Monday, 16 October 2017

ഭൂ അവകാശങ്ങളും കേരളത്തിലെ

ഭൂസമരങ്ങളും: 

മുക്കടയിൽ ഭൂസമരം മുന്നണി

സംഘടിപ്പിച്ച

കൺവെൻഷൻ (റിപ്പോർട്ട് )


പാട്ടക്കാലാവധി കഴിഞ്ഞോ പാട്ടവ്യവസ്ഥകൾ ലംഘിച്ചതുമൂലമോ വൻകിട തോട്ടങ്ങൾ നിയമവിസൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി സർക്കാർ ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണം എന്ന ആവശ്യം സംസ്ഥാനത്ത് ഉയർന്നുവന്ന പശ്ചാത്തലത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂസമരങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
ശാസ്ത്രീയവും സമഗ്രവുമായ ഒരു ഭൂപരിഷ്കരണ  നയം ആവിഷ്കരിച്ചു നടപ്പാക്കുന്നതിൽ സംസ്ഥാന ഭരണകൂടം വരുത്തുന്ന ഗുരുതരമായ വീഴ്ചകളിലേക്ക് ജനശ്രദ്ധ ക്ഷണിക്കുന്ന ഒരു കൺവെൻഷൻ ഭൂസമരം മുന്നണിയുടെ ആഭിമുഖ്യത്തിൽ ആഗസ്ത് 6 -ന് കോട്ടയം ജില്ലയിലെ മുക്കടയിൽ സംഘടിപ്പിക്കപ്പെട്ടു. ഭൂമിക്കു വേണ്ടിയുള്ള ഭൂരഹിത ദരിദ്രരുടേയും ദലിത് ജനവിഭാഗങ്ങളുടെയും സമരങ്ങളെ  പ്രതിനിധാനം ചെയ്യുന്ന വിവിധ സംഘടനകളും പ്രസ്തുത സമരങ്ങളുമായി ഐക്യദാർഢ്യം പുലർത്തുന്ന പുരോഗമന പ്രസ്ഥാനങ്ങളും സാമൂഹ്യപ്രവർത്തകരും ഉൾപ്പെടുന്ന വിശാലമായ ഒരു നേതൃത്വ കൂട്ടായ്മയാണ് ഭൂസമരം മുന്നണി. സി പി ഐ (എം എൽ) ലിബറേഷൻ സംസ്ഥാന ലീഡിങ് ടീമിനെ പ്രതിനിധീകരിക്കുന്ന സഖാക്കളും ഭൂസമരം മുന്നണിയിൽ നേതൃത്വപരമായ പങ്ക് വഹിച്ചുവരുന്നു.

 മുക്കടയിലെ എസ് എസ്  ടി ഹാളിൽ ദിവസം മുഴുവൻ നീണ്ടുനിന്ന കൺവെൻഷൻ വേദിക്ക്  2003 ഫെബ്രുവരിയിൽ മുത്തങ്ങയിൽ നടന്ന  ഭൂസമരത്തിലെ രക്തസാക്ഷിയായ ആദിവാസി നേതാവ് ജോഗിയെ അനുസ്മരിച്ചുകൊണ്ട് ജോഗി നഗർ എന്ന് പേര് നൽകപ്പെട്ടു.

 മുക്കടയിലെ ചെറുവള്ളി എസ്റ്റേറ്റ് ഗേറ്റിൽ ഭൂസമര  മുന്നണിയുടെ നേതൃത്വത്തിൽ നടന്നു വന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം 90 ദിവസം പിന്നിട്ട ഒരു പശ്ചാത്തലം  കൂടി  ആഗസ്ത് 6 -ലെ കൺവെൻഷന് ഉണ്ടായിരുന്നു. ഹാരിസൺ  മലയാളം കമ്പനി നിയമവിരുദ്ധമായി കൈവശം വെച്ചതും 2262 ഏക്കർ വിസ്തൃതിയുള്ളതുമായ ചെറുവള്ളി എസ്റ്റേറ്റ് അടുത്തകാലത്ത് കെ പി യോഹന്നാൻ എന്ന വ്യക്തിക്ക് കൈമാറ്റം ചെയ്ത ഇടപാടിന് നിയമ പ്രാബല്യം നൽകാൻ ഒത്താശ ചെയ്യുന്ന  ഇടതു മുന്നണി സർക്കാർ നയത്തെ ചോദ്യം ചെയ്യുന്നതോടൊപ്പം ചെറുവള്ളി എസ്റ്റേറ്റ് ഭൂമി യിൽ  വിമാനത്താവളം നിർമ്മിക്കാനുള്ള നീക്കങ്ങളെയും ചെറുക്കാനുള്ള ഒരു സമരത്തിന്നാണ്  ഭൂസമര മുന്നണി നേതൃത്വം നൽകുന്നത്. നെടുമ്പാശ്ശേരിയിൽ വെറും 110 കിലോമീറ്റർ അപ്പുറത്തായി ഒരു അന്താരാഷ്‌ട്ര വിമാനത്താവളം നിലവിലുള്ളപ്പോൾ ഇത്രയും സമീപത്തായി മറ്റൊരു എയർ പോർട്ട് അനാവശ്യമാണെന്ന് മാത്രമല്ല, ദൂര പരിധി സംബന്ധിച്ച വ്യോമയാന മാനദണ്ഡങ്ങൾ ക്കു നിരക്കാത്തതുമാണ് അങ്ങനെയൊരു പദ്ധതി എന്ന് ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. പെരിയാർ ടൈഗർ റിസർവിനും  പൊന്തൻപുഴയിലെ മഴക്കാടുകൾക്കും തൊട്ടടുത്തായുള്ള ഒരു പാരിസ്ഥിതിക ദുർബ്ബലമേഖലയിൽ വിമാനത്താവളം നിർമ്മിക്കുന്നത് ഈ പ്രദേശത്തിന്റെയാകെ പാരിസ്ഥിതിക സന്തുലനാവസ്ഥയ്ക്കും കടുത്ത ഭീഷണിയായിത്തീരുമെന്നുള്ള  മുന്നറിയിപ്പും അവഗണിച്ചുകൊണ്ടാണ് അധികൃതരുടെ നീക്കങ്ങൾ.  10,000 തൊഴിലുകൾ പുതുതായി  സൃഷ്ടി ക്കുന്ന ഒരു ബൃഹത്തായ വികസന സംരംഭം ആണ് വിമാനത്താവള നിർമ്മാണം എന്ന തീർത്തും  വ്യാജമായതും തെറ്റിദ്ധരിപ്പിക്കുന്നതും ആയ  ഒരു അവകാശവാദവും തല്പര കക്ഷികൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
 കുത്തകൾ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന എസ്റ്റേറ്റ് ഭൂമികൾ ഏറ്റെടുത്ത് വിതരണം ചെയ്യുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പിണറായി സർക്കാർ  അധികാരത്തിൽ വന്നതിനു ശേഷം ലംഘിക്കപ്പെട്ടത് കൺവെൻഷനിൽ ഒരു പ്രധാന ചർച്ചാവിഷയമായി.  ചർച്ചയ്ക്കായി അവതരിപ്പിക്കപ്പെട്ട ശേഷം കൺവെൻഷൻ അംഗീകരിച്ച ഒരു രേഖ 1957 ൽ അവിഭക്ത കമ്മ്യൂണിസ്റ്റു പാർട്ടിയുടെ നേതൃത്വത്തിൽ ഒരു സർക്കാരിനെ അധികാരത്തിൽ ഏറ്റിയ കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലം "കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്നവന് " എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിൽ നിരവധി കർഷക സമരങ്ങളും ജന്മിത്ത വിരുദ്ധ ബഹുജന സമരങ്ങളും കൊണ്ട് രൂപപ്പെട്ട ഒന്നായിരുന്നുവെന്നു  ചൂണ്ടിക്കാട്ടുന്നു . എന്നാൽ ആദ്യത്തെ കമ്മ്യൂണിസ്ററ് മന്ത്രിസഭയുടെ കാലം തൊട്ടുതന്നെ "കൃഷിഭൂമി കർഷകന്"  എന്ന മുദ്രാവാക്യത്തിന്റെ രാഷ്ട്രീയ അന്തസ്സത്തയിൽ വെള്ളം ചേർക്കാൻ ഇട  വരികയും,  തുടർന്ന് വന്ന സർക്കാരുകൾ ഭൂരഹിത കർഷകരുടെ പ്രശ്നങ്ങൾ പടിപടിയായി അവഗണിച്ചുവെന്നും രേഖ തുടർന്ന് പറയുന്നു.

