Thursday, 4 August 2022

  ഫുൽവാരി ഷെരീഫ് കേസിന്റെ  പശ്ചാത്തലത്തിൽ ബീഹാർ ഭരണകൂടവും പോലീസും ഒരു പ്രദേശത്തേയും മുസ്‌ലീം സമുദായത്തേയും "ദേശവിരുദ്ധപ്രവർത്തന"ങ്ങളിൽ ഏർപ്പെടുന്നവരും "തീവ്രവാദി"കളും ആയി ചിത്രീകരിക്കുന്നതിനെതിരെ സിപിഐ എംഎൽ ബീഹാർ സംസ്ഥാന സെക്രട്ടറി സഖാവ് കുനാൽ മുഖ്യമന്ത്രിക്ക് കത്തെഴുതി. 




  ഫുൽവാരി  ഷെരിഫ് കേസുമായി ബന്ധപ്പെട്ട്  മുസ്‌ലിം സമുദായത്തെ ആകമാനം ലക്ഷ്യമാക്കി നടന്നുവരുന്ന  വ്യാജ പ്രചാരണങ്ങളുടെ സാഹചര്യത്തിൽ , മുഖ്യമന്ത്രി നിതീഷ് കുമാർ സ്വന്തം നിലക്ക് കേസ് മൊത്തത്തിൽ പരിശോധിക്കണമെന്ന് ജൂലൈ 24  നു  എഴുതിയ കത്തിലൂടെ സി പി ഐ എം എൽ  ബിഹാർ സംസ്ഥാന സെക്രട്ടറി സഖാവ് കുനാൽ ആവശ്യപ്പെട്ടു.  

ഒന്നോ രണ്ടോ സംശയാസ്പദമായ സംഭവങ്ങളെ മുൻനിർത്തിക്കൊണ്ടു മുസ്‌ലിം സമുദായത്തേയും ഫുൽവാരി ഷെരീഫ് എന്ന പ്രദേശത്തേയും "തീവ്രവാദപ്രവർത്തനങ്ങളുടെ വിളനിലം" ആയി പോലീസും ഭരണകൂടവും മാധ്യമങ്ങളിലൂടെ ചിത്രീകരിക്കുന്നതിനെ സി പി ഐ എം എൽ ചോദ്യം ചെയ്തു. ഇങ്ങനെ  ഒരു സമുദായത്തിലെ അംഗങ്ങളെ തുടർച്ചയായി മാധ്യമങ്ങളിലൂടെ താറടിച്ചു കാണിക്കുന്നത് മുസ്ലീങ്ങൾക്കെതിരെ വിദ് വേഷം ഉൽപ്പാദിപ്പിക്കാനും അവരെ ഭീതിയുടെ അന്തരീക്ഷത്തിൽ നിലനിർത്താനും ആണെന്ന് പ്രസ്തുത കത്തിൽ സ:കുനാൽ  ചൂണ്ടിക്കാട്ടി. കോടതിയുടെ പരിഗണയിലിരിക്കുന്ന കേസുകൾ മാദ്ധ്യമങ്ങൾ  വിചാരണചെയ്യുന്ന ഏർപ്പാട് നിർത്തണമെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റീസ് അടുത്ത ദിവസം പ്രസ്താവിച്ച കാര്യവും സ:കുനാൽ ബീഹാർ മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ചു.  

 ഒരു തെളിവും ജനങ്ങൾക്ക് മുന്നിൽ കാണിക്കാനില്ലാത്തപ്പോഴും പോലീസ് മാധ്യമങ്ങൾ വഴി പലതരത്തിലുള്ള കഥകൾ പ്രചരിപ്പിക്കുകയാണെന്നും , അതുമൂലം ഗുരുതരമായ ആശയക്കുഴപ്പവും തെറ്റിദ്ധാരണയുമാണ് ജനങ്ങൾക്കിടയിൽ ഉണ്ടാവുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇത്തരം കേസുകളിൽ മാധ്യമങ്ങൾ നടത്തുന്ന മുൻ‌കൂർ വിചാരണ ഭരണഘടനയനുസരിച്ചും ജനാധിപത്യത്തിന്റെ താല്പര്യങ്ങളനുസരിച്ചും ആശാസ്യമല്ല. മുസ്‌ലിം സമുദായത്തെയും ഫുൽവാരി ഷെരീഫ് എന്ന  പ്രത്യേക പ്രദേശത്തേയും അപകീർത്തിപ്പെടുത്താനായുള്ള ശ്രമത്തിന്റെ ഭാഗമായ അത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ സ്വന്തം നിലയ്ക്ക് ഇടപെടൽ നടത്തണമെന്ന്  സ: കുനാൽ ആവശ്യപ്പെട്ടു. 



  

Thursday, 14 July 2022

 


ജൂലൈ 28, 2022 പ്രതിജ്ഞ :

പതിനൊന്നാം പാർട്ടി കോൺഗ്രസ്സ് വൻ വിജയമാക്കാൻ എല്ലാവിധ പ്രവർത്തനങ്ങളും നടത്തുക !
ക്സൽബാരി കർഷക ഉയിർത്തെഴുന്നേല്പിന്റെ മഹാനായ ശില്പിയും സി പി ഐ (എം എൽ ) സ്ഥാപക ജനറൽ സെക്രട്ടറിയും ആയ സഖാവ് ചാരു മജൂംദാറിന്റെ രക്തസാക്ഷിത്വത്തിന്റെ അൻപതാം വാർഷികമാണ്
ജൂലൈ 28, 2022 . ഇന്ത്യയിലെ വിപ്ലവ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്
സഖാവ് ചാരു മജൂംദാർ നൽകിയ മഹത്തായ സംഭാവനകളിൽനിന്നും ആവേശം ഉൾക്കൊള്ളാനുള്ള ഒരു സന്ദർഭമാണ് ഇത്. അദ്ദേഹം രൂപം നൽകിയ പാർട്ടിയെ എല്ലാവിധത്തിലും ശക്തിപ്പെടുത്താനും , വർത്തമാന കാലത്തെ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിനുവേണ്ടി പാർട്ടിയുടെ ഭാഗധേയം സമസ്ത മേഖലകളിലും കൂടുതൽ കരുത്തുറ്റതും ഫലപ്രദവും ആക്കാനും വേണ്ടി നമ്മുടെ പ്രതിജ്ഞ പുതുക്കാനുള്ള സമയമാണിത്.
സഖാവ് ചാരു മജൂംദാർ കർഷക പ്രസ്ഥാനത്തിന്റെ കമ്മ്യൂണിസ്റ്റ് സംഘാടകൻ എന്ന നിലയിൽ സിപിഐ യിലും പിന്നീട് സിപിഐ(എം )ലും ആയി അനേകം വർഷങ്ങൾ അർപ്പിതമനസ്സോടെ പ്രവർത്തിച്ച വ്യക്തിയായിരുന്നു. അവിഭക്ത ഇന്ത്യ ബംഗാളിൽ 1940 കളുടെ അന്ത്യത്തിൽ സാക്ഷ്യം വഹിച്ച ചരിത്രപ്രസിദ്ധമായ
തേ ഭാഗാ പ്രസ്ഥാനത്തിന്റെ മുഖ്യസംഘാടകരിലൊരാൾ ആയിരുന്നു അദ്ദേഹം. അവിഭക്ത ബംഗാളിൽ പുരോഗമനത്തിന്റെ ശത്രുക്കളായി തിരിച്ചറിയപ്പെട്ട ഭൂപ്രഭുത്വം , കോളനിവാഴ്ച്ച , വർഗ്ഗീയത എന്നീ മൂന്ന് കാര്യങ്ങൾക്കെതിരെ വലിയ അവബോധം ജനങ്ങൾക്കിടയിൽ ഉണ്ടാക്കാൻ തേ ഭാഗാ പ്രസ്ഥാനത്തിന് കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യ സാമ്പത്തികവും കാർഷികവുമായി പ്രതിസന്ധികൾ നേരിട്ട ഒരു പശ്ചാത്തലത്തിൽ തേ ഭാഗാ പ്രസ്ഥാനത്തിന്റെ പൈതൃകവും സ്പിരിറ്റും തിരിച്ചുപിടിക്കാൻവേണ്ടി വർഷങ്ങളോളം നടത്തപ്പെട്ട സംഘടിതവും ബോധപൂർവവും ആയ പരിശ്രമങ്ങളുടെ പരിണിതഫലം ആയിരുന്നു നക്സൽബാരി .
സഖാവ് ചാരു മജൂംദാർ രാഷ്ട്രീയ സ്ഥിതിഗതികളെ എപ്പോഴും സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്തിരുന്നു. വർഗ്ഗ സമരത്തെ അതിന്റെ എല്ലാ മാനങ്ങളിലും വേണ്ടത്ര ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണെന്ന ധാരണ അദ്ദേഹത്തിന് ഉണ്ടായിരുന്നു. വർഗ്ഗസമരത്തിന്റെ കാര്യത്തിൽ പലപ്പോഴും അവഗണിക്കപ്പെടുന്ന രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ അംശങ്ങളിലടക്കം അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു. സാമ്രാജ്യത്വത്തിന് എതിരേ നടത്തേണ്ട വിപ്ലവസമരങ്ങളെക്കുറിച്ച് 1950 കളിൽ സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നടന്ന സംവാദങ്ങൾ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്കാരിലും അനുരണനങ്ങൾ ഉണ്ടാക്കിയപ്പോൾ വിപ്ലവലൈനിനെ ഉയർത്തിപ്പിടിച്ചുകൊണ്ട് സഖാവ് മജൂംദാർ 1964 ൽ സിപിഐ (എം) പക്ഷത്ത് നിലകൊള്ളുകയും, വിപ്ലവ നിലപാടിനുവേണ്ടി ആ പാർട്ടിയ്ക്കകത്ത് തൻ്റെ സമരം തുടരുകയും ചെയ്തു. 1967 ൽ ആദ്യമായി ബംഗാളിൽ ഒരു കോൺഗ്രസ്സിതര കൂട്ടുകക്ഷി ഭരണം നിലവിൽ വന്നപ്പോൾ കമ്മ്യൂണിസ്‌റ്റ് പാർട്ടി മുന്നണിയിലെ പ്രധാനപ്പെട്ട ഒരു ഘടക കക്ഷിയാവുന്നു എന്ന അർത്ഥത്തിൽ അത് ഒരു വഴിത്തിരിവായിരുന്നു. ഈ കാലഘട്ടത്തിൽ, ഗ്രാമീണ കർഷകർ ഉൾപ്പെട്ട വിപ്ലവ മുന്നേറ്റങ്ങൾ ശക്തിപ്പെടുത്തുന്നതിന് സഖാവ് ചാരു മജൂംദാർ മറ്റനേകം സഖാക്കൾക്കൊപ്പം അടിത്തട്ടിലേക്ക് ഇറങ്ങി പ്രവർത്തിച്ചു.
ഒറ്റപ്പെട്ടതെന്ന പ്രതീതിയുണ്ടാക്കുമായിരുന്ന ഒരു കർഷകകലാപം രാജ്യമെങ്ങും വിപ്ലവത്തിന്റെ കൊടുങ്കാറ്റിന്റെ സഞ്ചാര പഥം ആയിത്തീർന്നതിന്റെ ഉദാഹരണമാണ് നക്സൽബാരി. സഖാവ് ചാരു മജൂംദാർ നമുക്ക് കാട്ടിത്തന്നത് വിപ്ലവകാരികൾ അവസരത്തെ എങ്ങിനെ പിടിച്ചെടുക്കണമെന്ന പാഠം ആണ്. നക്സൽബാരിയിലെ മുന്നേറ്റം അഭൂതപൂർവ്വമായ മാനങ്ങളിൽ വിദ്യാർത്ഥി - യുവജന വിഭാഗങ്ങളെ ആകർഷിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്തു. സഖാവ് മജൂംദാറിന്റെ ആഹ്വാനത്താൽ പ്രചോദിതരായ ആയിരക്കണക്കിന് യുവ വിപ്ലവകാരികൾ ഭൂരഹിത ദരിദ്രരുടെ പോരാട്ടത്തിൽ അണിചേരാനായി ഗ്രാമങ്ങളിലേക്ക് പ്രവഹിച്ചു. സമരങ്ങൾ അതുവരെ ഉണ്ടായിട്ടില്ലാത്ത പുതിയ തരത്തിലുള്ള ഐക്യപ്പെടലിലേക്ക് കേന്ദ്രീകരിക്കുംവിധത്തിൽ ആശയങ്ങളും അനുഭവങ്ങളും തമ്മിൽ ഒരു പുതിയ സംയോജനത്തിന് ആണ് അത് വഴിതെളിച്ചത് . വർഗ്ഗസമരത്തിന്റെ പുതിയതും സവിശേഷവുമായ തീജ്വാലകൾ ആളിപ്പടരുന്നതിനിടെ പിറവിയെടുത്ത ഒരു പാർട്ടിയാണ് സിപിഐ (എം എൽ ). പുതിയ പാർട്ടിയെ കഠിനമായ അടിച്ചമർത്തലിലൂടെ ചോരയിൽ മുക്കിക്കൊല്ലാനുള്ള ശ്രമങ്ങൾ ഉണ്ടായ അങ്ങേയറ്റം വിഷമകരമായ ഘട്ടത്തിലും, മഹത്തായ ധീരതയോടെയും ആത്മവിശ്വാസത്തോടേയും ബുദ്ധിപൂർവ്വമായും അതിനെ അഭിമുഖീകരിക്കാൻ സഖാവിന് സാധിച്ചു .
തന്റെ രക്തസാക്ഷിത്വത്തിന് ദിവസങ്ങൾ മുൻപ് സഖാവ് ചാരു മജൂംദാർ എഴുതിയ കുറിപ്പുകളിൽ പാർട്ടിയെ എല്ലാ സാഹചര്യങ്ങളിലും സജീവമായി നിലനിർത്താനും, പാർട്ടിക്ക് ഉണ്ടായിട്ടുള്ള തിരിച്ചടികളെ അതിജീവിക്കാനും വേണ്ടി ജനങ്ങളുമായി ഉറ്റ ബന്ധം നിലനിർത്താൻ തന്റെ സഖാക്കളെ ആഹ്വാനം ചെയ്തു. ജനങ്ങളുടെ താൽപ്പര്യം ഉയർത്തിപ്പിടിക്കുക എന്നതാണ് പാർട്ടിയുടെ ഒരേയൊരു താൽപ്പര്യം എന്നും, അത് സാധ്യമാക്കാനായി മുൻപ് നമ്മൾ പ്രതിയോഗികളും എതിരാളികളുമായിക്കരുതിയവരും വിശാല ഇടത് പക്ഷത്തെ പ്രതിനിധാനം ചെയ്യുന്നവരും ആയ പ്രതിപക്ഷത്തെ രാഷ്ട്രീയപ്പാ ർട്ടികളുമായിപ്പോലും ഐക്യപ്പെട്ടും സഹകരിച്ചും മുന്നോട്ട് പോകേണ്ട കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. അദ്ദേഹത്തിന്റെ ഒടുവിലത്തെ സന്ദേശത്തിൽ നിന്ന് ലഭിച്ച പ്രചോദനമാണ് പാർട്ടിയെ പുനസ്സംഘടിപ്പിക്കാനുള്ള ഉത്തരവാദിത്തത്തോടെ സഖാവിന്റെ രക്തസാക്ഷിത്വത്തിന്റെ രണ്ടാം വാർഷികത്തിൽ ഒരു കേന്ദ്ര കമ്മിറ്റിക്ക് നാം രൂപം നൽകിയത്. തുടർന്ന് അഞ്ചു ദശാബ്ദക്കാലം കടുത്ത ഭരണകൂട അടിച്ചമർത്തലിന്റേയും ഫ്യൂഡൽ - രാഷ്ട്രീയ ഹിംസയുടേയും ഇടയ്ക്കിടെ ഉണ്ടായ രാഷ്ട്രീയ തിരിച്ചടികളുടേയും പ്രത്യയശാസ്ത്രപരമായ വെല്ലുവിളികളുടേയും ഘട്ടങ്ങളെ അതിജീവിച്ചുകൊണ്ട് പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ പാർട്ടിക്ക് സാധിച്ചു.
സഖാവ് ചാരു മജൂംദാറിൻറെ രക്തസാക്ഷിത്വം അൻപത് വർഷങ്ങൾ പിന്നിടുന്ന ഈ സന്ദർഭത്തിൽ നമ്മൾ അഭിമുഖീകരിക്കുന്നത് അസാധാരണമായ സാഹചര്യങ്ങളെയാണ്. ജനങ്ങളുടെ ജീവിതവും ഉപജീവനോപാധികളും സ്വാതന്ത്ര്യങ്ങളും ഇന്ന് അങ്ങേയറ്റം അരക്ഷിതാവസ്ഥയിൽ ആണെന്നതിന് പുറമേ , മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള ഭരണഘടനാപരമായ ബാധ്യത റിപ്പബ്ലിക്കിൽ നിന്നും അതിവേഗത്തിൽ എടുത്തുകളയുന്ന ഒരു ഫാസിസ്റ്റ് ഹിന്ദു രാഷ്ട്രത്തിന്റെ കെണിയിൽപ്പെട്ടിരിക്കുകയാണ് രാജ്യം. വിപ്ലവമെന്ന സ്വപ്നത്തിന്റെ സാക്ഷാൽക്കാരത്തിന് വേണ്ടി സ്ഥാപിതമായ ഒരു പാർട്ടിയുടെ മുന്നിൽ ഇന്നുള്ള കടമ മുൻപൊരിക്കലുമുണ്ടായിട്ടില്ലാത്ത ഈ ദുരിതത്തിൽനിന്നും റിപ്പബ്ലിക്കിനെ മോചിപ്പിച്ച് പുന:സൃഷ്ടിക്കുന്ന പ്രക്രിയയിൽ നേതൃത്വപരമായ പങ്കുവഹിക്കുക എന്നാണ് . വെല്ലുവിളികൾ നിറഞ്ഞ ഇന്നത്തെ സാഹചര്യങ്ങളിൽ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയണമെങ്കിൽ പാർട്ടിയെ സംഘടനാപരമായും രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും കൂടുതൽ കരുത്തുറ്റതാക്കേണ്ടതുണ്ട്. ഈ ദിശയിലുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി , അടുത്ത ഫെബ്രുവരിയിൽ പട് നയിൽ നടക്കാനിരിക്കുന്ന പതിനൊന്നാം പാർട്ടി കോൺഗ്രസ്സ് വരെ നീണ്ടുനിൽക്കുന്ന പ്രചാരണ പ്രവർത്തനങ്ങൾ നടത്താൻ നമ്മൾ തീരുമാനിച്ചിരിക്കുന്നു. പാർട്ടി കോൺഗ്രസ്സ് മഹത്തയ ഒരു വിജയമാക്കാൻ ഓരോ പാർട്ടിയംഗവും, ബ്രാഞ്ച് കമ്മിറ്റിയും അവസരത്തിനൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കട്ടെ.

