Tuesday, 5 February 2019

പശ്ചിമബംഗാളിൽ മോദി സർക്കാർ നടത്തുന്ന ഗൂഢാലോചനാപരമായ കൈകടത്തലിനെ ചെറുക്കുക

പശ്ചിമബംഗാളിൽ മോദി സർക്കാർ നടത്തുന്ന ഗൂഢാലോചനാപരമായ കൈകടത്തലിനെ ചെറുക്കുക  
ദീപങ്കർ ഭട്ടാചാര്യ , ജനറൽ സെക്രട്ടറി , സി പി ഐ (എംഎൽ ) (ലിബറേഷൻ )

2019 ലോക് സഭാതെരഞ്ഞെടുപ്പ് ആസന്നമായിരിക്കുമ്പോൾ പശ്ചിമ ബംഗാൾ സർക്കാരിനുനേരെ മോദി  സർക്കാർ  ഗൂഢാലോചനപരമായ ഒരു ആക്രമണം അഴിച്ചുവിടാൻ തുനിഞ്ഞിരിക്കുകയാണ്. ശാരദാ അഴിമതിയെന്നറിയപ്പെടുന്ന ഒരു കുംഭകോണക്കേസ്സ് സി ബി ഐ അന്വേഷിക്കാൻ എത്തുകയാണെന്ന ഒരു പുകമറ സൃഷ്ടിച്ചുകൊണ്ടായിരുന്നു ബി ജെ പി യുടെ ആക്രമണനീക്കം. കുറേ നാളായി ബി ജെ പി നേതാക്കൾ സംസ്ഥാനത്ത് രാഷ്ട്രപതിഭരണമേർപ്പെടുത്തുന്നതിന് കിണഞ്ഞു ശ്രമിക്കുകയാണെന്നത് വ്യക്തമായും സൂചിപ്പിക്കുന്നത്   ഇന്ത്യൻ ഭരണഘടനയെയും അത് വിഭാവനം ചെയ്യുന്ന ഫെഡറൽ ചട്ടക്കൂടിനെയും പൊളിച്ചടുക്കാൻ മോദി സർക്കാർ കാണിക്കുന്ന കുടിലമായ വ്യഗ്രതയാണ്. സി ബി ഐ യെ ഉപയോഗിച്ച് മോദി സർക്കാർ ഇപ്പോൾ ബംഗാളിൽ നടപ്പാക്കാൻ ശ്രമിക്കുന്ന ഗൂഢ പദ്ധതിയെ
 ശക്തമായി അപലപിക്കുന്നതോടൊപ്പം പശ്ചിമ ബംഗാളിലെ ജനാധിപത്യവിശ്വാസികളായ മുഴുവൻ ജനതയും കേന്ദ്രസർക്കാരിന്റെ ക്രിമിനൽ ഇടപെടലിനെ എതിർത്തുതോൽപ്പിക്കണമെന്ന് ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.   

പശ്ചിമ ബംഗാളിലെ ശാരദാ -  റോസ് വാലി ചിറ്റ് ഫണ്ട് കുംഭകോണങ്ങൾക്കെതിരെ സംസ്ഥാനത്തിലെ ജനങ്ങൾ ദീർഘകാലമായി പ്രതിഷേധത്തിലും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലും ആയിരുന്നു. ഇതേ അഴിമതിയുടെ കറ പുരണ്ട മുകുൾ റോയിയെപ്പോലുള്ള അനേകം നേതാക്കന്മാരെ പാർട്ടിയിൽ സ്വീകരിച്ചിട്ടുള്ള ബി ജെ പിയ്ക്ക് അതിനെതിരെ നടപടിയെടുക്കുന്നുവെന്ന് അവകാശപ്പെടാൻ ഒരിക്കലും ആവില്ല. മാത്രമല്ല, മോദി സർക്കാർ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന  അഴിമതിയാരോപണങ്ങളിൽ  നോട്ട് റദ്ദാക്കൽ ഉത്തരവുമുതൽ റഫാൽ ഇടപാട് വരെയുള്ളവ  തീർച്ചയായും തുലോം ഗുരുതരവുമാണ്. ഏറ്റവും വലിയ തോതിൽ ചങ്ങാത്ത മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് സ്വയം തെളിയിച്ച ഒരു സർക്കാർ  അഴിമതിയെ  തുടച്ചുനീക്കാനെന്ന് അവകാശപ്പെട്ടുനടത്തുന്ന വാചകമടി ആത്മവഞ്ചനയ്ക്കുള്ള  മകുടോദാഹരണമായേ കാണാനാകൂ .

പശ്ചിമബംഗാളിൽ ബി ജെ പിയും കേന്ദ്ര സർക്കാരും ചേർന്ന്  നടപ്പാക്കാൻ  ശ്രമിക്കുന്ന  ഓരോ ഗൂഢാലോചനയെയും എതിർത്ത് തോൽപ്പിക്കാൻ സംസ്ഥാനത്തിലെ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണ് ; അതേ സമയം തൃണമൂൽ  ഭരണകൂടത്തിൻ കീഴിൽ വർധിച്ചുകൊണ്ടിരിക്കുന്ന  അഴിമതിക്കും  മർദ്ദനവാഴ്ചയ്ക്കും എതിരായ സ്വന്തം സമരങ്ങൾ തുടർന്നും മുന്നോട്ടു കൊണ്ടുപോകുന്നതായിരിക്കും.     
(ഫെബ്രുവരി 4 , 2019 )

No comments:

Post a Comment