Monday, 25 February 2019

ആദിവാസി സമൂഹങ്ങൾക്കും വനവകാശങ്ങൾക്കും എതിരായ യുദ്ധം  

20 ലക്ഷം ആദിവാസി കുടുംബങ്ങളെ ഒഴിപ്പിക്കുന്നത് തടയാൻ മോദി സർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കണം 

പട്ടികവർഗ്ഗക്കാരുടെയും മറ്റു പരമ്പരാഗത വനവാസിസമൂഹങ്ങളുടെയും അവകാശങ്ങൾ പരിരക്ഷിക്കാനുള്ള 2006 -ലെ വനാവകാശ നിയമം  [ 
 Scheduled Tribes and Other Traditional Forest Dwellers (Recognition of Forest Rights) Act, 2006,(FRA)  ] ഫലത്തിൽ ദുർബ്ബലപ്പെടുതും വിധത്തിൽ    ഫെബ്രുവരി 20 ന് പുറപ്പെടുവിച്ച ഒരു മൂന്നംഗ ബെഞ്ച്  വിധിയിലൂടെ സുപ്രീം കോടതി ഗുരുതരമായ ഒരു  ജുഡീഷ്യൽ അട്ടിമറിയാണ് സൃഷ്ടിച്ചിരിക്കുന്നത്. തങ്ങളെ  ഒഴിപ്പിക്കാനുള്ള നീക്കങ്ങൾക്കെതിരെ വനാവകാശ നിയമത്തിന്റെ പിൻബലത്തിൽ രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ 20 ലക്ഷം  ആദിവാസി കുടുംബങ്ങൾ  ഉന്നയിച്ച അവകാശവാദം അധികൃതർ നേരത്തെ തള്ളിയിരുന്നു. ഈ സന്ദർഭത്തിൽ ആണ് പ്രകൃതി സംരക്ഷണത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന വൈൽഡ് ലൈഫ് ഫസ്റ്റ് , നേച്ചർ കൺസർവേഷൻ സൊസൈറ്റി ,ടൈഗർ റിസർച്ച്, കൺസെർവഷൻ ട്രസ്ററ്  എന്നീ സംഘടനകളും , വനം വകുപ്പിൽ ഉയർന്ന പദവികളിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന ചില സന്നദ്ധ  സംഘടനകളും ചേർന്ന് ഒരു പൊതുതാൽപ്പര്യ ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചത്. മേൽപ്പറഞ്ഞ 20 ലക്ഷം ആദിവാസി  കുടുംബങ്ങളിലെ ഓരോ വ്യക്തിയും വ്യാജമായ അവകാശവാദങ്ങൾ ഉന്നയിച്ചു എഫ് ആർ എ നിയമത്തെ മുതലെടുക്കാൻ ശ്രമിക്കുകയാണെന്നും, ആയതിനാൽ അവരെ പുറത്താക്കാൻ വിവിധ സംസ്ഥാനങ്ങളിലെ  അധികാരികൾ എടുത്ത തീരുമാനം സുപ്രീം കോടതി അംഗീകരിച്ചു നടപ്പാക്കണം എന്നും ആയിരുന്നു "പൊതുതാൽപ്പര്യ ഹർജി"ക്കാരുടെ ആവശ്യം. ഈ ആവശ്യം അംഗീകരിക്കുന്ന വിധിപ്രസ്താവനയിലൂടെ  സുപ്രീം കോടതി  20 ലക്ഷം ആദിവാസികുടുംബങ്ങളെ  സമയബന്ധിതമായി പുറത്താക്കാൻ  സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
 