Wednesday, 6 July 2022

എം എൽ അപ്ഡേറ്റ് 

A CPIML Weekly News Magazine
Vol. 25 | No. 28 | 5-11 Jul 2022
എഡിറ്റോറിയൽ :
ഇന്ത്യയെ ഇനിയും നാൽപ്പതു വർഷം ബുൾഡോസറുകൾക്ക് കീഴിൽ നിർത്താനുള്ള ബി ജെ പി പദ്ധതിയെ പരാജയപ്പെടുത്തുക
ബി ജെ പി യുടെ ദേശീയ വക്താവ് സ്ഥാനം അലങ്കരിച്ച നൂപുർ ശർമ്മ പ്രവാചകൻ മുഹമ്മദിനെ ക്കുറിച്ച്‌ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത് ലോകവ്യാപകമായി പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് അഴിച്ചുവിട്ടതിന് പുറമേ , ഇന്ത്യയ്ക്കകത്ത് അതുകൊണ്ട് ഏത് തരം കാര്യങ്ങൾ സാധിക്കാനുള്ള ഗൂഢപദ്ധതിയാണ്‌ ഇട്ടിരുന്നത് എന്നതിന്റെ ബഹുതലസ്പർശി യായ അടരുകൾ ദൃശ്യമായിക്കൊണ്ടിരിക്കുന്നു. നൂപുർ ശർമ്മയ്ക്കെതിരെ രാജ്യത്തിലെ നിയമപ്രകാരം കേസ് എടുക്കാൻ ബാധ്യതപ്പെട്ട മോദി സർക്കാർ പ്രസ്തുത സംഭവത്തെ 'പ്രാധാന്യമില്ലാത്ത ഒരു വ്യക്തി' നടത്തിയ ഒറ്റപ്പെട്ട ഒരഭിപ്രായ പ്രകടനം എന്ന് ലഘൂകരിക്കാൻ ശ്രമിച്ചത് സ്വാഭാവികമായും രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ ഉണ്ടാക്കി. മുസ്ലീങ്ങൾ പല സ്ഥലത്തും വലിയ ജനാവലിയായി പ്രതിഷേധിക്കാൻ മുന്നോട്ടു വന്നു. ഇന്ത്യൻ ഭരണകൂടം വെടിയുണ്ടകൾ കൊണ്ടും ബുൾഡോസറുകൾ കൊണ്ടും അതിനെ അടിച്ചമർത്താൻ ശ്രമിച്ചു. ബി ജെ പി ഭരിക്കുന്ന ഉത്തർ പ്രദേശിൽ ബുൾ ഡോസറുകൾ കൊണ്ട് പ്രതിഷേധക്കാരെ സർക്കാർ നേരിട്ടപ്പോൾ പ്രതിപക്ഷം ഭരിക്കുന്ന രാജസ്ഥാനിൽ പോലീസ് വെടിവെപ്പിൽ ആളുകൾ മരണപ്പെടുകയും നിരവധിയാളുകൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു.
ഈ സംഭവങ്ങളെല്ലാം അരങ്ങേറിയത് നൂപുർ ശർമ്മയുടെ വിവാദപ്രസ്താവന തൊട്ടു പിന്നാലെയായിരുന്നു. ജൂൺ 14 ന് കേന്ദ്ര സർക്കാർ വിനാശകരമായ അഗ്നിപഥ് പദ്ധതി പ്രഖ്യാപിക്കുന്നു, അതിനു പിന്നാലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ വിളംബരം ചെയ്യപ്പെടുന്നു, പിന്നെ നടക്കുന്നത് മഹാരാഷ്ട്രാ സംസ്ഥാന സർക്കാരിനെ താഴെയിറക്കാനുള്ള കളികൾ. നൂപുർ ശർമ്മ സംഭവത്തിൽ നിന്നും ജനശ്രദ്ധ ഏതാണ്ട് മാറുമെന്ന് പ്രതീക്ഷിക്കപ്പെട്ട അവസരത്തിൽ ആണ് മുഹമ്മദ് സുബൈറിനെതിരായ വേട്ടയാടലും , ഉദയ് പൂരിൽ കനൈയ്യാ ലാലിനെതിരെ നടന്ന ഞെട്ടിപ്പിക്കുന്ന കൊലയും നടന്നത്. ഉദയ് പൂരിലെ കൊലയാളിയുടെ ബി ജെ പി ബന്ധം പുറത്തുവന്നത് സംഭവത്തിന് തൊട്ട് പിന്നാലെയായിരുന്നു. ഇതെല്ലാം കൂടി ചേർത്തുവായിക്കുമ്പോൾ വ്യക്തമാവുന്നത് നമ്മുടെ കൺവെട്ടത്ത് ഉള്ളതിലേറെ കാര്യങ്ങൾ നൂപുർ ശർമ്മ സംഭവവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഉണ്ടെന്നതാണ്.
ഉദയ് പൂരിലെ കൊലപാതകവും ആ ക്ര്യത്യം വീഡിയോവിൽ ചിത്രീകരിച്ചശേഷം നടന്ന വ്യാപകമായ പ്രചാരണവും ഉണ്ടാക്കാൻ സാധ്യതയുള്ള വലിയതോതിലുള്ള തിരിച്ചടികളും പ്രകോപനങ്ങളും വ്യക്തമായും കണക്കുകൂട്ടിയുള്ളതാണ്‌. എല്ലാവരും ആ കൊലപാതകത്തെ അപലപിച്ചുവെന്നത് സത്യമാണെങ്കിലും , 2002 ലെ ഗുജറാത്തിലെ വേദനാജനകമായ സംഭവങ്ങൾ രാജസ്ഥാനിൽ ആവർത്തിച്ചു കാണാത്തതിൽ രാജ്യമാകെ ആശ്വാസം കൊള്ളുകയായിരുന്നു. ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ ഉദയ് പൂരിലെ കൊലയാളിയെയും അയാളുടെ രാഷ്ട്രീയ ബന്ധങ്ങളേയും വെളിച്ചത്തുകൊണ്ടുവരുവാൻ സാമൂഹ്യ മാദ്ധ്യമങ്ങൾക്ക് ഏറെ സമയം വേണ്ടിവന്നില്ല. കനൈയ്യ ലാലിനെ കൊലപ്പെടുത്തിയത് താൻ ആണെന്ന് അട്ടാരി മുഹമ്മദ് ഗൗസ് എന്ന തന്റെ കൂട്ടാളിയുമൊത്ത് മുഹമ്മദ് റിയാസ് കുറ്റസമ്മതം നടത്തി. രാജസ്ഥാൻ അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ബി ജെ പി നേതാവ് ഗുലാബ് ചന്ദ് ഖട്ടാരിയയ്ക്കും ഉദയ് പൂരിലെ ബി ജെ പി പ്രസിഡന്റ് രവീന്ദ്ര ശ്രീമാലിക്കും ഒപ്പം ഉള്ള മൊഹമ്മദ റിയാസിന്റെ ഫോട്ടോകൾ പുറത്തുവന്നു. ബി ജെ പി യിലെ പ്രമുഖരായ രണ്ടു മുസ്‌ലിം നേതാക്കളായ മുഹമ്മദ് താഹിർ, ഇർഷാദ് ചെയിൻവാലാ എന്നിവരുമായും റിയാസിന് ബന്ധം ഉണ്ടെന്നത് ആർക്കും നിഷേധിക്കാനാവാത്ത ഒരു സത്യമാണ്.
റിയാസ് അട്ടാരിയ്ക്കു ഇന്ത്യയിലെ ഏതെങ്കിലും പ്രതിപക്ഷ പാർട്ടി നേതാക്കളുമായിട്ടാണ് ഇത്തരത്തിലുള്ള ബന്ധം ഉണ്ടായിരുന്നതെങ്കിൽ പ്രമുഖ മാദ്ധ്യമങ്ങൾ എങ്ങനെ അത് ആഘോഷിക്കുമായിരുന്നെന്നും പ്രതിപക്ഷ പാർട്ടികൾ ഭീകരവാദത്തിന് രാഷ്ട്രീയ രക്ഷാകർതൃത്വം നൽകുന്നുവെന്ന് ആരോപിച്ചുകൊണ്ട് ആർ എസ് എസ്- ബിജെപി വൃത്തങ്ങൾ എങ്ങിനെയെല്ലാം ഒച്ചവെക്കുമെന്നും നമുക്ക് സങ്കല്പിക്കാവുന്നതേയുള്ളൂ. എന്നാൽ, റിയാസ് അട്ടാരിയുടെ തെളിയിക്കപ്പെട്ട ബി ജെ പി ബന്ധം മാദ്ധ്യമങ്ങൾ മൗനത്തിൽ കുഴിച്ചുമൂടാൻ ശ്രമിക്കുകയാണ്. നൂപുർ ശർമ്മയുടെ പ്രസ്താവത്തെ പിന്താങ്ങിയതിന്റെ പേരിൽ എന്നനിലയിൽ മഹരാഷ്ട്രയിലെ അമരാവതിയിൽ ഒരു കെമിസ്റ്റ് കൊല്ലപ്പെട്ട സംഭവം കൂടി വന്നതോടെ , ഈ കൊലപാതകങ്ങളുടെ പൊതു സ്വഭാവത്തെക്കുറിച്ചു ചോദ്യങ്ങളും ഉൽക്കണ്ഠയും ഉയർന്നുവന്നത് സ്വാഭാവികമാണ്. അതിനിടെ, കാശ്മീരിൽ ജൂലൈ 3 ന് ജമ്മു-കശ്മീർ പോലീസ് " പിടികൊടുക്കാതെ നടക്കുന്ന ഒരു ഭീകരൻ", "ലഷ്കർ-എ-തോയ് ബാ കമാൻഡർ " എന്നീ നിലകളിൽ അറസ്റ്റ് ചെയ്ത താലിബ് ഹുസെയിൻ ഷാ, മേയ് മാസത്തിൽ ബി ജെ പി കശ്മീർ ന്യൂന പക്ഷ സെല്ലിലെ സാമൂഹ്യ മാദ്ധ്യമ വിഭാഗം കൈകാര്യം ചെയ്യുന്ന ചാർജ്ജ് വഹിച്ച വ്യക്തിയാണ്. .
ഉദയ് പൂരിലും അമരാവതിയിലും നടന്ന കൊലപാതകങ്ങൾ അന്വേഷിക്കാനുള്ള ചുമതല എൻ ഐ എ യ്ക്ക് നൽകിക്കഴിഞ്ഞു. "ലഷ്കർ-എ-തോയ് ബാ കമാൻഡർ " എന്ന നിലയിൽ കശ്മീരിൽ പിടിക്കപ്പെട്ട ആളെ ബി ജെ പി എന്തുകൊണ്ട് അതിന്റെ സമൂഹ മാധ്യമ വിങ്ങിന്റെ തലവൻ ആയി മുൻപ് നിയമിക്കാൻ ഇടവന്നു എന്ന ചോദ്യം ഉണ്ട്. ഇതിനു നൽകപ്പെടുന്ന വിശദീകരണം പ്രസ്തുത നിയമനം ഓൺലൈൻ റിക്രൂട്ട്മെന്റ് സമ്പ്രദായത്തിലൂടെ ആയിരുന്നതിനാൽ വ്യക്തികളുടെ പശ്ചാത്തലം പരിശോധിക്കുന്നതിന് പരിമിതികളുണ്ടായിരുന്നുവെന്നാണ്. അതേ സമയം, ഒരു ബിജെപി വക്താവ് ഇപ്പോൾത്തന്നെ അതിനെ 'നേതൃത്വത്തിലെ ഉന്നതരെ വധിക്കാൻ ഉള്ള ഗൂഢാലോചന ' യായി വിശേഷിപ്പിച്ചിരിക്കുന്നു .ഗുജറാത്തിൽ മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടന്ന ഏറ്റുമുട്ടൽക്കൊലകളുടെ പരമ്പരയെ ന്യായീകരിക്കാൻ ഇതേപോലുള്ള തിരക്കഥകൾ ആണ് ഉപയോഗിച്ചിരുന്നത്. അതിനേക്കാൾ സമീപകാലത്ത് ഇസ്രയേലി സോഫ്റ്റ് വെയർ സാങ്കേതിക വിദ്യയുപയോഗിച്ച് ഇലക്ട്രോണിക് ഉപകരണങ്ങളിൽ തെളിവുകൾ കൃത്രിമമായി നിക്ഷേപിച്ച ശേഷം മനുഷ്യാവകാശപ്രവർത്തകർക്കെതിരെ കേസ് എടുക്കുകയുണ്ടായി; ഭീമാ കോരേഗാവ് കേസിൽ പ്രതികളാക്കപ്പെട്ടവർക്കെതിരെയാണ് ആ രീതി ഉപയോഗിച്ചത്. നൂപുർ ശർമ്മാ വിവാദവും ഉദയ് പൂർ - കശ്മീർ വെളിപ്പെടുത്തലുകളും മുതലാക്കിക്കൊണ്ട് 2024 തെരഞ്ഞെടുപ്പിന് മുൻപ് വിയോജിക്കുന്നവർക്കെതിരെ പകപോക്കാൻ
