Thursday 21 November 2019

(എഡിറ്റോറിയൽ , എം എൽ അപ്ഡേറ്റ് ) 
ജെ എൻ യു  പ്രക്ഷോഭത്തെ പിന്തുണക്കുക !
സർവ്വകലാശാലകളുടെ വാതിലുകൾ നിർദ്ധനർക്കെതിരെ കൊട്ടിയടക്കാതിരിക്കുക !


വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ പ്രശ്നം  രാഷ്ട്രീയത്തിന്റെ കേന്ദ്ര സ്ഥാനത്തെത്തിച്ച ഒരു സമരമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ജെ എൻ യു വിലെ വിദ്യാർത്ഥികൾ നടത്തിപ്പോന്ന വീറുറ്റ പ്രക്ഷോഭം.

ദരിദ്രരുടെ മക്കൾക്ക്  മികച്ച സർവ്വകലാശാലാവിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ  ഒരുക്കുന്ന ഒരു പിടി സ്ഥാപനങ്ങളിൽ ഒന്നായിരുന്നു ഡൽഹിയിലെ ജെ എൻ യു. എന്നാൽ , അടുത്ത കാലത്തു് നരേന്ദ്ര മോദി  നിയമിച്ച വൈസ് ചാൻസലർ  സ്വീകരിച്ച ഏതാനും നടപടികൾ ഈ സ്ഥിതിക്ക്   ഗുരുതരമായ കോട്ടങ്ങൾ ആണ് വരുത്തിയിരിക്കുന്നത്. ഹോസ്റ്റൽ മുറിവാടക കുത്തനെ ഉയർത്തുകയും, വൈദ്യുതി- ജലവിതരണം സംബന്ധമായ സേവനങ്ങൾ വാണിജ്യവൽക്കരിക്കുകയും ചെയ്തു വിദ്യാർത്ഥികളിൽ കനത്ത അധിക സാമ്പത്തികബാദ്ധ്യതകൾ അടിച്ചേൽപ്പിക്കുകയുമാണ് ജെ എൻ യു വൈസ് ചാൻസലറുടെ നേതൃത്വത്തിൽ അധികാരികൾ ചെയ്തിരിക്കുന്നത്. 