1963 ൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട കേരള  ഭൂപരിഷ്കരണ ബിൽ നിരവധി സംവാദങ്ങൾക്കും ചർച്ചകൾക്കും ശേഷം  നിയമമായി പാസ്സാക്കപ്പെട്ടത്‌ 1970 ൽ ആയിരുന്നു. ഈ നിയമവും പിന്നീട് പാസാക്കപ്പെട്ട ചില  നിയമങ്ങളും കൂടി  ഭൂപരിഷ്കരണത്തിന്റെ അന്തസ്സത്തയെ ദോഷകരമായി ബാധിക്കുന്ന പ്രധാനപ്പെട്ട മൂന്നു  ഒഴിവാക്കലുകൾ നടത്തി.  ഒന്നാമതായി വൻകിട ട്രസ്റ്റുകളും സാമുദായിക - മത സ്ഥാപനങ്ങളും കൈവശം വെച്ചിരുന്ന വിസ്തൃതമായ ഭൂശേഖരങ്ങൾ ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കപ്പെട്ടു. തോട്ടങ്ങളായി കൈവശം വെക്കപ്പെട്ടിരുന്ന ഭൂമികൾ ഒഴിവാക്കപ്പെട്ടതാണ് രണ്ടാമത്തെ കാര്യം. ഇവയ്ക്കു പുറമെ, വൻകിട ഭൂവുടമകൾക്ക് അവരുടെ കയ്യിലുള്ള പരിധിയിൽ കവിഞ്ഞ ഭൂമി അടുത്ത ബന്ധുക്കൾക്ക് ഇഷ്ടദാനത്തിന്റെ രൂപത്തിൽ കൈമാറ്റം ചെയ്യാനും അതുവഴി സർക്കാർ അവ ഏറ്റെടുക്കുന്നതിൽനിന്നും ഒഴിവാക്കാനും സൗകര്യം ചെയ്തുകൊടുത്തു എന്നതാണ് മൂന്നാമത്തെ കാര്യം. മേൽപ്പറഞ്ഞ നയങ്ങളുടെയെല്ലാം പരിണിത ഫലം മണ്ണിൽ പണിയെടുത്ത് ജീവിച്ചു പോന്നിരുന്ന ഭൂരഹിതരായ ദലിത് - ആദിവാസി വിഭാഗങ്ങൾക്ക് കൃഷി ഭൂമി ലഭിക്കുന്നതിന് പകരം ചെറിയ തുണ്ടു ഭൂമികളിൽ കുടികിടപ്പിനുള്ള അവകാശം മാത്രം ലഭിച്ചു എന്നതായിരുന്നു. അതെ സമയം , നേരിട്ട് കൃഷിപ്പണി ചെയ്യാത്ത പാട്ട കൃഷിക്കാർക്ക് അവർ ജന്മിമാരിൽ നിന്നും  പാട്ടത്തിന് എടുത്ത ഭൂമിയിൽ സ്ഥിരമായ ഉടമാവകാശം ലഭിക്കുകയും ചെയ്തു. കേരളത്തിലെ ആദിവാസി-ദലിത് ജനവിഭാഗങ്ങളിൽ ഏറിയ പങ്കും ഇന്ന് 24,000 എസ് സി കോളനികളിലും 14,000 ട്രൈബൽ കോളനികളിലുമായി കഴിഞ്ഞുകൂടുന്ന അവസ്ഥ ഉണ്ടായതും മേൽപ്പറഞ്ഞ  നയത്തിന്റെ പരിണിതിയാണ്.
മുൻകാലങ്ങളിൽ പാട്ട വ്യവസ്ഥയിൽ സ്ഥാപിക്കപ്പെട്ടിരുന്ന വലിയ തോട്ടങ്ങളുടെ കൈവശാവകാശം സംബന്ധിച്ച ഇപ്പോഴത്തെ സ്ഥിതിയുമായി ബന്ധപ്പെട്ട് പ്രസക്തമായ എല്ലാ കാര്യങ്ങളും സമഗ്രമായി പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ ഡോ എം ജി രാജമാണിക്യം എന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ  ഒരു കമ്മിറ്റിയെ കഴിഞ്ഞ യു ഡി എഫ്  സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. തൽഫലമായി രാജമാണിക്യം കമ്മിറ്റി 2016 ജൂണിൽ സർക്കാരിന് സമർപ്പിച്ച ആദ്യ റിപ്പോർട്ട് പ്രകാരം, കേരളത്തിലെ എട്ടു ജില്ലകളിൽപ്പെട്ട 525,000 ഏക്കർ (ഏകദേശം 2124 ചതുരശ്ര കിലോമീറ്റർ ) വരുന്ന തോട്ടഭൂമികൾ വൻകിട കമ്പനികൾ നിയമ വിരുദ്ധമായി കൈവശം വെക്കുന്നുണ്ട്. 1947 ലെ ഇന്ത്യാ ഇൻഡിപെൻഡസ് ആക്റ്റ് , 1963 ൽ നിലവിൽ വന്ന FERA ,എന്നിവ പ്രകാരം , ഇന്ത്യ സ്വതന്ത്ര രാജ്യമാവുന്നതിനു മുൻപുണ്ടായിരുന്ന ഭരണാധികാരികൾ വിദേശ കമ്പനികളുമായി നടത്തിയ  ഭൂമി സംബന്ധമായ എല്ലാ കരാറുകളും എഗ്രീമെന്റുകളും റദ്ദായതായി കണക്കാക്കേണ്ടതാണെന്നും , അതിനാൽ സർക്കാർ അങ്ങിനെയുള്ള ഭൂമികൾ ഉടൻ ഏറ്റെടുക്കേണ്ടതാണെന്നും പ്രസ്തുത റിപ്പോർട്ട് പറയുന്നുണ്ട്. ഇങ്ങനെ പിടിച്ചെടുക്കുന്ന തോട്ടം ഭൂമി ഭൂരഹിതർക്കിടയിൽ വിതരണം ചെയ്യാവുന്നതാണെന്നും രാജമാണിക്യം കമ്മിറ്റി നിർദ്ദേശിക്കുന്നുണ്ട്.

