Thursday, 19 December 2019

എം എൽ അപ്ഡേറ്റ്
ഒരു സി പി ഐ (എം എൽ) പ്രതിവാര വാർത്താ ബുള്ളറ്റിൻ
Vol. 22 | No. 5 1 , 17 -23 ഡിസംബർ 2019 

എഡിറ്റോറിയൽ 
CAA - NRC ഗൂഢപദ്ധതിയെ ചെറുക്കാൻ വിദ്യാർത്ഥികൾ വഴികാട്ടുന്നു 



പൗരത്വ നിയമ ഭേദഗതി ബിൽ 2019 പാർലമെന്റിന്റെ ഇരു സഭകളിലും അവതരിപ്പിച്ചു പാസ്സാക്കിയ ശേഷം നിയമം ആക്കാൻ മോദി - ഷാ ഭരണകൂടത്തിന് മൂന്നേമൂന്ന്‌ ദിവസങ്ങളേ വേണ്ടിവന്നുള്ളൂ . ലോക് സഭയിലെപ്പോലെ ഭരണപക്ഷത്തിന് ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടുപോലും ഭരണ സഖ്യത്തിൽപ്പെടാത്ത  ബി ജെ ഡി , വൈ എസ് ആർ സി പി , ടി ഡി പി മുതലായ ചില പാർട്ടികൾ വോട്ടെടുപ്പ് സമയത്ത് എടുത്ത നിലപാടുമൂലം ബിൽ രാജ്യസഭയിലും പാസ്സാവുകയായിരുന്നു. ഇതെല്ലാം ഉണ്ടായിട്ടും ഇന്ത്യൻ ഭരണഘടനയ്‌ക്കെതിരെ നടന്ന ഏറ്റവും ഒടുവിലത്തെ സർജ്ജിക്കൽ സ്ട്രൈക്കിന് എതിരായി തെരുവുകളിൽ ജനങ്ങൾ ഉയർത്തുന്ന പ്രതിഷേധം അനുദിനം ശക്തിപ്പെടുകയാണ്. ഈ നിയമത്തിന്റെ ഭവിഷ്യത്തുകൾ എന്താണെന്ന് തിരിച്ചറിഞ്ഞ ഇന്ത്യയിലെ ജനങ്ങൾക്കും രാജ്യവ്യാപകമായ പ്രതിഷേധങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്കും നേരെ സർക്കാർ ആരംഭിച്ചിരിക്കുന്ന യുദ്ധത്തിന്റെ ഫലമായി വിശേഷിച്ചും ജനരോഷം അതിതീവ്രമായ അസമിൽ അഞ്ചു യുവാക്കൾ ഇതിനകംതന്നെ രക്തസാക്ഷികളായി. ദീപാഞ്ജലി ദാസ് ,സാം സ്റ്റാഫോർഡ് ,ദ്വിജേന്ദ്രാ പാൻജിങ് ,ഈശ്വർ നായക് ,അബ്ദുൽ ആലിം എന്നിവരേയാണ് അസമിൽ  പോലീസ് വെടിവെച്ചു കൊന്നതെങ്കിൽ ജാമിയയിലും അലീഗഡിലും കാമ്പസുകളിൽ നടന്ന കിരാതമായ പോലീസ് മർദ്ദനത്തെത്തുടർന്ന് നിരവധി വിദ്യാർത്ഥികൾ സാരമായ പരിക്കുകളേറ്റു ആശുപത്രികളിൽ കഴിയുകയാണ് .   
