Thursday 28 November 2019


ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടു  70 സംവത്സരങ്ങൾ പൂർത്തിയാവുമ്പോൾ :
ഭരണഘടനയെ രക്ഷിക്കൂ,  ജനാധിപത്യം രക്ഷിക്കൂ!

ഇന്ത്യ അതിന്റെ ഭരണഘടന സ്വീകരിച്ചു 70 വർഷങ്ങൾ തികയുമ്പോൾ  എല്ലാ കണ്ണുകളും ഇന്ന് സുപ്രീം കോടതിയിലേക്കാണ് .ദേവേന്ദ്ര ഫണ്ടാവിസിനെ   മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ച മഹാരാഷ്ട്ര ഗവർണ്ണറുടെ അസാധാരണവും ഗൂഢാലോചനാപരവും ആയ  നടപടിക്കെതിരെ ഫയൽ ചെയ്യപ്പെട്ട ഒരു റിട്ട് ഹർജി കൈകാര്യം ചെയ്തുവരികയായിരുന്നു കഴിഞ്ഞ രണ്ടു ദിവസമായി രാജ്യത്തിലെ പരമോന്നത നീതിപീഠം.

തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും ഒറ്റയ്ക്കോ മുന്നണിയടിസ്ഥാനത്തിലോ ഭരിക്കാൻ ആവശ്യമായ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് സംജാതമായ പ്രത്യേക സാഹചര്യത്തിൽ എൻ സി പി, ശിവസേന, കോൺഗ്രസ് എന്നീ പാർട്ടികൾ ചേർന്ന് ഒരു മുന്നണി സർക്കാർ രൂപീകരിക്കാനുള്ള ഉദ്ദേശം വെളിപ്പെടുത്തുകയും , ഭൂരിപക്ഷം എം എൽ എ മാരുടെ 
രേഖാമൂലമുള്ള  പിന്തുണ തെളിയിക്കുന്ന ലെറ്ററുകൾ  ഹാജരാക്കാൻ നവംബർ 24 ന്കോടതി ഒരു ദിവസത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ , തൊട്ടടുത്ത ദിവസം ഈ ഉത്തരവ് ദുർബ്ബലപ്പെടുത്തിക്കൊണ്ട് അതേ  കോടതി ബി ജെ പി ക്ക് സർക്കാർ രൂപീകരിക്കാൻ രണ്ടു ദിവസം അനുവദിച്ചു. എന്നാൽ, മൂന്നാം ദിവസത്തിൽ കുറച്ചുകൂടി ഗൗരവത്തിലുള്ള ഒരു ഇടപെടൽ നടത്തി. നവംബർ 27 നു വൈകുന്നേരം 5 മണിക്ക് അസംബ്ലിയിൽ ലൈവ് ടെലികാസ്ററ് നടത്താനുള്ള സംവിധാനത്തോടെയുള്ള ഒരു തുറന്ന "ഫ്ലോർ ടെസ്റ്റ്"നടത്തി ഭൂ രിപക്ഷം ഏവരെയും ബോധ്യപ്പെടുത്തണം എന്ന്  സുപ്രീം കോടതി ഉത്തരവിട്ടപ്പോൾ  ചെമ്പു പുറത്താവുകയും, ഫണ്ടാവിസിന് മുന്നിൽ   രാജിവെക്കുകയല്ലാതെ  മറ്റ് മാർഗ്ഗമൊന്നും ബാക്കിയില്ലാതെയാവുകയും ചെയ്തു.

