Sunday 1 March 2020

എം എൽ അപ്ഡേറ്റ് 
A CPIML Weekly News Magazine
Vol. 23, No. 8-9 (25 Feb – 2 March 2020)
എഡിറ്റോറിയൽ
ഡെൽഹിയിൽ സമാധാനം പുനഃസ്ഥാപിക്കുക !

കൂട്ടക്കൊലകൾ സംഘടിപ്പിച്ചവരെ ശിക്ഷിക്കുക !

ദുർബ്ബല ജനവിഭാഗങ്ങളുടെ ജീവിക്കാൻ ഉള്ള അവകാശവും മറ്റു അവകാശങ്ങളും കാക്കുന്നതിന് വേണ്ടി ഒപ്പം നിൽക്കുക !


ഡെൽഹിയിൽ ആൾക്കൂട്ടങ്ങൾ മുസ്ലിങ്ങളെ തെരഞ്ഞു പടിച്ചു കൊലയും കൊള്ളിവെപ്പും നടത്തിയപ്പോൾ മോദി - ഷാ ഭരണകൂടം അമേരിക്കൻ പ്രസിഡന്റ് ട്രമ്പിന് സൽക്കാരം ഒരുക്കുന്ന തിരക്കിലായിരുന്നു . ഹിംസാത്മക മായ ആൾക്കൂട്ടങ്ങളെ ഇളക്കിവിട്ടതിൽ ഡെൽഹിയിലെ ഏതാനും ബി ജെ പി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങൾ വഹിച്ച പങ്കും , ഈ മുസ്ലീംവിരുദ്ധ ഹിംസയും തീവെപ്പും നടന്നസമയത്ത് പോലീസ് കാഴ്ച ക്കാരെപ്പോലെ കയ്യും കെട്ടി നിന്നതും ഇതിനകം വ്യക്തമായിട്ടുണ്ട് .നാല് ദിവസങ്ങൾ നീണ്ടുനിന്ന വർഗീയ ഹിംസയിൽ മുപ്പതിലേറെപ്പേർക്ക്‌ ജീവൻ നഷ്ടപ്പെടുകയും , അതിലേറെപ്പേർ ഗുരുതര മായ പരിക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു .നൂറുകണക്കിന് വീടുകൾ അക്രമികൾ കത്തിച്ചു ചാമ്പലാക്കുകയും നിരവധി ആളുകൾക്ക് അവരുടെ ഉപജീവനോപാധികൾ നഷ്ടപ്പെടുകയും ചെയ്തു . കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഒരു പോലീസ് കോൺസ്റ്റബിളും ഒരു ഇന്റലിജൻസ് ഓഫീസറും ഉൾപ്പെടെ ഏതാനും ഹിന്ദു പേരുകാരും ഉണ്ട്‌ എന്നത് സത്യമെങ്കിലും , പ്രസ്തുത ആക്രമണം മുഖ്യമായും ഡെൽഹിയിലെ പാവപ്പെട്ട മുസ്ലീങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ആസൂത്രണം ചെയ്യപ്പെട്ടിരുന്നത്‌ എന്നതും , മുസ്ലീങ്ങളെ ആക്രമണ ലക്ഷ്യമാക്കിയ ആൾക്കൂട്ടങ്ങൾക്ക്‌ ഭരണസംവിധാനത്തിന്റെയും പോലീസിന്റെയും സംരക്ഷണം ഉണ്ടായിരുന്നു എന്നതും എടുത്തു പറയേണ്ട വസ്തുതകൾ ആണ് . ആൾക്കൂട്ടങ്ങളെ നയിച്ച വ്യക്തികളെ തിരിച്ചറിയാതിരിക്കാൻ ഡെൽഹി പോലീസ് നേരിട്ട് സിസിടിവി ക്യാമറകൾ പോലും തകർത്ത് അക്രമികൾക്ക് ഒത്താശ ചെയ്തിട്ടുണ്ട് . പരിക്കുകൾ ഏറ്റവരെ കൊണ്ടുപോകാൻ ഉള്ള ആംബുലൻസുകൾ ആക്രമിക്കപ്പെടാതിരിക്കാൻ ഡെൽഹി പൊലീസിന് പ്രത്യേക നിർദ്ദേശം നൽകാനും , പരിക്കേറ്റവരെ മതിയായ സൗകര്യങ്ങൾ ഉള്ള ആശുപത്രികളിലേക്ക് തന്നെ കൊണ്ടുപോകാനും ഡെൽഹി ഹൈക്കോടതി ഇടപെടേണ്ടി വന്ന സാഹചര്യം പോലും ഉണ്ടായി. സ്ഥിതിഗതികൾ അങ്ങേയറ്റം ഗുരുതരമായ ഒരവസ്ഥയിലെത്തിയ ഒരു സന്ദർഭത്തിൽ ഭരണഘടനാപരമായ സ്വന്തം ഉത്തരവാദിത്തം അനുസരിച്ച് പ്രവർത്തിച്ച ഏക സ്ഥാപനവും ഹൈക്കോടതി ആയിരുന്നു .