സിഎഎ വിരുദ്ധ പ്രതിഷേധക്കാരുടെമേൽ കഠിനമായ മർദ്ദനം അഴിച്ചുവിടുന്നതിലുപരി, സർക്കാരിനെതിരായ ജിഹാദി-മാവോയിസ്റ്റ് ഗൂഢാലോചന എന്ന രീതിയിൽ ഈ പ്രതിഷേധങ്ങളെ താറടിച്ചുകാട്ടാനും ഒറ്റപ്പെടുത്താനും ഉള്ള നീചമായ ശ്രമവും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ട് . ജാമിയ ക്യാമ്പസ്സിൽ അനധികൃതമായി ഇരച്ചുകയറിയ പോലീസ് പട ലൈബ്രറിയിലും ടോയ്‌ലറ്റുകളിലും പോലും കേറിച്ചെന്ന് വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കണ്ട് രാജ്യമാകെ ഞെട്ടിയപ്പോൾപ്പോലും ജെ എൻ യു വിലെ ഒരു പൂർവ്വ വിദ്യാർത്ഥികൂടിയായ ധനമന്ത്രി നിർമ്മലാ സീതാരാമൻ വിദ്യാർത്ഥിപ്രതിഷേധത്തിന് ജിഹാദി നിറം നൽകാൻ ശ്രമിച്ചു.  പ്രതിഷേധക്കാരെ അവരുടെ വസ്ത്രധാരണരീതി കൊണ്ട്തന്നെ തിരിച്ചറിയാം എന്ന പ്രധാനമന്ത്രി മോദിയുടെ  പ്രസ്താവന പ്രകടമായും മുസ്ലീങ്ങളെ ലക്‌ഷ്യം വെക്കുന്നതും,  ഈ പ്രതിഷേധങ്ങൾക്കു വർഗ്ഗീയ നിറം നൽകുന്നതും ആണ് .എന്നാൽ, വിദ്യാർഥിസമൂഹം ഈ കുടില ലക്ഷ്യങ്ങൾ തിരിച്ചറിയുകയും കൂടുതൽ ഐക്യദാര്ഢ്യത്തോടെ വിശാലാടിസ്ഥാനത്തിലുള്ള ജനാധിപത്യ പ്രതിഷേധങ്ങളിൽ അണിചേരുകയും ചെയ്തിരിക്കുന്നു. 
അർദ്ധസത്യങ്ങളുടെയും പച്ചനുണകളുടെയും ഒരു പരമ്പരയാണ് സി എ എ യുമായി ബന്ധപ്പെട്ട് സംഘ്-ബിജെപി പ്രചാരവേലയുടെ ഭാഗമായി കെട്ടഴിച്ചുവിട്ടിരിക്കുന്നത് . ഇവയിൽ ഒന്നാമത്തേത് സി എ എ വേറെ, എൻ ആർ സി വേറെ  എന്ന പ്രചാരണമാണ്. സി എ \എ യുടെ ലക്‌ഷ്യം അർഹതപ്പെട്ടവർക്ക് പൗരത്വം 'കൊടുക്കുക' എന്നാണെന്നും, ആരെയും പുറത്താക്കൽ അല്ലെന്നും, അതിനാൽ ഇൻഡ്യാക്കാർ ആയ മുസ്ലീങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും  അവർ പറയുന്നു. എന്നാൽ പലയവസരങ്ങളിലും അമിത് ഷാ തന്നെ വ്യക്തമാക്കിയതുപോലെ സി എ എ വാസ്തവത്തിൽ രാജ്യവ്യാപകമായി എൻ ആർ സി നടപ്പാക്കുന്നതിലേക്കുള്ള  പ്രാഥമിക കാൽവെപ്പ് ആയ ഒരു നിയമനിർമ്മാണം ആണ്.   വരാനിരിക്കുന്ന നേഷണൽ പോപുലേഷൻ രജിസ്റ്റർ (എൻ പി സി ) എന്ന ക്യാമ്പെയിനുമായി ബന്ധപ്പെട്ട് എൻ ആർ സി ദേശവ്യാപകമായി നടപ്പാക്കാനും, അതിന്റെ ഭാഗമായി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഡീറ്റെൻഷൻ ക്യാമ്പുകൾ നിർമ്മിക്കാനും ഉള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. മുസ്ലീങ്ങളുടെ പൗരത്വത്തെ സി എ \എ ഒരു തരത്തിലും ബാധിക്കുകയില്ല എന്ന് പ്രചരിപ്പിക്കുന്ന അതേ  സംഘ് പരിവാർ ശക്തികൾ സി എ എ യുടെ ഉദ്ദേശം ഹിന്ദുക്കൾക്ക്  പൗരത്വം അനുവദിച്ചു നൽകൽ ആണെന്ന് പറയുമ്പോൾ , അവർ അർത്ഥമാക്കുന്നത് എന്താണ് ? എൻ ആർ സി യിൽ  പൗരത്വം അവകാശപ്പെടാനോ തെളിയിക്കാനോ ഉള്ള ഒരു രേഖയും ഇല്ലാതെ പുറന്തള്ളപ്പെട്ടാലും ഹിന്ദുക്കളെ  രക്ഷിക്കാൻ സി എ എ ഉണ്ട്  എന്നുതന്നെ!  
