Wednesday, 15 January 2025

  ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ എഴുപത്തിയഞ്ചാം വാർഷികവും സാർവ്വത്രിക വോട്ടവകാശം  സംരക്ഷിക്കുന്നതിനുള്ള വെല്ലുവിളിയും

എഡിറ്റോറിയൽ ,എം എൽ അപ്ഡേറ്റ് , ജനുവരി 15 - 21 , 2025 

 ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും നടന്ന  തെരഞ്ഞെടുപ്പുകൾക്കിടയിൽ  ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലങ്ങളിലുണ്ടായ നാടകീയമായ മാറ്റം, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെയും വിശ്വാസ്യതയെയും കുറിച്ച് ഒരു കൂട്ടം അടിയന്തര ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.  ഫെബ്രുവരി അഞ്ചിന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഡെൽഹിയിലെ വോട്ടർപട്ടിക അന്തിമമാക്കൽ പ്രക്രിയയെക്കുറിച്ചുള്ള സർക്കാരിൻ്റെ പ്രതികരണവും അസ്വാസ്ഥ്യജനകമായ വെളിപ്പെടുത്തലുകളും കണക്കിലെടുക്കുമ്പോൾ  ചോദ്യങ്ങൾ കൂടുതൽ ശ്രദ്ധേയമായ മാനങ്ങൾ കൈവരിക്കുകയാണ്.   ഉത്തർപ്രദേശിലെ ചില നിയോജക മണ്ഡലങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിശ്വസനീയമായ ബദൽ മാധ്യമ പോർട്ടലുകളായ ന്യൂസ്‌ലൗണ്ട്രിയും സ്‌ക്രോളും നടത്തിയ അന്വേഷണാത്മക പഠനങ്ങളും മോദിയുടെ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയുടെയും സ്ഥാപനപരമായ ഉത്തരവാദിത്തത്തിൻ്റെയും അഭാവത്തെക്കുറിച്ചുള്ള പരാതികളെ ശക്തിപ്പെടുത്തുന്നു.  ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളേക്കാൾ, ഇപ്പോൾ ചോദ്യങ്ങൾ വന്നിരിക്കുന്നത് മൊത്തത്തിൽ തെരഞ്ഞെടുപ്പ്  സംവിധാനങ്ങളെ ചുറ്റിപ്പറ്റിയാണ്.


 മഹാരാഷ്ട്രയിൽ നിന്ന് ഉയർന്നത് പ്രാഥമികമായി രണ്ട് ചോദ്യങ്ങളായിരുന്നു - ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള വോട്ടർ പട്ടികയിലെ പേരുകളുടെ എണ്ണത്തിൽ ഉണ്ടായ വിവരണാതീതമായ കുതിച്ചുചാട്ടവും പോളിംഗ് അവസാനിക്കുന്ന സമയത്ത് പുറത്തുവിട്ട താൽക്കാലിക കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ  പോൾ ചെയ്ത വോട്ടുകളിൽ അവസാനക്കണക്കുകൾ പ്രകാരം  ഉണ്ടായ  അവിശ്വസനീയമായ കുതിപ്പും. അതിനും പുറമേ , അന്തിമമായ കണക്കനുസരിച്ച് ,  'പോൾ ചെയ്ത വോട്ടുകളും' 'എണ്ണിയ വോട്ടുകളും' തമ്മിൽ വ്യാപകമായ പൊരുത്തക്കേട് ഉണ്ടായിരുന്നു.  ഈ ചോദ്യങ്ങളെല്ലാം അവഗണിക്കാൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്  കഴിഞ്ഞു.  ആർക്കും ബോധ്യപ്പെടാത്ത വിധം ചില നടപടിക്രമങ്ങൾ വാഗ്ദാനം ചെയ്യപ്പെടുകയും അനേകം  ഒഴികഴിവുകൾ മുന്നോട്ടുവെക്കപ്പെടുകയും ചെയ്തു . ഹരിയാനയിലെ ഒരു പ്രത്യേക ബൂത്തിനെക്കുറിച്ചുള്ള പ്രസക്തമായ രേഖകളും വീഡിയോ, സിസിടിവി ദൃശ്യങ്ങളും ഹർജിക്കാരനും അഭിഭാഷകനുമായ മെഹമൂദ് പ്രാചയ്ക്ക് നൽകണമെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചപ്പോൾ, അടുത്ത ദിവസം തന്നെ മോദി സർക്കാർ 1961 ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ മാറ്റം വരുത്തി.  വോട്ടെടുപ്പുമായി ബന്ധപ്പെട്ട രേഖകളുടെ പൊതു പരിശോധനയുടെ സാദ്ധ്യത തള്ളിക്കളയാൻ വേണ്ടി    10.5 ലക്ഷം പോളിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള റെക്കോർഡിംഗുകൾ പരിശോധിക്കാൻ ഒരാൾക്ക് 3,600 വർഷമെടുക്കുമെന്ന  ന്യായം പറഞ്ഞ് പൊതു പരിശോധനയ്ക്കുള്ള ആവശ്യത്തെ പരിഹസിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ  രാജീവ് കുമാർ ചെയ്തത് !