ഒരു സർക്കാർ ഉണ്ടാക്കുന്നതിനു ഭരണഘടന അനുശാസി ക്കുന്ന വ്യവസ്ഥാപിതമായ എല്ലാ മാനദണ്ഡങ്ങളേയും അട്ടിമറിച്ചുകൊണ്ട് മഹാരാഷ്ട്രയിൽ അരങ്ങേറാൻ തയ്യാറായ ഒരു ദുരന്തം ഒഴിവാക്കാൻ സുപ്രീം കോടതിക്ക് കഴിഞ്ഞുവെന്ന് നിശ്ചയമായും പറയാം. എന്നാൽ ഫണ്ടാ വിസിനേയും  കൂട്ടരെയും രാത്രിക്കുരാത്രി സത്യപ്രതിജ്ഞ ചെയ്യിക്കാൻ ഗവർണ്ണർ കാട്ടിയ  ഗൂഢാലോചനപരമായ അത്യുത്സാഹത്തെക്കുറിച്ചു ഒരു തരത്തിലുള്ള പ്രത്യേക പരാമർശവും നടത്താൻ സുപ്രീം കോടതി കൂട്ടാക്കിയില്ല എന്നത് ശ്രദ്ധേയമാണ്. ഗവർണ്ണർ ഉൾപ്പെടെയുള്ളവർ നടപ്പാക്കിയ പദ്ധതി മൊത്തത്തിൽ ഒരു അട്ടിമറിയിൽ കുറഞ്ഞ ഒന്നും ആയിരുന്നില്ല.  ദിവസം പുലരുന്നതിനു മുൻപ് രാഷ്‌ട്രപതി  ഭരണം റദ്ദാക്കിയതും, ഇത്തരം സന്ദർഭത്തിൽ ആവശ്യമായി പാലിക്കേണ്ട  ഔപചാരിക തയായ കേന്ദ്ര ക്യാബിനെറ്റിന്റെ  ശുപാർശ തേടൽ എന്ന കാര്യം പോലും പ്രധാനമന്ത്രി മറികടന്നതും, സത്യപ്രതിജ്ഞാ ചടങ്ങു മാധ്യമങ്ങളുടെ സാന്നിദ്ധ്യത്തിൽ വേണ്ടെന്നു വെച്ചതും എല്ലാം അതീവ വിചിത്രവും നിഗൂഢത നിറഞ്ഞുനിൽക്കുന്നതുമായ സംഭവങ്ങൾ ആയിരുന്നു. പുതിയ സർക്കാർ രൂപീകരണത്തിന്റെ പേരിൽ  ഫണ്ടാവിസിനെ  പ്രധാനമന്ത്രി മോദി അഭിനന്ദിച്ചതും, സ്ഥാനമേറ്റ  മുഖ്യമന്ത്രി നന്ദി  പറഞ്ഞതും  ട്വിറ്ററിൽക്കൂടി ആയിരുന്നു. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചതായി  ഔദ്യോഗികമായി  ജനങ്ങൾക്ക് ലഭിക്കുന്ന ആദ്യത്തെ അറിയിപ്പും  മോദിയുടെ ഈ ട്വിറ്റർ സന്ദേശം തന്നെയായിരുന്നു !

ഇത്രയും ഗുരുതരമായ ഭരണഘടനാ ലംഘനങ്ങളും ക്രമക്കേടുകളും മഹാരാഷ്ട്രയിലെ 'സർക്കാർ രൂപീകരണം' സംബന്ധിച്ചു നടന്നിട്ടും പ്രമുഖ മാദ്ധ്യമങ്ങൾ അമിത് ഷായുടെ ബുദ്ധികൗശലത്തേയും  രാജ്യതന്ത്രജ്ഞതയേയും വാനോളം പുകഴ്ത്തുകയായിരുന്നു ! എന്നാൽ സുപ്രീം കോടതി ഉത്തരവിന് ശേഷം പദ്ധതിയാകെ പാളിയപ്പോൾ    അമിത് ഷായെ ചാണക്യനോട് ഉപമിച്ച  ഇതേ മാധ്യമങ്ങൾ മോദിയെയും അമിത് ഷായെയും വിട്ട്  ദേവേന്ദ്ര ഫണ്ടാവിസിനെ പഴിക്കാനും തുടങ്ങിയിരിക്കുന്നു.

