ഒരിക്കൽക്കൂടി മോദി സർക്കാർ അധികാരത്തിലെത്തിയിരിക്കുന്നു. ഇതുവരെ ഗവണ്മെന്റ് മൂടിവെച്ചിരുന്ന കുറേ യാഥാർത്ഥ്യങ്ങൾ അംഗീകരിച്ചുകൊണ്ടാണിതെന്നത് ഒരു പ്രത്യേകതയാണ്. രാജ്യത്തിന്റെ ജിഡിപി എത്രമാത്രം താഴോട്ടുപോയെന്നതുകൂടാതെ അഞ്ച് ദശാബ്ദങ്ങൾക്കുള്ളിൽ തൊഴിലില്ലായ്മ എത്രമാത്രം വർദ്ധിച്ചുവരുന്നുവെന്നതുമാണ് അതിൽ ഏറെ മുഖ്യമായിട്ടുള്ളത്. ബാൽക്കോട്ട് പട്ടാളനടപടിയെത്തുടർന്ന് ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർക്കപ്പെട്ട ബഡ്ഗാം കൊലപാതകത്തിൽ ഇന്ത്യൻ വ്യോമസേനയിലെ ആറ് ഓഫീസർമാരും ഒരു സാധാരണപൌരനും വെടിയേറ്റുവീണത് യഥാർത്ഥത്തിൽ ഇന്ത്യൻ വ്യോമസേനയുടെ മിസൈലുകൾ കൊണ്ടാണ് എന്നതും നാമറിഞ്ഞു.
അധികാരത്തിലേറി ദിവസങ്ങൾ കഴിയും മുമ്പേ മോദി സർക്കാർ പുതിയ ഭരണപരിഷ്കാരങ്ങൾ ആവിഷ്കരിക്കാൻ തുടങ്ങി. നീതി ആയോഗിന്റെ ശുപാർശയുടെ ബലത്തിൽ അൻപത് പൊതുമേഖലാസ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുകയോ അല്ലെങ്കിൽ സ്വകാര്യവ്യക്തികൾക്ക് കൈമാറ്റം ചെയ്യുകയോ വേണമെന്നതാണ് അതിലൊന്ന്. കൂടാതെ തൊഴിലാളികളുടെ നിലവിലുള്ള അവകാശങ്ങളിൽ വെള്ളം ചേർത്തുകൊണ്ട് തൊഴിൽ നിയമങ്ങൾ തിരുത്തി എഴുതുക എന്നതാണ് മറ്റൊന്ന്. അദാനി-അംബാനി കോർപറേറ്റുകൾക്ക് ഇന്ത്യൻ റെയിൽവെ കൈമാറ്റം ചെയ്യുന്നു. ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങൾ ആ ഭാഷ നിർബന്ധമായും പഠിപ്പിക്കണമെന്ന രീതിയിൽ വിദ്യാഭ്യാസനിയമങ്ങൾ മാറ്റിമറിക്കുന്നതും അതിലൊന്നാണ്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന പേരിൽ, ഗവണ്മെന്റ്, തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ മാറ്റിക്കൊണ്ട് ജനാധിപത്യത്തെയും ഫെഡറൽ സമ്പ്രദായത്തെയും അട്ടിമറിച്ചുകൊണ്ട് എല്ലാ തലങ്ങളിലും ഏകകാലിക തിരഞ്ഞെടുപ്പ് സമ്പ്രദായത്തെ അടിച്ചേൽപിക്കുന്നു.
ഈ രാഷ്ട്രീയസാഹചര്യത്തിൽ നമ്മൾ ഇടതുപക്ഷകക്ഷികളും അവരോടൊപ്പം കൂട്ടുചേരാൻ താൽപര്യമുള്ള എല്ലാ ജനാധിപത്യശക്തികളെയും കൂട്ടി നഗരങ്ങളിലും ഗ്രാമങ്ങളിലും തെരുവുകളിലും ശക്തമായ പ്രതിഷേധങ്ങൾ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരിക്കൽക്കൂടി നാം ഓർക്കുക; ഒരു കാരണവശാലും നാം നമ്മുടെ ജനാധിപത്യത്തെയോ ഫെഡറൽ സമ്പ്രദായത്തെയോ, ജീവനും ജീവിതവും സംരക്ഷിക്കാനുള്ള അവകാശത്തെയോ എന്തു നഷ്ടപ്പെടുത്തിയാലും മോഡി സർക്കാറിന്റെ മുമ്പിലോ മറ്റേതെങ്കിലും സർക്കാറിന്റെ മുമ്പിലോ അടിയറവ് വയ്ക്കാൻ പാടില്ല.
