Thursday 14 February 2019

സേവ് റിസർവേഷൻ മാർച്ച്
 [ആര, ബിഹാർ ]

ബിഹാറിലെ ആരയിൽ ഫെബ്രുവരി 3 നു നൂറുകണക്കിന് വിദ്യാർഥി-യുവജനങ്ങളും സ്ത്രീകളും തൊഴിലാളികളും " ബി ജെ പി യെ പുറത്താക്കൂ ,ഭരണഘടനയെ രക്ഷിക്കൂ, സംവരണത്തെ രക്ഷിക്കൂ " എന്നീ മുദ്രാവാക്യങ്ങളും പ്ലേയ് ക്കാർഡുകളുമായി തെരുവിൽ ഇറങ്ങി. അംബേദ്കറുടെ ഫോട്ടോകളും ചെങ്കൊടികളും ഉയർത്തിപ്പിടിച്ച പ്രവർത്തകർ മുഴക്കിയ മുദ്രാവാക്യങ്ങൾ സംവരണത്തെയും ഇന്ത്യൻ ഭരണഘടനയെയും അട്ടിമറിക്കുന്ന സംഘ് പരിവാർ ബി ജെ പി ശക്തികൾക്കെതിരായ ശക്തമായ താക്കീതായി.
അംബേദ്‌കർ പ്രതിമയിൽ ഹാരാർപ്പണം നടത്തിയായിരുന്നു  റാലിയുടെ തുടക്കം.13 പോയിന്റ് റോസ്റ്റർ  സമ്പ്രദായത്തിനെതിരെ 200 പോയിന്റ് റോസ്‌റ്റർ പുനഃസ്ഥാപിക്കുക , ഭരണഘടന നൽകുന്ന   അവകാശമായ സംവരണത്തെ  അട്ടിമറിക്കുന്നത് നിർത്തുക , ഇന്ത്യൻ ഭരണഘടനയ്‌ക്കെതിരായ ആക്രമണങ്ങളെ ചെറുക്കുക    , പട്ടികജാതി- പട്ടികവർഗ്ഗത്തിൽപ്പെട്ട വിഭാഗങ്ങളെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നു പുറംതള്ളുന്ന നയം തിരുത്തുക എന്നീ സന്ദേശങ്ങളോടെ  നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച ശേഷം ആര റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചേർന്ന പൊതുയോഗത്തിനു ശേഷമാണ് പിരിഞ്ഞു പോയത്. മുതിർന്ന സി പി ഐ (എം എൽ) നേതാവും പോളിറ്റ്  ബ്യൂറോ മെമ്പറുമായ സ: സ്വദേശ് ഭട്ടാചാര്യ , ആര ജില്ലാ സെക്രട്ടറി സ: ജവാഹർലാൽ സിംഗ് , മുൻ എം എൽ എ സ: രാമേശ്വർ പ്രസാദ് , ആർ വൈ എ അഖിലേന്ത്യാ  പ്രസിഡണ്ട്  സ: മനോജ് മൻസിൽ ,  തരാറി എം എൽ എ സ: സുധാമാ പ്രസാദ് , സ: രാജു യാദവ് എന്നിവരും AISA നേതാക്കളും റാലി നയിച്ചവരിൽ ഉൾപ്പെടുന്നു.

