Monday, 23 December 2019

*ഇത് നമ്മുടെ പൗരത്വത്തിനുമേലെയുള്ള നിർമൂല്യവൽക്കരണം ആണ് *
*നമ്മുടെ വോട്ടവകാശവും പൗരത്വവും സംരക്ഷിക്കാനുള്ള ഈ പ്രക്ഷോഭത്തിൽ അണിചേരുക* 

പ്രിയ സുഹൃത്തുക്കളേ, 


പൗരത്വ നിയമഭേദഗതിക്കും എൻ ആർ സി യ്ക്കും എതിരെ  രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നുവരികയാണ് . പല സ്ഥലങ്ങളിലും ഇന്റർനെറ്റ് സേവനം നിരോധിതമാവുകയും റോഡ് - റെയിൽ ഗതാഗതം പരിമിതമാക്കുകയും ഇന്ത്യയിൽ അങ്ങോളമിങ്ങളോളം 144 -)0 വകുപ്പ് പ്രഖ്യാപിക്കപ്പെട്ടിരിക്കുകയും ആണ്. വിദ്യാർഥികളുടേയും  പ്രതിഷേധങ്ങളിൽ പങ്കെടുത്ത  മറ്റു ജനവിഭാഗങ്ങളുടെയും നേർക്ക് പോലീസ് കഠിനമായ ബലപ്രയോഗം നടത്തിയതിന്റെ ഫലമായി നിരവധിയാളുകൾക്കു സാരമായ പരിക്കുകൾ ഏൽക്കുകയും കണ്ണിനു കാഴ്ച നഷ്ടപ്പെടുകയും പോലീസ് വെടിവെപ്പിൽ ജീവഹാനിപോലും സംഭവിക്കുകയും ചെയ്തു.
*ഇനിയെന്താണ്? *

ഇത് ഒരു കലാപമാണോ ? അതോ ഒരു വിവാദമോ സംഘർഷമോ ആണോ ?

ഒരിക്കലുമല്ല. പ്രതിഷേധിക്കുന്നവരെല്ലാം തന്നെ സമാധാനം  ആഗ്രഹിക്കുന്നവരാണ് .സമുദായങ്ങൾ തമ്മിൽ ഇവിടെ പസസ്പരം ഏറ്റുമുട്ടുന്നില്ല. ജനങ്ങൾക്കുനേരെ ഹിംസ അഴിച്ചുവിട്ടു അവരുടെ സാധാരണ ജീവിതം താറുമാറാക്കാൻ നോക്കുന്നത് മോദി സർക്കാരും ബി ജെ പി ഭരിക്കുന്ന സംസ്ഥാന ഗവണ്മെന്റുകളുമാണ് .

പ്രതിഷേധിക്കുന്നവർ നമ്മുടെ പൗരത്വവകാശങ്ങളെയും രാജ്യത്തെയും സംരക്ഷിക്കാൻ ശ്രമിക്കുകയാണ് . ഡോ അംബേദ്‌കർ എഴുതിയ ഇന്ത്യൻ ഭരണഘടന ബി ജെ പി യുടെ കയ്യാൽ റദ്ദാക്കപ്പെടുന്നതിനെയാണ് അവർ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്.

*നിങ്ങളുടെ സമ്മതിദാനാവകാശം, പൗരത്വം, ഇന്ത്യൻ ഭരണഘടന ഇവയെല്ലാം റദ്ദാകുന്ന അപകടമാണ് മുന്നിലുള്ളത് * മോദി -ഷാ സർക്കാർ നടപ്പാക്കാൻ പോകുന്ന ദേശീയ പൗരത്വ രജിസ്റ്റർ, നമ്മെയോരോരുത്തരെയും ക്യൂവിൽ നിർത്തി പൗരത്വം തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെടുകയാണ്. T

* എൻ ആർ സി എന്നുവെച്ചാൽ :  ഓരോ പുരുഷനും സ്ത്രീയും കുഞ്ഞും അവരവരുടെ പൗരത്വം വെവ്വേറെ തെളിയിക്കണം *