"ബിജെപി യിലെ ഉന്നത നേതൃത്വത്തിന് ജീവന് ഭീഷണി" എന്ന തിരക്കഥയുണ്ടാക്കി നീക്കങ്ങൾ നടത്താൻ ബിജെപി ഒരുമ്പെട്ടാൽ അത്ഭുതമില്ല.
സമാന്തര മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായി വസ്തുതാന്വേഷണം നടത്തി സത്യങ്ങൾ വെളിച്ചത്തു കൊണ്ടുവരികയും വ്യാജ വാർത്തകൾ പൊളിച്ചുകാട്ടുകയും ചെയ്യുന്ന വെബ് സൈറ്റ് ആയ ആൾട്ട് ന്യൂസിന്റെ സ്ഥാപകരിൽ ഒരാൾ ആയ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തതും അദ്ദേഹത്തിന്റെ ഒപ്പം പ്രവർത്തിക്കുന്ന പ്രതീക സിൻഹയെക്കൂടി അറസ്റ്റ് ചെയ്യാത്തതിൽ ആസൂത്രിതമായി മുറവിളി ഉയർത്തുന്നതും സൂചിപ്പിക്കുന്നത് അങ്ങേയറ്റം ദുഷ്ടലാക്കോടുകൂടിയ ഹീനമായ പകപോക്കൽ നയം ഇനിയും തുടരാൻ ആണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്നാണ് .ടീസ്‌ത സെതൽവാദ് , ആർ ബി ശ്രീകുമാർ , സഞ്ജീവ് ഭട്ട് എന്നിവർ ഗുജറാത്ത് കൂട്ടക്കൊലയുടെ ഇരകൾക്ക് നീതി ലഭിക്കാനുള്ള പോരാട്ടം നടത്തിയതിനാണ് പകപോക്കലിന് ഇരകൾ ആയതെങ്കിൽ, മുഹമ്മദ് സുബൈറിന് എതിരായ വേട്ടയുടെ കാരണം ഭരണകൂടം പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളും നുണകളും ധൈര്യസമേതം തുറന്നുകാട്ടാൻ അദ്ദേഹം മുന്നോട്ടുവന്നുവെന്നതാണ്. വിദ്വേഷം, നുണകൾ, അടിച്ചമർത്തൽ, ഭീകരത എന്നീ നാല് തൂണുകളാൽ താങ്ങിനിർത്തപ്പെടുന്ന ഒരു ഭരണകൂടത്തിന് സത്യവും നീതിയും അനഭിമതമാവുന്നതിൽ അത്ഭുതമില്ല. അതിനാൽ നേരിന്റെയും ന്യായത്തിന്റേയും സാക്ഷാൽക്കാരം തേടുന്ന ഏവരേയും വെറുക്കപ്പെട്ട ക്രിമിനലുകളെ എന്നപോലെയാണ് പരിഗണിക്കുന്നത്.
കടിഞ്ഞാണില്ലാതെ പ്രവർത്തിക്കുന്ന അദാനി- അംബാനി മാരുടെ കോർപ്പറേറ്റ് അധികാരത്തിന്റെ പിന്തുണയും, ഇ ഡി , സി ബി ഐ എന്നീ കേന്ദ്ര ഏജൻസികളുടെ പ്രഹരശേഷിയും ഉപയോഗപ്പെടുത്തിക്കൊണ്ട് ഇന്ത്യയെ ഇനിയുമൊരു നാല്പത് വർഷം അടക്കിവാഴാനുള്ള പദ്ധതിയാണ് ബി ജെ പി തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെയൊരു അവകാശവാദം അടുത്തയിടെ അമിത് ഷാ ഒരിക്കൽക്കൂടി ഉന്നയിക്കുകയും ചെയ്തു. പട്ടാളത്തിലെ മേലുദ്യോഗസ്ഥർ അതാത് കാലത്ത് അധികാരത്തിലിരിക്കുന്ന സർക്കാരിനെ സംരക്ഷിക്കുമ്പോൾ താഴേത്തട്ടിലെ സാധാരണ പട്ടാളക്കാർ തൊഴിൽ സുരക്ഷിതത്വമോ, സാമൂഹ്യസുരക്ഷിതത്വ പദ്ധതികളിൽ ഗുണഭോക്താക്കൾ ആകാനുള്ള അർഹതയോ ഒന്നുമില്ലാത്ത കോൺട്രാക്ട് ജോലിക്കാർ ആയി മാറ്റപ്പെടുംവിധത്തിൽ ഇന്ത്യൻ സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കാനും പുനസ്സംഘടിപ്പിക്കാനും ഉള്ള ഒരു കാൽവെപ്പ് എന്ന നിലയിൽ അഗ്നിപഥ് നടപ്പാക്കാനുള്ള നീക്കത്തോടെ , സർക്കാരിന്റെ ഉദ്ദേശം എന്തെന്ന ഒരു സൂചനയാണ്‌ നമുക്ക് കിട്ടിയത്. മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ യിൽ യഥാർത്ഥത്തിൽ കോടതി ഉത്തരവ് ഉണ്ടാകുന്നതിനു മണിക്കൂറുകൾ മുൻപേ പോലീസാണ് ജാമ്യാപേക്ഷ തള്ളിയതായ വാർത്ത ആദ്യം പ്രഖ്യാപിച്ചത് എന്നതും, ഗുജറാത്ത് വംശഹത്യയുടെ ഇരകൾക്ക് നീതിതേടി സുപ്രീം കോടതിയുടെ മുന്നിൽ എത്തിയ കേസിലെ അഭിഭാഷകയായിരുന്ന ടീസ്റ്റ സെതൽവാദിനെ അറസ്റ്റ് ചെയ്യാൻ അതെ കേസിന്റെ വിധിപ്രസ്താവം പ്രേരണ നൽകിയതും ഇന്ത്യൻ ജുഡീഷ്യറി ഭാവിയിൽ എങ്ങനെയായിത്തീരാൻ പോകുന്നുവെന്നതിന് മുന്നോടിയായ സൂചനകൾ ആണ്.
മോദി അധികാരത്തിൽ വന്നതിനുശേഷമുള്ള എട്ട് വർഷക്കാലത്തിനിടെ ബി ജെ പി യുടെ ഉന്നം "കോൺഗ്രസ്സ് മുക്‌ത ഭാരതം " എന്നതിൽ നിന്നും മാറി വിയോജിപ്പുകളില്ലാത്ത ജനാധിപത്യം എന്നതിലേക്ക് എത്തിയിരിക്കുന്നു. ഭരണഘടനയുടെ മുഖവുരയായി എഴുതിവെച്ചിരിക്കുന്ന തത്വങ്ങളിലേക്ക് ഇന്ത്യ തിരിച്ചുപോകാൻ സമയമായിരിക്കുന്നു. ജനാധിപത്യവും വൈവിദ്ധ്യങ്ങളും വിയോജിപ്പുകളും എല്ലാം ചേർന്നതാണ് ആധുനിക ഇന്ത്യ എന്ന് ഉറക്കെ പ്രഖ്യാപിക്കേണ്ട സമയമാണ് ഇത്. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ എൺപതാം വാർഷികത്തിൽ ഇന്ത്യയെ ബുൾഡോസറുകൾ കൊണ്ട് ഭരിക്കാൻ കഴിയുന്ന ഒരു ബനാനാ റിപ്പബ്ലിക്ക് ആക്കാൻ നിങ്ങളെ അനുവദിക്കില്ല എന്ന് കൊളോണിയൽ ഭരണകർത്താക്കളുടെ വിധേയ ശിഷ്യന്മാരോട് ഇന്ത്യ ഒന്നടങ്കം ഉറച്ച ശബ്ദത്തിൽ പറയേണ്ടതുണ്ട് !




Sunday, 26 June 2022


 2002 ഗുജറാത്ത് കൂട്ടക്കൊലയുടെ ഇരകൾ നടത്തുന്ന നിയമപ്പോരാട്ട ത്തെ സഹായിച്ചതിനുള്ള രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ടീസ്റ്റ സെ തൽവാദ്, ആർ ബി ശ്രീകുമാർ ഉൾപ്പെടെയുള്ള വരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കുക. 

-  സി പി ഐ (എം എൽ ) കേന്ദ്ര കമ്മിറ്റി  

പ്രസ്താവന

ന്യൂ ഡെൽഹി ,
 25 -06 -2022 



2002 ൽ മുസ്ലീങ്ങൾക്കെതിരെ ഗുജറാത്തിൽ ആസൂത്രിത  ഹിംസ നടന്ന ദിവസം കൊലയാളികളായ ഹിന്ദുത്വ ആൾക്കൂട്ടം വീട് വളഞ്ഞ അവസരത്തിൽ മുൻ കോണ്ഗ്രസ് എം പി ആയിരുന്ന   എഹ്സാൻ ജെഫ്രി പലവട്ടം ഫോണിൽ വിളിച്ച് സഹായം തേടിയിട്ടും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി യും മറ്റ് അധികാരികളും ചെവിക്കൊണ്ടിരുന്നില്ല. അതിനെത്തുടർന്നു ജെഫ്രിയെ ആൾക്കൂട്ടം ഭീകരമായി ശാരീരികോപദ്രവം ഏൽപ്പിച്ച ശേഷം  ജീവനോടെ തീയിലെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. ജെഫ്രിയുടെ പത്‌നിയായ സാക്കിയാ ജെഫ്രി അന്നു തൊട്ട് ഇന്നോളം ഉള്ള രണ്ടു ദശാബ്ദത്തിലേറെക്കാലം ഈ കൂട്ടക്കൊലയിൽ  മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്ത് ഭരണകൂടത്തിനുണ്ടായിരുന്ന നേരിട്ടുള്ള പങ്ക് നിയമപരമായി തെളിയിക്കാനും സ്ഥാപിച്ചു കിട്ടാനും വേണ്ടി   വിവിധ കോടതികളിൽ  ധീരമായ പോരാട്ടം നടത്തി വരികയാണ്. നീതിക്കായുള്ള ഈ പോരാട്ടത്തിൽ സാക്കിയാ ജെഫ്രിയെ തുണച്ചുപോന്നവരിൽ മുൻനിരയിലുണ്ടായിരുന്നത് തളരാത്ത മനുഷ്യാവകാശപ്പോരാളിയായ ടീസ്റ്റ സെതൽവാദും സിറ്റിസൺസ് ഫോർ പീസ് ആൻഡ് ജസ്റ്റീസ് എന്നുപേരായ അവരുടെ സംഘടനയും ആയിരുന്നു.  2002 ൽ ഗുജറാത്ത് സർക്കാർ സർവീസിൽ ഉണ്ടായിരുന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ആർ ബി ശ്രീകുമാർ,ഉൾപ്പെടെയുള്ള അനേകം ഓഫീസർമാർ അന്ന് നരേന്ദ്ര മോദി നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാറിനുവേണ്ടി കള്ളസാക്ഷ്യം നൽകാൻ വിസമ്മതിക്കുകയും, നീതിയുടെ പക്ഷത്ത്നിന്നുകൊണ്ട് അവരുടെ ഉത്തമബോധ്യത്തിലുള്ള സത്യങ്ങൾ പറയുകയും ചെയ്തു. 