 യുപിയിൽ നിന്നുള്ള റിപ്പോർട്ടുകൾ കുറച്ച് കാലമായി നമുക്ക് ചില  മുന്നറിയിപ്പുകൾ തരുന്നുണ്ട് . മുസ്ലീങ്ങളെ വോട്ടവകാശം   വിനിയോഗിക്കുന്നതിൽ നിന്ന് അകറ്റി നിർത്തുന്നതിനായി, വോട്ടർ പട്ടിക തയ്യാറാക്കുന്നതിലും പോളിംഗ് ദിനത്തിലും, സംസ്ഥാനത്ത്  മുസ്ലീം വിരുദ്ധ  അടിച്ചമർത്തൽ പതിവായിരിക്കുന്നു. .  മുസ്‌ലിംകളുടെയും യാദവ, ജാതവ തുടങ്ങിയ മറ്റ് സാമൂഹിക വിഭാഗങ്ങളുടെയും ഗണ്യമായ സാന്നിധ്യമുള്ള പോളിംഗ് ബൂത്തുകളിൽ ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യുന്നതായി കരുതപ്പെടുന്ന വോട്ടർമാരുടെ പേരുകൾ വ്യവസ്ഥാപിതമായി ഇല്ലാതാക്കുന്നതിനെക്കുറിച്ചുള്ള  ഒരു ധാരണയാണ്  ഇപ്പോൾ ആ  സംസ്ഥാനത്തു നിന്നുള്ള വിശദമായ അന്വേഷണ റിപ്പോർട്ടുകൾ നമുക്ക് നൽകുന്നത് . ഒരേ നാണയത്തിന്റെ  മറുവശം എന്നപോലെ , സംശയാസ്പദമായതും എന്നാൽ  രേഖാമൂലമുള്ളതുമായ വിലാസങ്ങളുടെ  വിശദാംശങ്ങളോടുകൂടിയ അനേകം വ്യാജ വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ  ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.   2024-ൽ യുപിയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലെങ്കിലും - ഫറൂഖാബാദിലും മീററ്റിലും -  ബിജെപിയുടെ നേരിയ മാർജ്ജിനിലുള്ള  വിജയങ്ങൾ ഉറപ്പാക്കാൻ ഇത്തരത്തിൽ പേരുകൾ ഇല്ലാതാക്കുന്നതിൻ്റെയും ഉൾപ്പെടുത്തലിൻ്റെയും തോത് നിർണ്ണായക  പ്രാധാന്യമർഹിക്കുന്നതായി. 

 ഡെൽഹി തിരഞ്ഞെടുപ്പിന് മുന്നോടിയായി, ചീഫ് ഇലക്ടറൽ ഓഫീസർ ആർ ആലീസ് വാസ് തന്നെ  പുതിയ പേരുകൾ ഉൾപ്പെടുത്തുന്നതിനുള്ള അഭൂതപൂർവമായ തിരക്ക് ശ്രദ്ധയിൽപ്പെടുത്തുകയും,  കൂടുതൽ സൂക്ഷ്മപരിശോധനയുടെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്യുന്ന ഭയാനകമായ ഒരു ചിത്രം ഇപ്പോൾ നമ്മുടെ മുന്നിലുണ്ട്  .  കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച് ഇരുപത് ദിവസത്തിനുള്ളിൽ പുതിയ പേരുകൾ ഉൾപ്പെടുത്തുന്നതിനായി 5.1 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്.   വോട്ടർമാരുടെ പേരുകൾ വൻതോതിൽ വെട്ടിക്കളയാൻ  ആവശ്യപ്പെട്ട് സ്ഥിരീകരിക്കാത്ത എതിർപ്പുകൾ ഫയൽ ചെയ്ത രീതി തുറന്നുകാട്ടുന്ന വിശദമായ പരാതികൾ ആം ആദ്മി പാർട്ടി മുന്നോട്ട് വച്ചിട്ടുണ്ട്.  ഡെൽഹി നിയമസഭയിൽ അരവിന്ദ് കെജ്‌രിവാൾ ആം ആദ്മി പാർട്ടിയെ പ്രതിനിധീകരിക്കുന്ന ന്യൂഡെൽഹി അസംബ്ലി മണ്ഡലത്തിൽ, 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് നേരിയ വിജയം നേടിയ ഷഹ്ദാര പോലുള്ള ഒരു മണ്ഡലത്തിൽ പത്ത് ശതമാനത്തിലധികം പുതിയ വോട്ടർമാരെ ചേർക്കാൻ ശ്രമിക്കുമ്പോൾ  മറുവശത്ത്കൂടി  വോട്ടർമാരുടെ പേരുകൾ കൂട്ടത്തോടെ നീക്കം ചെയ്യാൻ  ശ്രമം നടക്കുന്നു. 

