Monday 16 October 2017

ഭൂ അവകാശങ്ങളും കേരളത്തിലെ

ഭൂസമരങ്ങളും: 

മുക്കടയിൽ ഭൂസമരം മുന്നണി

സംഘടിപ്പിച്ച

കൺവെൻഷൻ (റിപ്പോർട്ട് )


പാട്ടക്കാലാവധി കഴിഞ്ഞോ പാട്ടവ്യവസ്ഥകൾ ലംഘിച്ചതുമൂലമോ വൻകിട തോട്ടങ്ങൾ നിയമവിസൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി സർക്കാർ ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണം എന്ന ആവശ്യം സംസ്ഥാനത്ത് ഉയർന്നുവന്ന പശ്ചാത്തലത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂസമരങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
ശാസ്ത്രീയവും സമഗ്രവുമായ ഒരു ഭൂപരിഷ്കരണ  നയം ആവിഷ്കരിച്ചു നടപ്പാക്കുന്നതിൽ സംസ്ഥാന ഭരണകൂടം വരുത്തുന്ന ഗുരുതരമായ വീഴ്ചകളിലേക്ക് ജനശ്രദ്ധ ക്ഷണിക്കുന്ന ഒരു കൺവെൻഷൻ ഭൂസമരം മുന്നണിയുടെ ആഭിമുഖ്യത്തിൽ ആഗസ്ത് 6 -ന് കോട്ടയം ജില്ലയിലെ മുക്കടയിൽ സംഘടിപ്പിക്കപ്പെട്ടു. ഭൂമിക്കു വേണ്ടിയുള്ള ഭൂരഹിത ദരിദ്രരുടേയും ദലിത് ജനവിഭാഗങ്ങളുടെയും സമരങ്ങളെ  പ്രതിനിധാനം ചെയ്യുന്ന വിവിധ സംഘടനകളും പ്രസ്തുത സമരങ്ങളുമായി ഐക്യദാർഢ്യം പുലർത്തുന്ന പുരോഗമന പ്രസ്ഥാനങ്ങളും സാമൂഹ്യപ്രവർത്തകരും ഉൾപ്പെടുന്ന വിശാലമായ ഒരു നേതൃത്വ കൂട്ടായ്മയാണ് ഭൂസമരം മുന്നണി. സി പി ഐ (എം എൽ) ലിബറേഷൻ സംസ്ഥാന ലീഡിങ് ടീമിനെ പ്രതിനിധീകരിക്കുന്ന സഖാക്കളും ഭൂസമരം മുന്നണിയിൽ നേതൃത്വപരമായ പങ്ക് വഹിച്ചുവരുന്നു.

 മുക്കടയിലെ എസ് എസ്  ടി ഹാളിൽ ദിവസം മുഴുവൻ നീണ്ടുനിന്ന കൺവെൻഷൻ വേദിക്ക്  2003 ഫെബ്രുവരിയിൽ മുത്തങ്ങയിൽ നടന്ന  ഭൂസമരത്തിലെ രക്തസാക്ഷിയായ ആദിവാസി നേതാവ് ജോഗിയെ അനുസ്മരിച്ചുകൊണ്ട് ജോഗി നഗർ എന്ന് പേര് നൽകപ്പെട്ടു.

