Thursday 4 January 2018

മുത്തലാഖ്  നിരോധന ബിൽ : ധൃതിപിടിച്ചത് , പക്ഷപാതപരം, നീതിരഹിതം


 അടുത്തയിടെ ലോക്  സഭ  പാസ്സാക്കിയ  മുസ്ലിം വനിതാ (വൈവാഹികാവകാശ സംരക്ഷണ ) ബിൽ  [  Muslim Women (Protection of Rights on Marriage) Bill ]  മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നു. ഇതുകൊണ്ടു സംരക്ഷിക്കാൻ ഉദ്ദേശിക്കുന്ന മുസ്‌ലിം സ്ത്രീകളുമായിപ്പോലും പ്രാഥമികമായ  ഒരു   കൂടിയാലോചന  നടത്താൻ തയ്യാറാവാതെ  അസാധാരണമായ ധൃതിയിൽ ഇങ്ങനെ അബദ്ധജടിലമായതും സാമാന്യയുക്തിക്ക് നിരക്കാത്ത ഒട്ടേറെ വൈരുധ്യങ്ങൾ ഉള്ളതുമായ ഒരു ബിൽ ലോക് സഭയിൽ   അവതരിപ്പിച്ചു പാസ്സാക്കിയെടുക്കുന്നതുകൊണ്ട്  മോദി സർക്കാർ എന്താണ്  യാഥാർത്ഥത്തിൽ ലക്‌ഷ്യം വെക്കുന്നത് എന്ന ചോദ്യം ഉയർന്നിരിക്കുന്നു.  മുത്തലാഖ്  ഭരണഘടനയ്ക്ക് നിരക്കാത്ത  ഒരു നടപടിയാണെന്ന് വിധിച്ച സുപ്രീം കോടതിയുടെ വിധിന്യായത്തിലോ, അത് സംബന്ധിച്ച നിർദ്ദേശങ്ങളിലോ അത് ക്രിമിനൽ കുറ്റമാക്കണമെന്നു   പറഞ്ഞിട്ടില്ല.  മുത്തലാഖ് നിയമവിരുദ്ധമാക്കണം എന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ച മുസ്ലിം സ്ത്രീ സംഘടനകളെല്ലാം തന്നെ  പാർലമെന്റ് ഇപ്പോൾ പാസ്സാക്കിയ ബില്ലിലെ മുത്തലാഖ് ക്രിമിനൽവൽക്കരണം ഉൾപ്പെടെയുള്ള കർക്കശമായ വ്യവസ്ഥകളോട്   ശക്തമായ എതിർപ്പ്  രേഖപ്പെടുത്തിക്കഴിഞ്ഞു.  പുതിയ  ബില്ലിലെ വ്യവസ്ഥകളെക്കുറിച്ചു വിശദമായി ചർച്ചചെയ്യാൻ    ഒരു സ്റ്റാന്റിംഗ് കമ്മിറ്റി  രൂപീകരിക്കുക എന്ന  കീഴ്വഴക്കം പോലും പാലിക്കാതെ എന്തിനായിരുന്നു  ബിൽ പാസ്സാക്കിയെടുക്കാൻ മോദി ഗവണ്മെന്റ് ഇത്രയും ധൃതിവെച്ചത്‌ ?
  ഒറ്റയിരുപ്പിൽ  മുത്തലാഖ്‌   ചൊല്ലി വിവാഹമോചനം നേടുന്നത്തിന്റെ നിയമസാധുത   സുപ്രീം കോടതി വിധി തന്നെ ഇല്ലാതാക്കിയ നിലയ്ക്ക് , അങ്ങനെ ചെയ്യുന്നത് ഒരിക്കലും വിവാഹമോചനമാകുകയില്ല . എന്നാൽ, ഈ നടപടിയുടെ പേരിൽ ഒരു ഭർത്താവിനെ ജെയിലിൽ ഇടുമ്പോൾ  മുത്തലാഖ് ഫലത്തിൽ വിവാഹമോചനമായിത്തീരുകയാണ് ചെയ്യുന്നത് ! അപ്പോൾ  ഒറ്റയിരുപ്പിൽ മൂന്നുവട്ടം തലാഖ് ചെല്ലുന്നത് വിവാഹമോചനമാവില്ല എന്ന സുപ്രീം കോടതി വിധിയുടെ അന്തസ്സത്തയ്ക്ക്  നേരെ കടകവിരുദ്ധമായ നിയമപ്രത്യാഘാതമാണ്  പുതിയ ബിൽ നിയമമായാൽ ഉണ്ടാവുക എന്ന് വ്യക്തമാണ്. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച ബില്ലിലെ വ്യവസ്ഥകളും മുത്തലാഖിനെ ഫലത്തിൽ വിവാഹമോചസനം തന്നെയാക്കുകയാണ് ചെയ്യുന്നത്. വിവാഹം പ്രാബല്യത്തിലുണ്ടാവുമ്പോൾ കുട്ടികളുടെ സംരക്ഷണത്തിനു പ്രത്യേക വ്യവസ്ഥ ആവശ്യമില്ലല്ലോ. 
