Friday, 26 September 2014

ഇടക്കാല തെരഞ്ഞെടുപ്പുകൾ: മോഡി നൽകുന്ന വ്യാജ സംതൃപ്തിയിൽ നിന്നും യാഥാർഥ്യ ബോധത്തിലേക്കുള്ള മടക്കം
ഇടക്കാല തെരഞ്ഞെടുപ്പുകൾ: 

മോഡി നൽകുന്ന  വ്യാജ സംതൃപ്തിയിൽ നിന്നും യാഥാർഥ്യ ബോധത്തിലേക്കുള്ള മടക്കം 
 രാഷ്ട്രീയ  നിരീക്ഷകരെ അമ്പരപ്പിക്കും വിധമുള്ള  പൊതുതെരഞ്ഞെടുപ്പ് ഫലങ്ങൾ മേയ് 2014 ഇൽ പുറത്ത് വന്നത്തിനു ശേഷം മൂന്നു ഉപതെരഞ്ഞെടുപ്പുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു. അവയോരോന്നിന്റെയും ഫലം എന്തെന്ന് അറിയാൻ  ഏറെ കൌതുകത്തോടെയും ആകാംക്ഷയോടെയും കാത്തിരുന്നവർക്ക്  വീണ്ടും അതിശയം നൽകുന്ന വിധിയെഴുത്ത് ആണ് ഉപ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായത്.
ആദ്യം ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡ് സംസ്ഥാനത്ത് ബി ജെ പി യുടെ രണ്ട് സിറ്റിംഗ് സീറ്റുകൾ അടക്കം നേടി മൂന്നിൽ മൂന്ന് അസംബ്ലി മണ്‍ഡലങ്ങളിൽ കോണ്‍ഗ്രസ്‌ വിജയിച്ചു .പിന്നെ ആഗസ്തിൽ ബിഹാറിന്റെയും  കർണ്ണാടക ,മധ്യപ്രദേശ്‌  എന്നീ സംസ്ഥാനങ്ങളുടെയും ഊഴം വന്നു. ബിഹാറിൽ തെരഞ്ഞെടുപ്പു നടന്ന 10 സീറ്റുകളിൽ ആറിലും ബി ജെ പി ദയനീയമായി പരാജയപ്പെട്ടപ്പോൾ മറ്റു രണ്ട് സംസ്ഥാനങ്ങളിൽ ബി ജെ പി യ്ക്ക് നേരത്തെ സ്വാധീനമുണ്ടായിരുന്ന  സീറ്റുകളിൽ കനത്ത തോൽവി ഉണ്ടായി. ബി ജെ പി ജനങ്ങളിൽ നിന്നും കൂടുതൽ  ഒറ്റപ്പെട്ടു കൊണ്ടിരിക്കുകയാണെന്നതിനു യു പി യിലെയും രാജസ്ഥാനിലെയും വോട്ടർ മാരിൽനിന്നു സ്ഥിരീകരണം ലഭിക്കും വിധത്തിൽ  ഇപ്പോൾ സെപ്തംബർ ഉപതെരഞ്ഞെടുപ്പുകളിലും ജനവിധി ഉണ്ടായിരിക്കുന്നു. യു പി യിൽ മത്സരിച്ച 11 സീറ്റുകളിൽ മൂന്നെണ്ണം മാത്രം ആണ് ബി ജെ പി ക്ക് ജയിക്കാനായത് .രാജസ്ഥാനിലാകട്ടെ, മത്സരിച്ച നാലു  സീറ്റുകളിൽ മൂന്നിലും തോറ്റു .ഗുജറാത്തിൽ പോലും,  ഉപതെരഞ്ഞെടുപ്പ് നടന്ന ഒൻപത് സീറ്റുകളിൽ മൂന്നിടത്ത് പരാജയം  ആണ് ബിജെപിയ്ക്ക് ഉണ്ടായത്. ഉപതെരഞ്ഞടുപ്പ് ഫലങ്ങളിൽ ആകപ്പാടെ ബി ജെ പി യ്ക്ക് ആശ്വാസം പകർന്ന  ഒരേയൊരു സംസ്ഥാനം പശ്ചിമ ബംഗാൾ ആയിരുന്നു; കഴിഞ്ഞ 15 വർഷത്തിനിടയിൽ സംസ്ഥാനത്ത് അസംബ്ലി സീറ്റുകൾക്ക്‌ വീണ്ടും അക്കൗണ്ട്‌ തുറക്കാൻ കഴിഞ്ഞതാണ് ആ നേട്ടം.  