ഗുജറാത്തിൽ 2002 ൽ നടന്ന മുസ്‌ലീം വിരുദ്ധ ഹിംസയേക്കുറിച്ച്  വിശദമായ അന്വേഷണം   നടത്തി റിപ്പോർട്ട് നൽകാൻ നിയുക്തമായിരുന്ന പ്രത്യേക അന്വേഷണ സംഘം നരേന്ദ്രമോദിക്ക്  സംഭവത്തിൽ പങ്കില്ലെന്ന്  ക്ലീൻ ചിറ്റ് നൽകിയതിനെ ( SIT റിപ്പോർട്ട് ) ശരിവെച്ച കീഴ്‌ക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സാക്കിയാ ജെഫ്രി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയാണ് ഇന്നലെ തള്ളപ്പെട്ടത് .അതിനു ശേഷം 24 മണിക്കൂർ കഴിയും മുൻപാണ്  ഗുജറാത്തിലെ ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് (ATS ) ടീസ്റ്റ സെതൽവാദിനെയും ആർ ബി ശ്രീകുമാറിനേയും  അറസ്റ്റുചെയ്യുന്നതും അവർക്കെതിരെ എഫ് ഐ ആറുകൾ ഫയൽ ചെയ്യുന്നതും. അറസ്റ്റിനെത്തുടർന്ന് അവരെ അഹമ്മദാബാദിലേക്ക് കൊണ്ടുപോയിരിക്കുകയാണ്‌. സുപ്രീം കോടതിയുടെ വിധിന്യായത്തിൽത്തന്നെയുള്ള  ചില നിരീക്ഷണങ്ങൾ ആണ് ഇത്തരം പകപോക്കലിന്റെ സ്വഭാവമുള്ള കുറ്റാരോപണത്തിനും അറസ്‌റ്റിനും വഴിതെളിയിച്ചിട്ടുള്ളത് എന്നത് ലജ്ജാകരം ആണ്.  സാക്കിയാ ജെഫ്രിയുടെ ഹർജി തള്ളാതിരിക്കാൻ വേണ്ടത്ര കാരണങ്ങൾ ഇല്ലാ എന്നു പറയുന്നതിൽനിന്നും ഒരു പടി കൂടി മുന്നോട്ടു പോയി ടീസ്റ്റ സെതൽവാദിനെ പേരെടുത്ത് പറഞ്ഞ്  കുറ്റപ്പെടുത്തുന്ന ഒരു വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. സാക്കിയാ ജെഫ്രിയുടെ വേദനയെ ചൂഷണം ചെയ്യുകയായി രുന്നു ടീസ്റ്റ സെതൽവാദ് എന്നും, അവരുടേയും   ഗുജറാത്ത് പോലീസിന്റെ വിവരണങ്ങളെ ചോദ്യം ചെയ്‌ത ഉദ്യോഗസ്ഥരുടേയും പ്രവൃത്തികൾ വിചാരണ അർഹിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.    

ഇന്ത്യയിലെ പരമോന്നത കോടതിയുടെ വിധിന്യായത്തിലെ ഒരു ഭാഗം ഇവിടെ ഇങ്ങനെ  ഉദ്ധരിക്കാം : 
  
“നീതിതേടുന്ന യാത്രയിലെ കഥാനായകർക്ക്  അവരുടെ എയർ കണ്ടീഷൻ ചെയ്ത ഓഫീസ്  മുറികളിലെ സുഖകരമായ അന്തരീക്ഷത്തിൽ ഇരുന്നുകൊണ്ട് സംസ്ഥാന ഭരണകൂടത്തിന് പല തലങ്ങളിലും സംഭവിച്ച പാളിച്ചകൾ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് പറയാൻ എളുപ്പമാണ്, എന്നാൽ സ്ഥിതിഗതികൾ എത്രമാത്രം ഭയാനകം ആയിരുന്നുവെന്നത് സംബന്ധിച്ച ബോധ്യമില്ലാതെയും  , മണ്ണിലെ യാഥാർഥ്യങ്ങൾ എന്തായിരുന്നുവെന്നതിന്റെ ഒരു പരാമർശമെങ്കിലും നടത്താതെയും , സംസ്ഥാനത്തെമ്പാടും  തനിയേ പൊട്ടിപ്പുറപ്പെട്ട ഹിംസയുടെ    സ്ഥിതിഗതികൾ നിയന്ത്രണാധീനമാക്കുന്നതിനു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ  പാട് പെട്ട് ശ്രമിച്ചുകൊണ്ടിരുന്നത് കാണാതേയും  ആണ് അവർ  ഇതെല്ലാം പറയുന്നത്." 
      
ഇതിന്റെ കാലഗണനാക്രമം വ്യക്തമാണ് : "നീതിതേടുന്ന യാത്രയിലെ കഥാനായകർ" എന്ന്  ഇന്ത്യൻ സുപ്രീം കോടതി പരിഹാസപൂർവ്വം വിശേഷിപ്പിച്ചതിനു പിന്നാലെയാണ്   മനുഷ്യാവകാശസംരക്ഷണത്തിന് വേണ്ടി നിലകൊണ്ടവർ അറസ്റ്റ് ചെയ്യപ്പെടുന്നത്. അവരുടെ മേൽ ആരോപിതമായ കുറ്റമാകട്ടെ , മുസ്‌ലിം സമുദായത്തെ ലക്‌ഷ്യം വെച്ചുള്ള ഹിംസകൾക്ക്  ഗുജറാത്ത് സംസ്ഥാനഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കാനുള്ള ഗൂഢാലോചനയിൽ ഏർപ്പെട്ടു എന്നതാണ്.  സാക്കിയാ ജെഫ്രി കേസിലെ സുപ്രീം കോടതി വിധിയിലെ വാചകങ്ങൾ  ടീസ്റ്റ സെതൽവാദ്  ഉൾപ്പെടെയുള്ളവർക്കെതിരെ  ഗുജറാത്ത് ATS ഫയൽ ചെയ്ത എഫ് ഐ ആറിൽ ഉദ്ധരിച്ചിട്ടുണ്ട് എന്നറിയുമ്പോൾ  ക്രോണോളജി ഒന്നുകൂടി വ്യക്തമാവുന്നു.  ടീസ്റ്റയെക്കുറിച്ച് പേരെടുത്ത് പരാമർശിക്കുന്ന ഒരു പ്രസ്താവം അമിത് ഷായിൽ നിന്നും ഉണ്ടായത്  അവരുടെ അറസ്റ്റിന് തൊട്ട് തലേന്ന് ആയിരുന്നുവെന്നതും  ഇതിനോട് ചേർത്ത് വായിക്കാം.

ഇന്ത്യയെ സംബന്ധിച്ച്  ദുഃഖകരമായ ഒരു ദിവസമാണിത് . നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഹിന്ദു-മേധാവിത്വ പ്രചോദിതമായ  ആൾക്കൂട്ടങ്ങളുടെ ഹിംസ യ്ക്ക് ഇരകളായ മനുഷ്യരെ സഹായിച്ചവർക്കെതിരെ കേസുകൾ ചുമത്തി അവരെയെല്ലാം വിചാരണ ചെയ്യാൻ  രാജ്യത്തിലെ പരമോന്നത നീതിപീഠം സംസ്ഥാന സർക്കാരിനെ പ്രേരിപ്പിക്കുകയാണ്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കേ  ഗുജറാത്തിൽ നടന്ന ലക്‌ഷ്യം വെച്ചുള്ള ഹിംസയ്ക്ക് ഹിന്ദു മേധാവിത്വവാദ രാഷ്ട്രീയവുമായും ഭരണ നേതൃത്വത്തിന്റെ ചെയ്തികളും വീഴ്ചകളുമായും എങ്ങനെയെല്ലാം ബന്ധം ഉണ്ടായിരുന്നുവെന്ന് ഇരകളുടെ പക്ഷത്ത് നിന്ന്  നിയമപരമായി സ്ഥാപിക്കാൻ ശ്രമിച്ചതിന്നാണ് അവർക്കെതിരേ ക്രിമിനൽ കേസുകൾ എടുത്തിരിക്കുന്നത്.  

സാക്കിയാ ജെഫ്രി, ടീസ്റ്റ സെതൽവാദ് , ആർ ബി ശ്രീകുമാർ  എന്നിവർ ഉൾപ്പെടെയുള്ളവർ നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിൽ കാട്ടിയ ധീരതയ്ക്ക് അഭിവാദ്യങ്ങൾ . നരേന്ദ്ര മോദി പിന്നീട്  ഇന്ത്യയുടെ പ്രധാനമന്ത്രിയായി എന്നത് പോലും അവരെ തളർത്തിയില്ല.  
നേരെ മറിച്ച് , ഒരു ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ലാത്ത വിധമാണ് നീതിതേടിയെത്തുന്ന വരുടെ പ്രവൃത്തിയെത്തന്നെ   രാജ്യത്തിലെ പരമോന്നത നീതിപീഠം ക്രിമിനൽ വരിക്കുന്നത്. ഇതിലേർപ്പെട്ട ഓരോ വ്യക്തിയേയും കൂട്ടിൽക്കയറ്റി നിയമപ്രകാരമുള്ള  വിചാരണക്ക് വിധേയരാക്കണം എന്ന വിധിന്യായത്തിലെ ഭാഗം പ്രത്യേകം  ശ്രദ്ധേയമാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് പ്രധാനമന്ത്രി മോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷാ യുടേയും പ്രതികാര ബുദ്ധിയുടെ ഉൽപ്പന്നമായ ആശയങ്ങൾ പ്രാവർത്തികമാക്കാൻ പരമോന്നത കോടതി സഹായിച്ചതിന്റെ ഫലമാണ് ടീസ്റ്റ സെതൽവാദ് , ആർ ബി ശ്രീകുമാർ എന്നിവരുൾപ്പെടെയുള്ളവരുടെ  അറസ്റ്റ് എന്നാണ് .   

- കേന്ദ്ര കമ്മിറ്റി , 
സിപിഐ എംഎൽ  ലിബറേഷൻ 

Thursday, 16 June 2022

 വിദ്വേഷ പ്രസംഗം മുതല്‍ ഭരണകൂട ഭീകരത വരെ എത്തിനിൽക്കുന്ന ഇസ്ലാമോഫോബിയയുടെ സഞ്ചാര പഥത്തെ   ചെറുക്കുക. പ്രകോപനങ്ങളെ നിരാകരിക്കുക, ഐക്യവും സമാധാനവും നിലനിര്‍ത്തുക.



[എഡിറ്റോറിയൽ, ML Update, 14 June 2022] 



ബി.ജെ.പി ദേശീയ വക്താവ് നുപൂര്‍ ശര്‍മ്മയും പാര്‍ട്ടിയുടെ ഡെല്‍ഹി മീഡിയാ വിഭാഗം തലവൻ നവീന്‍ കുമാര്‍ ജിൻ ന്‍ഡാലും ചേര്‍ന്ന് നടത്തിയ നബിനിന്ദാ പ്രസ്താവനകള്‍ ശരവേഗത്തിലാണ് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. പ്രതിഷേധ സമരങ്ങള്‍ക്കെതിരെ നടന്ന സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ മുസ്ലിം മതവിശ്വാസികളെ ഉന്നം വെച്ചുള്ള അക്രമ പരമ്പരകളില്‍ കലാശിച്ചിരിക്കുകയാണ്. പാര്‍ട്ടി വക്താക്കളുടെ വിവാദ പരാമര്‍ശം എറെ വൈകാതെ തന്നെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നു. ഖത്തര്‍, സൗദി, മലേഷ്യ, ഇറാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധമുണ്ടായതോടെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന ഭീഷണി നേരിടുന്നത് വരെ കാര്യങ്ങള്‍ എത്തിനിന്നു. ഈ അവസരത്തിലാണ് ബി.ജെ.പി അംഗത്വം പിന്‍വലിച്ചും ഉത്തരവാദികളെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തും മോദി സര്‍ക്കാര്‍ രംഗം തണുപ്പിക്കാന്‍ ശ്രമിച്ചത്. ഫ്രിഞ്ച് എലമെന്റെന്ന് വിശേഷിപ്പിച്ചാണ്  നബി നിന്ദ നടത്തിയവരെ പാർട്ടി തഴഞ്ഞത്. 



