ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിൻ്റെ 75-ാം വാർഷികത്തിലെ പ്രതിജ്ഞ:
ബുൾഡോസറുകളെ പിന്നിലേക്ക് തള്ളിമാറ്റുക
[സി പി ഐ (എം എൽ) കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരിച്ച പ്രസ്സ് റിലീസ്] .
'ബുൾഡോസർ രാജ്' എന്ന മാതൃക 'നീതി'യുടെയും 'ശക്തമായ ഭരണത്തിൻ്റെയും' അടയാളമായി ബി.ജെ.പി പ്രചരിപ്പിക്കുമ്പോഴും, സുപ്രീം കോടതിയുടെ രണ്ട് സമീപകാല വിധിന്യായങ്ങൾ ഭരണകൂടത്തിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന നിയമലംഘനത്തിന് മേൽ കനത്ത പ്രഹരമേൽപ്പിക്കുന്നവയാണ്. 2019ൽ മഹാരാജ്ഗഞ്ച് ജില്ലയിൽ മാദ്ധ്യമപ്രവർത്തകൻ മനോജ് തിബ്രേവാൾ ആകാശിൻ്റെ വീട് അനധികൃതമായി തകർത്തതിന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് നവംബർ 6ന് യുപി സർക്കാരിന് മേൽ 25 ലക്ഷം രൂപ പിഴ ചുമത്തി. കേവലം 3.7 ചതുരശ്ര മീറ്റർ കൈയേറ്റത്തിൻ്റെ പേരിൽ യുപി സർക്കാർ എടുത്ത നടപടി തികച്ചും അനുപാതരഹിതമെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കൂടാതെ , നിയമാനുസൃതമായ നടപടിക്രമത്തിന്റെ സമ്പൂർണ്ണമായ ലംഘനമാണ് ബുൾഡോസർ ഉപയോഗിച്ചുള്ള വീട് പൊളിക്കൽ എന്ന് കോടതി കണ്ടെത്തി. കൃത്യം ഒരാഴ്‌ചയ്‌ക്ക് ശേഷം, 'ബുൾഡോസർ നീതി' എന്ന ബി.ജെ.പി യുക്തിക്കെതിരെ കൂടുതൽ സമഗ്രമായ കുറ്റപത്രം മറ്റൊരു കേസ്സിലെ സുപ്രീം കോടതിവിധിയിലൂടെ വന്നു. ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച്, വർദ്ധിച്ചുവരുന്ന പൊളിക്കലുകളെ ദുരുദ്ദേശ്യപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് വിശേഷിപ്പിച്ച് വിപുലമായ ഒരു കുറ്റപ്പെടുത്തൽ നടത്തി. ഏതെങ്കിലും പൊളിക്കലിൻ്റെ നിയമസാധുത സ്ഥാപിക്കുന്നതിന് ഭരണകൂടത്തെ ബാദ്ധ്യതപ്പെടുത്തുന്ന കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾകൂടിയു ൾക്കൊള്ളുന്നതായിരുന്നു പ്രസ്തുത ബെഞ്ചിന്റെ വിധി.
ആൾക്കൂട്ടക്കൊലപാതകങ്ങൾക്കും സർക്കാർ സ്‌പോൺസർ ചെയ്‌ത സ്വകാര്യവൽക്കരിച്ച അക്രമത്തിൻ്റെ മറ്റ് രീതികൾക്കുമൊപ്പം, ബുൾഡോസറിൻ്റെയും ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെയും ആയുധവൽക്കരണത്തിന്റെ നിയമബാഹ്യ സ്വഭാവവും മോദി-ഷാ-യോഗി കാലഘട്ടത്തിലെ ഫാസിസ്റ്റ് ഭീകരതയുടെയും ആക്രമണത്തിൻ്റെയും ഏറ്റവും നിർണായക അടയാളമായി ഉയർന്നുവന്നിട്ടുണ്ട്. ഈ ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ പ്രധാന പരീക്ഷണശാലയായ മാറിയ യു പിയിൽ അടക്കം നടപ്പാക്കുന്ന 'ബുൾഡോസർ മോഡലിൻ്റെ' ശരിയായ അർത്ഥമാണ് ഇപ്പോൾ സുപ്രീം കോടതി വിധികൾ തുറന്നുകാട്ടിയത്. ഒരു കുടുംബത്തിൻ്റെ ആജീവനാന്ത സമ്പാദ്യം ഉപയോഗിച്ച് നിർമ്മിച്ച വീട് അനധികൃതമായി പൊളിക്കുന്നത് പാർപ്പിടത്തിനും ജീവിക്കാനുമുള്ള ഏതൊരു പൗരൻ്റെയും മൗലികാവകാശത്തെ ലംഘിക്കുന്നു. ഒരു വ്യക്തി നടത്തിയതായി അനുമാനിക്കപ്പെടുന്ന കുറ്റകൃത്യത്തിന് ഒരു കുടുംബത്തെ കൂട്ടായി ശിക്ഷിക്കുക എന്നത് നീതിയുടെ അടിസ്ഥാന തത്വത്തെ തകിടം മറിക്കുകയും , ജുഡീഷ്യറിയുടെ അധികാരങ്ങൾ എക്സിക്യൂട്ടീവ് കവർന്നെടുക്കുകയും ചെയ്യുന്നതിന് സമമാണ് . ഇത്തരം കയ്യേറ്റങ്ങൾക്ക് മുസ്‌ലിംകളെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും വിയോജിക്കുന്ന പൗരന്മാരെയും തെരഞ്ഞെടുത്ത ലക്ഷ്യങ്ങളാക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ മതേതര ജനാധിപത്യ അടിത്തറയെ ബുൾഡോസർ ചെയ്യുന്നതിന് തുല്യമാണ്.