എന്നാൽ, ഉപതെരഞ്ഞെടുപ്പുകളുടെ ഫലത്തെ വിലയിടിച്ചുകാട്ടാനും അരാഷ്ട്രീയ വൽക്കരിക്കാനുമുള്ള ശ്രമങ്ങൾ  നടത്തിക്കൊണ്ടിരിക്കയാണ് ബി ജെ പി. അസംബ്ലി ഫലങ്ങൾ കേന്ദ്ര സർക്കാരിന്റെ  പ്രവർത്തനത്തെസ്സംബന്ധിച്ച്  ജനഹിതപരിശോധനയുടെ   ഏറ്റവും ഒടുവിൽ ലഭ്യമാകുന്ന  സൂചനയായി അംഗീകരിക്കാൻ ബി ജെ പി വിസമ്മതിക്കുന്നു. ഉപതെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ വിധിയെഴുതുന്നത് പ്രാദേശിക വിഷയങ്ങൾ കേ ന്ദ്രീകരിച്ചാവുമെന്നും, ഭരണത്തിൽ ഇരിക്കുന്ന സംസ്ഥാന സർക്കാരുകൾക്ക് അനുകൂലമായി ചിലപ്പോൾ  ഉപ തെരഞ്ഞെടുപ്പുഫലങ്ങൾ ഉണ്ടാവുന്നത് സാധാരണമാണെന്നും,  മഹാരാഷ്ട്ര, ഹരിയാന, ഝാർ ഖണ്ഡ് , ജമ്മു-കശ്മീർ എന്നീ സംസ്ഥാനങ്ങളിൽ  യഥാക്രമം അടുത്ത് നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പുകൾ   ആയിരിക്കും  കേന്ദ്ര സർക്കാരിന്റെ മേലുള്ള ശരിയായ ഹിതപരിശോധനയായി കണക്കാക്കാൻ കൂടുതൽ യോഗ്യം എന്നും ഒക്കെയുള്ള തൊടുന്യായങ്ങളാണ്  ബി ജെ പി ക്ക്  പറയാൻ ഉള്ളത് .കേന്ദ്ര സർക്കാർ  അധികാരം ഏറ്റ് ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ  എന്നതിനാൽ അതിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനുള്ള സമയം പോലും ഇനിയും ആയില്ലെന്ന ഒരു വാദവും ഇതിന്റെ കൂട്ടത്തിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

തീർച്ചയായും ഉപതെരഞ്ഞെടുപ്പുകളുടെയും  അസംബ്ലി-പാർലമെൻറ്   പൊതുതെരഞ്ഞെടുപ്പുകളുടെയും സന്ദർഭങ്ങൾ തമ്മിൽ വ്യത്യാസങ്ങൾ തീരെ ഇല്ലാതില്ല. എന്നാൽ, മേയ് 2014 ലെ ബി ജെ പി വിജയത്തിനു ശേഷം  ഏതാനും ആഴ്ചകൾ പോലും തികയുന്നതിനു മുൻപേ  ആണ് ബീഹാറിലും, തുടർന്ന് യു പിയിലും രാജസ്ഥാനിലും ഗുജറാത്തിലും ഉള്ള വിശാല മേഖലകളിൽ  ഈ തിരിച്ചടികൾ  ബിജെപിക്ക് എല്ലായിടത്തും ഒരുപോലെ നേരിടെണ്ടിവന്നതെന്ന് കാണേണ്ടിയിരിക്കുന്നു .ഉപതെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെല്ലാം  വോട്ടുകളുടെ എണ്ണത്തിൽ  ബി ജെ പി ക്ക് സംഭവിച്ച  വൻപിച്ച ഇടിവ് പത്ത്ശതമാനവും അതിലധികവും ആയിരുന്നു.  മോഡി തരംഗം അതിവേഗത്തിൽ  മടങ്ങുന്ന  ഈ കാഴ്ച കാണാതിരിക്കൽ ഈ വിഷയത്തിൽ  ബിജെപി  സ്വീകരിച്ചിരിക്കുന്ന ഒട്ടകപ്പക്ഷി നയത്തെ തുറന്നുകാട്ടുന്നു .ബി ജെ പി യുടെ വാദമനുസരിച്ച് ഉപതെരഞ്ഞെടുപ്പ് ഭരിക്കുന്ന സർക്കാരിന് ഗുണകരം ആയിരിക്കുമെങ്കിൽ എന്ത് കൊണ്ടാണ് രാജസ്ഥാനിലെ നാല് സീറ്റുകളിൽ മൂന്നും തോറ്റത് എന്ന് കൂടി വിശദീകരിക്കാൻ അവര്ക്ക് ബാധ്യതയുണ്ട്.
യു പി ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രത്യേകം ശ്രദ്ധയർഹിക്കുന്നവയാണ് .ലോക സഭാ തെരഞ്ഞെടുപ്പിൽ പത്തിൽ ഒൻപത് ഭാഗം സീറ്റുകളും  ബി ജെ പിയും അതിന്റെ സഖ്യ കക്ഷിയായ അപ്നാ ദൽ ഉം കൂടി നേടിയിരുന്ന ഒരു സംസ്ഥാനമാണ് യു പി. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ ആകട്ടെ,വർഗീയ ധ്രുവീകരണം നടന്ന
ഡെൽഹി- നോയിഡ നഗര പ്രാന്ത മേഖലകളിലെയും സഹാരൻ പൂരിലെയും മണ്ഡലങ്ങളിൽ നിന്നും  കേവലം മൂന്നു അസംബ്ലി സീറ്റുകളിൽ ആണ് ബി ജെ പി സഖ്യത്തിന് ജയിക്കാനായത് . ഉപതെരഞ്ഞെടുപ്പുകളിൽ സാധാരണയായി സ്ഥാനാർഥികളെ നിർത്തി  മൽസരിപ്പിക്കാത്ത ബി എസ് പിയുടെ നയം സമാജവാദി പാർട്ടിക്ക് തീർച്ചയായും നേട്ടങ്ങൾ ഉണ്ടാക്കിക്കൊടുത്തിരുന്നു . ഏറ്റവും എടുത്തു പറയേണ്ടതായ ഒരു കാര്യം, അമിത് ഷായും യോഗി ആദിത്യനാഥും ചേർന്ന് രൂപം കൊടുത്ത  വർഗീയ ധ്രുവീകരണ ത്തിന്റെയും വിദ്വേഷ പ്രചാരണ ത്തിന്റെയും തെരഞ്ഞെടുപ്പു തന്ത്രം യു പി യിൽ ഇത്തവണ വിലപ്പോയില്ല എന്നതാണ്.