സഖാവ് എം ഒ ജോണിന്റെ സ്വാഗതഭാഷണത്തോടെയാണ് ഭൂസമര  മുന്നണി  യോഗനടപടികൾ ആരംഭിച്ചത്. എൻ ഡി എൽ എഫ് ജനറൽ സെക്രട്ടറി സഖാവ് കെ കെ എസ് ദാസിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ഉദ്ഘാടനം ചെയ്തത് സി പി ഐ (എം എൽ) റെഡ് സ്റ്റാർ നേതാവായ സഖാവ് പി ജെ ജെയിംസ് ആയിരുന്നു. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന ഭൂസമരങ്ങളിലും അവയുമായി ബന്ധപ്പെട്ട ജനാധിപത്യാവകാശപ്പോരാട്ടങ്ങളിലും സജീവമായ പങ്കു വഹിച്ചു പോരുന്ന സംഘടനകളുടെ നേതാക്കളും ആക്ടിവിസ്റ്റുകളും കൺവെൻഷനിൽ സംബന്ധിച്ചു.കേരളത്തിൽ ദലിതരും ആദിവാസികളും ദീർഘകാലമായി അഭിമുഖീകരിച്ചു പോരുന്ന ഭൂരഹിതാവസ്ഥയുടെ സാമൂഹ്യ രാഷ്ട്രീയ സവിശേഷതകളെക്കുറിച്ചും പ്രശ്നത്തിന്റെ അടിയന്തര സ്വഭാവത്തെക്കുറിച്ചും കൺവെൻഷൻ ചർച്ച ചെയ്തു.

 സിപിഐ(എംഎൽ)ലിബറേഷൻ കേന്ദ്ര കമ്മിറ്റിയംഗമായ സഖാവ് ബാലസുന്ദരം കൺവെൻഷനെ അഭിസംബോധന ചെയ്തു .  ചെറുവള്ളി എസ്റ്റേറ്റിലും അരിപ്പയിലും ആറളത്തും ചെങ്ങറയിലും അത് പോലെ കേരളത്തിലെ മറ്റനേകം പ്രദേശങ്ങളിലും നടന്നുവരുന്ന ഭൂ സമരങ്ങളുടെ രാഷ്ട്രീയ പ്രാധാന്യവും പശ്ചാത്തല യാഥാർഥ്യങ്ങളും കണക്കിലെടുത്ത് ഇങ്ങിനെയൊരു നേതൃ സംഗമ കൺവെൻഷൻ സംഘടിപ്പിച്ച ഭൂ സമര മുന്നണിയെ അദ്ദേഹം അഭിനന്ദിച്ചു. 1970 ൽ കേരളത്തിൽ പാസ്സാക്കപ്പെട്ട ഭൂപരിഷ്കരണ നിയമത്തിലെ അപാകതകളുടെ ഫലമായി മണ്ണിൽ പണിയെടുത്ത് ജീവിക്കുന്ന ദളിതരും ആദിവാസികളും മറ്റു ദരിദ്ര ഭൂരഹിത വിഭാഗങ്ങളും ഇന്നും അനുഭവിക്കുന്ന ദുരിതങ്ങൾ ഇല്ലാതാക്കാനുള്ള ഒരേയൊരു മാർഗ്ഗം പോരാട്ടം തുടരുക എന്നതാണ്.  പ്രശ്ങ്ങൾ പഠിക്കാൻ വിദഗ്ദ്ധരുടെ കമ്മിറ്റികളെ നിയോഗിക്കലും  തങ്ങൾക്കിഷ്ടമല്ലാത്ത കണ്ടെത്തലുകളും നിർദ്ദേശങ്ങളും റിപ്പോർട്ടുകളിൽ വരുമ്പോൾ അവ പൂഴ്ത്തിവെക്കലും മാറി മാറി വരുന്ന സർക്കാരുടെ പൊതു സ്വഭാവമായിരിക്കുകയാണെന്നു രാജമാണിക്യം കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അവഗണിക്കുന്ന പിണറായി സർക്കാരിന്റെ നയത്തെ വിമർശിച്ചു കൊണ്ട് സഖാവ് ബാലസുന്ദരം ചൂണ്ടിക്കാട്ടി. നക്സൽബാരിയുടെ അൻപതാം വാർഷികം രാജ്യത്തെങ്ങുമുള്ള വിപ്ലവ ബഹുജനശക്തികൾ ആചരിക്കുന്ന ഈ സന്ദർഭത്തിൽ നക്സൽബാരിയിലെ ദരിദ്രരും ഭൂരഹിതരുമായ കർഷകർ കാട്ടിയ  ചരിത്രപ്രധാനമായ പോരാട്ടവീര്യത്തിന്റെ തുടർച്ച നിലനിർത്തുക എന്നത് ഇന്നും പ്രസക്തമാണെന്ന് സഖാവ് ചൂണ്ടിക്കാട്ടി. 

ഭൂസമരമുന്നണി ജനറൽ കൺവീനർ സഖാവ്‌ പി ഓ ജോൺ, ആൾ ഇൻഡ്യാ ക്രാന്തികാരി കിസാൻ സഭ (AIKKS ) നേതാവ് സഖാവ് എം പി  കുഞ്ഞിക്കണാരൻ, സഖാക്കൾ വി കെ ജോയ് ( ദലിത് ഭൂ അധികാര സമിതി ), പി ജെ മാനുവൽ (സർ ഫാസി ബാങ്ക് ജപ്തി വിരുദ്ധ സമിതി ), രമേശ് അഞ്ചിലശ്ശേരി ( ഭൂ സമര മുന്നണി ), സി ആർ നീലകണ്ഠൻ (സാമൂഹ്യ പ്രവർത്തകനും AAP നേതാവും ), സുശീലൻ (സി പി ഐ എം എൽ ) ,ഐ സി രാജപ്പൻ (സി പി ഐ എം എൽ ) , ജോൺ പെരുവന്താനം (പരിസ്ഥിതി പ്രവർത്തകൻ ), കെ കെ സുരേഷ് (CSDS ), കെ കെ മണി (SLF ), സോമൻ അയിരൂർ (വെൽഫെയർ  പാർട്ടി ), അജിത് കൊല്ലങ്കോട്(വെൽഫെയർ  പാർട്ടി ),
പി എസ് ഉത്തമൻ (ആദിവാസി ഏകോപന സമിതി ,ളാഹ ), പി എ ഗോപീദാസ് ( KCS ) , എ ബി ആർ നീലംപേരൂർ (CYS ), രമണൻ വാഴമുട്ടം (അംബേദ്‌കർ ജനകീയ വേദി ),യൂസഫ് എം (കേരള മനുഷ്യാവകാശ വേദി ), ഇ പി അനിൽ (MBR), പി പി ജോൺ (KSMTF ), സഖാക്കൾ ജോൺ കെ എരുമേലി , ഒ പി കുഞ്ഞുപിള്ള, പത്തിയൂർ വിശ്വൻ, കെ എം വേണുഗോപാലൻ ( ലീഡിങ് ടീം അംഗങ്ങൾ CPIML  ലിബറേഷൻ, കേരളം  ) , രഞ്ജിത്ത് (CPIML  ലിബറേഷൻ) എന്നിവർ  വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു കൺവെൻഷനിൽ സംബന്ധിച്ച  നേതാക്കളിൽപ്പെടും .

