ട്രംപിൻ്റെ അതിശയകരമായ തിരിച്ചുവരവ് - പാഠങ്ങളും വെല്ലുവിളികളും
- [ ദീപങ്കർ ഭട്ടാചാര്യ, സി പി ഐ (എം എൽ) ജനറൽ സെക്രട്ടറി ]
നാല് വർഷം മുമ്പ് തെരഞ്ഞടുപ്പ് പരാജയത്തെത്തുടർന്ന് നടത്തിയ വിഫലമായ ഒരു അട്ടിമറിശ്രമത്തിന് ശേഷം, റിപ്പബ്ലിക്കൻ പാർട്ടിക്ക് ലഭിച്ച കഴിഞ്ഞ രണ്ട് ദശകങ്ങളിലെ ഏറ്റവും വലിയ വിജയത്തോടെ യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നാടകീയമായ ഒരു തിരിച്ചുവരവ് ആണ് ഇപ്പോൾ ഡൊണാൾഡ് ട്രംപ് നടത്തിയത്. പോപ്പുലർ വോട്ടിൻ്റെ അടിസ്ഥാനത്തിൽ വിജയിക്കുന്ന ആദ്യ റിപ്പബ്ലിക്കൻ പ്രസിഡൻ്റും ആണ് അദ്ദേഹം. സെനറ്റിൻ്റെയും കോൺഗ്രസിൻ്റെയും മേൽ റിപ്പബ്ലിക്കൻ നിയന്ത്രണവുമായി ചേർന്ന്, ഇത് ട്രംപ് 2.0 നെ പഴയ ട്രംപിനെക്കാൾ ശക്തനാക്കും. തീവ്ര വംശീയതയും സാമ്രാജ്യത്വ വലതുപക്ഷ അജണ്ടയും ആക്രമണോത്സുകമായി നടപ്പാക്കുന്നതിന് കൂടുതൽ പ്രയോജനകരമായ സ്ഥാനത്ത് അത് ട്രംപിനെ എത്തിച്ചിരിക്കുന്നു. ഡെമോക്രാറ്റിക് പാർട്ടിയെ സംബന്ധിച്ചിടത്തോളം, ഫലം അവരുടെ ഏറ്റവും മോശം തിരഞ്ഞെടുപ്പ് പരാജയങ്ങളിലൊന്നാണ്. ട്രംപുമായുള്ള തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ, ഡെമോക്രാറ്റിക് പാർട്ടിയുടെ രണ്ടാമത്തെയും കൂടുതൽ നിർണ്ണായകവും സമഗ്രവുമായ തോൽവിയാണിത്. ട്രംപിന്റെ പ്രസിഡൻ്റ് സ്ഥാനം, ഡെമോക്രാറ്റിക് പാർട്ടിയുടെ പരിമിതിയ്ക്കും തകർച്ചയ്ക്കുമപ്പുറമുള്ള അതിൻ്റെ അശുഭകരമായ പ്രത്യാഘാതങ്ങൾക്ക് അമേരിക്കൻ ജനത ഫലപ്രദമായ ഉത്തരം കണ്ടെത്തേണ്ട അവസ്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.
കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിലെ ട്രംപിൻ്റെ കെടുകാര്യസ്ഥതയാണ് 2020 ലെ അദ്ദേഹത്തിൻ്റെ നേരിയ തോൽവിയിൽ പ്രധാന പങ്ക് വഹിച്ചതെങ്കിൽ, ബൈഡൻ-ഹാരിസ് ഭരണകൂടത്തിൻ്റെ മോശം സാമ്പത്തിക റെക്കോർഡുമായി വളരെയധികം ബന്ധമുള്ളതാണ് ഇത്തവണത്തെ ഡെമോക്രാറ്റിക് പാർട്ടിയുടെ പരാജയം. പാൻഡെമിക്കിന് ശേഷമുള്ള വീണ്ടെടുക്കലിൻ്റെ സ്ഥൂല സമ്പദ്ശാസ്ത്രവുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകൾക്ക് അമേരിക്കൻ തൊഴിലാളികൾക്കിടയിൽ അനുരണനം ഉണ്ടായില്ല, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും സ്തംഭനാവസ്ഥയിലുള്ള വരുമാനവും, വർദ്ധിച്ചുവരുന്ന ദാരിദ്ര്യം, ഭവനരാഹിത്യം, ആഴത്തിലുള്ള സാമൂഹികവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥ എന്നിവയാൽ വേട്ടയാടപ്പെടുന്ന ജനങ്ങളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ല. അധ്വാനിക്കുന്ന ജനങ്ങളുടെ രോഷവും ഉത്കണ്ഠയും പരിഹരിക്കുന്നതിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാപനം ഒട്ടും ശ്രദ്ധ ചെലുത്തിയിരുന്നില്ല, മാത്രമല്ല ഈ അരക്ഷിതാവസ്ഥയിൽ മുതലെടുപ്പ് നടത്താനും, നിയമവിരുദ്ധ കുടിയേറ്റങ്ങൾ തടയുക എന്ന വ്യാജ പ്രശ്നമുയർത്തി സ്വന്തം പ്രചാരണം കൊഴുപ്പിക്കാനും ട്രംപിന് സാധിച്ചു. അതിൻ്റെ ഫലം ഇപ്പോൾ ലോകം മുഴുവൻ കാണാനുണ്ട്. ട്രംപ് 1.0 ന്റെ കയ്പ്പ് അനുഭവിച്ചിരുന്ന അമേരിക്കൻ ജനത ഇപ്പോൾ ട്രംപ് 2.0 ന്റെ രൂപത്തിൽ വലിയ ദുരന്തത്തിന് വിധേയരായിരിക്കുകയാണ്.
