Thursday, 22 December 2022




  ML അപ്ഡേറ്റ്

 CPIML പ്രതിവാര വാർത്താ മാഗസിൻ
 വാല്യം.  25 |  നമ്പർ 52 |  2022 ഡിസംബർ 20–26


 എഡിറ്റോറിയൽ:



 ഗോദി  മീഡിയയ്ക്ക് പിന്നാലെ ഒരു ഗോദി  ജുഡീഷ്യറിയും സർക്കാരിന്  വേണോ?


  സുപ്രിം കോടതിയുടെ ആധികാരികതയ്ക്കു മേൽ മോദി സർക്കാർ  ആസൂത്രിതമായി നടത്തുന്ന   ആക്രമണത്തിന്  അനേകം സൂചനകൾ സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നു.  ജഡ്ജിമാരുടെ നിയമനത്തിന് വേണ്ടി നിലവിലുള്ള  കൊളീജിയം സംവിധാനത്തിനെതിരെ  ഉപരാഷ്ട്രപതി  ജഗ്ദീപ് ധൻ കറും കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജുവും വെവ്വേറെ സന്ദർഭങ്ങളിൽ പരസ്യമായി രോഷപ്രകടനം നടത്തുകയുണ്ടായി. 2015 ലെ ദേശീയ ജുഡീഷ്യൽ അപ്പോയിന്റ്മെന്റ് കമ്മീഷൻ (എൻജെഎസി) നിയമം  റദ്ദാക്കിയതിന് ഉപരാഷ്ട്രപതി സുപ്രീം കോടതിയെ കുറ്റപ്പെടുത്തി. " ജനഹിതം "  ആയി സർക്കാർ ചിത്രീകരിച്ച ന്യായവാദങ്ങൾ തള്ളിക്കളഞ്ഞ  സുപ്രീം കോടതി മേൽപ്പറഞ്ഞ പരസ്യ വിമർശനത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും , കേന്ദ്രമന്ത്രിമാർ അത്തരം പരാമർശങ്ങൾ   നടത്തുന്നതിലെ അനൗചിത്യത്തെക്കുറിച്ച് ബന്ധപ്പെട്ടവരെ യഥാസമയം  ഓർമ്മപ്പെടുത്താത്തതിന്  അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയെ വിമർശിക്കുകയും ചെയ്തു.

 ഈ ആക്രമണത്തിന് തെരഞ്ഞെടുത്ത  സമയം മനസ്സിലാക്കാൻ പ്രയാസമില്ല.  2014-ൽ അധികാരം പിടിച്ചെടുത്തതിന്റെ പിന്നാലെ  സുപ്രീം കോടതിയിൽ നിന്നും ശല്യങ്ങൾ വരാനിടയില്ലാത്ത സുരക്ഷിതമായ ഒരു കാലം ആസ്വദിച്ചതിന് ശേഷം, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി വരുമെന്ന് മോദി സർക്കാരിന് ബോധമുണ്ട്.   അദ്ദേഹം പ്രസ്തുത സ്ഥാനത്ത് തുടരുന്ന  രണ്ട് വർഷക്കാലത്തിനിടെ , 19 ജഡ്ജിമാരെങ്കിലും സുപ്രീം കോടതിയിൽ പുതുതായി നിയമിക്കപ്പെടും.  സുപ്രീം കോടതിയിലേക്ക്.  ജാമ്യാപേക്ഷകളോ പൊതുതാൽപര്യ ഹർജികളോ കേൾക്കരുതെന്ന് സുപ്രീം കോടതിയെ താക്കീത് ചെയ്യുമ്പോലെയുള്ള  റിജുജുവിന്റെ  ആക്രമണത്തിന് മറ്റൊരു കാരണം ഉണ്ട് ; മുഹമ്മദ് സുബൈർ, സിദ്ദിഖ് കാപ്പൻ, വരവര റാവു, ആനന്ദ് തെൽതുംബ്‌ഡെ തുടങ്ങിയ മാധ്യമപ്രവർത്തകർക്കും എഴുത്തുകാർക്കും വിയോജിപ്പുള്ള പൗരന്മാർക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് അത് ഉണ്ടായത് . പൊതുതാൽപര്യ ഹർജികൾ  ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരമാണ് ഫയൽ ചെയ്യുന്നത്, "ഭരണഘടനയുടെ ആത്മാവും  ഹൃദയവും" ആണെന്ന് അംബേദ്‌കർ പ്രഖ്യാപിച്ച ആർട്ടിക്കിൾ ആണ് അത്.  .


  ജഡ്ജിമാരുടെ നിയമനത്തിൽ എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള തർക്കം അടുത്തകാലത്തുണ്ടായതല്ല.  സ്വാതന്ത്ര്യാനന്തരം കുറേക്കാലം ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള അധികാരം എക്സിക്യൂട്ടീവി ന്റെ കൈയ്യിൽ നിലനിർത്തപ്പെട്ടിരുന്നു . വ്യവസ്ഥാപിതമായ കീഴ്വഴക്കം  ലംഘിച്ച്, തന്റെ മൂന്ന് മുതിർന്ന സഹപ്രവർത്തകരെ മറികടന്ന് നാലാമത്തെ മുതിർന്ന ജഡ്ജിയെ ചീഫ് ജസ്റ്റിസായി 1973 ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിയമിച്ചത് വലിയ വിവാദമായിരുന്നു. എഡിഎം ജബൽപൂർ കേസിനോടനുബന്ധിച്ചു ജസ്റ്റിസ് എച്ച്ആർ ഖന്നയ്ക്ക്  ഇന്ദിരാഗാന്ധിയുമായി ഉണ്ടായ വിയോജിപ്പിനുള്ള  ശിക്ഷയായിട്ടാണ് അദ്ദേഹത്തിന്റെ സീനിയോറിട്ടിയെ മറികടന്ന് മറ്റൊരു ജഡ്ജിനെ സൂപ്രീം  കോടതി ചീഫ് ജസ്റ്റീസ് ആയി കണ്ടെത്തിയത് . ഇതുപോലെയുള്ള ഒരു എക്സിക്യൂട്ടീവ് നടപടി ജഡ്ജിമാരുടെ നിയമനവും ജുഡീഷ്യറിയുടെ സ്വതന്ത്ര പദവിയിലുള്ള എക്സിക്യൂട്ടീവ് കൈകടത്തലും  തമ്മിലുള്ള  ബന്ധം സ്ഥാപനവൽക്കരിക്കാൻ ഇടയായി.

 
 കൊളീജിയം സമ്പ്രദായത്തിന് കീഴിൽ ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം സംബന്ധിച്ച ഉത്തരവ് സുപ്രീം കോടതി  പുറപ്പെടുവിക്കുന്ന 1993 വരെ മാത്രമേ എക്‌സിക്യൂട്ടീവിന് ലഭിച്ചിരുന്ന പ്രാമുഖ്യം നിലനിൽക്കുകയുള്ളൂ.  അധികാരത്തിൽ വന്നയുടൻ എൻജെഎസി  അവതരിപ്പിച്ചുകൊണ്ട് മോദി സർക്കാർ ഈ അധികാരം തിരിച്ചു പിടിക്കാൻ  ശ്രമിച്ചുവെങ്കിലും, ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചതോടെ അത് സർക്കാരിന് തിരിച്ചടിയായി.  വിധേയത്വം കാട്ടുന്ന ഒരു  ജുഡീഷ്യറിയുടെ പിന്തുണ അതുവരെ  ആസ്വദിച്ച മോദി സർക്കാർ, കൊളീജിയം തിരഞ്ഞെടുക്കുന്ന ജഡ്ജിമാരുടെ നിയമനങ്ങൾ വിജ്ഞാപനം ചെയ്യാൻ വിസമ്മതിച്ചുകൊണ്ട് സുപ്രീം കോടതിക്കെതിരെ നിലകൊള്ളുകയാണ്.  
                                    

 "സ്വതന്ത്രനായ ജഡ്ജി എന്റേയോ  സർക്കാരിന്റേതോ അല്ല" എന്ന് മാർക്സ് ഒരിക്കൽ എഴുതി.  ജഡ്ജിമാരുടെ വർഗ്ഗ പരമായ പശ്ചാത്തലത്തിൽ  ശ്രദ്ധേയമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നതിൽ സംശയമില്ലെങ്കിലും , വിവിധ അവകാശങ്ങളെക്കുറിച്ചുള്ള ജുഡീഷ്യൽ  വ്യാഖ്യാനങ്ങൾ  മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. അവ ചിലപ്പോൾ ഭരണകൂടത്തിന് അനുകൂലമായും മറ്റ് ചിലപ്പോൾ പ്രതികൂലമായും വരാറുണ്ട്.    ഒരു സ്വതന്ത്ര ജുഡീഷ്യറി എന്നത് ഏത് നിലയിലും സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്ക് വിലങ്ങുതടി ആകും എന്ന യുക്തി നിലനിൽക്കാൻ യോഗ്യമാണ്.  അടിയന്തരാവസ്ഥക്കാലത്തും, മിക്ക സുപ്രീം കോടതി ജഡ്ജിമാരും എക്സിക്യൂട്ടീവിന് കീഴടങ്ങിയപ്പോഴും, ജസ്റ്റ്.  എച്ച്ആർ ഖന്നയും നിരവധി ഹൈക്കോടതി ജഡ്ജിമാരും ഭരണഘടനയെ നിർഭയം ഉയർത്തിക്കാട്ടുന്ന  വിധി പുറപ്പെടുവിച്ചു.   
 നിലവിലെ സാഹചര്യം  മുമ്പെങ്ങുമില്ലാത്തവിധം ജുഡീഷ്യറിയുടെ സ്വതന്ത്ര അസ്തിത്വത്തിനു  വെല്ലുവിളി ഉയർത്തുന്നതാണ്. മോദി സർക്കാർ 2014-ൽ അധികാരത്തിൽ വന്നതിനുശേഷം, ഹിന്ദുത്വത്തെ നിയമത്തിലേക്ക്  നഗ്നമായ രീതിയിൽ എഴുതിച്ചേർത്തിട്ടും  സർക്കാരിനോട് ജുഡീഷ്യറി ഗൗരവമായ ചോദ്യങ്ങൾ ഒന്നും ചോദിച്ചിട്ടില്ല.  നോട്ട് അസാധുവാക്കൽ, ആർട്ടിക്കിൾ 370 റദ്ദാക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ പുനഃസംഘടന, പൗരത്വ നിയമ ഭേദഗതി,  ഇലക്ടറൽ ബോണ്ടുകൾ എന്നിവയ്‌ക്കെതിരെ സുപ്രീം കോടതികളിൽ  സമർപ്പിക്കപ്പെട്ട  ഹരജികളിൽ ഒന്നുപോലും   ഈ തീയതിവരെ തീർപ്പാക്കിയിട്ടില്ല.  നിയമപണ്ഡിതനായ ഗൗതം ഭാട്ടിയ ചൂണ്ടിക്കാട്ടുന്നത് പോലെ, അലോസരപ്പെടുത്തുന്നതും സമയബന്ധിതവുമായ ഒരു ചോദ്യത്തിൽ  തീരുമാനമെടുക്കുന്നത് കോടതികൾ ഒഴിവാക്കുകയാണ്. ഇതിനെ 'ജുഡീഷ്യൽ ഒഴിഞ്ഞുമാറൽ ' ആയിട്ടാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഇത് ഫലത്തിൽ സർക്കാരിന് അനുകൂലമാകുന്നതിനാൽ ഈ പ്രവണത നിലനിർത്തേണ്ടത് സർക്കാരിന്റെ ആവശ്യമാണ്. എന്നാൽ, സ്വതന്ത്ര ജുഡീഷ്യറിയെക്കുറിച്ചുള്ള പൊതുബോധത്തെ ഇത്  സാരമായി ബാധിക്കുന്നു.                                                   
 ചീഫ് ജസ്റ്റിസിന്റെ പദവി ഒഴിഞ്ഞ രഞ്ജൻ ഗൊഗോയിയെ മോദി സർക്കാർ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു, അരുൺ മിശ്രയെ എൻഎച്ച്ആർസിയുടെ ചെയർപേഴ്‌സണായി നിയമിക്കുന്നതിനു വേണ്ടിയുള്ള നിയമഭേദഗതിയും സർക്കാർ ചെയ്തു.  ബാബറി മസ്ജിദ്,  പിഎംഎൽഎ ( കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം), അടുത്തിടെ ഇഡബ്ല്യുഎസ് (സാമ്പത്തികമായി ദുർബ്ബലരായ മുന്നോക്ക ജാതിക്കാർക്ക് ഏർപ്പെടുത്തിയ സംവരണം ) എന്നിവയുൾപ്പെടെയുള്ള ഭരണകൂടത്തിന്റെ രാഷ്ട്രീയ പദ്ധതിക്ക് അനുയോജ്യമായ നിർണായക കാര്യങ്ങളിൽ അനുകൂലവിധികളും സുപ്രീം കോടതിപുറപ്പെടുവിച്ചു.


  കുടിയേറ്റ തൊഴിലാളികൾക്കുവേണ്ടി സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹരജികളിൽ ആശ്വാസ പരിപാടികൾ നടപ്പാക്കിയത് സംബന്ധിച്ച്  ഗവണ്മെന്റിന്റെ  കാമ്പില്ലാത്ത അവകാശവാദങ്ങൾ സുപ്രീം കോടതി അംഗീകരിച്ചത് ഒരുപക്ഷേ മേൽപ്പറഞ്ഞതിന് ഏറ്റവും മികച്ച ഉദാഹരണമാണ്.  എഡിഎം ജബൽപൂർ കേസ്  ഇനിമേൽ സുപ്രീം കോടതിയുടെ ചരിത്രത്തിലെ  ഏറ്റവും കറുത്ത നിമിഷമായി  ഓർക്കപ്പെടില്ലെന്ന് വിരമിച്ച സുപ്രീം കോടതി ജഡ്ജി ഗോപാൽ ഗൗഡ പ്രഖ്യാപിച്ചു. " COVID-19 പാൻഡെമിക് സമയത്ത്  തടയാമായിരുന്ന കുടിയേറ്റ പ്രതിസന്ധിയോടുള്ള സുപ്രീം കോടതിയുടെ തണുത്ത പ്രതികരണം  പ്രതികരണമാണ്  ഇപ്പോൾ അതിന്റെ സ്ഥാനത്ത് വന്നിരിക്കുന്നത് ” എന്ന് അദ്ദേഹം പറയുന്നു. ജസ്റ്റീസ് ഖുറേഷിക്ക് സുപ്രീം കോടതി ജഡ്‌ജിയായി സ്ഥാന ക്കയറ്റം നൽകുന്നത് തടയുന്ന സർക്കാർ ഇടപെടലിന് മുന്നിൽ കീഴടങ്ങുക വഴി   നിയമനകാര്യങ്ങളിൽ പോലും എക്സിക്യൂട്ടീവിന്  മുമ്പിൽ സുപ്രീം കോടതി സ്വയം അടിയറവ് പറയുകയായിരുന്നു.






 ഇതൊന്നും കൊളീജിയം ജഡ്ജിമാരുടെ നിയമനത്തെക്കുറിച്ചുള്ള ന്യായമായ വിമർശനത്തിൽ നിന്ന്, പ്രത്യേകിച്ച് സ്വജനപക്ഷപാതം, ദളിതർ, ആദിവാസികൾ, മതന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, മറ്റ് ചരിത്രപരമായി അടിച്ചമർത്തപ്പെട്ട സമുദായങ്ങൾ എന്നിവരുടെ പ്രാതിനിധ്യമില്ലായ്മ എന്നിവയിൽ നിന്ന് വേർതിരിച്ചു മാറ്റാവുന്നതല്ല.  മോദി സർക്കാരിന്റെ ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിയമനങ്ങളിൽ പ്രാതിനിധ്യവും സുതാര്യതയും ഉറപ്പാക്കേണ്ട ബാധ്യത സുപ്രീം കോടതിക്ക് ആണ്.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നത്  ഭരണഘടനയുടെ  അടിസ്ഥാനപരമായ ഒരു സ്വഭാവവിശേഷവും,   പ്രവർത്തനപരമായ ജനാധിപത്യത്തിന് അത് പരമപ്രധാനവുമാണ്.  അംബേദ്കർ ഭരണഘടനാ അസംബ്ലിയിൽ പ്രഖ്യാപിച്ചത്  "ഭയമോ പക്ഷപാതമോ  ഇല്ലാതെ നീതി നടപ്പാക്കുന്നതിന് ആവശ്യമായ സ്വാതന്ത്ര്യം"  ജുഡീഷ്യറിക്ക് ഉണ്ടായിരിക്കണം എന്നാണ്.  പൊളിറ്റിക്കൽ എക്‌സിക്യൂട്ടീവും നിതാന്ത ജാഗ്രത പുലർത്തുന്ന ഒരു കാവൽക്കാരൻ എന്ന നിലക്കുള്ള സ്വതന്ത്ര  ജുഡീഷ്യറിയും തമ്മിലുള്ള വേർതിരിവ്  മായ്ച്ചുകളയുന്ന അവസ്ഥ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാനേ  ഈയവസരത്തിൽ നമുക്ക് കഴിയൂ .