ബംഗ്ളാ ദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് മത പീഡനങ്ങളെത്തുടർന്ന്‌ പലായനം ചെയ്ത് 2014  ഡിസംബർ 31 നു മുൻപ് ഇന്ത്യയിൽ താമസമാക്കിയ മുസ്ലീങ്ങളല്ലാത്തവർക്ക് പൗരത്വം നൽകും എന്നാണ്  സി എ എ വാഗ്ദാനം ചെയ്യുന്നത് .എന്നാൽ , ഇതിൽ വലിയ ചതിയും അസംഭവ്യതകളും ഒളിഞ്ഞിരിക്കുന്നു.  അസമിൽ എൻആർസി 1971 എന്ന വിച്ഛേദനവർഷത്തിന്റെയടിസ്ഥാനത്തിൽ നടപ്പാക്കിയപ്പോൾ  , ഭൂവുടമസ്ഥത തെളിയിക്കുന്നതോ മറ്റുവിധത്തിലുള്ളതോ ആയ ഒരു രേഖയും കൈവശം ഇല്ലാതിരുന്നതുകൊണ്ടാണ് കൂലിപ്പണിക്കാരായി ഉപജീവനത്തിന്  എത്തിയ ഭൂരഹിത തൊഴിലാളികളും വിവാഹത്തിനുശേഷം അവരുടെ ഭർത്തൃകുടുംബങ്ങളിൽ  താമസമാക്കിയ സ്ത്രീകളും ഉൾപ്പെടെ 19 ലക്ഷം  പേർ പൗരത്വ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടത് എന്ന് ഓർക്കുക . അപ്പോൾ , 1951 വിച്ഛേദന വർഷമാക്കി  ഇന്ത്യയിലെമ്പാടും എൻ ആർ സി നടപ്പാക്കിയാൽ സമാനമായ കാരണങ്ങളാൽ പുറന്തള്ളപ്പെടുന്നവരുടെ എണ്ണം ഇതിലും എത്രയോ വലുതായിരിക്കും. വെറും 3% കൈപ്പിഴവുകളോ  സാങ്കേതികകാരണങ്ങളാലുള്ള ഒഴിവാക്കലുകളോ സംഭവിച്ചാൽ തന്നെ  4 കോടി ആളുകൾക്ക് പൗരത്വ ലിസ്റ്റിൽ സ്ഥാനം ഇല്ലാതാകും .അപ്പോൾ , ഇതിൽ എത്രപേർക്ക് നഷ്ടമാകുന്ന  പൗരത്വം പൗരത്വ നിയമഭേദഗതി മൂലം  തിരിച്ചു ലഭിക്കും എന്ന് ഊഹിക്കാൻ പോലും കഴിയില്ല . 