മോദി ഭരണകൂടത്തിന്റെ  അധികാരക്കൊതി മൂത്ത നിർലജ്ജമായ നീക്കങ്ങളിലൊന്ന് തൽക്കാലത്തേക്കെങ്കിലും തടയപ്പെട്ടത് സംഘപരിവാർ ഫാസിസത്തോട് മുഖാമുഖം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ജനാധിപത്യ ശക്തികൾക്ക് എന്തായാലും ആശ്വാസം പകരുന്ന ഒന്നാണ്.  മഹാരാഷ്ട്രയിൽ മർദ്ദനവാഴ്ച \അഴിച്ചു വിട്ട പേഷ്വാ  ഭരണത്തിന്റെ അസ്വാസ്ഥ്യജനകമായ \ഓർമ്മകൾ ആണ്  ഫണ്ടാവിന്റെ മുൻ  സർക്കാർ  ഉണർത്തിയിരുന്നത് .  മഹർ സമുദായത്തിൽപ്പെട്ട ദലിത് സേനാംഗങ്ങൾ ഉൾപ്പെട്ട  ബ്രിട്ടീഷ് സേനയുടെ ഒരു റെജിമെൻറ് പേഷ്വാ സൈന്യത്തെ ഇരുനൂറു വർഷം  മുൻപ് തുരത്തിയോടിച്ച ഭീമാ -കോറിഗാവ് യുദ്ധത്തിന്റെ വാർഷികം ആചരിച്ചതിന്റെ പേരിൽ നിരവധി ദളിത് ആക്ടിവിസ്റ്റുകളെയും മനുഷ്യാവകാശ പ്രവർത്തകരെയും  ഫണ്ടാവിസ്‌ ഭരണകൂടം കള്ളക്കേസുകളിൽ കുടുക്കി ദ്രോഹിച്ചിരുന്നു. നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തി എന്നുവരേയുള്ള വ്യാജമായ കേസ്സുകൾ അക്കൂട്ടത്തിൽപ്പെടുന്നു.  തികഞ്ഞ ഫാസിസ്റ്റ് സ്വഭാവത്തിലുള്ള ഇത്തരം പോലീസ് നടപടികൾക്ക് പുറമേ , കാർഷികമേഖലയിലെ വൻ പ്രതിസന്ധിമൂലം മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിലെമ്പാടും കർഷകരുടെ  പ്രതിഷേധങ്ങൾ ശക്തിപ്പെട്ടിട്ടും അവ കണ്ടതായി ഭവിക്കാത്ത സർക്കാർ നയവും തെരഞ്ഞെടുപ്പിന് മുൻപത്തെ  ബി ജെ പി- ശിവസേന സഖ്യത്തിന്റെ ജനപിന്തുണ ഗണ്യമായി  കുറയാൻ ഇടയാക്കി. ഫണ്ടാവിസ്‌  ഭരണത്തിനെതിരായി രൂപപ്പെട്ടിരുന്ന ഈ വൻ  ജനരോഷമാണ്   മോദി -ഷാ പദ്ധതിയെ അക്ഷരാർത്ഥത്തിൽ പൊളിച്ചടുക്കാൻ സഹായകമായ പ്രധാന ഘടകം.

ബി ജെ പി യുടെ ചാണക്യൻ എന്ന് അമിത് ഷായെ സ്തുതിച്ച മാധ്യമങ്ങൾക്കു ലഭിച്ച ഒരു ചുട്ട മറുപടിയായിരുന്നു മഹാരാഷ്ട്രയിൽ സംഘ് പരിവാറിന്റെ കുടിലമായ നീക്കങ്ങൾക്കേറ്റ ഗംഭീരമായ തിരിച്ചടി. മോദി -ഷാ കൂട്ടുകെട്ടിനു മുൻപിൽ ആർക്കും ജയം സാധ്യമല്ലെന്ന തൽപരകക്ഷികളുടെ ദുഷ്പ്രചാരണം സോപ്പ് കുമിള പോലെ ചീറ്റിപ്പോയി.    തെരഞ്ഞെടുപ്പ് ആസന്നമായ മറ്റു സംസ്ഥാനങ്ങൾക്കും ഇത്ചില സന്ദേശങ്ങൾ നൽകുന്നുണ്ട് . ജാർഖണ്ഡിലെ ബി ജെ പി- എ ജെ എസ്  യു സഖ്യം ഇപ്പോൾ തന്നെ തകർന്നിരിക്കുന്നു. ഇപ്പോഴത്തെ ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസിന് സ്വന്തം മണ്ഡലത്തിൽ ബി ജെ പി നേതാവായ ഒരു മന്ത്രി സരയു റായിയിൽനിന്ന് കടുത്ത എതിർപ്പ് ഉണ്ടായിരിക്കുന്നു. രഘുബർ ദാസിൻറെ നേതൃത്വത്തിൽ ഇപ്പോൾ ഉള്ള സംസ്ഥാന ഭരണം "ഭയം, വിശപ്പ്, അഴിമതി" എന്നിവ മുഖമുദ്രകൾ ആയിരിക്കുന്ന ഒന്നാണെന്ന് ജനങ്ങൾ കരുതുന്നു. അതിനാൽ, മഹാരാഷ്ട്രയിലെ സമീപകാല സംഭവവികാസങ്ങൾ ജാർഖണ്ഡിലെ വോട്ടർമാരെ കൂടുതൽ ആത്മവിശ്വാസം ഉള്ളവരും ബി ജെ പി ഭരണത്തിന് എതിരായി സുവ്യക്തമായ ഒരു ജനവിധി നൽകാൻ പ്രാപ്തരും ആക്കുമെന്നു പ്രതീക്ഷിക്കാം .  