Friday, 2 December 2022

2022 ലെ ഭരണഘടനാ ദിനം :
ഭരണഘടനയെ അട്ടിമറിക്കാനുള്ള സംഘ്-ബിജെപി നീക്കങ്ങളെ പരാജയപ്പെടുത്തുക 


എഡിറ്റോറിയൽ

[ ML അപ്ഡേറ്റ്  (29 നവംബർ - 5 ഡിസംബർ 2022)] 




2022 ലെ ഭരണഘടനാ ദിനം ആചരിക്കപ്പെടുന്ന വേളയിൽ , ഭരണഘടനയുടെ അന്തസ്സത്തയും  മൂല്യങ്ങളും സംരക്ഷിക്കാനുള്ള  വെല്ലുവിളിയുടെ ഗൗരവവും  അടിയന്തര സ്വഭാവവും  ഒരിക്കൽ കൂടി അത്  മുന്നിൽ കൊണ്ടുവരുന്നു. എന്നാൽ , ആശ്വാസകരമായ സൂചനകൾ ഉൾക്കൊള്ളുന്ന രണ്ട് വാർത്തകൾ അടുത്തദിവസങ്ങളിൽ ഉണ്ടായിട്ടുണ്ട്.  ആയിരം ദിവസത്തിനടുത്ത് ജെയിലിൽ കഴിഞ്ഞ ശേഷം സുപ്രീം കോടതി അനുവദിച്ച   ജാമ്യം സംബന്ധിച്ച ഉത്തരവ് സ്റ്റേ ചെയ്യിക്കാൻ  ഉള്ള  എൻഐഎ നടത്തിയ  ശ്രമത്തെ പരാജയപ്പെടുത്തി ജയിൽമോചിതനായ  പ്രൊഫസർ ആനന്ദ് തെൽതുംബ്ഡെയുമായി ബന്ധപ്പെട്ടതാണ് അവയിൽ ഒന്നാമത്തേത് .  . അതുപോലെ, കൃഷിയെ സംരക്ഷിക്കാനും എല്ലാ വിളകൾക്കും ന്യായമായ വില ഉറപ്പാക്കാനുമുള്ള കർഷകരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന  കർഷകർ അവരുടെ പ്രക്ഷോഭത്തിൽ ഉറച്ചുനിൽക്കുന്നതും നമ്മൾ കണ്ടു.

    "നാം, ഇന്ത്യയിലെ ജനങ്ങൾ" എന്നുതുടങ്ങുന്ന ഭരണഘടനയുടെ ആമുഖത്തിലെ ആദ്യവാചകം തന്നെ  പ്രതിനിധാനം ചെയ്യുന്ന ആധുനിക ഇന്ത്യയുടെ ഭരണഘടനാ സങ്കപ്പത്തിന്റെ സത്തയാണ്  മേൽസൂചിപ്പിച്ച വാർത്തകളിലൂടെ സാക്ഷാൽകൃതമാവുന്നത് . പക്ഷേ, ജനാധിപത്യത്തെ സംരക്ഷിക്കണമെന്ന് ഒരുവശത്ത് ജനങ്ങൾ ആവശ്യപ്പെടുമ്പോൾ, മറുവശത്ത്  ഭരണഘടന ഇന്ന് ഭരണം കയ്യാളുന്ന സർക്കാരിന്റെയും സംഘ് പരിവാറിന്റെയും നിരന്തരമായ ആക്രമണത്തിന് വിധേയമാകുകയാണ്. ഭരണഘടനാ വാഴ്ചയുടെ കേന്ദ്ര സ്ഥാപനങ്ങൾ ആയ എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചർ, ജുഡീഷ്യറി എന്നിവയുടെ അധികാരവും പ്രവർത്തനങ്ങളും പരസ്പരം കണ്ണിചേർന്നിരിക്കുമ്പോൾത്തന്നെ  അവയോരോന്നും തനതായ അസ്തിത്വം നിലനിർത്തുക എന്ന തത്വവും , പാർലമെന്ററി ജനാധിപത്യത്തിന്റെ സ്ഥാപന ചട്ടക്കൂടിന്റെ സമഗ്രതയും പാലിക്കുന്നതിനു പകരം, ഭരണഘടനയെ അട്ടിമറിക്കാനും വിയോജിപ്പുണ്ടാക്കാനും അധികാര പ്രമത്തമായ ഒരു എക്സിക്യൂട്ടീവിനെ ഉപയോഗിച്ച് ബുൾഡോസർ ചെയ്യാനും ഉള്ള ശ്രമങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത് .അതിന്നുവേണ്ടി  ഏകകക്ഷി ഭരണം എന്ന ആശയം കൂസലെന്യേ വിതരണം ചെയ്യപ്പെടുകയാണ്.

സുപ്രീം കോടതിയുടെ സമീപകാല നിരീക്ഷണങ്ങളിൽ പലതും    എക്സിക്യൂട്ടീവിന്റെ അനിയന്ത്രിതമായതും  സ്വേച്ഛാപരവുമായ പ്രവൃത്തികളെ ചോദ്യം ചെയ്യുന്നു . സ്ഥാപനപരമായ കൂടിയാലോചനയോ പാർലമെന്റിന്റെ അനുമതിയോ ഇല്ലാതെ ഏകപക്ഷീയമായ തീരുമാനമെടുത്ത് നടപ്പാക്കി ആറ് വർഷത്തിന് ശേഷമാണ്  നോട്ട് റദ്ദാക്കൽ കേസ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിൽ എത്തുന്നത് .അപ്പോഴും  സർക്കാർ നടത്തിയ പ്രതികരണം ഒളിച്ചോട്ടത്തിന്റെ സ്വഭാവത്തിലുള്ളതായിരുന്നു . ഏത് തരത്തിലുള്ള ജുഡീഷ്യൽ സൂക്ഷ്മപരിശോധനയെയും എങ്ങനെയാണ് സർക്കാർ  ഭയപ്പെടുന്നതെന്ന്  ഇത് വ്യക്തമാക്കുന്നു.

EWS ക്വോട്ട സംബന്ധിച്ച കേസിൽ ഭരണഘടനാ ബെഞ്ചിന്റെ  വിഭജിത കോടതി വിധിയിലെ ന്യൂനപക്ഷ അഭിപ്രായം, ക്വാട്ടയെ "ഭരണഘടനയുടെ അന്തസ്സത്ത യുടെ ലംഘന"മെന്ന് വിശേഷിപ്പിച്ചു. അതുപോലെ, തെരഞ്ഞെടുപ്പ് കമ്മീഷനെ അട്ടിമറിക്കാനും അതിന്റെ സ്ഥാപനപരമായ സ്വാതന്ത്ര്യം ഇല്ലാതാക്കാനുമുള്ള സർക്കാരിന്റെ പദ്ധതി ചോദ്യം ചെയ്ത മറ്റൊരു ഹരജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന പ്രക്രിയയെക്കുറിച്ചുള്ള പരാതി സംബന്ധിച്ച്   ഭരണഘടനാബെഞ്ച് വാദം കേൾക്കുകയാണ് . സുപ്രീം കോടതി ഈ ഹർജി പരിഗണിക്കുമ്പോൾ തന്നെ സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ചത് വിവാദമായി. വോട്ട് ചെയ്യാനുള്ള അവകാശത്തിന്റെ ഭരണഘടനാ പദവിയെക്കുറിച്ച്പോലും തർക്കം ഉന്നയിച്ചു  സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചപ്പോൾ, വോട്ട് ചെയ്യുന്നതിൽ നിന്ന് ആളുകളെ തടയാൻ വേണ്ടി അയോഗ്യതാ മാനദണ്ഡങ്ങൾ വിപുലീകരിക്കാൻ സർക്കാരിന് അധികാരമില്ലെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഭരണഘടനാ ബെഞ്ചിന് മറുപടി നൽകേണ്ടിവന്നു.


വോട്ടവകാശത്തെ കേവലം നിയമം നൽകുന്ന ഒരു സൗജന്യം ആയി  മാത്രം കണക്കാക്കാനുള്ള സർക്കാരിന്റെ ഈ  ശ്രമം ഭരണഘടനയ്ക്ക് ചേരുന്നതല്ല ;  ഏതെങ്കിലും വിഭാഗം പൗരന്മാരുടെ അവകാശം നിഷേധിക്കാനുള്ള ഒരു ഒഴിവുകഴിവാണ് അത് .


 മനുഷ്യാവകാശങ്ങളോടുള്ള മോദി സർക്കാരിന്റെ തികഞ്ഞ അവഹേളനത്തിന്റെ മറ്റൊരു ഉദാഹരണമാണ് അക്കാഡമിക് പണ്ഡിതനും  എഴുത്തുകാരനുമായ ആനന്ദ് തെൽതുംബ്ഡേയ്ക്ക്    ബോംബെ ഹൈക്കോടതി അനുവദിച്ച ജാമ്യത്തിനെതിരെ എൻഐഎ  അപ്പീൽ കൊടുത്തത് .  വിയോജിപ്പുള്ള ഏത് ശബ്ദത്തേയും എപ്പോൾ വേണമെങ്കിലും കുരുക്കിട്ട് പിടിച്ച് ജെയിലിലടക്കാനുള്ള സൗകര്യപ്രദമായ ഇരട്ട ആയുധങ്ങൾ ആയി എൻഐഎയും യുഎപിഎയും മോദി സർക്കാരിന്റെ കൈകളിൽ മാറിയിരിക്കുകയാണ് .  അടുത്തിടെ ചേർന്ന  ആഭ്യന്തര മന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിൽ മോദി നടത്തിയ "പേന പിടിക്കുന്ന നക്സലുകൾ"  എന്ന  പരാമർശം, വിയോജിപ്പുള്ള പൗരന്മാരെ വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്യുന്നതിനുള്ള വ്യക്തമായ ദിശാസൂചനയാണ്. മനസ്സാക്ഷിത്തടവുകാരെ കോടതി കുറ്റവിമുക്തരാക്കുകയോ ജാമ്യം അനുവദിക്കുകയോ ചെയ്യുമ്പോഴും, അഭിപ്രായസ്വാതന്ത്ര്യം വിനിയോഗിച്ചതിന് ജെയിലിൽ  ഇട്ടവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നീതി തേടുന്നവരെപ്പോലും പ്രതിക്കൂട്ടിൽ എത്തിക്കാനുള്ള  തീവ്രശ്രമത്തിലാണ് ഇന്ന്   സംഘപരിവാറും മോദി സർക്കാരും . 


ഭരണഘടനയുടെ  അന്തസ്സത്തയേയും വീക്ഷണത്തെയും വ്യവസ്ഥാപിതമായ രീതിയിൽ ചോർത്തിക്കളയുന്ന ഇത്തരം ആക്രമണങ്ങൾ കൂടുതൽ ശക്തി പ്രാപിക്കുകയാണ് .  ഇന്ത്യയുടെ ഭരണഘടനയാകാൻ യോഗ്യത മനുസ്മൃതിക്ക്‌ ആണെന്നും  ദേശീയ പതാക കാവി ആകണമെന്നും പരസ്യമായി വാദിച്ച ആർ എസ് എസ് , ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ നിന്ന് ഉയർന്നുവന്ന ഭരണഘടനയെയും ത്രിവർണ പതാകയെയും ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നത് മറക്കാനാവില്ല. ഇപ്പോൾ ബിജെപി അധികാരത്തിലിരിക്കുന്നതിനാൽ,  സ്വാതന്ത്ര്യസമരത്തിന്റെയും ഭരണഘടനയുടെയും ദേശീയപതാകയുടെയും വക്താക്കൾ ആയി സ്വയം അവതരിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നത് കൊണ്ട് മാത്രം ദേശീയ പതാകയെ അംഗീകരിക്കുന്നു എന്നേയുള്ളൂ. എന്നാൽ, അത് ചെയ്യുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെയും ഭരണഘടനയുടെ മൗലികമായ  കാഴ്ചപ്പാടിനേയും നിരന്തരം വളച്ചൊടിച്ച്കൊണ്ടുമാത്രമാണ് .


അവകാശങ്ങളേക്കാൾ കടമകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള ഒരു അട്ടിമറിശ്രമത്തിന്‌ ആണ് മോദി നേതൃത്വം നൽകുന്നത്.  ജനാധിപത്യത്തിന്റെ മാതാവ് എന്ന് ഇന്ത്യയെ  വിളിക്കുന്ന മോദിയുടെ പുതിയ വാചകമടിയിൽ നിന്ന് സൂചന സ്വീകരിച്ചുകൊണ്ട് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ പുറപ്പെടുവിച്ച ഒരു സമീപനരേഖയെ അവലംബിച്ചുള്ള  ആസൂത്രിത പ്രചാരണം സർക്കാർ ആരംഭിച്ചിട്ടുണ്ട്. 'അന്യസംസ്കാരങ്ങളുടെയും'  വംശീയതകളുടെയും 2000 വർഷത്തെ അധിനിവേശത്തിന്റെ  പശ്ചാത്തലത്തിൽ ഹിന്ദു സംസ്കാരവും നാഗരികതയും'കണ്ടെത്തൽ ' ആണ്  അതിന്റെ പ്രഖ്യാപിത ഉള്ളടക്കം. 


 സ്ഥാപനവൽക്കരിച്ച ജാതീയ ശ്രേണീബദ്ധതയിൽ നിന്നും ലിംഗ അനീതിയിൽ നിന്നും മോചനം നേടി സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടിയുള്ള അന്വേഷണത്തിന്റെയും , ഇന്ത്യയുടെ കൊളോണിയൽ വിരുദ്ധ സ്വാതന്ത്ര്യ പ്രസ്ഥാനം മുന്നോട്ടു വെച്ച  പുതിയൊരു സമൂഹഭാവനയുടേയും    അടിസ്ഥാനത്തിൽ ആണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് .
 എന്നാൽ, അതിന്റെ ആവിര്ഭാവത്തിന്റെ യഥാർത്ഥ പ്രക്രിയയെയും കാഴ്ചപ്പാടിനെയും  നിരാകരിക്കുകയാണ് മേൽസൂചിപ്പിച്ച ഐ സി എം ആർ  സമീപനരേഖ ചെയ്യുന്നത്. അംബേദ്കറുടെ ഭരണഘടനയെ തലകീഴായി മാറ്റി മറിക്കുന്നതിൽ കുറഞ്ഞ ഒന്നുമല്ല ഇത്. മോദി ഭരണത്തിന്റെ കയ്യിലെ കളിപ്പാട്ടമായി മാറുന്നതിൽ നിന്ന് ഇന്ത്യൻ ഭരണഘടനയെ രക്ഷിക്കേണ്ടത് അതിനാൽ അനിവാര്യമാണ്. 