ബി.ജെ.പിയുടെ ബുൾഡോസർ ആക്രമണത്തിന് ഇരയായവർക്ക് സുപ്രീം കോടതി വിധികൾ മുൻകാലപ്രാബല്യത്തോടെ നീതി നൽകുന്നില്ലെങ്കിലും, ഭാവിയിൽ പൊളിക്കലുകൾ തടയാൻ യഥാർത്ഥത്തിൽ എക്സിക്യൂട്ടീവിന് ജുഡീഷ്യറി നൽകിയ ഉത്തരവാദിത്തം നടപ്പിലാക്കുമോ എന്ന് കണ്ടറിയണം. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്കും തത്ത്വങ്ങൾക്കും നേരെയുള്ള ഗുരുതരമായതും വർദ്ധിച്ചുവരുന്നതുമായ ഭീഷണിയെക്കുറിച്ച് ഇന്ത്യയിലെ ജനങ്ങൾ മനസ്സിലാക്കുന്നത് കേവലം വ്യക്തമായ ഭേദഗതികൾ പാസ്സാക്കുന്നതിൻ്റെ രൂപത്തിൽ മാത്രമല്ല, ഭരണഘടനയുടെ സ്പിരിറ്റിന്റെ നഗ്നമായ ലംഘനമായ നയങ്ങളിലൂടെയും നടപടികളിലൂടെയും സംഭവിക്കുന്നതാണ് ഭരണഘടനയ്‌ക്കെതിരായ ആക്രമണം . നോട്ട് നിരോധനം, പിഎം കെയേഴ്സ് ഫണ്ട് തുടങ്ങിയ ഭരണഘടനാ വിരുദ്ധ നടപടികളിൽ നിന്ന് രക്ഷപ്പെടാൻ കോടതികൾ എക്സിക്യൂട്ടീവിനെ അനുവദിച്ചപ്പോൾ, ഇലക്ടറൽ ബോണ്ടുകൾ പോലെയുള്ള ഏകപക്ഷീയവും അഴിമതി നിറഞ്ഞതുമായ ചില നടപടികൾ മാത്രമേ ജുഡീഷ്യറി നിർത്തലാക്കിയുള്ളൂ. എന്നാൽ ജുഡീഷ്യൽ ഇടപെടലിൻ്റെ പരിമിതമായ സന്ദർഭങ്ങൾ പോലും ഭരണഘടനയെ അട്ടിമറിക്കുന്നതിൻ്റെ യഥാർത്ഥവും വളരുന്നതുമായ ഭീഷണിയിലേക്ക് ഇന്ത്യയിലെ ജനങ്ങളുടെ തിരിച്ചറിവിന് പ്രേരകമാണ്.
ഭരണഘടന അംഗീകരിച്ചതിൻ്റെ എഴുപത്തിയഞ്ചാം വാർഷികവും (2024 നവംബർ 26) ഒപ്പം റിപ്പബ്ലിക് ദിനവും ഭരണഘടനയുടെ നിർവ്വഹണവും (26 ജനുവരി, 2025) രാജ്യം ആഘോഷിക്കാനിരിക്കെയാണ് ഭരണഘടനയ്‌ക്കെതിരായ ഈ ആക്രമണം തീവ്രമാകുന്നത് എന്നത് ശരിക്കും ഒരു വിരോധാഭാസമാണ്. ദൗർഭാഗ്യകരമായ വിഭജനത്തിൻ്റെ ദുരന്തവും ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ച അഭൂതപൂർവമായ രക്തച്ചൊരിച്ചിലിൻ്റെയും കുടിയിറക്കലിൻ്റെയും ആഘാതത്തോടൊപ്പം ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് ഇന്ത്യ സ്വതന്ത്രമായി രണ്ട് വർഷത്തിന് ശേഷമാണ് ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്. എന്നിട്ടും, വിഭജനത്തിൻ്റെ ആഘാതത്തിന് ഭരണഘടനയിൽ നിഴൽ വീഴ്ത്താൻ കഴിയാത്ത വിധം കൊളോണിയൽ വിരുദ്ധ പ്രസ്ഥാനത്തിൻ്റെ ആഘാതവും സമത്വ സാമൂഹിക ക്രമത്തിൻ്റെ സ്വപ്നങ്ങളും അന്ന് വളരെ ശക്തമായിരുന്നു. ഭരണഘടനയോടും അതിൻ്റെ മതേതര ജനാധിപത്യ ആഭിമുഖ്യത്തോടുമുള്ള കടുത്ത എതിർപ്പിലൂടെ യഥാർത്ഥത്തിൽ അന്ന് ഒറ്റപ്പെട്ടത് ആർഎസ്എസും ഹിന്ദുത്വ തീവ്രവലതുപക്ഷവുമായിരുന്നു.
