Friday 22 February 2019

പുൽവാമാ ആക്രമണത്തോടുള്ള  പ്രതിഷേധം മുതലെടുത്ത് വിദ്വേഷ പ്രചാരണങ്ങൾ അഴിച്ചുവിടുന്നവരെ ഒറ്റപ്പെടുത്തുക

അൻപത് സി ആർ പി എഫ് ജവാന്മാരുടെ ജീവൻ അപഹരിച്ച പുൽവാമാ ആക്രമണം  രാജ്യത്തെയാകെ തീവ്രവേദനയിൽ ആഴ്ത്തിയിരിക്കുമ്പോൾ, പ്രക്ഷുബ്ധമായ ജനവികാരവും   ജവാന്മാരുടെ രക്തസാക്ഷ്യവും  മുതലെടുത്ത് ബി ജെ പിക്ക് പരമാവധി വോട്ടുകൾ നേടിക്കൊടുക്കാനുള്ള ഒരു പ്രചാരവേലയാണ് സംഘ് ബ്രിഗേഡ് കെട്ടഴിച്ചുവിട്ടിരിക്കുന്നത് .  പാക്കിസ്ഥാനുമായി ഒരു യുദ്ധം നടത്തി ആ രാജ്യത്തിനെ നശിപ്പിക്കാനുള്ള മുറവിളിയും   , കശ്‌മീരിനും കശ്മീരിലെ ജനതയ്ക്കും മുസ്‌ലിം സമുദായത്തിനും എതിരായ ഒരു ആഭ്യന്തരയുദ്ധത്തിനുള്ള ആഹ്വാനവും   , അതോടൊപ്പം ശാന്തിയും സമാധാനവും നീതിയും ആഗ്രഹിക്കുന്നവരും സർക്കാരിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചു ചോദ്യങ്ങളുന്നയിക്കുന്നവരുമായ എല്ലാവരെയും ശത്രുക്കളായി ചിത്രീകരിക്കലും  ആണ് സംഘ് പരിവാർ പ്രചാരവേലയുടെ കാതലായ ഉള്ളടക്കം.   ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുമെന്നു സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റ മേഘാലയാ ഗവർണറും , ബി ജെ പി പിന്തുണയ്ക്കുന്ന ഡൽഹിയിലെ ഒരു എം എൽ എ യും കാശ്മീരികളെ സാമൂഹ്യമായി ബഹിഷ്കരിക്കണമെന്നും അവർക്കെതിരെ കൂട്ടക്കൊലകളും ബലാല്സംഗങ്ങളും നടക്കണമെന്നും പറഞ്ഞു പരസ്യമായി പ്രസ്താവന നടത്തിയത്  അങ്ങേയറ്റം അപലപനീയവും  ലജ്ജാകരവുമായാ സംഭവവികാസങ്ങളാണ്. ഗുജറാത്തിലെ ഒരു ബി ജെ പി നേതാവ് പാർട്ടിയിലെ പ്രവർത്തകരോട് ആഹ്വാനം ചെയ്തത് " ദേശീയതയുടെ തരംഗത്തെ വോട്ടുകളാക്കിമാറ്റാൻ " ആയിരുന്നു.  (https://indianexpress.com/) . ഇതുപോലുള്ള മറ്റൊരു പ്രസ്താവനയിൽ ബി ജെ പി പ്രസിഡന്റ് അമിത് ഷാ പറഞ്ഞത് " കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്നത് ബി ജെ പി സർക്കാരാണെന്നും കോൺഗ്രസ് സർക്കാറല്ലെന്നും , അതിനാൽ സി ആർ പി എഫ് ജവാന്മാരുടെ ജീവത്യാഗം ഒരിക്കലും
 വൃഥാവിലാവിലെന്നും " ആയിരുന്നു.  