Wednesday, 23 November 2022








ബാബരി മസ്‌ജിദ്‌ തകർത്ത് 30 വർഷം പിന്നിടുമ്പോൾ  :
സംഘപരിവാർ ശക്തികൾ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിനും മതേതര ജനാധിപത്യത്തിനും എതിരെയുള്ള യുദ്ധം വികസിപ്പിക്കുകയാണ് 


എഡിറ്റോറിയൽ 
എം എൽ അപ്ഡേറ്റ് വീക്‌ലി 21 -27 നവംബർ 2022 






 
2022 ഡിസംബർ 6 ആകുമ്പോൾ ബാബരി മസ് ജിദ് തകർത്ത സംഭവം നടന്ന് മൂന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കും . ഇന്ത്യക്ക്  സ്വാതന്ത്ര്യം കിട്ടി ഏറെ നാൾ പിന്നിടും  മുൻപ് 1949 ഡിസംബർ 22 -23 രാത്രിയിൽ പള്ളിക്കകത്ത് ഒളിച്ചുകടത്തപ്പെട്ട  വിഗ്രഹങ്ങൾ പട്ടാപ്പകൽ സമയത്ത്  ഒരു ടൈം ബോംബ് പോലെ പൊട്ടിത്തെറിച്ചത്  1992 ഡിസംബർ 6 ഉച്ചയ്ക്ക് ശേഷം ആയിരുന്നു. വലിയ ഒരു ആൾക്കൂട്ടം പള്ളി തകർത്തപ്പോൾ.  ബിജെപി നേതാക്കളുടെ അവർക്ക്  ഉത്തേജനവും പ്രോത്സാഹനവും നൽകിക്കൊണ്ട് സ്ഥലത്ത്  സന്നിഹിതരായിരുന്നു. .  ഇന്നത്തെ ഇന്ത്യയിൽ വർഗീയ ഫാസിസത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് നിർണ്ണായകമായ ഒരു പ്രത്യേക നിമിഷം   ഭാവി ചരിത്രകാരന്മാർ എപ്പോഴെങ്കിലും  കണ്ടെത്തുകയാണെങ്കിൽ, അത് 1992 ഡിസംബർ 6-ന് ബാബറി മസ്ജിദ് തകർത്ത നിമിഷമായിരിക്കും.  ആ തകർച്ചയ്ക്ക് ശേഷം ഇന്ത്യ നാടകീയമായി മാറിയിരിക്കുന്നു. സംഘപരിവാർ - ബിജെപി ശക്തികൾ അഴിച്ചുവിട്ട അയോധ്യാ കാമ്പെയിൻ  16-ാം നൂറ്റാണ്ടിലെ ഒരു മുസ്ലീം പള്ളി തകർക്കുന്നതിനോ രാമന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന ഒരു വലിയ ക്ഷേത്രം പണിയുന്നതിനോ ആയിരുന്നില്ല  എന്ന് ഓരോ ദിവസം കഴിയുന്തോറും നമ്മൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നു. വാസ്തവത്തിൽ , അത് ഇന്ത്യ എന്ന ആശയത്തെയും ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭരണഘടനാ ചട്ടക്കൂടിനെയും തച്ചുതകർക്കുന്നതിനായിരുന്നു അത്. 

മസ്ജിദ് പൊളിക്കുന്നതിന് തൊട്ട് മുമ്പും ശേഷവും പ്രാബല്യത്തിൽ ഉണ്ടായിരുന്നത്    അയോധ്യ തർക്കം ചർച്ചയിലൂടെ പരിഹരിക്കുക അല്ലെങ്കിൽ ജുഡീഷ്യറിയുടെ വിധിയിലൂടെ സമാധാനമുണ്ടാക്കുക  എന്ന ആശയം ആയിരുന്നു. 'വിശ്വാസം' എന്ന വിഷയം നിയമപരമായ അധികാരപരിധിക്ക് വിധേയമാക്കാൻ കഴിയില്ലെന്ന് വാദിച്ചുകൊണ്ടാണ് തൽസംബന്ധമായ ഒരു  കോടതി വിധി അംഗീകരിക്കാൻ അന്ന് ബിജെപി വിസമ്മതിച്ചത്  . യഥാർത്ഥത്തിൽ പള്ളി പൊളിക്കൽ നടപടിയിലേക്ക് അവരെ എത്തിച്ചത്  തർക്കത്തിന്റെ സാഹചര്യങ്ങൾ മാറ്റിമറിക്കാനുള്ള ആസൂത്രിതമായ ഒരു  ഗൂഢാലോചനയുടെ അനന്തര ഫലം ആയിരുന്നുവെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. കാൽ നൂറ്റാണ്ടിന് ശേഷം, കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നതോടെ, തർക്കഭൂമിയുടെ ഉടമസ്ഥാവകാശം മസ്ജിദ് തകർത്ത ആളുകൾക്ക് തന്നെ നൽകിക്കൊണ്ട്, പൊളിച്ചുനീക്കലിനു ശേഷമുള്ള സാഹചര്യങ്ങളെ സുപ്രീം കോടതി ഫലത്തിൽ  സാധൂകരിക്കുകയാണ് ഉണ്ടായത് .പള്ളി പൊളിച്ച  പ്രവൃത്തി നിയമത്തിന്റെ കടുത്ത ലംഘനമാണ് എന്ന് കോടതി കണ്ടപ്പോഴും, പൊളിക്കുന്നവർക്ക് അവർ ആഗ്രഹിച്ചത് ലഭിച്ചു ;  നീതി തേടുന്നവർക്കാകട്ടെ , ഒരു മസ്ജിദ് പണിയാനായി  അഞ്ച് ഏക്കർ പ്രത്യേക പ്ലോട്ട് എന്ന ‘നഷ്ടപരിഹാരവാഗ്ദാനം ആണ് കോടതിയിൽനിന്ന് കിട്ടിയത്. ഈ വിധി വന്ന്ഏതാണ്ട് മൂന്ന് വർഷത്തിന് ശേഷം,  'ഈ പ്രശ്നം ഇപ്പോൾ നിലനിൽക്കുന്നില്ല' എന്ന് പ്രഖ്യാപിച്ചുകൊണ്ട് പൊളിക്കലിനെ തുടർന്നുണ്ടായ എല്ലാ കേസുകളുംസുപ്രീം കോടതി അവസാനിപ്പിക്കുകയാണ് സുപ്രീം കോടതി ചെയ്തത് !

ജുഡീഷ്യറിക്ക് പുറത്ത് സിവിൽ സമൂഹത്തിലെ പലരും പ്രതീക്ഷിച്ചിരുന്നത് . 'തർക്കഭൂമി' ക്ഷേത്രത്തിനായി വിട്ടുനൽകുന്നത് തർക്കത്തിന് സൗഹാർദ്ദപരമായ അന്ത്യം വരുത്തുമെന്നും, സാമുദായിക സൗഹാർദ്ദത്തിനും അനുരഞ്ജനത്തിനും വഴിയൊരുക്കുമെന്നും ആയിരുന്നു. 1991-ൽ പാർലമെന്റ് പാസാക്കിയ നിയമം അയോധ്യയ്ക്ക് പ്രത്യേക ഇളവ് നൽകിയിരുന്നു, അതേസമയം മറ്റെല്ലാ ആരാധനാലയങ്ങളും സ്വാതന്ത്ര്യം നേടുന്ന സമയത്ത് അവയ്ക്കുണ്ടായിരുന്ന സ്വഭാവത്തിൽനിന്ന് മാറ്റംവരുത്താൻ  പാടില്ലെന്ന് പ്രഖ്യാപിച്ചു. എന്നാൽ, സംഘപരിവാർ  അതിന്റെ പ്രഖ്യാപിതമായ ഭാവി പദ്ധതികൾ മടക്കിവെക്കാൻ അപ്പോഴും   തയ്യാറല്ല-  കാശിയും മഥുരയും അവരെസംബന്ധിച്ചേടത്തോളം അയോധ്യയിൽ കളിച്ച കളികൾ ആവർത്തിക്കാനുള്ള  , രണ്ട് നിമിത്തങ്ങൾ മാത്രമാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാമക്ഷേത്രം ഉദ്ഘാടനത്തിന് തയ്യാറായതോടെ, കാശിക്കും മഥുരയ്ക്കും വേണ്ടിയുള്ള അവകാശവാദവും ക്യാമ്പെയിനുകളും ഒരേസമയം തീവ്രമാക്കുന്നത് നമുക്ക് കാണാൻ കഴിയും.  അയോധ്യയുടെ മാതൃക പിന്തുടർന്ന്, കോടതി വ്യവഹാരങ്ങളും ഭൂമിയിൽ ആക്രമണാത്മക വർഗീയസംഘട്ടനങ്ങളും  സംയോജിപ്പിക്കുന്ന ദ്വിമുഖ തന്ത്രമാണ് സംഘപരിവാർ  വീണ്ടും പ്രയോഗിക്കുന്നത്‌  .


കൂടുതൽ പള്ളികൾ പൊളിച്ചു ക്ഷേത്രങ്ങൾ ആക്കി മാറ്റാനുള്ള വിധ്വംസകമായ നീക്കങ്ങൾക്ക് നിയമത്തിന്റെ രക്ഷാകവചം സൃഷ്ടിക്കാനുള്ള ശ്രമത്തിൻെറ ഭാഗമെന്ന നിലയിൽ,  ആരാധനാലയങ്ങളുടെ തൽസ്ഥിതി 1947 ലേത് പ്രകാരം നിലനിർത്താൻ വ്യവസ്ഥ ചെയ്യുന്ന 1991 ലെ നിയമത്തെത്തന്നെ  ചോദ്യം ചെയ്യുകയാണ്. 2019 - ലെ അയോധ്യാവിധിയിൽ പ്പോലും സുപ്രീം കോടതി ശരിവെച്ച ഒരു നിയമം ഭാവിയിലും തുടരണമോ എന്നതിനേക്കുറിച്ച് കേന്ദ്രസർക്കാരിനോട് ഇപ്പോൾ സുപ്രീം കോടതി അഭിപ്രായം ആരാഞ്ഞിരിക്കുന്നു. കേന്ദ്രസർക്കാർ  ഇതിന്  എന്തായിരിക്കും ഉത്തരം നൽകുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ.  ഉത്തർപ്രദേശിലെ കാശി, മഥുര എന്നിവിടങ്ങളിലെ പള്ളികളുടെ കാര്യത്തിൽ എന്നതുപോലെ,  , ടിപ്പു സുൽത്താൻ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി 1799 ൽ ചരിത്രപ്രസിദ്ധമായ പോരാട്ടം നടത്തിയ  വേദിയായ മൈസൂരിലെ ശ്രീരംഗപട്ടണത്തിലെ  ജാമിയാ  മസ്‌ജിദും  സംഘപരിവാർ ആക്രമണലക്ഷ്യമാക്കിയിരിക്കുന്നു മുസ്ലീം ഭരണാധികാരിളുമായി ബന്ധപ്പെട്ട മുഗൾഭരണകാലത്തിലും അതിന് മുൻപും ഉള്ള  പ്രശസ്തനിർമ്മിതികളിൽ ഉൾപ്പെട്ട താജ് മഹലും കുത്തബ് മിനാറും പോലെയുള്ള നിരവധി ലോകപ്രശസ്ത പൈതൃകകേന്ദ്രങ്ങളെ  സംഘപരിവാർ  ഇന്ന് ലക്ഷ്യം വയ്ക്കുന്നത് ചരിത്രം തിരുത്തിയെഴുതാനും ഇന്ത്യയെ മുഴുവൻ കാവിച്ചായത്തിൽ വരയ്ക്കാനും ഉള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് . 

സംഘപരിവാറിന്റെ  സാംസ്കാരിക ആക്രമണവുമായി ഒരു യോജിപ്പും സാധ്യമല്ലെന്ന് അയോധ്യ തർക്കത്തിന്റെ സഞ്ചാരപാത  നമ്മെ വ്യക്തമായി പഠിപ്പിച്ചു.  രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ആയ ഒരു പൗരാണിക  ഭൂതകാല മിത്തിലേക്ക് നമ്മെ തിരികെ കൊണ്ടുപോകാൻ ബി.ജെ.പി ആഗ്രഹിക്കുന്നു, ഇന്ത്യയുടെ ചരിത്രപരവും സാംസ്കാരികവുമായ വൈവിധ്യത്തെ ആർഎസ്എസിന്റെ ഇംഗിതപ്രകാരം കാവിയണിയിപ്പിച്ച്   ഏകശിലാരൂപമാക്കി മാറ്റാനാണ് ബിജെപി ആഗ്രഹിക്കുന്നത്.  ഇന്ത്യയുടെ  ചരിത്രവും വാസ്തുവിദ്യയും തൊട്ട്  ദൈനംദിന സംസ്കാരവും പാചകരീതിയും വരെയുള്ള സംഗതികളിലെ എല്ലാ ഇസ്ലാമിക അടയാളങ്ങളും  തുടച്ചുനീക്കാൻ   അത് ആഗ്രഹിക്കുന്നു.  ആർഎസ്എസ് മാതൃകയിലുള്ള ഹിന്ദുത്വമോ ഹിന്ദു മേൽക്കോയ്മയോ അടിച്ചേൽപ്പിക്കുകയല്ലാതെ മറ്റൊന്നുമല്ല, ആർഎസ്എസ് പ്രചരിപ്പിക്കുന്ന സാംസ്കാരിക ദേശീയത ;  അത് മുസ്ലീങ്ങളെയെല്ലാം പാർശ്വവത്കരിക്കുന്നതിൽ നിർത്തില്ല, മനുസ്മൃതിയിൽ പറയുന്ന ബ്രാഹ്മണ-ആണ്കോയ്മയുടെ  ക്രമം അടിച്ചേൽപ്പിക്കാൻ അത് ഏതറ്റം വരേയും പോകും.  ഇന്ത്യയുടെ മൗലികവും  ആധികാരികവുമായ ഭരണഘടനയായിക്കാണാൻ   ആർഎസ്എസ്  ആഗ്രഹിക്കുന്നത്  മനുസ്മൃതിയിൽ അധിഷ്ഠിതമായ മേൽപ്പറഞ്ഞ പ്രകാരത്തിലുള്ള ഒരു നൈതിക ചട്ടക്കൂട് ആണ്  .  ഏകീകരണത്തിന്നായുള്ള  ഈ ആർഎസ്‌എസ് ത്വര , ഇന്ത്യയുടെ വൈവിധ്യത്തിന് എതിരായ ഒരു  ആക്രമണം ആണ്.
 ഹിന്ദി-ഹിന്ദു-ഹിന്ദുസ്ഥാൻ എന്ന കൽപ്പിത ഏകശിലാരൂപത്തിന്  അപ്പുറത്ത് യഥാർത്ഥത്തിൽ നിലനിൽക്കുന്നതും,  ഭൂഖണ്ഡാന്തരമാനങ്ങൾ ഉള്ള വൈവിധ്യങ്ങളുടെയും വൈചിത്ര്യങ്ങളുടേയും പ്രതിനിധാനവും  ആയ  ഇന്ത്യക്ക് എതിരായ  സമ്പൂർണ യുദ്ധമാണ് അത് .

 2022 ഡിസംബർ 6, ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നിയമമന്ത്രിയുമായിരുന്ന ബാബാസാഹേബ് അംബേദ്കറുടെ 66-ാം ചരമവാർഷികദിനം കൂടിയാണ്.  പ്രവചനാത്മകമായ ദീർഘവീക്ഷണത്തോടെ അംബേദ്കർ നൽകിയ ഒരു   മുന്നറിയിപ്പ് ഇന്നും ഓർമ്മിക്കത്തക്കതാണ് : "ഹിന്ദു രാഷ്ട്രം  ഒരു യാഥാർഥ്യ മായി മാറുകയാണെങ്കിൽ, അത് ഈ രാജ്യത്തിന് ഏറ്റവും വലിയ വിപത്തായിരിക്കും".  മരിക്കുന്നതിന് രണ്ട് മാസം മുമ്പ്, അംബേദ്കർ തന്റെ അരലക്ഷം അനുയായികളോടൊപ്പം ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചിരുന്നു. മഹാനായ അശോകൻ യുദ്ധവും ഹിംസയും  ഉപേക്ഷിച്ച് സമാധാനത്തിനും സമത്വത്തിനും വേണ്ടി ബുദ്ധമതം സ്വീകരിച്ചത്   അശോക വിജയദശമിദിനത്തിൽ ആയിരുന്നു.  നാഗ്പൂരിൽ ആർ.എസ്.എസ് സ്ഥാപക ദിനമായി  ആയുധങ്ങൾ പൂജിച്ച് ആഘോഷിക്കുന്നതിന് ആർ.എസ്.എസ് തെരഞ്ഞെടുത്ത ഇതേ ദിവസം ആയിരുന്നു അംബേദ്‌കർ ബുദ്ധമതം സ്വീകരിക്കാൻ തെരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ് .  ഇഷ്ടമുള്ള മതം പിന്തുടരാൻ ഭരണഘടന നൽകുന്ന അവകാശംതന്നെ ഇല്ലാതാക്കാനാൻ  ബിജെപി ഇന്ന് ശ്രമിക്കുമ്പോൾ , പതിറ്റാണ്ടുകൾക്ക് മുൻപ് അംബേദ്‌കർ  മുന്നറിയിപ്പായി നൽകിയ വിപൽസന്ദേശം നമ്മെ തുറിച്ചുനോക്കുകയാണ്, ഈ ദുരന്തത്തിന്റെ കെടുതികളിൽ നിന്ന് ഇന്ത്യയെ രക്ഷിക്കുകയും ഹിന്ദുത്വ ബുൾഡോസറിനെ തടഞ്ഞുനിർത്താൻവേണ്ടി  സാധ്യമായ എല്ലാ വഴികളിലൂടെയും ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇപ്പോൾ നാം അഭിമുഖീകരിക്കുന്ന വെല്ലുവിളി.


