Tuesday 1 October 2013

നരേന്ദ്ര മോഡി : സാമുദായിക ഫാസിസത്തിന്റേയും കോർപ്പറേറ്റ് ഫാസിസത്തിന്റെയും മാരക മിശ്രണത്തിന്റെ ആൾരൂപം



നരേന്ദ്ര മോഡി : വർഗീയ ഫാസിസത്തിന്റേയും കോർപ്പറേറ്റ്  ഫാസിസത്തിന്റെയും മാരക മിശ്രണത്തിന്റെ ആൾരൂപം

 2014 ലോക് സഭാ തെരഞ്ഞെടുപ്പ്  അടുത്ത് വരുമ്പോൾ   പ്രധാനമന്ത്രി പദത്തിലേക്ക് യോഗ്യനായ അതിന്റെ ഏറ്റവും സമുന്നത നേതാവായി നരേന്ദ്ര മോഡിയെ ബി ജെ പി  ഉയർത്തിക്കാട്ടുകയാണ് . പ്രതീക്ഷിക്കപ്പെട്ടത്‌ പോലെ തന്നെ ഉള്ള ഒരു സംഭവ വികാസം ആണ് ഇത് . അദ്വാനിയുടെ താല്ക്കാലികമായ ഇടഞ്ഞു നില്ക്കലും പിന്നീടുണ്ടാവുന്ന അനുനയിക്കപ്പെടലുകളും ഒന്നും ഒട്ടും അപ്രതീക്ഷിതമല്ല. സവിശേഷമായ  ഈ ഗുരു ശിഷ്യ ബന്ധത്തിലെ ഇടറിച്ചകളും പതറിച്ചകളും അനുരഞ്ജനങ്ങളും  ജനസാമാന്യത്തിനിടയിൽ  എത്രതന്നെ കൌതുകം ഉണർത്തിയാലും, ബിജെപിയിൽ  അത് കാര്യമായ പിളർപ്പ് ഒന്നും തല്ക്കാലം ഉണ്ടാക്കാൻ പോകുന്നില്ല.
സംഘ് പരിവാർ ഇപ്പോൾ മോഡിയെ നേതാവാക്കി അവരോധിക്കുമ്പോൾ,  ആ തീരുമാനം അദ്വാനിയെപ്പോലുള്ളവരിൽ  ഉണ്ടാക്കാനിടയുള്ള കടുത്ത അതൃപ്തിയും , ബി ജെ പിയുടെ  മുൻ സഖ്യകക്ഷി നേതാവ്  ആയ നീതീഷ് കുമാറിനെപ്പോലുള്ളവരുടെ വിരോധവും മൂലം വലിയ ഒരു ചൂതാട്ടമാവും പാർട്ടിക്ക് നടത്തേണ്ടി വരിക എന്ന് അറിയാതെയല്ല അത് ചെയ്തിട്ടുള്ളത് .  
വ്യത്യസ്തമായ സാമൂഹ്യ രാഷ്ട്രീയ അജണ്ടകളുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയപ്പാർട്ടികൾ തമ്മിൽ  നടക്കുന്ന തെരഞ്ഞെടുപ്പു പോരാട്ടത്തെ വ്യക്തിത്വമത്സരമായി ചുരുക്കുന്ന അമേരിക്കൻ  പ്രസിഡെൻഷ്യൽ തെരഞ്ഞെടുപ്പ് സമ്പ്രദായം പോലെയാക്കാനുള്ള തന്ത്രമാണ് ബി ജെ പി ഇപ്പോൾ അവലംബിച്ചുവരുന്നത്‌ .