(https://www.indiatoday.in/)
പുൽവാമാ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നീതിയും സർക്കാരിന്റെ പ്രതിനിധികളിൽനിന്നു  ഉത്തരവാദിത്തപൂർണ്ണമായ പ്രതികരണങ്ങളും ആവശ്യപ്പെടുന്നതും, പാക്കിസ്ഥാനുമായി യുദ്ധമോ , മുസ്ലിങ്ങൾക്കോ കാശ്മീരികൾക്കോ എതിരായ വർഗീയാക്രമണങ്ങളോ ആവശ്യപ്പെടുന്നതും വെവ്വേറെ കാര്യങ്ങളാണ്. പുൽവാമാ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു ജവാന്റെ ഭാര്യയായ ബബ്ലു സാന്തര ഇങ്ങനെ പറയുന്നു: " യുദ്ധം വേണമെന്ന് ഞങ്ങൾക്ക് പറയാനാവില്ല. എന്നെപ്പോലുള്ള അനേകം സ്ത്രീകൾക്ക് ഭർത്താക്കന്മാരും , എന്റെ മോളെപ്പോലെ അനേകം മക്കൾക്ക്‌ അച്ഛന്മാരും ഇല്ലാതാവുന്ന യുദ്ധമല്ല വേണ്ടത്; കുറ്റക്കാറീ കണ്ടെത്തി ശിക്ഷിക്കുകയാണ് വേണ്ടത്. "  
(https://indianexpress.com/) പുൽവാമയിൽ കൊല്ലപ്പെട്ട മറ്റൊരു ജവാൻ അജിത്കുമാറിന്റെ സഹോദരൻ രൺജിത് ഇങ്ങനെ പറയുന്നു: " ജവാന്മാരുടെ കുടുംബങ്ങൾക്ക് ഉണ്ടായ ദുഃഖത്തിൽ പങ്കുചേർന്ന് അതിന്റെ കാഠിന്യം കുറയ്ക്കാനായി രാജ്യത്തിലെ ജങ്ങളാകെ ഒന്നിച്ചു നിൽക്കുമ്പോൾ ചില രാഷ്ട്രീയ നേതാക്കൾ എന്തുകൊണ്ടാണ് നമ്മെ ഭിന്നിപ്പിക്കാൻ നോക്കുന്നത്?  മുൻ സർക്കാരുകളെല്ലാം ചീത്തയാണെന്നു പറഞ്ഞു അധികാരത്തിലെത്തിയ മോദിയുടെ നാലര വർഷത്തെ ഭരണകാലത്തു നമ്മൾ കണ്ടത് ഇന്ത്യ സ്വതന്ത്രമായതിനു ശേഷമുള്ള  ഏറ്റവും മോശപ്പെട്ട സംഭവങ്ങളാണ്. ആരാണ് അവയ്ക്കു ഉത്തരവാദി എന്ന് നമുക്കെല്ലാം അറിയാം. സർക്കാർ സൈനികരുടെ ക്ഷേമത്തിനുവേണ്ടിയല്ല ഈ പണമത്രയും ചെലവാക്കുന്നത്, പരസ്യത്തിന് വേണ്ടിയാണ് . സൈന്യത്തെയും സൈനികരെയും ഉപയോഗിച്ച് എന്തിനാണ് ഈ സർക്കാർ രാഷ്ട്രീയം കളിക്കുന്നത്? ഒരു സൈനികന്റെ ശവസംസ്കാരച്ചടങ്ങുകൾ നടന്ന അവസരത്തിൽപ്പോലും ഈ നേതാക്കൾ രാഷ്ട്രീയം കളിക്കുന്ന ലജ്ജാകരമായ കാഴ്ച എനിക്ക് നേരിട്ട് കാണേണ്ടിവന്നു. "  (https://aajtak.intoday.in/) പുൽവാമയിൽ ജീവൻ നഷ്ടപ്പെട്ട മറ്റൊരു ജവാൻ ഭാഗൽപൂർ സ്വദേശിയായ രത്തൻ സിംഗ് ആയിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ദിവാകർ സിംഗ്  പ്രതികരിച്ചത് ഇങ്ങിനെയായിരുന്നു: "സർക്കാർ രാജ്യത്തിൻറെ സുരക്ഷയിൽ യഥാർത്ഥത്തിൽ ശ്രദ്ധിച്ചിരുന്നുവെങ്കിൽ എന്റെ മകൻ ഇന്ന് ജീവിച്ചിരിക്കുമായിരുന്നു. ഇതുപോലുള്ള ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നത് മിക്കവാറും ദരിദ്രകുടുംബങ്ങളിലെ മക്കൾക്കാണ്. പണക്കാരുടെ കുടുംബങ്ങളിൽനിന്നും അധികമാളുകളും സൈന്യത്തിൽ ചേ രുകയില്ല. പാവപ്പെട്ടവരുടെ മക്കളെ ഇതുപോലെ കൊലക്ക് കൊടുക്കുന്ന അവസ്ഥ ഇനിയെത്ര കാലമാണ്  തുടരുക ? " രത്തൻ സിംഗിന്റെ ഭാര്യാപിതാവ് കമലാകാന്ത് ഠാക്കുർ ഇങ്ങനെ പറഞ്ഞു :  " ഞങ്ങളുടെ മക്കളുടെ ജീവസമർപ്പണത്തെ വിദ്വേഷവും ഹിംസയും പരത്താനുള്ള ഒരു ഒഴിവുകഴിവ് ആക്കിക്കൊണ്ടിരിക്കുന്നു; അവരുടെ അധികാരക്കളിക്ക് വേണ്ടി നമ്മുടെ മക്കളുടെ ജീവൻ ബലികഴിക്കുന്നത് നിർത്തേണ്ട സമയമായിരിക്കുന്നു. വിദ്വേഷ പ്രചാരണങ്ങൾ ഭീകരവാദത്തെ വളർത്തുകയേയുള്ളൂ." (http://samkaleenlokyuddh.net/)