മേൽപ്പറഞ്ഞ മൂന്നു രാജ്യങ്ങളിൽനിന്ന് മതപീഡനങ്ങൾ നിമിത്തമായി ഇന്ത്യയിലേക്കുകൂടിയേറിപ്പാർത്ത അമുസ്ലീങ്ങൾക്ക്‌ മാത്രം പൗരത്വം വാഗ്ദാനം ചെയ്യുന്ന സി എ എ യ്ക്ക് എങ്ങിനെയാണ് എൻ ആർ സി പ്രക്രിയയിലൂടെ പുറത്താവുന്നവരെ രക്ഷപ്പെടുത്താൻ കഴിയുക ? എൻ ആർ സി നടപ്പാക്കുന്നതിൽ അസമിൽ നാം കണ്ടത് രേഖകൾ ഹാജരാക്കാൻ കഴിയാത്തതുമൂലമോ , കേവലം ഉദ്യോഗസ്ഥ മേധാവിത്വപരമായ സാങ്കേതികത്വവും പക്ഷപാതിത്വവും അനുഭാവരാഹിത്യവും നിമിത്തമോ , നടത്തിപ്പിലെ പിഴവുകൾ നിമിത്തമോ കൂട്ടത്തോടെ ആളുകളെ പൗരത്വലിസ്റ്റിൽ നിന്ന് പുറന്തള്ളുന്നതാണ്.  ഈ വസ്തുത മറച്ചുപിടിക്കാൻ ആണ് മോദി സർക്കാർ അയൽ രാജ്യങ്ങളിലെ വിവേചനങ്ങളുടെ ഫലമായി അഭയം തേടുന്ന പീഡിതന്യൂനപക്ഷങ്ങളെ ഇന്ത്യൻ പൗരത്വം നൽകി പുനരധിവസിപ്പിക്കാൻ എന്ന മട്ടിൽ സി എ എ യെ ഒരു പരിഹാരമായി എടുത്തുകാട്ടുന്നത്‌ .  വ്യാജമായ ഈ അവകാശവാദത്തിന് ഉപോൽബലകമായിട്ടെന്നോണം  ആഭ്യന്തരമന്ത്രി പാർലമെന്റിൽ തെറ്റിദ്ധരിപ്പിക്കുന്ന ചില സ്ഥിതിവിവരക്കണക്കുകൾ കൂടി നിരത്തുകയുണ്ടായി. പാക്കിസ്ഥാനിൽ 1947 ൽ ഹിന്ദുക്കളുടെ ജനസംഖ്യ 23% ആയിരുന്നെന്നും ഇപ്പോൾ അത് വെറും 3% ആയി കുറഞ്ഞുവെന്നും പ്രസ്താവിച്ചത് ഒരു പച്ചക്കള്ളം ആണ്. 1947 ലേതിനെക്കുറിച്ചു വിശദമായ കണക്കുകൾ ലഭ്യമല്ല എന്നതാണ് വസ്തുതയെങ്കിലും, 1951 ൽ നടന്ന അവിടുത്തെ ആദ്യ സെൻസസ് പ്രകാരം ബംഗ്ളാ ദേശ് ഉൾപ്പെട്ട അന്നത്തെ പാകിസ്ഥാനിൽ  ഉണ്ടായിരുന്ന ഹിന്ദുക്കൾ മൊത്തം ജനസംഖ്യയുടെ 3 %  ആയിരുന്നു. ഇന്ന് പടിഞ്ഞാറൻ പാകിസ്ഥാനിൽ  മാത്രം 3 % ഹിന്ദുക്കൾ ഉണ്ടെന്നത് ശരി എങ്കിൽ, അതു പ്രകാരം പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ ജനസംഖ്യ കുറയുകയല്ല ,ചെറുതായിട്ടെങ്കിലും  കൂടുകയാണ് ചെയ്തിരിക്കുന്നത്! 23% എന്നത് 1951 ലെ കിഴക്കൻ പാക്കിസ്ഥാനിൽ മൊത്തം ജനസംഖ്യയിൽ മുസ്ലീങ്ങൾ അല്ലാത്തവരുടെ തോത് ആണ്. ഇത് ഇന്ന് കുറഞ്ഞിരിക്കുന്നു എന്നത് നേരാണെങ്കിലും 3% ത്തിലേക്കല്ല ഏകദേശം 10% ത്തിലേക്കാണ് കുറഞ്ഞിരിക്കുന്നത് . ഈ കുറവ് തീർച്ചയായും വലുതെങ്കിലും അത് ഏറെയും സംഭവിച്ചിട്ടുള്ളത് ബംഗ്ളാ ദേശ് ഒരു സ്വതന്ത്ര രാജ്യമാവുന്നതിനു മുൻപായിരുന്നു. ബംഗ്ളാ വിമോചനയുദ്ധത്തിന്റെ സാഹചര്യങ്ങളിലും അതിനു തൊട്ടു പിന്നാലെയും ഉണ്ടായ പ്രതിസന്ധിയുടെ ഫലം കൂടിയായിരുന്നു അത്. ആ സമയത്തു കുടിയേറിയവർ ഏറെയും ഹിന്ദുക്കൾ ആയിരുന്നതിനാൽ ആണ് ബംഗ്ളാ ദേശ് ജനസംഖ്യയിൽ ഹിന്ദുക്കളുടെ കുറവ് സംഭവിച്ചതെങ്കിൽ ബംഗ്ളാ ദേശി മുസ്ലീങ്ങൾ ഇന്ത്യയിലേക്ക് വൻ തോതിൽ നുഴഞ്ഞുകയറി ,അല്ലെങ്കിൽ കയറിക്കൊണ്ടിരിക്കുന്നു എന്ന സർക്കാരിന്റെ അവകാശവാദം അഥവാ പ്രചാരണം വ്യാജമാണ് . വാസ്തവത്തിൽ , അസമിൽ നടന്നുകഴിഞ്ഞ എൻ ആർ സി തന്നെ ബംഗ്ലാദേശിൽ നിന്നു രേഖകൾ ഇല്ലാതെ ഭീമമായ സംഖ്യയിൽ ആളുകൾ കുടിയേറുന്നതായ പ്രചരണത്തിലെ പൊള്ളത്തരം തുറന്നുകാട്ടുന്നുണ്ട്.   