*എങ്ങിനെയാണ് നിങ്ങൾ ഒരു ഇന്ത്യൻ പൗരനാണെന്നു തെളിയിക്കേണ്ടത് ? *
* വോട്ടർ ഐ ഡി കാർഡ് ഉണ്ടല്ലോ ;അല്ലെങ്കിൽ ആധാർ കാർഡ് കാണിക്കാമല്ലോ എന്നാണ് നിങ്ങൾ കരുതുന്നുണ്ടാവാം..പക്ഷെ,  അതൊന്നും പോരാ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ !*

*നിങ്ങൾ രേഖാമൂലം തെളിയിക്കേണ്ടത് രണ്ടു കാര്യങ്ങൾ ആണ്

1) നിങ്ങളുടെ മുൻതലമുറ 1951 നു മുൻപ് ഇന്ത്യയിൽ എത്തിയിരുന്നു
2) നിങ്ങൾ നേരിട്ട് അവരുടെ പിൻതലമുറയിൽ വരുന്ന ആൾ ആണ് *

*നമ്മുടെ രാജ്യത്ത് ജീവിക്കുന്ന ദരിദ്രർക്ക് അവർ ദാരിദ്ര്യ രേഖയ്ക്ക് കീഴിൽ  ആണെന്ന് തെളിയിക്കുന്ന "ബി പി എൽ" രേഖകൾ പോലും ഹാജരാക്കാൻ  സാധിക്കാത്തതിനാൽ റേഷൻ കാർഡിൽ പോലും പേര് ലഭിക്കാത്ത അനുഭവങ്ങൾ പലപ്പോഴും ഉണ്ടാവാറുണ്ട് . ആധാർ കാർഡ് ഉണ്ടാക്കാൻ സാധിക്കാഞ്ഞതിനാൽ റേഷനും പെൻഷനും കിട്ടാതെ മരിച്ച എത്രയോ ആളുകൾ ഉള്ള നാടാണ് ഇത്.*
 
*  ഈ രാജ്യത്തിലെ പൗരന്മാർ ആകാൻ ഉള്ള നമ്മുടെ അർഹതപോലും റദ്ദാക്കും  എന്നാണ്   ഈ സർക്കാർ  ഇപ്പോൾ  ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്*
.
അസമിൽ എൻ ആർ സി നടപ്പാക്കിയപ്പോൾ 19 ലക്ഷം ആളുകൾ ആണ് പൗരത്വ ലിസ്റ്റിൽ നിന്ന് പുറത്തായത്. അവർ "അനധികൃത കുടിയേറ്റക്കാർ" ആയതുകൊണ്ടായിരുന്നില്ല അത് സംഭവിച്ചത് .  അവർ ദരിദ്രർ ആയിരുന്നതുകൊണ്ടും, അവരുടെ കയ്യിൽ രേഖകൾ ഇല്ലാതിരുന്നതുകൊണ്ടും ആയിരുന്നു. പല കേസുകളിലും ഭാര്യമാർ പട്ടികയ്ക്ക് പുറത്തും ഭർത്താക്കന്മാർ അകത്തും ആയി . മറ്റു ചില കേസുകളിൽ അച്ഛനമ്മമാർക്ക് പട്ടികയിൽ സ്ഥാനം ലഭിച്ചപ്പോൾ കുഞ്ഞുങ്ങൾ പുറത്തായി. അങ്ങനെ പുറത്താക്കപ്പെട്ടവരുടെ ഭാവി അനിശ്ചിതത്വത്തിൽ ആണ്. പുറത്താക്കപ്പെട്ടവരിൽ ഗണ്യമായ സംഖ്യയിൽ  ഹിന്ദുക്കളും മുസ്ലീങ്ങളും  ആദിവാസികളും മറ്റു സംസ്ഥാനങ്ങളിൽനിന്ന് കുടിയേറിയ കൂലിവേലക്കാരും സ്ത്രീകളും ഉണ്ടായിരുന്നു.
* അസമിൽ നടപ്പാക്കിയ ഇതേ പരിപാടിയാണ് മോദി - ഷാ സർക്കാർ ഇന്ത്യയിൽ ഒട്ടുക്കും നടപ്പാക്കും എന്ന് ഇപ്പോൾ പറയുന്നത്* 

എൻ ആർ സി നടപ്പാക്കുന്നതിന്  മുന്നോടിയായി ഒരു ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്ന പണി ഇപ്പോൾത്തന്നെ  അവർ തുടങ്ങിയിട്ടുണ്ട്.