 മുക്കടയിലെ ചെറുവള്ളി എസ്റ്റേറ്റ് ഗേറ്റിൽ ഭൂസമര  മുന്നണിയുടെ നേതൃത്വത്തിൽ നടന്നു വന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം 90 ദിവസം പിന്നിട്ട ഒരു പശ്ചാത്തലം  കൂടി  ആഗസ്ത് 6 -ലെ കൺവെൻഷന് ഉണ്ടായിരുന്നു. ഹാരിസൺ  മലയാളം കമ്പനി നിയമവിരുദ്ധമായി കൈവശം വെച്ചതും 2262 ഏക്കർ വിസ്തൃതിയുള്ളതുമായ ചെറുവള്ളി എസ്റ്റേറ്റ് അടുത്തകാലത്ത് കെ പി യോഹന്നാൻ എന്ന വ്യക്തിക്ക് കൈമാറ്റം ചെയ്ത ഇടപാടിന് നിയമ പ്രാബല്യം നൽകാൻ ഒത്താശ ചെയ്യുന്ന  ഇടതു മുന്നണി സർക്കാർ നയത്തെ ചോദ്യം ചെയ്യുന്നതോടൊപ്പം ചെറുവള്ളി എസ്റ്റേറ്റ് ഭൂമി യിൽ  വിമാനത്താവളം നിർമ്മിക്കാനുള്ള നീക്കങ്ങളെയും ചെറുക്കാനുള്ള ഒരു സമരത്തിന്നാണ്  ഭൂസമര മുന്നണി നേതൃത്വം നൽകുന്നത്. നെടുമ്പാശ്ശേരിയിൽ വെറും 110 കിലോമീറ്റർ അപ്പുറത്തായി ഒരു അന്താരാഷ്‌ട്ര വിമാനത്താവളം നിലവിലുള്ളപ്പോൾ ഇത്രയും സമീപത്തായി മറ്റൊരു എയർ പോർട്ട് അനാവശ്യമാണെന്ന് മാത്രമല്ല, ദൂര പരിധി സംബന്ധിച്ച വ്യോമയാന മാനദണ്ഡങ്ങൾ ക്കു നിരക്കാത്തതുമാണ് അങ്ങനെയൊരു പദ്ധതി എന്ന് ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. പെരിയാർ ടൈഗർ റിസർവിനും  പൊന്തൻപുഴയിലെ മഴക്കാടുകൾക്കും തൊട്ടടുത്തായുള്ള ഒരു പാരിസ്ഥിതിക ദുർബ്ബലമേഖലയിൽ വിമാനത്താവളം നിർമ്മിക്കുന്നത് ഈ പ്രദേശത്തിന്റെയാകെ പാരിസ്ഥിതിക സന്തുലനാവസ്ഥയ്ക്കും കടുത്ത ഭീഷണിയായിത്തീരുമെന്നുള്ള  മുന്നറിയിപ്പും അവഗണിച്ചുകൊണ്ടാണ് അധികൃതരുടെ നീക്കങ്ങൾ.  10,000 തൊഴിലുകൾ പുതുതായി  സൃഷ്ടി ക്കുന്ന ഒരു ബൃഹത്തായ വികസന സംരംഭം ആണ് വിമാനത്താവള നിർമ്മാണം എന്ന തീർത്തും  വ്യാജമായതും തെറ്റിദ്ധരിപ്പിക്കുന്നതും ആയ  ഒരു അവകാശവാദവും തല്പര കക്ഷികൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
 കുത്തകൾ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന എസ്റ്റേറ്റ് ഭൂമികൾ ഏറ്റെടുത്ത് വിതരണം ചെയ്യുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പിണറായി സർക്കാർ  അധികാരത്തിൽ വന്നതിനു ശേഷം ലംഘിക്കപ്പെട്ടത് കൺവെൻഷനിൽ ഒരു പ്രധാന ചർച്ചാവിഷയമായി.  ചർച്ചയ്ക്കായി അവതരിപ്പിക്കപ്പെട്ട ശേഷം കൺവെൻഷൻ അംഗീകരിച്ച ഒരു രേഖ 1957 ൽ അവിഭക്ത കമ്മ്യൂണിസ്റ്റു പാർട്ടിയുടെ നേതൃത്വത്തിൽ ഒരു സർക്കാരിനെ അധികാരത്തിൽ ഏറ്റിയ കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലം "കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്നവന് " എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിൽ നിരവധി കർഷക സമരങ്ങളും ജന്മിത്ത വിരുദ്ധ ബഹുജന സമരങ്ങളും കൊണ്ട് രൂപപ്പെട്ട ഒന്നായിരുന്നുവെന്നു  ചൂണ്ടിക്കാട്ടുന്നു . എന്നാൽ ആദ്യത്തെ കമ്മ്യൂണിസ്ററ് മന്ത്രിസഭയുടെ കാലം തൊട്ടുതന്നെ "കൃഷിഭൂമി കർഷകന്"  എന്ന മുദ്രാവാക്യത്തിന്റെ രാഷ്ട്രീയ അന്തസ്സത്തയിൽ വെള്ളം ചേർക്കാൻ ഇട  വരികയും,  തുടർന്ന് വന്ന സർക്കാരുകൾ ഭൂരഹിത കർഷകരുടെ പ്രശ്നങ്ങൾ പടിപടിയായി അവഗണിച്ചുവെന്നും രേഖ തുടർന്ന് പറയുന്നു.