നിയമപരമായും ഭരണഘടനാപരമായും അംഗീകാരമില്ലാത്ത  വിവാഹമോചനം ആണ് മുത്തലാഖ് എന്നുവരുമ്പോൾ അത് ഒരു സിവിൽ  അപരാധം മാത്രമാണ്; സിവിൽ തെറ്റുകൾക്ക് പരിഹാരം  വേണ്ടത് സിവിൽ  മാർഗ്ഗങ്ങളിലൂടെയാണ്. ഒരു ഭർത്താവ് മുത്തലാഖ് വഴിയായി വിവാഹമോചനത്തിന് മുതിർന്നാൽ,  ഒന്നുകിൽ അനുരഞ്ജനശ്രമത്തിനു മുൻതൂക്കം നൽകുന്ന  നടപടിക്രമങ്ങളിലൂടെ വിവാഹബന്ധം നിലനിർത്തുകയോ, അല്ലാത്തപക്ഷം അയാളെകൊണ്ടു ബന്ധം നിയമാനുസൃതമായ രീതിയിൽ വേർപെടുത്തിക്കുകയോ ആണ് വേണ്ടത്.  'വിവാഹമോചന'ത്തിന്റെ ഈ നിയമവിരുദ്ധമായ മാർഗ്ഗത്തിനെതിരെ കോടതിയെ സമീപിക്കുന്ന ഒരു ഭാര്യയ്ക്ക് വേണ്ടത് തന്റെ ഭർത്താവ് താനുമായുള്ള വിവാഹബന്ധത്തിൽ  നിയമപരമായ ഉത്തരവാദിത്വം  പുലർത്തുകയും അതുപ്രകാരം തന്റെയും സന്താനങ്ങളുടെയും ജീവിതച്ചെലവിന്റെ ബാദ്ധ്യത തുടർന്നും ഏറ്റെടുക്കലുമാണ്-  ഈ സാഹചര്യത്തിൽ ഭർത്താവിനെ ജെയിലിൽ  ഇടുകയാണെങ്കിൽ  തന്റെ  താൽപ്പര്യങ്ങൾക്ക് നേരെ കടകവിരുദ്ധമായ  അനുഭവം ആയിരിക്കും സ്ത്രീയ്ക്ക്  ഉണ്ടാവുക. 
ഈ ബിൽ പ്രകാരം , മൂന്നുപ്രാവശ്യം ഒരുമിച്ചു  തലാഖ്  ഉച്ചരിച്ച് ബന്ധം വേർപെടുത്തൽ ( തലാഖ് -ഇ -ബിദ്ദത് )   വാറന്റില്ലാതെ ഒരു പോലീസ് ഉദ്യോഗസ്ഥന് പ്രതിയെ അറസ്റ്റു  ചെയ്യാവുന്നതും, ജാമ്യം നിഷേധിക്കാവുന്നതുമായ  ഒരു ക്രിമിനൽ കുറ്റം ആണ് . നടപടിയെടുക്കാൻ  ഒരു  മൂന്നാം കക്ഷിയോ,   "ഇൻഫോമറോ"  പോലീസിൽ അറിയിക്കുകയെ വേണ്ടൂ ;  കുറ്റത്തിന് ഇരയായ  ഭാര്യയുടെയോ  മക്കളുടെയോ പക്ഷത്ത് നിന്ന്   പരാതി വേണമെന്നില്ല .ഇങ്ങനെയൊരു  വകുപ്പ് ഉണ്ടാക്കിയിരിക്കുന്നത്  മുസ്‌ലിം സ്ത്രീകളുടെ താൽപ്പര്യം രക്ഷിക്കാനുള്ള സർക്കാരിന്റെ വ്യഗ്രത കൊണ്ടല്ല എന്ന് സ്പഷ്ടമാണ്. നേരെ മറിച്ച്, ബീഫ് നിരോധന നിയമങ്ങളുടെ കാര്യത്തിൽ കണ്ടതുപോലെ, മുസ്ലിം പുരുഷന്മാരെ  സർക്കാരിന് യഥേഷ്ടം അറസ്റ്റു ചെയ്യാനും പീഡിപ്പിക്കാനും ഉള്ള സൗകര്യപ്രദമായ മറ്റൊരു  ഉപകരണം ഉണ്ടാക്കലാണ്  ബില്ലിന്റെ ലക്‌ഷ്യം. ഇതേ മോദി സർക്കാർ  