Thursday, 10 October 2019


എഡിറ്റോറിയൽ, എം എൽ  അപ്ഡേറ്റ് ഒക്ടോബർ 8 -14 

ആൾക്കൂട്ടക്കൊലകൾക്കെതിരായ പ്രതിഷേധങ്ങളും രാജ്യദ്രോഹമാവുമ്പോൾ


പൂനെയിൽ ജോലിചെയ്തിരുന്ന ജാർഖണ്ഡ്കാരനായ തബറീസ് അൻസാരി എന്ന തൊഴിലാളി യുവാവ് നാട്ടിലെത്തി വിവാഹിതനായതിനു തൊട്ടു പിന്നാലെ യായിരുന്നു മോദി സർക്കാരിന്റെ രണ്ടാം വരവ്. ദാദ്രിയിലെ മുഹമ്മദ് അഖ്ലാഖ്, മേവാഡിലെ പെഹ്‌ലു ഖാൻ, രാംഗറിലെ അലിമുദ്ദിൻ അൻസാരി എന്നിവർ ആൾക്കൂട്ടങ്ങളുടെ കയ്യാൽ അറുംകൊല യ്ക്കിരയായതുപോലെ തബ്രീസും കൊലചെയ്യപ്പെട്ടു. തബ്രീസിനെ ഒരു ഇലക്ട്രിക്ക് പോസ്റ്റിൽ കെട്ടിയിട്ട ശേഷം അയാളോട് ' ജയ് ശ്രീ റാ' മും ' ജയ് ഹനുമാനും' വിളിക്കാൻ ആവശ്യപ്പെട്ടു ആൾക്കൂട്ടം അയാളെ മണിക്കൂറുകളോളം തെരുതെരെ മർദ്ദിച്ചവശനാക്കുന്നതിന്റെ വീഡിയോ എടുത്തു ലോകം മുഴുവൻ പ്രചരിപ്പിച്ചതും കുറ്റവാളികൾ തന്നെ ആയിരുന്നു. അടിയേറ്റ് മരണാസന്ന നിലയിൽ ആയ തബ്രീസിനെ മണിക്കൂറുകൾ കഴിഞ്ഞു ലോക്കൽ പോലീസ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അയാൾ മരിച്ചുകഴിഞ്ഞതായി ഡോക്ടർമാർ പ്രഖ്യാപിച്ചു

ആൾക്കൂട്ടക്കൊലപാതകം നടന്നതിന്റെ തെളിവുകൾ കുറ്റവാളികൾ തന്നെ വീഡിയോ എടുത്തു പ്രചരിപ്പിച്ചിട്ടുപോലും ജാർഖണ്ഡ് പോലീസ് സംഭവത്തിന്റെ പേരിൽ കേസെടുത്തപ്പോൾ കൊലക്കുറ്റത്തിന്റെ വകുപ്പുകൾ ചേർക്കാൻ ആദ്യം കൂട്ടാക്കിയിരുന്നില്ല, നരഹത്യ എന്ന കുറഞ്ഞ വകുപ്പ് ചേർത്ത് മുന്നോട്ടു നീകാനായിരുന്നു പോലീസ് ആദ്യം ശ്രമിച്ചത്. മെഡിക്കൽ റിപ്പോർട്ട് പ്രകാരം മരണകാരണം കാർഡിയാക് അറസ്റ്റ് ആണെന്നായിരുന്നു പോലീസിന്റെ ന്യായീകരണം. കൊല്ലപ്പെട്ട വ്യക്തിയുടെ ഭാര്യ ഷൈസ്ത പർവീൺ മരണം വരെ നിരാഹാരം ഇരിക്കാൻ തീരുമാനിക്കുകയും വമ്പിച്ച പ്രതിഷേധം ഉയർന്നുവരികയും ചെയ്തപ്പോൾ മാത്രമാണ് കൊലപാതകം എന്ന വകുപ്പ് ഈ കേസിൽ പോലീസ് ഉൾപ്പെടുത്തിയത്. സമാനമായ മറ്റു നിരവധി കേസുകളിൽ കുറ്റവാളികളെ രക്ഷപ്പെടാൻ ഭരണകൂടം ഒത്താശ ചെയ്ത സാഹചര്യത്തിൽ, തബ്രീസ് കേസിൽ നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ.