അമിത് ഷായുടെ പ്രസംഗങ്ങളിൽ ആവർത്തിച്ചു് പറയുന്നതുപോലെ ,എൻ ആർ സി പ്രക്രിയമൂലം  പൗരത്വലിസ്റ്റിൽ നിന്നും പുറത്താക്കപ്പെടുന്നവരിൽ മുസ്ലീങ്ങളെ  അരിച്ചുമാറ്റി പുറത്താക്കാൻ ആണ് പൗരത്വ നിയമം ഭേദഗതി ചെയ്തത്.   

*എൻ ആർ സി ലിസ്റ്റിൽപ്പെടാൻ തെളിവ് ഹാജരാക്കാൻ കഴിയാത്ത ഒരു മുസ്‌ലിം ആണ് നിങ്ങൾ എങ്കിൽ  വോട്ടവകാശം എന്നെന്നേക്കുമായി നഷ്ടപ്പെട്ട് ജെയിലുകളെക്കാൾ നരകതുല്യമായ ഡീറ്റെൻഷൻ സെന്ററിലേക്കാണ് നിങ്ങളെ തള്ളിവിടുക *

*എന്നാൽ നിങ്ങൾ എൻ ആർ സി ലിസ്റ്റിൽപ്പെടാൻ തെളിവ് ഹാജരാക്കാൻ കഴിയാത്ത ഒരു അമുസ്‌ലിം ആണെങ്കിൽ ബംഗ്ളാ ദേശിലോ പാകിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ നിന്ന് എത്തിയ ഒരു "അഭയാർത്ഥി" ആണെന്ന്  സി എ എ വകുപ്പ്കൾ  പ്രകാരം അവകാശപ്പെട്ട് ആറു വർഷം സാവകാശം  കാത്തിരിക്കാം . അടുത്ത പടിയായി മാത്രമേ നിങ്ങളുടെ  പൗരത്വ അപേക്ഷ പരിഗണിക്കുകയോ തള്ളുകയോ ചെയ്യുള്ളൂ  * .

സി എ എ ഇന്ത്യൻ പൗരന്മാരെ ഒരു തരത്തിലും ബാധിക്കില്ലെന്നും , 2014 ഡിസംബർ 31 നു മുൻപ് പാകിസ്ഥാൻ,, ബംഗ്ളാ ദേശ് ,അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് വന്നു ഇന്ത്യയിൽ താമസമാക്കിയ അമുസ്ലീങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ വേണ്ടിയാണ് ആ നിയമം എന്നും ആണല്ലോ സർക്കാർ പറയുന്നത്  എന്നും, നമ്മുടെ അയല്രാജ്യങ്ങളിൽ നിന്ന് അഭയം തേടിയെത്തുന്ന പീഡിത ന്യൂനപക്ഷങ്ങൾക്കു പൗരത്വം അനുവദിക്കുന്നതിൽ എന്താണ് തെറ്റ് എന്നും നിങ്ങൾ ചോദിച്ചേക്കാം. ഈ ചോദ്യത്തിന് രണ്ടുതരത്തിലുള്ള ഉത്തരങ്ങൾ സാധ്യമാണ്:

* 1) എല്ലാ അഭയാർത്ഥികളെയും സഹായിക്കുക എന്നതാണ് നയം  എങ്കിൽ അഭയാർഥികളെ അവരുടെ മതവും ദേശവും നോക്കിയാണോ സഹായിക്കേണ്ടത് ? ശ്രീലങ്കയിൽ നിന്ന് വന്നു 1984 മുതൽ താമസിക്കുന്ന  തമിൾ മാതൃഭാഷക്കാരായ ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യൻ അഭയാർത്ഥികൾക്കും തുണയായി  എന്തുകൊണ്ട് സി എ എ യിൽ  വകുപ്പ് ഇല്ല ?മ്യാന്മറിൽനിന്നു  പീഡനങ്ങളുടെ ഫലമായി എത്തുന്ന റോഹിൻഗ്യൻ മുസ്ലീങ്ങളെ എന്തുകൊണ്ട് സഹയിക്കുന്നില്ല ?

