കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇ എം എസ് ചെയറിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 18 -20 ,2024 ൽ നടന്ന ത്രിദിന ഇന്റർനാഷണൽ സെമിനാറിൽ സ: ദീപങ്കർ ഭട്ടാചാര്യ അവതരിപ്പിച്ച പ്രബന്ധം
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നൂറാം വാർഷികം: പാഠങ്ങളും വെല്ലുവിളികളും
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇപ്പോൾ ഒരു നൂറ്റാണ്ട് പഴക്കമുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യഥാർത്ഥ സ്ഥാപക ദിനത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും, ഒരു പാർട്ടിയെന്ന നിലയിൽ സിപിഐയുടെ ഔപചാരിക സ്ഥാപക ദിനമായി സിപിഐയും സിപിഐ(എംഎൽ) ഉം അംഗീകരിക്കുന്നത് 1925 ഡിസംബർ 26 ആണ്. എല്ലാ വിവരണങ്ങളും അനുസരിച്ച്, 1920-കളുടെ ആരംഭം ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങളും പ്രവർത്തനങ്ങളും രൂപപ്പെടാൻ തുടങ്ങിയ കാലഘട്ടമായി നമുക്ക് തിരിച്ചറിയാൻ കഴിയും. അതിനാൽ ഈ പ്രസ്ഥാനത്തിന് ഇന്ത്യയിൽ വ്യക്തമായും ഒരു നൂറ്റാണ്ട് പഴക്കമുണ്ട്.
എന്നിരുന്നാലും, ഈ ലേഖനത്തിൻ്റെ ലക്ഷ്യം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്രം പുനഃപരിശോധിക്കുകയല്ല, മറിച്ച് വർത്തമാനകാലത്തെ വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഭൂതകാലത്തിൽ നിന്ന് പ്രചോദനവും പാഠങ്ങളും ഉൾക്കൊള്ളുക എന്നതാണ്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഒന്നാം നൂറ്റാണ്ടിനെ വിശാലമായി നമുക്ക് നാല് ഘട്ടങ്ങളായി തിരിക്കാം - കൊളോണിയൽ കാലഘട്ടം, അടിയന്തരാവസ്ഥയിലേക്കും അതിൻ്റെ അനന്തരഫലങ്ങളിലേക്കും നയിച്ച സ്വാതന്ത്ര്യാനന്തര കാലഘട്ടം, 1990-കൾക്ക് ശേഷമുള്ള നവലിബറൽ നയങ്ങളുടെയും ഹിന്ദുത്വ തീവ്രവലതുപക്ഷത്തിൻ്റെ ആക്രമണാത്മകമായ ഉയർച്ചയുടെയും കാലഘട്ടം, സമ്പൂർണ്ണ ഫാസിസ്റ്റ് ആക്രമണത്തിൻ്റെ ഇപ്പോഴത്തെ കാലഘട്ടം എന്നിങ്ങനെ തരം തിരിക്കാവുന്നതാണ് അത്.
സാർവ്വദേശീയമായും, ഈ കാലഘട്ടത്തെ സമാനമായ ഘട്ടങ്ങളായി തിരിക്കാം. 1949 വരെ, രണ്ടാം ലോക യുദ്ധത്തിൽ വിജയിച്ചതുവരെയുള്ള കാലഘട്ടത്തെ നവംബർ 1917 ന് റഷ്യയിലും ഒക്ടോബർ 1949 ന് ചൈനയിലും വിജയകരമായ വിപ്ലവങ്ങൾ നടന്നതും , രണ്ടാം ലോകയുദ്ധത്തിൽ ഫാസിസ്റ്റ് കൂട്ടുകെട്ടിന് മേൽ നിർണായകമായ രാഷ്ട്രീയ-സൈനിക വിജയം നേടിയതുമായ കാലം ആയിക്കരുതാം . 1959 ൽ നടന്ന ക്യൂബൻ വിപ്ലവവും, വിയറ്റ്നാം യുദ്ധത്തിൽ യുഎസ് സാമ്രാജ്യത്വത്തിന് 1975 ൽ ഉണ്ടായ പരാജയവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ശ്രദ്ധേയമായ ആഗോള ഉയർച്ചയ്ക്കും ഏകീകരണത്തിനും സാക്ഷ്യം വഹിച്ചു. രണ്ടാം ലോകയുദ്ധാനന്തര കാലഘട്ടത്തിൽ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന് ഉണ്ടായ ഉയർച്ചയുടെ ബിന്ദുക്കൾ ആണ് ഇവയെല്ലാം അടയാളപ്പെടുത്തിയത് .