തന്നെയാണ് സ്ത്രീധന പീഡനസംബന്ധമായ IPC വകുപ്പായ 498 A  യും ഗാർഹിക പീഡനവും നോൺ - കൊഗ്‌നൈസബിളും (  പ്രതിയെ സംശയാസ്പദമായി  നേരിട്ട് അറസ്റ്റ് ചെയ്യാൻ  പൊലീസിന് അധികാരമില്ലാത്തത് ) ,ജാമ്യം നൽകാവുന്നതും ആയ കുറ്റങ്ങളാക്കി ഭേദഗതി ചെയ്യാൻ ശ്രമിക്കുന്നത്. എല്ലാ സമുദായങ്ങളിലും പെട്ട സ്ത്രീകളെ ഗാർഹിക പീഡനത്തിൽ നിന്നും രക്ഷിക്കാൻ ഉദ്ദേശിച്ചുള്ള ഗാർഹിക പീഡന നിയമത്തിലെയും സ്ത്രീധന നിയമത്തിലെയും  വകുപ്പുകൾ ഭർത്താക്കന്മാരെയും  ഭർത്തൃബന്ധുക്കളെയും  ദ്രോഹിക്കാൻ വേണ്ടി "ദുരുപയോഗം" ചെയ്യുന്നു എന്നാണ്  അതിനുള്ള  വിശദീകരണം!

മുത്തലാഖിനെ തിരഞ്ഞുപിടിച്ചു ക്രിമിനൽ കുറ്റമാക്കാനുള്ള ധൃതി   സർക്കാരിന്റെ  യഥാർത്ഥ ഉദ്ദേശത്തെക്കുറിച്ചു ചോദ്യങ്ങൾ ഉയർത്തുന്നു.  ഭർത്താക്കന്മാർ നിയമാനുസൃതമായ വിവാഹമോചനം നേടാതെ ഭാര്യമാരെ ഉപേക്ഷിക്കുക എന്നത്എല്ലാ സമുദായങ്ങളിലെയും സ്ത്രീകൾ   നേരിടുന്ന ഒരു പ്രശ്നമാണ്.  ബി ജെ പി നേതാവ് മീനാക്ഷി ലേഖി പറയുന്നത് പ്രധാനമന്ത്രി മോദി ഒരു സഹോദരനെപ്പോലെ മുസ്‌ലിം സ്ത്രീകളുടെ തുണയായി നിൽക്കുന്നതിനാൽ  ഇനി പേടിക്കേണ്ടതില്ല എന്നാണ്. 
മോദിയെപ്പോലെ ഒരു ഭർത്താവ്  ഉള്ള സ്ത്രീകളുടെ കാര്യത്തിൽ  എന്താണ് അവർ പറയുക? നാൽപ്പതു വർഷങ്ങളായി നിയമാനുസൃതമായി തന്റെ ഭാര്യയായ  ജസോദാ ബെൻ നു ഒരു ഡിവോഴ്സ് നോട്ടീസ് പോലും നൽകാതെയാണ്  മോദി അവരെ ഉപേക്ഷിച്ചത്. സെൻസസ് ഡേറ്റ പ്രകാരം ഇന്ത്യയിൽ ഇരുപതു ലക്ഷം ഹിന്ദു  ഭാര്യമാർ അങ്ങനെ കഴിയുന്നവരായുണ്ട് .  ഒരേയൊരു വ്യത്യാസം ഹിന്ദു ഭാര്യമാരുടെ കാര്യത്തിൽ  മുത്തലാഖ്  എന്ന  ഔപചാരികതയില്ലാതെ ഭർത്താക്കന്മാർ നിയമവിരുദ്ധമായി ഭാര്യമാരെ ഉപേക്ഷിക്കുന്നു എന്നത് മാത്രമാണ്. ഹിന്ദു ഭർത്താക്കന്മാർ ഏകപക്ഷീയമായി നടപ്പാക്കുന്ന ബന്ധം വേർപെടുത്തൽ അവരെ ജെയിലിൽ എത്തിക്കുന്ന ക്രിമിനൽ കുറ്റമല്ലാതിരിക്കുമ്പോൾ  മുസ്ലിം ഭർത്താക്കന്മാർക്ക് മാത്രം അങ്ങനെയൊരു നിയമം എന്തിന് എന്ന ചോദ്യമാണ്  ഉയരുന്നത് .
