Wednesday 13 February 2019


റഫാൽ വിഷയം കൂടുതൽ ശക്തമായി തിരിച്ചെത്തുമ്പോൾ

മോദി സർക്കാർ പൂർണ്ണമായും തുറന്നുകാട്ടപ്പെടുന്നു. 

റഫാൽ വിഷയത്തിൽ സുപ്രീംകോടതിയിൽനിന്ന് 'ക്ളീൻ ചിറ്റ് ' ലഭിച്ചുവെന്നും അന്തിമ വാക്ക് തങ്ങളുടേതാണെന്നും മോദി സർക്കാർ   വിചാരിച്ചിരിക്കുമ്പോൾ അത് വലിയൊരു അബദ്ധ ധാരണയാണെന്ന് ഇപ്പോഴെങ്കിലും വെളിവായിരിക്കുന്നു. പാർലമെന്റിൽ     ബഡ്ജറ്റ്‌ അവതരിപ്പിച്ചശേഷം മോദി നടത്തിയ ദീർഘമായ പ്രസംഗത്തിൽ ഏറെ സമയവും ചെലവഴിച്ചത് റഫാൽ ഇടപാടിൽ തന്റെ ഭാഗം കുറ്റമറ്റതാണെന്ന് തെളിയിക്കാൻ ആയിരുന്നുവെങ്കിലും, അതിനുശേഷം നമ്മുടെ മുന്നിലെത്തുന്നത് പ്രതിരോധമന്ത്രാലയത്തിന്റെ ഉള്ളിൽ നിന്നുതന്നെ നേരത്തെ ഉയർന്നുവന്നിരുന്ന എതിർപ്പുകളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന ചില വെളിപ്പെടുത്തലുകൾ ആണ്. കരാറിന്റെ വിശദാംശങ്ങളെക്കുറിച്ചും സംഭാഷണം നടത്തിയ രീതിയിലെ നിഗൂഢതയെക്കുറിച്ചും  നിരവധി സംശയങ്ങൾ  ഉയർന്നതിനെ അവഗണിച്ചും , സുപ്രീം കോടതിയെയും രാജ്യത്തിലെ ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചും ആയിരുന്നു ഇത്രയും നാൾ മോദി സർക്കാർ  റഫാൽ അഴിമതിയാരോപണത്തിൽനിന്നും തടിയൂരാൻ ശ്രമിച്ചുകൊണ്ടിരുന്നത് .   
ചില കാര്യങ്ങൾ ഇപ്പോൾ പകൽ പോലെ വ്യക്തമായിരിക്കുന്നു. ഇന്ത്യയും ഫ്രാൻസും തമ്മിൽ ഒപ്പിട്ട കരാറിനു അന്തിമ രൂപം കൊടുക്കുന്ന പ്രക്രിയയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് മാത്രമേ ഭാഗഭാക്കായിരുന്നുള്ളൂ. മോദിയുടെ സർക്കാരിന്റെ ഭാഗമായ  പ്രതിരോധ മന്ത്രാലയം നേരത്തെ ഉന്നയിച്ച ഗൗരവമേറിയ ചോദ്യങ്ങൾ പൂർണ്ണമായും അവഗണിക്കപ്പെട്ടിരുന്നുവെന്നാണ് ഇതിന്റെയർത്ഥം . രണ്ടു സർക്കാരുകൾ തമ്മിൽ നടത്തിയ ഇടപാട് എന്ന നിലയിൽ ആണ് ഇത് അവതരിപ്പിക്കപ്പെട്ടതെങ്കിലും ,ഫ്രഞ്ച് ഗവൺമെന്റ് ആ സർക്കാരിന്റെ പാരമാധികാരത്തെ ആസ്പദമാക്കിയുള്ള സോവറീൻ ഗ്യാരണ്ടിയുടെ ഒരു പിൻബലവും ഈ കരാറിൽ ഇന്ത്യക്ക്  നൽകുന്നില്ല. ഇപ്പോൾ നിലവിലുള്ള സ്റ്റാൻഡേർഡ് ഡിഫെൻസ് പർചേസ് പ്രോട്ടോകോൾ അനുസരിച്ചു    പ്രതിരോധ സാമഗ്രികൾ ആർജ്ജിക്കാൻ വേണ്ടിയുണ്ടാക്കുന്ന ഒരു കരാറിൽ  ഏതൊരു ഇന്ത്യഗവണ്മെന്റും നിർബന്ധമായും ഉൾപ്പെടുത്താൻ ബാധ്യസ്ഥമായ ഒരു വ്യവസ്ഥപ്രകാരം ,   അഴിമതിയുടെ സാധ്യതകളെ സ്വാഭാവികമായി ഇല്ലാതാക്കുന്ന ഒരു അഴിമതി വിരുദ്ധ വകുപ്പ് റഫാലിന്റെ കാര്യത്തിൽ വേണ്ടെന്നുവെച്ചു.   പൂർണ്ണമായും ഫ്രാൻസിൽ നിർമ്മിതമായ 36 വിമാനങ്ങൾ ഇന്ത്യയ്ക്ക് ലഭിക്കുമ്പോൾ അവയുടെ നിർമ്മാണ സാങ്കേതികവിദ്യ കരാർപ്രകാരം കൈമാറ്റം ചെയ്യപ്പെടുന്നില്ല എന്നതാണ്  മറ്റൊരു ഗുരുതരമായ അപാകത. മോദി സർക്കാർ   ഏറെ കൊട്ടിഘോഷിക്കുന്ന ' ഇന്ത്യയിൽ നിർമ്മിക്കുക ' എന്ന നയവുമായി പൊരുത്തപ്പെടുന്നതല്ല ഇത് എന്നതും ശ്രദ്ധേയമാണ്. 