     നയങ്ങളിലോ പ്രവർത്തന മികവിന്റെ കാര്യത്തിലോ കോണ്‍ഗ്രസ്സിന്റെതിൽ നിന്നും  ഒരു പ്രകാരത്തിലും വ്യത്യസ്തമല്ല രാജ്യത്തിൽ ബിജെപി ഭരണത്തിന്റെ മുൻ അനുഭവം .എന്നാൽ കേവലമായ 'വ്യക്തിത്വ മത്സരത്തിൽ' പൊതു ബോധത്തിൽ മൻ മോഹനെക്കാളും  രാഹുൽ ഗാന്ധിയെക്കാളും മുൻപിൽ  മോഡി എങ്ങിനെയോ സ്ഥാനം പിടിച്ചിരിക്കുകയാണ് .ബിജെപി വിരുദ്ധവും കോണ്‍ഗ്രസ്‌ വിരുദ്ധവും ആയ രാഷ്ട്രീയ ക്യാമ്പുകളിൽ പ്രാദേശികമായി സാമാന്യം ജനസമ്മതി നേടിയ നേതാക്കൾ ഉണ്ടെങ്കിലും  എല്ലായിടത്തും സ്വീകാര്യതയുള്ള ഒരു നേതാവിന്റെ മുഖം  എടുത്തു കാട്ടാനില്ലാത്ത അവസ്ഥയാണ് .ബിജെപി യ്‌ക്കുഉള്ളിൽ ആകട്ടെ,  ഏറ്റവും ആധികാരികതയുള്ള ,കരുത്തനായ വ്യക്തിയായും സർവ സമ്മതനായും മോഡിയെ ഇപ്പോഴത്തെ നിലക്ക് എടുത്തു കാട്ടാൻ സംഘ പരിവാറിന് ഏറെക്കുറെ കഴിയുന്നുമുണ്ട് .
2014 പൊതു തെരഞ്ഞെടുപ്പിൽ മോഡിയെ ഭാവി പ്രധാന മന്ത്രിയെന്ന നിലയിൽ അമരക്കാരനായി ഉയർത്തിക്കാട്ടാൻ ബിജെപി നടത്തുന്ന ശ്രമങ്ങളുമായി ബന്ധപ്പെട്ട  ചില ദുരനുഭവങ്ങൾ   യു പി യിൽ അടുത്തയിടെ ഉണ്ടായ വർഗ്ഗീയ ഹിംസകളുടെ  രൂപത്തിൽ ഇപ്പോൾതന്നെ കണ്ടുതുടങ്ങി .സംഘ പരിവാർ അതിന്റെ വിഷപ്പല്ലുകൾ മുഴുവനും പുറത്ത് കാട്ടിത്തുടങ്ങിയിട്ടുണ്ട്.