ജാർഖണ്ഡിലെ തെരഞ്ഞെടുപ്പിൽ ഇതുണ്ടാക്കാൻ പോകുന്ന ആസന്നമായ സ്വാധീനത്തിനു അപ്പുറം മഹാരാഷ്ട്രാ സംഭവവികാസങ്ങൾക്ക് പ്രസക്തിയുണ്ട്.  ജനാധിപത്യ ഇന്ത്യയിലെ  ഭരണഘടനാ സംവിധാനം സംരക്ഷിക്കപ്പെടണം എന്നാഗ്രഹിക്കുന്ന ഏതൊരു  പൗരന്നും കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കാനുള്ള ഒരു സന്ദേശമാണ് അത് നൽകുന്നത് .   നവംബർ 26 ഭരണഘടനാ ദിവസം ആയി ആചരിക്കാൻ  2015 മുതൽ തുടക്കം കുറിച്ചത് മോദി സർക്കാർ തന്നെയായിരുന്നുവെന്നതും ഒരു വിരോധാഭാസമാണ് .ഭരണഘടനയുടെ അടിസ്ഥാനപരമായ മൂല്യങ്ങൾക്കെതിരെ നിരന്തരം ആക്രമണം നടത്തുന്ന സ്വന്തം ചെയ്തികളെ അതേ ഭരണഘടനയെയും അതിന്റെ മുഖ്യ ശില്പിയായ അംബേദ്കറിനെയും പ്രശംസിക്കുന്ന പൊള്ളയായ വാചകമടികൾ കൊണ്ട് മറച്ചുവെക്കാമെന്നാണ്   മോദി ഭരണകൂടം കരുതുന്നത്. ഇന്ത്യൻ ഭരണഘടനയെ സാമൂഹ്യ പരിവർത്തനത്തിനുള്ള ഒരു ആയുധമാക്കാൻ ഇന്ത്യൻ പൗരന്മാർക്ക് കഴിയണമെന്ന് അംബേദ്‌കർ ആഗ്രഹിച്ചു. ഭരണഘടനയുടെ സമുന്നതമായ സാമൂഹ്യ ലക്ഷ്യങ്ങളും വാഗ്ദാനങ്ങളും പ്രവർത്തികമാവണമെങ്കിൽ  ചുമതലയേൽപ്പിക്കപ്പെട്ട ഭരണകർത്താക്കൾ അവ നടപ്പാക്കാൻ സന്നദ്ധരായേ പറ്റൂ എന്ന ഒരു മുന്നറിയിപ്പും അംബേദ്‌കർ നൽകിയിരുന്നു.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ നഗ്നമായ ലംഘനമാണ് ഇന്ന് ഓരോ മേഖലയിലും നടന്നുവരുന്നത്  .കശ്മീർ താഴ്വരയിലെ ജനങ്ങളുടെ അടിസ്ഥാനപരമായ ജനാധിപത്യാവകാശങ്ങൾ നിഷേധിച്ചു   ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി എടുത്തുകളഞ്ഞ നടപടിയും അയോദ്ധ്യ കേസിൽ ഉണ്ടായ സുപ്രീം കോടതിവിധിയും  ഇന്ത്യൻ ഭരണഘടനയുടെ മൗലിക തത്വങ്ങൾ കാറ്റിൽ പറത്തിയതിന്റെ സമീപകാല ഉദാഹരണങ്ങൾ മാത്രം. അസമിൽ താമസക്കാരായ ജങ്ങളിൽ നല്ലൊരു വിഭാഗത്തെ മുൻപൊരിക്കലും ഉണ്ടായിട്ടിലാത്ത വിധം ദുരിതങ്ങളിൽ ആഴ്ത്തിയ എൻ ആർ സി പ്രക്രിയയുടെ ഫലമായി സംസ്ഥാനം നീതിയുടെയും മനുഷ്യാവകാശങ്ങളുടെയും കശാപ്പ്ശാലയായി മാറിക്കൊണ്ടിരിക്കുന്നു. ഡീറ്റെൻഷൻ ക്യാമ്പുകളിലെ നരകയാതനകൾ നിമിത്തം 28 മരണങ്ങളാണ്  ഇതിനകം റിപ്പോർട്ട് ചെയ്തിരിക്കുന്നത് .  എന്നിട്ടും ഈ മാനുഷിക ദുരന്തങ്ങളോട് മോദി സർക്കാർ പ്രതികരിക്കുന്നത് തികച്ചും നിഷേധാത്മകമായാണ്. എൻ ആർ സി രാജ്യത്താകമാനം നടപ്പാക്കുമെന്ന് മാത്രമല്ല, ഇന്ത്യയിലെ പ്രധാന ന്യൂനപക്ഷ സമുദായത്തിനെതിരായ ഭേദഗതികൾ വരുത്തി വർഗ്ഗീയവൽക്കരിച്ച    ഇന്ത്യൻ പൗരത്വ നിയമത്തിന്റെ ബലത്തിൽ ആണ് അത് നടപ്പാക്കുക എന്നാണ് മോദി സർക്കാർ പറയുന്നത്.  ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനപരമായ ചട്ടക്കൂട് മതേതരത്വത്തിന് നൽകുന്ന പ്രാധാന്യത്തെ തൃണവല്ഗണിക്കുന്നതാണ് പൗരത്വ നിയമത്തിലെ പ്രസ്തുത  ഭേദഗതി. ഭരണഘടനയുടെ മാർഗ്ഗനിർദ്ദേശക തത്വങ്ങൾ പ്രകാരം ഇന്ത്യ ഒരു ക്ഷേമരാഷ്ട്രം ആകേണ്ടതാണ്. എന്നാൽ, മോദി ഭരണകൂടം എല്ലാ പൊതുമേഖലാ വ്യവസായത്തെയും സേവനങ്ങളെയും  പടിപടിയായി സ്വകാര്യവൽക്കരിച്ചുകൊണ്ടിരിക്കുകയും, അതിലൂടെ രാജ്യത്തിലെ ജനങ്ങളെ കോർപറേറ്റുകളുടെയും കമ്പോളത്തിന്റെയും  ദയാദാക്ഷിണ്യത്തിനു വിധേയരാക്കിയിരിക്കുകയുമാണ്. 

ഇന്ത്യൻ ഭരണഘടന നിലവിൽ വന്നു 70 വർഷങ്ങൾ പിന്നിട്ടതിന് ശേഷം ഏറ്റവും കഠിനമായ ഒരു പരീക്ഷണ ഘട്ടത്തിലൂടെ കടന്നുപോവുകയാണ് ഇപ്പോൾ.  ഇന്ത്യയിലെ ജനങ്ങൾ ഒരു സ്വേച്ഛാധിപതിയുടെ ഇഷ്ടാനിഷ്ടങ്ങൾക്കു വിധേയരാണെന്നതുപോലെയാണ് അധികാരം നിയന്ത്രിക്കുന്ന  ഒരു പിടി വ്യക്തികൾ പൗരന്മാരുടെ വിലപ്പെട്ട അവകാശങ്ങൾ ഒന്നൊന്നായി അവരിൽനിന്നും എടുത്തുകളയുന്നത് .   ഇതുസംബന്ധമായി അംബേദ്‌കർ നൽകിയ മുന്നറിയിപ്പ് ഇതിനു മുൻപൊരിക്കലും ഇത്രയും പ്രസക്തമായി അനുഭവപ്പെട്ടിട്ടില്ല.  ഈ രാജ്യത്തിലെ പൗരന്മാർ എന്ന നിലക്ക് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളും ലക്ഷ്യങ്ങളും കാത്തുസൂക്ഷിക്കാൻ  ഇന്ന്  സർവശക്തിയും സമാഹരിച്ചു രംഗത്ത് വരേണ്ടതുണ്ട്.
[A CPIML Weekly News Magazine
Vol. 22 | No. 48 | 26 Nov – 2 Dec 2019]

No comments:

Post a Comment