2015 ഏപ്രിലിൽ പാരീസ് സന്ദർശനം നടത്തിയപ്പോഴാണ് മോദി പുതിയ റഫാൽ ഉടമ്പടിഒപ്പുവെച്ചതായി പ്രഖ്യാപിക്കുന്നത്‌ എന്ന് നമുക്ക് അറിയാം. അതുവരെ, പ്രതിരോധമന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംസാരിച്ചിരുന്നത് ഇന്ത്യൻ പങ്കാളിയായി HAL നെ ഉൾപ്പെടുത്തുന്ന റഫാൽ ഉടമ്പടിയെകുറിച്ചായിരുന്നു. മോദിയുടെ പാരീസ് സന്ദർശനത്തിന് രണ്ടാഴ്ച മുൻപ് അനിൽ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ ഓഫീസിലെത്തിയിരുന്നെന്നും, മോദിയുടെ പര്യടനസമയത്ത് ഒപ്പിടാൻ വേണ്ടി തയ്യാറാക്കിക്കൊണ്ടിരിക്കുന്ന റാഫേൽ ധാരണാപത്രത്തിൽ (എം ഓ യു) തനിക്ക് താൽപര്യമുണ്ടെന്ന് അറിയിച്ചിരുന്നെന്നും ഇപ്പോൾ നാം അറിയുന്നു.    അതേ സമയത്താണ് അംബാനി ഡിഫെൻസ് ഉപകരണങ്ങൾ നിർമ്മിക്കുന്നതിനെന്നു പറയപ്പെടുന്ന ഒരു കമ്പനി ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുന്നത്. മോദിയെ പാരീസ് യാത്രയിൽ പിന്നീട് അനുഗമിച്ച അംബാനിയുടെ പുതിയ കമ്പനിയായ  റിലയൻസ് ഡിഫെൻസ്‌ പഴയ റഫാൽ ഉടമ്പടിയിൽ ഇന്ത്യൻ പങ്കാളിയായ HAL നെ മാറ്റിക്കൊണ്ട് രംഗത്തുവരികയും പുതിയ കരാർ ഒപ്പിടുന്നതുമാണ് പിന്നെ നമ്മൾ കണ്ടത്!   