1992  ഇൽ ബാബറി മസ്ജിദ്‌ തകർക്കപ്പെട്ട വേളയിൽ ഉണ്ടായ വർഗീയ അസ്വാസ്ഥ്യങ്ങൾക്ക്‌  ശേഷം ആദ്യമായിട്ടാണ് ഇപ്പോൾ ഉണ്ടായത് പോലുള്ള വലിയ വർഗ്ഗീയ ലഹളകൾക്ക്‌ ആ സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത് . അയോധ്യാ പരിക്രമ എന്ന പേരിൽ  സംഘപരിവാർ നടത്താൻ  പദ്ധതിയിട്ട  പരിപാടി സർക്കാർ  തടസ്സപ്പെടുത്തിയപ്പോൾ ബി ജെ പി നേതാക്കളെ അറസ്റ്റു ചെയ്യാൻ യൂ പി പോലീസിനു ധൈര്യമുണ്ടോ എന്ന് ലഖ് നൗ അസംബ്ലി മന്ദിരത്തിനു മുന്നിൽ വെച്ച് ഉമാ ഭാരതി വെല്ലു വിളിച്ച രംഗം,  ബാബറി മസ്ജിദ് തകർത്ത ഡിസംബർ 6 നു ആക്രമി സംഘങ്ങളെ  പ്രോത്സാഹിപ്പിച്ച് ഉമാ ഭാരതി നേരത്തെ നടത്തിയ ഉന്മത്ത നൃത്തത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു.
   അന്ധമായ വർഗീയ ഹിംസയ്ക്ക്‌  തടയിടുന്നതിൽ ഇന്ത്യൻ ഭരണകൂടം എപ്പോഴും രോഗാതുരമായ ദൌർബല്യം ആണ് കാട്ടിയിരുന്നത് .1984 ഇൽ സിഖ് മതസ്ഥർക്കെതിരെ നടന്ന കൂട്ടക്കൊലയുടെ വേളയിൽ ആയാലും ,ബാബറി മസ്ജിദ് വ്യാപകമായ ഹിംസയുടെ അകമ്പടിയോടെ പൊളിക്കാൻ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കിയ കാര്യത്തിൽ ആയാലും ,ഗുജറാത്തിൽ പിന്നീട് നടന്ന വർഗീയ കൂട്ടക്കൊല കളുടെയും 'ഏറ്റു മുട്ടൽ'ക്കൊലപാതക  പരമ്പരകളുടെയും കാര്യത്തിൽ ആയാലും ഭരണകൂടം കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിൽ ഭരകൂടം തികഞ്ഞ പരാജയം ആവുന്ന നിലയാണ് ഉണ്ടായത് . ഇത്തരം കുറ്റകൃത്യങ്ങളെ കൈകാര്യം ചെയ്യുന്നതിൽ ഭരണകൂടത്തിനു രാഷ്ട്രീയ ഇച്ഹാ ശക്തി എന്നൊന്ന് ഉണ്ടായിരുന്നെങ്കിൽ ഇന്ന് മോഡി പ്രധാനമന്ത്രി സ്ഥാനാർഥിയാവുന്നതിനു പകരം ജയിലഴികൾ എണ്ണുന്ന സ്ഥിതിയിൽ ആവുമായിരുന്നു .
അടുത്തകാലത്ത്  കോണ്‍ഗ്രസ് - ബിജെപി കക്ഷികള പരസ്പര സഹകരണത്തോടെ പാസ്സാക്കിയ ഭൂമി ഏറ്റെടുക്കൽ നിയമവും പെൻഷൻ ഫണ്ട്  വിഷയത്തിൽ വിദേശ നിക്ഷേപം അനുവദിക്കുന്ന നിയമവും പോലെ യുള്ള  തൊഴിലാളി - കർഷക വിരുദ്ധമായ പുതിയ നിയമങ്ങളുടെ കാര്യത്തിൽ കാണിച്ചതുപോലെ ഉള്ള ശുഷ്കാന്തി വർഗ്ഗീയതയെ അമർച്ച ചെയ്യാൻ പുതിയ നിയമ നിർമ്മാണത്തെ  ഉൾക്കൊള്ളുന്ന ബില്ലിന്റെ കാര്യത്തിൽ ഈ കക്ഷികൾ  ഒന്നും കാട്ടുന്നില്ല .തന്മൂലം വർഗ്ഗീയ ഹിംസ തടയാനും അത്തരം പ്രവൃത്തികളിൽ  ഏർപ്പെടുന്നവരെ  കർശനമായി ശിക്ഷിക്കാനും വ്യവസ്ഥ ചെയ്യുന്ന ബിൽ ഏറെക്കാലമായി കോൾഡ്  സ്ടോറേജിൽ വെച്ചിരിക്കുകയാണ്.