 

Saturday, 5 November 2022

 കേജ്‌രിവാളിന്റെ ബദൽ : വോട്ടുകൾക്ക് ഭഗത് സിംഗിന്റെയും അംബേദ്കറിന്റെയും ഫോട്ടോകൾ; നോട്ടുകളിൽ ലക്ഷ്മിയും ഗണപതിയും എഡിറ്റോറിയൽ, എം എൽ അപ്ഡേറ്റ്: Vol. 25, 44-45 (1-7 നവംബർ 2022)

ൻകിട മൂലധന നിക്ഷേപത്തിന്റെയും പെരുത്ത വികസനത്തിന്റെയും സ്വപ്‌നങ്ങൾ വിതറി നരേന്ദ്രമോദി ഗുജറാത്തിലെ വോട്ടർമാരെ ആകർഷിക്കാൻ ശ്രമിക്കവേ, ബ്രിട്ടീഷ് കാലഘട്ടത്തു നിർമ്മിതമായ മോർബിയിലെ പഴയ തൂക്കുപാലം അറ്റകുറ്റപ്പണികൾക്ക് തൊട്ടു പിന്നാലെ തകർന്നുവീണ് 134 പേരുടെ ജീവൻ അപഹരിച്ചത് ഗുജറാത്ത് മോഡലിന്റെ പരിതാപകരമായ യാഥാർത്ഥ്യത്തെയാണ് തുറന്നുകാട്ടുന്നത്. മോർബി പാലം ദുരന്തവുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന വിശദാംശങ്ങൾ, ഭരണത്തിന്റെ ഞെട്ടിപ്പിക്കുന്ന കെടുകാര്യസ്ഥതയിലേക്ക് വിരൽ ചൂണ്ടുന്നു . നൂറ്റാണ്ട് പഴക്കമുള്ള തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണികൾക്ക് കരാർ നൽകിയത് മോർബി ആസ്ഥാനമായുള്ള ക്ലോക്ക് നിർമ്മാണ കമ്പനിയായ ഒറേവയ്ക്ക് ആയിരുന്നു. 2037 വരെ പ്രാബല്യമുള്ള കരാർ പ്രകാരം, പാലം ഉപയോഗിക്കുന്നതിന് പൊതുജനങ്ങളിൽ നിന്ന് പണം ഈടാക്കാൻ കമ്പനിയെ അനുവദിക്കുന്നുണ്ട് . പ്രസ്തുത കമ്പനിക്ക് കരാർ നൽകിയത് ഒരു ഓപ്പൺ ടെൻഡറും കൂടാതേയാണ് എന്നും റിപ്പോർട്ടുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ 2 കോടി രൂപ ചെലവഴിച്ച് നവീകരണം പൂർത്തിയാക്കിയതായി കമ്പനി അവകാശപ്പെടുകയായിരുന്നു. ഈ ദുരന്തം ക്ഷണിച്ചുവരുത്താൻ മാത്രമായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് തിടുക്കത്തിൽ പാലം തുറന്നത്. തകർച്ചയുടെ കാരണമായി ആൾത്തിരക്കിനെ കുറ്റപ്പെടുത്താനാണ് ഔദ്യോഗിക വിവരണങ്ങളിൽ ഇപ്പോൾ ശ്രമിക്കുന്നത്; എന്നാൽ, ടിക്കറ്റ് വാങ്ങിയതിനുശേഷം മാത്രമേ ആളുകളെ പാലത്തിലേക്ക് പ്രവേശിക്കാൻ അനുവദിച്ചിരുന്നുള്ളൂ എന്നത് പാലത്തിൽ പരമാവധി എത്ര പേരെ പ്രവേശിപ്പിക്കാമെന്നത് സംബന്ധിച്ച ഒരു നിയന്ത്രണവും ഇല്ലായിരുന്നു എന്ന് കൂടി വ്യക്തമാക്കുന്നു.
ആറ് വർഷം മുമ്പ് കൊൽക്കത്തയിൽ നിർമ്മാണത്തിലിരിക്കുന്ന മേൽപ്പാലത്തിന്റെ ഒരു ഭാഗം തകർന്നപ്പോൾ, നരേന്ദ്ര മോദി അത് ഉടൻ തന്നെ തിരഞ്ഞെടുപ്പ് വിഷയമാക്കിയിരുന്നു. അഴിമതി നിറഞ്ഞതും കാര്യക്ഷമത യില്ലാത്തതുമായ തൃണമൂൽ ഭരണത്തിൽ നിന്ന് പശ്ചിമ ബംഗാളിനെ രക്ഷിക്കാനുള്ള ദൈവത്തിന്റെ സന്ദേശമാണ് പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് പ്രസ്തുത അപകടത്തിലൂടെ നല്കപ്പെട്ടതെന്നു നരേന്ദ്ര മോദി അന്ന് വിളിച്ചുപറഞ്ഞു. ഗുജറാത്തിനെ ബിജെപിയുടെ അഴിമതി ഭരണത്തിൽ നിന്ന് രക്ഷിക്കാനുള്ള ദൈവിക സന്ദേശമായി മോർബി പാലം തകർച്ചയെ ഇപ്പോൾ അദ്ദേഹം കണക്കാക്കുമോ? ഗുജറാത്തിലെ മിക്ക ബിസിനസ് ഗ്രൂപ്പുകളെയും പോലെ ഒറേവ ഗ്രൂപ്പും മോദി-ഷാ ജോഡിയുമായി വളരെ അടുപ്പം പുലർത്തുന്നുണ്ട്. പാലം തകർച്ചയ്ക്ക് ശേഷം ഫയൽ ചെയ്ത എഫ്‌ഐആർ ഇതിനകം തന്നെ കമ്പനിയെ കേസിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇരകൾക്ക് ചില ടോക്കൺ നഷ്ടപരിഹാരം നൽകുകയും താഴേക്കിടയിൽ ഉള്ള ചില ജീവനക്കാർക്ക് ശിക്ഷ നൽകുകയും ചെയ്തുകൊണ്ട് കേസ് അവസാനിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടക്കുന്ന സൂചനയാണ് ലഭിക്കുന്നത്.
മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വികസനം എന്ന സ്വപ്നം എപ്പോഴും വിദ്വേഷത്തിന്റെയും നുണകളുടെയും നൂലുകൾ കൊണ്ട് നെയ്തതാണ്. ഇത്തവണ ഗുജറാത്തിൽ നടക്കുന്ന വിദ്വേഷ പ്രചാരണം മുസ്ലീങ്ങൾക്കെതിരെ മാത്രമല്ല, അർബൻ നക്സലുകൾക്കെതിരെയുമാണ്. നർമ്മദാ നദീജല പദ്ധതി ഗുജറാത്തിന്റെ അഭിമാനത്തിന്റെ പ്രതീകമായും നേട്ടങ്ങളുടെ സമൃദ്ധിയായും ചിത്രീകരിച്ചുകൊണ്ട് ,മേധാ പട്കറിനെ മോദി കുറ്റപ്പെടുത്തിയത് കുടിയൊഴിപ്പിക്കലിന്റെ പ്രശ്നം ഉന്നയിച്ചു വികസനം സ്തംഭിപ്പിക്കാൻ ശ്രമിക്കുന്ന ഒരു നഗര നക്‌സലായിട്ടായിരുന്നു. പാർലമെന്റിന്റെ വേദിയിൽ വെച്ച് തുടങ്ങിയ 'ആന്ദോളൻജീവി' എന്ന ചീത്തവിളി തുടരുന്ന മോദി, ആഭ്യന്തര മന്ത്രിമാരുടെ ഒരു വീഡിയോ കോൺഫറൻസിനെ ഏതാനും ദിവസങ്ങൾക്ക് മുൻപ് അഭിസംബോധന ചെയ്തപ്പോൾ "പേന പിടിച്ച നക്‌സലുക"ളെ പിഴുതെറിയേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയുണ്ടായി. ഭരണഘടനയുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം, നീതി, മനുഷ്യാവകാശങ്ങൾ, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളിലും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിലും നിയമവാഴ്ചയുടെ അടിസ്ഥാന തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും ഉണ്ടായ സമ്പൂർണ്ണ പരാജയവും ജനവഞ്ചനയും മറച്ചുവെക്കാൻ വേണ്ടി ഫാസിസ്റ്റ് ആക്രമണം അഴിച്ചുവിടുന്ന ഒരു ഭരണകൂടത്തോട് പ്രതിപക്ഷം എങ്ങനെ പ്രതികരിക്കണം? യുപിഎ-രണ്ടാം ഭരണത്തിന്റെ അവസാന വർഷങ്ങളിലെ അഴിമതി വിരുദ്ധ, ബലാത്സംഗ വിരുദ്ധ പ്രതിഷേധങ്ങളുടെയും സമരങ്ങളുടെയും പശ്ചാത്തലത്തിൽ ആണ് ഒരു ദശാബ്ദം മുമ്പ് ഡൽഹിയിൽ ആം ആദ്മി പാർട്ടി ഉയർന്നുവന്നത്. ഡൽഹിക്ക് പുറമേ, പഞ്ചാബിലും അധികാരത്തിലെത്താൻ അവർക്ക് കഴിഞ്ഞു, ഗുജറാത്തിൽ അവർ കാര്യമായ പ്രതികരണം ഉളവാക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ ബിൽക്കിസ് ബാനോയെയും അവരൂടെ കുടുംബാം ഗങ്ങളെയും ബലാത്സംഗം ചെയ്തവരെയും കൊലപ്പെടുത്തിയവരെയും ജയിലിൽനിന്ന് മോചിപ്പിച്ച് അവർക്ക് സ്വീകരണം ഒരുക്കുകയും , കുപ്രസിദ്ധ ബലാത്സംഗക്കേസ് പ്രതി റാം റഹീമിന് ഹരിയാനയിൽ നാല്പത് ദിവസത്തെ പരോൾ അനുവദിക്കുകയും ചെയ്യുമ്പോൾ എങ്ങനെയാണ് ആം ആദ്മി പാർട്ടിയെപ്പോലുള്ള ഒരു പ്രതിപക്ഷം പ്രതികരിക്കേണ്ടത് ?
ഈ ചോദ്യത്തിന് ഏറ്റവും കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ് അരവിന്ദ് കെജ്രിവാൾ. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ കരകയറ്റാൻ ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും അനുഗ്രഹം ഇന്ത്യക്ക് ആവശ്യമാണെന്നും, അവരുടെ അനുഗ്രഹം നേടാനുള്ള ഏറ്റവും നല്ല മാർഗം ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മിയുടെയും വിഘ്നങ്ങൾ നീക്കുന്ന ഗണപതിയുടേയും ചിത്രങ്ങൾ അച്ചടിക്കുകയാണെന്നാണ് കേജ്‌രിവാൾ പറയുന്നത്. ജ്ഞാനത്തിന്റെ ദൈവം കറൻസി നോട്ടുകളിൽ ചിത്രീകരിക്കപ്പെടൽ ഒരു പോംവഴിയായി നിർദ്ദേശിക്കുമ്പോൾ, ഭഗത് സിങ്ങിനേയും അംബേദ്കറിനേയും കുറിച്ച് അധരവ്യായാമം നടത്തിയും യുക്തിയോട് വിടപറഞ്ഞുകൊണ്ടും ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ സന്ദിഗ്ധ നിലപാട് സ്വീകരിക്കാനും താൻ തയ്യാറാണെന്ന് ഈ ശുപാർശയിലൂടെ കെജ്‌രിവാൾ വ്യക്തമാക്കുന്നു . മോദി ഗവൺമെന്റിന്റെ പൂർണ്ണമായ കെടുകാര്യസ്ഥതയ്ക്കും ഭിന്നിപ്പിക്കുന്നതും വിദ്വേഷം നിറഞ്ഞതുമായ പ്രത്യയശാസ്ത്രത്തിനും മറുപടി ആകുന്നതിന് പകരം, ഇന്ത്യയിലെ ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളുടെ വിശ്വാസ്യത നേടുന്നതാണ് പ്രധാനം എന്ന് കേജരിവാൾ കരുതുന്നു; അതിന്നായി , അസംബന്ധ ആശയങ്ങളുടെയും മത്സരാധിഷ്ഠിതമായ വൈകാരിക ആഹ്വാനങ്ങളുടെയും കളിയിൽ നരേന്ദ്ര മോദിയെ തോൽപ്പിക്കാൻ അദ്ദേഹം ശ്രമിക്കുകയാണ്. ഈ രാഷ്ട്രീയ ലൈൻ പലപ്പോഴും മൃദു ഹിന്ദുത്വമായി വിശേഷിപ്പിക്കപ്പെടുന്നു, അതിന്റെ സ്വാധീനക്ഷമതയുടെയും ബഹുജന സ്വീകാര്യതയുടെയും പേരിൽ സ്വയം പ്രതിരോധം തീർക്കാനായി സ്വാതന്ത്ര്യസമര കാലത്ത് ഗാന്ധിജിയും മറ്റും ഉപയോഗിച്ച മതപരമായ പദപ്രയോഗങ്ങളുടെയും രൂപകങ്ങളുടെയും ഉദാഹരണങ്ങൾ എടുത്തുകാട്ടി സമർത്ഥിക്കാൻ ആണ് കേജ്‌രിവാൾ ശ്രമിക്കുന്നത്.
ഈ തന്ത്രം പരീക്ഷിക്കുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനായിരിക്കില്ല കെജ്രിവാൾ. കെജ്‌രിവാളിനെപ്പോലെ, രാജീവ് ഗാന്ധിയും ഇന്ത്യൻ രാഷ്ട്രീയത്തിൽ ശുദ്ധവും ആധുനികവുമായ പ്രതിച്ഛായയോടെയും ശാസ്ത്രീയമായും സാങ്കേതികമായും വികസിച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ഭാവി വീക്ഷണത്തോടെയും പ്രത്യക്ഷപ്പെട്ടു. 1984-ൽ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ പാർലമെന്ററി ഭൂരിപക്ഷമുള്ള ഒരു ഗവൺമെന്റിന്റെ പ്രധാനമന്ത്രിയായി, ബി.ജെ.പി ലോക്‌സഭയിൽ വെറും രണ്ട് സീറ്റിലേക്ക് ചുരുങ്ങി. എന്നാൽ, ആദ്യം ഷാ ബാനോ വിധിയിലും പിന്നീട് അയോധ്യ വിഷയത്തിലും തന്റെ തെറ്റായ നടപടിയിലൂടെ അദ്ദേഹം യഥാർത്ഥത്തിൽ ബിജെപിക്ക് ധൈര്യം നൽകിയതിന്റെ പേരിലാണ് ഇപ്പോൾ അദ്ദേഹം ഓർമ്മിക്കപ്പെടുന്നത്. ഇപ്പോഴും ചില കോൺഗ്രസ് നേതാക്കൾ രാജീവ് ഗാന്ധിയെ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ യഥാർത്ഥ ശില്പിയായി അംഗീകരിക്കാൻ തിരക്കുകൂട്ടുന്നു. നരേന്ദ്ര മോദിയെ ഹിന്ദുത്വത്തിന്റെ തരികിടയിൽ തോൽപ്പിക്കാനുള്ള കെജ്‌രിവാളിന്റെ ശ്രമത്തിനും സമാനമായ വിധി നേരിടേണ്ടിവരും.
ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് ജയങ്ങൾ വിശദീകരിക്കുന്നത് മതവിശ്വാസത്തോടുള്ള ശരിയായ അഭിസംബോധനയെയല്ല, വിദ്വേഷം നിറഞ്ഞ മുസ്‌ലിം വിരുദ്ധ ഉന്മാദത്തെ ആളിക്കത്തിക്കാനും ഈ ഭൂരിപക്ഷവാദത്തെ ദേശീയതയായി ഉയർത്തിക്കാട്ടാനുമുള്ള ബി.ജെ.പിയുടെ കഴിവാണ്.
ഈ വിദ്വേഷത്തിനും ആക്രമണത്തിനുമുള്ള ഉത്തരം , സാമൂഹികവും പ്രത്യയശാസ്ത്രപരവുമായി നിർണായകമായ ബദൽ പ്രതികരണങ്ങൾ വികസിപ്പിക്കൽ ആണ്. മത്സരത്തിലൂടെയോ, സങ്കീർണ്ണതകൾ വര്ധിപ്പിച്ചുകൊണ്ടോ ഹിന്ദുത്വത്തെ ഫലത്തിൽ സാധൂകരിക്കുന്ന നയങ്ങളിലല്ല ബദലുകൾക്കുള്ള സാധ്യത കുടികൊള്ളുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമെന്ന നിലയിൽ കറൻസി നോട്ടുകളിൽ മതചിഹ്നങ്ങൾ അടിച്ചേൽപ്പിക്കുന്നത്, അതും ആധുനികമായ ഒരു ഇന്ത്യ സ്വപ്നം കണ്ട രണ്ട് മഹാന്മാരുടെ ഛായാചിത്രങ്ങൾ പിന്നിൽ ഭിത്തിയിൽ തൂക്കിയിട്ടുകൊണ്ട് ആവുമ്പോൾ , ആധുനിക ഇന്ത്യ എന്ന സ്വപ്നം വഞ്ചിക്കപ്പെട്ട ഒരു നിമിഷവുമായി ചേർത്തുവെച്ച് കേജ്‌രിവാളിന്റെ നാമം ഓർമ്മിക്കപ്പെടും.