മോബ് ലിഞ്ചിങിന് ഇരകൾ ആവുന്നവരുടെ പക്ഷത്തുനിന്ന് നീതിക്കു വേണ്ടിയുള്ള സമരം നടത്തുന്നവർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം സംഘപരിവാർ ഇത്തരം കൊലപാതകങ്ങൾക്കനുകൂലമായി ഒരുക്കിയെടുക്കുന്ന പശ്ചാത്തലം ആണ്. ലവ് ജിഹാദ് മുതൽ പശു വിനെ കൊല്ലുന്നതു സംബന്ധിച്ച് വരെ വ്യാജ പ്രചാരണങ്ങൾ ബോധപൂർവ്വം അഴിച്ചുവിടപ്പെടുന്നു. അതുപോലെ രാജ്യദ്രോഹം, നിയമവിരുദ്ധ കുടിയേറ്റം തുടങ്ങിയവയും ഇരകളെ വളഞ്ഞു ആക്രമിക്കാനുള്ള ന്യായീകരണം ആയി പ്രചരിപ്പിക്കപ്പെടുന്നു . ഇത്തരം കേസുകളിൽ പ്രതികളാവുന്നവർക്ക് സംരക്ഷണവും ഒന്നും പേടിക്കാനില്ലെന്ന പരോക്ഷ സന്ദേശവും ഭരണകൂടത്തിൽ നിന്ന് ലഭിക്കുമ്പോൾ അവയ്‌ക്കെതിരെ ഉയരുന്ന പ്രതിഷേധത്തിന്റെ ശബ്ദങ്ങൾ ഭയപ്പെടുത്തിയും രാജ്യദ്രോഹക്കേസ് ചുമത്തിയും ഇല്ലാതാക്കാൻ ഉള്ള ശ്രമങ്ങളാണ് ഏറ്റവുമൊടുവിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

രാജ്യത്തു് വർധിച്ചുവരുന്ന ആൾക്കൂട്ടക്കൊലകളിൽ ഉൽക്കണ്ഠ അറിയിച്ചു് പ്ര ധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു തുറന്ന കത്ത് എഴുതിയതിനാണ് സാംസ്കാരികരംഗത്തെ പ്രമുഖരായ 49 വ്യക്തികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കാൻ മുസഫർപുരിലെ ഒരു ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. ' ജയ് ശ്രീ രാം ' എന്ന മുദ്രാവാക്യം വിദ്വേഷം കുത്തിനിറച്ച ഒരു പോർവിളിയായി മാറുന്നതിനെതിരെ പ്രതികരിച്ച പ്രൊഫസർ അമർത്യ സെന്നിനു ഇവർ നൽകിയ ഉപദേശം അദ്ദേഹം സ്വന്തം തട്ടകമായ സാമ്പത്തികശാസ്ത്ര മേഖലയെ ബാധിക്കുന്ന വിഷയങ്ങളിൽ മാത്രം അഭിപ്രായം പറഞ്ഞാൽ മതിയെന്നാണ്.
ഇപ്പോൾ, ആൾക്കൂട്ടകൊലകളുമായി ബന്ധപ്പെട്ട ഉൽക്കണ്ഠകളെയും പ്രതിഷേധങ്ങളെയും വഴി തിരിച്ചുവിടാൻ അങ്ങേയറ്റം കുടിലമായ ഒരു പ്രചാരണത്തിലൂടെ ആർ എസ് എസ് തലവൻ മോഹൻ ഭാഗവത് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ലിഞ്ചിങ് എന്ന് പറയുന്നത് ഇന്ത്യക്കു പുറത്തു് ഉത്ഭവിച്ച മതങ്ങൾ പ്രചരിപ്പിച്ചതും പ്രയോഗിച്ചതും ആയ ഒരു "പാശ്ചാത്യ സങ്കല്പം" ആണെന്നും , അതിനാൽ ഇന്ത്യയ്ക്കുള്ളിൽ അതിനെപ്പറ്റി പറയുന്നതും ചർച്ചചെയ്യുന്നതും ഇൻഡ്യാവിരുദ്ധവും ഹിന്ദുവിരുദ്ധവും ആണെന്നും ആർ എസ് എസ് സ്ഥാപന വാർഷികദിനത്തിലെ ഒരു അഭിസംബോധനയിൽ സ്വയംസേവകരോട് ഭാഗവത് പറഞ്ഞു. ഗുജറാത്തിൽ മുസ്ലിങ്ങൾക്കെതിരായ വംശഹത്യ നടന്ന 2002 ൽ അതിനെതിരെ ഉയർന്ന പ്രതിഷേധത്തെ മോദി നേരിട്ടത് "ഗുജറാത്തിന്റെ മഹിമ"യെ പ്രതിഷേധക്കാർ അപകീർത്തിപ്പെടുത്തുന്നു എന്ന് ആക്ഷേപിച്ചായിരുന്നു. ജാർഖണ്ഡിൽ നടക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങളെ കുറിച്ച് പറയുന്നത് "ജാർഖണ്ഡി സ്വത്വ" മഹിമയെ അപഖ്യാതിപ്പെടുത്താനുള്ള "ക്രിസ്ത്യൻ- മുസ്‌ലിം- വിദേശി ഗൂഢാലോചന" യുടെ ഫലം ആയി ചിത്രീകരിക്കുന്ന ആർ എസ് എസ് തലവന്റെ ദുഷ്ടലാക്ക് തിരിച്ചറിയപ്പെടേണ്ടതുണ്ട്.

