Friday, 1 November 2019

മഹാരാഷ്ട്രാ , ഹരിയാന ,ജമ്മു-കശ്മീർ തെരഞ്ഞെടുപ്പുഫലങ്ങൾ നൽകുന്ന സന്ദേശം  
EDITORIAL, ML Update Weekly, 29 Oct- Nov 04, 2019
ഹാരാഷ്ട്രയിലേയും  ഹരിയാനയിലെയും അസംബ്ലികളിലേക്ക് ഇയ്യിടെ നടന്ന പൊതുതെരഞ്ഞെടുപ്പുകൾ ബി ജെ പി യ്ക്ക് നിഷ്പ്രയാസം ജയിച്ചു കയറാൻ പറ്റുന്നവയാണെന്ന് പൊതുവിൽ ധാരണയുണ്ടായിരുന്നു. പൊതുവിൽ കോർപ്പറേറ്റ് മാദ്ധ്യമങ്ങൾ നിർമ്മിച്ച അത്തരമൊരു പൊതുധാരണയെ ശരിവെക്കുന്ന തരത്തിൽ ആയിരുന്നു എക്സിറ്റ് പോൾ പ്രവചനങ്ങളും കലാശിച്ചത് .  ഹരിയാനയിൽ  ആകെയുള്ള 90 ൽ 83 വരെ സീറ്റുകൾ ബി ജെ പി ക്കു ലഭിക്കുമെന്നും, മഹാരാഷ്ട്രയിൽ ബി ജെ പിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നും എക്സിറ്റ് പോളുകൾ പ്രവചിച്ചു; എന്നിട്ടും ആ സംസ്ഥാനങ്ങളിൽ പുറത്തുവന്ന ജനവിധി ആശ്വാസം പകരുന്ന ഒരത്ഭുതം പോലെ യഥാർത്ഥ അവസ്ഥയുമായി  തികച്ചും പൊരുത്തപ്പെടുന്നതായിരുന്നു. ഹരിയാനയിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള മുന്നണി ഉണ്ടാക്കാനും    മഹാരാഷ്ട്രയിൽ ശിവസേനയുടെ വിലപേശൽ സമ്മർദ്ദങ്ങൾക്ക് വിധേയമായി മാത്രം സർക്കാർ രൂപീകരിക്കാനും  ബി ജെ പി നിർബന്ധിതരായിരിക്കുന്നു. 
ബി ജെ പി യ്ക്ക് ലഭിച്ച സീറ്റുകളുടെ നില മാത്രമല്ല അത്ഭുതപ്പെടുത്തുന്നത്; മഹാരാഷ്ട്രയിലേയും   ഹരിയാനയിലേയും ഗ്രാമീണ വോട്ടർമാർ  പ്രതിപക്ഷ കക്ഷികളുടെ  സ്ഥാനാർത്ഥികളെ  വിജയിപ്പിച്ചത് വലിയ  ഭൂരിപക്ഷത്തോടെയായിരുന്നു. ഗ്രാമീണർ നിർണ്ണായകമായ രീതിയിൽ ബി ജെ പിയെ  പരാജയപ്പെടുത്തുകയായിരുന്നു. ലാത്തൂർ അസംബ്ലി മണ്ഡലത്തിൽ വോട്ടർമാർ ബി ജെ പി-ശിവസേന സഖ്യത്തെ  സ്ഥാനത്തേക്ക് തള്ളിയപ്പോൾ ഒരു   ലക്ഷത്തിൽപ്പരം വോട്ടുകൾ നേടി കോൺഗ്രസ്- എൻ സി പി സഖ്യം വിജയിക്കുകയും , "നോട്ടാ" രണ്ടാം സ്ഥാനത്തു വരികയും ചെയ്തു . പരേതനായ ബി ജെ പി നേതാവ് ഗോപിനാഥ് മുണ്ഡെ യുടെ പുത്രിയും  അഴിമതി-തിരിമറി ആരോപണങ്ങൾ നേരിടുന്ന  മുൻ മന്ത്രിയും പ്രമുഖ ബി ജെ പി സ്ഥാനാർഥിയും ആയ പങ്കജാ മുണ്ഡെയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിൽ മോദിയും അമിത് ഷായും നേരിട്ട് പങ്കെടുത്തിരുന്നു; എന്നാൽ പങ്കജാ മുണ്ഡെ തോറ്റത് 60,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആയിരുന്നു.      