എൻ ആർ സി യുടെ സന്ദർഭത്തിൽ മോദി സർക്കാർ ബംഗ്ളാ ദേശിനോട് ആവർത്തിച്ചു പറഞ്ഞത് അത് തികച്ചും ഇന്ത്യയുടെ "ആഭ്യന്തര വിഷയം" ആണെന്നും, ബംഗ്ളാ ദേശിന്‌ ഉൽക്കണ്ഠപ്പെടേണ്ട കാര്യം അതിൽ ഇല്ലെന്നും ആയിരുന്നു. എന്നാലിപ്പോൾ സി എ എ യെ ന്യായീകരിക്കുന്നതിനുവേണ്ടി പറയുന്നത് ബംഗ്ളാദേശിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നു എന്നാണ് .കഴിഞ്ഞ കുറെ വർഷങ്ങളായി ബംഗ്ളാ ദേശിനെയും അഫ്ഗാനിസ്ഥാനെയും  ഇന്ത്യൻ വിദേശനയത്തിൽ സുഹൃൽരാജ്യങ്ങളായിട്ടാണ് പരിഗണിച്ചുപോരുന്നത്.  പാക്കിസ്ഥാനോട് ഉള്ള ശത്രുതാപരമായ നയത്തിൽനിന്നും ഭിന്നമായ ഒരു നിലപാട് ആണ് അത്. എന്നാൽ, ഇപ്പോഴത്തെ സി എ എയുമായി ബന്ധപ്പെട്ട പുതിയ ഭാഷ്യത്തിൽ ബംഗ്ളാ ദേശും അഫ്ഗാനിസ്ഥാനും മതന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നവർ ആണ്.  ഇതാകട്ടെ, ഇന്ത്യയിൽ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമായ മുസ്ലീങ്ങളുടെ പീഡിതാവസ്ഥയെക്കുറിച്ചു് ലോകം മുഴുവൻ ചർച്ചചെയ്യുന്ന ഒരവസരവും ആണ്.   എൻ ആർ സി - സി എ\എ പാക്കേജ് എന്താണെന്നു മോദി സർക്കാർ നമ്മെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് എന്തുതന്നെയായാലും, യാഥാർഥ്യം ലോകം മുഴുവനും  അറിയുന്നുണ്ട് . എല്ലാ പൗരന്മാർക്കും മതനിരപേക്ഷമായ തുല്യ പദവി വാഗ്ദാനം ചെയ്യുന്ന ഈ രാജ്യത്തെ ഭരണഘടനയുമായി  മോദി സർക്കാർ  യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും, അതിനാൽ ഇന്ത്യയ്ക്ക് എതിരായ ഈ യുദ്ധം സംഘപരിവാരം നടത്തുന്ന ഒന്നാണെന്നതും ആണ്  ഇപ്പോൾ ലോകം മുഴുവൻ മനസ്സിലാക്കുന്ന സത്യം. 
