Friday, 10 January 2025

 ഫാസിസ്റ്റ് ആക്രമണത്തിനെതിരായ വലിയ വിജയങ്ങളുടെ വർഷമായി 2025 മാറ്റുക

എഡിറ്റോറിയൽ , ML Update  വീക്‌ലി 

 സയിൽ  ഫലസ്തീനികളുടെ വംശഹത്യ ഇസ്രായേൽ നിർവ്വിരാമമായി തുടരുമ്പോഴും ,  നിരവധി രാജ്യങ്ങളിൽ ഭരണമാറ്റത്തിന് 2024 സാക്ഷ്യം വഹിച്ചു.  നമ്മുടെ മേഖലയിലാണെങ്കിൽ, ദ്വീപിൻ്റെ ചരിത്രത്തിലാദ്യമായി  ഒരു ഇടതുപക്ഷ ചായ്‌വുള്ള ഭരണകൂടത്തിന് ശ്രീലങ്ക തുടക്കമിട്ടു.  ബംഗ്ലാദേശിൽ നടന്ന  ഒരു ജനകീയ പ്രക്ഷോഭം മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ രാജ്യം വിട്ട് ഇന്ത്യയിൽ അഭയം തേടാൻ പ്രേരിപ്പിച്ചു, എന്നാൽ പിന്തിരിപ്പൻ ജമാഅത്ത് വിന്യസിച്ച ശക്തികളുടെ ഏകീകരണത്തിൻ്റെ പശ്ചാത്തലത്തിൽ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യത ഇപ്പോഴും  അനിശ്ചിതത്വത്തിലാണ്.   ജനപ്രീതിയില്ലാത്തതും ഏകാധിപത്യപരവുമായ അസദ് ഭരണകൂടത്തിൻ്റെ ദീർഘകാലമായി കാത്തിരുന്ന പതനത്തിന് സിറിയ സാക്ഷ്യം വഹിച്ചു, എന്നാൽ യുഎസ് പിന്തുണയുള്ള ഇസ്രായേലി ആക്രമണത്തിൻ്റെ കെടുതികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്  ആ രാജ്യം ഇപ്പോൾ. അതേസമയം  തീവ്ര വലതുപക്ഷ വിജയത്തിൻ്റെ  അപകടം ഒഴിവാക്കാൻ തൽക്കാലം ഫ്രാൻസിന് കഴിഞ്ഞുവെങ്കിലും , യു എസ്  തെരഞ്ഞെടുപ്പിൽ  തിരിച്ചുവരവിൻ്റെ പാതയിൽ നിന്ന് ട്രംപിനെ പിന്തിരിപ്പിക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞില്ല.  

 ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഏറെക്കാലമായി കാത്തിരുന്ന മാറ്റം 2024 നൽകിയില്ല.  ബി.ജെ.പിക്ക് സ്വതന്ത്ര ഭൂരിപക്ഷം നഷ്ടപ്പെട്ടപ്പോഴും സഖ്യമെന്ന നിലയിൽ ഭരണം നിലനിർത്താൻ കഴിഞ്ഞു.  തുടർന്ന്, തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വ്യവസ്ഥാപിത മാനദണ്ഡങ്ങളായ തിരഞ്ഞെടുപ്പ് സുതാര്യത, സ്ഥാപനപരമായ നിഷ്പക്ഷത, ഉത്തരവാദിത്തം എന്നിവയെ നോക്കുകുത്തിയാക്കുംവിധം ആയിരുന്നു ബി ജെ പി  ഹരിയാനയിൽ അധികാരം നിലനിർത്തുകയും മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് തൂത്തുവാരുകയും ചെയ്തത്.  2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അനന്തരഫലങ്ങൾ, ഫാസിസ്റ്റ് പിടിയിൽ നിന്ന് ഇന്ത്യക്ക് അത്ര എളുപ്പത്തിൽ  തെരഞ്ഞെടുപ്പുകളിലൂടെ രക്ഷനേടാൻ കഴിയില്ലെന്ന്  ഇപ്പോൾ വ്യക്തമായിരിക്കുന്നു.  1949 നവംബർ 26-ന് ഭരണഘടന അംഗീകരിച്ച 'നാം ഇന്ത്യയിലെ ജനങ്ങൾ' എന്ന രീതിയിൽ ഉള്ള ധീരമായ കാൽവെപ്പോടെയുള്ള   ജനാധിപത്യ മുന്നേറ്റത്തിന് മാത്രമേ  റിപ്പബ്ലിക്കിനെ ഫാസിസ്റ്റുകളുടെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ കഴിയൂ.

