Wednesday, 30 October 2019


ലൈംഗിക പീഡനത്തിനും കൊലപാതകത്തിനും ഇരകളാക്കപ്പെട്ട വാളയാറിലെ കുട്ടികൾക്ക് നീതി ലഭിക്കണം 

http://mlupdate.cpiml.net/2019/10/30/justice-for-walayar-victims-of-rape-and-murder?fbclid=IwAR1p6szjaV-2OgWbjBk30fTRsDVvtD8lKFd5uvbygzlRcgsrCk2ET6CwAdE


പാലക്കാട് ജില്ലയിലെ വാളയാറിൽ 2017 ജനുവരിയിലും മാർച്ചിലും ആയി ഒരേവീട്ടിലെ  13 ഉം 9 ഉം പ്രായമുണ്ടായിരുന്ന  രണ്ടു പെൺകുട്ടികളുടെ മൃതദേഹങ്ങൾ അവരുടെ വീട്ടിന്റെ ഉത്തരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു.  പോസ്റ്റ് മോർട്ടം  റിപ്പോർട്ടുകളും മറ്റ് സംശയകരമായ പശ്ചാത്തല സൂചനകളും വിരൽ ചൂണ്ടിയിരുന്നത് ഈ മരണങ്ങൾ ലൈംഗിക പീഡനത്തെത്തുടർന്ന് നടന്ന കൊലപാതകങ്ങൾ ആയിരിക്കാനുള്ള സാധ്യതയിലേക്കായിരുന്നു- എന്നാൽ, അന്വേഷണത്തിന്റെ തുടക്കം മുതൽ പോലീസ് ലഭ്യമായ തെളിവുകൾ അവഗണിച്ചും കാര്യമായ തുടരന്വേഷണം നടത്താതെയും ഈ മരണങ്ങൾ ആത്മഹത്യകൾ  ആണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ മട്ടിൽ മുന്നോട്ടുപോകുകയാണ് ഉണ്ടായത് .   പിന്നീട് ഒരു ഘട്ടത്തിൽ ഏതാനും പേരെ  പ്രതിചേർത്ത് വിചാരണയ്ക്ക് വിധേയരാക്കിയെങ്കിലും , മതിയായ  തെളിവുകളുടെ അഭാവത്തിൽ അവരെയെല്ലാം കോടതി വെറുതെ  വിടുകയാണ് ഉണ്ടായത് 

തന്റെ സഹോദരിയുടെ മരണം നടന്ന സ്ഥാലത്തുനിന്നും ഏതാനും  പുരുഷന്മാർ ഓടിപ്പോകുന്നതായി കണ്ടു എന്ന ഇളയ പെൺകുട്ടിയുടെ  വെളിപ്പെടുത്തൽ ഉണ്ടായതിനു  ശേഷവും  ആദ്യത്തെ മരണത്തെക്കുറിച്ചു ആ നിലയ്ക്ക് അന്വേഷിക്കാനോ, പ്രധാനപ്പെട്ട  ഒരു ദൃക്‌സാക്ഷി രേഖപ്പെടുത്താനോ പോലീസ് കൂട്ടാക്കിയില്ല. അങ്ങിനെ ചെയ്തിരുന്നുവെങ്കിൽ ഇളയ പെൺകുട്ടിയുടെ മരണം ഒരു പക്ഷെ ഒഴിവാക്കാൻ കഴിയുമായിരുന്നു. ഇതിൽനിന്നെല്ലാം വ്യക്തമാകുന്നത് അടിസ്ഥാനപരമായ തെളിവുകൾ ശേഖരിക്കുന്നതിൽ പൊലീസിന്റെ ഭാഗത്തു  ഉണ്ടായ ഗുരുതരമായ വീഴ്ച്ചയാണ്. കുറ്റക്കാരെ തിരിച്ചറിയുന്നത് പോയിട്ട് ബലാത്സംഗവും കൊലപാതകങ്ങളും നടന്നിട്ടുള്ളതായി സ്ഥിരീകരിക്കാൻ പോലും പൊലീസിന്  കഴിഞ്ഞിട്ടില്ല. പെൺകുട്ടികൾ തുടർച്ചയായി ലൈംഗിക പീഡനങ്ങൾക്ക് വിധേയരായിട്ടുള്ളതായി മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കിയിട്ടും , കുറ്റക്കാരെ  തിരിച്ചറിയാൻ സഹായകമാകും വിധം കൊല്ലപ്പെട്ടവരുടെ ശരീരങ്ങളിൽനിന്നു ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന തെളിവുകൾ ശേഖരിക്കാൻ പോലീസ് കൂട്ടാക്കിയില്ല.


 ശ്രദ്ധേയമായ മറ്റൊരു വൈരുദ്ധ്യം , വാളയാർ ബാലപീഡന ക്കേസിൽ പ്രതിഭാഗം അഭിഭാഷകരിൽ ഒരാൾ പാലക്കാട് ചൈൽഡ് വെൽഫേർ കമ്മിറ്റിയുടെ ചെയർപേഴ്സൺ ആയി നിയമിക്കപ്പെട്ടു  എന്നതാണ്. കേസിലെ പ്രതികളെ വിട്ടയച്ചുകൊണ്ടു കോടതിവിധി ഉണ്ടായ പശ്ചാത്തലത്തിൽ വമ്പിച്ച ജനകീയ  പ്രതിഷേധങ്ങൾ ഉയർന്നു വരവേ, പ്രസ്തുത നിയമനം സർക്കാർ  റദ്ദാക്കുകയായിരുന്നു.

വാളയാറിൽ രണ്ടു പെണ്കുട്ടികൾക്കെതിരെ ഉണ്ടായ ലൈംഗിക പീഡനങ്ങളും കൊലപാതകങ്ങളും സംബന്ധിച്ച സത്യാവസ്ഥ  പുറത്തുവരാൻ ഈ കേസിൽ ഒരു പുനരന്വേഷണം നടത്താനും ,കുറ്റക്കാരെ നിയമത്തിനു മുൻപിൽ  കൊണ്ടുവരാനും അഖിലേന്ത്യാ പുരോഗമന  സ്ത്രീ സംഘടന ( All India Progressive Women's  Association - AIPWA ) ആവശ്യപ്പെടുന്നു. 


No comments:

Post a Comment