1963 ൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട കേരള  ഭൂപരിഷ്കരണ ബിൽ നിരവധി സംവാദങ്ങൾക്കും ചർച്ചകൾക്കും ശേഷം  നിയമമായി പാസ്സാക്കപ്പെട്ടത്‌ 1970 ൽ ആയിരുന്നു. ഈ നിയമവും പിന്നീട് പാസാക്കപ്പെട്ട ചില  നിയമങ്ങളും കൂടി  ഭൂപരിഷ്കരണത്തിന്റെ അന്തസ്സത്തയെ ദോഷകരമായി ബാധിക്കുന്ന പ്രധാനപ്പെട്ട മൂന്നു  ഒഴിവാക്കലുകൾ നടത്തി.  ഒന്നാമതായി വൻകിട ട്രസ്റ്റുകളും സാമുദായിക - മത സ്ഥാപനങ്ങളും കൈവശം വെച്ചിരുന്ന വിസ്തൃതമായ ഭൂശേഖരങ്ങൾ ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കപ്പെട്ടു. തോട്ടങ്ങളായി കൈവശം വെക്കപ്പെട്ടിരുന്ന ഭൂമികൾ ഒഴിവാക്കപ്പെട്ടതാണ് രണ്ടാമത്തെ കാര്യം. ഇവയ്ക്കു പുറമെ, വൻകിട ഭൂവുടമകൾക്ക് അവരുടെ കയ്യിലുള്ള പരിധിയിൽ കവിഞ്ഞ ഭൂമി അടുത്ത ബന്ധുക്കൾക്ക് ഇഷ്ടദാനത്തിന്റെ രൂപത്തിൽ കൈമാറ്റം ചെയ്യാനും അതുവഴി സർക്കാർ അവ ഏറ്റെടുക്കുന്നതിൽനിന്നും ഒഴിവാക്കാനും സൗകര്യം ചെയ്തുകൊടുത്തു എന്നതാണ് മൂന്നാമത്തെ കാര്യം. മേൽപ്പറഞ്ഞ നയങ്ങളുടെയെല്ലാം പരിണിത ഫലം മണ്ണിൽ പണിയെടുത്ത് ജീവിച്ചു പോന്നിരുന്ന ഭൂരഹിതരായ ദലിത് - ആദിവാസി വിഭാഗങ്ങൾക്ക് കൃഷി ഭൂമി ലഭിക്കുന്നതിന് പകരം ചെറിയ തുണ്ടു ഭൂമികളിൽ കുടികിടപ്പിനുള്ള അവകാശം മാത്രം ലഭിച്ചു എന്നതായിരുന്നു. അതെ സമയം , നേരിട്ട് കൃഷിപ്പണി ചെയ്യാത്ത പാട്ട കൃഷിക്കാർക്ക് അവർ ജന്മിമാരിൽ നിന്നും  പാട്ടത്തിന് എടുത്ത ഭൂമിയിൽ സ്ഥിരമായ ഉടമാവകാശം ലഭിക്കുകയും ചെയ്തു. കേരളത്തിലെ ആദിവാസി-ദലിത് ജനവിഭാഗങ്ങളിൽ ഏറിയ പങ്കും ഇന്ന് 24,000 എസ് സി കോളനികളിലും 14,000 ട്രൈബൽ കോളനികളിലുമായി കഴിഞ്ഞുകൂടുന്ന അവസ്ഥ ഉണ്ടായതും മേൽപ്പറഞ്ഞ  നയത്തിന്റെ പരിണിതിയാണ്.
മുൻകാലങ്ങളിൽ പാട്ട വ്യവസ്ഥയിൽ സ്ഥാപിക്കപ്പെട്ടിരുന്ന വലിയ തോട്ടങ്ങളുടെ കൈവശാവകാശം സംബന്ധിച്ച ഇപ്പോഴത്തെ സ്ഥിതിയുമായി ബന്ധപ്പെട്ട് പ്രസക്തമായ എല്ലാ കാര്യങ്ങളും സമഗ്രമായി പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ ഡോ എം ജി രാജമാണിക്യം എന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ  ഒരു കമ്മിറ്റിയെ കഴിഞ്ഞ യു ഡി എഫ്  സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. തൽഫലമായി രാജമാണിക്യം കമ്മിറ്റി 2016 ജൂണിൽ സർക്കാരിന് സമർപ്പിച്ച ആദ്യ റിപ്പോർട്ട് പ്രകാരം, കേരളത്തിലെ എട്ടു ജില്ലകളിൽപ്പെട്ട 525,000 ഏക്കർ (ഏകദേശം 2124 ചതുരശ്ര കിലോമീറ്റർ ) വരുന്ന തോട്ടഭൂമികൾ വൻകിട കമ്പനികൾ നിയമ വിരുദ്ധമായി കൈവശം വെക്കുന്നുണ്ട്. 1947 ലെ ഇന്ത്യാ ഇൻഡിപെൻഡസ് ആക്റ്റ് , 1963 ൽ നിലവിൽ വന്ന FERA ,എന്നിവ പ്രകാരം , ഇന്ത്യ സ്വതന്ത്ര രാജ്യമാവുന്നതിനു മുൻപുണ്ടായിരുന്ന ഭരണാധികാരികൾ വിദേശ കമ്പനികളുമായി നടത്തിയ  ഭൂമി സംബന്ധമായ എല്ലാ കരാറുകളും എഗ്രീമെന്റുകളും റദ്ദായതായി കണക്കാക്കേണ്ടതാണെന്നും , അതിനാൽ സർക്കാർ അങ്ങിനെയുള്ള ഭൂമികൾ ഉടൻ ഏറ്റെടുക്കേണ്ടതാണെന്നും പ്രസ്തുത റിപ്പോർട്ട് പറയുന്നുണ്ട്. ഇങ്ങനെ പിടിച്ചെടുക്കുന്ന തോട്ടം ഭൂമി ഭൂരഹിതർക്കിടയിൽ വിതരണം ചെയ്യാവുന്നതാണെന്നും രാജമാണിക്യം കമ്മിറ്റി നിർദ്ദേശിക്കുന്നുണ്ട്.