 ഔദ്യോഗിക ഭാഷാ സമിതിയുടെ പതിനൊന്നാം റിപ്പോർട്ട്: ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെ തുരങ്കം വെക്കുന്നത് നിർത്തുക

- രാധിക മേനോൻ [ലിബറേഷൻ മാസിക, നവംബർ ലക്കം 2022 പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ ]
'ഒരു രാഷ്ട്രം, ഒരു ഭാഷ' എന്ന ആർഎസ്‌എസിന്റെ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിലേക്ക് കേന്ദ്രത്തിലെ ബിജെപി സർക്കാർ മറ്റൊരു സാഹസമാണ് നടത്തിയത്. അമിത് ഷായുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക ഭാഷാ സമിതിയുടെ 11-ാമത് റിപ്പോർട്ട് ആണ് ഇത്തവണ അതിനുവേണ്ടി ഉപയോഗിച്ചത്. സമിതിയുടെ ശുപാർശകൾ 2022 സെപ്റ്റംബറിൽ ആയിരുന്നു ഇന്ത്യൻ പ്രസിഡന്റിന് സമർപ്പിച്ചത് . കഴിഞ്ഞ ഒരു മാസമായി വാർത്തകളിൽ പുറത്തുവന്നതുപോലെ, ഇന്ത്യൻ റിപ്പബ്ലിക്കിലെ മറ്റ് 21 ഔദ്യോഗിക ഭാഷകളിൽ ഹിന്ദിക്ക് മുൻതൂക്കം നൽകിയാണ് റിപ്പോർട്ട്. കമ്മറ്റിയുടെ ശുപാർശകൾ ഭാഷാ സമരങ്ങളുടെയും ഇന്ത്യൻ ജനതയുടെ ജനാധിപത്യ അഭിലാഷങ്ങളുടെയും നീണ്ട ചരിത്രത്തെ തൂത്തെറിയുന്നു.
റിപ്പോർട്ടിന്റെ ഉള്ളടക്കം പരസ്യമാക്കിയിരുന്നില്ല. എന്നിരുന്നാലും, പത്രപ്രവർത്തകരുടെ പ്രിവ്യൂകൾ, കമ്മിറ്റി അംഗങ്ങൾ നൽകിയ വിശദീകരണങ്ങൾ, സാങ്കേതിക, സാങ്കേതികേതര സ്ഥാപനങ്ങളിൽ- പ്രത്യേകിച്ച് മധ്യപ്രദേശിലെ മെഡിക്കൽ സ്‌കൂളുകൾ, 2020-ൽ പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയം എന്നിവയിൽ കൊണ്ടുവന്ന ബോധന മാധ്യമത്തിലെ മാറ്റങ്ങൾ എന്നിവയില്നിന്നും വ്യക്തമാകുന്നത് കേന്ദ്ര സർക്കാരിന്റെ എല്ലാ ഇടപാടുകളിലും ഹിന്ദിക്ക് പ്രത്യേക ശ്രദ്ധ നൽകുന്നതിന്റെ സൂചനകൾ ആണ്.
അതിനിടെ, തമിഴ്‌നാടും കേരളവും തങ്ങളുടെ ആശങ്കകൾ ഔദ്യോഗികമായി അറിയിച്ചതോടെ ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഹിന്ദി സംസാരിക്കുന്നവരുടെ സംഖ്യാപരമായ ആധിപത്യം ഉണ്ടായിരുന്നിട്ടും, 2011 ലെ സെൻസസ് കാണിക്കുന്നത് ഇന്ത്യൻ ജനസംഖ്യയുടെ 56.37% പേർക്ക് ഹിന്ദി ഒന്നാം ഭാഷയല്ലെന്ന കാര്യം ഇവിടെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
ആ നിലക്ക്, ഹിന്ദി അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യത്തിന്റെ കൂടുതൽ മോശപ്പെട്ട അവസ്ഥയിലേക്കുള്ള തകർച്ചയ്ക്ക് മാത്രമേ കാരണമാകൂ. ഇത് മനസ്സിലാക്കാൻ, എതിർപ്പ് ക്ഷണിച്ചു വരുത്തിയ ശുപാർശകൾ ആദ്യം പരിശോധിക്കാം .
ജനാധിപത്യത്തെ ഇല്ലാതാക്കുന്നതിനും അവസരങ്ങൾ നിഷേധിക്കുന്നതിനുമുള്ള ശുപാർശകൾ:
കേന്ദ്രസർക്കാർ ഫണ്ട് നൽകുന്ന സ്ഥാപനങ്ങളിൽ ഹിന്ദി നിർബന്ധിത പഠന മാധ്യമമാക്കണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. രാജ്യത്തുടനീളമുള്ള ആളുകൾക്കായി തുറന്നിരിക്കേണ്ട എല്ലാ കേന്ദ്രീയ വിദ്യാലയങ്ങളും ഐഐടികളും കേന്ദ്ര സർവകലാശാലകളും ഇതിൽ ഉൾപ്പെടുന്നു. അങ്ങനെ, ഹിന്ദിയിൽ പഠിക്കാത്ത വിദ്യാർത്ഥികളെ ഇത് പ്രതികൂലമായി ബാധിക്കുന്നു.
എ കാറ്റഗറി സംസ്ഥാനങ്ങൾ എന്ന് വിളിക്കപ്പെടുന്ന ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാർ ഓഫീസുകളിലും ഹിന്ദിയിലാണ് കാര്യങ്ങൾ നടക്കേണ്ടത്. കവറുകളിൽ വിലാസങ്ങൾ പോലും ഹിന്ദിയിൽ എഴുതാനുള്ള ശുപാർശയിൽ, സന്ദേശങ്ങൾ അയക്കുന്നവർ മാത്രമല്ല, വാഹകരും സ്വീകർത്താക്കളും ഹിന്ദി അറിഞ്ഞിരിക്കാനാണ് ആവശ്യപ്പെടുന്നത്!
സർക്കാർ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് സർക്കാർ റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ നിർബന്ധിത ഇംഗ്ലീഷ് മാറ്റി ഹിന്ദി പേപ്പറുകൾ നൽകണമെന്ന് ഇത് നിർദ്ദേശിക്കുന്നു, അങ്ങനെ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ വെട്ടിനിരത്തുന്നു. ഐക്യരാഷ്ട്രസഭയിലെ ഔദ്യോഗിക ഭാഷയായി ഹിന്ദിയും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.
പുതിയ ഭാഷാ നിയമങ്ങൾ പാലിക്കാത്ത സർക്കാർ ഉദ്യോഗസ്ഥർക്ക്, അവരുടെ "വാർഷിക പ്രകടന റിപ്പോർട്ടിൽ" അവരെ അടയാളപ്പെടുത്തണമെന്ന് കമ്മിറ്റി നിർദേശിക്കുന്നു.
ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിൽ ആർക്കെങ്കിലും നീതി ലഭിക്കണമെങ്കിൽ വ്യവഹാരങ്ങൾ ഹിന്ദിയിൽ മാത്രമേ നടത്താവൂ. ഹിന്ദി സംസാരിക്കുന്നവർ മാത്രമല്ലാ നീതി തേടുന്നത് ,അത് നന്നായി സംസാരിക്കുന്നവർ മാത്രമല്ല കോടതിയിൽ പണിയെടുക്കുന്നത് എന്നൊന്നും പരിഗണിക്കപ്പെടില്ല.
പരസ്യങ്ങൾക്കായുള്ള സർക്കാർ ബജറ്റിന്റെ 50 ശതമാനം ഹിന്ദിക്ക് നീക്കിവെക്കണമെന്ന ശിപാർശയോടെയാണ് ഭാഷകളുടെ സാമ്പത്തിക ഉച്ചനീചത്വം ഉറപ്പിക്കപ്പെടുന്നത്. മറ്റ് 21 ഔദ്യോഗിക ഭാഷകൾ ഫണ്ടിന്റെ കാര്യത്തിൽ പട്ടിണിയിലാകുമെന്നും അവർ തമ്മിൽ മത്സരിക്കേണ്ടിവരുമെന്നും ഇത് സൂചിപ്പിക്കുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ല.
ഫെഡറൽ ഘടനയുടെ ലംഘനമാകും വിധം , സംസ്ഥാന സർക്കാർ ഓഫീസുകളിൽ പുതിയ ഔദ്യോഗിക ഭാഷാനയം നടപ്പാക്കുന്നത് അവലോകനം ചെയ്യാനും സമിതി ശ്രമിക്കുന്നു.
അങ്ങനെ, ആർക്കൊക്കെ വിദ്യാഭ്യാസം നേടാനാകും, ആരാണ് സർക്കാർ രൂപീകരിക്കുക, എക്സിക്യൂട്ടീവ് എങ്ങനെ പ്രവർത്തിക്കും, നീതി എങ്ങനെ വിതരണം ചെയ്യും എന്നതെല്ലാം പുതിയ ഔദ്യോഗിക ഭാഷാ നയത്തിന്റെ അരിപ്പയിലൂടെ തീരുമാനിക്കപ്പെടും .
പൗരത്വ അവകാശങ്ങളുമായി ബന്ധിപ്പിച്ച് ഭാഷാ മേധാവിത്വം വിഭാവന ചെയ്യപ്പെടുമ്പോൾ, ചില കാര്യങ്ങൾ വേറിട്ടുനിൽക്കുന്നു:
ഒന്ന്, ഹിന്ദി ആധിപത്യത്തിന്റെ പാത പിന്തുടരാത്തവർക്ക് ഭീഷണിയും ശിക്ഷയും.
രണ്ട്, മറ്റ് ഇന്ത്യൻ ഭാഷകളിൽ പ്രാവീണ്യമുള്ള, എന്നാൽ ഹിന്ദിയിൽ പ്രവീണ്യമില്ലാത്ത ഇന്ത്യക്കാർക്ക് തൊഴിൽ നിഷേധിക്കൽ.
മൂന്നാമതായി, ഹിന്ദിയിതര ഔദ്യോഗിക ഭാഷകളെ സർക്കാർ ധനസഹായത്തിന് യോഗ്യമല്ലെന്ന് പ്രഖ്യാപിക്കുകയും അതുവഴി കേന്ദ്ര ഗവൺമെന്റിനെ ഹിന്ദി സംസാരിക്കുന്നവരുടെ ഒരു വരേണ്യ അധികാര സങ്കേതമാക്കുകയും ചെയ്യുക.
നാല്, ഹിന്ദി സംസാരിക്കുന്ന ഔദ്യോഗിക സംസ്ഥാനങ്ങളെ ഏകീകൃതമാക്കുകയും ആ സംസ്ഥാനങ്ങളിലെ ഭാഷാ വൈവിധ്യങ്ങളെ നിരാകരിക്കുകയും ചെയ്യുക.
അഞ്ച്, ഹിന്ദി സംസാരിക്കാത്ത പ്രദേശങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കുള്ള വിദ്യാഭ്യാസ-തൊഴിൽ അവസരങ്ങൾ പരിമിതപെടുത്തുന്നു .
ആറ്, ഹിന്ദിയെ മാത്രം അന്തർദേശീയവൽക്കരിക്കുക, അതുവഴി ഇന്ത്യയെ ഒരു ഹിന്ദി നാടായി ഉയർത്തിക്കാട്ടുന്നു, ഹിന്ദുഭൂമി എന്ന ബി ജെ പിയുടെ ഇഷ്ട പദ്ധതിക്ക് അനുബന്ധമാണ് ഇത്.
പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങളെയും ഫെഡറൽ ഘടനയെയും ഇത് അട്ടിമറിക്കുമ്പോൾ, റിപ്പോർട്ടിലെ ശുപാർശകൾ ഭാഷാ പ്രോത്സാഹനത്തിനുള്ള നല്ല നീക്കമല്ല എന്നത് ഉറപ്പാണ്. എല്ലാ വൈവിദ്ധ്യങ്ങളെയും തുരത്താൻ ആഗ്രഹിക്കുന്ന ഹിന്ദി-ഹിന്ദു- ഹിന്ദുസ്ഥാൻ രാഷ്ട്രസങ്കല്പത്തിന്റെ പാക്കേജിലെ അവിഭാജ്യ ഘടകമാണ് ഇത്.
ഭാഷാശാക്തീകരണവും ഹിന്ദി അടിച്ചേൽപ്പിനെതിരായ വിയോജിപ്പും
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഭാഷാ പോരാട്ടങ്ങളുടെ തുടർച്ചയായ ഉയർച്ചയ്ക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചു. 1952 ഡിസംബർ 15 ന്, ദളിതരുടെ ക്ഷേത്രപ്രവേശനത്തിനായി നേരത്തെ നിരാഹാര സമരം നടത്തിയ മുതിർന്ന സ്വാതന്ത്ര്യ സമര സേനാനി പോറ്റി ശ്രീരാമുലു 58 ദിവസത്തെ നിരാഹാരത്തിന് ശേഷം മരണപ്പെട്ടു. തെലുങ്ക് സംസാരിക്കുന്ന സംസ്ഥാനം രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു, 1910-കൾ മുതലുള്ള ആഹ്വാനമാണിത്. അദ്ദേഹത്തിന്റെ മരണം മൂലമുണ്ടായ ജനരോഷവും തുടർന്നുള്ള പ്രസ്ഥാനവും ആന്ധ്രാപ്രദേശിന്റെ രൂപത്തിൽ ഭാഷാടിസ്ഥാനത്തിലുള്ള ആദ്യ സംസ്ഥാനത്തിന്റെ രൂപീകരണത്തിലേക്കു നയിച്ചു. തുടർന്നുള്ള വർഷങ്ങളിൽ, ജനങ്ങളുടെ അഭിലാഷങ്ങൾക്കും സമരങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും അനുസൃതമായി മറ്റ് അനേകം ഭാഷാ സംസ്ഥാനങ്ങൾ ഉയർന്നുവന്നു.
ഭരണഘടനാ അസംബ്ലിയുടെ ഭാഷാ സംവാദങ്ങളെത്തുടർന്ന് ഇന്ത്യ ഇംഗ്ലീഷിലും ഹിന്ദിയിലും ദ്വിഭാഷ തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. ആധിപത്യത്തിന്റെ പുതിയ ഭീഷണികളില്ലാതെ, ഇന്ത്യയിലെ വൈവിധ്യമാർന്ന ആളുകളെ ഒരുമിച്ച് കൊണ്ടുവരാനുള്ള ഏക പോംവഴി അതായിരുന്നു. എന്നിരുന്നാലും, ഭാഷാപരമായ അസഹിഷ്ണുതയുടെ വർദ്ധിച്ചുവരുന്ന സൂചനകൾ, ഹിന്ദിയനുകൂല അംഗങ്ങളുടെ ഒരു വിഭാഗം വിമതർക്കെതിരെ ആഞ്ഞടിച്ചു. 1946-ൽ ഭരണഘടനാ അസംബ്ലിയിൽ ആർ വി ധുലേക്കർ പ്രഖ്യാപിച്ചു, "ഹിന്ദി അറിയാത്ത ആളുകൾക്ക് ഇന്ത്യയിൽ തുടരാൻ അവകാശമില്ല"- സമകാലിക വലതുപക്ഷ മതഭ്രാന്തന്മാർ ഉപയോഗിക്കുന്ന ദേശവിരുദ്ധ ട്വിറ്റർ ഹാൻഡിലുകളിലേതുമായി വളരെ അടുത്തുനിൽക്കുന്ന ഒരു വരിയാണ് ഇത്. ഹിന്ദി അനുകൂല ലോബിയുടെ ഗ്രൂപ്പുകൾക്ക് തീവ്ര വലതുപക്ഷ അംഗങ്ങളും മിതവാദികളായ ഹിന്ദി പ്രമോട്ടർമാരും ഉണ്ടായിരുന്നു. ടി ടി കൃഷ്ണമാചാരിയെപ്പോലുള്ളവർ അവരുടെ വാദങ്ങളെ "ഹിന്ദി സാമ്രാജ്യത്വം" ആയി കണ്ടു, ഈ അടിച്ചേൽപ്പിക്കൽ ഉണ്ടായേക്കാവുന്ന സ്ഫോടനാത്മക സാഹചര്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി.
1965 അടുത്തപ്പോൾ, ഹിന്ദി വിരുദ്ധ പ്രസ്ഥാനം തമിഴ്‌നാട്ടിൽ വളർന്നു, പ്രത്യേകിച്ചും 1963 ലെ ഔദ്യോഗിക ഭാഷാ നിയമത്തിന് ശേഷം, ഭാവിയിലെ ഭരണകൂടങ്ങൾ ഹിന്ദി സംസാരിക്കാത്തവരിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ഉപകരണമായി ഇത് കാണപ്പെട്ടു. 1965-ൽ പൊട്ടിപ്പുറപ്പെട്ട തീവ്രവാദി പ്രതിഷേധങ്ങൾ, കേന്ദ്ര-അന്തർ-സംസ്ഥാന ആശയവിനിമയങ്ങൾക്കും പൊതുപരീക്ഷകൾക്കും ഹിന്ദിയ്‌ക്കൊപ്പം ഇംഗ്ലീഷും അനിശ്ചിതകാലത്തേക്ക് തുടരുന്നതിനുള്ള ഉറപ്പുകൾ കൊണ്ടുവന്നു.