  സാംസ്കാരിക പ്രവർത്തകരായ വിജയൻ (ദൃശ്യതാളം ), ശശിക്കുട്ടൻ വാകത്താനം ,സി വാസുക്കുട്ടൻ എന്നിവരുടെ  കലാവിഷ്കാരവും കവി അജിത് എം പാച്ചനാടന്റെ കവിതാലാപനവും കൺവെൻഷന്റെ ഭാഗമായി നടന്ന സാംസ്കാരിക സദസ്സിൽ അവതരിപ്പിക്കപ്പെട്ടു.

കേരളത്തിലെ വിവിധ ജില്ലകളിനിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി ഭാവിപ്രവർത്തനങ്ങൾ ആവിഷ്കരിക്കാനും  ശക്തിപ്പെടുത്താനും വേണ്ടി ഭൂ സമര മുന്നണിയുടെ പുനഃസംഘാടനത്തോടെയാണ് കൺവെൻഷൻ പിരിഞ്ഞത്. വിവിധ സംഘടനാ ഭാരവാഹികളും നേതാക്കളും ഉൾപ്പെട്ട 31 അംഗ ജനറൽ കൌൺസിലും 21 അംഗങ്ങളുള്ള ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയും   നിലവിൽ വന്നു. സഖാവ് കെ കെ എസ് ദാസ് (NDLF ) എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനും സഖാക്കൾ കുഞ്ഞി ക്കണാരൻ( AIKKS ), ഓ പി കുഞ്ഞുപിള്ള (CPIML ലിബറേഷൻ സംസ്ഥാന ലീഡിങ് ടീം അംഗം ), പി ഓ ജോൺ (SLF ), കെ കെ മണി (SLF ) എന്നിവർ വൈസ് ചെയർ മാൻമാരും ആയി തെരഞ്ഞെടുക്കപ്പെട്ടു . ദലിത് ആക്ടിവിസ്റ്റായ സഖാവ് ജോൺ കാണക്കാരി ജനറൽ കൺവീനർ ആയും സഖാക്കൾ പി പി ജോൺ (KSMTF ), സി ആർ നീലകണ്ഠൻ (AAP ), കെ കെ രാജു, രമണൻ കൊല്ലം, അജിത മുണ്ടക്കയം (സാമൂഹ്യ പ്രവർത്തകർ) ,ശശിക്കുട്ടൻ വാകത്താനം (SLF ) എന്നിവർ ജോയിന്റ് കൺവീനർമാരായി.

സഖാവ് കെ കെ രാജുവിന്റെ  നന്ദി പ്രകടത്തോടെ കൺവെൻഷൻ ഔപചാരികമായി സമാപിച്ചു.




 .


Thursday, 12 October 2017

ജെ എൻ യു വിൽ  ഇടതു സഖ്യം നേടിയ വിജയം  നൽകുന്ന സന്ദേശം

ജെ എൻ യു വിനു നേരെയും രാജ്യത്തിലെ വിവിധ സർവ്വകലാശാലകൾക്കു നേരെയും മുൻപെങ്ങും കണ്ടിട്ടില്ലാത്തവിധം ആക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആണ് ജെ എൻ യു തെരഞ്ഞെടുപ്പിൽ ഇടതു സഖ്യം വ്യക്തമായ ആധിപത്യം നേടിയത്. ഗവേഷണ വിദ്യാഭ്യാസത്തിന്റെ തലത്തിൽ ഗുരുതരമായ ഗുണനിലവാരത്തകർച്ചയ്ക്കു ഇടവരുത്തുന്ന ഒട്ടേറെ പരിഷ്കാരങ്ങൾ നടപ്പാക്കിവരുന്നതും, സാധാരണ  കുടുംബപശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ ഏറ്റവും പ്രതികൂലമായി ബാധിക്കും വിധം സീറ്റുകളുടെ എണ്ണത്തിൽ വരുത്തിയ ഗണ്യമായ വെട്ടിക്കുറവും,  ഭീമമായ ഫീസ് വർദ്ധനകളും ,ഇവയ്ക്കെല്ലാം മകുടം ചാർത്തുന്ന വിധത്തിൽ സംഘപരിവാറിന്റെ ഉറ്റ സുഹൃത്തുക്കളെ വിവിധ സ്ഥാപനങ്ങളിൽ അധികാരസ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചു വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുന്ന നീക്കങ്ങളും വിദ്യാർത്ഥി സമൂഹത്തിനു മുമ്പാകെ  കടുത്ത വെല്ലുവിളികൾ ഉയർത്തിയിരുന്നു. ജനാധിപത്യപരമായ സംഭാഷണങ്ങൾക്കും സംവാദങ്ങൾക്കും വിമർശന പരമായ അവബോധത്തെ പോഷിപ്പിക്കുന്ന ചിന്തകൾക്കും ലഭ്യമായിരുന്ന ഇടങ്ങൾ കാമ്പസ്സുകൾക്കകത്തും പുറത്തും പാടേ നിഷേധിക്കുന്ന വിധത്തിൽ അധികാരിവർഗ്ഗം ബലപ്രയോഗത്തിലൂടെ ഒതുക്കാൻ ശ്രമിച്ചതിന് വിദ്യാർഥികൾ നൽകിയ ചുട്ട മറുപടിയായിരുന്നു ജെ എൻ യുവിലെ വിധിയെഴുത്ത്. നിയമം അനുശാസിക്കുന്ന വിധത്തിൽ സംവരണതത്വങ്ങൾ നടപ്പാക്കുന്ന രീതിയെ അട്ടിമറിക്കാനും , വിദ്യാർത്ഥികൾ അനേകകാലത്തെ  സംഘടിത പരിശ്രമങ്ങളിലൂടെ നേടിയെടുത്ത 'ഡിപ്രൈവേഷൻ പോയിന്റ്'
( വിദ്യാർഥികളുടെ സാമൂഹ്യമായ  പിന്നോക്കപശ്ചാത്തലത്തെ സർവ്വകലാശാലാ പ്രവേശന പരീക്ഷകളിൽ ഒരു അനുകൂല ഘടകമായി കണക്കിലെടുക്കുന്ന പ്രവേശന മാനദണ്ഡം ) ഇല്ലാതാക്കാനും ഉള്ള ശ്രമങ്ങൾ വലതുപക്ഷ ഭരണ അജണ്ടയുടെ ഭാഗമായി കൂടുതൽ പ്രകടമായി രംഗത്തുവന്നതും  ജെ എൻ യു എസ് യു തെരഞ്ഞെടുപ്പിൽ ഐക്യ ഇടതുപക്ഷ പാനലിനെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിക്കുന്ന ഒരു ദിശയിലേക്ക്‌ വിദ്യാർത്ഥികളെ എത്തിച്ചു.
നാല് കേന്ദ്ര പാനൽ സീറ്റുകളിൽ പൂർണ്ണമായും AISA-SFI-DSF മുന്നണിയുടെ രൂപത്തിലുള്ള  ഇടതു ഐക്യം വിജയിച്ചു. സ്കൂൾ ഓഫ് സോഷ്യൽ സയൻസ്(SSS )സ്കൂൾ ഓഫ് ലാംഗ്വേജസ് (SL), സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ് (SIS ) എന്നീ സ്കൂളുകളിൽ  13 കൗൺസിലർ പോസ്റ്റുകളും എല്ലാ കൺവീനർ സ്ഥാനങ്ങളും നേടിയത് ഇടതു സഖ്യം ആയിരുന്നു. ഐസ (AISA )യിലെ സഖാവ് ഗീതാകുമാരി ജെ എൻ യു എസ് യു പ്രഡിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഐസയിലെ തന്നെ യുള്ള സഖാവ് സിമോൺ സോയാ ഖാൻ വൈസ് പ്രസിഡൻറ് ആയി. എസ് എഫ് ഐ യിലെ സഖാവ് ദുഗ്ഗിരല ശ്രീകൃഷ്ണ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും ഡി എസ് എഫിലെ സഖാവ് ശുഭാംശു  സിംഗ് ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര പാനലുകളിൽ ഇടത് ഐക്യ സഖ്യം എ ബി വി പി സ്ഥാനാർത്ഥികളെ തോൽപ്പിച്ചത് പ്രഡിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ യഥാക്രമം 464, 848 ,  1107, 835 എന്നിങ്ങനെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആയിരുന്നു. 