1984 ലെ ഡെൽഹി കൂട്ടക്കൊലയുടേയും 2002 ലെ അഹമ്മദാബാദ് - ഗുജറാത്ത്‌ ആൾക്കൂട്ട ഹിംസയുടേയും ഓർമ്മകൾ ഉണർത്തുംവിധം , ആൾക്കൂട്ടങ്ങൾക്ക് യഥേഷ്ടം കൊല്ലാനും ബലാത്സംഗം നടത്താനും കൊള്ളയടിക്കാനും ഭരണകൂടം അനുവാദം നൽകിയ പ്രതീതിയാണ് അടുത്ത ദിവസങ്ങളിൽ ഡെൽഹിയിൽ കണ്ടത് . സമാധാനവും നീതിയും ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളുടെയും മുന്നിൽ ഇപ്പോഴുള്ള വെല്ലുവിളി 1984 ൽ ഡൽഹിയിലും 2002 ൽ ഗുജറാത്തിലും ഉണ്ടായ അളവിലേക്ക് ഈ ഹിംസ ഇനിയും വളരാൻ അനുവദിക്കാതിരിക്കുക എന്നതാണ് . മേൽപ്പറഞ്ഞ രണ്ട് സംഭവങ്ങൾക്കും കാരണമായി പ്രചരിപ്പിക്കപ്പെട്ട "പ്രകോപനങ്ങൾ" - അതായത് ,1984 ൽ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതും , 2002ൽ ഗോദ്രയിൽ തീവണ്ടിയാത്രയ്ക്കിടെ കർസേവകർ 'തീവെച്ചു കൊല്ലപ്പെട്ട'തും - ഒന്നും ഇല്ലാതെയാണ് ഇപ്പോൾ ഡെൽഹി യിൽ മുസ്ലീം വിരുദ്ധ ആൾക്കൂട്ട ഹിംസ അരങ്ങേറിയത് എന്നതും എടുത്തുപറയേണ്ട ഒരു കാര്യമാണ്. ഇപ്പോൾ ഡെൽഹിയിൽ നടന്ന ഹിംസകൾക്കു പിന്നിലെ "പ്രകോപനം" എന്താണെന്ന് പരിശോധിച്ചാൽ കണ്ടെത്താവുന്നത് രണ്ട് സംഗതികൾ മാത്രമാണ് - ഒന്നാമതായി , CAA-NRC-NPR നടപ്പാക്കുന്നത്തിനെതിരെ ഡെൽഹിയിൽ അതി ശക്തമായ ജനകീയ പ്രതിരോധം രൂപപ്പെട്ടു കഴിഞ്ഞത് അധികാരികൾക്ക് ബോധ്യം വന്നു . രണ്ടാമത്തെ "പ്രകോപനം" തൊട്ടുമുൻപ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ക്യാമ്പയിനിൽ ബി ജെ പി അഴിച്ചുവിട്ട വിദ്വേഷ പ്രചാരണങ്ങൾക്കെതിരേ ഡെൽഹിയിലെ വോട്ടർമാർ ജനവിധിയുടെ രൂപത്തിൽ നൽകിയ ചുട്ട മറുപടിയാണ് . "രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലൂ" എന്ന് ബിജെപി നേതാക്കൾ നടത്തിയ ആഹ്വാനത്തിന്റെ അനന്തരഫലം കൂടിയാണ് ഇപ്പോൾ നടന്ന ഹിംസയുടെ അഴിഞ്ഞാട്ടം. ബിജെപി അസംബ്ലി തെരഞ്ഞെടുപ്പിൽ ജയം നേടിയ മണ്ഡലങ്ങളിലാണ് ഇപ്പോൾ കൊലയും കൊള്ളിവെപ്പും നടന്ന സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ് .CAA വിരുദ്ധ പ്രക്ഷോഭങ്ങൾക്കും ഡെൽഹിയിൽ ഉണ്ടായ ബിജെപി വിരുദ്ധ ജനവിധിക്കും ബിജെപി നൽകുന്ന മറുപടിയാണ് ഈ കൂട്ടക്കൊല എന്നതിനാൽ ഇതിന് പിന്നിലെ ആസൂത്രിത നീക്കങ്ങളെ സർവ്വ ശക്തിയും ഉപയോഗിച്ച് എതിർത്തു തോൽപ്പിക്കുകയല്ലാതെ വേറെ മാർഗ്ഗമൊന്നും ജനങ്ങളുടെ മുന്നിലില്ല .