 
 വനാവകാശ സമരപ്രസ്ഥാനങ്ങളുടെ വിശാലമായ ഒരു കൂട്ടായ്മയെ പ്രതിനിധാനം ചെയ്യുന്ന ഫോറസ്‌റ്റ്സ് റൈറ്റ്സ്  കാംപെയിൻ  ഫോർ സർവൈവൽ ആൻഡ് ഡിഗ്‌നിറ്റി നടത്തിയ  നിരീക്ഷണം ശ്രദ്ധേയമാണ് :  " സർക്കാരിന്റെ തന്നെ കണ്ടെത്തലുകൾ പ്രകാരം പല കേസുകളിലും വനവാസികളുടെ അപേക്ഷകൾ തള്ളപ്പെട്ടത് 
 നിയമവിരുദ്ധമായിട്ടായിരുന്നു. പൊതുതാപ്പര്യ ഹർജി  ഫയൽ ചെയ്തവരുടെ വാദഗതികളും അബദ്ധജടിലമായിരുന്നു. 14,77,993 ക്ലെയിമുകൾ "തള്ളപ്പെട്ടത്"  ഗ്രാമസഭാതലങ്ങളിൽ ആയിരുന്നു; എന്നാൽ, വനപാലകരുടെ നിയമവിരുദ്ധ ഇടപെടലുകൾ നിമിത്തമാണ് ദുർബ്ബലവിഭാഗങ്ങളുടെ ഇത്തരം  അപേക്ഷകൾ പലപ്പോഴും ഗ്രാമസഭകൾ തള്ളുന്നത്  എന്ന വസ്തുതയ്ക്ക് പുറമേ , ഗ്രാമസഭയുടെ തിരസ്കാരത്തിന്മേൽ  രണ്ടു തവണ അപ്പീൽ സമർപ്പിക്കാൻ നിയമം അനുവദിക്കുന്നുവെന്നതും കണക്കിലെടുക്കുമ്പോൾ പൊതുതാൽപ്പര്യ ഹർജിക്കാർ വാദിച്ചതുപോലെ 14,77,993 ക്ലെയിമുകൾ "തള്ളിയത്" അന്തിമ നടപടിയായി കണക്കാക്കാൻ പറ്റുന്നതായിരുന്നില്ല. മർദ്ദിതരും പാർശ്വവൽകൃതരും നിരക്ഷരരുമായ ജനസമൂഹങ്ങൾ  ഒരുവശത്തും ,അഴിമതിക്കാരായ വനപാലകരുടെ ഉദ്യോഗസ്ഥ മേധാവിത്വം മറുവശത്തും ആയി  വനവകാശം സംബന്ധിച്ചുള്ള ഓരോ തർക്കത്തിലും സ്വന്തം അവകാശവാദം സ്ഥാപിച്ചെടുക്കാൻ പ്രാപ്തരല്ലെങ്കിൽ ആദ്യം പറഞ്ഞ വിഭാഗം തങ്ങളുടെ വീടും ഭൂമിയും ഉപജീവനോപാധികളും എല്ലാം നഷ്ടപ്പെടാൻ അർഹരാണെന്നാണ് പൊതുതാൽപ്പര്യ ഹർജിക്കാർ കരുതുന്നത്."

വിരോധാഭാസകരമായ മറ്റൊരു കാര്യം, ഹർജിക്കാർ ആദിവാസികളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല എന്നതാണ്.  എഫ് ആർ എ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുക മാത്രമേ 
അവർ ചെയ്തിരുന്നുള്ളൂ. എന്നാൽ, സുപ്രീം കോടതി ഒരു പടികൂടി മുന്നോട്ടു പോയി ഭൂമിയിൽനിന്ന് വനവാസികളെ ഒഴിപ്പിക്കാൻ ഉത്തരവിടുകയാണ് ചെയ്തത്. അങ്ങിനെ  ചെയ്തപ്പോൾത്തന്നെ അതിനു വിധേയരായ കക്ഷികൾക്ക് അവരുടെ ഭാഗം ബോധിപ്പിക്കാൻ അവസരം നൽകിയില്ലെന്ന് മാത്രമല്ല ,  എഫ് ആർ എ നിയമത്തിന്റെ ഭരണഘടനാസാധുതയ്ക്കെതിരായ വിധിപ്രസ്താവത്തിന് സുപ്രീം കോടതി ബെഞ്ച് ഒരുമ്പെട്ടുമില്ല !