സംഘ പരിവാറിന്റെ വർഗീയ അജണ്ടയുടെ തനിനിറം കൂടുതൽ വ്യക്തമായി ജനങ്ങൾ മനസ്സിലാക്കിത്തുടങ്ങിയത്തോടെ, ഏറെ കൊട്ടി ഘോഷിക്കപ്പെട്ട 'മോഡി മാജിക്' ന്റെ പ്രതാപം പൊലിഞ്ഞു  തുടങ്ങി എന്ന് നമുക്ക് ഉറപ്പായും പറയാൻ പറ്റും. സമീപകാലത്ത് ഡൽഹിയിലെ രണ്ട് സർവകലാശാലകളിൽ നടന്ന വിദ്യാർഥിയൂണിയൻ  തെരഞ്ഞെടുപ്പ് ഫലങ്ങളും ഈ യാഥാർഥ്യവുമായി ചേർത്ത്  വായിക്കേണ്ടാതാണ്. ജെ എൻ യു വിൽ കേന്ദ്ര പാനലിലെ നാലിൽ നാല് സീറ്റുകളിലും AISA ( ആൾ ഇന്ത്യാ സ്റ്റ്യൂഡന്റ്സ് അസ്സോസിയേഷൻ) വിജയിച്ചതും, ഡെൽഹി സർവ്വകലാശാലയിൽ  കഴിഞ്ഞ വർഷത്തേതിനേക്കാൾ ഇരട്ടിയിൽ അധികം വോട്ടുകളും വിദ്യാർഥി പിന്തുണയും ആർജ്ജിച്ച്‌  എ ബി വി പി യ്ക്ക്‌ ശക്തമായ ഒരു വെല്ലുവിളിയായി AISA  നിർണ്ണായകമായ തോതിൽ മുന്നേറ്റം നടത്തിയതും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ഉപതെരഞ്ഞെടുപ്പുകളിലെ  ജനവിധികൾ ഇതുമായി ചേർത്ത് പരിശോധിച്ചാൽ,  മോഡിയുടെ നേതൃത്വത്തിൽ അരങ്ങേറിയ പുതിയ കോർപ്പറേറ്റ്-വർഗീയ വാഴ്ച്ചയിൽ നിന്നും മോചിതരാകാനുള്ള ഈ രാജ്യത്തിലെ സാധാരണ ജനതയുടെ വൈവിധ്യപൂർണ്ണമായ സമരങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും അവ എന്തുമാത്രം ആത്മ വിശ്വാസവും കരുത്തും പകരുന്നു  എന്ന് കാണാൻ  പ്രയാസമില്ല .


.


No comments:

Post a Comment