ഒരു നൂറ്റാണ്ടിനടുത്ത പ്രവർത്തന കാലയളവിൽ പ്രതിസന്ധി ഘട്ടങ്ങളില്‍ പതിവായി സ്വീകരിച്ച് വരാറുള്ള ആര്‍.എസ്.എസ് തന്ത്രമാണിത്. പാര്‍ട്ടി അനുഭാവികള്‍ ഗാന്ധി വധമാഘോഷിച്ചപ്പോഴും ഗോഡ്‌സെയെ തള്ളിപ്പറയാനായിരുന്നു ആര്‍.എസ്.എസ് നേതൃത്വം വ്യഗ്രത കാണിച്ചത്. സമൂഹത്തിന് ഭീഷണിയായി മാറിയ ആര്‍.എസ്.എസ്സിനെ നിരോധിക്കാനൊരുങ്ങിയ സര്‍ദാര്‍ വല്ലഭായ് പട്ടേലിനോട് ഒരു സാംസ്‌കാരിക സംഘമായി തുടര്‍ന്നോളാമെന്നായിരുന്നു നേതാക്കളുടെ വിശദീകരണം. ആർഎസ്എസ് ആചാര്യൻ ഗോൾവാൾക്കർ തന്റെ "നാം അഥവാ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു" എന്ന കൃതിയിൽ ആര്‍.എസ്.എസിന്റെ ഫാഷിസ്റ്റ് തത്വശാസ്ത്ര ജന്മമുദ്രകൾ വെളിവാക്കുകയും ഹിറ്റ്‌ലറെയും വംശവിശുദ്ധിയിലും വംശഗർവ്വിലുമൂന്നിയ തന്റെ നാസി ദേശീയതയെയും വംശഹത്യയിലൂന്നിയ തീവ്രമായ സെമിറ്റിക് വിരോധത്തെയും ആരാധനാപൂർവ്വം അവതരിപ്പിക്കുകയും ചെയ്തപ്പോൾ, പ്രസ്തുത പാഠഭാഗത്തിന്റെ ആധികാരികതയെക്കുറിച്ച് സംശയമുണ്ട് എന്ന് അകലം പാലിക്കാനാണ് അന്ന് ആർഎസ്എസ് ശ്രമിച്ചത്.  നൂപുര്‍ ശര്‍മ്മയുടേയും നവീന്‍ കുമാര്‍ ജിന്‍ഡാലിന്റേയും വിവാദ പ്രസ്താ വനയില്‍ നിന്ന് ഫ്രിഞ്ച് എലമെന്റ്‌സ് എന്ന ന്യായീകരണത്തോടെ എളുപ്പം തടിയൂരാമെന്ന ചിന്തയിലായിരുന്നു പാര്‍ട്ടി നേതൃത്വം.

ഫ്രിഞ്ച് എലമെന്റെന്ന പൊള്ളയായ വാദം കൊണ്ട് ലോകജനതയേയും സ്വന്തം പൗരന്മാരേയും കബളിപ്പിക്കാമെന്ന് മോദി ഭരണകൂടമോ സംഘ് സംഘടനകളോ കണക്കുകൂട്ടിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അബദ്ധം പിണഞ്ഞിരിക്കുന്നുവെന്ന് നിസ്സംശയം പറയാം. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ മുദ്രാവാക്യങ്ങളും പ്രതികരണങ്ങളും പാര്‍ട്ടിയുടെ പൊള്ളത്തരങ്ങളെ പൊളിക്കുകയായിരുന്നുവെന്ന് വേണം പറയാന്‍.
ബി.ജെ.പി സംഘ്പരിവാര്‍ നേതാക്കളും, വക്താക്കളും വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയതില്‍ ഇന്ത്യന്‍ ജനതയോടും ഭരണഘടനയോടും സര്‍ക്കാര്‍ മറുപടി നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് ഈ പ്രതിഷേധങ്ങള്‍ ഭരണത്തലവന്മാരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് കരുതാം. എന്നാൽ, പാര്‍ട്ടി തഴഞ്ഞ ബി.ജെ.പി വക്താക്കളെ വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ അറസ്റ്റു ചെയ്യാന്‍ വൈകുന്നത് എന്തുകൊണ്ടാണ് ? രാജ്യം പരക്കെ ആളിക്കത്തുന്ന പ്രതിഷേധ സമരങ്ങള്‍ കൃത്യമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. ജൂണ്‍ മൂന്നിനും പത്തിനും വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ക്ക് ശേഷം നടന്ന പ്രതിഷേധങ്ങള്‍ താരതമ്യേന അതി വിപുലമായിരുന്നു. കല്ലേറും തീവെപ്പും റോഡ് തടയലുമടങ്ങിയ പ്രതിഷേധ മുറകള്‍ അല്‍പ്പം അക്രമാസക്തമായിരുന്നുവെന്നത് സത്യമാണ്. രാജ്യത്താകമാനം വളര്‍ന്നു പന്തലിച്ച പ്രതിഷേധങ്ങള്‍ക്കിടയില്‍ പോലീസ് നരനായാട്ടും ഭരണകൂട പകപോക്കലുമായി രാഷ്ട്രം സ്തംഭിച്ച അവസ്ഥാവിശേഷമാണിപ്പോള്‍ സംജാതമായിരിക്കുന്നത്. സാഹചര്യം ശ്രദ്ധയോടെ കൈകാര്യം ചെയ്യാത്തതിന്റെ പേരില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഇതിനോടകം പൗരവിമര്‍ശനം നേരിട്ട് കഴിഞ്ഞിട്ടുണ്ട്. 
തീവെപ്പും കല്ലേറും ഇന്ത്യ പോലത്തെ ഒരു രാജ്യത്തെ സമരമുഖങ്ങളില്‍ സര്‍വ്വസാധാരണമാണെന്നിരിക്കെ, ഫലപ്രദവും അപായം കുറഞ്ഞതുമായ മാര്‍ഗങ്ങളിലൂടെ ഇവ നിയന്ത്രണ വിധേയമാക്കാന്‍ പോലീസ് സംവിധാനം പരിശീലിപ്പിക്കപ്പെട്ടതുമാണ്. പത്മാവത് സിനിമക്കെതിരെയും ശബരിമലയിലെ സ്ത്രീ പ്രവേശം സാധുവാക്കിയ സുപ്രീം കോടതി വിധിയിലും നടന്ന പ്രതിഷേധങ്ങള്‍ ബുള്ളറ്റ് കൊണ്ടും ബുള്‍ഡോസറുകള്‍ കൊണ്ടും തടയപ്പെട്ടില്ലെങ്കില്‍ ഇസ്ലാമോഫോബിയയില്‍ പ്രതിഷേധിക്കുന്ന മുസ്ലിംകളോട് മാത്രമെന്തിനാണീ വിവേചനം?

മുഹമ്മദ് മുദസ്സിര്‍, മുഹമ്മദ് സാഹില്‍ എന്നീ രണ്ട് യുവാക്കളുടെ മരണത്തിന് കാരണമായ റാഞ്ചിയിലെ പോലീസ് വെടിവെപ്പും, ഉത്തര്‍പ്രദേശിലെ കണ്ണില്‍ചോരയില്ലാത്ത ലാത്തിച്ചാര്‍ജും, അലഹബാദിലെ പര്‍വീന്‍ ഫാത്തിമയുടെ ഭവനധ്വംസനവും സഹാറന്‍പൂരിലെ രണ്ട് മുസ്ലിം വീടുകൾ തകര്‍ത്തതും പ്രതിഷേധ സമരങ്ങളോട് ബി.ജെ.പി ഭരണത്തിലിരിക്കുന്ന ഇന്ത്യാ രാജ്യം എങ്ങനെ പ്രതികരിക്കുന്നുവെന്നതിന്റെ നേര്‍ക്കാഴ്ചകളാണ്. സമരമുറകളെ ആയുധവും ബലവുമയോഗിച്ച് കീഴ്‌പ്പെടുത്തുന്ന തന്ത്രം ബി.ജെ.പി ഭരണസംസ്ഥാനങ്ങളില്‍ മാത്രമല്ലെന്ന നഗ്നസത്യമാണ് റാഞ്ചിയിലെ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഖര്‍ഗോണ്‍ നഗരത്തില്‍ ആരംഭിച്ച ഭവനനശീകരണ പദ്ധതിയും വ്യാപകമായി സംപ്രേഷണം ചെയ്യപ്പെട്ട അഫ്രീന്‍ ഫാത്തിമയുടെ വീട് പൊളിക്കലും,   ബി.ജെ.പി സര്‍ക്കാര്‍ ഭയത്തെയും നശീകരണത്തേയും എത്രമാത്രം ആഘോഷിക്കുന്നുവെന്നതിന്റെ ഉത്തമ തെളിവാണ്.  നരേന്ദ്ര മോദി സര്‍ക്കാര്‍ ഇത്തരം നിര്‍ദ്ദയ നടപടികള്‍ പ്രാവര്‍ത്തികമാക്കുന്നത് പ്രാഥമികമായി മുസ്ലിം സമൂഹത്തെ ലക്ഷ്യം വെച്ചാണ്  എങ്കിലും,
ഭരണകൂടത്തിന്റെ പ്രതിലോമ പരമായ നടപടികളോട് വിരോധം പുലര്‍ത്തുന്നവര്‍ക്കാകെയുള്ള താക്കീതാണിതെന്ന് നിസ്സംശയം പറയാം.  ഭരണകൂടത്തിന്റെ നടപടികളോട്  വിയോജിപ്പ്  പ്രകടിപ്പിക്കുന്നവർക്കു ഭരണഘടനാദത്തമായ പിന്തുണയോ മൗലികാവകാശങ്ങളോ ലഭ്യമാക്കാൻ  മോദി സർക്കാറിന് ഉദ്ദേശ മില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. 
പോലീസിന്റെ മൂന്നാം മുറ അനുഭവിപ്പിച്ചും ജാമ്യമില്ലാ വകുപ്പ് ചുമത്തിയുമൊക്കെ വര്‍ഷങ്ങളോളം ജയിലില്‍ തള്ളാനും ആണ്  സർക്കാർ ഉദ്ദേശിക്കുന്നത്.    ഭരണഘടനയും നിയമവാഴ്ചയും നിര്‍ലജ്ജമായി നോക്കുകുത്തിയായി മാറുന്ന സ്ഥിതിഗതികളാണിതെങ്കിലും മോദിയുടെ  ഇന്ത്യയില്‍ ഇത് പുതിയ  സാധാരണത്വം ആയി മാറിക്കൊണ്ടിരിക്കുന്നു.

ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ ഈ നിര്‍ണ്ണായകഘട്ടത്തില്‍ മുസ്ലിം സമൂഹം എത്രമാത്രം യാതനകൾ അനുഭവിക്കുന്നുണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിച്ചുള്ള പ്രസ്താവനകള്‍ എന്നും ഹൃദയഭേദകമാണ്. ഇത്തരം പരാമര്‍ശങ്ങള്‍ കൃത്യമായ രാഷ്ട്രീയ ആധിപത്യത്തെ നിര്‍വചിക്കുകയും ദിനേന ഒരു സമൂഹത്തെ പീഡിപ്പിക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷം രൂപപ്പെടുന്നത് അങ്ങേയറ്റം വേദനാജനകമാണ്. നിരന്തരം അക്രമിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ന്യൂനപക്ഷ സമൂഹത്തോട് ചേര്‍ന്ന് നിന്ന് ഫാസിസ്റ്റ് വിദ്വേഷ പ്രചാരണത്തിന് തിരിച്ചടി നല്‍കി ഇന്ത്യയുടെ ജനാധിപത്യ, ചരിത്ര പൈതൃക, സാംസ്‌കാരിക വൈവിധ്യ മൂല്യങ്ങള്‍ പ്രതിരോധിക്കാന്‍ കമ്മ്യൂണിസ്റ്റ്  പാര്‍ട്ടിയടങ്ങുന്ന മതേതര സംഘടനകള്‍ തയ്യാറാകേണ്ടിയിരിക്കുന്നു.

Saturday, 11 June 2022

 
വിശ്വാസമോ യുക്തിയോ : ഹിന്ദുത്വയുടെ കോടതി വിജയങ്ങൾ ആകസ്മികമോ?

(ദ് വയർ ഓൺലൈനിൽ 06-06-2022ന് ശ്രീ. ശിവസുന്ദർ എഴുതിയ Faith or Reason: Are the Judicial Victories of Hindutva Accidental? എന്ന ലേഖനത്തിന്റെ മലയാള പരിഭാഷ)
*പരിഭാഷ - കെ. രാമചന്ദ്രൻ*


ഹിന്ദുത്വ സംഘടനകൾ പല വിഷയങ്ങളിലും സ്വീകരിച്ചുപോരുന്ന ഇരട്ടത്താപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയതൊന്നുമല്ല. എന്നാൽ, ഇപ്പോൾ ഇതേ ഇരട്ടത്താപ്പ് ഇന്ത്യൻ ജ്യുഡീഷ്യറിയും സ്വാംശീകരിച്ചതായി കാണുന്നത് പുതിയതും , അസ്വാസ്ഥ്യജനകവുമായ ഒരു സംഗതിയാണ്.   