ധാരാളം യുക്തി വൈരുദ്ധ്യങ്ങൾ കൊണ്ട് ജടിലമാണ് പ്രസ്തുത ബിൽ . ഇതിൽ കുട്ടികളുടെ സംരക്ഷണത്തിന് വകുപ്പുണ്ട്.  അതിന്റെ അർത്ഥം മുത്തലാഖ്  വിവാഹമോചനമായി കണക്കാക്കപ്പെടുന്നു എന്നല്ലേ ? മുത്തലാഖ്  സംബന്ധമായ സുപ്രീം കോടതി വിധി പറയുന്നത്  നേരെ മറിച്ചാണ് ;അത് വിവാഹമോചനം ആവുകയില്ല എന്നാണ് . കൂടാതെ , 2005 ലെ ഗാർഹിക പീഡന നിയമമനുസരിച്ചു സ്ത്രീകൾക്ക് ലഭിക്കാൻ അർഹതപ്പെട്ട  സാമ്പത്തിക സംരക്ഷണവും  അതുപോലെയുള്ള മറ്റു  അവകാശങ്ങളും ഈ ബില്ലിൽ  പരിഗണിക്കുന്നേയില്ല. ഗാർഹിക പീഡന നിയമത്തിൽ സ്ത്രീയ്ക്ക് അതുവരെ ജീവിച്ചു പോന്ന നിലവാരത്തിലുള്ള സാമ്പത്തിക സംരക്ഷണമാണ് വ്യവസ്ഥ ചെയ്യപ്പെടുന്നതെങ്കിൽ ,മുത്തലാഖ് ബിൽ  പറയുന്നത് 'സബ്‌സിസ്റ്റൻസ്  അലവൻസി'നെക്കുറിച്ചാണ്. അത് എങ്ങിനെയാണ് കണക്കാക്കുക എന്നത് സംബന്ധിച്ച് ഒരു മാനദണ്ഡവും ബില്ലിലില്ല. പാർപ്പിടം സംബന്ധിച്ചോ ,ഗാർഹികപീഡനത്തിൽ  നിന്നുള്ള ഭൗതിക സംരക്ഷണത്തെക്കുറിച്ചോ ഒന്നും പറയുന്നില്ല. IPC 498 A ,  PWDVA 2005 , ജീവനാംശം വ്യവസ്ഥ ചെയ്യുന്ന 125 CrPC എന്നീ  നിയമങ്ങൾ ഇപ്പോൾത്തന്നെ  നൽകുന്ന സംരക്ഷണത്തിനപ്പുറം, ഉപേക്ഷിക്കപ്പെടുന്ന മുസ്‌ലിം ഭാര്യമാർക്ക്  ഏത് തരം  ആശ്വാസമാണ് മുത്തലാഖ് ബിൽ നൽകുന്നത് ?
മുസ്‌ലിം സ്ത്രീത്വത്തിന്റെയോ സ്ത്രീകളുടെ അവകാശങ്ങളെയോ രക്ഷിക്കുന്നവർ എന്നമോദി സർക്കാരിന്റെ അവകാശവാദം എത്രമാത്രം  പൊള്ളയാണെന്ന് കാണാൻ ബിക്കേസ്സുകളിൽ ജെ പി മന്ത്രിമാർ എത്രയോ സന്ദർഭങ്ങളിൽ നടത്തിയ പ്രസ്താവനകൾ മതിയാകും. മുസ ഫർനഗറിൽ മുസ്ലം വിരുദ്ധ ഹിംസയും കൂട്ടബലാസംഗവും നടത്തിയ പ്രതികളെ  ഇവരിൽ പലരും പരസ്യമായി ന്യായീകരിച്ചിട്ടുണ്ട്. യു പി തെരഞ്ഞെടുപ്പിൽ ബി ജെ പി യുടെ പ്രചാരകരിൽ  ഒരു താരമായിരുന്ന ഇപ്പോഴത്തെ  മുഖ്യമന്ത്രി ആദിത്യനാഥ് കൊല്ലപ്പെട്ട മുസ്‌ലിം സ്ത്രീകളെ  അവരുടെ ശവക്കുഴികളിൽ നിന്ന് പുറത്തെടുത്തു  ബലാൽസംഗം ചെയ്യണമെന്ന് പ്രസംഗിച്ചതായി റിപോർട്ടുകൾ ഉണ്ട്.  രാജസ്ഥാനിൽ 'ലൗ ജിഹാദ് ' നടത്തുന്നുവെന്ന് ആരോപിച്ചു  അരുംകൊല ചെയ്യപ്പെട്ട അഫ് റാസൂലിന്റെ  കുടുംബാംഗങ്ങളോട്  അനുശോചനം പ്രകടിപ്പിക്കാൻ ഒരു വാക്കുപോലും ഉരിയാടാതിരുന്ന പ്രധാനമന്ത്രിയുടെ അനുയായികളായ ബജ്‌രംഗ് ദൾ കാർ  അഫ് റാസുലിന്റെ കൊലയാളിയെ അഭിനന്ദിക്കാൻ റാലി സംഘടിപ്പിച്ചിരുന്നു. ബലാൽസംഗക്കേസുകളിൽ കോടതി ശിക്ഷിച്ച റാം റഹീം എന്ന തട്ടിപ്പു സന്യാസിയെയും , 'ലവ് ജിഹാദ്' തടയാനുള്ള മാർഗ്ഗമായി സ്ത്രീകളെ സംഘടിതമായ  ബലപ്രയോഗങ്ങളിലൂടെ   സ്വന്തം വരുതിയിൽ നിർത്തണമെന്ന് ഹിന്ദു പുരുഷന്മാരെ ഉല്ബോധിപ്പിച്ച ആശാറാം ബാപ്പുവിനെയും പോലുള്ളവരുടെ നിലപാടുകളെ  എത്രയോ ബി ജെ പി നേതാക്കന്മാർ ന്യായീകരിക്കുന്നുണ്ട്. 