സമീപകാല റിപ്പോർട്ടും അതിന്റെ വഞ്ചനാപരമായ രാഷ്ട്രീയ രൂപകൽപ്പനയും.
1963ലെ ഔദ്യോഗിക ഭാഷാ നിയമത്തിലെ സെക്ഷൻ 4 പ്രകാരം 1976-ലാണ് പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതി ആദ്യമായി രൂപീകരിച്ചത്. ഹിന്ദിയെ പ്രോത്സാഹിപ്പിക്കുകയെന്ന അജണ്ടയാണ് എല്ലാക്കാലത്തും അതിൽ നിക്ഷിപ്തമായത്, എന്നാൽ മോദി സർക്കാരിനും അമിത് ഷായുടെ മേൽനോട്ടത്തിനും കീഴിലാണ് കമ്മിറ്റിയുടെ ശുപാർശകൾ ആദ്യമായി കേന്ദ്രീകരണത്തിന്റെയും ഭാഷാപരമായ ഏകീകരണത്തിന്റെയും ഒരു പുതിയ അടിയന്തര അജണ്ട കൊണ്ടുവന്നത്. ഇത് ആർഎസ്എസ് പാരമ്പര്യത്തിന്റെയും അതിന്റെ രാഷ്ട്രീയ സന്തതികളായ ജനസംഘത്തിന്റെയും ബിജെപിയുടെയും ഭാഗമാണ്. സാമ്രാജ്യത്വ അഖണ്ഡ ഭാരത് പദ്ധതിയെ മറയ്ക്കാൻ അപകോളനീകരണ പദാവലിയിൽ ഹിന്ദി മേധാവിത്വത്തിനായുള്ള ആഹ്വാനങ്ങൾ പലപ്പോഴും ഉയർന്നുവരുന്നു.

ഭാഷാ മേധാവിത്വത്തിന്റെ രാഷ്ട്രീയം ജനാധിപത്യ മനോഭാവത്തിനും ഭാഷാ പ്രോത്സാഹനത്തിന്റെ അഭിലാഷത്തിനും എതിരാണ്. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ 22 ഇന്ത്യൻ ഭാഷകളുണ്ട്. 38 ഭാഷകൾ വേറെയും ഈ ഷെഡ്യൂളിൽ ലിസ്റ്റ് ചെയ്യണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. 2011-ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 1369 'യുക്തിസഹമായി' കണ്ടെത്താൻ കഴിയുന്ന മാതൃഭാഷകളും 121 വിശാലമായ ഭാഷകളും ഉണ്ടെന്നത് കണക്കിലെടുത്താൽ മേൽപ്പറഞ്ഞ ആവശ്യം ജനാധിപത്യപരമായ അഭിലാഷത്തിന്റെ പ്രകടനമാണ്. എട്ടാം ഷെഡ്യൂളിൽ ഇടം കിട്ടാനായി കാത്തിരിക്കുകയും ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്യുന്ന പല ഭാഷകളും ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ളതാണ് എന്നു കൂടി നമ്മൾ അറിയുമ്പോൾ , മൂടിവെക്കപ്പെടുന്ന വൈവിധ്യത്തിലേയ്ക്ക് ആണ് അത് വിരൽ ചൂണ്ടുന്നത് !

ഭാഷാപരമായ അടിച്ചേൽപ്പിക്കൽ ശ്രമങ്ങൾ സ്വതന്ത്ര ഇന്ത്യയിൽ നിരവധി പ്രക്ഷുബ്ധതകൾ സൃഷ്ടിച്ചുവെന്നത് ഓർക്കണം. എട്ടാം ഷെഡ്യൂൾ പ്രകാരം ഉള്ള ഔദ്യോഗിക ഭാഷകൾ ഈ പ്രശ്നത്തിന് ലഭ്യമായ ജനാധിപത്യപരമായ പരിഹാരസാധ്യതയായി നിലകൊള്ളുന്നു. ജനങ്ങളെ ബന്ധിപ്പിക്കുന്ന ഭാഷ ഉയർന്നുവരേണ്ടത് ബുൾഡോസർ ചെയ്യാതെ സ്വാഭാവികമായ ഇടപെടലിലൂടെയാണ് . എന്നാൽ അമിത് ഷായുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശകൾ രാജ്യത്തെ ഔദ്യോഗിക ഭാഷാസംബന്ധമായ വ്യവഹാരങ്ങളെ പിറകോട്ട് കൊണ്ടുപോകുമെന്ന ഭീഷണിയാണ്.ഉയർത്തുന്നത് .
അടിച്ചേൽപ്പിക്കുന്ന ഏകീകരണവും ധ്രുവീകരണവും.യുവാക്കളുടെ തൊഴിലില്ലായ്മയിൽ നട്ടംതിരിയുന്ന ഒരു രാജ്യത്തിൽ ഹിന്ദുത്വ നേതാക്കളുടെ ഗൂഢ തന്ത്രങ്ങളാണ് .ഏകീകൃതമായ ഒരു കാലാവസ്ഥയിൽ, ഭാഷകളും അതുപോലെ സാമൂഹികവും രാഷ്ട്രീയവുമായ ആവിഷ്‌കാരങ്ങൾ ഞെരുക്കപ്പെടുന്നു. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങൾക്കകത്തും പുറത്തും ഈ അജണ്ട തിരിച്ചറിയുകയും തുറന്നുകാട്ടുകയും വേണം. ഇന്ത്യൻ റിപ്പബ്ലിക്കിലെ പല ഭാഷകളിലും ജനാധിപത്യം ജനങ്ങളുടെ ശക്തിയായി മാറുകയും 'ഔദ്യോഗികം' എന്നതിൽ അത് പ്രതിഫലിപ്പിക്കുകയും വേണം.

Tuesday, 25 October 2022





 2022 ഒക്ടോബർ 14 മുതൽ 18 വരെ തീയതികളിൽ വിജയവാഡയിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ  [CPI ] യുടെ  24 -)മത് പാർട്ടി കോൺഗ്രസ്സിന്

സി പി ഐ (എം എൽ )ലിബറേഷൻ
കേന്ദ്ര കമ്മിറ്റിയുടെ പേരിൽ ആശംസകൾ  അർപ്പിച്ചുകൊണ്ട്  
ജനറൽ സെക്രട്ടറി സ :ദീപങ്കർ ഭട്ടാചാര്യ
നടത്തിയ അഭിസംബോധനയുടെ പൂർണ്ണ രൂപം.



പ്രസീഡിയം സഖാക്കളേ , വിശിഷ്‌ടാതിഥികളേ ,കമ്മ്യൂണിസ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ 24 -)0 പാർട്ടി കോൺഗ്രസ്സിൽ പ്രതിനിധികളും നിരീക്ഷകരുമായി ഇവിടെ ഒത്തുകൂടിയവരേ,
നിങ്ങൾക്കെല്ലാം എന്റെ വിപ്ലവാഭിവാദനങ്ങൾ . 

 ഉൽഘാടന സെഷനിൽ ആശംസകൾ അർപ്പിക്കുന്നതിനുവേണ്ടി എന്നെ ക്ഷണിച്ചതിന് സഖാവ് ഡി രാജയ്ക്ക് നന്ദി പറയുന്നു. നിങ്ങളുടെ പാർട്ടി കോൺഗ്രസ്സ് എല്ലാവിധത്തിലും ഒരു വിജയമാവട്ടെ എന്ന് സി പി ഐ എം എൽ കേന്ദ്ര കമ്മിറ്റിയുടെയും ഞങ്ങളുടെ പാർട്ടിയിലെ മുഴുവൻ അംഗങ്ങളുടേയും പേരിൽ ആശംസിക്കാൻ എനിക്ക് അതിയായ സന്തോഷമുണ്ട് .നിങ്ങളുടെ പാർട്ടിയിലെ സമുന്നതരായ പല നേതാക്കളുമായും മുൻപ്   ഇടപഴകാൻ ഉണ്ടായ അനേകം അവസരങ്ങൾ നല്ല ഓർമ്മകളായി  എന്നും സൂക്ഷിക്കാൻ  വ്യക്തിപരമായി ഞാൻ ആഗ്രഹിക്കുന്നു. സഖാക്കൾ ചന്ദ്ര രാജേശ്വര റാവു, ഇന്ദ്രജിത്‌  ഗുപ്ത ,എ ബി ബർദാൻ , ജഗന്നാഥ് സർക്കാർ
ചതുരാനൻ  മിശ്ര ,ഭോഗേന്ദ്ര ഝa എന്നിവർ അവരിൽപ്പെടുന്നു. സി പി ഐ യിലെ മൺമറഞ്ഞ  മഹാരഥർക്കും, അനശ്വരരായ രക്തസാക്ഷികൾക്കും എന്റെ  ആദരപൂർവ്വമായ അഭിവാദ്യങ്ങൾ .  അതുപോലെ, ചരിത്രപ്രധാനമായ തെലുങ്കാനാ സമരത്തിലും പിൽക്കാലത്ത് അതിന്റെ അലകൾ ആയി ശ്രീകാകുളത്തും അവിഭക്ത ആന്ധ്രാപ്രദേശിലെ മറ്റു ഭാഗങ്ങളിലും പ്രക്ഷോഭങ്ങൾ കൊടുമ്പിരിക്കൊണ്ട കാലത്തും പാർട്ടിക്ക് നേതൃത്വം നൽകിയ സഖാക്കൾക്കും  എന്റെ അഭിവാദ്യങ്ങൾ .

സഖാക്കളെ,

ആഗോള മുതലാളിത്തം ആഴത്തിലുള്ളതും നീണ്ടുനില്ക്കുന്നതുമായ സാമ്പത്തിക ക്കുഴപ്പത്തിലകപ്പെട്ടിരിക്കുകയും കോവിഡ് - 19 എന്ന ലോകവ്യാധിമൂലുണ്ടായ ദുരന്തത്തിൽ നിന്നും തകർച്ചയിൽ നിന്നും ഇനിയും മോചനം നേടാതിരിക്കുകയും ചെയ്യുമ്പോളും ഒരുവൻ യുദ്ധത്തിൻ്റെ ചുഴിയിലേക്ക് ലോകം വീണ്ടും വലിച്ചിഴക്കപ്പെട്ട ഒരു സന്ദർഭത്തിലാണ് നാം സമ്മേളിക്കുന്നത്. ഉക്രെയ്നിൻ്റെ സ്വാതന്ത്രൃം  ലെനിൻ്റെ തെറ്റായ ഒരു സമ്മാനമായതിനാൽ അത് തിരുത്തപ്പെടണമെന്ന് പറഞ്ഞ് റഷ്യ ഏകപക്ഷീയമായി ഉക്രെയ്നെ ആക്രമിച്ചിട്ട് ഏതാണ്ട് എട്ട് മാസമാവുന്നു.നീതിരഹിതമായ ഈ യുദ്ധം ഇപ്പോൾത്തന്നെ കനത്ത നഷ്ടങ്ങൾ ഉണ്ടാക്കിക്കഴിഞ്ഞു. ഉക്രെയ്നിൻ്റെ പരമാധികാരത്തെ മാനിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുന്ന വിധത്തിൽ എത്രയും വേഗം ഈ യുദ്ധം അവസാനിപ്പിക്കണം. യൂറോപ്പിൽ പ്രകടമായും വലതുപക്ഷത്തേക്കുള്ള ചായ് വിൻ്റെ അലോസരപ്പെടുത്തുന്ന അടയാളങ്ങൾ കാണുമ്പോഴും ലാറ്റിനമേരിക്കയിലെ ഇടതുപക്ഷത്തിൻ്റെ പുത്തൻ തിരിച്ചു വരവിൽ നിന്നും മർദ്ദകമായ മത ഭരണത്തിനെതിരെയുള്ള ബഹുജന പ്രസ്ഥാനമായി വളരുന്ന ഇറാനിലെ സ്ത്രീകളുടെ ശക്തമായ പ്രക്ഷോഭത്തിൽ നിന്നും നമുക്ക് ആവേശവും പ്രചോദനവും ലഭിക്കുന്നുണ്ട്.

ലോകസഭാ തിരഞ്ഞെടുപ്പിൽ മോദിയുടെ തുടർച്ചയായ രണ്ടാം വിജയം തൊട്ടിങ്ങോട്ട് എല്ലാ മേഖലകളിലും അതിവേഗം വ്യാപിക്കുന്ന ഫാഷിസ്റ്റ് അക്രമമാണ് നാം നേരിട്ടു കൊണ്ടിരിക്കുന്നത്. കോൺഗ്രസ്സ് മുക്ത ഭാരതം എന്ന 2014ലെ തിരഞ്ഞെടുപ്പു മുദ്രാവാക്യത്തിൽ നിന്ന് മുന്നോട്ട് പോയി ഇന്ത്യയെ പ്രതിപക്ഷ മുക്ത ജനാധിപത്യമാക്കാൻ ഭരണക്കാർ കിണഞ്ഞു ശ്രമിക്കുകയാണ്. പ്രതിപക്ഷ എംഎൽഎമാരെ കൂട്ടത്തോടെ വിലയ്ക്കു വാങ്ങുന്നു: പ്രതിപക്ഷ നേതൃത്വത്തിലുള്ള സർക്കാരുകളെ ഒന്നൊന്നായി തകിടം മറിക്കുന്നു :പ്രതിപക്ഷ കക്ഷികളെയും നേതാക്കളെയും കേന്ദ്ര ഏജൻസികളെ വിട്ട് വേട്ടയാടുന്നു. ആക്റ്റിവിസ്റ്റുകളെയും വ്യാജ വാർത്തകൾ തുറന്നു കാട്ടുന്ന മാദ്ധ്യമപ്രവർത്തകരെയും നീതി തേടുന്ന അഭിഭാഷകരെയും ഓടിച്ച് പിടിച്ച് ജയിലിലടയ്ക്കുകയാണ്. മുസ്ലീങ്ങളെ രാവും പകലും രാക്ഷസരായി ചിത്രീകരിക്കുകയും പരസ്യമായി വംശഹത്യയ്ക്കുള്ള ആഹ്വാനങ്ങൾ കൂടുതൽ ഉച്ചത്തിലും ഇടക്കിടെയും മുഴക്കുകയും ചെയ്യുന്നു. ദളിത് കൾ വർദ്ധിച്ചതോതിലുള്ള അക്രമങ്ങളും ഒഴിവാക്കലുകളും നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അശോകവിജയദശമി ദിവസം ബുദ്ധമതത്തിലേക്ക് കൂട്ട മതം മാറ്റം സംഘടിപ്പിച്ചതിന് ഡൽഹി എ എ പി നേതാവ് രാജേന്ദ്രപാൽ ഗൗതമിനെ പീഡിപ്പിച്ച സംഭവം.