മോദി സർക്കാരിന്റെ ജനാധിപത്യധ്വംസന നടപടികൾ ലോകത്തിനു മുന്നിൽ കൂടുതൽ കൂടുതൽ തുറന്നുകാട്ടപ്പെടുമ്പോൾ ഭാഗവത് പറയുന്നത് ജനാധിപത്യമെന്ന സങ്കൽപ്പം തന്നെ ഒരു പ്രാചീന ഭാരത വ്യവസ്ഥ ആണെന്നായിരുന്നു! ഇന്ത്യയുടെ ബഹുദേശീയ ഫെഡറൽ ഘടനയ്ക്ക് ആധാരമായ "വൈവിധ്യത്തിൽ ഏകത്വം" എന്ന ആശയത്തെ തലതിരിച്ചിട്ടുകൊണ്ട് "ഏകത്വത്തിൽ വൈവിധ്യം" എന്നാക്കി പുനർ നിർ വചിച്ച ഭാഗവത് , സമ്പദ് വ്യവസ്ഥയുടെ തകർച്ച സംബന്ധിച്ച എല്ലാ ആശങ്കകളും വരുന്നത് "അശുഭമാത്ര ചിന്ത " നിമിത്തമാണെന്നു പറയുന്നു. ഇപ്പോൾ രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിൽ ഭരണാധികാരികളുടെ പങ്കു മറച്ചു വെക്കാൻ ഉള്ള ശ്രമത്തിന്റെ ഫലമായി അത് ഉണ്ടായത് ആഗോള പ്രതിഭാസം നിമിത്തമാണെന്നു ഭഗവത് പറഞ്ഞു.
ആർ എസ് എസ്സിന്റെ സ്ഥാപനദിനം ചരിത്രത്തിൽ ഇതാദ്യമായാണ് കോർപ്പറേറ്റ് ലോകത്തെ പ്രതിനിധീകരിക്കുന്ന ഒരു വ്യക്തി മുഖ്യാതിഥിയായി ക്ഷണിക്കപ്പെടുന്നത്. .ഹിന്ദുസ്ഥാൻ കംപ്യൂട്ടേഴ്സ് ലിമിറ്റഡ് ന്റെ ഉടമയായ ശിവ് നാടാർ എന്ന കോടീശ്വരൻ ആയിരുന്നു അത്. മോദി സർക്കാരിന്റെ നയങ്ങളെ, പ്രത്യേകിച്ച് "മിനിമം ഗവണ്മെന്റ്" എന്ന ആശയത്തോടുള്ള അതിന്റെ പ്രതിജ്ഞാബദ്ധതയെ വാനോളം പുകഴ്ത്തുമ്പോൾ ഈ വിശിഷ്ടാതിഥി യഥാർത്ഥത്തിൽ പ്രശംസിച്ചത് " മാക്സിമം സ്വകാര്യവൽക്കരണം" എന്ന അതിന്റെ നയത്തെ ആയിരുന്നു.
നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനം സന്ദർശിക്കുന്നത് ഇന്ത്യയിലെ പ്രമുഖരായ കോർപറേറ്റു ഉടമകൾക്ക് തീർത്ഥാടനം പോലെയുള്ള ഒരു പ്രവൃത്തി ആയിരിക്കുന്നു. അംബാനിയും അദാനിയും മോദി സർക്കാരിൽനിന്ന് പരമാവധി ആനുകൂല്യങ്ങൾ വാരിക്കൂട്ടുമ്പോൾ, രത്തൻ ടാറ്റയേയും രാഹുൽ ബജാജിനെയും പോലുള്ള പഴയ കോർപ്പറേറ്റ് പ്രഭുക്കൾ നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനത്തേക്ക് തീർത്ഥ യാത്രകൾ നടത്താൻ മത്സരിക്കുകയാണ്.