ദരിദ്രർക്കും പാർശ്വവത്കൃതർക്കും അനുകൂലമായ ഒരു പ്രവേശനനയം ആണ് ദീർഘകാലമായി ജെ എൻ യു അനുവർത്തിച്ചുപോന്നത് . ഇത്തരം ഒരു  പ്രവേശനനയത്തിന്റെ ഫലമായി ജെ എൻ യു വിൽ അഡ്‌മിഷൻ നേടുന്ന വിദ്യാർത്ഥികളിൽ 40 % പേർ  വരുന്നത്  12000 രൂപയിൽ  താഴെ മാത്രം മാസ വരുമാനം ഉള്ള  കുടുംബങ്ങളിൽ നിന്നാണ് . ഇപ്പോൾ നടപ്പാക്കിയിരിക്കുന്ന ഫീസ് വർദ്ധനവും ,ഹോസ്റ്റൽ വാടകയിലും സർവ്വീസ് ചാർജ്ജുകളിലും മറ്റും ആയി ഏർപ്പെടുത്തിയ കുത്തനെയുള്ള വർദ്ധനവും ഏറ്റവും ബാധിക്കുന്നത് പ്രസ്‌തുത വിദ്യാർഥികളെയും അവരുടെ കുടുംബങ്ങളെയും ആണ്.  ആ കുടുംബങ്ങളിൽനിന്നു വരുന്ന മക്കളുടെ സർവ്വകലാശാലാ വിദ്യാഭ്യാസം ഇനി  മുന്നോട്ടുപോകണമെങ്കിൽ , അവരുടെ കുടുംബവരുമാനം ഹോസ്റ്റൽ ഫീസിനു  പോലും തികയാത്ത അവസ്ഥക്ക് പരിഹാരം ഉണ്ടാക്കേണ്ടതുണ്ട്.
ജെ എൻ യു വിൽ   പഠിക്കാനെത്തുന്നവരിൽ  പകുതിപ്പേരും പെൺകുട്ടികൾ ആണെന്നത്  പ്രവേശന നയത്തിന്റെ പ്രത്യേകതനിമിത്തം ഉള്ള സ്ഥിതിയാണ്. എന്നാൽ, ഇപ്പോഴത്തെ ഫീസ് വർധനയും ഹോസ്റ്റൽ നിരക്കുകളുടെ വാണിജ്യവൽക്കരണവും അവരേയും സർവ്വകലാശാലയുടെ പടിക്കു പുറത്താക്കുന്ന അവസ്ഥയിൽ എത്തിക്കും. 
ജെ എൻ യു വിദ്യാർത്ഥികൾ ഇപ്പോൾ  നടത്തുന്ന പ്രക്ഷോഭം അവർക്കുവേണ്ടി മാത്രം ഉള്ളതല്ല എന്നും നാം  മനസ്സിലാക്കണം. വിദ്യാർത്ഥികൾ ഇത്രയും സുസംഘടിതരായി പ്രതിഷേധിക്കുന്ന ജെ എൻ യു വിൽ  ഹോസ്റ്റൽ നിരക്കുകൾ വാണിജ്യവൽക്കരിക്കാൻ കഴിഞ്ഞാൽ , കുറഞ്ഞ ഫീസ് നിലനിൽക്കുന്ന മറ്റു സർവകലാശാലകളിലും ഈ നയം നിഷ്പ്രയാസം നടപ്പാക്കാൻ അധികാരികൾക്ക് കഴിയും. അതിനാൽ,  ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, അലീഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി തുടങ്ങിയവ ഉൾപ്പെടുന്ന മറ്റു അനേകം സ്ഥാപനങ്ങളിൽ പഠിക്കുന്ന പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ പഠനത്തിൽ ഉണ്ടാവാൻ പോവുന്ന ഗുരുതരമായ  പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു പ്രക്ഷോഭമാണ് ജെ എൻ യു വിലേത്.   പണക്കാർക്ക്  മാത്രമുള്ള  പ്രത്യേകാവകാശമല്ല വിദ്യാഭ്യാസം എന്നും , അത് ഓരോ ഇന്ത്യൻ പൗരന്റേയും അവകാശം ആണെന്നും ഉറപ്പുവരുത്താൻ ആവശ്യപ്പെടുന്ന സമരം ആണ് അത്.
മോദി സർക്കാർ ജെ എൻ യു വിദ്യാർഥികൾക്ക് നേരെ ഒരു യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. കാമ്പസ്സിൽ പാരാ മിലിട്ടറി സേനയായ  സി ആർ പി എഫ് നെ വിന്യസിക്കുകയും, ഡൽഹിയിലെ തെരുവുകളിൽ വിദ്യാർഥികൾ പ്രതിഷേധ ത്തിന്റെ ശബ്ദം ഉയർത്തുന്ന ഓരോ അവസരത്തിലും പോലീസ് അവരുടെ മേൽ  ക്രൂരമായി ലാത്തിചാർജ്ജ് നടത്തുകയും ആണ്. അമിത് ഷായുടെ നിയന്ത്രണത്തിലുള്ള ഡൽഹി പോലീസ് തെരുവുവിളക്കുകളെല്ലാം നിയമവിരുദ്ധമായി കെടുത്തിയ ശേഷം ഇരുട്ടിന്റെ മറവിൽ ആണ് വിദ്യാർഥികളെ തല്ലിച്ചതച്ചത് . കണ്ണിനു കാഴ്ചക്കുറവുള്ള ആൾ എന്നറിഞ്ഞിട്ടും ഒരു വിദ്യാർത്ഥിയെ നിലത്തിട്ടു ബൂട്ടുകൊണ്ട് ചവിട്ടാൻ പോലീസ് ഒരു മടിയും കാട്ടിയില്ല. പെൺകുട്ടികൾക്ക് നേരെ ലൈംഗിക ആക്രമണങ്ങളും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായി.