 ജെ എൻ യു അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെടുന്ന വലതുപക്ഷ പിന്തിരിപ്പൻ ശക്തികൾക്കെതിരെയുള്ള ഉറച്ച താക്കീതാണ് ഈ തിരഞ്ഞെടുപ്പ് വിധിയിലൂടെ വിദ്യർത്ഥികൾ നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ  വേദിയിൽ വിദ്യാർത്ഥികൾ അവരുടെ യൂണിയൻ ഭാഗധേയം സ്വതന്ത്രമായി നിശ്ചയിക്കുന്നതിന് അനുകൂലമല്ലാത്ത ഒരു പരിതസ്ഥിതി സൃഷ്ടിക്കാൻ പുറത്തുനിന്നുള്ള ശക്തികൾ പരമാവധി കുത്തിത്തിരിപ്പുകൾ ഉണ്ടാക്കിയിട്ടും വിദ്യാർത്ഥികൾ ഇടതു ഐക്യസഖ്യത്തിന് അനുകൂലമായി നിർണ്ണായകമായ വിധിയെഴുത്ത് നടത്തി എന്നതും പ്രസ്താവ്യമാണ്. ജെ എൻ യു അധികാരികളും ആർ എസ് എസ് -ബി ജെ പി സംഘവും ചേർന്ന്    യൂണിവേഴ്സിറ്റിയിൽ ലഭ്യമായ സംവിധാനങ്ങളാകെ എ ബി വി പി യെ വിജയിപ്പിക്കാൻ വേണ്ടി ദുരുപയോഗം ചെയ്തിരുന്നു.

ജെ എൻ യു വിലെ ഇടതു ഐക്യ സഖ്യത്തിന്റെ വിജയം വലതു പക്ഷ ശക്തികൾക്കെതിരായുള്ള പ്രതിരോധത്തിന്റെ ഉറച്ച ശബ്ദമായിരുന്ന ഗൗരി ലങ്കേഷിനു സമർപ്പിക്കുന്നതായി പ്രഖ്യാപിച്ച
ജെ എൻ യു എസ് യു പ്രസിഡന്റ് സഖാവ് ഗീതാകുമാരി , വരും ദിവസങ്ങളിൽ വിദ്യാർത്ഥി സമരങ്ങൾക്ക് കൂടുതൽ കരുത്ത് പകരാൻ പുതിയ പാനൽ  പ്രതിജ്ഞാബദ്ധമായിരിക്കും എന്ന് പ്രസ്താവിച്ചു.

Wednesday, 11 October 2017

ചെറുവള്ളി എസ്റ്റേറ്റിന് മുന്നിൽ ഭൂസമര  മുന്നണി അനിശ്ചിതകാല സത്യാഗ്രഹത്തിൽ
 
മ്മുടെ നാട്ടിൽ വിശാലമായ തോട്ടം മേഖലകൾ രൂപപ്പെട്ടതിനു പിന്നിൽ രണ്ടുമൂന്നു തലമുറകളുടെ കഠിനമായ മനുഷ്യാധ്വാനത്തിന്റെ ചരിത്രമുണ്ട്.  മതിയായ വേതനമോ, പാർപ്പിട സൗകര്യങ്ങളോ മറ്റു ആനുകൂല്യങ്ങളോ  സ്ത്രീ-പുരുഷഭേദമെന്യേ  അദ്ധ്വാന ജനത ഏതാണ്ട് അടിമകളെപ്പോലെ പണിയെടുത്തു . തൊഴിലിൽനിന്നു വിരമിച്ച ശേഷം ജീവിതം നയിക്കുന്നതിനുതകാത്ത രീതിയിലുള്ള തുച്ഛമായ റിട്ടയർമെന്റ് ആനുകൂല്യങ്ങളേ 
ഈ ആധുനിക കാലത്തുപോലും ഇവർക്കു ലഭിക്കുന്നുള്ളൂ. ഇവർക്ക് വാസയോഗ്യമായ വീട് വെയ്ക്കുന്നതിനോ  , അതിനുള്ള ഭൂമി വാങ്ങുന്നതിനോ  പോലും മതിയാകാത്ത തുകയാണ് അത്. തൽഫലമായി തോട്ടം തൊഴിലാളികൾ ജോലിയിൽനിന്നു വിരമിച്ചാൽ മൂന്നു സെന്റ് കോളനികളിലോ ലക്ഷം വീട് കോളനികളിലോ അഭയം തേടേണ്ടിവരുന്ന സ്ഥിതിയാണ് ഇന്ന് കേരളത്തിലുള്ളത്. ഈ ദുസ്ഥിതിക്ക് സാധ്യമായ ഒരു പരിഹാരം എന്ന നിലയിൽ ആണ് പാട്ടക്കാലാവധി കഴിഞ്ഞതും പാട്ടവ്യവസ്ഥകൾ ലംഘിക്കപ്പെട്ടതുമായ മുഴുവൻ തോട്ടം ഭൂമിയും മുഴുവൻ തോട്ടം തൊഴിലാളികൾക്കും, മണ്ണിൽ പണിയെടുക്കുന്ന ഭൂരഹിതർക്കും വിതരണം ചെയ്യണം എന്ന ആവശ്യം സമീപകാലത്ത്  ഉയർന്നുവന്നത്.
 