ട്രംപിൻ്റെ ഏറ്റവും വലിയ അജണ്ട തീർച്ചയായും ഒരു വലിയ മെഷിനറി വിന്യസിച്ചും 1798 ലെ "ഏലിയൻ എനിമീസ് ആക്ട് " ഉൾപ്പെടെയുള്ള എല്ലാത്തരം നിയമങ്ങളും നടപ്പാക്കി വൻതോതിൽ ജനങ്ങളെ നാടുകടത്താനുള്ള അദ്ദേഹത്തിൻ്റെ വാഗ്ദാനമാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ ലക്ഷ്യങ്ങൾ ഭരണകൂടാത്താൽ പ്രവചിക്കപ്പെടുന്നത് അതിന് പുറമേയാണ്. അമേരിക്കയുടെ ഫെഡറൽ സംവിധാനത്തിൻ കീഴിലെ സ്ഥാപനപരമായ പരിശോധനകളുടെ സ്വഭാവം കണക്കിലെടുത്താൽ, ഇത്തരം നാടുകടത്തൽ അത്ര എളുപ്പമായിരിക്കില്ല. എന്നാൽ അത് അഴിച്ചുവിടുന്ന 'വിദേശി വിരോധം' അഥവാ സെനോഫോബിയ, വംശീയത, ഇസ്‌ലാമോഫോബിയ എന്നിവ കറുത്തവർഗ്ഗക്കാരെയും മുസ്ലീങ്ങളെയും നിറമുള്ള ആളുകളെയും കുടിയേറ്റക്കാരെയും കൂടുതലായി വംശീയ വെറിയ്ക്കും വർണ്ണമേധാവിത്വ വിദ്വേഷത്തിന്നും അക്രമത്തിനും ഇരകളാക്കും. 2016ൽ ആദ്യം ഹിലരി ക്ലിൻ്റണിനെതിരെയും ഇപ്പോൾ എട്ട് വർഷത്തിന് ശേഷം കമലാ ഹാരിസിനെതിരെയും ട്രംപ് തൻ്റെ ധിക്കാരപരമായ സ്ത്രീവിരുദ്ധ രാഷ്ട്രീയത്തിലൂടെ നേടിയ വിജയം, അമേരിക്കൻ രാഷ്ട്രീയത്തിലെ ആഴത്തിലുള്ള പുരുഷാധിപത്യ പക്ഷപാതത്തെ വെളിപ്പെടുത്തുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ, തീർച്ചയായും ലോകമെമ്പാടും പ്രക്ഷുബ്ധമായി തുടരുകയാണ്. വർഷങ്ങളായി സാമ്പത്തിക തകർച്ച ഉണ്ടായിട്ടും, അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായി തുടരുന്നു. അതിന്റെ ആഗോള മേധാവിത്വത്തിൻ്റെ നയം ലോകമെമ്പാടുമുള്ള യുദ്ധങ്ങളെയും വംശഹത്യകളെയും മർദ്ദക ഭരണകൂടങ്ങളെയും നിലനിർത്തുകയും രക്ഷകർത്തൃത്വം വഹിക്കുകയും ചെയ്യുന്ന രാഷ്ട്രീയ-സൈനിക തന്ത്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. ഡെമോക്രാറ്റിക് വോട്ടർമാരുടെ നിരാശയുടെ ഒരു പ്രധാന കാരണം ഈ ആക്രമണാത്മക സാമ്രാജ്യത്വ, ആധിപത്യ വിദേശ നയത്തിൽ റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും തമ്മിലുള്ള ഉഭയകക്ഷി കരാറാണ്. പലസ്തീനികൾക്കെതിരേ ഇസ്രായേൽ തുടരുന്ന വംശഹത്യയിലൂടെ ഇത് തെളിയിക്കപ്പെടുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പോലും, മുൻ യുഎസ് പ്രസിഡൻ്റ് ബിൽ ക്ലിൻ്റൺ ഗാസയിലെ വംശഹത്യയെ 'നിർബന്ധിത' ഇസ്രായേലി പ്രതികരണമെന്ന നിലയിൽ ന്യായീകരിക്കുകയും, ഹമാസിനെ ചർച്ചകളിൽ ക്ഷണിച്ചതിനെ അപലപിക്കുകയും ചെയ്തിരുന്നു. ഡെമോക്രാറ്റിക് പാർട്ടിയുടെ ജനകീയ വോട്ടുകൾ 2020-ൽ ഉണ്ടായിരുന്ന 81 ദശലക്ഷത്തിൽ നിന്ന് 2024-ൽ 70 ദശലക്ഷമായി കുറഞ്ഞു വെന്നതിൽ അതിശയിക്കാനില്ല. ഇന്ത്യയിലെ സംഘ് ബ്രിഗേഡും യുഎസിലെ ഇന്ത്യൻ പ്രവാസികളുടെ മോദി അനുകൂല വിഭാഗവും ട്രംപിന്റെ പ്രചാരണത്തെ ശക്തമായി പിന്തുണക്കുകയും വൈറ്റ് ഹൗസിലേക്കുള്ള ട്രംപിൻ്റെ തിരിച്ചുവരവിൽ പ്രകടമായി ആഹ്ലാദിക്കുകയും ചെയ്യുന്നു. നിലവിലുള്ള യു എസ് പൗരന്മാരും കുടിയേറ്റക്കാരും ഉൾപ്പെട്ട ഇന്ത്യൻ വംശജരായ ആളുകൾ ട്രംപിൻ്റെ കുടിയേറ്റ വിരുദ്ധ നയങ്ങളുടെയും രാഷ്ട്രീയത്തിൻ്റെയും പ്രധാന ആക്രമണ ലക്ഷ്യങ്ങളായിട്ടും, മോദി സർക്കാറിന്റെ അതേ വാചാടോപം അനുകരിക്കാനും ഇന്ത്യയിലും സമാനമായ അജണ്ട പിന്തുടരാനും അവരിൽ ഗണ്യമായ വിഭാഗങ്ങൾ ശ്രമിക്കുകയാണ്. പിലസ്തീനിനെതിരായ വംശഹത്യാ യുദ്ധത്തിൽ ഇസ്രയേലിനുള്ള പിന്തുണയിലും നവ യാഥാസ്ഥിതിക സാമൂഹിക അജണ്ട, നവലിബറൽ സാമ്പത്തിക ദിശ, ഫാസിസ്റ്റ് ഭരണം എന്നിവ പിന്തുടരുന്നതിലും ഇന്നത്തെ ലോകത്തിൽ തീവ്ര വലതുപക്ഷം വലിയ പങ്ക് വഹിക്കുന്നു. ആ അർത്ഥത്തിൽ,
ട്രംപ്-മോദി സൗഹൃദം തന്ത്രപരമായ ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന് അടിവരയിടുന്നതാണ്.
യുഎസിലെയും ഇന്ത്യയിലെയും ജനാധിപത്യ ശക്തികൾക്കും സാമൂഹിക, സാമ്പത്തിക, കാലാവസ്ഥാ നീതിക്കും വേണ്ടി നിലകൊള്ളുന്നവർക്കും, ട്രംപിൻ്റെ വിജയത്തിൽ നിന്നും ഡെമോക്രാറ്റിക് പരാജയത്തിൽ നിന്നും പഠിക്കാനുള്ളത് വലിയ പാഠങ്ങളാണ്. ഫാസിസ്റ്റ് ശക്തികളെ താഴെയിറക്കുകയോ അധികാരം പിടിക്കുന്നതിൽ നിന്ന് അകറ്റി നിർത്തുകയോ ചെയ്യണമെങ്കിൽ, ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് ജനാധിപത്യത്തെക്കുറിച്ചുള്ള ആഗ്രഹചിന്തകൾ കൊണ്ട് മാത്രം തൃപ്തിപ്പെടാൻ കഴിയില്ല. പരിവർത്തന ദർശനങ്ങളിലും മുൻഗണനകളിലും നങ്കൂരമിടുന്ന ജനകീയ അന്വേഷണത്തിൻ്റെ ഊർജ്ജം സമാധാനം, നീതി, മനുഷ്യക്ഷേമം, മനുഷ്യാവകാശങ്ങൾ എന്നിവയ്ക്കുവേണ്ടി പ്രയോജനപ്പെടുത്തുമ്പോൾ മാത്രമേ ഇതിൽ വിജയിക്കാനാകൂ. ട്രംപ്-മോദി-നെതന്യാഹു ത്രിമൂർത്തികൾ സാമ്രാജ്യത്വം, വംശഹത്യ, അന്യമത വിദ്വേഷം, കോർപ്പറേറ്റ് കൊള്ള, സ്വേച്ഛാധിപത്യ ഭരണം എന്നിവയുടെ വിനാശകരമായ പാക്കേജ് അടിച്ചേൽപ്പിക്കുകയാണെങ്കിൽ, ലോകമെമ്പാടുമുള്ള ജനാധിപത്യ ശക്തികൾ ഈ അപകടകരമായ ഗതിയിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ ഐക്യദാർഢ്യത്തിൻ്റെ അടുത്ത ബന്ധം സ്ഥാപിക്കേണ്ടതുണ്ട്.
No comments:
Post a Comment