ഈ പോലീസ് അതിക്രമങ്ങൾക്ക് മുന്നിലും ജെ എൻ യു വിദ്യാർത്ഥികൾ തളരാതെ പോരാട്ടം മുന്നോട്ടുകൊണ്ടുപോകുകയാണ്. ആശയങ്ങൾ കൊണ്ടും യുക്തികൊണ്ടും ഇപ്പോൾത്തന്നെ അവർ വിജയത്തിന്റെ പാതയിൽ ആണ്. എന്നിട്ടും സംഘപരിവാറിന്റെ പ്രോപ്പഗാണ്ടാ സംവിധാനങ്ങളും ചില ടെലിവിഷൻ ചാനലുകാരും ജെ എൻ യു വിലെ വിദ്യാർഥി പ്രക്ഷോഭത്തെ താറടിച്ചു കാണിക്കുകയാണ്. ജെ എൻ യു നികുതിദായകരുടെ പണം വൃഥാവിലാക്കുന്ന ഒരു ഏർപ്പാട് ആണെന്നും, അവിടുത്തെ വിദ്യാർഥികൾ സമൂഹത്തിന്റെ ചെലവിൽ വേണ്ടാത്ത സൗജന്യങ്ങൾ അനുഭവിക്കുന്ന ഒരു പറ്റം ഇത്തിക്കണ്ണികൾ  ആണെന്നും എല്ലാം അവർ പ്രചരിപ്പിക്കുന്നു.  ജെ എൻ യു വിലെ പെൺകുട്ടികളെക്കുറിച്ചു അവർ പ്രചരിപ്പിക്കുന്നത് കടുത്ത സ്ത്രീവിരുദ്ധതയിൽ കുരുപ്പിച്ചെടുത്ത നുണകൾ ആണ്.  ഈ നുണപ്രചാരണങ്ങളെ  ചെറുത്തുകൊണ്ടു യാഥാർഥ്യം ജനങ്ങളുടെ മുന്നിൽ എത്തിക്കാൻ ജെ എൻ യു വിലെ വിദ്യാർഥികളും അധ്യാപകരും ഒറ്റക്കെട്ടായ ശ്രമങ്ങൾ നടത്തിയതിന് ഇപ്പോൾ ഫലം കണ്ടുതുടങ്ങി. ദരിദ്രരുടെ മക്കൾക്ക് സർവ്വകലാശാലാ വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെയും നിഷേധിക്കപ്പെട്ട അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനു വേണ്ടിയും ആണ് ഇപ്പോഴത്തെ വിദ്യാർഥി പ്രക്ഷോഭം എന്ന യാഥാർഥ്യം പരക്കെ മനസ്സിലാക്കപ്പെടുന്നുണ്ട്. എഡ്യൂക്കേഷൻ സെസ്സ് ആയി പ്രത്യേക പിരിച്ച നികുതിപ്പണമായ ഒരു ലക്ഷം കോടി രൂപ മിക്കവാറും ചെലവാക്കാതെ ഇരിക്കെ,  എന്തുകൊണ്ടാണ്  ഉന്നതവിദ്യാഭ്യാസത്തിന്റെ മേഖലയിൽ ചെലവാക്കാൻ ഫണ്ടില്ല എന്ന് സർക്കാർ പറയുന്നത് എന്ന് നികുതിദായകർ ചോദിച്ചുതുടങ്ങിയിട്ടുണ്ട്.   ഓരോ വർഷവും കോടിക്കണക്കിന് രൂപയാണ് നികുതിയിളവുകളായി സർക്കാർ  കോർപ്പറേറ്റുകൾക്ക് അനുവദിച്ചുകൊടുക്കുന്നത് . ഈ സൗജന്യം നിർത്തിയാൽ, നൂറുകണക്കിന് പുതിയ സർവ്വകലാശാലകൾ തന്നെ  സ്ഥാപിക്കാനുള്ള പണം ഉണ്ടാകും എന്ന് അവർ ചൂണ്ടിക്കാട്ടുന്നു. 
വർധിപ്പിച്ച ഫീസ്  "പിൻവലിക്കുന്ന" തായും  ,  "ബി പി എൽ വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക്" എന്നു  പറഞ്ഞു ചില ഇളവുകളും ,ജെ എൻ യു അധികാരികൾ പ്രഖ്യാപിച്ചത് ഇപ്പോൾ  അവിടെ പഠിക്കുന്ന  യഥാർത്ഥ  വിദ്യാർത്ഥികൾക്ക് ഒരു വിധത്തിലും ഗുണകരമാവാത്ത ഒരു തട്ടിപ്പ്‌ എന്ന നിലയിൽ തുറന്നുകാട്ടാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു.
ജെ എൻ യു വിദ്യാർത്ഥികളുടെ പതറാത്ത ഐക്യവും സമരവീര്യവും ജെ എൻ യു വിലെ എ ബി വി പി അംഗങ്ങളെപ്പോലും സ്വാധീനിക്കുന്നുവെന്നു കണ്ട് വിറളിപിടിച്ച മാനവ വിഭവശേഷി വകുപ്പ് പ്രശ്നപരിഹാരത്തിനെന്ന പേരിൽ ഒരു കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. എന്നാൽ , ആ കമ്മിറ്റിയുടെ ഒരു യോഗത്തിൽ  പങ്കെടുക്കാൻ പോലും വൈസ് ചാൻസലർ ഇതേവരെ കൂട്ടാക്കിയിട്ടില്ല. ഫീസ് വർധനവും ഹോസ്റ്റൽ നിരക്കുകളുടെ വാണിജ്യവൽക്കരണവും ഉടൻ പിൻവലിക്കുക എന്ന വ്യക്തമായ ആവശ്യങ്ങളാണ് വിദ്യാർഥികൾ ഉന്നയിക്കുന്നത്. ഈ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഏത് കമ്മിറ്റിയിലും ജെ എൻ യു വിദ്യാർഥി യൂണിയന് പ്രാതിനിധ്യം ലഭിച്ച മതിയാവൂ.  

