതിന്റെ വ്യക്തമായ സൂചന അസംബ്ലി തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ഉണ്ട്.
സഹാരൺപൂരിൽ ബിജെപി അനുകൂല ആൾക്കൂട്ടം  മുസ്‌ലീങ്ങൾക്കെതിരായുള്ള ആക്രമണങ്ങൾക്ക്  തുനിഞ്ഞപ്പോൾ അതിൽ പങ്കെടുക്കാത്തതിന്  ദലിതുകൾക്കു നേരെയും ആക്രമണം ഉണ്ടായി. ഇതിനോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ് 2017 -ൽ ദലിത് യുവാക്കളുടെ നേതൃത്വത്തിൽ ഭീം ആർമി എന്ന ഒരു പ്രസ്ഥാനം തന്നെ ഉടലെടുത്തത്.  ഭീം ആർമി യുടെ നേതാവ് ചന്ദ്രശേഖർ ആസാദ് രാവൺ , അസമിലെ കർഷക പ്രസ്ഥാനത്തിന്റെ നേതാവ് അഖിൽ ഗൊഗോയ് എന്നിവരെ ബി ജെ പി സർക്കാരുകൾ ഡ്രക്കോണിയൻ നിയമങ്ങളിലെ വകുപ്പുകൾ ചാർത്തി തടവിൽ വെച്ചിരിക്കുന്നു. അതുപോലെ  പട് നയിൽ സമരത്തിന് നേതൃത്വം കൊടുത്ത ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ സംഘടനാനേതാക്കളെ  ചർച്ചയ്‌ക്കെന്നു പറഞ്ഞു സർക്കാർ ക്ഷണിച്ചുവരുത്തിയ ശേഷം അറസ്റ്റു ചെയ്തു. സർക്കാരിനെ വിമർശിക്കുന്ന മാധ്യമ പ്രവർത്തകരും അന്വേഷണാ ത്മക റിപ്പോർട്ടുകൾ  പ്രസിദ്ധീകരിക്കുന്നവരും തുടർച്ചയായി വധഭീഷണികളും മാനനഷ്ട ക്കേസുകളും അഭിമുഖീകരിക്കേണ്ടിവരുന്നു.  ഇതെല്ലാം സൂചിപ്പിക്കുന്നത് അടിയന്തരാവസ്ഥയിലേതിനേക്കാളും മോശപ്പെട്ട രീതിയിൽ ജനാധിപത്യാവകാശങ്ങൾക്കുനേരെ ഇന്ന് ആക്രമണങ്ങൾ നടക്കുന്നുവെന്നാണ്. 
അഴിമതി തുടച്ചുനീക്കും എന്ന മോദി സർക്കാരിന്റെ വാഗ്ദാനത്തിലെ പൊള്ളത്തരം സ്പഷ്ടമായും തുറന്നുകാട്ടിയ ഒരു വർഷം  കൂടിയാണ് 2017 . 2 ജി സ്പെക്ട്രം അഴിമതിയിൽ കുറ്റാരോപിതരായവരെല്ലാം നിരുപാധികം വിട്ടയക്കപ്പെടുന്നത് "കൂട്ടിലിട്ട തത്ത" എന്ന് പേരുകേട്ട സിബിഐ യുടെ മനപ്പൂർവ്വമായുള്ള അപേക്ഷകൾ നിമിത്തം ആണ്‌ എന്ന് വ്യക്തമായി.  മോദി ഭരണത്തിലും അനിൽ അംബാനിയെപ്പോലുള്ളവരെ സഹായിക്കാൻ ഇത്തരം അന്വേഷണ ഏജൻസികൾ   പ്രതിജ്ഞാബദ്ധരായിരിക്കുമെന്നു തെളിഞ്ഞു.   ഇപ്പോൾ ബി ജെ പി പക്ഷത്തേക്ക് ചാഞ്ഞിരിക്കുന്ന മുൻ കോൺഗ്രസ് മുഖ്യമന്ത്രി ജഗന്നാഥ്‌ മിശ്രയെ ബിഹാറിലെ കാലിത്തീറ്റ കുംഭകോണത്തിന്റെ ആരോപണത്തിൽനിന്നു ഒഴിവാക്കിയപ്പോൾ പിന്നീട് മുഖ്യമന്ത്രിസ്ഥാനത്ത് വന്ന ലാലു പ്രസാദ് യാദവിനെ മാത്രം കേന്ദ്രീകരിച്ചു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു ശിക്ഷ കൊടുപ്പിച്ചത്  അഴിമതി യാരോപണങ്ങളെ രാഷ്ട്രീയമായി നേട്ടമുണ്ടാക്കാൻ ബിജെ പി എങ്ങനെയെല്ലാം ഉപയോഗിക്കുന്നുവെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്.  അതിനിടെ, അമിത് ഷായുടെ  പുത്രൻ ജയ് ഷായും ,മുഖ്യ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകൻ ശൗര്യാ ഡോവലും അധികാരത്തിന്റെ തണലിൽ നടത്തിയ ഗുരുതരമായ സാമ്പത്തിക അഴിമതികളുടെ വിശദാംശങ്ങൾ  പുറത്ത് വന്നു. അമിത് ഷാ കുറ്റാരോപിതനായ കസ്റ്റഡി കൊലപാതകക്കേസുകൾ സംബന്ധിച്ച ഹിയറിങ് നടക്കുന്നതിനു ദിവസങ്ങൾ മുൻപ് അത് കേൾക്കേണ്ടിയിരുന്ന ജഡ്ജി ജസ്റ്റിസ് ലോയ സംശയാസ്പദമായ സാഹചര്യങ്ങളിൽ മരണപ്പെട്ട സംഭവം വിരൽചൂണ്ടുന്നത്  ഏറെ ഗൗരവമുള്ള  ഒരു സ്ഥിതിവിശേഷത്തിലേക്കാണ്; അമിത് ഷായ്ക്കെതിരായുള്ള  കസ്റ്റഡി കൊലപാതകക്കേസ്സ് ഇനി കേൾക്കേണ്ടയാവശ്യം തന്നെയില്ലെന്നു പറഞ്ഞു തള്ളുകയായിരുന്നു ജസ്റ്റിസ് ലോയയുടെ സ്ഥാനത്ത് വന്ന പിൻഗാമി .   
അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു അധികാരത്തിൽ വന്ന മോദിയുടെ ഭരണം ഓരോ ദിവസം പിന്നിടുമ്പോഴും അതിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരം സ്വയം തുറന്നുകാട്ടുകയാണ്. 2016 നവംബറിൽ നോട്ടു റദ്ദാക്കൽ ഉത്തരവ്  കൊണ്ടുവന്നപ്പോൾ പറഞ്ഞ കാരണം 500 ,1000 രൂപാ നോട്ടുകളുടെ രൂപത്തിൽ വലിയ തുകയ്ക്കുള്ള നോട്ടുകളിലാണ്  കള്ളപ്പണം സൂക്ഷിക്കപ്പെടുന്നത് എന്നാണ് . ഒരു വർഷം പിന്നിട്ടപ്പോൾ ,ഈ അവകാശവാദം തീർത്തും തെറ്റായിരുന്നുവെന്നു തെളിഞ്ഞു.
 അഞ്ഞൂറിന്റെയും ആയിരത്തിന്റെയും സ്ഥാനത്തു  രണ്ടായിരത്തിന്റെ നോട്ടുകൾ ഇറക്കിയതോടെ ഉയർന്ന മൂല്യങ്ങൾക്കുള്ള നോട്ടുകൾ 86.4 ശതമാനത്തിനു പകരം 93 ശതമാനമായി. കഴിഞ്ഞ 15 വർഷങ്ങൾക്കിടെ ഉയർന്ന മൂല്യങ്ങളുടെ നോട്ടുകൾ രാജ്യത്താദ്യമായിട്ടാണ് 90 ശതമാനത്തിലധികമാവുന്നത് !
ഇന്ത്യയിൽ ഫാസിസ്റ്റ് ഭീഷണികൾക്കെതിരെ പോരാടുന്ന പുരോഗമന ശക്തികൾ പുതുവർഷത്തിൽ കൂടുതൽ നിശ്ചയദാർഢ്യവും ആത്മ വിശ്വാസവും  ആർജ്ജിച്ചിരിക്കുന്നു. മോദിയുടെ  സ്വന്തം പ്രചാരക ദൗത്യം വിശ്വസ്തതയോടെ ഏറ്റെടുത്ത് നടത്തുന്ന വൻകിട മാധ്യമസ്ഥാപനങ്ങളും ന്യൂനപക്ഷങ്ങൾക്കെതിരെ വർഗ്ഗീയ വിദ്വേഷമിളക്കിവിടുന്ന   ഹിംസാത്മകമായ കാമ്പെയിനുകളും എല്ലാം ഉണ്ടായിട്ടും ഇന്ത്യയിലെ ഓരോ ജനവിഭാഗത്തിന്റെയും ഭാഗത്തുനിന്ന് ഉയർന്നുവരുന്ന  ശക്തമായ പ്രതിരോധങ്ങൾക്കുമുന്നിൽ മോദിയുടെ പ്രതിച്ഛായ തകർന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ 
2018  നെ    ഫാസിസ്റ്റ് പ്രതിലോമ  ശക്തികൾക്കെതിരെ കൂടുതൽ ശക്തവും , വിശാലമായ ബഹുജന അടിത്തറയുള്ളതുമായ  പോരാട്ടത്തിൻറെ വർഷമാക്കേണ്ട കടമ നമ്മളോരോരുത്തരും  ഏറ്റെടുക്കുക!   


No comments:

Post a Comment