റഫാൽ അഴിമതിയെക്കുറിച്ചു പറയുന്നവർ ഇന്ത്യൻ വ്യോമസേനയ്‌ക്കെതിരെ ഗൂഢാലോചന നടത്തുന്നവരാണെന്ന് പ്രചരിപ്പിച്ചുകൊണ്ടു ഗുരുതരമായ ആരോപണങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാമെന്നാണ്  ബി ജെ പി കണക്കു കൂട്ടിയത്. ഇത് നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിൽവെച്ചു ഏറ്റവും പരിഹാസ്യമായ ഒരു പ്രതിരോധശ്രമം ആണ്.  വി പി സിംഗും , ബി ജെ പിയും മറ്റു പ്രതിപക്ഷ കക്ഷികളുമെല്ലാം ചേർന്ന് രാജീവ് ഗാന്ധി സർക്കാരിന്റെ കാലത്ത് ബോഫോഴ്‌സ് അഴിമതിയാരോപണം കൊണ്ടുവന്നപ്പോൾ  അവരെല്ലാം ഇന്ത്യൻ സൈന്യത്തെ ദുർബ്ബലമാക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നോ ?  വ്യോമസേനയുടെ കാര്യം പറയുകയാണെങ്കിൽ, 126 വിമാനങ്ങൾ വാങ്ങാനുള്ള കരാർ എങ്ങനെ 36 യുദ്ധവിമാനങ്ങൾക്കുള്ളതായിത്തീർന്നുവെന്ന ചോദ്യത്തിന്  ഉത്തരം പറയാനുള്ള ബാധ്യത ഏറ്റെടുക്കേണ്ടത് ബി  ജെ പി തന്നെയാണ്.    പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് സമാന്തര കരാർ ഉണ്ടാക്കാൻ ശ്രമിക്കുന്നതിൽ പ്രതിരോധമന്ത്രാലയത്തിന്റെ എതിർപ്പുകൾ അവഗണിച്ചതുവഴി  ഇന്ത്യയുടെ വിലപേശൽ ശേഷി തകരാറിലാക്കിയും   ഫ്രഞ്ച് ഗവണ്മെന്റിന്റെ സോവറീൻ ഗ്യാരണ്ടി വേണ്ടെന്നുവെച്ചും ഭീമമായ നഷ്ടം  എന്തിനായിരുന്നു അവർ വരുത്തിവെച്ചത് ? 2022 വരെ കിട്ടാൻ സാധ്യതയില്ലാത്ത പ്രസ്തുത വിമാനങ്ങൾ ലഭിക്കുന്ന സമയമാവുമ്പോഴേക്കും അവയുടെ നിർമ്മാണത്തിലെ സാങ്കേതികവൈദഗ്ദ്ധ്യം കലഹരണപ്പെടും എന്നതിനാൽ   , അടിയന്തരമായ ആവശ്യങ്ങൾ നിറവേറ്റാൻ ആയിരുന്നു അപ്രകാരമുള്ള കരാറിൽ ഒപ്പുവെച്ചത് എന്ന വാദത്തിലും കഴമ്പില്ല. 
ബി ജെ പിയ്‌ക്കോ മോദിസർക്കാരിനോ പ്രത്യേകിച്ച് നേട്ടം ഉണ്ടാക്കുന്ന എന്തെങ്കിലും സാമ്പത്തിക  തിരിമറി  ഈ കരാറിൽ ഉണ്ടായതായി ഇതുവരെ തെളിഞ്ഞിട്ടില്ലെന്നും അതിനാൽ  , ഇത്  അത്തരത്തിലുള്ള അഴിമതിയാണെന്നു പറയാനാവില്ലെന്നും  ചിലർ വാദിക്കുന്നുണ്ട്. എന്നാൽ, കോർപ്പറേറ്റ് ഫണ്ടിംഗ് നിയമത്തിന്റെ ദൃഷ്ടിയിൽ അദൃശ്യമാക്കപ്പെടും വിധം  വ്യവസ്ഥകളിൽ സമീപകാലത്തു ചില  ഭേദഗതികൾ മോദി സർക്കാർ വരുത്തിയിട്ടുണ്ടെന്ന്  ഓർക്കണം.  ഇപ്പോൾ നടത്തിയതും ഭാവിയിൽ നടത്തുന്നതുമായ  ഇടപാടുകളുടെ ഗുണഭോക്താവ് എന്ന നിലയിൽ ഇന്ത്യൻ പങ്കാളി എന്ന പേരിൽ രംഗത്ത് വന്നത് അനിൽ അംബാനിയുടെ പുതുതായി രജിസ്റ്റർ ചെയ്ത   കമ്പനി ആണെന്നതുതന്നെ ഒരു വലിയ അഴിമതി നടന്നതിന്റെ വ്യക്തമായ  സൂചന നൽകുന്നുണ്ട് . ഇത്  പ്രധാനമന്ത്രി മോദി നേരിട്ട് ഉത്തരവിട്ട് നടപ്പാക്കിയതാണ്  എന്നതും വേണ്ടത്ര വ്യക്തമാണ്. മുൻ സർക്കാർ തുടങ്ങിവെച്ച് ഏറെ  മുന്നോട്ടുകൊണ്ടുപോയ ഒരു ഇടപാടിൽ നേരത്തെ നടന്ന സംഭാഷണങ്ങളും സ്വന്തം സർക്കാരിലെതന്നെ   നിയുക്ത ദൗത്യസംഘം നടത്തിയ അടിസ്ഥാനതല നീക്കങ്ങളും തീർത്തും അവഗണിച്ചുകൊണ്ടാണ്  പ്രധാനമന്ത്രി കാര്യങ്ങൾ  സ്വന്തം കൈപ്പിടിയിലാക്കി  നേരിട്ട് ഇടപാട് ഉറപ്പിക്കുന്നത് എന്നതും വലിയ  ഒരു കുംഭകോണത്തിന്റെ സൂചന നൽകുന്നു. 
