Wednesday, 20 November 2024

ഉദയ് പുർ   ഫിലിം ഫെസ്റ്റിവലിൽ നടന്ന  ആർഎസ്എസ് ഗുണ്ടായിസത്തെ സി പി ഐ (എം എൽ) ശക്തമായി അപലപിക്കുന്നു 


നവംബർ 17, 2024 

ദയ് പുർ  ഫിലിം ഫെസ്റ്റിവലിൽ ഹദ് അൻഹദ് എന്ന സിനിമയുടെ പ്രദർശനം ആർഎസ്എസ് ഗുണ്ടകൾ തടസ്സപ്പെടുത്തിയതിനെ സി പി ഐ (എം എൽ) ശക്തമായി അപലപിക്കുന്നു. ജനാധിപത്യ ഇടങ്ങൾക്കും പുരോഗമനപരമായ കലാപ്രവർത്തനങ്ങൾക്കും   എതിരായ ഈ നികൃഷ്ടമായ ആക്രമണം, ചൂഷണത്തിനും അനീതിക്കുമെതിരെ ഉയരുന്ന  ഏതൊരു ശബ്ദത്തെയും അടിച്ചമർത്താൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിൻ കീഴിൽ  സംസാര സ്വാതന്ത്ര്യത്തിന്മേൽ നടക്കുന്ന വർദ്ധിച്ചുവരുന്ന കയ്യേറ്റത്തെയാണ്  പ്രതിഫലിപ്പിക്കുന്നത്. 

വിമർശനാത്മകവും സാമൂഹിക പ്രാധാന്യമുള്ളതുമായ സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള "സിനിമാ ഓഫ് റെസിസ്റ്റൻസ്" എന്ന  സംരംഭത്തിൻ്റെ ഭാഗമായാണ് ഉദയ്പൂർ ഫിലിം സൊസൈറ്റി  3 ദിവസത്തെ ഫെസ്റ്റിവൽ (നവംബർ 15-17) സംഘടിപ്പിച്ചത്. അധിനിവേശ കുടിയേറ്റ-കൊളോണിയൽ ഇസ്രായേൽ ക്രൂരമായി കൊലപ്പെടുത്തിയ ആയിരക്കണക്കിന് പലസ്തീൻ കുട്ടികളുടെ സ്മരണയ്ക്കായി സമർപ്പിച്ചിരിക്കുന്ന ഈ വർഷത്തെ ഉത്സവത്തിലെ രണ്ടാം ദിവസത്തിലെ ചിത്രമായ   "ഹദ് അൻഹദ് " ന്റെ  പ്രദർശനം സമർപ്പിക്കപ്പെട്ടിരുന്നത്     ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി അക്ഷീണം പ്രവർത്തിച്ച പ്രൊഫസർ ജി.എൻ. സായിബാബയുടെ ഓർമ്മയ്ക്കായിരുന്നു. പലസ്തീനിൽ ഇസ്രായേൽ കൊലപ്പെടുത്തിയ കുട്ടികൾക്കും, പ്രൊഫസ്സർ ജി എൻ സായിബാബയ്ക്കും ഉള്ള  സമർപ്പണങ്ങൾ നീക്കം ചെയ്യണമെന്ന് ആർഎസ്എസ് ഗുണ്ടകൾ ആവശ്യപ്പെട്ടു, പലസ്തീനികൾക്കെതിരെയും പ്രൊഫസർ സായിബാബക്കെതിരെയും നികൃഷ്ടമായ അധിക്ഷേപങ്ങളാണ് അവർ  നടത്തിയത്. ഹദ് അൻഹദിൻ്റെ പ്രദർശനം നിയമവിരുദ്ധമായ രീതിയിൽ അവർ  നിർത്തിവെപ്പിക്കുകയും ചെയ്തു. 



സംഘാടകർ ആവശ്യമായ എല്ലാ അനുമതികളും നേടിയിട്ടും, ആർഎസ്എസിൻ്റെ ഈ ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ പ്രവൃത്തി തടയുന്നതിൽ ഭരണകൂടം പരാജയപ്പെടുകയായിരുന്നു. ജില്ലാ കളക്ടറുടെ ഇടപെടൽ പോലും ആർഎസ്എസിൻ്റെ ഗുണ്ടായിസം തടയുന്നതിൽ ഫലവത്തായില്ല. 

ഫാസിസ്റ്റ് ഭീഷണിക്കെതിരേ ധീരമായ നിലപാടിൽ  ഉറച്ചുനിന്ന  ഉദയ്പൂർ ഫിലിം സൊസൈറ്റിയുടെ പ്രവർത്തകർക്ക് സി പി ഐ (എം എൽ)  ഉറച്ച ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പലസ്തീൻ കുട്ടികൾക്കും പ്രൊഫസർ സായിബാബയ്ക്കും വേണ്ടിയുള്ള അവരുടെ സമർപ്പണം നീക്കം ചെയ്യാൻ സംഘാടകർ വിസമ്മതിച്ചതിലൂടെ  ജനാധിപത്യ അവകാശങ്ങൾക്കനുകൂലമായ ധീരമായ  നിലപാട് ആണ് ഫിലിം സൊസൈറ്റി പ്രവർത്തകർ ഉയർത്തിപ്പിടിച്ചത്. 

കബീറിൻ്റെ കവിതകളിലൂടെ സഞ്ചരിച്ച്  അദ്ദേഹത്തിന്റെ മതഭാവനയുടെ  രാഷ്ട്രീയപ്രസക്തി വിളിച്ചോതുന്ന  ഹദ് അൻഹാദ് പോലുള്ള പുരോഗമന സിനിമകളോടുള്ള സംഘപരിവാറിൻ്റെ ഭയം, വളർന്നുവരുന്ന ജനകീയ ബോധത്തെക്കുറിച്ചുള്ള അവരുടെ വ്യാപകമായ ഭീതിയെയാണ്  അടിവരയിടുന്നത്. കല, പ്രത്യേകിച്ച് ജനകേന്ദ്രീകൃത സിനിമ, ചൂഷണാത്മകമായ അവസ്ഥയെ വെല്ലുവിളിക്കുകയും അനീതിക്കെതിരായ ചെറുത്തുനിൽപ്പിന് പ്രചോദനം നൽകുകയും ചെയ്യുന്നു. 

അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള ഈ ആക്രമണത്തെ അപലപിക്കാനും ജനാധിപത്യ ഇടങ്ങൾക്കെതിരായ ആക്രമണങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കാനും നീതിയെ സ്നേഹിക്കുന്ന എല്ലാ വ്യക്തികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. വിയോജിപ്പുകളുടെ നിശബ്ദതയ്‌ക്കെതിരെ ജനപക്ഷ സിനിമയ്ക്കും ചെറുത്തുനിൽപ്പിൻ്റെ സിനിമയ്ക്കും സി പി ഐ (എം എൽ) അചഞ്ചലമായ പിന്തുണ ആവർത്തിക്കുന്നു.

No comments:

Post a Comment