2) വിച്ഛേദന തീയ്യതി 2014 ഡിസംബർ 31 ആവുമ്പോൾത്തന്നെ സി എ എ നിയമം  31,333 പേർക്ക് പ്രയോജനപ്പെടും എന്ന് 2016 ൽ ബില്ലിനെസംബന്ധിച്ചു  പാർലമെന്ററി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഒരു ഹിയറിങ്ങിൽ ഐ ബി സമ്മതിച്ചിട്ടുണ്ട്. പക്ഷെ, ഇങ്ങനെയൊരു ഭേദഗതി നിയമം ഇല്ലാതെയും അത് നടപ്പാക്കാൻ കഴിയുമായിരുന്നില്ലേ എന്ന ചോദ്യം ഉത്ഭവിക്കുന്നു. *

*അപ്പോൾ എൻ ആർ സി യും സി എ എ യും കൂടി നടപ്പാക്കുന്നതിന്റെ യഥാർത്ഥ ഉദ്ദേശം വേറെയാണ്. മുസ്ലീങ്ങൾക്ക് ഈ രാജ്യത്തിൽത്തന്നെ പൗരത്വം നിഷേധിക്കലും ,മുസ്ലീങ്ങളല്ലാത്ത ദരിദ്രരെ സ്വന്തം രാജ്യത്തു് അഭയാർത്ഥികൾ ആക്കിത്തീർക്കലും ആണ്‌ അത്*

ഇന്ത്യക്കാരായ മുസ്ലീങ്ങൾ 1947 ൽ വിഭജനകാലത്തു പാക്കിസ്ഥാനിലേക്ക് പോകാൻ കൂട്ടാക്കാതെ ഇവിടെത്തന്നെ താമസിക്കാൻ തീരുമാനിച്ചവരാണ് എന്ന് ഓർക്കുക. ഇന്ന് മോദി -ഷാ ഭരണകൂടം അവരെ വിളിക്കുന്നത് *ചിതലുകൾ* എന്നും, * നുഴഞ്ഞുകേറ്റക്കാർ* എന്നും ഒക്കെയാണ് .

*ഡോ അംബേദ്‌കർ ഭരണഘടന എഴുതിയപ്പോൾ മുസ്ലീങ്ങൾ,ഹിന്ദുക്കൾ, സിഖുകാർ, പാഴ്സികൾ, ജെയിനന്മാർ ,ബുദ്ധിസ്റ്റുകൾ, ജൂതന്മാർ എന്ന വ്യത്യാസം കൂടാതെ എല്ലാവരെയും തുല്യരായിട്ടാണ് പരിഗണിച്ചിരുന്നത്. ആർ എസ് എസ് ഈ ഭരണഘടനയെ എല്ലാക്കാലത്തും വെറുത്തിരുന്നു.* നമ്മുടെ മനസ്സുകളിൽ വിഷം കലർത്തി ഇന്ത്യയെ ഹിന്ദു എന്നും മുസ്‌ലിം എന്നും വിഭജിക്കാൻ ആണ്  ബി ജെ പി  ഇപ്പോൾ ശ്രമിക്കുന്നത്. ഇങ്ങനെയൊരു വിഭജനത്തിന്റെ അനന്തരഫലം  രാജ്യത്തെ ദുർബ്ബലപ്പെടുത്തുകയും ഓരോരുത്തരെയും ദോഷകരമായി ബാധിക്കുകയും മാത്രമാണ്. നമ്മുടെ അയൽക്കാരന്റെ വീടിന് ആരെങ്കിലും തീവെക്കുകയാണെങ്കിൽ നമ്മുടെ വീടുകളും കത്തും എന്നതിനാൽ  യഥാസമയം എല്ലാവരും ചേർന്ന് തീയണച്ചുകൊണ്ടാണ് ആപത്തു് ഒഴിവാക്കേണ്ടത്.