ഇന്ന് എഴുപത്തഞ്ചു വർഷത്തിനു ശേഷം, സംഘ്-ബിജെപി ശക്തികൾക്ക് ഭരണകൂട അധികാരത്തിൽ വേരോട്ടം ഉണ്ടായിരിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക, വിദേശ നയങ്ങളിൽ വലതുപക്ഷ കോർപ്പറേറ്റ് അനുകൂല, സാമ്രാജ്യത്വ അനുകൂല മാറ്റങ്ങൾ ആസൂത്രണം ചെയ്യാനും, ഭരണഘടനയെ വെല്ലുവിളിക്കാനും അട്ടിമറിക്കാനും അവകാശങ്ങളെ ചവിട്ടിമെതിക്കാനും കൂടുതൽ ശക്തമായ നിലയിൽ അവർ സ്വയം പ്രതിഷ്ഠിച്ചിരിക്കുന്നു. ഇന്ത്യയിലെ ദുർബ്ബലമായ ജനാധിപത്യ സ്ഥാപനങ്ങൾ ഫാസിസ്റ്റ് ആക്രമണത്തെ ചെറുക്കുന്നതിൽ പരാജയപ്പെടുന്നതായി പൊതുവിൽ കാണപ്പെടുമ്പോഴും, ഇന്ത്യയുടെ പരമാധികാര ശക്തിയുടെ ഉറവിടമായ ജനങ്ങൾ ഫാസിസ്റ്റ് ആക്രമണത്തെ പരാജയപ്പെടുത്താൻ ഭരണഘടനയ്ക്ക് ചുറ്റും അണിനിരക്കാനുള്ള കഴിവ് തെളിയിച്ചിട്ടുണ്ട്. ഹിന്ദുത്വയുടെ ഹൃദയഭൂമിയും ബുൾഡോസർ രാജിൻ്റെ പരീക്ഷണശാലയുമായ ഉത്തർപ്രദേശിൽ തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഞെട്ടിപ്പിക്കുന്ന തകർച്ച നേരിട്ടിരുന്നുവെങ്കിൽ, ഈ ഫാസിസ്റ്റ് വിരുദ്ധ ജനസഞ്ചയത്തിൻ്റെ നിർണ്ണായക ബിന്ദുവായി വർത്തിച്ചത് നമ്മുടെ ഭരണഘടനയായിരുന്നു. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പോലും, ഇന്ത്യാ മുന്നണിയുടെ രാഷ്ട്രീയ വേദിയിൽ ഭരണഘടനയെ പ്രതിരോധിക്കാൻ നടത്തപ്പെടുന്ന ശ്രമങ്ങളെ അപകീർത്തിപ്പെടുത്താൻ ബിജെപി ഞെട്ടിക്കുന്ന നുണകളും അപവാദങ്ങളും അഴിച്ചുവിടുന്ന രീതി അവലംബിക്കുന്നു - 'അർബൻ നക്‌സൽ' എന്ന വിശേഷണം ചാർത്തിയും മറ്റുമാണ് അവർ അത് ചെയ്യുന്നത്. ഭരണഘടനയുടെ ചുവന്ന പുറം ചട്ട ചൂണ്ടിക്കാട്ടി അതിൽ "ചൈനീസ്" (കമ്മ്യൂണിസ്റ്റ്/വിദേശി ) താൽപ്പര്യങ്ങൾ ആരോപിക്കൽ മുതൽ , വെറും പുറംചട്ട മാത്രം പ്രദർശിപ്പിച്ചു നടക്കുന്നതിനു കോണ്ഗ്രസ്സുകാർ അടക്കമുള്ള രാഷ്ട്രീയ എതിരാളികളെ ആക്ഷേപിക്കൽ വരെ അവരുടെ നുണപ്രചാരങ്ങൾ പോകുന്നു. ഇന്ത്യൻ ഭരണഘടന രൂപപ്പെട്ടത്തിന്റെ 75-)0 വാർഷിക ദിനമാചരിക്കുമ്പോൾ ജനങ്ങളുടെ ഐക്യത്തിനും അവകാശപ്പോരാട്ടങ്ങൾക്കും എല്ലാവിധത്തിലുമുള്ള ശക്തമായ പ്രചോദനവും കരുത്തും പകരുന്ന പ്രധാനപ്പെട്ട ഒരു ഊർജ്ജ സ്രോതസ്സായി ഈ ഭരണഘടനയെ നാം ഉയർത്തിപ്പിടിക്കുക.