ഹിന്ദുത്വസംഘടനകൾക്ക് അവരുടെ പ്രവൃത്തികളെയോ ചരിത്രത്തിന്മേലും ഭാവിയിന്മേലുമുള്ള അവകാശവാദങ്ങളെയോ പിന്തുണയ്ക്കാൻ ഏതെങ്കിലും സഥാപനത്തിന്റെയോ ഭരണഘടനയുടെയോ ഒന്നും ആവശ്യം ഇനിയില്ലെങ്കിൽ പോലും ശാസ്ത്രീയയുക്തിയും ഭൂരിപക്ഷവാദവും കൂട്ടിക്കുഴച്ചുകൊണ്ട് എതിർവാദങ്ങളെ കീഴ്പ്പെടുത്താൻ അവർ ശ്രമിക്കാറുണ്ട്.
മുത്തലാഖ്, ഹിജാബ് ധരിക്കൽ തുടങ്ങിയ മുസ്ലിം ആചാരങ്ങളെ പ്രാകൃതവും പിന്തിരിപ്പനുമായി അവതരിപ്പിക്കുവാൻ അവർ ശാസ്ത്രീയയുക്തി ഉപയോഗിക്കും. ആധുനികത, ജനാധിപത്യം, ലിംഗനീതി, യാഥാസ്ഥിതിക പൌരോഹിത്യത്തിൽ നിന്ന് സ്ത്രീകളെ മോചിപ്പിക്കൽ എന്നിങ്ങനെയുള്ള വാദങ്ങളും ഉയർത്തും. ഇത്തരം വാദങ്ങൾ സമർത്ഥിക്കാൻ അംബേദ്കറിനെപ്പോലെയുള്ള വ്യക്തികളെയും ആധുനികശാസ്ത്രത്തെയും ഭരണഘടനയെപ്പോലും അവർ കൂട്ടുപിടിക്കും. എന്നാൽ ഹിന്ദുക്കളുടെ ആചാരങ്ങളെക്കുറിച്ച് പറയുമ്പോൾ എന്തുകൊണ്ട് ഇതേ തത്വങ്ങൾ പ്രയോഗിക്കുന്നില്ല എന്ന് ചോദിച്ചാൽ ആ ചോദ്യം ഒഴിവാക്കുകയോ അല്ലെങ്കിൽ ‘പക്ഷപാതപര’മെന്ന് ആരോപിക്കുകയോ ആണ് പതിവ്.
യാഥാസ്ഥിതികവും ജാതിപക്ഷപാതം കലർന്നതും, വിവേചനപരവും ആൺകോയ്മയിലധിഷ്ഠിതവുമായ ഹൈന്ദവമോ ബ്രാഹ്മിണിക്കലോ ആയ പ്രവർത്തനങ്ങളെ സംരക്ഷിക്കാൻ അവർ അവലംബിക്കുന്ന രീതി യുക്തിയുടെ മേൽ വിശ്വാസത്തെ പ്രതിഷ്ഠിക്കുന്ന വാദം കൊണ്ടുവരിക എന്നതാണ്. ഭരണഘടനാപരവും നിയമപരമായവയുമുൾപ്പെടെ ബാഹ്യ ഇടപെടലിനെതിരെ, ആന്തരികമായ മതസ്വാതന്ത്ര്യം സംരക്ഷിക്കുന്ന വിധത്തിൽ ഭരണഘടനയെ വ്യാഖ്യാനിക്കുകയാണ് മറ്റൊരു രീതി.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഹിന്ദുത്വസംഘടനകൾ പ്രയോഗിക്കുന്ന ഇരട്ടത്താപ്പ് പുതിയതല്ല, എന്നാൽ നീതിന്യായത്തിലെ ഉയർന്ന വിഭാഗങ്ങൾ ഈ ഇരട്ടത്താപ്പ് സ്വാംശീകരിക്കുന്നു എന്നത് പുതിയതാണ്; കൂടുതൽ അസ്വാസ്ഥ്യജനകവുമാണ്.
ഉദാഹരണത്തിന് ക്ലാസ് മുറികളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതിയുടെ മൂന്നംഗബെഞ്ചിന്റെ സമീപകാലത്തെ വിധിയെടുക്കുക. ഈ ബെഞ്ച് വാദിച്ചെടുത്ത മൌലികമായ നിയമയുക്തികൾ രണ്ടായിരുന്നു. ഒന്നാമത്തേത് ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ ഒരു അവശ്യമതാചാരമല്ല എന്നതും, പരാതിക്കാരുടെ മനസ്സാക്ഷിക്കൊത്ത് നിലപാടെടുക്കാനുള്ള അവകാശം സ്ഥാപിച്ചിട്ടില്ല എന്നതുമായിരുന്നു. ഹിജാബ് ധരിക്കുന്നതിനെതിരായ മുൻവിധികളെ അതേപടി പിന്തുണയ്ക്കുന്നതായിരുന്നു രണ്ടാമത്തെ വാദം. ഹിജാബ് സ്വാതന്ത്ര്യം ഹനിക്കുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ യൂനിഫോം ഡ്രസ് കോഡ് നിർബന്ധമാക്കുക വഴി മതേതരത്വത്തെ മുന്നോട്ട് നീക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.  ഈ സ്ഥാപനങ്ങളിൽ എല്ലാവരുടെയും വേഷം ഒരേപോലെയാക്കുക എന്നതിന് വിദ്യാഭ്യാസം തുടരുന്നതിനേക്കാൾ മുൻഗണന നൽകുന്നതിന് പ്രാമാണ്യം നൽകുന്നതായിരുന്നു കോടതിവിധി.
തലപ്പാവ്, കുങ്കുമം പോലുള്ള മറ്റ് മതസൂചനകളെ പരിഗണിക്കുമ്പോൾ ഇതേ തത്വം പ്രയോഗിക്കാൻ കോടതി വിമുഖത കാട്ടി. ദക്ഷിണാഫ്രിക്കയിലെ ഒരു സമാനസന്ദർഭത്തിൽ യുനിഫോമിനോടൊപ്പം മൂക്കുത്തി ഉപയോഗിക്കാനനുവദിക്കുന്ന ഒരു വിധിയെ പരിഗണിക്കാൻ കോടതി വിസമ്മതിച്ചു. കോടതി ഇതിന്നുപയോഗിച്ച വിചിത്രമായ യുക്തി ഹിജാബിനോട് തട്ടിച്ചുനോക്കിയാൽ മൂക്കുത്തി അത്ര കണ്ണിൽ പെടുന്ന വസ്തുവല്ല എന്നതായിരുന്നു.
ബിജെപി സർക്കാറും ഹിന്ദുത്വശക്തികളും മുന്നോട്ടുവെക്കുന്ന മതേതരത്വത്തിന്റെയും ഏകതാനതയുടെയും (uniformity) തത്വം സ്വീകരിക്കുകയും മെച്ചപ്പെടുത്തുകയുമാണ്ഹിജാബ് കോസിൽ കോടതി ചെയ്തത്. ഒരു ആചാരം എന്ന നിലയിലോ, വ്യക്തിക്ക് മനസ്സാക്ഷിക്കനുസരിച്ച് നടപ്പിലാക്കാവുന്ന ഒരു കാര്യം എന്ന നിലയിലോ മുസ്ലിം പെൺകുട്ടിക്ക് ഹിജാബ് ധരിക്കുവാനുള്ള അവകാശം നിഷേധിക്കുക എന്നതിനായിരുന്നു മുഖ്യ ഊന്നൽ.
ഇനി ശബരിമല കേസ് നോക്കൂ. മതേതരത്വം, തുല്യനീതി, ആധുനികത എന്നിവ ഉയർത്തിപ്പിടിച്ചാണ് പരമോന്നത കോടതി ശബരിമലയിൽ ആർത്തവമുള്ള സ്ത്രീകൾക്ക്  പ്രവേശനമനുവദിച്ചത്. ഹിന്ദുത്വസംഘങ്ങൾ വിധിക്കെതിരെ രംഗത്തുവന്നു; ഭക്തർ പ്രക്ഷോഭം നടത്താൻ ആഹ്വാനം ചെയ്തു. ഒടുവിൽ കോടതി അതിന്റെ വധി പുനഃപരിശോധിക്കാൻ സമ്മതിച്ചു. മതാചാരവും മതവുമായി ബന്ധപ്പെട്ട സംഗതികളും മൌലികമായി നിർവചിക്കുന്നതിനുള്ള നിയമപരമായ അതിരുകൾ നിശ്ചയിക്കുവാൻ ഒരു ഏഴംഗ ബഞ്ച് സ്ഥാപിച്ചു.
മനസ്സാക്ഷിക്കുള്ള അവകാശം എങ്ങനെയാണ് നീതിപീഠം ഹിജാബ് കേസിലും അയോധ്യയുടെ ഉടമസ്ഥതാ കേസിലും പരിഗണിച്ചതെന്ന് താരതമ്യപെടുത്തി നോക്കണം.
ഹിജാബ് കേസിൽ കർണാടകയുടെ മൂന്നംഗ ബെഞ്ച് പ്രഖ്യാപിച്ചു:
“മനസ്സാക്ഷി എന്നത് സ്വതവേ വ്യക്തിനിഷ്ഠസ്വഭാവമുള്ളതാണ്. പരാതിക്കാർക്ക് അത്തരം മനസ്സാക്ഷിയുണ്ടോ എന്നും എങ്ങിനെയാണ് അത് അവർ വികസിപ്പിച്ചതെന്നും ഹരജിയിൽ വിശദാംശങ്ങളോടെ പറയുന്നില്ല. ഹിജാബ് ധരിക്കുന്നത് മനസ്സാക്ഷിക്കനുസരിച്ച ഒരു പ്രവൃത്തിയാണെന്നും അത് നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നത് മനസ്സാക്ഷിക്കെതിരായ നീക്കമാണെന്നും വെറുതേ പ്രസ്താവിക്കുന്നത്, പരാതിക്കാർക്ക് ആശ്വാസം നൽകുന്നതിനാവശ്യമായ മതിയായ ന്യായീകരണമാവുന്നില്ല. പരാതിക്കാർക്ക് ഉണ്ടെന്ന് പറയപ്പെടുന്ന മനസ്സാക്ഷി എന്നതിനെ വിലയിരുത്താനും നിർണയിക്കാനും പറ്റുന്ന വസ്തുക്കളൊന്നും ഞങ്ങൾക്ക് മുന്നിൽ സമർപ്പിച്ചിട്ടില്ല. ഹിജാബ് ധരിക്കുന്നതിനെ എങ്ങിനെയാണ് അവർ മനസ്സാക്ഷിയുമായി ബന്ധിപ്പിക്കുന്നത് എന്നവർ പ്രസ്താവിച്ചിട്ടുമില്ല. പ്രതീകാത്മകമായ ഒരു ആവിഷ്കാരമായോ അവരുടെ വിശ്വാസപ്രകടനമായോ ആണ് പരാതിക്കാർ ഹിജാബ് ധരിക്കുന്നത് എന്നതിന് ഒരു തെളിവുമില്ല. മനസ്സാക്ഷിയുടെ അടിസ്ഥാനത്തിൽ അതിനുവേണ്ടി വാദിക്കുന്നത് ചുരുങ്ങിയ പക്ഷം ഉപരിപ്ലവമാണ്.”
അങ്ങനെ ഹിജാബിന്റെ കാര്യത്തിൽ മുസ്ലിം പെൺകുട്ടികളുടെ പ്രസ്താവങ്ങൾ അവരുടെ മനസ്സാക്ഷിക്കുള്ള അവകാശം ഉയർത്തിപ്പിടിക്കാൻ പര്യാപ്തമല്ല. ജഡ്ജിമാരുടെ ‘വിലയിരുത്തലും തീരുമാനവും’ തൃപ്തിപ്പെടുത്തുക എന്ന തത്വമാണ് പിന്തുടരേണ്ടത്. ജഡ്ജിയല്ല വിശ്വാസി, കോടതിയാണ്.
എന്നാൽ അയോധ്യയുടെ വിധിയിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് പറയുന്നതിങ്ങനെ:
“വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശ്വാസിയുടെ വ്യക്തിപരമായ മേഖലയിൽ കിടക്കുന്നവയാണ്. ആത്മാവിന് സാന്ത്വനമേകുന്നതെന്താണെന്നുള്ളത് കണ്ടെത്താൻ കഴിയാത്തതാണ്. ഒരു വിശ്വാസത്തിന് ന്യായീകരണമുണ്ടോ എന്നത് നീതിന്യായവകുപ്പിന്റെ പരിധിക്ക് പുറത്താണ്. വിശ്വാസം ഒരു നാട്യം മാത്രാണ്, അഥവാ വ്യവഹാരത്തിനുള്ള ഒരു തന്ത്രം മാത്രമാണ് എന്ന് സാക്ഷിമൊഴികൾ രേഖപ്പെടുത്തുന്ന ഒരു കേസല്ല ഇത്. സാക്ഷികൾ വിശ്വാസത്തിന്റെ അടിസ്ഥാനം എടുത്തുപറഞ്ഞ സ്ഥിതിക്ക് അതിന്റെ സത്യാവസ്ഥയുടെ അടിസ്ഥാനം സംശയിക്കാവുന്ന യാതൊന്നും ഇല്ല തന്നെ. വിശ്വാസത്തിന്റെ അടിസ്ഥാനം ചോദ്യം ചെയ്യാൻ കോടതിക്ക് സാധ്യമല്ല. മതഗ്രന്ഥങ്ങൾ പലരീതിയിൽ വ്യാഖ്യാനിക്കാം. ഇതിലേത് വ്യാഖ്യാനമാണ് സ്വീകാര്യം എന്നുപറയാൻ കോടതി കടന്നുവരാതിരിക്കുന്നതാണ് നല്ലത്. വിശ്വാസം എന്നത് വിശ്വാസിയായ വ്യക്തിയുടെ കാര്യമാണ്.”