 പ്രവർത്തനക്ഷമമായ  ഏതൊരു ജനാധിപത്യത്തിൻ്റെയും ആണിക്കല്ലാണ് വോട്ടവകാശം.  ഭരണഘടന നിലവിൽ വന്നതിന് ശേഷം (അമേരിക്കയിലെ കറുത്ത വർഗക്കാരായ വോട്ടർമാരുടെ കാര്യത്തിലെന്നപോലെ) സാർവ്വത്രിക പ്രായപൂർത്തിവോട്ടവകാശം  ഉറപ്പാക്കാൻ ജനങ്ങൾ നീണ്ട പോരാട്ടങ്ങൾ തുടരേണ്ടി വന്ന പല രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, കൊളോണിയൽ വിരുദ്ധ സമരത്തിൻ്റെ പരിസമാപ്തിയിൽ എഴുപത്തിയഞ്ച് വർഷം മുമ്പ് ഇന്ത്യയിൽ സാർവ്വത്രിക പ്രായപൂർത്തിവോട്ടവകാശം  ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.   അത് സ്വീകരിച്ചതിന് ശേഷവും ശക്തമായ ഫ്യൂഡൽ അധികാരം  നിലനിന്ന  പ്രദേശങ്ങളിൽ, അടിച്ചമർത്തപ്പെട്ട ജാതികൾക്കും വർഗ്ഗങ്ങൾക്കും യഥാർത്ഥ ജീവിതത്തിൽ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ തീർച്ചയായും കഠിനമായി പോരാടേണ്ടി വന്നിട്ടുണ്ട്.  എന്നാൽ ബിജെപി/ എൻഡിഎ സഖ്യത്തിനെതിരെ വോട്ട് ചെയ്യാൻ സാദ്ധ്യതയുള്ള മുസ്ലീം സമുദായവും സമൂഹത്തിലെ മറ്റ് വിഭാഗങ്ങളും ഇപ്പോൾ അഭിമുഖീകരിക്കുന്ന വോട്ടവകാശ നിഷേധം  ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെ പൂർണ്ണമായും പ്രഹസനം ആക്കിത്തീർക്കുമെന്ന ഭീഷണിയായി മാറിയിരിക്കുന്നു. ഇന്ന് ഇന്ത്യൻ ഭരണഘടനാ റിപ്പബ്ലിക്ക് എഴുപത്തിയഞ്ചാം വയസ്സിലേക്ക് കടക്കുമ്പോൾ, റിപ്പബ്ലിക്കിൻ്റെ മതേതര-ജനാധിപത്യ സ്വഭാവവും ,സ്വന്തം  വോട്ടവകാശം  വിനിയോഗിക്കാനുള്ള ഓരോ പൗരൻ്റെയും മൗലിക ജനാധിപത്യ അവകാശവും - വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള മറ്റ് വഴികൾ പോലും - അസ്തിത്വ ഭീഷണി നേരിടുകയാണ് . സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനുള്ള ഇന്നത്തെ പോരാട്ടം , ഇഴഞ്ഞു വരുന്ന ഫാസിസ്റ്റ് വിപത്തിന്റെ  പിടിയിൽ നിന്ന് ഇന്ത്യൻ ജനാധിപത്യത്തെ മോചിപ്പിക്കാനാണ് .







No comments:

Post a Comment