 
പരമ്പരാഗതമായി കാടുകളിൽ വസിക്കുന്ന ആദിവാസി സമുദായങ്ങൾക്ക്‌ വനവും വന്യജീവികളും സംരക്ഷിക്കുന്നതിൽ   വളരെ നിർണ്ണായകമായ  പങ്കാണ്  വഹിക്കാനുള്ളത് എന്ന കാര്യം ഏവർക്കും അറിവുള്ളതാണ് .എന്നാൽ മോദി  സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദപരമായ സമീപനത്തിന്റെ കൂടി ഫലമായി ഉണ്ടായിരിക്കുന്ന സുപ്രീം കോടതിവിധി വനഭൂമികളുടെ  കോർപ്പറേറ്റ് കയ്യേറ്റത്തിനും , 20 ലക്ഷം ആദിവാസി കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിലൂടെ വൻതോതിലുള്ള  ഒരു മാനുഷിക പ്രതിസന്ധിക്കും ആണ് അടിസ്ഥാനപരമായി വഴിതെളിക്കുന്നത് . 
മോദി  സർക്കാരിന് ദലിതരോടും ആദിവാസികളോടും ഉള്ള ശത്രുത എത്രയോ തവണ വ്യക്തമായതാണ് . ഇതിനു മുൻപ്  പട്ടികജാതി- പട്ടിക വർഗ്ഗ (അതിക്രമങ്ങൾ തടയൽ ) നിയമത്തെ ദുർബ്ബലമാക്കുന്ന ഒരു വിധി സുപ്രീം കോടതി പുറപ്പെടുവിക്കാൻ ഇടവന്നതും മോദി   സർക്കാർ ആ നിയമത്തെ   പ്രതിരോധിക്കാൻ  വേണ്ടവിധത്തിൽ  ഒന്നും ചെയ്യാത്തതുമൂലമായിരുന്നു. സുപ്രീം കോടതി വിധിയെത്തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉണ്ടായപ്പോൾ മോദി സർക്കാർ ഒരു ഓർഡിനൻസ് പാസ്സാക്കിയെങ്കിലും  ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രതിഷേധം നടത്തിയ  ദലിത് പ്രവർത്തകരെ കൂട്ടത്തോടെ ജെയിലിലിടുകയാണ് സർക്കാരുകൾ ചെയ്തത്.  ഝാർഖണ്ഡിൽ  തത്സമയം ഭരണ ത്തിലുണ്ടായിരുന്ന ബി ജെ പി ഗവണ്മെന്റ് ആദിവാസി ഭൂമി സംരക്ഷിക്കുന്നതിന് സഹായകമായ ഛോട്ടാനാഗ് പൂർ ടെനൻസി ആക്ട്, സാന്താൾ പർഗാന ടെനൻസി ആക്ട് എന്നീ  നിയമങ്ങളെ അട്ടിമറിക്കാൻ ശ്രമിച്ചിരുന്നു. പ്രസ്തുത നിയമങ്ങൾ ലംഘിക്കുന്നതിനെതിരായും  ആദിവാസി ഭൂമി കോർപറേറ്റുകൾ  കൈവശപ്പെടുത്തുന്നതിനെതിരായും പ്രതിഷേധിച്ച ആദിവാസികളെ  പോലീസ് വെടിവെപ്പിലൂടെയാണ്  അന്ന് നേരിട്ടിരുന്നത്.

എഫ് ആർ എ അനുസരിച്ചുള്ള ക്ലെയിമുകൾ തള്ളപ്പെട്ടതിനെത്തുടർന്ന് ഒഴിപ്പിക്കൽ ഭീഷണി നേരിടുന്ന ആദിവാസികളെയും വനവാസിവിഭാഗങ്ങളെയും കുടിയിറക്കുന്നതു അടിയന്തരമായി തടയാൻ മോദി ഗവണ്മെന്റ് ഒരു ഓർഡിനൻസ്  പുറപ്പെടുവിക്കണമെന്ന് സി പി ഐ (എം എൽ ) ആവശ്യപ്പെടുന്നു.  


No comments:

Post a Comment