നോട്ടുകൾ വിലയില്ലാതാക്കിയപ്പോൾ നമ്മുടെ തൊഴിലുകളും സമ്പദ്‌വ്യവസ്ഥയും നാശത്തിലേക്കു നീങ്ങി. * നമ്മുടെ രാജ്യത്തിന് മേൽ അഴിച്ചുവിടുന്ന ഒരു പുതിയ ദുരന്തമാണ് രാജ്യത്തെ വിഭജിക്കുന്നതും ഭരണഘടനയെ ഇല്ലാതാക്കുന്നതും*

അസമിൽ എൻ ആർ സി നടപ്പാക്കാൻ പൊതുഖജനാവിൽന്നും ചെലവാക്കിയത് 1,600 കോടി രൂപയായിരുന്നു. ആകപ്പാടെ 10 വർഷങ്ങൾ എടുത്തു് പൂർത്തിയാക്കിയ ആ  ജോലിയിൽ നിയുക്തരായിരുന്നത് 52,000 ഉദ്യോഗസ്ഥർ ആയിരുന്നു. സാധാരണ മനുഷ്യരും ദരിദ്രരും സഹിച്ച വേദനയും നെട്ടോട്ടവും കഷ്ടപ്പാടുകളും പിന്നെ പറയേണ്ടതില്ല. തീർത്തും അനാവശ്യവും ക്രൂരവുമായ ഈ അഭ്യാസം ഇന്ത്യയൊട്ടുക്ക് നടപ്പാക്കാൻ ഏറ്റവും ചുരുങ്ങിയത് 50,000 കോടി രൂപ വേണ്ടിവരും. പൗരത്വം തെളിയിക്കാൻ ആവശ്യമായ രേഖകൾ സമ്പാദിക്കാൻ അടുത്ത പത്തുവർഷം ഇന്ത്യൻ ജനത  അങ്ങോട്ടുമിങ്ങോട്ടും ഓടിത്തളർന്ന് അവരിൽ ഏറ്റവും ദുർബ്ബലർ പരാജയപ്പെടുന്ന നടുക്കുന്ന  കാഴ്ചയാണ് നമ്മുടെ മുന്നിൽ ചുരുൾ നിവരുന്നത് .

എൻ ആർ സി -സി എ എ യ്ക്കുവേണ്ടി ഇത്രയും പൊതുമുതൽ ദുർവ്യയം ചെയ്യുന്ന സർക്കാർ * എന്തുകൊണ്ട് തൊഴിൽരഹിതരുടെ ഒരു പട്ടിക തയ്യാറാക്കി  തൊഴിലില്ലാത്ത എല്ലാവർക്കും ഉദ്യോഗമോ, തൊഴിലില്ലായ്മാവേതനമോ നൽകാൻ ഏർപ്പാട് ചെയ്യുന്നില്ല ?*

സി എ എ വിരുദ്ധ പ്രതിഷേധങ്ങൾ അടിച്ചമർത്താൻ അന്തമില്ലാത്ത ഹിംസ അഴിച്ചുവിടുകയാണ് സർക്കാർ .പോലീസ് വെടിവെപ്പിന്റെയും അതിക്രമങ്ങളുടെയും  ഫലമായി ഇതിനകം 20 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതിൽ 8 വയസ്സുകാരനായ ബാലൻ ഉൾപ്പെടെ 15 പേർ യു പി യിൽമാത്രം കൊല്ലപ്പെട്ടു. *  ഇത്രയും പേരുടെ ജീവൻ കവർന്ന് എൻ ആർ സി-സിഎ എ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ഉള്ള നിർബന്ധബുദ്ധി കാട്ടുന്നത് എന്തിനാണ് ? *

പ്രതിഷേധക്കാർ അക്രമം കാട്ടുന്നുവെന്നാണ് സർക്കാർ അവകാശപ്പെടു ന്നത്. യഥാർത്ഥത്തിൽ ഫോട്ടോകളും വീഡിയോകളും ഏറെയും എടുത്തുകാട്ടുന്നത് നിരവധി  വാഹനങ്ങൾക്ക് പോലീസ്തീവെക്കുന്നതും , പ്രതിഷേധക്കാർക്ക് നേരെ കല്ലേറ് നടത്തുന്നതും ആണ്.