നമ്മൾ നേരത്തേ കണ്ടതുപോലെ മോഡിയുടെ ഉദയം ഒറ്റ ദിവസം കൊണ്ട് ഉണ്ടായ ഒരു പ്രതിഭാസമല്ല.അത് വർഗ്ഗീയതയുടേയും ഹിംസയുടെയും ആക്രമണോൽസുകമായ ചാലിലൂടെ  മാത്രം വികസിച്ചു വന്നതുമല്ല .ജനങ്ങൾക്ക്‌ ചങ്ങലകൾ തീർക്കുന്നതും അതേ സമയം മൂലധനത്തിന്  കടിഞ്ഞാണില്ലാത്ത സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതും ആയ  നയങ്ങളിലൂടെ  മോഡി ഇന്ത്യൻ ഭരണ വർഗ്ഗങ്ങളുടേയും കോർപ്പറേറ്റുകളുടേയും കണ്ണിലുണ്ണി യാവുകയായിരുന്നു . മോഡിയെ കോർപ്പറേറ്റ് മീഡിയ ഏതെല്ലാം വിധത്തിലാണ് കൊണ്ടാടുന്നതെന്ന് നോക്കുക .ഇതേ മീഡിയയിൽ തന്നെ പലരും 2002 ഇൽ ഗുജറാത്തിൽ മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന ആസൂത്രിതമായ  കൂട്ടക്കൊലയ്ക്കു മോഡി ഉത്തരവാദിയാണെന്ന്  തികഞ്ഞ ഗൌരവ ബുദ്ധിയോടെ  ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് ഓർക്കണം. ഇന്ത്യയുടെ ദേശീയനായകൻ  എന്ന പുതിയ പ്രതിച്ഛായയ്ക്കും ലോകരാജ്യങ്ങളുടെ അംഗീകാരത്തിനും വേണ്ടി വെമ്പൽ കൊള്ളുന്ന ഈ പ്രാദേശിക ഹിറ്റ്‌ലറെ മതിപ്പോടെ ഉയർത്തിക്കാട്ടാൻ ഇന്ന് അമേരിക്കൻ - ബ്രിട്ടീഷ് സർക്കാരുകൾ തങ്ങളുടെ മുൻ നിലപാടുകൾ തിരുത്തുന്ന കാഴ്ചയാണ് നാം കാണുന്നത് .
വർഗ്ഗീയതയിലും ഭരണകൂടത്തിന്റെ ദുഷ് ചെയ്തികളിലും  കണ്ണിൽചോരയില്ലായ്മയിലും ഭരണപരമായ പാളിച്ചകളിലുമെല്ലാം  അദ്വാനിയെ ബഹുദൂരം പിന്നിലാക്കിയത് പോലെ  കോർപ്പറേറ്റ് നയങ്ങളുടെ വിശ്വസ്തമായ നിർവഹണത്തിന്റെ കാര്യത്തിൽ മൻമോഹൻസിംഗ് നെയും ചിദംബരത്തേയും പോലുള്ളവരെയും മോഡി പിറകിൽ ആക്കി. അതിനാൽ 2014 പൊതു തെരഞ്ഞെടുപ്പിന്  ഒരുങ്ങുമ്പോൾ  ഇന്നത്തെ നരേന്ദ്ര മോഡി സാമുദായിക ഫാസിസത്തിന്റേയും കോർപ്പറേറ്റ്  ഫാസിസത്തിന്റെയും  മാരകമായ അളവിലുള്ള ഒരു സംയോജനത്തിന്റെ ആൾരൂപത്തെയാണ് പ്രതിനിധാനം ചെയ്യുന്നത് .
.നിതീഷ് കുമാറിനെപ്പോലുള്ളവർ  നാളിതുവരേയും മോഡിക്ക് കരുത്തും ആധികാരികതയും ആർജ്ജിക്കാൻ  എല്ലാ പിന്തുണയും നൽകിയവരാണ് . ബിജെപിയിയിൽ മോഡി വിരുദ്ധമായ ഒരു വിള്ളൽസ്ഥാനം  ഭാവന ചെയ്തും,  അതിനനുസരിച്ച് അദ്വാനിയെ നേതൃസ്ഥാനത്ത് അവരോധിച്ചും കരുക്കൾ നീക്കാൻ ആണ്  ഇന്ന് അവർ നോക്കുന്നത് .
കോണ്‍ഗ്രസ് ആകട്ടെ , മോഡിയെ തടയാൻ നിതീഷ് കുമാറിന്റെ ശക്തിയെ ആശ്രയിക്കുന്നു.
മോഡി അധികാരത്തിൽ വരുന്ന അപകടം ഒഴിവാക്കാനെന്ന  പേരിൽ കോണ്‍ഗ്രസ്സുമായും നിതീഷ് കുമാർ തുടങ്ങിയവരുമായും കൂട്ടുകൂടുക എന്ന പാപ്പരത്തം നിറഞ്ഞ ആശയം ഉപേക്ഷിക്കുകയാണ് ഇടതു പക്ഷശക്തികൾ ചെയ്യേണ്ടത്. അതിനു പകരം ഇടതു പക്ഷം കോർപ്പറേറ്റ് പ്രീണന നയങ്ങൾക്കും ബി ജെ പി യുടെ യാൽ വിഷലിപ്തമായ വർഗീയ അജെണ്ടയ്ക്കും എതിരായ സ്വന്തം സമരങ്ങളെ ശക്തിപ്പെടുത്തുകയുമാണ് ചെയ്യേണ്ടത് ..