'കശ്മീർ വിജയം' കൊട്ടി ഘോഷിച്ചുകൊണ്ടും , മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന നിയമം പാസ്സാക്കിയതിന്റെ പേരിലും, എൻ ആർ സി യും പൗരത്വ നിയമ ഭേദഗതി ബില്ലും സംയോജിപ്പിച്ച്‌  നിയമവിരുദ്ധരെന്നു തങ്ങൾ ചാപ്പ കുത്തിയ കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് പുറത്താക്കുമെന്ന വാഗ്‌ദാനം വോട്ടർമാർക്ക് നൽകിയും ,  ഗംഭീരമായ  തെരഞ്ഞെടുപ്പ് നേട്ടങ്ങൾ കൊയ്‌തെടുക്കാം  എന്ന  ബി ജെ പി യുടെ പ്രതീക്ഷക്ക് വലിയ മങ്ങലേൽപ്പിച്ച ജനവിധിയാണ് ഉണ്ടായിരിക്കുന്നത് . മഹാരാഷ്ട്രയിലാണെങ്കിൽ ഇവയ്‌ക്കെല്ലാം പുറമേ, സർക്കാരിന് ഭാരതരത്ന പദവി നൽകുമെന്ന പ്രഖ്യാപനവും തങ്ങളെ തുണയ്ക്കുമെന്ന്  ബി ജെ പി ധരിച്ചത് അസ്ഥാനത്തായി .  ജനങ്ങളെ ബാധിക്കുന്ന ജീവൽപ്രശ്നങ്ങൾക്കൊന്നിനും ഒരു സമാധാനവും പറയാൻ തങ്ങൾ ബാധ്യസ്ഥരല്ലെന്ന  ബി ജെ പി സർക്കാരുകളുടെ ധിക്കാരം നിറഞ്ഞ നിലപാടിനുള്ള   കനത്ത ശിക്ഷയാണ്  വോട്ടർമാർ നൽകിയിരിക്കുന്നത് .മഹാരാഷ്ട്രയിൽ ദീർഘകാലമായി നിലനിൽക്കുന്ന രൂക്ഷമായ കാർഷിക പ്രതിസന്ധിയുടെ കാര്യത്തിലായാലും , പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിൽ  നിക്ഷേപിച്ച സാധാരണക്കാർക്ക് കഠിനാദ്ധ്വാനത്തിലൂടെ സ്വരൂപിച്ച സ്വന്തം പണം പിൻവലിക്കാൻ അനുവാദം നിഷേധിക്കപ്പെട്ടതുപോലുള്ള സംഭവങ്ങളിലൂടെ ചുരുൾ നിവരുന്ന   ബാങ്കിങ്ങ് പ്രതിസന്ധിയുടെ കാര്യത്തിലായാലും,  ജനങ്ങൾക്ക് ഒരു ആശ്വാസവും നൽകാൻ ബി ജെ പി തയ്യാറല്ലെന്ന് മാത്രമല്ല, മുറിവുകളിൽ ഉപ്പു തേക്കുകയും ജനങ്ങളെ അവഹേളിക്കുകയും ചെയ്യുന്ന നിലപാട് ആണ് അവർ കൈക്കൊള്ളുന്നത്. കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പുറമേ മഹാരാഷ്ട്രയിലെ പ്രളയക്കെടുതികൂടി വന്നിട്ടും ജനങ്ങളെ കരകയറ്റാനുള്ള ശ്രമങ്ങൾക്ക് പകരം  വർഗ്ഗീയതയും പ്രതിലോമ ദേശീയതയും പ്രോത്സാഹിപ്പിക്കുന്ന പ്രചാരവേലകൾ ആണ് വോട്ട് ലഭിക്കാനുള്ള എളുപ്പമാർഗ്ഗം എന്ന് ബി ജെ പി ധരിച്ചു . ഇതിനു ലഭിച്ച ഉചിതമായ മറുപടിയാണ് പലയിടത്തും ബി ജെ പി യ്ക്ക് ലഭിച്ച വമ്പിച്ച തിരിച്ചടി. 