 പത്തനംതിട്ടയിലെ ചെറുവള്ളി എസ്റ്റേറ്റിന് മുന്നിൽ ഭൂസമര  മുന്നണിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന അനിശിതകാല സത്യാഗ്രഹം 150 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. കുത്തകൾ കൈവശം വെച്ചിരിക്കുന്ന 525 ,000 ഏക്കർ ഭൂമി തിരിച്ചുപിടിക്കുന്നതിനു യാതൊരു നിയമതടസ്സവും ഇല്ലെന്നു സർക്കാർ തന്നെ നിയമിച്ച രാജമാണിക്യം കമ്മിറ്റി റിപ്പോർട്ട് പറയുന്നുണ്ടെങ്കിലും ഇങ്ങനെയുള്ള ഭൂമി കോർപറേറ്റുകൾക്കും ഭൂ മാഫിയാകൾക്കും കൈമാറാൻ ആണ് സർക്കാർ ശ്രമിക്കുന്നത്.ഇതിന്നായി തൊഴിലാളികളേയും അവരെ നയിക്കുന്ന ട്രേഡ് യൂണിയനുകളെയും നിയമവിരുദ്ധമായി ഭൂമി കൈവശം വെച്ചിരിക്കുന്ന കുത്തകകളും ഭൂ മാഫിയാകളും തങ്ങളുടെ ചട്ടുകങ്ങളായി ഉപയോഗിക്കുകയാണ്.അതിന്റെ ഭാഗമായി തൊഴിലാളികളെ ഭൂരഹിതർക്കെതിരെ അണിനിരത്തുകയും ഭൂമിക്കു വേണ്ടിയുള്ള അവകാശ സമരങ്ങളെ തകർക്കാൻ ഗുണ്ടകളെ ഉപയോഗിക്കുകയും ചെയ്യുന്നു.

തോട്ടം ഭൂമികൾ കോർപ്പറേറ്റുകൾക്കും കുത്തകകൾക്കും വിതരണം ചെ യ്യാൻ
ഇവിടെയും ഇവർ പ്രയോഗിക്കുന്നത് വികസനം എന്ന ആകർഷക മായ മുദ്രാവാക്യത്തെയാണ്.എന്നാൽ നമ്മുടെ രാജ്യത്ത് നടത്തിയിട്ടുള്ള ഓരോ വികസനത്തിന്റെയും ഗുണഭോക്താക്കൾ ജനങ്ങളല്ലാ , മറിച്ചു വൻകിട കോർപ്പറേറ്റുകളും കുത്തകകളും ആണ്.രാജ്യത്ത് നടപ്പിലാക്കുന്ന  സ്വപ്നപദ്ധതികൾ എന്ന് വിശേഷിപ്പിക്കുന്നവപോലും ബഹുഭൂരിപക്ഷം വരുന്ന യഥാർഥ ജനങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കുകയല്ല ; പ്രത്യുത, ജനങ്ങൾ ഇതിന്റെയെല്ലാം ഇരകൾ ആയിത്തത്തീരുകയാണ്.

ഇപ്പോൾ ചെറുവള്ളി എസ്റ്റേറ്റിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന വിമാനത്തതാവളം സംബന്ധമായും ഇത്തരത്തിലുള്ള ഒരു ആകർഷണം പരിസരവാസികളുടെയും ജനങ്ങളുടെയും ഇടയിൽ വ്യാപിച്ചിട്ടുണ്ട്.എന്നാൽ ഇതിന്റെ യഥാർഥ സ്ഥിതിയെക്കുറിച്ചു ജനങ്ങളെ ബോധമുള്ളവരാക്കേണ്ട പ്രമുഖ രാഷ്ട്രീയപ്രസ്ഥാനങ്ങളും നേതാക്കളും കുത്തകകളുടെ ഭാഗത്താണ്. എരുമേലിയെ സംബന്ധിച്ചിടത്തോളം ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ഒരിടത്താവളം എന്ന നിലയിൽ വിമാനത്തവാളത്തിനു പ്രത്യേക പ്രാധാന്യം നൽകാനുള്ള ശ്രമവും നടക്കുന്നുണ്ട്.ഇത് അയ്യപ്പ ഭക്തൻമാരുടെ സൗകര്യങ്ങളെ പരിഗണിക്കുന്നതിൻറെ  പേരിലാണെങ്കിലും ,അതിനേക്കാളുപരി വൻകിട റിസോർട് ഉടമകളുടേയും റിയൽ എസ്റ്റേറ്റ് മാഫിയാകളുടേയും താല്പര്യാനുസൃതമായ നഗരവൽക്കരണ പ്രക്രിയയ്ക്കുള്ള അന്നമാണ് ഇതിൽ കുടികൊള്ളുന്നത്. വിമാനത്താവളം വരുന്നതോടുകൂടി ചെറുവള്ളി എസ്റ്റേറ്റിലെ മുഴുവൻ ഭൂമിയും വന്പിച്ച റിസോർട്ട്കളുടേയും വ്യാപാരസ്ഥാപനങ്ങളുടെയും കേന്ദ്രമായി മാറും .അങ്ങിനെ ചുറ്റുവട്ടത്ത് താമസിക്കുന്ന സാധാരണ ജനങ്ങൾക്ക് അഭിഗമ്യമല്ലാത്ത ഒറ്റപ്പെട്ട ഒരു പ്രദേശമായി ഇവിടം മാറ്റപ്പെടും.
 