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട്‌  ഉൽപ്പാദിപ്പിക്കപ്പെടുന്ന വർഗ്ഗീയപ്പേക്കൂത്തുകൾക്കോ, മോഡിക്കുവേണ്ടി കോർപ്പറേറ്റ് മീഡിയ കൃത്രിമമായി ഉണ്ടാക്കുന്ന ജനപ്രിയതയുടെ പുകമറകൾക്കോ ഒന്നിനും ജനാധിപത്യ ബോധമുള്ള ഇന്ത്യൻ ജനതയെ തെറ്റിദ്ധരിപ്പിക്കാൻ ആവില്ല . ഇതിന്റെ വ്യക്തമായ സൂചനകളിൽ ചിലത് ആണ് ഡൽഹിയിൽ അടുത്തയിടെ നടന്ന സർവകലാശാലാ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പുകൾ . ജെ എൻ യൂ  വിൽ സി പി ഐ (എം എൽ ) ബഹുജന പ്രസ്ഥാനങ്ങളുടെ ഭാഗമായ , ആൾ ഇന്ത്യാ സ്ട്യൂഡെൻറ്സ്  യൂണിയൻ (AISA )നേടിയ സമ്പൂർണ്ണ വിജയവും, ഡെൽഹി സർവ്വകലാശാലയിൽ  കോണ്ഗ്രസ്സിന്റെയും  ബിജെപിയുടെയും വിദ്യാർഥിസംഘടനകളായ   എൻഎസ് യു (NSU )വിനും എബിവിപി (ABVP )ക്കും ശക്തമായ താക്കീത് നല്കിക്കൊണ്ട് വിദ്യാർഥിസമൂഹത്തിന്റെ ഗണ്യമായ പിന്തുണ നടാടെ  AISA യ്ക്ക്  ലഭിച്ചതും. അതുപോലെ തന്നെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു സംഭവ വികാസം സി പി ഐ (എം എൽ ) ഒക്ടോബർ 30 ന് പറ്റ്നായിൽ നടത്താൻ ആഹ്വാനം ചെയ്തിരിക്കുന്ന ഖബർദാർ റാലിയ്ക്ക് ( ബോധ വൽക്കരണ റാലി) തുടക്കത്തിൽ തന്നെ ജനങ്ങളിൽ നിന്ന് ലഭിച്ചു വരുന്ന ഗംഭീരമായ പ്രോത്സാഹനവും പിന്തുണയും ആണ് . ഒക്ടോബർ 27 ന് നരേന്ദ്ര മോഡി പറ്റ്നയിൽ അഭിസംബോധന ചെയ്യുമെന്ന്  ബിജെപി പ്രഖ്യാപിച്ചിട്ടുള്ള  'ഹുംകാർ റാലി' യോടുള്ള ജനാധിപത്യ വാദികളുടെ പ്രതികരണം എന്ന നിലയ്ക്കാണ് സി പി ഐ (എം എൽ ) ഒക്ടോബർ 30 ന് ഖബർദാർ റാലി പ്രഖ്യാപിച്ചിട്ടുള്ളത് എന്നതും എടുത്തു പറയേണ്ട ഒരു കാര്യമാണ് .

No comments:

Post a Comment