സഖാവ് എം ഒ ജോണിന്റെ സ്വാഗതഭാഷണത്തോടെയാണ് ഭൂസമര  മുന്നണി  യോഗനടപടികൾ ആരംഭിച്ചത്. എൻ ഡി എൽ എഫ് ജനറൽ സെക്രട്ടറി സഖാവ് കെ കെ എസ് ദാസിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ഉദ്ഘാടനം ചെയ്തത് സി പി ഐ (എം എൽ) റെഡ് സ്റ്റാർ നേതാവായ സഖാവ് പി ജെ ജെയിംസ് ആയിരുന്നു. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന ഭൂസമരങ്ങളിലും അവയുമായി ബന്ധപ്പെട്ട ജനാധിപത്യാവകാശപ്പോരാട്ടങ്ങളിലും സജീവമായ പങ്കു വഹിച്ചു പോരുന്ന സംഘടനകളുടെ നേതാക്കളും ആക്ടിവിസ്റ്റുകളും കൺവെൻഷനിൽ സംബന്ധിച്ചു.കേരളത്തിൽ ദലിതരും ആദിവാസികളും ദീർഘകാലമായി അഭിമുഖീകരിച്ചു പോരുന്ന ഭൂരഹിതാവസ്ഥയുടെ സാമൂഹ്യ രാഷ്ട്രീയ സവിശേഷതകളെക്കുറിച്ചും പ്രശ്നത്തിന്റെ അടിയന്തര സ്വഭാവത്തെക്കുറിച്ചും കൺവെൻഷൻ ചർച്ച ചെയ്തു.

