പുസ്തകത്തിന്
സ: ദീപങ്കർ ഭട്ടാചാര്യ എഴുതിയ അവതാരിക
ജർമ്മനിയിൽ ഹിറ്റ്ലർ അഴിച്ചുവിട്ട ദുരിതങ്ങളെയും രക്തച്ചൊരിച്ചിലിനെയും കുറിച്ച് നമുക്കെല്ലാം അറിവുള്ളതാണ്. ഗ്യാസ് ചേമ്പറുകൾ ,നാസി കോൺസെൻട്രേഷൻ ക്യാമ്പുകൾ, ജൂതന്മാർക്കെതിരായ വംശഹത്യയും ഭീകരമായ മനുഷ്യക്കുരുതിയും, കമ്മ്യൂണിസ്റുകാരെയും ഒപ്പംഎതിർപ്പിന്റെ എല്ലാ ശബ്ദങ്ങളെയും പടിപടിയായി ഇല്ലാതാക്കാനുള്ള പദ്ധതികൾ, ഇവയെല്ലാം മനംപിരട്ടലുണ്ടാക്കുന്ന അധ്യായങ്ങളായി ലോകത്തിന്റെ ചരിത്രത്തിൽ നിലനിൽക്കുന്നു. നാസിസം/ ഫാസിസം എന്ന രാഷ്ട്രീയവും സാമൂഹ്യവുമായ ദുരന്തത്തിൽ കലാശിച്ച പ്രക്രിയയുടെ സൂത്രധാരൻ ആയ ഹിറ്റ്ലറിന്റെ വളർച്ചയുടെയും ഉയർച്ചയുടെയും നാഴികക്കല്ലുകൾ രൂപം കൊണ്ടത് കൃത്യമായും എങ്ങിനെ ആയിരുന്നുവെന്നത്
സി പി ഐ (എം എൽ ) കേന്ദ്ര പ്രസിദ്ധീകരണമായ ലിബറേഷൻറെ മുതിർന്ന ഒരു എഡിറ്റർ ആയ അരിൻഡം സെൻ രചിച്ച ഈ പുസ്തകം നമുക്ക് കാട്ടിത്തരുന്നു. ഈ ഗ്രന്ഥം ഇംഗ്ലീഷിൽ ആദ്യം പ്രസിദ്ധീകൃതമായത് 2018 മാർച്ചിൽ ആയിരുന്നു. പിന്നീട് ഒരു ഹിന്ദി പതിപ്പ് ഉണ്ടായി. ഇപ്പോൾ ഇത് മലയാളം വായനക്കാർക്ക് ലഭ്യമാക്കുന്നതിൽ ഞങ്ങൾക്ക് അതിയായ ചാരിതാർഥ്യമുണ്ട്.
ചരിത്രത്തിൽനിന്ന് നാം വേണ്ടപോലെ പഠിച്ചില്ലെങ്കിൽ ചരിത്രത്തിന്റെ ദുരിതങ്ങൾ നമുക്ക് രണ്ടാമതും അനുഭവിക്കേണ്ടിവരും എന്ന് സാധാരണ പറയാറുണ്ട്. രണ്ടാം ലോകയുദ്ധത്തിന് ഹിറ്റ്ലറുടെ ജര്മനിക്കും സഖ്യശക്തികൾക്കും നേരെ ലോകം ചരിത്രപരമായ വിജയം കണ്ടു ദശാബ്ദങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഫാസിസം എന്നെന്നേക്കുമായി കുഴിച്ചുമൂടപ്പെട്ടു എന്നായിരുന്നു അന്നത്തെ ലോകത്തിൽ പൊതുവെ ഉണ്ടായ ധാരണ. എന്നാൽ, മൂലധനം ലോകവ്യാപകമായ പ്രതിസന്ധിയുടെ മറ്റൊരു ഘട്ടത്തിലൂടെ കടന്നുപോവുന്ന ഈ സന്ദർഭത്തിൽ, ഡൊണാൾഡ് ട്രംപിനെപ്പോലെയോ, വ്ലാദിമിർ പുടിൻ, എർദോഗാൻ, നരേന്ദ്ര മോഡി എന്നിവരെപ്പോലെയോ, ഏറ്റവുമൊടുവിലായി ബ്രസീലിൽ അധി കാരത്തിലെത്തിയ ജെയിർ ബോൾസൊനാരോവിനെപ്പോലെയോ ഉള്ളവർ പ്രതിനിധീകരിക്കുന്ന അധികാരിവർഗ്ഗത്തിന്റെ നേതൃത്വത്തിൽ ഫാസിസ്റ്റ് ശക്തികൾ പുതിയ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. ഇസ്ലാമോഫോബിയ, വിദേശികളോടുള്ള ഭ്രാന്തമായ വെറുപ്പ്, കുടിയേറ്റക്കാരെ പീഡിപ്പിക്കാനും അവർക്കെതിരെ വിദ് വേഷം വെച്ചുപുലർത്താനും ഉള്ള പ്രവണത, വംശീയത, ഇവയെല്ലാമാണ് വലതുപക്ഷ ജനപ്രിയതയുടെ പേരിൽ ഇന്ന് അരങ്ങേറുന്ന ഫാസിസ്റ്റ് രാഷ്ട്രീയ കാലാവസ്ഥയുടെ സാർവത്രികമായ അംശങ്ങൾ .