രാജ്യത്തിലെ ജനങ്ങൾക്കിടയിൽ ഐക്യം ഉയർത്തിപ്പിടിക്കാനും,   രാഷ്ട്രീയലാക്കോടെയുള്ള ആൾക്കൂട്ട ആക്രമണങ്ങളിൽനിന്നും ന്യൂനപക്ഷസമുദായങ്ങളെയും കാശ്മീരികളെയും രക്ഷിക്കാൻ മുന്നിട്ടിറങ്ങണമെന്നും  ഈ രാജ്യത്തിലെ ഓരോ പൗരനോടും ഞങ്ങൾ അപേക്ഷിക്കുന്നു .  സംഘ പരിവാർ- ബി ജെ പി  സ്ഥാപനം അധികാരത്തിൽ അള്ളിപ്പിടിക്കാൻ വേണ്ടി    നൈരാശ്യം പൂണ്ട് നടത്തുന്ന ഒടുക്കത്തെ പരിശ്രമങ്ങളുടെ ഭാഗമായ കുടില തന്ത്രങ്ങളെ തിരിച്ചറിഞ്ഞു പരാജയപ്പെടുത്താൻ  ഓരോ പൗരനോടും ഞങ്ങളാവശ്യപ്പെടുന്നു.  പുൽവാമ ആക്രമണത്തെ അപലപിക്കാനും പാക്കിസ്ഥാൻ സർക്കാരിനോട് അതിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചു ചോദ്യങ്ങൾ ഉന്നയിക്കാനും പാക്കിസ്ഥാൻ പൗരന്മാരുടെ ഭാഗത്തുനിന്നും സ്വാഗതാർഹമായ നീക്കങ്ങൾ ഉണ്ടായിട്ടുണ്ട്. യുദ്ധം ഒരു പരിഹാരമല്ലെന്നു തിരിച്ചറിയാനും , തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് യുദ്ധവെറി പ്രചരിപ്പിച്ചു വോട്ട് നേടാനുള്ള തല്പര കക്ഷികളുടെ നീചമായ  തന്ത്രങ്ങളെ  തള്ളിക്കളയാനും ഞങ്ങൾ ഓരോ പൗരനോടും  അഭ്യർത്ഥിക്കുന്നു. 
ജനങ്ങളെ ഭിന്നിപ്പിക്കാനും നിശ്ശബ്ദരാക്കാനും ഉള്ള സൗകര്യപ്രദമായ ഒരു ഉപാധിയായി പുൽവാമ ആക്രമണത്തെ ഉപയോഗിക്കാൻ ഒരിക്കലും നാം അനുവദിച്ചുകൂടാ. ഓരോ മേഖലയിലും തികഞ്ഞ പരാജയമാണെന്ന് നേരത്തെ സ്വയം തെളിയിച്ചു പ്രതിക്കൂട്ടിലായ മോദി സർക്കാർ (റഫാൽ ഉടമ്പടി, തഴച്ചു വളരുന്ന ചങ്ങാത്ത മുതലാളിത്തം , അഴിമതി, തൊഴിലില്ലായ്മ, തൊഴിലാളികൾക്കും കർഷക ർക്കുമിടയിൽ പെരുകുന്ന അസംതൃപ്തി , വർഗ്ഗീയവാദികളായ ആൾക്കൂട്ടക്കൊലയാളി സംഘങ്ങളുടെ അഴിഞ്ഞാട്ടം )  പുൽവാമ ആക്രമണത്തിന് ശേഷം ഒരിക്കൽക്കൂടി പ്രതിക്കൂട്ടിലായിരിക്കുകയാണ്. പുൽവാനയിൽ ഇത്രയും വലിയ ഒരു ആക്രമണമുണ്ടായത്  സുരക്ഷാ വ്യവസ്ഥയിലെ ഗുരുതരമായ വീഴ്ചകൾ മൂലമായിരുന്നുവെന്നതിന് മോദി സർക്കാർ രാജ്യത്തിലെ ജനങ്ങളോട് സമാധാനം പറയേണ്ടതുണ്ട്.   ; അതുപോലെ, കാശ്മീരിൽ സ്ഥിതിഗതികൾ അങ്ങേയറ്റം മോശപ്പെട്ട ഒരു നിലയിലെത്തിച്ചത്  മോദി സർക്കാരിന്റെ തെറ്റായ നയങ്ങൾ ആണ്.   ഉത്തരവാദിത്തമുള്ള പൗരന്മാർ  എന്ന നിലക്ക് ഈ ചോദ്യങ്ങൾക്കു സർക്കാരിനെക്കൊണ്ട് ഉത്തരം പറയിപ്പിക്കാനും മേൽപ്പറഞ്ഞ അവസ്ഥയ്ക്ക് മാറ്റം ആവശ്യപ്പെടാനും നമുക്കവകാശമുണ്ട് .
-- [ സി പി ഐ (എം എൽ ) കേന്ദ്ര കമ്മിറ്റിക്കുവേണ്ടി  പുറപ്പെടുവിക്കുന്ന വാർത്താക്കുറിപ്പ്  ]

No comments:

Post a Comment