 
 
ജമ്മു-കശ്മീരിൽ നടന്ന ബ്ലോക്ക് ഡെവല പ്മെൻറ് കൌൺസിൽ തെരഞ്ഞെടുപ്പിലും ബി ജെ പി യുടെ കശ്മീർ നയത്തിനെതിരായ ജനവികാരം  ശക്തമായി പ്രതിഫലിച്ചു. മോദി സർക്കാർ കൂട്ടിലടച്ച കശ്മീരിലെ "സാധാരണ നില" യും "ജനാധിപത്യ"വും തെളിയിക്കാൻ നടത്തിയ തെരഞ്ഞെടുപ്പ് ബി ജെ പി യൊഴികെയുള്ള എല്ലാ കക്ഷികളും പൂർണ്ണമായും ബഹിഷ്‌കരിക്കുകയാണ്  ഉണ്ടായതെങ്കിലും , തെരഞ്ഞെടുക്കപ്പെട്ട പഞ്ചുകളും സർപഞ്ചുകളും മാത്രം വോട്ടുചെയ്യുന്ന ഇലക് ഷനിൽ ഏകദേശം മുഴുവൻ വോട്ടർമാരും പങ്കെടുത്തുവെന്നു സർക്കാർ അവകാശപ്പെട്ടു. ബി ജെ പി യുടെ സമ്മർദ്ദ തന്ത്രവും ഭീഷണികളും നിമിത്തം കശ്മീർ താഴ്വരയിൽപ്പെട്ട ഷോപ്പിയാൻ അടക്കം ചില പ്രദേശങ്ങളിലെ സീറ്റുകളിൽ അവർക്ക് എതിർ സ്ഥാനാർത്ഥികൾ ഇല്ലായിരുന്നു. സംസ്ഥാനത്തൊട്ടാകെ നോക്കുകയാണെങ്കിൽ  സ്വതന്ത്ര സ്ഥാനാർഥികൾക്കായിരുന്നു പൊതുവെ മുൻ‌തൂക്കം. മൂന്നു മേഖലകളിലും പെട്ട 307 ബ്ലോക്കുകളിൽ 217 ലും സ്വതന്ത്ര സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ ബി ജെ പി  81 ബ്ലോക്കുകളിൽ ഒതുങ്ങി. താഴ്‌വരയിൽ മാത്രമല്ല, ബി ജെ പി ക്ക് കൂടുതൽ  സ്വാധീനം ഉണ്ടായിരുന്ന ജമ്മു പ്രദേശത്തുപോലും 148 ൽ 52 ബ്ലോക്കുകൾ മാത്രമാണ് ബി ജെ പി നേടിയത്. 88 സീറ്റുകളിൽ ജയിച്ചത് സ്വതന്ത്രരും വേറെ 8 ഇടത്തു തെരഞ്ഞെടുക്കപ്പെട്ടത് പാന്തേഴ്‌സ് പാർട്ടിയും ആയിരുന്നു. ലഡാക്കിൽപ്പോലും 31 സീറ്റുകളിൽ 11 എണ്ണം മാത്രമേ ബി ജെ പിക്ക് ലഭിച്ചുള്ളൂ; ബാക്കി ഇരുപത്തിടത്തും സ്വതന്ത്രർ ആണ് വിജയിച്ചത്.