"എല്ലാം ഭദ്രം" എന്ന മോദിയുടെ ഹ്യൂസ്റ്റൺ പൊറാട്ട് നാടകവും ഭാഗവതിന്റെ നാഗ്പ്പൂർ സന്ദേശവും ലക്ഷ്യമിടുന്നത് ഒരേ കാര്യമാണ്: ഈ രാജ്യത്തിലെ വഷളായിക്കൊണ്ടിരിക്കുന്ന സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക സ്ഥിതിവിശേഷത്തിനെതിരെ ഇന്ത്യക്കാർക്കിടയിൽ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ അവബോധത്തെയും അതിൽ നിന്നുമുളവാകുന്ന പ്രതിഷേധങ്ങളെയും മുനയൊടിച്ചും ഗതിതിരിച്ചു വിട്ടും ഇല്ലാതാക്കുകഎന്നതാണ് അത്. എന്നാൽ, ദശലക്ഷക്കണക്കിനു ജനങ്ങൾ മിനിമം വേതനത്തിനും ഉപജീവന മാർഗ്ഗങ്ങൾക്കും മാനുഷികമായ അന്തസ്സിനും അവകാശങ്ങൾക്കും വേണ്ടി ഇഞ്ചോടിഞ്ചു പൊരുതി നിൽക്കുമ്പോൾ മോദി - ഷാ -ഭാഗവത് മാരുടെ പൊള്ളയായ വാചകക്കസർത്തുകൾകൊണ്ടൊന്നും ഈ ജനകീയ ഉണർവിനെ പരാജയപ്പെടുത്താൻ ആവില്ല. കാശ്മീർ താഴ്‌വരയിൽ നടക്കുന്ന ഭരണകൂട അടിച്ചമർത്തലിലായാലും , ഏതാനും മണിക്കൂറുകൾ മഴ പെയ്തപ്പോൾ പട് നാ നഗരം ആകെ വെള്ളത്തിലായ സ്ഥിതിവിശേഷത്തെ നേരിടുന്നതിൽ കണ്ട കെടുകാര്യസ്ഥത ആയാലും ,ഇന്നത്തെ ഇന്ത്യൻ യാഥാർഥ്യം അത്ര വേഗത്തിൽ അധികാരികൾക്ക് അവഗണിച്ചു തള്ളാൻ കഴിയാത്തവിധം അങ്ങേയറ്റം ഗുരുതരവും ശോധനതകവും ആയിരിക്കുന്നു.
ഓരോദിവസം കഴിയുമ്പോഴും, സംഘ്-ബിജെപി കേന്ദ്രങ്ങൾ ഇന്ത്യയെ കൂടുതൽ ആഴമേറിയ പ്രതിസന്ധികളിലേക്കു തള്ളിവിടുകയാണ്. ഈ ദുരവസ്ഥയെ ഇന്ത്യൻജനത ഏതുവിധത്തിലും പോരാട്ടങ്ങളിലൂടെ അതിജീവിച്ചേ മതിയാവൂ.  

No comments:

Post a Comment