*പ്രധാനമന്ത്രി മോദി പറഞ്ഞത് പ്രതിഷേധക്കാരെ അവരുടെ വേഷം  കൊണ്ട് തിരിച്ചറിയാമെന്നാണ് .ഇതിന്റെ അർത്ഥം പ്രതിഷേധിക്കുന്നവർ മുസ്ലീങ്ങളാണെന്നാണ്. മോദിയുടെ ആ പ്രസ്താവന  പിന്തുടർന്നുകൊണ്ടാണ് പശ്ചിമബംഗാളിൽ ലുങ്കിയും തൊപ്പിയും ധരിച്ചുകൊണ്ട് ട്രെയിനിന് നേരെ ബി ജെ പി ക്കാർ കല്ലെറിഞ്ഞത് .  പശ്ചിമ ബംഗാൾ പോലീസ് അവരെ കയ്യോടെ പിടികൂടുകയായിരുന്നു. *

പക്ഷേ, പ്രതിഷേധിക്കുന്നവർ  യഥാർത്ഥത്തിൽ ഇന്ത്യയിലെ ഓരോ ജനവിഭാഗവും ആണ്- അവരിൽ മുസ്ലീങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും സിഖുകാരും ഉണ്ട്- ഓരോ മതക്കാരും ഭാഷക്കാരും ഉണ്ട്. അവർ ഒറ്റക്കെട്ടായി രംഗത്തുവന്നിരിക്കുന്നത് ഇന്ത്യയുടെ ഭരണഘടനയും ജനാധിപത്യവും രക്ഷിക്കാൻ ആണ് .

ഇന്ത്യയിൽ എമ്പാടും പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുമ്പോൾ  സി എ എ യെ രക്ഷിച്ചെടുക്കാൻ ഇപ്പോൾ ബി ജെ പി നോക്കുന്നത് എൻ ആർ സി യും സി എ എ യും തമ്മിൽ ഒരു ബന്ധവുമില്ല, രണ്ടും വെവ്വേറെ സം ഗതികൾ  ആയിട്ടാണ് നടപ്പാക്കുക എന്ന്  പ്രചരിപ്പിച്ചുകൊണ്ടാണ്.
* നേരത്തെ  നിശ്ചയിക്കപ്പെട്ടതുപ്രകാരം എൻ ആർ സി യിൽ 1951 ലെ രേഖകൾ ഹാജരാക്കേണ്ടിവരില്ലെന്നും ,വോട്ടർ ഐ ഡി കാർഡ് തുടങ്ങിയ രേഖകൾ സ്വീകരിക്കും എന്നും ആണ് ഇപ്പോൾ പറയുന്നത്. പക്ഷെ, അങ്ങിനെയാണെങ്കിൽ എൻ ആർ സി തന്നെ എന്തിന് ? സർക്കാരിന്റെ കയ്യിൽ ഇപ്പോൾ തന്നെ എൻ ആർ സി-ആധാർ ഡേറ്റ ബേസുകൾ ഉള്ളപ്പോൾ എൻ ആർ സി ഒഴിവാക്കാമല്ലോ *

*സി എ എ ഒറ്റയ്‌ക്കെടുത്താൽ പോലും അത്  ഭരണഘടനാവിരുദ്ധമാണ് എന്നുകൂടി ഓർമ്മിക്കുക* കാരണം അത് പൗരത്വ അപേക്ഷകളിൽ മതം നോക്കി തീർപ്പ് കൽപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്നു. സി എ എ പൂർണ്ണമായും അനാവശ്യമാണ് എന്നുകൂടി ഓർമ്മിക്കുക. അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും പൗരത്വം നൽകാൻ ആണെങ്കിൽ  നിയമത്തിലെ പുതിയ ഭേദഗതി കൂടാതെ തന്നെ അത് സാധിക്കുമായിരുന്നു. *വർഗ്ഗീയതയുടെ
അള്ള്  വെച്ച് ഭരണഘടനയുടെ കാറ്റഴിച്ചുവിടാൻ വേണ്ടി മാത്രം  ബി ജെ പി സർക്കാർ പാസ്സാക്കിയ  ഒരു  ഭേദഗതിയാണിത് *

*നമുക്ക് എങ്ങിനെയെല്ലാം പ്രതിരോധിക്കാം ?*

വസ്തുതകൾ നന്നായി പഠിക്കുക , തയ്യാറെടുക്കുക. നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും  സമാധാനപരമായ പ്രതിഷേധങ്ങളിൽ പങ്കാളികൾ ആക്കാൻ ശ്രമിക്കുക.