   
    
ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന വ്യക്തമായ സൂചനകൾ ഉൾക്കൊള്ളാൻ ബി ജെ പി യ്ക്ക് ഒരു താല്പര്യവുമില്ല. നേരെ മറിച്ച്,  വിനാശകരമായ സ്വകാര്യവൽക്കരണത്തിന്റെ പാത ഇനിയും ബഹുദൂരം മുന്നോട്ടു കൊണ്ടുപോകാനും, വിലപ്പെട്ട സമ്പത്തും വിഭവങ്ങളും കോർപ്പറേറ്റ് കൊള്ളയ്ക്ക് വേണ്ടി തുറന്നുവെക്കാനും,സമൂഹത്തെയാകെ വർഗ്ഗീയമായി ധ്രുവീകരിക്കാനും മാത്രം ആണ്    അവർക്ക് തിടുക്കം. കശ്മീർ നയത്തിലെ തികഞ്ഞ താന്തോന്നിത്തം കാരണം  സാർവ ദേശീയമായി അപലപിക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്യുന്നതിന് പരിഹാരമായി മോദി സർക്കാർ കണ്ടെത്തിയിരിക്കുന്ന പുതിയ മാർഗ്ഗം ലോകത്തിൽ വളരെ മതിപ്പ്  കുറഞ്ഞവരും  ഫാസിസ്റ്റ് ശക്തികളെ പ്രതിനിധാനം ചെയ്യുന്നവരും ആയവരുടെ പ്രശംസ പിടിച്ചുപറ്റുക എന്നതാണ് . യൂറോപ്യൻ പാർലമെന്റിൽ വലതുപക്ഷ ചിന്താഗതിക്കും , ഇസ്ലാമോഫോബിയയ്ക്കും , വിദേശ വംശജരായ കുടിയേറ്റക്കാരോടുള്ള ശത്രുതാമനോഭാവത്തിനും കുപ്രസിദ്ധി യാർജ്ജിച്ച  ഏതാനും പാർലമെന്റ് അംഗങ്ങളെ തെരഞ്ഞുപിടിച്ചു "അനൗദ്യോഗിക" കശ്മീർ സന്ദർശനത്തിന് ക്ഷണിക്കുകയും, അന്താരാഷ്ട്ര ബന്ധങ്ങളിലെ സ്വയം പ്രഖ്യാപിത  ഇടനിലക്കാരനായി പ്രവർത്തിക്കുന്ന  സംശയാസ്പദ പദവിയിലുള്ള ഒരു സന്നദ്ധ സംഘടനയുടെ സഹായത്തോടെ പ്രസ്തുത സംഘാംഗങ്ങളെയും കൂട്ടി കാശ്മീരിൽ "കണ്ടക്ടഡ് ടൂർ" നടത്തുകയും ചെയ്ത മോദി സർക്കാരിന്റെ പ്രവൃത്തി പരക്കെ അപലപിക്കപ്പെട്ടു. അതേ  സമയം, കശ്മീരിലെ പൗരന്മാർക്കോ, പ്രതിപക്ഷ നേതാക്കൾക്കോ,  ഇന്ത്യൻ പാർലമെന്റിലെ അംഗങ്ങൾക്കോ  , മാധ്യമപ്രവർത്തകർക്കോ കശ്മീരിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിരോധാഭാസകരമായ ഒരു സാഹചര്യമാണുള്ളത്.  അയോദ്ധ്യ കേസിൽ സുപ്രീം കോടതി അതിൻററെ വിധിപറയാൻ ഇരിക്കേ, പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൽ പൗരത്വ നിയമ ഭേദഗതി ബിൽ അവതരിപ്പിച്ചു പാസാക്കിയെടുക്കാനും അതുവഴി സാമുദായിക ധ്രുവീകരണത്തിന് കോപ്പുകൂട്ടാനും ആണ് ബി ജെ പി യുടെ ശ്രമം.