വർത്തമാനകാലത്ത് പശ്ചിമബംഗാൾ നേരിടുന്ന ഒരു ചോദ്യമുണ്ട്. അതായത് ഇവിടത്തെ വഷളായ സമൂഹ്യസാംസ്കാരിക സ്ഥിതിയോടൊപ്പം തന്നെ രാഷ്ട്രീയ അനിശ്ചിതത്വും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ ബി.ജെ.പി., സംസ്ഥാനത്തെ ജനാധിപത്യസംവിധാനത്തെ പുനരുജ്ജീവിപ്പിക്കുകയാണെന്ന വ്യാജേന ഇവിടത്തെ ജനങ്ങളുടെ ഐക്യവും സമാധാനവും തകർക്കാൻവേണ്ടി പ്രവാചകരും രക്ഷകരുമായി അവതരിക്കുന്നതും കാണാം.
ചൈതന്യയുടെയും ലലാൻ ഫക്കീറിന്റെയും ബംഗാൾ, റാം മോഹന്റെയും വിദ്യാസാഗറിന്റെയും ബംഗാൾ, രവീന്ദ്രനാഥിന്റെയും നസ്റുൾദീന്റെയും ബംഗാൾ, അതിലുപരി ഇന്ത്യൻ രാഷ്ട്രീയത്തിലെ കരുത്തനായിരുന്ന സുഭാഷ് ചന്ദ്രബോസിന്റെ ബംഗാൾ. എന്നാൽ ആ ബംഗാൾ വർത്തമാനകാലത്ത് അതിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക സുസ്ഥിരതയ്ക്കെതിരെ ക്രൂരമായ തിരിച്ചടികളും ആക്രമണങ്ങളും നേരിടുകയാണ്.
ബംഗാളികൾ ആദരിക്കുന്ന വിദ്യാസാഗറിന്റെ പ്രതിമ തകർത്തുകൊണ്ടുള്ള അമിത് ഷായുടെ അനുയായികളുടെ ലക്കുകെട്ട തിരഞ്ഞെടുപ്പ് പ്രകടനത്തിലൂടെ തന്നെ അത് നാം കണ്ടു. ആൾക്കൂട്ടത്തിന്റെയും അതിനെ നയിക്കുന്ന നേതാവിന്റെയും ലക്ഷ്യം എന്താണെന്നു നാം മനസ്സിലാക്കിക്കഴിഞ്ഞു. തിരഞ്ഞെടുപ്പിനുശേഷവും ഇപ്പറഞ്ഞ രാഷ്ട്രീയവർഗീയവാദികളുടെ ഉന്മത്തമായ താണ്ഡവം ഓരോ ദിവസവും വർദ്ധിച്ചുവരുന്നതായി നമുക്ക് കാണാം. അതേസമയം അസമിലെയും ത്രിപുരയിലെയും നിഷ്കളങ്കരായ ജനങ്ങൾ ഇത്തരത്തിലുള്ള അഴിഞ്ഞാട്ടങ്ങൾക്ക് ഇരകളായിക്കൊണ്ടിരിക്കുകയുമാണ്. NRCയുടെ പേരിലും പൌരത്വബിൽ ഭേദഗതിയുടെ പേരിലും ലക്ഷക്കണക്കായ ജനങ്ങൾ തങ്ങളുടെ പൌരത്വം നഷ്ടപ്പെടുമെന്ന ഭീതിയിൽ കഴിയുകയാണ്. ഈ വർഷത്തെ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയും അമിത് ഷായും ഇതേ ഉല്പന്നങ്ങൾ തന്നെയാണ് പശ്ചിമബംഗാളിൽ കൊണ്ടുനടന്നത്. എന്നിട്ടും പശ്ചിമബംഗാളിൽ ബി.ജെ.പി.യ്ക്ക് രണ്ടാം സ്ഥാനത്ത് എത്തിച്ചേരാനേ കഴിഞ്ഞുള്ളൂ എന്നുള്ള യാഥാർത്ഥ്യം നാം അംഗീകരിക്കേണ്ടി വരും.
ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 24% വോട്ട് കൂടുതൽ ലഭിച്ചു. അതേ സമയം 23% വോട്ടുകൾ ഇടതുകക്ഷികൾക്ക് നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ ഈ നഷ്ടപ്പെട്ട വോട്ടുകൾ മുഴുവൻ പോയത് ബിജെപിയുടെ കൈകളിലേക്കായിരുന്നു. നമ്മെ സംബന്ധിച്ചിടത്തോളം ലജ്ജാകരമായ ഒന്നാണിത്. എണ്ണമറ്റ രക്തസാക്ഷികളുടെ ജീവത്യാഗത്താലും ലക്ഷക്കണക്കിനാളുകളുടെ തളരാത്ത പ്രവർത്തനത്താലും സമരങ്ങളാലും സൃഷ്ടിക്കപ്പെട്ട ഇടത് ബഹുജന അടിത്തറയെ ഇന്ന് ഏറ്റവും വലിയ വലതുപക്ഷവിഭാഗവും ജനാധിപത്യവിരുദ്ധശക്തികളും ചേർന്ന് പിടിച്ചെടുത്തിരിക്കുന്നു.
സിദ്ധാർത്ഥ ശങ്കർ റായിയുടെ പോലീസിന് ഇടതുപക്ഷമുന്നേറ്റത്തെ അടിച്ചമർത്താൻ കഴിഞ്ഞില്ല. ഇടതുപക്ഷം തൃണമൂൽ കോൺഗ്രസിന്റെ തെറ്റായ ഭരണഭീഷണിയ്ക്കെതിരെ തെരുവിൽ അണിനിരക്കുകയും തങ്ങളുടെ പ്രതിഷേധ ശബ്ദം ഉയർത്തുകയും ചെയ്തു. എന്നാൽ ഇന്ന് ഇതേ ഇടതുപക്ഷത്തിലെ നല്ലൊരു വിഭാഗം ബിജെപിയുടെ വിഷലിപ്തമായ പ്രചാരണങ്ങളിൽ കുരുങ്ങി വർഗീയവികാരങ്ങൾക്ക് അടിമകളായിരിക്കുന്നു.
പശ്ചിമബംഗാളിലോ ഇന്ത്യയിൽ തന്നെയോ ഇതുവരെ ഇത്രമാത്രം ഭീകരവും വഴി തെറ്റിയതുമായ ഒരു രാഷ്ട്രീയപ്രതിസന്ധിയെ ഇന്ത്യൻ ജനത അഭിമുഖീകരിച്ചിട്ടില്ല. ചില ഇടതുപക്ഷ ശകതികൾ ഇങ്ങനെയാണ് പറയുന്നത്: “ബിജെപിക്കെതിരെയുള്ള സമരം പിന്നീടാവാം. ബിജെപിയെ ഉപയോഗിച്ച് തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. ഒരു മുള്ളുകൊണ്ട് മറ്റൊരു മുള്ള് എടുക്കുന്ന രീതിയിൽ.” ശരിക്കും ബുദ്ധി ഉപയോഗിച്ച് തുറന്ന മനസ്സോടുകൂടി നോക്കുകയാണെങ്കിൽ ഒരു മുള്ളുകൊണ്ട് മറ്റൊരു മുള്ളിനെ എടുക്കുന്നത് ബിജെപിയാണെന്ന് നമ്മൾ സമ്മതിക്കേണ്ടിവരും.
കുറ്റവാളികളുടെയും ചതിയന്മാരുടെയും അറിയപ്പെടുന്ന അഴിമതിക്കാരുടെയും ഒരാൾക്കൂട്ടം തന്നെയാണ് ബിജെപി. അവരിൽ അധികം പേരും ഇന്നലെവരെ തൃണമൂൽ കോൺഗ്രസിൽ ബന്ദികളായിരുന്നു. ഗതികെട്ട വഴി ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കുകയാണ് ഇവരുടെ മാതൃക. അതായത് കൂറുമാറ്റം, ബലം പ്രയോഗിച്ച് പാർട്ടി ഓഫീസുകളെയും വിദ്യാർത്ഥികളെയും തൊഴിലാളി യൂനിയനുകളെയും പിടിച്ചെടുക്കൽ. ഈ രീതിയിലൂടെ ജനാധിപത്യ പുനഃസ്ഥാപനത്തിന് എന്തെങ്കിലം വഴിയുണ്ടോ?