 സിപിഐ(എംഎൽ)ലിബറേഷൻ കേന്ദ്ര കമ്മിറ്റിയംഗമായ സഖാവ് ബാലസുന്ദരം കൺവെൻഷനെ അഭിസംബോധന ചെയ്തു .  ചെറുവള്ളി എസ്റ്റേറ്റിലും അരിപ്പയിലും ആറളത്തും ചെങ്ങറയിലും അത് പോലെ കേരളത്തിലെ മറ്റനേകം പ്രദേശങ്ങളിലും നടന്നുവരുന്ന ഭൂ സമരങ്ങളുടെ രാഷ്ട്രീയ പ്രാധാന്യവും പശ്ചാത്തല യാഥാർഥ്യങ്ങളും കണക്കിലെടുത്ത് ഇങ്ങിനെയൊരു നേതൃ സംഗമ കൺവെൻഷൻ സംഘടിപ്പിച്ച ഭൂ സമര മുന്നണിയെ അദ്ദേഹം അഭിനന്ദിച്ചു. 1970 ൽ കേരളത്തിൽ പാസ്സാക്കപ്പെട്ട ഭൂപരിഷ്കരണ നിയമത്തിലെ അപാകതകളുടെ ഫലമായി മണ്ണിൽ പണിയെടുത്ത് ജീവിക്കുന്ന ദളിതരും ആദിവാസികളും മറ്റു ദരിദ്ര ഭൂരഹിത വിഭാഗങ്ങളും ഇന്നും അനുഭവിക്കുന്ന ദുരിതങ്ങൾ ഇല്ലാതാക്കാനുള്ള ഒരേയൊരു മാർഗ്ഗം പോരാട്ടം തുടരുക എന്നതാണ്.  പ്രശ്ങ്ങൾ പഠിക്കാൻ വിദഗ്ദ്ധരുടെ കമ്മിറ്റികളെ നിയോഗിക്കലും  തങ്ങൾക്കിഷ്ടമല്ലാത്ത കണ്ടെത്തലുകളും നിർദ്ദേശങ്ങളും റിപ്പോർട്ടുകളിൽ വരുമ്പോൾ അവ പൂഴ്ത്തിവെക്കലും മാറി മാറി വരുന്ന സർക്കാരുടെ പൊതു സ്വഭാവമായിരിക്കുകയാണെന്നു രാജമാണിക്യം കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അവഗണിക്കുന്ന പിണറായി സർക്കാരിന്റെ നയത്തെ വിമർശിച്ചു കൊണ്ട് സഖാവ് ബാലസുന്ദരം ചൂണ്ടിക്കാട്ടി. നക്സൽബാരിയുടെ അൻപതാം വാർഷികം രാജ്യത്തെങ്ങുമുള്ള വിപ്ലവ ബഹുജനശക്തികൾ ആചരിക്കുന്ന ഈ സന്ദർഭത്തിൽ നക്സൽബാരിയിലെ ദരിദ്രരും ഭൂരഹിതരുമായ കർഷകർ കാട്ടിയ  ചരിത്രപ്രധാനമായ പോരാട്ടവീര്യത്തിന്റെ തുടർച്ച നിലനിർത്തുക എന്നത് ഇന്നും പ്രസക്തമാണെന്ന് സഖാവ് ചൂണ്ടിക്കാട്ടി. 

