Sunday, 14 September 2014

 ജെഎൻയു വിൽ  AISA യ്ക്ക് ജയം ; ഡെൽഹി സർവ്വകലാശാലയിൽ മുൻവർഷങ്ങളിലേതിനെയപേക്ഷിച്ചു വർദ്ധിച്ച പിന്തുണയും മുന്നേറ്റവും

 ജെഎൻയു എസ് യു  2014 തെരഞ്ഞെടുപ്പിൽ കേന്ദ്ര പാനലിലെ നാല് സ്ഥാനങ്ങൾ ആയ പ്രസിഡന്റ്റ് ,വൈസ്  പ്രസിഡന്റ്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നിവയിലേക്ക്  ആൾ ഇൻഡ്യാ സ്റ്റുഡന്റ്സ് അസ്സോസിയേഷൻ (AISA )യുടെ  സ്ഥാനാർഥികൾ  തെരഞ്ഞെടുക്കപ്പെട്ടു.
കടുത്ത മത്സരങ്ങൾക്ക് ഇത്തവണ വേദിയായ ജെഎൻയുവിൽ  എതിരാളികളുടെ ദുഷ് പ്രചാരവേലകൾ  നിമിത്തം സംജാതമായ പ്രതികൂല സാഹചര്യങ്ങൾ ഏറെ ഉണ്ടായിരുന്നിട്ടും  ഐസയ്ക്ക് ഇപ്പോൾ  തലസ്ഥാനത്തെ വിദ്യാർഥി സമൂഹത്തിനിടയിൽ നേടിയെടുക്കാൻ കഴിഞ്ഞ  വിശ്വാസ്യതയും പിന്തുണയും എടുത്തു പറയത്തക്കതാണ് .

യഥാക്രമം പ്രസിഡന്റ്റ്, വൈസ്  പ്രസിഡന്റ്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക്  തെരഞ്ഞെടുക്കപ്പെട്ട സഖാക്കൾ അശുതോഷ്‌ കുമാർ ,അനന്ത് പ്രകാശ് നാരായണ്‍ , ചിന്തു കുമാരി,ഷഫ് ഖത് ഹുസെയിൻ ഭട്ട് എന്നിവർക്കും, വിദ്യാർഥി രാഷ്ട്രീയത്തിന്റെ  പുരോഗമന പരമായ ദിശാബോധത്തിന് ഉറച്ച അംഗീകാരം ഒരിയ്ക്കൽക്കൂടി നൽകിക്കൊണ്ട് വിവിധ സ്കൂളുകളിലും കേന്ദ്ര പാനലിലും ഐസയുടെ  വിജയം യാഥാർഥ്യമാക്കിയ ജെ എൻ യു വിദ്യാർഥി സമൂഹത്തിനും    സി പി ഐ (എം എൽ) കേരള സംസ്ഥാന ലീഡിംഗ് ടീമിന്റെ അഭിവാദ്യങ്ങൾ.

കോർപ്പറേറ്റ് -ഫാസിസ്റ്റ് വിപത്തിനും, വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണത്തിനും, ഡ്രകോണിയൻ   നിയമങ്ങൾ ഉപയോഗിച്ച് ജനാധിപത്യ സമരങ്ങൾ അടിച്ചമർത്താൻ  ശ്രമിക്കുന്നതിനും എതിരെ രാജ്യത്താകമാനമുള്ള  ജനങ്ങൾ നിർണായകമായ ചെറുത്തുനിൽപ്പുകൾ നടത്തുമ്പോൾ ഇൻഡ്യയുടെ   ഉന്നത വിദ്യാഭ്യാസത്തിന്റെ  ഏറ്റവും ശ്രദ്ധേയമായ കേന്ദ്രങ്ങളിലൊന്നായ ജെഎൻയു വിലെ വിദ്യാർഥി സമൂഹം മേല്പ്പറഞ്ഞ വെല്ലുവിളികളെ എങ്ങിനെയാണ് നോക്കിക്കാണുന്നത് എന്നതിന്റെ വ്യക്തമായ സൂചന കൂടി നല്കുന്ന  ഒന്നാണ് ഈ തെരഞ്ഞെടുപ്പു ഫലം .

 ഒടുവിൽ  റിപ്പോർട്ട്‌ ലഭിക്കുമ്പോൾ ജെഎൻയു വിൽ രണ്ടാം സ്ഥാനത്ത് നില്ക്കുന്നത് ബി ജെ പി യുടെ വിദ്യാർഥി  സംഘടനയായ എബിവിപി ആണെന്നത് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്; കാരണം  എബിവിപി യ്ക്ക് അനേകം വർഷങ്ങളായി കാര്യമായ സ്വാധീനം ഇല്ലാത്ത ഒരു ക്യാമ്പസ്‌ എന്ന സവിശേഷത  ജെഎൻയുവിന് ഇതോടെ ഇല്ലാതാവുകയാണ്. ക്യാമ്പസ്‌ രാഷ്ട്രീയത്തിൽ  ഫാസിസ്റ്റ് വിരുദ്ധവും പുരോഗമനപരവും  ജനാധിപത്യപരവും ആയ  നിലപാടുകൾ വിട്ടുവീഴ്ചയില്ലാതെ ധൈര്യസമേതം ഉയർത്തിപ്പിടിച്ച്  പോരാട്ടങ്ങൾ നയിച്ച്‌ പോരുന്ന AISA യെ  പൊതു ശത്രുവായി കണ്ട്  ഒറ്റപ്പെടുത്തുന്ന നയം ആയിരുന്നു 'ഇടത്' ലേബൽധാരികൾ ഉൾപ്പെടെയുള്ള  അവസരവാദികളും വലതു രാഷ്ട്രീയത്തിന്റെ പ്രതിനിധികളും ആയ മറ്റു വിദ്യാർഥി പ്രസ്ഥാനങ്ങൾ  ജെഎൻയു വിൽ സ്വീകരിച്ചത് എന്ന  ദുഖകരമായ അവസ്ഥയിലേക്കാണ് ഇത് വിരൽ  ചൂണ്ടുന്നത്.

 അതെ സമയം ,വോട്ടെണ്ണൽ ഇന്നലെ പൂർത്തിയായ ഡെൽഹി സർവ്വകലാശാലാ തെരഞ്ഞെടുപ്പിൽ AISA യുടെ നാല്‌ സെന്ട്രൽ പാനൽ സ്ഥാനാർഥികൾ കഴിഞ്ഞ വർഷത്തെ ശരാശരി വോട്ട് ആയ 3000 ത്തിൽ നിന്നും 10,000 നു മേലെ ഓരോ സ്ഥാനത്തേക്കും (ശാരാശരി ) നേടി  യഥാക്രമം എൻഎസ്‌യു വിനും  എബിവിപി ക്കും പുറകിൽ മൂന്നാം സ്ഥാനത്ത് എത്തി നില ആപേക്ഷികമായി ഗണ്യമായി മെച്ചപ്പെടുത്തിയത് പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തെ സംബന്ധിച്ച് അഭിമാനാർഹമായ ഒരു നേട്ടം ആണ്. 

No comments:

Post a Comment