2015 ൽ  ഒപ്പുവച്ച റഫാൽ ഇടപാടും, യു പി നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു തൊട്ടു മുൻപ് 2016 നവംബറിൽ പ്രഖ്യാപിച്ച നോട്ടു നിരോധന ഉത്തരവും , 2018 ൽ സി ബി ഐ ആസ്ഥാനത്ത് നടത്തിയ പാതിരാത്രി  റെയ്‌ഡും സമാന സ്വഭാവത്തിലുള്ളവയാണ്. മോദി സർക്കാർ പ്രവർത്തിക്കുന്ന  സ്വേച്ഛാപരവും  നിഗൂഢവും ദുഷ്പ്രഭുത്വം നിറഞ്ഞതും ആയ രീതികളുടെ ഉദാഹരണങ്ങളാണവയെല്ലാം. പൂർണ്ണമായും കേന്ദ്രീകൃതമായ  ഒരു രീതിയിലാണ്    പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. നരേന്ദ്ര മോഡിയും അമിത് ഷായും അജിത് ഡോവലും ഉൾപ്പെട്ട ഒരു മൂന്നംഗ സംഘത്തിന്റെ ഇംഗിതങ്ങൾക്കൊത്താണ് കാര്യങ്ങൾ നിയന്ത്രിക്കപ്പെടുന്നത്. .മറിച്ച്  ഒരഭിപ്രായമോ നിർദ്ദേശമോ ഏതൊരു സ്ഥാപനത്തിൽ നിന്നോ, 
മന്ത്രാലയത്തിൽനിന്നോ വന്നാലും അത് സുനിശ്ചിതമായും മറികടക്കപ്പെടുകയോ, അവഗണിക്കപ്പെടുകയോ ചെയ്യും. ചങ്ങാത്ത മുതലാളിത്തം ( ക്രോണിയിസം ) ഇന്ത്യയിൽ ഒരു പ്രത്യേക നിലവാരത്തിലേക്ക് വികസിച്ചിരിക്കുകയാണ്. ഈ പരിതഃസ്ഥിതിയിലാണ്  സർക്കാർ ഏർപ്പെടുന്ന ഒരു പ്രതിരോധ ഉടമ്പടിയിൽ ഇടനിലക്കാരനാകാൻ ഒരു പ്രധാനമന്ത്രിക്ക് കഴിയുന്നത് .  ടെലിക്കമ്യൂണിക്കേഷൻ മേഖലയിൽ ബിസിനസ് പരാജയപ്പെട്ടതിനെത്തുടർന്ന് പാപ്പരാകൽ ഹരജി സമർപ്പിക്കാൻ പോകുന്ന ഒരു വൻകിട വ്യവസായിക്ക്  പ്രതിരോധ ഇ ടപാടിലൂടെ 
വൻനേട്ടങ്ങൾ ഉണ്ടാക്കിക്കൊടുക്കാൻ പ്രധാനമന്ത്രി നേരിട്ട്  ഇടനിലക്കാരനാവുകയാണ്.  റഫാൽ വിഷയത്തിൽ നേരത്തെ ഉണ്ടായ സുപ്രീം കോടതിവിധിയെപ്പോലും അപ്രസക്തമാക്കാൻ പോന്നവയാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന പുതിയ  വിവരങ്ങൾ. അടിയന്തരമായി  പാർലമെന്റിന്റെ ഒരു സംയുക്ത കമ്മിറ്റിയെ നിയോഗിച്ചു  ഈ വിഷയത്തിൽ അന്വേഷണം എത്രയും പെട്ടെന്ന് ഏറ്റെടുക്കേണ്ടതാണ്.
 ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കും വർഗീയതയ്ക്കും സ്വേച്ഛാധികാര ദുഷ്പ്രഭുത്വത്തിനും  കാരണമായ ഒരു സർക്കാരിനെ പുറത്താക്കുക എന്നത് 
വരുന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ചേടത്തോളം ഒരു അടിയന്തര കർത്തവ്യമായിരിക്കുന്നു.  

No comments:

Post a Comment