ഭൂസമരമുന്നണി ജനറൽ കൺവീനർ സഖാവ്‌ പി ഓ ജോൺ, ആൾ ഇൻഡ്യാ ക്രാന്തികാരി കിസാൻ സഭ (AIKKS ) നേതാവ് സഖാവ് എം പി  കുഞ്ഞിക്കണാരൻ, സഖാക്കൾ വി കെ ജോയ് ( ദലിത് ഭൂ അധികാര സമിതി ), പി ജെ മാനുവൽ (സർ ഫാസി ബാങ്ക് ജപ്തി വിരുദ്ധ സമിതി ), രമേശ് അഞ്ചിലശ്ശേരി ( ഭൂ സമര മുന്നണി ), സി ആർ നീലകണ്ഠൻ (സാമൂഹ്യ പ്രവർത്തകനും AAP നേതാവും ), സുശീലൻ (സി പി ഐ എം എൽ ) ,ഐ സി രാജപ്പൻ (സി പി ഐ എം എൽ ) , ജോൺ പെരുവന്താനം (പരിസ്ഥിതി പ്രവർത്തകൻ ), കെ കെ സുരേഷ് (CSDS ), കെ കെ മണി (SLF ), സോമൻ അയിരൂർ (വെൽഫെയർ  പാർട്ടി ), അജിത് കൊല്ലങ്കോട്(വെൽഫെയർ  പാർട്ടി ),
പി എസ് ഉത്തമൻ (ആദിവാസി ഏകോപന സമിതി ,ളാഹ ), പി എ ഗോപീദാസ് ( KCS ) , എ ബി ആർ നീലംപേരൂർ (CYS ), രമണൻ വാഴമുട്ടം (അംബേദ്‌കർ ജനകീയ വേദി ),യൂസഫ് എം (കേരള മനുഷ്യാവകാശ വേദി ), ഇ പി അനിൽ (MBR), പി പി ജോൺ (KSMTF ), സഖാക്കൾ ജോൺ കെ എരുമേലി , ഒ പി കുഞ്ഞുപിള്ള, പത്തിയൂർ വിശ്വൻ, കെ എം വേണുഗോപാലൻ ( ലീഡിങ് ടീം അംഗങ്ങൾ CPIML  ലിബറേഷൻ, കേരളം  ) , രഞ്ജിത്ത് (CPIML  ലിബറേഷൻ) എന്നിവർ  വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു കൺവെൻഷനിൽ സംബന്ധിച്ച  നേതാക്കളിൽപ്പെടും .

  സാംസ്കാരിക പ്രവർത്തകരായ വിജയൻ (ദൃശ്യതാളം ), ശശിക്കുട്ടൻ വാകത്താനം ,സി വാസുക്കുട്ടൻ എന്നിവരുടെ  കലാവിഷ്കാരവും കവി അജിത് എം പാച്ചനാടന്റെ കവിതാലാപനവും കൺവെൻഷന്റെ ഭാഗമായി നടന്ന സാംസ്കാരിക സദസ്സിൽ അവതരിപ്പിക്കപ്പെട്ടു.

കേരളത്തിലെ വിവിധ ജില്ലകളിനിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി ഭാവിപ്രവർത്തനങ്ങൾ ആവിഷ്കരിക്കാനും  ശക്തിപ്പെടുത്താനും വേണ്ടി ഭൂ സമര മുന്നണിയുടെ പുനഃസംഘാടനത്തോടെയാണ് കൺവെൻഷൻ പിരിഞ്ഞത്. വിവിധ സംഘടനാ ഭാരവാഹികളും നേതാക്കളും ഉൾപ്പെട്ട 31 അംഗ ജനറൽ കൌൺസിലും 21 അംഗങ്ങളുള്ള ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയും   നിലവിൽ വന്നു. സഖാവ് കെ കെ എസ് ദാസ് (NDLF ) എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനും സഖാക്കൾ കുഞ്ഞി ക്കണാരൻ( AIKKS ), ഓ പി കുഞ്ഞുപിള്ള (CPIML ലിബറേഷൻ സംസ്ഥാന ലീഡിങ് ടീം അംഗം ), പി ഓ ജോൺ (SLF ), കെ കെ മണി (SLF ) എന്നിവർ വൈസ് ചെയർ മാൻമാരും ആയി തെരഞ്ഞെടുക്കപ്പെട്ടു . ദലിത് ആക്ടിവിസ്റ്റായ സഖാവ് ജോൺ കാണക്കാരി ജനറൽ കൺവീനർ ആയും സഖാക്കൾ പി പി ജോൺ (KSMTF ), സി ആർ നീലകണ്ഠൻ (AAP ), കെ കെ രാജു, രമണൻ കൊല്ലം, അജിത മുണ്ടക്കയം (സാമൂഹ്യ പ്രവർത്തകർ) ,ശശിക്കുട്ടൻ വാകത്താനം (SLF ) എന്നിവർ ജോയിന്റ് കൺവീനർമാരായി.

സഖാവ് കെ കെ രാജുവിന്റെ  നന്ദി പ്രകടത്തോടെ കൺവെൻഷൻ ഔപചാരികമായി സമാപിച്ചു.




 .


No comments:

Post a Comment