ഭൂ സമര മുന്നണിയോ, അതിൽ ബന്ധപ്പെടുന്ന പ്രസ്ഥാനങ്ങളോ വികസനത്തിന് എതിരല്ല.ഇവിടെ എതിർക്കുന്നത് ജനവിരുദ്ധ വികസനത്തെയാണ്.വിമാനത്താവളമല്ല ഭൂരഹിതർക്ക്‌ ഭൂമിയും മണ്ണിൽ പണിയെടുക്കുന്നവർക്കു കൃഷിയിടവുമാണ് ആവശ്യം.കേരളത്തിന്റെ നഷ്ടപ്പെട്ട കാർഷിക പശ്ചാത്തലം തിരിച്ചു കൊണ്ടുവരുന്നതോടൊപ്പം പാരിസ്ഥിതിക സന്തുലനം ഉറപ്പുവരുത്തുകയും വേണം . നിയമരഹിതമായി കെ പി യോഹന്നാൻ ഭൂമി വാങ്ങിയതിനെയും , ആ ഭൂമി  വൻകിടക്കാർക്ക് നൽകാൻ സഹായകമായ വിധത്തിൽ സർക്കാർ സ്വീകരിച്ചു വരുന്ന നടപടികളെയും ഭൂ സമര മുന്നണി ചോദ്യം ചെയ്യുന്നത് മേൽപ്പറഞ്ഞ പശ്ചാത്തലത്തിൽ ആണ്. അതിനാൽ, ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട ജനവിരുദ്ധ നടപടികൾക്കെതിരെ ഭൂ സമര മുന്നണി നടത്തുന്ന സമരം, തോട്ടം മേഖലകളിലും മറ്റു പ്രദേശങ്ങളിലുമായി കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഭൂമിക്കുവേണ്ടിയുള്ള സമരങ്ങളുമായി ഐക്യപ്പെടുന്നു. പ്രസ്തുത സമരങ്ങളുടെ മുൻനിരയിൽ അണിനിരന്നിട്ടുള്ള ദളിത് - ആദിവാസി ഭൂ സമര പ്രസ്ഥാനങ്ങളുമായും ഇതര പുരോഗമന പ്രസ്ഥാനങ്ങളുമായും കണ്ണി ചേർന്ന്  ഐക്യ ദാർഢ്യം പുലർത്തുന്നതോടൊപ്പം , ഭൂമിക്കും , ജനാധിപത്യത്തിന്നും സ്വാതന്ത്ര്യത്തിന്നും വേണ്ടിയുള്ള  ഈ പോരാട്ടത്തെ വിജയത്തിലെത്തിക്കാൻ കേരളത്തിലെ മുഴുവൻ ജനാധിപത്യ- ദേശാഭിമാന ശക്തികളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.

സി പി ഐ (എം എൽ) ലിബറേഷൻ സംസ്ഥാന ലീഡിങ് ടീമിനുവേണ്ടി ,
ജോൺ കെ. എരുമേലി , സെക്രട്ടറി

Tuesday, 10 October 2017



 'പെണ്മക്കൾ '  ബി എച് യു  വിൽ ആവശ്യപ്പെടുന്നത് സമത്വവും 
സുരക്ഷയും , കിട്ടിയത് പോലീസ്  ലാത്തിച്ചാർജ്

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനികൾ അവരുടെ സുരക്ഷയ്ക്കും സമത്വത്തിനും വേണ്ടിയുള്ള ഒരു പ്രധാന പ്രശനം ഉയർത്തിയപ്പോൾ അവർക്കു പറയാനുള്ളതു കേൾക്കുന്നതിന് പകരം,  വിദ്യാർഥിനികൾക്കെതിരെ ഉണ്ടായ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട പരാതികൾ "രാഷ്ട്രീയ ഗൂഢാലോചന"യുടെ ഫലം എന്ന്  ആരോപിക്കാനും, പ്രധിഷേധിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ ലാത്തിപ്രയോഗിച്ചു അവരുടെ സമരത്തെ അടിച്ചമർത്താനുമാണ് വൈസ് ചാൻസലർ ശ്രമിച്ചത്  .
ക്യാമ്പസ് പരിസരത്തു വിദ്യാർഥിനികൾക്കെതിരെ ഉണ്ടായ ഗുരുതരമായ ഒരു ലൈംഗികാക്രമണ സംഭവത്തെ   വൈകുന്നേരങ്ങളിൽ പെൺകുട്ടികൾ "പുറത്തുപോകുന്നതുകൊണ്ട്  വന്ന  ഒരു പ്രശ്ന" മായി  ലഘൂകരിച്ചു കാട്ടാൻ ആണ്   ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വൈസ് ചാൻസലർ അടക്കമുള്ള അധികാരികൾ ശ്രമിച്ചത് . ഇതിനോടുള്ള പ്രതിഷേധത്തിന്റെ രൂപത്തിൽ ആണ് വിദ്യാർത്ഥികൾ ബി എച് യു വിൽ സമരം ആരംഭിച്ചത്. സംഭവം ലൈംഗിക പീഡനം ആയിരുന്നില്ലെന്നും കേവലം  കളിയാക്കലുകൾ മാത്രം ആയിരുന്നു എന്നു പ്രശ്നത്തെ നിസ്സാരവൽക്കരിച്ചു കൊണ്ട് വി സി അഭിമുഖങ്ങൾ നൽകുകയുണ്ടായി.  തെരുവ് വിളക്കുകളും സ്ത്രീ സുരക്ഷാ ജീവനക്കാരും വേണമെന്നതാണ് വിദ്യാർത്ഥികളുടെ ആവശ്യം.എല്ലാ തലത്തിലുള്ള അധികൃതരെയും ലിംഗ സമത്വത്തെക്കുറിച്ചു ബോധവൽക്കരിക്കുന്നതിനുംലൈംഗികാതിക്രമപരാതികൾ കൈകാര്യം ചെയ്യുന്നതിനും ആയി GSCASH സമിതി പ്രവർത്തിക്കണം എന്നും അവർ ആവശ്യപ്പെടുന്നു. വിദ്യാർത്ഥിനികൾക്ക് പുരുഷന്മാരിൽ നിന്ന് വ്യത്യസ്തമായി    "കർഫ്യൂ "ഏർപ്പെടുത്തുന്നതും , ഹോസ്റ്റലിൽ മാംസാഹാരം വില ക്കുന്നതും നിർത്തണമെന്നത്  അവരുടെ ദീർഘകാലമായുള്ള ആവശ്യമാണ് ബി ജെ പി യെയും ആർ എസ്  എസിനെയും പിന്തുണക്കുന്ന ആളാണെന്നു സ്വയം പ്രഖ്യാപിച്ച വൈസ് ചാൻസലർ പ്രസ്തുത സമരത്തെ വാഖ്യാനിക്കുന്നത് , പ്രധാനമന്തി നരേന്ദ്ര മോദിയുടെ ബനാറസ് സന്ദർശനത്തിനിടെ കുഴപ്പം ഉണ്ടാക്കാൻ വേണ്ടി ആരുടേയോ പ്രേരണയാൽ നടത്തുന്ന സമരമായിട്ടാണ്   .
ഹോസ്റ്റൽ മുറിക്കുള്ളിൽപൂട്ടി യി രിക്കുമ്പോൾ മാത്രമാണ്  വിദ്യാർത്ഥിനികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാവുക എന്ന വി സി യുടെ നിലപാട് ഞെട്ടിക്കുന്നതാണ്.കാമ്പസ്സിലെ വഴികളിൽ അവരുടെ സുരക്ഷ  അദ്ദേഹത്തിന് ഉറപ്പാക്കാനാവില്ല! നിലവിലുള്ള  സമയ നിയന്ത്രണങ്ങൾ കൊണ്ട്  അവരുടെ രക്ഷ ഉറപ്പാക്കാൻ കഴിഞ്ഞില്ല എന്ന വാസ്തവം  അംഗീകരിക്കാനും അദ്ദേഹം   തയ്യാറാവുന്നില്ല   .പകരം അക്രമത്തിനിരയായവർ    ക്യാമ്പസ്സിലെ വഴികളിൽ  ഇറങ്ങിയതിനെ കുറ്റപ്പെടുത്തുവാൻ അധികാരികളെ അനുവദിക്കുകയാണ്  അദ്ദേഹം  ചെയ്തത്. 
     ബി എഛ്  യു വി സി  വിദ്യാർത്ഥിനികളുടെ സമരതിനു പിന്നിൽ   പുറത്തുനിന്നുള്ളവരുടെ പ്രേരണയാണെന്ന് ആരോപിക്കുന്നു. വിദ്യാർത്ഥിനികളുടെ   സ്വാതന്ത്രാഭിപ്രായത്തെ   ഗൗനിക്കാൻ  അദ്ദേഹം തയ്യാറാവുന്നില്ല .ഇത് ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു പറഞ്ഞതിന്റെ ബാക്കി പത്രമാണ് . ജെ എൻ യു വിദ്യാർത്ഥിനി   ഗുർമീർ കൗർ സമാധാനത്തിനു വേണ്ടിയും യുദ്ധത്തിനെതിരായും സംസാരിക്കുന്നതു അവരുടെ ചിന്തകളെ ആരോ വിഷലിപ്തമാക്കിയതു കൊണ്ടാണെന്നായിരുന്നു റിജ്ജുവിന്റെ ഭാഷ്യം  .സർവ്വകലാശാലകളു ടെ യും രാജ്യത്തിന്റെയും ഭരണകർത്താക്കൾ  സ്ത്രീകളുടെ സ്വതന്ത്ര   ചിന്തകളെ അംഗീകരിക്കുവാനും ആദരിക്കുവാനും  പഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