ഇവിടെ കോടതി വളരെ ഉദാരമാണ്. വ്യക്തിയുടെ വിശ്വാസത്തിന്റെ അതിരുകൾ നിശ്ചയിച്ച് അതിനകത്തേക്ക് അതിക്രമിച്ചുകയറുന്നതിന് തടയിടുകയാണ് അത് ചെയ്യുന്നത്. തന്നെയുമല്ല ഹിജാബ് കേസിൽ നിന്നും ഭിന്നമായി, ‘വിലയിരുത്താനും തീരുമാനമെടുക്കാനും’ വിശ്വാസിയുടെ മനസ്സാക്ഷിക്കുള്ള അധികതെളിവൊന്നും അത് ആവശ്യപ്പെടുന്നുമില്ല.
“വിശ്വാസം സത്യമാണെന്നും നാട്യമല്ലെന്നും അംഗീകരിക്കാൻ പര്യാപ്തമായ വസ്തുക്കൾ കോടതിക്ക് ലഭിച്ചാൽ, കോടതി ആരാധകന്റെ വിശ്വാസത്തെ മാനിക്കണം. എല്ലാ മതങ്ങൾക്കും അവരുടെ പ്രമാണഗ്രന്ഥങ്ങൾക്കും ഇത് ബാധകമണെന്നംഗീകരിക്കണം, ഹിന്ദുമതത്തിനും ഇസ്ലാമിനുമുൾപ്പെടെ. മതേതരഭരണഘടനയുടെ മൂല്യം കുടികൊള്ളുന്നത് തുല്യമായി ഇവയെ മാനിക്കുന്നതിലാണ്.”
അയോധ്യക്കേസിൽ പരാതിക്കാരൻ ഹിന്ദുവായിരിക്കുന്നിടത്ത്, കോടതി പരിശോധിക്കുന്നത് വിശ്വാസം യഥാർത്ഥമാണോ എന്നതുമാത്രമാണ്. എന്നിട്ട് വിശ്വാസത്തെ മാനിക്കുകയും ചെയ്യുന്നു. എന്നാൽ ഹിജാബ് കേസിൽ എന്തുകൊണ്ട് ഈ തത്വം വ്യാപിപ്പിക്കുന്നില്ല?
അയോധ്യാക്കേസിൽ ഉൽഖനനത്തിന്റെ തെളിവുകളുൾപ്പെടെ പരിഗണിച്ചിട്ടും, തെളിവുകൾ സൂചിപ്പിക്കുന്നത് വിപരീതമായിട്ടും, ഹിന്ദുവിന്റെ അവകാശവാദങ്ങൾ കോടതി ഉയർത്തിപ്പിടിച്ചത് വിശ്വാസത്തെ യുക്തിയുടെ മേൽ പ്രതിഷ്ഠിച്ചുകൊണ്ടാണ്. എന്നാൽ ഹിജാബ് കേസിൽ വിശ്വാസമെന്നത് പിന്നാക്കവും, മതേതരമല്ലാത്തതും, രാജ്യത്തിന്റെ പുരോഗതിക്കെതിരുമായതിനാൽ തള്ളിക്കളയുകയായിരുന്നു. ഇതെങ്ങനെ സംഭവിച്ചു?
രണ്ട് കേസുകളിലും വന്ന വിധികൾ ഹിന്ദു വലതുപക്ഷത്തിന്റെ അജണ്ടകളാണ് മുന്നോട്ടുകൊണ്ടുപോയത്; ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാണ് നിഷേധിക്കപ്പെട്ടത്. ഇതെങ്ങിനെ? ഇത് ഒരബദ്ധം പറ്റിയതല്ല. അയോധ്യയുടെ കാര്യത്തിൽ യുക്തിക്ക് മേൽ വിശ്വാസത്തെ സ്ഥാപിച്ച സുപ്രീംകോടതി വിധി ഹിന്ദുത്വശക്തികൾക്ക് പുതിയ അവകാശവാദങ്ങളുയർത്തുവാനും ആരാധനാലയങ്ങളെക്കുറിച്ചുള്ള നിയമത്തിന്റെ സത്ത പല സംസ്ഥാനങ്ങളിലും ചോർത്തിക്കളയുവാനും പര്യാപ്തമായി.
ഹരജിക്കാരുടെ ‘വിശ്വാസം യഥാർത്ഥമാണെന്ന’ അടിസ്ഥാനത്തിൽ ബാബാബുധൻ സ്വാമി ഗർഗയിൽ ഹിന്ദു അനുഷ്ഠാനങ്ങൾ നടത്താൻ ഒരു ഹിന്ദുസംഘടന ഉന്നയിച്ച അവകാശവാദത്തെ മറ്റൊരു കേസിൽ ഉയർത്തിപ്പിടിക്കാൻ കർണാടക ഹൈക്കോടതി ഇതേ തതത്വങ്ങളാണ് നടപ്പിലാക്കിയത്. വിധിന്യായത്തിൽ ഇങ്ങനെ പ്രഖ്യാപിക്കുന്നു:
“മതം സ്വീകരിക്കാനും പ്രയോഗിക്കാനും പ്രചരിപ്പിക്കാനും മനസ്സാക്ഷിക്കൊത്ത് വിനിയോഗിക്കുവാനുമുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ ആർട്ടിക്കൾ 25 ഉറപ്പുനൽകുന്നു. ഉത്തരവ് പ്രകാരം, സർക്കാർ ഹിന്ദുസമൂഹത്തിന് അവരുടെ വിശ്വാസപ്രകാരം പൂജയും അർച്ചനയും നടത്തുവാനുള്ള അവകാശത്തിന് മേൽ ലംഘനം നടത്തിയിരിക്കുന്നു.” 
തന്നെയുമല്ല ഈ വിധിന്യായത്തിൽ യാതൊരു തെളിവുമില്ലാത്ത ഹിന്ദു അവകാശവാദങ്ങളെ ന്യായീകരിച്ചുകൊണ്ട് അയോധ്യവിധിന്യായത്തിലുള്ള ഒരു ഖണ്ഡിക അപ്പാടെ ഉദ്ധരിച്ചുചേർത്തിട്ടുമുണ്ട്. അതിൽ പറയുന്നതിങ്ങനെ:
“ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് എം സിദ്ദിഖ് Vs മഹന്ത് സുരേഷ്ദാസ് രാമജന്മഭൂമി ക്ഷേത്രക്കേസിൽ പ്രസ്താവിച്ചത് വിശ്വാസം വ്യക്തിയായ വിശ്വാസിയുടെ ഒരു കാര്യമാണ് എന്നാണ്. വിശ്വാസം യഥാർത്ഥമാണെന്ന് കോടതിക്ക് അംഗീകരിക്കാമെങ്കിൽ ആരാധകന്റെ വിശ്വാസത്തെ അത് മാനിക്കണം.”
ആരാധനാസ്ഥലനിയമം ചോദ്യം ചെയ്തുകൊണ്ടും ആ നിയമത്തിൽ വെള്ളം ചേർക്കാൻ ആവശ്യപ്പെട്ടും നൽകിയ ഒട്ടേറെ ഹരജികൾ സ്വീകരിക്കാനുള്ള സുപ്രീംകോടതി തീരുമാനത്തിന് ശേഷം (ജ്ഞാൻവാപി പള്ളിക്കേസിൽ), സുപ്രീം കോടതി പ്രഖ്യാപിച്ചത് തർക്കത്തിലുള്ള ദേവാലയങ്ങളുടെ മതപരമായ സ്വഭാവം കണ്ടെത്തുന്നതിൽ നിയമതടസ്സമൊന്നുമില്ല എന്നാണ്. ഹിന്ദുത്വശക്തികൾ അവരുടെ അജണ്ടയ്ക്കുള്ള ജുഡീഷ്യറിയുടെ പിന്തുണയായി ഇതൊക്കെ ആഘോഷിക്കുകയാണ്.
ആർ.എസ്.എസ്. തലവൻ മോഹൻ ഭഗവത് തന്റെ സംഘടന ഇനി ക്ഷേത്രപ്രസ്ഥാനങ്ങളിൽ പങ്കെടുക്കില്ലെന്ന് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽപ്പോലും ആവർത്തിച്ചുപറഞ്ഞതിങ്ങനെയാണ്: “മുസ്ലിം അക്രമണകാരികൾ ആയിരക്കണക്കിന് അമ്പലങ്ങൾ നശിപ്പിച്ച് അവയുടെ മേലാണ് പള്ളികൾ പണിതത്.”
ഈ പ്രസ്താവത്തിൽ നിന്ന് ഊർജമുൾക്കൊണ്ട് ബി.ജെ.പി. സീനിയർ നേതാവും കർണാടക മുൻമന്ത്രിയുമായ ഈശ്വരപ്പ പ്രഖ്യാപിച്ചത് ക്ഷേത്രങ്ങളുടെ മേൽ പണിത 36000 പള്ളികൾ ഭാരതത്തിലുണ്ട് എന്നാണ്. ഇന്നത്തെ മുസ്ലിംകൾ പതിനഞ്ചാം നൂറ്റാണ്ടിലെ അക്രമകാരികളുടെ പക്ഷത്ത് ചേരാതെ അവയെല്ലാം ഹിന്ദുക്കൾക്ക് തിരിച്ചുതന്നാൽ മാത്രമേ ശാന്തിയും ഐക്യവും പുലരൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിജാബിനെക്കുറിച്ചുള്ള വിചാരണ കോടതിയിൽ നടന്നുകൊണ്ടിരിക്കെത്തന്നെ ഹിജാബും കാവി ഷാളുകളും ക്ലാസ് മുറികളിൽ നിരോധിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവ് വന്നു. എന്നാൽ സർക്കാരും സ്വകാര്യസ്ഥാപനങ്ങളുമെല്ലാം ഈ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്ത് ഇത് സാർവത്രികമാണെന്നും അധ്യാപകർക്കും             ബാധകമാണെന്നുമുള്ള  മട്ടിൽ ദുരുപയോഗപ്പെടുത്തി. ഇത് ശ്രദ്ധയിൽ പെടുത്താൻ ശ്രമിച്ചപ്പോൾ ജഡ്ജിമാർ അത് കേൾക്കാൻ പോലും വിമുഖത കാട്ടി. സർക്കാറിന്റെ പ്രതിനിധിയായ അഡ്വക്കറ്റ് ജനറലിന്റെ വാക്കാലുള്ള ഉറപ്പുകൊണ്ട് അവർ തൃപ്തരായിരുന്നു. മതേതരത്വം ഉയർത്തിപ്പിടിക്കുന്ന ഒരു പ്രവൃത്തിയായി ഹിജാബ് നിരോധനം ന്യായീകരിക്കപ്പെട്ടതോടെ കർണാടകയിലെ സർവകലാശാലകൾ-അവർക്ക് നാളിതുവരെ ഡ്രസ് കോഡൊന്നും നിലവിലില്ല-കാമ്പസിനകത്ത് ഹിജാബ് നിരോധിച്ചുതുടങ്ങി. ഏതാനും ദിവസം മുമ്പ് ഹിജാബ് ധരിച്ച പെൺകുട്ടികൾക്ക് മാംഗളൂർ സർവകലാശാലയിൽ പ്രവേശനം തടയുകയുണ്ടായി.
ഉമർ ഖാലിദിന്റെ ജാമ്യത്തിനായുള്ള വാദങ്ങളിലും ഈ ഇരട്ടത്താപ്പ് പ്രകടമാണ്. ‘ജുംല’, ‘ഇങ്ക്വിലാബ് സിന്ദാബാദ്’ എന്നീ വാക്കുകൾ ഖാലിദ് ഉപയോഗിക്കുമ്പോൾ അതിനടിയിൽ ദേശവിരുദ്ധ അജണ്ട ഒളിഞ്ഞിരിപ്പുണ്ടോ എന്ന് ഇഴകീറി പരിശോധിക്കാൻ കോടതി ശ്രമിച്ചു; എന്നാൽ പ്രമുഖ ബി.ജെ.പി. നേതാക്കൾ പ്രക്ഷോഭകർക്കെതിരെ വെടിയുതിർക്കൂ (ഗോലീ മാരോ) എന്ന് പറഞ്ഞതിനെ “പുഞ്ചിരിക്കുന്ന മുഖത്തോടെ പറഞ്ഞ ആ വാക്കുകൾ വെറുപ്പിന്റെ ഭാഷയായി കണക്കാക്കാൻ പറ്റില്ല” എന്നാണ് കോടതി പറഞ്ഞത്.
വിശ്വാസത്തിന്റെ കാര്യമായാലും ‘തെളിവി’ന്റെ അടിസ്ഥാനത്തിലുള്ള അവകാശവാദമായാലും എങ്ങിനെയും ഹിന്ദുത്വ ആഖ്യാനം വിജയിക്കുകയാണ് ചെയ്യുന്നത്. ഇത് കേവലം ആകസ്മികമോ അബദ്ധത്തിൽ സംഭവിച്ചുപോകുന്നതോ അല്ല. ഇന്ത്യൻ ഭരണകൂടത്തിൽ നടക്കുന്ന ഘടനാപരമായ മാറ്റങ്ങളുടെ ഭാഗമാണിത്. ഫാഷിസത്തിന്റെ ഉയർച്ചയിൽ ഉദാരമായ ജുഡീഷ്യറിയുടെ കുറ്റകരമായ പങ്കാളിത്തം സമീപകാലചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രം ആവർത്തിക്കുമ്പോൾ അത് ദുരന്തം മാത്രമല്ല; ചരിത്രത്തിൽ നിന്നും പാഠമുൾക്കൊള്ളുന്നതിൽ സംഭവിച്ച കൂട്ടായ പരാജയത്തിന്റെ ദൃഷ്ടാന്തം കൂടിയാണ്.