ഇന്ത്യയിൽ അതിജീവിക്കുന്ന ഒറ്റ പാർട്ടി ബി.ജെ.പി മാത്രമാണെന്ന് ജെ.പി.നദ്ദ വീമ്പ് പറയുമ്പോൾ, ഇനി ബി.ജെ.പി അമ്പതു കൊല്ലം ഇവിടെ ഭരിക്കുമെന്ന് അമിത് ഷാ പറയുമ്പോൾ, ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് മോഹൻ ഭഗവത് ശഠിക്കുമ്പോൾ, സിവിൽ സമൂഹം പുതിയ യുദ്ധരംഗമാണെന്ന് അജിത് ഡോവൽ മുദ്ര കുത്തുമ്പോൾ അവർ അവരുടെ സ്വപ്നങ്ങളിലെ ഇന്ത്യയുടെ ചിത്രമാണ് നമുക്കായി നൽകുന്നത്. വർഗ്ഗീയ ഫാഷിസ്റ്റ് ഇന്ത്യയെക്കുറിച്ചുള്ള ഈ സ്വപ്നം Mമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനം തിരസ്കരിച്ചതാണ്. അത് ഒരു ഭരണഘടന നിർമ്മിക്കുകയും ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കായിരിക്കണമെന്ന ഇഷ്ടം പ്രകടിപ്പിക്കുകയും ചെയ്തതാണ്. ഭരണകൂട അധികാരത്തിൻ്റെ സമുന്നത സ്ഥാനത്തിരുന്നു കൊണ്ട് ഇന്ന് സംഘ - ബി ജെ പി കൂട്ടുകെട്ട് രാപ്പകൽ പണിയെടുക്കുന്നത് ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്ക് എന്ന ഭരണഘടനയിലെ ദർശനത്തെ കടപുഴക്കവാറും ഒരു വർഗ്ഗീയ ഫാഷിസ്റ്റ് ചട്ടക്കൂടിനകത്ത് ഇന്ത്യയെ തടവിലിടാനും ആണ്.

1925ൽ അതിൻ്റെ ആരംഭം തൊട്ട് ഇത് വരെയും ആർ എസ് എസ്സ് ഈ ഉദ്ദേശത്തെ താലോലിച്ചു വരുന്നുണ്ട്.         ഈ ഗൂഢോദ്ദേശം രാജ്യത്തിന് മേൽ അടിച്ചേല്പിക്കാൻ ഇന്നതിന് കഴിയുന്നത് മോദി സർക്കാരിലൂടെ അതിന് ലഭിച്ച അധികാരവും ഭരണകൂട അധികാരത്തെ ജാഗ്രതാ സംഘങ്ങളിലൂടെ തെരുവിൽ പ്രയോഗിക്കുന്ന അധികാരവുമായി സംയോജിപ്പിക്കാൻ അതിനുള്ള കഴിവും മൂലമാണ്. മോദി സർക്കാരിൻ്റെ കൈകളിൽ വർദ്ധിച്ചതോതിൽ നടക്കുന്ന അധികാര കേന്ദ്രീകരണം ഇന്ത്യയുടെ ഫെഡറൽ ചട്ടക്കൂടിനെയും ജനാധിപത്യ സ്ഥാപനങ്ങളെയും ദുർബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു; സംഘപരിവാറിൻ്റെ ജാഗ്രതാസ്ക്വാഡുകൾക്ക് കൂടുതൽ നിർഭയമായി ഭരണത്തിൻ്റെ രക്ഷാധികാരിത്വത്തിൻ കീഴിൽ പ്രവർത്തിക്കാൻ കഴിയുന്നു.ഇന്ത്യയുടെ അതിസമ്പന്നരായ കോടീശ്വരന്മാരുടെ കയ്യിൽ അഭൂതപൂർവമായ തോതിൽ നടക്കുന്ന സമ്പത്തിൻ്റെ കേന്ദ്രീകരണമാണ് അധികാരത്തിൻ്റെ മറ്റൊരുറവിടം. അതി സമ്പന്നർക്ക് വേണ്ടി അതിസമ്പന്നരാൽ നടപ്പിലാക്കപ്പെടുന്ന അതിസമ്പന്നരുടെ ഒരു ഏർപ്പാടായി വലിയ തോതിൽ സർക്കാർ ചുരുക്കപ്പെടുകയാണ്.

ഈ സാമൂഹിക, രാഷ്ട്രീയ സാമ്പത്തിക ദുരന്തത്തിൻ്റെ കെടുതികളിൽ നിന്ന് ഇന്ത്യയെ നമുക്ക് രക്ഷപ്പെടുത്തണം. ഭഗത് സിങ്ങ്, അംബദ്കർ, ഫൂലെ, പെരിയാർ തുടങ്ങിയവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ശക്തവും ആഴത്തിലുള്ളതുമായ ജനാധിപത്യ അടിത്തറകൾക്ക് മേൽ ഇന്ത്യയെ നമുക്ക് പുതുക്കിപ്പണിയണം. ഹിന്ദുത്വ ശക്തികളുടെയും ഇന്ത്യയിലെ കമ്യൂണിസ്റ്റ്കാരുടെയും യാത്ര ആരംഭിച്ചത് 1920 കളിൽ ഏതാണ്ട് ഒരേ സമയത്താണെന്ന കാര്യം ഓർക്കാതിരിക്കാൻ വയ്യ. ഇന്ന് ആറെസ്സെസ്സിന് അതിൻ്റെ ഗൂഢലക്ഷ്യം രാജ്യത്തിനു മേൽ അടിച്ചേല്പിക്കാനുള്ള ശക്തി കൈവന്നിട്ടുണ്ടെങ്കിൽ, ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരായ നമുക്ക് ഇതിനെ പരാജയപ്പെടുത്താനും സ്വാതന്ത്ര്യം, സമത്വം സാഹോദര്യം, സാമാന്യ നീതി എന്നീ ഭരണഘടനാ വാഗ്ദാനങ്ങളെ നിറവേറ്റാനുമുള്ള ഉത്തരവാദിത്വം ഉറപ്പായും ഉണ്ട്. സ്വാതന്ത്ര്യ സമരത്തിൻ്റെ രണ്ടാംഘട്ടവുമായി ബന്ധപ്പെട്ട നീണ്ടു നില്ക്കുന്ന ഒരു യുദ്ധമായിരിക്കും അത് എന്ന് നമ്മൾ മനസ്സിലാക്കുന്നു. നമ്മൾ കമ്യൂണിസ്റ്റുകാർ ഇതിനായി നമ്മുടെ എല്ലാ സംഘടിതശക്തിയും സംയോജിപ്പിക്കുകയും നമ്മുടെ ഊർജം മുഴുവൻ സജ്ജീകരിക്കുകയും അവസരത്തിനൊത്തുയരാൻ നമ്മുടെ ധൈര്യമെല്ലാം ആവാഹിക്കുകയും വേണ്ടതുണ്ട്‌.

സ്വാതന്ത്ര്യ പ്രസ്ഥാന കാലത്തും ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര മുന്നേറ്റത്തിലും ആറെസ്സെസ്സ് ഒട്ടും പ്രാധാന്യമില്ലാതെ ഓരങ്ങളിൽ കഴിഞ്ഞതാണ്. നമ്മൾ  കമ്യൂണിസ്റ്റുകാർ വീണ്ടും അവരെ ഓരങ്ങളിലേക്ക് തള്ളിമാറ്റണം.ഇന്ത്യയിലെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൻ്റെ വിപ്ലവാത്മകമായ പൈതൃകത്തിൻ്റെ വർണ്ണരാജി ആകമാനം നമ്മുടെ പ്രചോദനത്തിൻ്റെ പ്രഭവസ്ഥാനമാവണം- സാമ്രാജ്യത്വ വിരുദ്ധ ഫ്യൂഡൽ വിരുദ്ധ സമരങ്ങൾ തൊട്ട് ജാതി വിരുദ്ധമുന്നേറ്റത്തിൻ്റെയും യുക്തിവാദവും ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും വിപ്ലവാത്മകമായ സാമൂഹ്യ മാറ്റങ്ങൾക്കായുള്ള


ശക്തമായ പോരാട്ടങ്ങളും സ്വാതന്ത്ര്യാനന്തര കാലത്ത് ജനാധിപത്യത്തെ സംരക്ഷിച്ചതും വരെയുള്ള പലതും ഇക്കൂട്ടത്തിൽ വരും. ജനതയെ അവരുടെ ദൈനംദിന പോരാട്ടങ്ങളിൽ എത്ര മാത്രം വിപുലമായി സംഘടിപ്പിക്കാമോ അത്രയുംനമ്മുടെ കഴിവിൻ്റെ പരമാവധി ഉപയോഗിച്ച് ഐക്യപ്പെടുത്തണം. വർദ്ധിച്ചു വരുന്ന  കോർപ്പറേറ്റ് കൊള്ളയ്ക്കും പൊതുമുതലുകളും സേവനങ്ങളും സ്വകാര്യവത്കരിക്കുന്നതിനുമെതിരെ ശക്തമായ ജനകീയ പ്രതിരോധം പടുത്തുയർത്തണം. ഇത്തരം സംഘടിത സമരങ്ങളുടെ ശക്തി സമാഹരിച്ച് കൊണ്ട് വൈവിധ്യമാർന്ന പ്രതിപക്ഷ ശക്തികളുടെ കാര്യനിർവഹണ ക്ഷമവും ഫലപ്രദവുമായ ഒരു വിശാല ഐക്യം ഉണ്ടാക്കിയെടുക്കണം. അതുവഴി സുനിശ്ചിതമായ പ്രതിരോധത്തിലൂടെ ഫാഷിസ്റ്റുകളെ ഒറ്റപ്പെടുത്താനും . പരാജയപ്പെടുത്താനും കഴിയണം. ഈ ലക്ഷ്യത്തിന്നായി സി പി ഐ സമ്മേളനത്തിന് എല്ലാ വിജയവും ഒരിക്കൽക്കൂടി ആശംസിക്കുന്നു. ഇന്ന് നാം നേരിടുന്ന അഭൂതപൂർവമായ വെല്ലുവിളികളെ മറികടക്കാൻ പൂർണ്ണ സഹകരണം CPI(ML)ന് വേണ്ടി വാഗ്ദാനം ചെയ്യുന്നു.

സമരശക്തികളുടെ ഐക്യം നീണാൾ വാഴട്ടെ. ജനാധിപത്യത്തെ സംരക്ഷിക്കാനും ഫാഷിസത്തെ പരാജയപ്പെടുത്താനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വീണ്ടെടുക്കാം. 

Friday, 21 October 2022

 വെറുപ്പിന്റെ രാഷ്ട്രീയത്തെ തള്ളുക !

ഭീതിയെ ചെറുക്കുക !

സ്വാതന്ത്ര്യത്തിനുമേൽ അവകാശം സ്ഥാപിക്കുക !

[എം എൽ അപ്ഡേറ്റ് എഡിറ്റോറിയൽ

18 -24 ഒക്ടോബർ ]  

ഗ്ലോബൽ ഹംഗർ  ഇൻഡെക്സ് (GHI ) എന്നറിയപ്പെടുന്ന വിശപ്പിന്റെ സൂചകത്തിൽ ഇന്ത്യ തുടർച്ചയായി താഴോട്ട് വീണുകൊണ്ടിരിക്കുന്നു. 2020 ൽ 107 രാജ്യങ്ങളുടെ പട്ടികയിൽ 94 -)മത്  സ്ഥാനമായിരുന്നു ഇന്ത്യക്ക് എങ്കിൽ 2021 ൽ അത് 116 രാജ്യങ്ങളിൽ 101 -)മത് എന്നായി. 2022 ലെ ഗ്ലോബൽ ഹംഗർ ഇൻഡെക്സ് പട്ടികയിൽ 121 രാജ്യങ്ങൾ ഉള്ളതിൽ ഇന്ത്യയുടെ സ്ഥാനം 107-)മത് ആണ്. യുദ്ധത്തിൽ തകർന്നുപോയ അഫ്ഗാനിസ്ഥാൻ ഒഴികെയുള്ള  ഇന്ത്യയുടെ അയൽരാജ്യങ്ങളെല്ലാം GHI യിൽ ബഹുദൂരം മുൻപിൽ ആണ്. ജനസംഖ്യയിൽ ഏതാണ്ട് ഇന്ത്യക്ക് ഒപ്പം അൽപ്പമാത്രം  മുന്നിൽ നിൽക്കുന്ന അയൽ രാജ്യമാണ് ചൈന. എന്നാൽ GHI യിൽ   ചൈനയുടെ പദവി ഏറ്റവും മുന്നിലുള്ള 1 മുതൽ 17  രാജ്യങ്ങളുടെ കൂട്ടത്തിലാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ, ചൈന വിശപ്പിന്റെ പ്രശ്നത്തെ ഏകദേശം  തരണം ചെയ്തുകഴിഞ്ഞപ്പോൾ ഇന്ത്യയിൽ അത് അതീവ ഗുരുതരമായ അവസ്ഥയിൽ കൂടുതൽ മോശമായിക്കൊണ്ടിരിക്കുകയാണ്. മൊത്തം ജനസംഖ്യയുടെ അനുപാതത്തിൽ നോക്കുമ്പോൾ,  പോഷകാഹാരക്കുറവ് നിമിത്തം ആവശ്യത്തിന് ശരീരഭാരം ഇല്ലാതെ വളരുന്ന അഞ്ചുവയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾ ലോകത്തിൽ ത്തന്നെ ഏറ്റവുമധികം ഉള്ളത് ഇന്ത്യയിലാണ്.