ബിജെപി നേതാക്കളായ അനുരാഗ് ഥാക്കൂർ , പർവേശ് സിംഗ് വർമ്മ എന്നിവർ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ
 ' ഗോലി മാരോ ' എന്ന കൊലവിളി മുഴക്കി; കപിൽ മിശ്ര പോലീസുകാരോട് പരസ്യമായി ഭീഷണി മുഴക്കിയത്  തന്റെ ആളുകളെ തെരുവിലിറക്കി നിയമം കയ്യിലെടുക്കും എന്നായിരുന്നു. ലിഞ്ച് മോബുകൾ തുടർന്ന് ചെയ്തതും അതുതന്നെയായിരുന്നു.  ആൾക്കൂട്ടങ്ങളോട്  ആക്രമണങ്ങൾക്ക് നേരിട്ട് ആഹ്വാനം ചെയ്യുന്ന  ഈ വിദ്വേഷ പ്രസംഗങ്ങൾ ഡെൽഹി ഹൈക്കോടതി  ഗൗരവമായി എടുത്തുവെന്നുള്ളതും പോലീസുകാർ അവയെക്കുറിച്ചു അജ്ഞത നടിച്ചപ്പോൾ അവയുടെ ക്ലിപ്പിംഗുകൾ  അധികാരികളെ നിർബന്ധിച്ചു കാണിച്ച  ശേഷം ബി ജെ പി നേതാക്കൾക്കെതിരെ വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് കേസ്സെടുക്കാൻ കോടതി തന്നെ ആജ്ഞാപിച്ചു വെന്നതും ആശ്വാസകരമാണ്. മുസ്ലീങ്ങളെ ആവേശഭരിതരാക്കുന്ന  പ്രസംഗങ്ങൾ നടത്തിയതിന്റെ പേരിൽ മുസ്‌ലിം നേതാക്കൾക്കെതിരെയും , പൗരത്വ നിയമ ഭേദഗതിയെ വിമർശിക്കുന്ന നാടകം അവതരിപ്പിച്ചതിന് സ്കൂൾ വിദ്യാർഥികൾക്കെതിരെയും  രാജ്യദ്രോഹക്കുറ്റം ചുമത്താൻ മടിയില്ലാത്ത ഭരണകൂടം , ഉത്തരവാദപ്പെട്ട  മന്ത്രിമാരും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും  ഇന്ത്യയുടെ തലസ്ഥാനത്ത്  നിയമം കയ്യിലെടുക്കാനും ആക്രമണങ്ങൾ നടത്താനും ആൾക്കൂട്ടത്തെ ഒരു കൂസലുമില്ലാതെ  ആഹ്വാനം ചെയ്തപ്പോൾ അതിനു നേരെ കണ്ണടയ്ക്കുകയായിരുന്നു. ഹൈക്കോടതിയിലെ ഒരു ന്യായാധിപൻ തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവ്വഹിക്കാൻ തയ്യാറായപ്പോൾ അദ്ദേഹത്തെ പെട്ടെന്ന് പഞ്ചാബിലേക്കു സ്ഥലം മാറ്റുകയും ചെയ്തു. ഇന്ത്യയുടെ ഭരണഘടനാപരമായ ജനാധിപത്യം മുൻപൊരിക്കലും ഇത്രയും ഗുരുതരമായ പ്രതിസന്ധി നേരിട്ടിട്ടില്ല.