  സംവരണവിഭാഗങ്ങളിൽനിന്നു അവർക്കായി നീക്കിവെക്കപ്പെട്ട ജോലികൾ  തട്ടിപ്പറിക്കുന്ന പകൽക്കൊള്ളയാണ് 
13 പോയിൻറ് റോസ്റ്റർ സമ്പ്രദായം എന്ന്  പ്രതിഷേധറാലി നയിച്ചവർ ചൂണ്ടിക്കാട്ടി. ഭരണഘടന നൽകുന്ന അവകാശമായ സംവരണം  കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്നതിൽ  ഇന്ത്യൻ ഭരണവർഗ്ഗങ്ങൾ എന്നും വീഴ്ച വരുത്തിയിട്ടേ  ഉള്ളൂ. വിശേഷിച്ചും ഇത് സംബന്ധിച്ച് ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  ആവർത്തിച്ചു  പ്രതിഷേധങ്ങൾ ഉണ്ടാവുന്നുണ്ട്. എന്നാലിപ്പോൾ നാം കാണുന്നത്  സംവരണത്തിന്റെ  നിലവിലുള്ള  പ്രയോഗത്തെത്തന്നെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ്. ഇന്ന് SC /ST / OBC സമുദായങ്ങളിൽപ്പെട്ട ലക്ഷക്കണക്കിന് യുവജനങ്ങൾ അനേകം തടസ്സങ്ങൾ മറികടന്നു  എം ഫിലും പി എച് ഡി യും പൂർത്തിയാക്കിയാൽപ്പോലും സർവ്വകലാശാലകളിൽ നിയനങ്ങൾ ലഭിക്കാനുള്ള  അർഹത അവർക്കു നിഷേധിക്കുന്ന തരത്തിൽ ഗൂഢാലോചനകൾ നടക്കുന്നു.  അവരുടെ ഭരണഘടനാപരമായ സംവരണാവകാശം നിഷേധിക്കാനുള്ള ഒരു പദ്ധതിയായിട്ടാണ് 13 പോയിന്റ് റോസ്‌റ്റർ സമ്പ്രദായം ഇന്ന് ഫലത്തിൽ പ്രവർത്തിക്കുന്നത്.
ജനറൽ കാറ്റഗറിയിൽ "സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന"വർക്ക്‌ വേണ്ടി പ്രഖ്യാപിക്കപ്പെട്ട  10 %  സംവരണവും ഇപ്പോഴത്തെ 13 പോയിന്റ്  റോസ്‌റ്റർ സമ്പ്രദായവും വ്യക്തമായും ഭരണഘടന വ്യവസ്ഥ ചെയ്തിരിക്കുന്ന ഒരു സുപ്രധാന തത്വത്തെ ലംഘിക്കുന്നുവെന്ന് സഖാക്കൾ ജവാഹർലാൽ സിങ്ങും ശിവ്  പ്രകാശ് രഞ്ജനും റാലിയിൽ ചൂണ്ടിക്കാട്ടി . സംവരണത്തിന്റെ  പരമാവധി പരിധിയായ 49.5% SC /ST OBC  വിഭാഗങ്ങൾക്ക് വേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളതും കവിഞ്ഞുള്ള ഒരു സംവരണം ജനറൽ കാറ്റഗറിയിലെ "സാമ്പത്തികമായി പിന്നോക്കം" നിൽക്കുന്നവർക്ക് നൽകുക എന്നുവച്ചാൽ സംവരണത്തിന്റെ അടിസ്ഥാന തത്വത്തെത്തന്നെ  ലംഘിക്കലായിട്ടാണ് അനുഭവപ്പെടുക. കാരണം, ഇപ്പോൾ വളരെയേറെ സംവരണ തസ്തികകൾ അധികൃതർ മനപ്പൂർവ്വം നിയമനം നടത്താതെ  കാലിയാക്കിയിട്ടിട്ടുണ്ട് .അതിനാൽ "സാമ്പത്തിക സംവരണം" നടപ്പാക്കാനുള്ള  തീരുമാനത്തിൽനിന്നും സർക്കാർ എത്രയും പെട്ടെന്ന് പിന്തിരിയണമെന്നും ,അതോടൊപ്പം വിദ്യാഭ്യാസത്തിനും തൊഴിൽ ഉൽപ്പാദനത്തിനും വേണ്ടി നീക്കിവെക്കപ്പെടുന്ന ബഡ്ജറ്റ് വിഹിതം ഗണ്യമായി വെട്ടിക്കുറച്ചതിന്റെ സ്ഥാനത്ത്   അത് വർധിപ്പിക്കണമെന്നും സി പി ഐ
(എം എൽ )-ആർ വൈ എ  നേതാക്കൾ ആവശ്യപ്പെട്ടു. 

No comments:

Post a Comment