ഇന്നത്തെ ആഗോളപരിതഃസ്ഥിതിയെ ശരിയായി മനസ്സിലാക്കുന്ന കാര്യത്തിൽ സവിശേഷ പ്രസക്തിയുള്ള ചില അംശങ്ങൾ ഹിറ്റ്ലറുടെ വളർച്ചയെ സംബന്ധിച്ച പഠനം നൽകുന്നുണ്ട്. നമ്മൾ ഇന്ന് ഇന്ത്യയിൽ അഭിമുഖീകരിക്കുന്നത് വെറും വലതുപക്ഷ സ്വേച്ഛാധികാരത്തിന്റെയോ, ജനപ്രിയ( പോപ്പുലിസ്റ്റ് ) രാഷ്ട്രീയത്തിന്റെയോ മറ്റൊരു മാതൃക അല്ലെന്നു തീർച്ചയാണ്. നേരെ മറിച്ചു, 1925ൽ തന്നെ മൗലികമായ രീതിയിൽ മുസ്സോളിനിയിൽ നിന്നും ഹിറ്റ്ലറിൽ നിന്നും ആവേശവും പ്രചോദനവും ഉൾക്കൊണ്ട് പ്രവർത്തനക്ഷമമായ ഒരു ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും സാമൂഹ്യ ചാലകത്വത്തിന്റെയും പരിമിതിയാണ് നമ്മൾ ഇന്ന് ഇന്ത്യയിൽ കാണുന്നത്.ദീർഘകാലത്തേക്ക് ഈ ശക്തികളെ തടഞ്ഞു നിർത്തിയത്, കൊളോണിയൽ വിരുദ്ധ ഇന്ത്യൻ സ്വാതന്ത്ര്യസമരവും , ഹിറ്റ്ലറുടെ പരാജയവും, സ്വാതന്ത്ര്യാനന്തര ഘട്ടത്തിന്റെ ആദ്യ ദശകങ്ങൾ പൊതുവിൽ ജനങ്ങളിലുയർത്തിയ പ്രതീക്ഷകളും ആവേശവും എല്ലാം ഉണ്ടാക്കിയ സ്വാധീനമായിരുന്നു. ഇന്ന് അനുകൂലമായ ആഗോള രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടപ്പോൾ രാഷ്ട്രീയ മണ്ഡലത്തിന്റെ കേന്ദ്രസ്ഥാനങ്ങളിൽ എത്താനും ,മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ഭരണകൂട അധികാരത്തിന്റെ സമസ്ത മേഖലകളും ഏതാണ്ട് കൈപ്പിടിയിൽ ഒതുക്കാനും അത് ഫാസിസ്റ്റ് ശക്തികളെ സഹായിച്ചിരിക്കുകയാണ്.
നൂറ്റാണ്ടുകൾ മാറിമറിയുമ്പോഴും,അധികാരത്തിലേക്കുള്ള ഹിറ്റ്ലറുടെ ഉയർച്ചയും ഭരണം പിടിച്ചെടുക്കലും സംബന്ധിച്ച കഥ ലോകത്തിൽ എല്ലായിടത്തും അസ്വാസ്ഥ്യം ജനിപ്പിക്കുന്നു. മോദി സർക്കാർ വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചുവന്ന ഇന്നത്തെ ഇന്ത്യൻ സന്ദർഭത്തിൽ ഈ പുസ്തകത്തിന്റെ മലയാളം പതിപ്പ് തീർച്ചയായും പ്രസക്തമാണ്. ഇന്ത്യയിലെ ഫാസിസ്റ്റ് വെല്ലുവിളികൾ കൂടുതൽ ഫലപ്രദമായി നേരിടാൻ സഹായകമാംവണ്ണം ജർമ്മനിയുടെ ചരിത്രാനുഭവങ്ങളെക്കുറിച്ച് സൂക്ഷ്മമായ വിവരവും ഉൾക്കാഴ്ചയും ആർജ്ജിക്കാൻ ഈ പുസ്തകം സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു .
ദീപങ്കർ ഭട്ടാചാര്യ
ചാരൂ ഭവൻ, ന്യൂ ഡെൽഹി
15 ജൂലൈ 2019
No comments:
Post a Comment