 മോദി സർക്കാരിൻ്റെ ഒരു ദശാബ്ദക്കാലത്തെ അനുഭവം അത്തരമൊരു ഉയർച്ചയുടെ സാദ്ധ്യമായ സൂചനകൾ നമുക്ക് കാണിച്ചുതന്നുണ്ട്.  1990-കളുടെ തുടക്കത്തിൽ ഉദാരവൽക്കരണ-സ്വകാര്യവൽക്കരണ-ആഗോളവൽക്കരണ പാക്കേജിൻ്റെ വരവിനെ സ്വാഗതം ചെയ്‌ത പൊതു  മനോഭാവം, മോദി സർക്കാരിൻ്റെ ട്രാക്ക് റെക്കോർഡിൻ്റെ ഏറ്റവും ദുർബ്ബലമായ  പോയിൻ്റായി തുടരുന്നു, കൊള്ളയുടെയും പിടിച്ചുപറിയുടേയും ചങ്ങാത്ത മുതലാളിത്ത ക്രമത്തിനെതിരെ ജനങ്ങൾ  വ്യക്തമായും തിരിയാൻ തുടങ്ങിയിരിക്കുന്നു.  തെരഞ്ഞെടുത്ത ഏതാനും  കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് പ്രകൃതിവിഭവങ്ങളും സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളും വിവേചനരഹിതമായി കൈമാറ്റം ചെയ്യുന്നത് വഴി ഉണ്ടാവുന്നത് രൂക്ഷമായ തൊഴിലില്ലായ്മ, വിട്ടുമാറാത്ത ദാരിദ്ര്യം, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തിൻ്റെ യഥാർത്ഥ പ്രതിസന്ധി എന്നിവ മാത്രമാണ്.  വർദ്ധിച്ചുവരുന്ന അഴിമതി ആരോപണങ്ങൾക്കിടയിൽ  അദാനി ഗ്രൂപ്പിനെ രക്ഷിക്കാൻ സർക്കാർ നടത്തുന്ന പിടിവാശി നിറഞ്ഞ  പ്രതിരോധ ശ്രമം തുറന്നു  കാണിക്കുന്നത്  കോർപ്പറേറ്റ് പിന്തുണയിലുള്ള  ഭരണകൂടത്തിൻ്റെ അങ്ങേയറ്റത്തെ ആശ്രയത്വത്തെയാണ്.  കോർപ്പറേറ്റ് ഏറ്റെടുക്കലിനെതിരായ ജനകീയ ചെറുത്തുനിൽപ്പിൻ്റെ സാധ്യതകളെക്കുറിച്ച് കർഷക പ്രസ്ഥാനം ഇതിനകം തന്നെ നമുക്ക് ഒരു നേർക്കാഴ്ച നൽകിയിട്ടുണ്ട്.