തീർച്ചയായും ഈ തെരഞ്ഞെടുപ്പുഫലങ്ങൾ  ഇന്ത്യയിലെ ജനങ്ങൾക്കും പ്രതിപക്ഷത്തുള്ള രാഷ്ട്രീയപ്പാർട്ടികൾക്കും നൽകുന്നത്  ഒരുപോലെ അർത്ഥവത്തായ സന്ദേശം ആണ് . നിശ്ചയ ദാർഢ്യത്തോടെയുള്ള പ്രതിപക്ഷ എതിർ പ്രചാരണങ്ങളും  ജനങ്ങളുടെ പക്ഷത്തു ധീരതയോടെ നിലയുറപ്പിച്ചുള്ള  തുടർച്ചയായ ചെറുത്തുനിൽപ്പും തമ്മിൽ കണ്ണിച്ചർക്കപ്പെട്ടാൽ സംഭവിക്കാവുന്നത്  എന്തെന്ന്  ഹരിയാനയും മഹാരാഷ്ട്രയും വ്യക്തമായും  കാട്ടിത്തരുന്നു.  ഹരിയാനയിൽ ബി ജെ പി ക്ക്  കഷ്ടിച്ച് അധികാരം  നിലനിർത്താൻ കഴിഞ്ഞത് തന്നെ ചൗത്താലാ കുടുംബത്തിൻറെ സൃഷ്ടിയും  പറക്കമുറ്റാത്തതുമായ  ഒരു പാർട്ടിയുടെ അവസരവാദപരമായ നിലപാടുകൾ നിമിത്തമാണ്. ( ഹരിയാനയിൽ ഉണ്ടാക്കിയ ബി ജെ പി -ജെ ജെ പി കൂട്ടുകക്ഷി സർക്കാരിൽ മകൻ ഉപമുഖ്യമന്ത്രിയായപ്പോൾ  അജയ് ചൗത്താലയ്ക്ക്  ഡൽഹിയിലെ തിഹാർ ജെയിലിൽനിന്നും രണ്ടാഴ്ചത്തെ പരോൾ അനുവദിക്കപ്പെട്ടു )  ഹരിയാനയിലും മഹാരാഷ്ട്രയിലും ബി ജെ പി കഷ്ടിച്ച് രക്ഷപ്പെട്ടതിനു ശേഷം , അടുത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോവുന്നത് ഡെൽഹിയിലും ജാർഖണ്ഡിലും ആണ്. മോദി -ഷാ കൂട്ടുകെട്ടിന്റെ സ്വേച്ഛാധിപത്യപരമായ അഹന്തയ്ക്കു ഉചിതമായ മറുപടി നൽകാൻ ജനങ്ങൾക്കുള്ള മറ്റൊരവസരം കൂടിയാണ് അത്. ഏറ്റവും മുഖ്യമായ കാര്യം, തെരുവുകളിൽ പ്രതിഷേധങ്ങളും സമരങ്ങളും നടത്തുന്ന ജനങ്ങളുടെ ഐക്യവും ആത്മവിശ്വാസവും വരും നാളുകളിൽ കൂടുതൽ നിർണ്ണായകമാകും എന്നതാണ്.  എൻ ആർ സി - പൗരത്വ നിയമ ഭേദഗതി ബില്ലിൻറെ ബലത്തിൽ രൂപപ്പെടുന്ന കുടിലമായ പദ്ധതികളുടെ കാര്യത്തിലായാലും, കശ്മീരും അയോദ്ധ്യയും ഉപയോഗിച്ച് വിഭാഗീയ അജൻഡ സൃഷ്ടിച്ചു്  സാമുദായിക ധ്രുവീകരണം ഉൽപ്പാദിപ്പിക്കുന്ന കാര്യത്തിലായാലും, കോർപ്പറേറ്റ്കളെ സഹായിക്കാൻ വേണ്ടി ജനങ്ങളുടെ ചുമലിൽ സാമ്പത്തിക ദുരിതങ്ങൾ കെട്ടിവെക്കുന്ന ദരിദ്രർക്കെതിരായ നയങ്ങളുടെ കാര്യത്തിലായാലും , അവയെല്ലാം പരാജയപ്പെടുത്തുന്നതിനുള്ള ഒരേയൊരു പോംവഴി ജനകീയ ഐക്യത്തിലൂടെ രൂപപ്പെടുന്ന ശക്തമായതും സുസംഘടിതവുമായ സമരങ്ങളിലൂടെ മോദി -ഷാ ഭരണത്തെ മുട്ടുകുത്തിക്കലാണ്. 

No comments:

Post a Comment