 
ജെ എൻ യു വിലും ഡൽഹി സർവ്വകലാശാലയിലും  ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലും ഉള്ള വിദ്യാർത്ഥികൾ സെമിനാറുകൾ സംഘടിപ്പിച്ചപ്പോഴും ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴും അവരെ കൈകാര്യം ചെയ്യാൻ ശ്രമിച്ച അതെ രീതിയിലാണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി വൈസ് ചാൻസലറും ഉത്തർ പ്രദേശ് സർക്കാരും വിദ്യാത്ഥിനികളുടെ സുരക്ഷയെ സംബന്ധിച്ച പരാതികളെയും സമരത്തെയും  കൈകാര്യം ചെയ്യുന്നത്. തികച്ചും ന്യായമായ വിദ്യാർത്ഥിനികളുടെ ആവശ്യത്തെ അവർ "ദേശദ്രോഹ"മായി മുദ്ര കുത്തി പോലീസിനെ കൊണ്ട് അടിച്ചമർത്തുകയാണ് . ഏകദേശം ആയിരത്തോളം വിദ്യാർത്ഥിളുടെ മേലാണ് ഇതിന്റെ പേരിൽ എഫ് ആർ ചുമത്തിയിട്ടുള്ളത്.
പ്രധാനമന്ത്രി ഉയർത്തുന്ന മുദ്രവാക്യമാണ് " ബേട്ടി ബചാവോ , ബേട്ടി പഠാവോ " ( പെൺകുട്ടികളെ സംരക്ഷിക്കൂ , പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കൂ  " ) .പക്ഷെ ബി ജെ പി യുടെ നേതാക്കന്മാർ പെൺകുട്ടികളെ അപമാനിക്കുകയാണ് ചെയ്യുന്നത് , ബി ജെ പി നിയമിച്ച വൈസ് ചാൻസലർ അവരുടെ ന്യായമായ ആവശ്യങ്ങളെ പോലീസിനെ കൊണ്ട് അടിച്ചമർത്തുകയാണ് ചെയ്യുന്നത് .   മനുസ്മൃതിയുടെ ശാസനകൾ
അനുസരിച്ചു
സ്ത്രീകളുടെ അവകാശങ്ങളെ നിയന്ത്രിക്കണം എന്ന് പറഞ്ഞ വ്യക്തിയാണ് യു പി മുഖ്യമന്ത്രി ആദിത്യനാഥ്‌.
സ്ത്രീകൾ  "അതിരുകൾ വിട്ട്" പെരുമാറുന്നതും , പുരുഷമേധാവിത്വത്തെ ചോദ്യം ചെയ്യുന്നതും  ആദിത്യനാഥിനും  ബി എച് യു വൈസ്ചാൻസലർ ജി സി ത്രിപാഠിക്കും  അനുഭവപ്പെടുന്നത് സ്വന്തം അസ്തിത്വത്തിനു തന്നെയുള്ള ഒരു ഭീഷണിയായിട്ടാണ്.
. തികഞ്ഞ പരസ്പര ധാരണയോടെയെങ്കിലും  സ്ത്രീയും പുരുഷനും പൊതുസ്ഥലങ്ങളിൽ ഒരുമിച്ചു കാണപ്പെടുമ്പോൾ  യോഗി ആദിത്യനാഥിന്റെആന്റി റോമിയോ സ്ക്വാഡ്” ഇന്ന് പിടിച്ചു ഉപദ്രവിക്കുന്ന സ്ഥിതിയുള്ളപ്പോൾ പീഡകർക്ക്  ബി എഛ്  യു കാമ്പസിൽ അഴിഞ്ഞാടാൻ കഴിയില്ലെന്ന് ഉറപ്പു വരുത്താൻ യു പി പോലീസിനും കാമ്പസ് അധികാരികൾക്കും കഴിഞ്ഞില്ല.    
 
 

രാജ്യമാകമാനം വിദ്യാർഥിനി കൾ തുല്യതക്കും  സുരക്ഷക്കുംവേണ്ടി  അവകാശമുന്നയിക്കുകയാണ് .സുരക്ഷയെ പുരുഷാധിപത്യ നിയന്ത്രണവുമായി ബന്ധിപ്പിക്കുന്നത് അവർക്കു സ്വീകാര്യമല്ല . ഇരയുടെ പേരിൽ കുറ്റം ചാർത്തുന്നതും സദാചാര പോലീസിങ്ങും സമ്മതിച്ചു തരാനും അവർ ഒരുക്കമല്ല.വിയോജിപ്പ് , ചോദ്യം ചെയ്യൽ , സെമിനാറുകൾ, ഗവേഷണം എന്നിവയെ  ദേശവിരുദ്ധതയായി അടയാളപ്പെടുത്താനുള്ള ആർ എസ എസ -ബി ജെ പി വി സി മാരുടെ ശ്രമത്തോട്  രാജ്യവ്യാപകമായി വിദ്യാർത്ഥി സമൂഹം  വിയോജിക്കുന്നു . ബി എഛ് ത് യു വിദ്യാർഥികൾ വഴികാണിക്കുന്നു -.പെണ്മക്കൾ പഠിക്കും ,പെണ്മക്കൾ  പൊരുതും ,പെണ്മക്കൾ  മുന്നേറും.