ഇത്തരത്തിലുള്ള പ്രവണതകളിലൂടെ ഒരിക്കലും ആർക്കുംതന്നെ പശ്ചിമബംഗാളിലെ ഇടതുപക്ഷ ബോധത്തെയും വികാരത്തെയും കീഴടക്കാൻ കഴിയില്ല. പ്രതിസന്ധികളെ അവഗണിച്ചുകൊണ്ട് ഒരിക്കലും വലതുപക്ഷത്തിന് മുന്നേറാൻ കഴിയില്ല. രാഷ്ട്രീയ സുഹൃത്തുക്കൾ പറയുന്നു മുള്ളുകൊണ്ട് മറ്റൊരു മുള്ളിനെ എടുക്കാൻ. എന്നാൽ ഞങ്ങൾ നിങ്ങളോട് പറയുന്നത് ഇതാണ്. നിങ്ങൾക്ക് നിങ്ങളെത്തന്നെ ചതിക്കാൻ കഴിയുമോ? ഒരു മുള്ളുകൊണ്ട് മറ്റൊരു മുള്ളിനെ എടുക്കാൻ പറയുന്നവർക്ക് തന്നെ ഇത് ബാധകമാകില്ലേ? ഈ പ്രവണത ഒരിക്കലും ഒരു രാഷ്ട്രീയ അടവായി അംഗീകരിക്കാൻ കഴിയില്ല. തീർച്ചയായും അത് ഒരു രാഷ്ട്രീയ ആത്മഹത്യ തന്നെയാണ്. ഒരിക്കൽ രാജ്യത്തെ മുഴുവൻ ഇടതുജനാധിപത്യ ശക്തികൾക്കും ഊർജം പകർന്നിരുന്ന പശ്ചിമബംഗാൾ ഇന്ന് മുന്നറിയിപ്പ് നൽകുന്നത് രാഷ്ട്രീയ ആത്മഹത്യകളുടെ അപകടകരമായ സൂചനയെക്കുറിച്ചാണ്.
കടക്കെണിയിൽ നിന്ന് രക്ഷ നേടാൻ കർഷകർ ആത്മഹത്യയെ ആശ്രയിക്കരുത്. ഞങ്ങൾ, ഇടതുപക്ഷക്കാർ നിങ്ങളോട് പറയുന്നു. വരിക, ഞങ്ങളോടൊത്തു ചേരുക. ഫാക്റ്ററികൾ അടച്ചുപൂട്ടിയതിനാൽ തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾ, തൊഴിൽരഹിതരായ യുവാക്കൾ, അതിക്രമങ്ങൾ നേരിടുന്ന വനിതകൾ തുടങ്ങിയവരോട് ഞങ്ങൾ പറയുന്നു. ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. ഇടതുപക്ഷത്തോടും ഈ സന്ദേശം ഉൾക്കൊള്ളാനും നടപ്പിലാക്കാനും ഞങ്ങൾ ആവശ്യപ്പെടുന്നു. ഇടതുപക്ഷം അതിന്റെ തത്വങ്ങളെ ദുർബലമാക്കാതെ സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുക. ഇടതുപക്ഷം പിടിവാശിയോടുകൂടി ഏറ്റവും അവസാനം വരെ പോരാടുന്നു. അവസാനം വരെ പോരാടുന്നവരാണ് വിജയം കരസ്ഥമാക്കുന്നതെന്ന് ചരിത്രം നമ്മോട് പറയുന്നു.
ഇത്തവണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, ഇടതുപക്ഷസുഹൃത്തുക്കളോട് ഞങ്ങൾക്ക് അഭ്യർത്ഥിക്കാനുള്ളത് ഇതാണ്. നിങ്ങളുടെ അബദ്ധങ്ങൾ മനസ്സിലാക്കുക, തിരുത്തുക. കൂടാതെ ഈ അപകടത്തിനെതിരായി ഉറച്ചുനിലകൊള്ളുന്ന ഇടതുപക്ഷ സഖാക്കളോട് ഞങ്ങൾ പറയുന്നു. സഖാക്കളെ കൂടുതൽ കരുത്തോടെ പാർട്ടി പതാക ഉയർത്തിപ്പിടിക്കുക.