 സാമൂഹ്യ സമത്വത്തിനും ലിംഗനീതിക്കുമുള്ള അന്വേഷണമാണ് ഇന്ത്യൻ ജനതയിലെ വലിയൊരു വിഭാഗത്തെ ഇടയ്ക്കിടെ നിശ്ചയദാർഢ്യമുള്ള ചെറുത്തുനിൽപ്പിന് പ്രേരിപ്പിക്കുന്ന മറ്റൊരു  പ്രശ്നമണ്ഡലം.  സമീപകാലത്ത് കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ  ബിരുദാനന്തര ബിരുദധാരിയായ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരാ യി ഉണ്ടായത്                 ജനരോഷത്തിന്റെ വൻപിച്ച  കുതിപ്പ് ആയിരുന്നു.  മെഡിക്കൽ കോളേജും ആശുപത്രിയും അതിന്റെ വേദികളായി.   മോദി ഭരണത്തിൻ കീഴിലുള്ള പുരുഷാധിപത്യപരവും സ്ത്രീവിരുദ്ധവുമായ അടിച്ചമർത്തലുകൾ,   യുവതികളുടെ മേൽ പലപ്പോഴും അരങ്ങേറുന്ന  അക്രമാസക്തമായ സദാചാര പോലീസിംഗ് , ഇവ മുതൽ ബലാത്സംഗികളെ (പ്രത്യേകിച്ച് ദലിത്, മുസ്ലീം സ്ത്രീകൾ) സംരക്ഷിക്കുന്നതും ആദരിക്കുന്നതും  ഫ്യൂഡൽ-പുരുഷാധിപത്യ ഖാപ് പഞ്ചായത്തുകളെ തദ്ദേശീയ ജനാധിപത്യ സ്ഥാപനങ്ങളായി ആഘോഷിക്കുന്നതുംവരെ യുള്ള സംഭവങ്ങൾ നടക്കുമ്പോഴും അവയൊന്നും ജനങ്ങളാൽ ചോദ്യം ചെയ്യപ്പെടാതെ പോയിട്ടില്ല.  രാജ്യസഭയിൽ അംബേദ്കറെക്കുറിച്ച് അമിത് ഷാ നടത്തിയ അവഹേളനാ  പരമായ പരാമർശങ്ങളും ഇന്ത്യയിലെ ജാതി വിരുദ്ധപ്പോരാട്ടത്തിന്റെ ഏറ്റവും ശക്തനായ ഐക്കണിന് എതിരേ നടന്ന  അവഹേളനത്തിനെതിരായ ജനകീയ രോഷവും വിരൽ ചൂണ്ടുന്നത്  സാമൂഹിക നീതിയുടെയും സമത്വത്തിൻ്റെയും പ്രശ്നങ്ങളിൽ  ഫാസിസ്റ്റ് ശക്തികൾ നേരിടുന്ന അഗാധമായ  അസ്വാസ്ഥ്യത്തിലേക്കും ദുർബലതയിലേക്കും ആണ്.

 ഇന്ത്യൻ ജനതയുടെ കൈകളിലെ ഏറ്റവും ശക്തമായ ആയുധം തീർച്ചയായും ഇന്ത്യയുടെ കൊളോണിയൽ വിരുദ്ധ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൻ്റെ പ്രചോദനാത്മകമായ പൈതൃകവും, ഇന്ത്യയെ ഒരു മതേതര സോഷ്യലിസ്റ്റ് പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച സ്വാതന്ത്ര്യ പ്രസ്ഥാനത്തിൻ്റെ കാഴ്ചപ്പാടിൽ നിന്ന് ഉയർന്നുവന്ന ഭരണഘടനയുമാണ്.  വർഗീയ വിദ്വേഷത്തിൻ്റെയും ബ്രാഹ്മണ മേധാവിത്വത്തിൻ്റെയും പുരുഷാധിപത്യത്തിൻ്റെയും നിരന്തരമായ ഫാസിസ്റ്റ് ആയുധവൽക്കരണത്തിനെതിരെ, സ്വാതന്ത്ര്യസമരത്തിൻ്റെ സ്വപ്നങ്ങളും ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന ആധുനിക ഇന്ത്യയുടെ ദർശനവും,  സമത്വ സാമൂഹിക ക്രമത്തിൽ കരുത്തുറ്റ നവീകരണത്തിന്നും ജനാധിപത്യത്തിനും വേണ്ടിയുള്ള                              അന്വേഷണത്തിൻ്റെ ഏറ്റവും ശക്തമായ വേദിയായും        അത് നിലകൊള്ളുന്നു.  2025ൽ കമ്മ്യൂണിസ്റ്റ്കാരും ഫാസിസ്റ്റുകളും ഒരേ സമയത്ത്  ഇന്ത്യൻ മണ്ണിൽ തങ്ങളുടെ പ്രസ്ഥാനങ്ങളുടെ ശതാബ്ദി ആഘോഷിക്കുമ്പോൾ,  അവസരത്തിനൊത്ത് ഉയർന്ന് പ്രവർത്തിക്കാനും,  2025-നെ ഫാസിസ്റ്റ് വിപത്തിനെതിരായ വലിയ വിജയങ്ങളുടെ വർഷമാക്കിമാറ്റാനുമുള്ള ബാദ്ധ്യത കമ്മ്യൂണിസ്റ്റ്കാർക്ക് മുന്നിൽ ഇന്നുണ്ട്. 

No comments:

Post a Comment