 പാർലമെന്റിലും അസംബ്ലികളിലും  സ്ത്രീകൾക്ക് 33 %  സീറ്റു സംവരണം വ്യവസ്ഥ ചെയ്യാനുള്ള ബിൽ ഇരുപതു വർഷത്തോളമായി പൊടിപിടിച്ചുകിടക്കുമ്പോൾ  മോദി സർക്കാർ മുത്തലാഖ് ബിൽ പാസ്സാക്കുന്നതിൽ കാണിച്ച  വെറിപിടിച്ച വേഗത  'സ്ത്രീകളെ രക്ഷിക്കാൻ 'എന്ന ഭാവത്തിൽ അവരെ കരുവാക്കി എന്ത് നെറികേടും പ്രവർത്തിക്കാനുള്ള ഉളുപ്പില്ലായ്മയാണ് തുറന്നുകാട്ടുന്നത്.

മുത്തലാഖ് ബിൽ രാജ്യസഭയിൽ പരിഗണനയ്ക്കു എടുക്കാതിരിക്കുകയും, മുസ്‌ലിം സ്ത്രീ സംഘടനകളടക്കമുള്ള എല്ലാ സ്ത്രീസംഘടനകളോടും കൂടിയാലോചനകൾഎന്ന സങ്കല്പം സമവായത്തിൽ എത്തും വരെ ഈ വിഷയവുമായി ബന്ധപ്പെട്ടു പുതുതായി ഒരു കരട് ബില്ലും   ഉണ്ടാക്കാതിരിക്കുകയുമാണ് ഇപ്പോൾ വേണ്ടത്. മുസ്‌ലിം വ്യക്തിനിയമം മാത്രമല്ല, വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള എല്ലാ വ്യക്തിനിയമങ്ങളും ആൺകോയ്മാ സങ്കൽപ്പങ്ങളിൽ ആഴത്തിൽ വേരൂന്നുന്നവയാണ്. അതിനാൽ , അവയെല്ലാംതന്നെ മാറേണ്ടതുണ്ട്. പക്ഷെ, അത്തരം പരിഷ്കരണങ്ങൾ ബി ജെ പി സ്വന്തമാക്കിയ  തുപോലുള്ള പക്ഷപാതപരവും തിരഞ്ഞുപിടിച്ചുള്ളതും, മുസ്‌ലിംവിരുദ്ധവുമായ ചട്ടക്കൂടിലല്ല നടക്കേണ്ടത്; ലിംഗസമത്വത്തിന്റെ ഒരു ചട്ടക്കൂടിൽ വിശദമായ ചർ ച്ചകൾക്കും വിമർശന-വിശകലനങ്ങൾക്കും ശേഷം ഉണ്ടാകുന്ന സുചിന്തിതമായ സമവായങ്ങളുടെ ഫലമാകണം എല്ലാ വ്യക്തിനിയമ പരിഷ്കാരങ്ങളും.  ലിംഗനീതിയെന്ന സങ്കൽപ്പത്തെ വർഗീയ രാഷ്ട്രീയം  പോഷിപ്പിക്കുന്നവരുടെ കയ്യിലെ ഒരു ഉപകാരണമാക്കാൻ ഒരിക്കലും അനുവദിക്കാതിരിക്കുക. 
  

No comments:

Post a Comment