മോദി  സർക്കാർ വിശപ്പിനെ നേരിടുന്നത് ആ വിഷയത്തെ പൊതുവ്യവഹാരങ്ങളിൽനിന്ന്  മറച്ചുപിടിച്ചും , ഗ്ലോബൽ ഹംഗർ ഇൻഡെക്സ് എന്നത്  പാശ്ചാത്യരുടെ ഒരു  നുണമാത്രമാണെന്ന് പ്രചരിപ്പിച്ചുകൊണ്ടും ആണ്. ഒരു  ദശാബ്ദം മുൻപ് രൂപയുടെ മൂല്യശോഷണത്തേക്കുറിച്ചും അവശ്യ സാധനങ്ങളുടെ കുതിച്ചുകേറുന്ന വിലയെക്കുറിച്ചും വലിയതോതിൽ ഒച്ചവെച്ചവരാണ് സംഘപരിവാറും വൻകിട മാധ്യമങ്ങളും . എന്നാൽ, ഇപ്പോൾ പെട്രോളിനും പാചക ഇന്ധനത്തിനും  നിത്യോപഭോഗ വസ്തുക്കൾക്കുമെല്ലാം വിളകൾ കുതിച്ചുയരുകയും ഡോളറിനെതിരെ രൂപയുടെ മൂല്യം ഓരോ ദിവസവും ഇടിയുകയും ചെയ്യുന്ന സ്ഥിതിയാണ്. ഈ സ്ഥിതി തുടർന്നാൽ ഡോളറിനു നൂറു രൂപ തികയുന്ന അവസ്ഥപോലും വിദൂരമല്ലാതാകും.പത്തു വർഷങ്ങൾ മുൻപ് രൂപയുടെ മൂല്യം കുറഞ്ഞുവരുന്ന അവസ്ഥ ചൂണ്ടിക്കാട്ടി അത് ഒരു ദുർബ്ബലമായ സർക്കാരിന്റെ ലക്ഷണമാണ് ,ധനകാര്യ രംഗത്തെ കെടുകാര്യസ്ഥതയുടെ ഫലമാണ് എന്നൊക്കെ പറഞ്ഞു നടന്ന വ്യക്തിയാണ് ഇപ്പോൾ പ്രധാനമന്ത്രിപദത്തിൽ ഇരിക്കുന്നത്. എന്നാൽ ഇപ്പോൾ രൂപയുടെ മൂല്യം കൂപ്പുകുത്തുന്നതിനേക്കുറിച്ചു അദ്ദേഹം തികഞ്ഞ നിശ്ശബ്ദത പാലിക്കുകയാണ്. എന്നാൽ, രൂപയുടെ മൂല്യം കുറയുന്നതല്ല ,യഥാർത്ഥ പ്രശ്നം ഡോളറിന് കരുത്ത് കൂടുന്നതാണ് എന്ന് മോദിയുടെ ധനകാര്യ മന്ത്രി പറയുന്നു! 
കടുത്ത വിശപ്പിന്റെയും, രൂപയുടെ മൂല്യശോഷണത്തിന്റെയും ,അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന തൊഴിലുകളുടെയും പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനു പകരം മോദി ചെയ്യുന്നത് "ബിസിനസ്സ് എളുപ്പമാക്കേണ്ടതിന്റെ"  പ്രാധാന്യം തന്റെ ശ്രോതാക്കളെ  ഉദ്ബോധിപ്പിക്കലാണ്. 2021 സെപ്റ്റംബറിന് ശേഷം ലോക ബാങ്ക് തന്നെ ഒഴിവാക്കിയ ഒരു സൂചകം ആണ് "ബിസിനസ്സ് എളുപ്പമാക്കൽ". പ്രസ്തുത സൂചകം ഉണ്ടാക്കുന്നതിന് അടിസ്ഥാനമായ സ്ഥിതിവിവരക്കണക്കുകളിൽ കാര്യമായ കൃത്രിമങ്ങൾ ഒരു സ്വതന്ത്ര  ഓഡിറ്റിംഗ് ഏജൻസി കണ്ടെത്തിയതിനു പിന്നാലെയാണ് ലോക ബാങ്ക് ആ സൂചകം ഉപേക്ഷിച്ചത്. 
നുണകൾ പ്രചരിപ്പിച്ചും വിദ്വേഷം കൊയ്തെടുത്തും മാത്രമേ തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ സാധിക്കൂ എന്ന് നല്ലപോലെ മനസ്സിലാക്കിയവരാണ് സംഘ പരിവാർ. ഹിമാചൽ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ നമ്മൾ കാണുന്നത് വിദ്വേഷ പ്രചാരണങ്ങൾക്ക് പുതുതായി  നൽകപ്പെട്ട ഊന്നൽ ആണ്. കർണ്ണാടകത്തിലെ ലബോറട്ടറിയിൽനിന്നും ആവിർഭവിച്ച ഹിജാബ് നിരോധനം എന്ന ആശയത്തെ ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ ബി ജെ പി പ്രചാരണ ആയുധമാക്കി. ഇപ്പോൾ ഹിജാബ് നിരോധനം സംബന്ധിച്ച കേസുകൾ സുപ്രീം കോടതിയിൽ സജീവമായി നിലനിൽക്കവേ, ഡെൽഹിയിലും തലസ്ഥാനത്തിന്റെ സമീപസ്ഥ  സംസ്ഥാനത്തും  സംഘപരിവാർ നേതാക്കൾ വിദ്വേഷ പ്രചാരണത്തിൽ ആമഗ്നരാണ്. മുസ്ലീങ്ങളെ സാമുദായികമായി ബഹിഷ്കരിക്കാൻ മുതൽ കൂട്ടക്കൊലകൾക്കുള്ള തുറന്ന ആഹ്വാനങ്ങൾ വരെ അവരുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഗുജറാത്തിലാണെങ്കിൽ , ഇന്ത്യയുടെ 75-)0 സ്വാതന്ത്ര്യദിനത്തിൽ ആരംഭിച്ച വർഗ്ഗീയ ധ്രുവീകരണത്തിന്നുള്ള പുതിയ നീക്കങ്ങൾ  നവരാത്രി ദിനാഘോഷത്തിലും അതിന്റെ അനുബന്ധമായ ഗാർബാ ആഘോഷങ്ങളിലും തുടരുന്നത് കണ്ടു. മുസ്ലീങ്ങളെ ആക്രമണലക്ഷ്യമാക്കുന്ന സാമുദായിക ബഹിഷ്കരണം, പരസ്യമായ ശല്യപ്പെടുത്തൽ എന്നിവ മുതൽ ചാട്ടവാർ പ്രയോഗങ്ങൾ വരെ അതിന്റെ ഭാഗമായി ഉണ്ടായി. ബിൽക്കീസ് ബെനോ ബലാൽസംഗ- കൂട്ടക്കൊല കേസിലെ 11 കുറ്റവാളികളെ അവരുടെ ജെയിൽ ശിക്ഷാ കാലം പൂർത്തിയാവും മുൻപ് ആഗസ്ത് 15 ന് ഇളവ് പ്രഖ്യാപിച്ചു വിട്ടയക്കാനുള്ള തീരുമാനം എടുത്തത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആയിരുന്നുവെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു. കുറ്റവാളികൾക്ക്  ശിക്ഷാകാലത്തിൽ ഇളവ് അനുവദിക്കുന്നത് സംബന്ധമായി  ആഭ്യന്തര വകുപ്പ് മുൻപ് പുറത്തിറക്കിയ മാനദണ്ഡങ്ങൾ പ്രകാരം ബലാൽസംഗം, കൊലപാതകം എന്നീ ഗുരുതരമായ കുറ്റങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്ന തടവുകാർ ശിക്ഷാകാലത്തിൽ ഇളവിന് അർഹരല്ല. എന്നാൽ, സി ബി ഐ യും ഒരു സ്‌പെഷൽ ജഡ്ജിയും കേന്ദ്ര സർക്കാരിന് നൽകിയിരുന്ന ഉപദേശം പോലും അവഗണിച്ചാണ് ബിൽക്കീസ് ബാനോ കേസിലെ 11 ജെയിൽപ്പുള്ളികൾക്ക്  സ്വാതന്ത്ര്യദിനത്തിൽ ഇളവ് കൊടുത്തത്.  
വർഗീയ ധ്രുവീകരണവും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്ന പ്രചാരണങ്ങളുടെ ആഘാതം പരമാവധി കൂട്ടുന്നതിന് തുണയേകുംവി ധത്തിൽ സാങ്കൽപ്പിക ശത്രുക്കളെ കണ്ടെത്തലും പകവീട്ടലും ഇന്ന് ഭരണകൂടത്തിന്റെ ഔദ്യോഗികനയം ആയിരിക്കുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നടത്തിയ ഒരു പ്രസ്താവന പ്രകാരം സിവിൽ സ മൂഹം ആകെത്തന്നെ യുദ്ധ മുന്നണിയുടെ പുതിയ അതിർത്തിമേഖല പോലെ പരിഗണിക്കപ്പെടും. പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിംഗ് ഈ സിദ്ധാന്തത്തെ ഒരു പടികൂടി മുന്നോട്ട് കൊണ്ടുപോയി : മാധ്യമങ്ങളോ, സോഷ്യൽ മീഡിയയോ, ജുഡീഷ്യറിയോ, സർക്കാരിതര സന്നദ്ധ സംഘടനകളോ ,രാഷ്ട്രീയ പാർട്ടികളോ ഏതും ആകട്ടെ, ഏത് സ്ഥാപനമായാലും സ്വതന്ത്രമാണെന്ന അവകാശവാദം ഉന്നയിക്കുന്നത് രാജ്യത്തിൻറെ ഐക്യത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയാണ്. 

എന്തിനെയും സംശയദൃഷ്ടിയിൽ നോക്കുന്ന മനോരോഗം പോലെയുള്ള ഈ അവസ്ഥയിൽ എത്തുന്ന ഒരു ഭരണനിർവഹണ വിഭാഗം, അതുമായി വിയോജിപ്പ് പ്രകടിപ്പിക്കുന്ന ആർക്കെതിരെയും യഥേഷ്ടം ഡ്രക്കോണിയൻ  നിയമങ്ങൾ ഉപയോഗിച്ചും ഗൂഢാലോചനക്കേസ്സുകൾ കെട്ടിച്ചമച്ചും പൗരന്മാരെ വര്ഷങ്ങളോളം തടവിൽ പാർപ്പിക്കുന്നു. 90 ശതമാനം ശാരീരിക ശേഷിക്കുറവ് മൂലം വീൽ ചെയറിൽ കഴിയുന്ന ഒരു പ്രൊഫെസ്സർക്കെതിരേ കെട്ടിച്ചമയ്ക്കപ്പെട്ട  കേസ്സിൽ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിട്ടും ആ വിടുതൽ സുപ്രീം കോടതി അംഗീകരിക്കാൻ കൂട്ടാക്കിയില്ല. ഭീകരപ്രവർത്തനവും മാവോയിസവും ആരോപിതരാവുന്ന  ഏത്  പ്രതിയെ സംബന്ധിച്ചും തലച്ചോർ ആണ് ഏറ്റവും പ്രധാനപ്പെട്ട അവയവം എന്നുപറഞ്ഞുകൊണ്ടാണ് ബാക്കി കാര്യങ്ങൾ അപ്രസക്തമെന്നു സുപ്രീം കോടതി തള്ളിയത്. അതേ  സമയം, വിദ്വേഷ പ്രചാരണം മുഴുവൻ സമയതൊഴിലാക്കിയവർ  ഒരു കൂസലുമില്ലാതെ  സ്വതന്ത്രരും നിർ ഭയരുമായി വിഹരിക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത് എന്നോർക്കുക. ഉമർ ഖാലിദിനെപ്പോലെയുള്ള ആക്ടിവിസ്റ്റുകൾക്ക് അവരുടെ ജാമ്യാപേക്ഷകളിൽ തങ്ങൾ വിദ്വേഷത്തിനെതിരെ എന്തെല്ലാമാണ്, എങ്ങിനെയെല്ലാമാണ് പ്രവർത്തിച്ചുവരുന്നത് എന്ന് കോടതിയെ ബോധ്യപ്പെടുത്താൻ കിണഞ്ഞു പരിശ്രമിക്കേണ്ടിവന്നു. എന്നിട്ടും ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ പറയുന്ന കാര്യങ്ങൾ "കാമ്പില്ലാത്തവ"എന്നാണ് കോടതി നിരീക്ഷിച്ചത് .

ഇങ്ങനെ വിദ്വേഷവും ,നുണകളും,ഭയവും കൊണ്ട് കലുഷിതമായ ഒരാന്തരീക്ഷത്തിൽ സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പുകൾ നടക്കുമെന്ന് പ്രതീക്ഷിക്കാൻ നമുക്ക് കഴിയുമോ ?തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇപ്പോഴത്തെ പ്രവർത്തനം നമുക്ക് അത്തരമൊരു പ്രതീക്ഷ നൽകുന്നില്ല എന്ന് മാത്രമല്ല, സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പിനെപ്പറ്റി നാം ഇനിമേൽ ചിന്തിക്കാനേ പാടില്ല എന്ന നിലപാടിൽ ആണോ  ആ സ്ഥാപനമെന്നുപോലും തോന്നും. 

വോട്ടർ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി അണിയറയിൽ ചിട്ടയോടെ നടക്കുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നമ്മോടു പറയുന്നത് മറ്റൊന്നാണ്. ആധാർ കാർഡുമായി ബന്ധിപ്പിക്കാത്തതിന്റെ പേരിൽ ഒരു കാരണവശാലും വോട്ടവകാശം നിഷേധിക്കില്ലെന്നും,വോട്ടർമാരുടെ സമ്മതത്തോടുകൂടി മാത്രം നടക്കുന്ന ഒരു കാര്യമാണ് വോട്ടർ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കാൻ എന്നും ആണ് ആ സ്ഥാപനം പറയുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ഒരുവശത്ത് ബി ജെ പി പുതിയ പദ്ധതികൾ പ്രഖ്യാപിക്കുകയും , ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നികുതി നിരക്കുകൾ വെട്ടിക്കുറക്കുകയും ചെയ്യുമ്പോൾ മറുവശത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊണ്ട് ബഹുകക്ഷി ജനാധിപത്യ സമ്പ്രദായത്തിൽ പ്രവർത്തിക്കാൻ പാർട്ടികൾക്കുള്ള  രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് സെന്സര്ഷിപ്പും നിയന്ത്രണവും കൊണ്ടുവരാൻ ശ്രമിക്കുകയാണ്. രാഷ്ട്രീയപ്പാർട്ടികൾ പ്രകടനപത്രികകളിലൂടെ മുന്നോട്ടു വെക്കുന്ന വാഗ്‌ദാനങ്ങൾ സാമ്പത്തിക യുക്തിക്ക് നിരക്കുന്നതാണോ എന്ന് പരിശോധിച്ചുമാത്രം അവയ്ക്കു അംഗീകാരം നൽകാനുള്ള അധികാരം കൈക്കലാക്കാൻ  തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് ശ്രമിക്കുന്നത് ആദ്യമായിട്ടാണ്. 

തെരഞ്ഞെടുപ്പ് കമ്മീഷൻ ഗുജറാത്തിൽ മറ്റൊരു കാര്യം കൂടി ചെയ്യാൻ ഒരുമ്പെട്ടിരിക്കുകയാണ്. സ്വകാര്യ കമ്പനികളും വ്യവസായ  സ്ഥാപനങ്ങളുമായി അതാത് സ്ഥാപനത്തിലെ തൊഴിലാളികളുടെ ഉത്തമമായ പങ്കാളിത്തത്തിന് പ്രേരിപ്പിക്കാനും വോട്ടുചെയ്യാൻ കൂട്ടാക്കാത്തവരെ ചൂണ്ടിക്കാണിച്ച്  നാണം കെടുത്തുന്നതുൾപ്പെടെയുള്ള പരിപാടിക്കു വേണ്ടിയും  ധാരണാപത്രങ്ങൾ ഒപ്പിടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയിരിക്കുന്നു! തെരഞ്ഞെടുപ്പുകൾ ഭയവിമുക്തമായും പക്ഷപാതരഹിതമായും സ്വതന്ത്രവും നീതിപൂർവ്വകമായും നടത്താൻ ബാധ്യസ്ഥമായ ഒരു സ്ഥാപനം രൂപപരിണാമത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്. വോട്ടർ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കലും ,വോട്ടർമാരെ നിരീക്ഷണ സംവിധാനത്തിൽ കൊണ്ടുവരലും ,ഭീഷണിപ്പെടുത്തലും  ഉൾപ്പെടെയുള്ള കോർപ്പറേറ്റ് സജ്ജീകരണങ്ങളിലൂടെ തെരഞ്ഞെടുപ്പിലെ ജനപങ്കാളിത്തത്തെ മൊത്തത്തിൽ നിയന്ത്രിക്കുന്ന ഒരു സ്ഥിതിയാണ് ഇതിലൂടെ സംജാതമാവുന്നതു. "പങ്കാളിത്തം" നോക്കിനടത്തിപ്പിന് വിധേയപ്പെടുത്തുക എന്ന ആശയം വോട്ടർമാരുടെ ഇംഗിതങ്ങളെയും  തെരഞ്ഞെടുപ്പുകളുടെ അന്തിമഫലത്തെയും നിക്ഷിപ്ത താല്പര്യക്കാരുടെ ചൊല്പടിയിൽ ആക്കുന്നതിലേക്കു മാറാൻ അടുത്ത ഒരു ചുവടുകൂടിയേ വേണ്ടൂ. 

ഇങ്ങനെയെല്ലാം പാർലമെന്ററി ജനാധിപത്യത്തെ വെറും നോക്കുകുത്തിയാക്കുന്ന ഭീഷണിയുമായി ഭരണകൂടം നിൽക്കുമ്പോൾ അങ്ങേയറ്റം ജാഗ്രത പാലിക്കേണ്ടതും ,തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ ഫാസിസ്റ്റ് ശക്തികൾ അവരുടെ വരുതിയിലാക്കുന്നതിനെ ചെറുത്ത് തോൽപ്പിക്കേണ്ടതും പൗരന്മാരുടെ ഉത്തരവാദിത്തമാണ്. ജനങ്ങൾ അവരുടെ  ദൈനം ദിന ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളും അവകാശങ്ങൾക്കായി നടത്തുന്ന പോരാട്ടങ്ങളും സമരങ്ങളുമായി ബന്ധപ്പെട്ട്  തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അന്തസ്സത്തയെ തിരിച്ചുപിടിക്കേണ്ടത് നമ്മുടെ കടമയാണ്.