Thursday, 2 June 2022

നോട്ട് നിരോധനം മുതൽ റേഷൻ കാർഡ് റദ്ദാക്കൽ വരെ - മോദി ഭരണം ദരിദ്രർക്കെതിരേ യുദ്ധം തുടരുന്നു എഡിറ്റോറിയൽ, എം എൽ അപ്പ്ഡേറ്റ് 31 മേയ് - 6 ജൂൺ


ഉത്തർപ്രദേശിൽ മാർച്ച് ആദ്യം തുടർച്ചയായി രണ്ടാം വട്ടം അധികാരത്തിൽ വന്ന ബി ജെ പി യ്ക്ക് ലഭിച്ച തെരഞ്ഞെടുപ്പ് വിജയത്തിന് അടിസ്ഥാനം ക്രൂരമായ ലോക് ഡൌൺ കാലത്തെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച ദരിദ്രർക്ക് ഭക്ഷണമെത്തിക്കാൻ കഴിഞ്ഞതാണെന്ന് ചിലർ വിലയിരുത്തി. 'ലവാർത്തി',അഥവാ വിവിധ ക്ഷേമപദ്ധതികളുടേയും സഹായ പദ്ധതികളുടെയും ഗുണഭോക്താക്കളേക്കുറിച്ചാണ് തെരഞ്ഞെടുപ്പ് വിശകലനക്കാർ സംസാരിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഈ വ്യവഹാരങ്ങളുടെ സ്വഭാവം അതിവേഗത്തിൽ മാറിവരുന്നത് വരാനിരിക്കുന്നത് എന്തെന്നതിന്റെ അപായകരമായ ചില സൂചനകൾ നൽകുന്നുണ്ട്.
ബുൾഡോസർ , ബി ജെപി മാതൃകയിലുള്ള ഭരണത്തിന്റെയും രാഷ്ട്രീയത്തിന്റെയും പ്രതീകമായി മാറിയിരിക്കുന്നു. ചരിത്രത്തിലെ സ്മാരകങ്ങളുടെയും പള്ളികളുടെയും സ്വഭാവം മാറ്റിമറിക്കാനുള്ള കേസുകൾകൊണ്ട് കോടതികൾ നിരന്തരം വേട്ടയാടപ്പെടുകയാണ്. ആരാധനാലയങ്ങളുടെ സ്വഭാവം 1947 ആഗസ്ത് 15 ന്റെ തൽസ്ഥിതി നിലനിർത്തണമെന്ന് പ്രഖ്യാപിക്കുന്ന 1991 ലെ നിയമം മാറ്റാൻ മുറവിളി ഉയരുകയാണ്. റേഷൻ കാർഡുകൾ റദ്ദാക്കാനും ,കാർഡുകൾ തിരിച്ചേൽപ്പിക്കാൻ ഉടമസ്ഥരെ ഭീഷണിപ്പെടുത്താനും ഉള്ള ഗൂഢവും ക്രൂരവുമായ ഒരു നീക്കം രാജ്യമെമ്പാടും ആരംഭിച്ചിരിക്കുന്നു.
യു പി യിലെ പല ജില്ലകളിലും ജില്ലാ ഭരണകൂടം "അർഹതയില്ലാത്ത" കാർഡ് ഉടമകൾ റേഷൻ കാർഡുകൾ മേയ് 20 -നാകം തിരിച്ചേല്പിക്കണം എന്ന് നോട്ടീസ് നൽകിയിരിക്കുന്നു. "അര്ഹതയില്ലാത്തവർ" ആയി നിർവചിച്ചിരിക്കുന്നത് സ്വന്തമായി ഒരു വീടോ, മോട്ടോർസൈക്കിളോ ഉള്ളവരും ഗ്രാമപ്രദേശത്തെങ്കിൽ 2 ലക്ഷവും നഗരത്തിലെങ്കിൽ 3 ലക്ഷവും രൂപ വാർഷിക വരുമാനം ഉള്ള, വെറും അടിസ്ഥാന ജീവിത സൗകര്യങ്ങൾ ഉള്ളവരും ആയ വിഭാഗങ്ങളെയാണ്. "അനർഹർ" ആയ കാർഡ് ഉടമകൾക്കെതിരെ ക്രിമിനൽ കേസുകൾ ചുമത്തുമെന്നും,അത്തരം കാർഡിൽ വാങ്ങിയ ഓരോ കിലോ ഗോതമ്പിനും 24 രൂപയും ഓരോ കിലോ അരിക്കും 32 രൂപയും വീതം തിരികെ ഈടാക്കലും പിഴ ചുമത്തലും ഉൾപ്പെടെയുള്ള നടപടികൾ സർക്കാർ സ്വീകരിക്കും എന്നും ഭീഷണിയുണ്ട്.
പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ അത്തരം നോട്ടീസ്‌ ഇറക്കിയ കാര്യം സർക്കാർ നിഷേധിച്ചു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള പതിവ് പരിശോധന മാത്രമായിരുന്നു അതെന്ന വിശദീകരണം ഉണ്ടായി.പക്ഷെ, ആയിരക്കണക്കിനാളുകളെ ഭയപ്പെടുത്തി സൂത്രത്തിൽ അവരുടെ റേഷൻ കാർഡുകൾ സറണ്ടർ ചെയ്യിക്കുന്ന സ്ഥിതിയിൽ ഇത് കൊണ്ടുചെന്നെത്തിച്ചുകഴിഞ്ഞു. ഉത്തർ പ്രദേശിൽ ഭക്ഷ്യ സുരക്ഷാവകുപ്പ് പ്രവർത്തിക്കുന്നത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ്.
ബിഹാറിൽ ഏതാണ്ട് 30 ലക്ഷത്തോളം റേഷൻ കാർഡുകൾ റദ്ദാക്കിക്കഴിഞ്ഞു. കാർഡുകൾ റദ്ദാക്കിക്കാൻ ഓരോ സംസ്ഥാനത്തും സ്വീകരിച്ചത് വ്യത്യസ്ത രീതികൾ ആയിരുന്നു.കർണ്ണാടകയിൽ 20 ലക്ഷത്തോളം റേഷൻ കാർഡുകൾ ആണ് താൽക്കാലികമായി തടഞ്ഞുവെച്ചിരിക്കുന്നത് . "ഇ - കെ വൈ സി" പ്രക്രിയ പൂർത്തിയാക്കിയിട്ടില്ലെന്നതിന്റെയും ബയോമെട്രിക്സ് നല്കിക്കഴിഞ്ഞിട്ടില്ലാത്തതിന്റേയും പേരിൽ ആണ് ഇത്.ഏതാണ്ട് അഞ്ചു ലക്ഷം കാർഡുടമകളെ അനർഹർ ആയി മുദ്രകുത്തുകയും , ഇക്കൂട്ടത്തിൽ പകുതിയോളം റദ്ദാക്കുകയും ചെയ്തുകഴിഞ്ഞു.
ഇങ്ങനെ റേഷൻ കാർഡുകൾ വൻതോതിൽ റദ്ദാക്കൽ വ്യക്തമായും പൊതുവിതരണ സമ്പ്രദായം ദുർബ്ബലപ്പെടുത്താനും പൊളിച്ചെഴുതാനും ഉള്ള ആദ്യ ചുവടുവെപ്പാണ്. കൃഷി കോർപറേറ്റുകൾ ഏറ്റെടുക്കാൻ വേണ്ടി മോദി ഭരണം നടത്തിയ ആസൂത്രണത്തിന്റെ ഭാഗമാണ് ഇതും. മൂന്നു കർഷക
മാരണനിയമങ്ങൾ പിൻവലിക്കാൻ ഭരണകൂടം നിർബന്ധിതമായെങ്കിലും , ആസൂത്രണം മുഴുവൻ ആ വഴിക്കുതന്നെയാണ്.
ഇന്ത്യയിലെ ഗോതമ്പു സംഭരണത്തിന്റെയും വിതരണത്തിന്റെയും ഇപ്പോഴത്തെ അവസ്ഥ നോക്കിയാൽ മേൽപ്പറഞ്ഞ ഗൂഢ പദ്ധതി വ്യക്തമാവും.ഫെബ്രുവരിഅവസാനം ഉക്രെയിനിൽ റഷ്യ നടത്തിയ ആക്രമണം ആഗോളഗോതമ്പുവിതരണം തകിടം മറിച്ചു.ആഗോളകമ്പോളത്തിൽ ഗോതമ്പുവില കുതിച്ചുയരാൻ തുടങ്ങി. ഈ പശ്ചാത്തലത്തിൽ, ഇന്ത്യയുടെ ഗോതമ്പു കയറ്റുമതി 2020 -21 ൽ 20 ലക്ഷം ടൺ ആയിരുന്നത് 2021 -22 ൽ 70 ലക്ഷം ടണ്ണിലധികമായി ഉയർന്നു. 2022 -23 വർഷത്തിൽ ഒരു കോടി ടൺ ഗോതമ്പു കയറ്റുമതി ചെയ്യാൻ ആണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ സാമ്പത്തികവര്ഷത്തിന്റെ ആദ്യമാസം ആയ ഏപ്രിലിൽ മാത്രം കയറ്റുമതി 14 ലക്ഷം ടൺ കടന്നു. ലോകത്തിനു ഭക്ഷ്യം നല്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് ബൈഡനോട് മോദി പറഞ്ഞിട്ടും ഉണ്ട്. മേയ് മാസം ആദ്യം ഡെൻമാർക്ക്‌ സന്ദർശനവേളയിൽ ഇതേ നിലപാട് മോദി ആവർത്തിച്ചിരിക്കുന്നു.

ശ്രീലങ്കയിലെ സംഭവവികാസങ്ങളും, ഇന്ധന, ഭക്ഷ്യ വിലക്കയറ്റത്തിന്റെ കാര്യത്തിൽ രാജ്യത്തെ ജനങ്ങളുടെ അസംതൃപ്തിയും മൂലം സർക്കാർ ഗോതമ്പു കയറ്റുമതിക്ക് ഒരു താല്കാലിക നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്.എന്നാൽ ഈ നിയന്ത്രണങ്ങൾ ഇളവ് ചെയ്യുന്ന ലക്ഷണങ്ങൾ ഇപ്പോൾത്തന്നെ കാണാൻ ഉണ്ട്. ആഗോള കമ്പോളത്തിൽ വിലക്കയറ്റം തുടരുമ്പോൾ കയറ്റുമതിനിയന്ത്രണം ഒരു താൽക്കാലിക സംവിധാനം മാത്രമായേ കാണാൻ കഴിയൂ.
കയറ്റുമതിയിലുള്ള വർധിച്ച ഊന്നൽ , സംഭരണത്തിൽ ഗണ്യമായ കുറവ് വരുത്താൻ ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ 12 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അളവിലുള്ള സംഭരണമാണ് ഇപ്രാവശ്യത്തെ റാബി വില്പനക്കാലത്ത് നടന്നിട്ടുള്ളത്.(കഴിഞ്ഞ വർഷത്തെത്തിന്റെ പകുതിയിൽ കുറവ് ,അതായതു ഏകദേശം 180 ലക്ഷം ടൺ മാത്രമാണ് ഇക്കുറി സംഭരിച്ചത് ).മൊത്തം ഔദ്യോഗിക സംഭരണത്തിൽ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ പങ്ക് 5.51 ശതമാനം മാത്രമായി, എക്കാലത്തെയും ഏറ്റവും ചുരുങ്ങിയ അളവിലെത്തിക്കഴിഞ്ഞു.
കഴിയാവുന്നത്രയും റേഷൻ കാർഡുകൾ റദ്ദ് ചെയ്യാൻ ഇപ്പോഴത്തെ ഭരണക്കാർ ഇത്രയധികം ധൃതികൂട്ടുന്നതു എന്തിനെന്നു മനസ്സിലാക്കാൻ പ്രയാസമില്ല. PMGKAY യ്ക്ക് കീഴിൽ ഉള്ള ഗോതമ്പു വിഹിതം കുറച്ചിരിക്കുന്നു. അരി-ഗോതമ്പ് അനുപാതം പലസംസ്ഥാനത്തും മാറ്റിമറിച്ചുകൊണ്ട് അരി കൂടുതലും, ഗോതമ്പു കുറവും ആയി നല്കാൻ നീക്കമുണ്ട്.റേഷൻ കാർഡുകൾ റദ്ദാക്കുകയും ഗോതമ്പു കൊടുക്കുന്ന അളവ് കുറയ്ക്കുകയും ചെയ്താൽ ആളുകൾക്ക് തുറന്ന കമ്പോളത്തിൽനിന്ന് കൂടുതൽ വിലകൊടുത്ത് ധാന്യം വാങ്ങേണ്ടിവരും.; വീണ്ടും ഭക്ഷ്യ സുരക്ഷയിൽ കുറവുവരുത്തുന്നതിനും പട്ടിണി വർധിപ്പിക്കുന്നതിനും ഇത് ഇടയാക്കും.
ആഗോളഭക്ഷ്യ സുരക്ഷാ സൂചികയിലും ആഗോള പട്ടിണിസൂചികയിലും ഇന്ത്യ ഇപ്പോൾത്തന്നെ ഏറ്റവും അടിത്തട്ടിലാണ്. ഭക്ഷ്യസുരക്ഷാ സൂചികയിൽ 113 രാജ്യങ്ങളിൽ 71 -)മതും , ആഗോള പട്ടിണിസൂചികയിൽ 116 രാജ്യങ്ങളിൽ 101 -)മതും ആണ് ഇന്ത്യയുടെ സ്ഥാനം. നിലവിലുള്ള പൊതുവിതരണ സംവിധാനം ദുർബ്ബലമാക്കിയാലും റേഷൻ കാർഡുകൾ റദ്ദാക്കിയാലും അതുണ്ടാക്കുന്ന പ്രതികൂല ഫലങ്ങൾ കണക്കുകൂട്ടാൻ പ്രയാസമില്ല. ഭക്ഷ്യ സുരക്ഷയും ഭക്ഷണത്തിനുള്ള അവകാശവും സാർവത്രികമാക്കാൻ വിഭാവനം ചെയ്യപ്പെട്ടതായിരിക്കണം . എന്നാൽ, ഇന്ത്യ പിന്തുടരുന്നത് ചിലരെ മാത്രം ലക്ഷ്യമിടുന്ന സമീപനമാണ്. ദരിദ്രരെ കൂടുതലായി ഒഴിവാക്കാൻ ആണ് ഇത് സഹായിക്കുക. ഉദ്ദിഷ്ട ലക്ഷ്യങ്ങൾ നിശ്ചയിക്കുന്ന കാര്യത്തിൽ സംഭവിക്കുന്ന വലിയ അബദ്ധങ്ങളും വലിയ തോതിലുള്ള സാമൂഹ്യ സാമ്പത്തിക അസമത്വങ്ങളും ഒരുമിച്ചുചേരുമ്പോൾ ദരിദ്രരും ഓരങ്ങളിലേക്കു തള്ളപ്പെട്ടവരുമായ ജനവിഭാഗങ്ങൾക്ക് അത് കൂടുതൽ പരിമിതികൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
മഹാമാരിയുടെയും,അതിന്റെ ഭാഗമായ ലോക് ഡൗണിന്റെയും സാമ്പത്തികഭാരവും, തൽഫലമായുണ്ടായ വരുമാന ഉപജീവന നഷ്ടങ്ങളും കൂടിച്ചേർന്ന് ഞെരുങ്ങുകയാണ് ഇന്ന് ഇന്ത്യൻ ജനതയിൽ വലിയൊരു വിഭാഗം. ഈ പ്രതിസന്ധി ഘട്ടത്തിൽ ഏറ്റവും അത്യാവശ്യമായിരിക്കുന്നത് വരുമാനത്തിൽ വർധനയും ദരിദ്രർക്ക് ഭക്ഷ്യ സുരക്ഷയുടെ പിന്തുണയും ആണ്. എന്നാൽ , സർക്കാർ ചെയ്യുന്നത് ഇതിനു നേർ വിപരീതമായ കാര്യങ്ങൾ ആണ്. റേഷൻ കാർഡുകൾ പിടിച്ചെടുക്കലും ഭക്ഷ്യ അരക്ഷിതാവസ്ഥയും പട്ടിണിയും സൃഷ്ടിക്കലും അവയിൽപ്പെടുന്നു. നോട്ട് നിരോധനത്തിനു ലോക് ഡൗണിനും ശേഷം , റേഷൻ കാർഡുകൾ റദ്ദാക്കാനും ഭീഷണിപ്പെടുത്തി സറണ്ടർ ചെയ്യിക്കാനും സർക്കാർ നടത്തുന്ന ശ്രമങ്ങൾ ദരിദ്രരായ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ മേൽ കൂടുതൽ ദുരിതങ്ങളുടെ ആഘാതം ഏൽപ്പിക്കാൻ ആണ്.