സിപിഐ (എംഎൽ) ഇടതുധാര പശ്ചിമബംഗാളിലെ മണ്ണിൽ സമരമാരംഭിച്ചുകഴിഞ്ഞു. ധാരാളം പോരാട്ടങ്ങളും വളരെയധികം തിരിച്ചടികളും സമരകാലത്ത് നേരിട്ടു. ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനിടയിൽ നാം നമ്മുടെ പാർട്ടിയുടെ അമ്പതാം വാർഷികത്തിലേക്ക് പ്രവേശിച്ചു. പാർട്ടിയുടെ സ്ഥാപകജനറൽ സെക്രട്ടറി സ. ചാരു മജുംദാറിന്റെ നൂറാം ജന്മവാർഷികം കൂടിയാണിത്.
സിദ്ധാർത്ഥ ശങ്കർ റോയിയുടെ മർദനവാഴ്ച അതിന്റെ പരമകാഷ്ഠയിൽ എത്തിയ കാലത്ത് സ. ചാരു മജുംദാർ തന്റെ അവസാനലേഖനത്തിൽ സിപിഐ(എംഎൽ) പ്രവർത്തകരോട് ഒരു വിശാല ഇടതുജനാധിപത്യ ഐക്യത്തിന് രൂപം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടു. ജനങ്ങളുടെ താൽപര്യമാണ് കമ്യൂണിസ്റ്റ് പാർടിയുടെ അത്യുൽകൃഷ്ടമായ താൽപര്യം എന്ന് അദ്ദേഹം നമ്മെ ഓർമപ്പെടുത്തുകയും ജനങ്ങളുമായി ഐക്യപ്പെട്ടുക്കൊണ്ട് തിരിച്ചടികളെ മറി കടക്കാനും കൂരിരുട്ടിലും വെളിച്ചം കണ്ടെത്താൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്തു.
ഇന്ന്, അമ്പത് വർഷങ്ങൾക്കുശേഷം, ഈ നിർണായകഘട്ടത്തിൽ ഇടതുപക്ഷം തങ്ങളെ തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു. മുള്ള് കൊണ്ട് മുള്ളെടുക്കണമെന്ന അബദ്ധത്തിൽ ചാടിക്കുന്നതും കൌശലം നിറഞ്ഞതുമായ ആശയത്തെ തള്ളിക്കളഞ്ഞുകൊണ്ട് കീഴടങ്ങലിന്റെയും ആത്മഹത്യയുടെയും മാർഗങ്ങൾ നാം വലിച്ചെറിയുകയും, ഒരിക്കൽക്കൂടി ഇടതുപക്ഷ ബദലിനെ ശക്തിപ്പെടുത്തുകയും വേണം. അതിനായി കഴിഞ്ഞകാല പാളിച്ചകളിൽ നിന്ന് പാഠം ഉൾക്കൊള്ളാനുള്ള ധൈര്യം ആർജിച്ചുകൊണ്ട് നിശ്ചയദാർഢ്യത്തോടുകൂടി ഇന്നത്തെ വെല്ലുവിളികളെ നേരിടാനും നമുക്ക് കഴിയണം. അതുകൊണ്ട് എല്ലാ ഇടതുകക്ഷികളോടും ജനാധിപത്യ വിശ്വാസികളോടും ഞങ്ങൾക്ക് പറയാനുള്ളത് ഇതാണ്, ബിജെപി എന്ന വിഷവൃക്ഷത്തെ ബംഗാളിന്റെ മണ്ണിൽ വേരുപിടിക്കാനോ വളരാനോ അനുവദിക്കരുത്.
പുരോഗമനപരവും യുക്തിഭദ്രവുമായ ചിന്തകളുടെ വേരോട്ടവും വികാസാവും ശക്തമായിരുന്ന മണ്ണാണ് പശ്ചിമബംഗാൾ. ഇവിടത്തെ കാലാവസ്ഥയേയും ജലത്തേയും മലിനമാക്കാൻ ഒരിക്കലും ആരെയും അനുവദിച്ചുകൂടാ. “മാനവികതയാണ് എല്ലാറ്റിനും മുകളിലുള്ളത്.” പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധ ബംഗാൾ കവി ചന്ദ്രദാസന്റെ ഉദ്ധരണിയാണിത്. ഈ വാചകം അന്നും ഇന്നും ബംഗാളുകാരുടെ ഹൃദയത്തിലൂടെ നൂറ്റാണ്ടുകളായി മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിലുള്ള മാനവികതയുടെ നാടായ പശ്ചിമബംഗാളിനെ കൊള്ള, ജാതിവ്യത്യാസം, വിദ്വേഷം, അഭയാർത്ഥികളെ കണ്ടെത്താനുള്ള ഗുണ്ടാപണി തുടങ്ങിയവയുടേതാക്കാൻ അനുവദിച്ചുകൂടാ.