താഴെപ്പറയുന്ന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്,  ഓരോ തെരുവിലും കോളനിയിലും ഗ്രാമത്തിലും ടൗണിലും നഗരത്തിലും ജനങ്ങളെ അണിനിരത്താൻ ശ്രമിക്കുക:

1)  *സി എ എ റദ്ദ് ചെയ്യാൻ* കേന്ദ്ര സർക്കാരിനോട്ആവശ്യപ്പെടുക

2) *NPR പ്രവർത്തനങ്ങൾ നിർത്തിവെക്കാനും NRC യുമായി സഹകരിക്കാൻ വിസമ്മതിക്കാനും*  സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുക.

3) *ഡീറ്റെൻഷൻ സെന്ററുകൾ പണിയുന്നത് ഉടൻ നിർത്തിവെക്കാൻ*  ബന്ധപ്പെട്ട സംസ്ഥാന ഗവണ്മെന്റുകളോടും കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെടുക

4) * NPR ബഹിഷ്കരിക്കുക *.അവർ രജിസ്റ്റർ തയ്യാറാക്കുന്നത് നിങ്ങൾക്ക് വീടുവെച്ചുതരാനോ തൊഴിൽ നൽകാനോ അല്ല ,നിങ്ങളുടെ പൗരത്വം കവർന്നെടുക്കാൻ ആണെന്ന് ഓർമ്മിക്കുക

5) എല്ലാറ്റിലുമുപരിയായി  – *ഐക്യം കാത്തുസൂക്ഷിക്കുക *.
ഏതെങ്കിലും സമുദായത്തിനെതിരെ വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നവരോട് ഉറപ്പിച്ചു പറയുക - നമ്മൾ ഒന്നിച്ചു നിൽക്കും, ഭിന്നിച്ചാൽ നഷ്ടം നമുക്കെല്ലാം ആണ്. നമ്മുടെ ഭരണഘടന സംരക്ഷിക്കാൻ ഒരുമിച്ചു നിന്നേ പറ്റൂ . പോലീസിൽ നിന്നും വർഗ്ഗീയ ശക്തികളിൽനിന്നും ആക്രമണഭീഷണി നേരിടുന്ന നമ്മുടെ അയൽക്കാരായ മുസ്ലീങ്ങളെ കണ്ടെത്തി അവർക്ക് എല്ലാവിധ സംരക്ഷണവും നൽകുക .

6) സമാധാനപരമായ  പ്രതിഷേധങ്ങൾക്കു നേരെയുള്ള  *അടിച്ചമർത്തൽ നയം* ഉപേക്ഷിക്കാൻ സർക്കാരുകളോട് ആവശ്യപ്പെടുക.  ഇന്റർനെറ്റും പൊതുഗതാഗത സൗകര്യങ്ങളും മുടക്കുന്നത് നിർത്തുക. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ ഭരണഘടനാദത്തമായ  അവകാശം തടയും വിധത്തിൽ 144 -)0 വകുപ്പ് ഉപയോഗിക്കുന്നത് നിർത്തണമെന്നാവശ്യപ്പെടുക

രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ നിമിത്തം  സാർവ്വദേശീയ തലത്തിൽ വിമർശിക്കപ്പെടുകയും ഉൽക്കണ്ഠ ഉളവാക്കുകയും ചെയ്തതോടെ  എൻ ആർ സി ഇന്ത്യയൊട്ടുക്ക് നടപ്പാക്കാനുള്ള  തീരുമാനത്തിൽനിന്നും മോദി സർക്കാർ ഏതാണ്ട് പുറകോട്ട് പോകുന്ന ലക്ഷണം ഉണ്ടായിട്ടുണ്ട്. സി എ എ  യ്ക്ക് പിന്നാലെ 1951 വിച്ഛേദന വർഷം ആക്കിക്കൊണ്ട്  എൻ ആർ സി ഇന്ത്യയാകമാനം നടപ്പാക്കുമെന്ന് അമിത് ഷായും ബി ജെ പി -ആർ എസ് എസ് നേതാക്കളും ആവർത്തിച്ചു പറഞ്ഞിരുന്നു . *  ഇന്ത്യയൊട്ടുക്കും  എൻ ആർ സി നടപ്പാക്കുന്ന കാര്യത്തിൽ ഒരു തീരുമാനമൊന്നും ഇനിയും സർക്കാർ എടുത്തിട്ടില്ലെന്ന ഇപ്പോഴത്തെ  അവകാശവാദം തൽക്കാലത്തേക്ക് ജനരോഷം തണുപ്പിക്കാനും ജനശ്രദ്ധ തിരിച്ചുവിടാനും മാത്രം ആയിരിക്കണം* . സി എ എ യും എൻ ആർ സിയും ചേർന്നുള്ള ഒരു പാക്കേജ് ആണ് സർക്കാർ യഥാർഥത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നത് എന്ന കാര്യം മറക്കാതിരിക്കുക.  എൻ ആർ സി യുടെ കാര്യം ഇല്ലെങ്കിൽത്തന്നെ സി എ എ ഒറ്റയ്ക്ക് അസ്വീകാര്യമാണ് . അഭയാർത്ഥികളെയും നുഴഞ്ഞുകേറ്റക്കാരെയും തമ്മിൽ തിരിച്ചറിയാൻ  മതം ആധാരമാക്കുകയും, പൗരത്വം അനുവദിക്കുന്നതിന് ഒരു പ്രത്യേകമതത്തിൽപ്പെട്ടവർക്ക് മാത്രം വിലക്ക് കൽപ്പിക്കുകയും ചെയ്യുന്ന ഏത് നിയമവും തുറന്ന രീതിയിൽ വർഗ്ഗീയവും ഭരണഘടനാവിരുദ്ധവും ആണ്‌.  *സ്വാതന്ത്ര്യസമരത്തിലൂടെ നാം നേടിയെടുത്തതും ഭരണഘടന വാഗ്ദാനം ചെയ്തതും ആയ  ഇന്ത്യയുടെ  നേർക്കുള്ള  യുദ്ധം ആണ് ആ നിയമം പാസ്സാക്കിയതിലൂടെ തുടങ്ങിയത്. അത് നമ്മുടെ ചരിത്രത്തിലൂടെ നിർവചിതവും സംസ്കാരത്തെ പുഷ്കലമാക്കുന്നതും ആയ  സവിശേഷ ബഹുസ്വരതയ്ക്കും വൈവിദ്ധ്യത്തിനും  എതിരാണ് * അതുകൊണ്ടുതന്നെ  ഇത്രയും വിവേചനാത്മകവും വിഭാഗീയവുമായ ഒരു ഭേദഗതി  നമ്മുടെ പൗരത്വ നിയമത്തിൽ വരുത്തുന്നത്  ഇന്ത്യ ഒരിക്കലും അംഗീകരിക്കുകയില്ല.  സർക്കാർ ഇപ്പോൾ എന്തുതന്നെ പറഞ്ഞാലും സി എ എ - എൻ ആർ സി- എൻ പി ആർ എന്ന പാക്കേജിലെ  വിഭാഗീയമായ ദുഷ്ടലാക്ക് തിരിച്ചറിയപ്പെട്ടു കഴിഞ്ഞു. സർക്കാർ അത് പൂർണ്ണമായും പിൻവലിക്കുന്നതുവരെയും ഇന്ത്യയിലെ ജനത അതിന്നെതിരായ സമരം തുടരുകതന്നെ ചെയ്യും

-  സി പി ഐ (എം എൽ ) (ലിബറേഷൻ)
[പ്രസിദ്ധീകരണത്തിന് നൽകുന്നത്]  

No comments:

Post a Comment