ഡെൽഹിയിൽ എത്രയും പെട്ടെന്ന് സമാധാനം പുനഃസ്ഥാപിക്കാൻ അധികാരികളോട് ആവശ്യപ്പെടുന്നതോടൊപ്പം തന്നെ നീതിക്കായുള്ള സമരങ്ങൾ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു കൊണ്ടുപോകേണ്ടതും ഇന്നത്തെ അടിയന്തര ആവശ്യമാണ്. കൊലയാളികളായ ആൾക്കൂട്ടങ്ങളെ  ഇളക്കിവിടുന്നവരേയും  വിദ്വേഷ കുറ്റകൃത്യങ്ങളിൽ നേരിട്ട് ഏർപ്പെടുന്നവരെയും ഒരുപോലെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. ഗുരുതരമായ പരിക്കുകൾഏറ്റവർക്ക് മതിയായ ചികിത്സയും സുരക്ഷിതത്വവും ഉറപ്പുവരുത്തണം. ആക്രമിക്കപ്പെട്ട കുടുംബങ്ങളിലെ അംഗങ്ങൾക്ക് പുനരധിവാസവും ഉപജീവനവും ഉറപ്പുവരുത്തുന്നതോടൊപ്പം ഉറ്റവരെ നഷ്ടപ്പെട്ടവർക്ക്‌   ഉചിതമായ നഷ്ടപരിഹാരം നൽകണം.       ഡെൽഹിയിൽ ക്രമാസമാധാനപാലനത്തിന്റെ ചുമതല വഹിക്കുന്ന കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ഈ സംഭവപരമ്പരകളിലൂടെ  ഉണ്ടായ തന്റെ ഗുരുതരമായ വീഴ്ച യുടെ അടിസ്ഥാനത്തിൽ ഉടൻ രാജിവെക്കണം.  പ്രതിസന്ധിയുടെ നിർണ്ണായകമായ മുഹൂർത്തത്തിൽ ഡൽഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ എന്ന നിലയിൽ ആം ആദ്‌മി പാർട്ടി ഗവൺമെന്റിന്റെയും  പാർട്ടിയുടേയും റോളുകൾ തികച്ചും നിരാശാജനകമായിരുന്നു. ഡെൽഹിയിലെ സംസ്ഥാന  ഗവണ്മെന്റിനു ഡൽഹി പോലീസിന്റെ മേലെ നിയന്ത്രണാധികാരം ഇല്ലെന്നത് ഒരു വസ്തുതയാണെങ്കിലും , ഡെൽഹിയിലെ ജനങ്ങളോടുള്ള ഉത്തരവാദിത്തം പ്രസ്തുത സർക്കാരോ പാർട്ടിയോ വേണ്ടവിധത്തിൽ നിറവേറ്റി എന്ന് പറയാനാവില്ല. അതുകൊണ്ട് , അവർ  വിമർശനം അർഹിക്കുന്നില്ലെന്നർഥമില്ല. സ്ഥാപനങ്ങൾ ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്തു അവയുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെടുമ്പോൾ അവസരത്തിനൊത്തു ഉയരേണ്ടത് ജനങ്ങൾ ആണ്. അതിനാൽ കൂട്ടക്കൊലകൾ സംഘടിപ്പിക്കുന്നവർക്കെതിരെ നിർണ്ണായക വിജയം നേടി ഡെൽഹിയിൽ സമാധാനവും നീതിയും കൊണ്ടുവരേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്തമാണ്. വർഗ്ഗീയ കലാപങ്ങൾക്കും ആൾക്കൂട്ട കൊലപാതകങ്ങൾക്കും നടുവിലും,  മുസ്ലീങ്ങളായ അയൽക്കാരുടെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കാൻ പ്രയത്നിച്ച ഹിന്ദുക്കളുടേയും , അക്രമികളിൽനിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടോടിഎത്തിയ മുസ്ലീങ്ങൾക്ക് അഭയം നൽകിയ സിഖ് ഗുരുദ്വാരകളുടെയും  ഹൃദയസ്പർശിയായ അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്.  ഭരണഘടനയെ സംരക്ഷിക്കാനുള്ള ജനകീയ പ്രക്ഷോഭങ്ങളുടെ തലസ്ഥാനമായി ഡെൽഹി അടുത്തകാലത്ത് മാറിയതുപോലെ , സമാധാനം പുനഃസ്ഥാപിക്കാനുള്ള പോരാട്ടത്തിൽ ഡെൽഹിയിലെ പ്രബുദ്ധമതികളും വിവേകശാലികളും ആയ പൗരസമൂഹവും പുരോഗമനകാരികളായ സാമൂഹ്യപ്രവർത്തകരും ഒരുമിച്ചു നിൽക്കേണ്ടത് അത്യാവശ്യമാണ്. 

No comments:

Post a Comment