ജാമിയയിൽ നടന്ന  പോലീസ് വിദ്യാർഥികൾക്കുനേരെ മൃഗീയമായി അഴിച്ചുവിട്ട   വേട്ടയെത്തുടർന്ന് രാജ്യത്താകമാനം വിദ്യാർത്ഥികൾ ഐക്യദാർഢ്യം പുലർത്താൻ രംഗത്തുവന്നിരിക്കുകയാണ്. ആ അർഥത്തിൽ , ജാമിയയിലെ വിദ്യാർത്ഥികൾ  മുന്നോട്ടുള്ള വഴികാട്ടികൾ ആയിരിക്കുന്നു. ജാമിയാ ആക്രമണം നടന്ന അതേ  രാത്രിയിൽ  ജെഎൻയുവിലും ഡെൽഹി സർവ്വകലാശാലയിലും അംബേദ്‌കർ സർവകലാശാലയിലും ഉള്ള വിദ്യാർത്ഥികൾ ഡെൽഹിയിലെ പോലീസ് ആസ്ഥാനത്തെത്തി വൻപ്രതിഷേധം ഉയർത്തുകയും , ഇതര സർവ്വകലാശാലകളിലും  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉള്ള   വിദ്യാർഥികൾ ഐക്യദാർഢ്യപ്പെട്ട് ഈ പ്രതിഷേധത്തെ മുന്നോട്ടു കൊണ്ടുപോകാൻ തുടർന്ന് രംഗത്ത് വരികയും ചെയ്തു .

 ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ധീരരക്തസാക്ഷിത്വം വരിച്ച  മൂന്നു പോരാളികളായ അസ്ഫാഖുല്ല ഖാൻ , രാംപ്രസാദ്‌ ബിസ്മിൽ ,റോഷൻ സിംഗ് എന്നിവരുടെ 92 -)0 രക്തസാക്ഷിദിനമാണ് ഡിസംബർ 19. രക്തസാക്ഷി  ബിസ്മിലിന്റെ  അനശ്വരമായ ഒരു  ഗാനം ആണ്  "സഫ്റോഷി കീ തമന്ന അബ് ഹമാരേ  ദിൽ മേ ഹൈ, ദേഖ്നാ ഹൈ  ജ്സോർ കിത്നാ യെ ബാജ്സു -എ -കാഥിൽ മേ ഹൈ" ("വിപ്ലവത്തിന്റെ വീര്യം നമ്മുടെ നെഞ്ചുകളിൽ കത്തുമ്പോൾ  ആരാച്ചാരുടെ കൈകൾക്ക് ഇതിനെ തടുക്കാൻ എത്ര ശക്തിയുണ്ടെന്ന് നോക്കാം") എന്ന് തുടങ്ങുന്നത് . ഭഗത് സിംഗിനേയും ചന്ദ്രശേഖർ ആസാദിനെയും പോലെയുള്ള അദ്ദേഹത്തിന്റെ പിന്മുറക്കാർക്ക് അത്  പ്രചോദനം നല്കിയതുപോലെ മതേതര ഇന്ത്യയ്ക്കുവേണ്ടി സ്വാതന്ത്ര്യസമരം സൃഷ്ടിച്ച ഉൽകൃഷ്ഠമായ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനുള്ള പ്രതിജ്ഞ ഈ ദിവസത്തിൽ  ഇന്ത്യൻ ജനത പുതുക്കേണ്ടതുണ്ട് . പ്രത്യേകിച്ചും സംഘ്പരിവാരവും ബി ജെ പിയും വിഭജനത്തിന്റെ ദുരിതപൂർണ്ണമായ നാളുകളിലെ വൈരാഗ്യങ്ങളും മുൻവിധികളും പുനരാനയിക്കാൻ കഠിനമായി ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ, ഫാസിസ്റ്റ് ദുരന്തഭീഷണി നിഴൽവീഴ്ത്തിയ മതേതരഇന്ത്യക്ക്  വർഗ്ഗീയവിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും ശക്തികൾക്കെതിരെ  ജനാധിപത്യത്തിന്റെ പാതയിൽ നിലയുറപ്പിച്ചു പൊരുതി ജയിക്കേണ്ടതുണ്ട് .  

No comments:

Post a Comment