മുഴുവൻ രാജ്യത്തെ ജനാധിപത്യം ഇന്ന് ബിജെപിയുടെ കൈകളിൽ പെട്ട് അപകടത്തിലായിരിക്കുകയാണ്. ഭരണഘടനയും നിയമവാഴ്ചയും അപകടത്തിൽ പെട്ടിരിക്കുന്നു. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരുന്നപ്പോൾ ഈ ശക്തികൾ ബ്രിട്ടീഷ് ഭരണാധികാരികളോട് ചേർന്നുനിന്നുകൊണ്ട് വർഗീയവിദ്വേഷം പരത്തുകയായിരുന്നു. സ്ത്രീകൾ, ദളിതുകൾ, ആദിവാസികൾ മുതലായവരുടെ കഠിനപ്രയത്നത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും പഴയ കാലത്തേക്ക് തിരിച്ചുകൊണ്ടുപോകാനാണ് ഈ ശക്തികൾ ശ്രമിക്കുന്നത്. പശ്ചിമബംഗാളിലെ അടിമത്തം അനുഭവിക്കുന്നവരും മർദ്ദിതരുമായ ജനങ്ങളുടെ, പുരോഗതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള അഭിലാഷങ്ങളെ മുതലെടുത്തുകൊണ്ട് കോർപറേറ്റ് ഏജന്റുകളും വൻകിടവ്യാപാരികളും ചേർന്ന് ഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുന്നു. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ കോട്ടയും , വിജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയും കലയുടെയും സാഹിത്യത്തിന്റെയും സംവാദത്തിന്റെയും യുക്തിബോധത്തിന്റെയും സ്വതന്ത്രചിന്തയുടെയുമെല്ലാം ഹൃദയവും ആത്മാവുമായ പശ്ചിമബംഗാളിലെ മണ്ണിൽ ആർ എസ് എസ്-ബിജെപി-ബജ്റംഗ് ദൾ സേനകൾ ചുവടുറപ്പിച്ചിരിക്കുന്നു. ഈ ദുഷ്ടശക്തികൾക്ക് അപകടകരമായ ഒരവസ്ഥയല്ലാതെ എന്താണ് പശ്ചിമബംഗാളിൽ സൃഷ്ടിക്കാൻ കഴിയുക?
തൃണമൂലിന്റെ ദുർഭരണവും മമതാ ബാനർജിയുടെ സ്വേച്ഛാധിപത്യവുമാണ് ബിജെപിക്ക് എളുപ്പം പശ്ചിമബംഗാളിൽ പ്രവേശിക്കുന്നതിനുള്ള വഴി ഒരുക്കിയത്. ഉണരുകയും, വളർന്നുകൊണ്ടിരിക്കുന്ന ബിജെപി ഭീഷണിയേയും തൃണമൂലിന്റെ ദുർഭരണത്തേയും ചെറുക്കുന്നതിനുള്ള സാമൂഹിക സാംസ്കാരികമതിലിനെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നുള്ളതാണ് മുഴുവൻ ഇടതുപക്ഷത്തിന്റെയും ഇന്നത്തെ കടമ. അതുപോലെത്തന്നെ പശ്ചിമബംഗാളിലെ ജനങ്ങൾക്കുമുമ്പിൽ ഒരിക്കൽക്കൂടി ഇടതുപക്ഷ ബദലിന്റെ സാന്നിദ്ധ്യം അവതരിപ്പിക്കുക. വരിക, ഈ ലക്ഷ്യം നേടാൻ ഉണർന്നെഴുന്നേൽക്കുക. കവി സുകാന്ത് വിളംബരം ചെയ്ത മറക്കാൻ പാടില്ലാത്ത വാക്കുകൾ മുഴുവൻ രാജ്യത്തിനും കാട്ടിക്കൊടുക്കുക: “ഒരിക്കലും ബംഗാൾ ആർക്കും കീഴടങ്ങാനുള്ളതല്ല.”