ജെ എൻ യു പ്രക്ഷോഭം രാജ്യത്തെമ്പാടും ഉള്ള ഇതര സർവ്വകലാശാലകളിലേക്കും കാമ്പുസുകളിലേക്കും അതിവേഗത്തിൽ പടർന്നുകൊണ്ടിരിക്കുകയാണ്.  പ്രതിപക്ഷ കക്ഷികളുടെ എതിർപ്പിനെ സി ബി ഐ - എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയിഡ്  ഭീഷണികൾ ഉപയോഗിച്ച്  മെരുക്കിയെടുക്കാൻ സാധിക്കുന്നതുപോലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ കൈകാര്യം ചെയ്യാൻ പറ്റില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് സംഘ പരിവാറും ബി ജെ പി യും യൂണിവേഴ്സിറ്റികളെ വെറുക്കുന്നത് . മോദി സർക്കാരിൻറെ അക്ഷര വിരോധത്തിന്റെ  മുഖം തുറന്നുകാട്ടുകയും  ദരിദ്രർക്കെതിരായ നയങ്ങളെ തുറന്നെതിർക്കുകയും ചെയ്യുന്ന വിദ്യാർത്ഥി പ്രക്ഷോഭം ഇന്ത്യയിലെ യുവജനങ്ങളുടെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടം കൂടിയാണ്. അതിനാൽ ഇന്ത്യൻ ജനത ഒന്നടങ്കം  പ്രക്ഷോഭവുമായി ഐക്യദാർഢ്യം പുലർത്തേണ്ട ഒരു സന്ദർഭമാണ് ഇത് .
[A CPIML Weekly News Magazine
Vol. 22 | No. 47 | 19-25 Nov 2019]

No comments:

Post a Comment