സോവിയറ്റ് യൂണിയൻ്റെ തകർച്ച ശീതയുദ്ധത്തിൻ്റെ ഘട്ടം അവസാനിപ്പിക്കുകയും സാമ്രാജ്യത്വ ആക്രമണത്തിൻ്റെയും കോർപ്പറേറ്റ് കൊള്ളയുടെയും ഒരു പുതിയ ഘട്ടത്തിലേക്ക് ലോകത്തെ തള്ളിവിടുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് അല്ലെങ്കിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് പഴയ സോവിയറ്റ് ബ്ളോക്ക് മേഖലയിൽ നഷ്ടപ്പെട്ട നില വീണ്ടെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും, ഈ കാലയളവിൽ അത് ലാറ്റിനമേരിക്കയിലും ഏഷ്യയിലും കൂടുതൽ സ്വീകാര്യത നേടി . എന്നിരുന്നാലും, ലോകത്തിൻ്റെ വലിയ ഭാഗങ്ങളിൽ ഫാസിസ്റ്റ് തീവ്രവലതുപക്ഷത്തിൻ്റെ പുതിയ ഉയർച്ചയ്ക്കാണ് ഇപ്പോൾ നാം സാക്ഷ്യം വഹിക്കുന്നത്.
അതിൻ്റെ രൂപീകരണ വർഷങ്ങളിൽ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ പ്രാരംഭ പ്രചോദനവും പ്രേരണയും റഷ്യൻ വിപ്ലവത്തിൻ്റെ വിജയത്തിൽ നിന്നും അതുപോലെ ഇന്ത്യയ്ക്കുള്ളിലെ കൊളോണിയൽ ഭരണം, ഫ്യൂഡൽ അടിച്ചമർത്തൽ, സാമൂഹിക അടിമത്തം എന്നിവയിൽനിന്നു സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ശക്തമായ പ്രേരണകളിൽ നിന്നും ആണ് . ഔപചാരികമായ കമ്മ്യൂണിസ്റ്റു പാളയങ്ങൾക്കപ്പുറം, റഷ്യൻ വിപ്ലവത്തിൻ്റെ സ്വാധീനം ഇന്ത്യയുടെ കൊളോണിയൽ വിരുദ്ധ ഉണർവിന്റേയും സാമൂഹിക സമത്വത്തിനും വിമോചനത്തിനുംവേണ്ടിയുള്ള അന്വേഷണത്തിന്റേയും രൂപത്തിൽ ആഴത്തിൽ വ്യാപിച്ചു. ഭഗത് സിങ്ങും അദ്ദേഹത്തിൻ്റെ സഖാക്കളും മുതൽ നൊബേൽ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോർ വരെയും , അംബേദ്കർ മുതൽ പെരിയാർ വരെയും ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും സാമൂഹിക നീതി പ്രസ്ഥാനത്തിലും സാഹിത്യത്തിലും ജനകീയ സംസ്കാരത്തിൻ്റെ മറ്റ് മേഖലകളിലും ഈ സ്വാധീനം നമുക്ക് കാണാൻ കഴിയും.
പല രാജ്യങ്ങളിലും നടന്ന കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളിൽ കമ്മ്യൂണിസ്റ്റുകാർ മുൻനിര രാഷ്ട്രീയ ശക്തിയായി ഉയർന്നുവരുന്നതിൽ വിജയിക്കുകയും , സോഷ്യലിസം കെട്ടിപ്പടുക്കുകയോ അതിലേക്ക് മുന്നേറുകയോ ചെയ്യുക എന്ന ദൗത്യവുമായി ദേശീയവിമോചനത്തിൻ്റെ അജണ്ട സമന്വയിപ്പിക്കുന്നതിൽ ഫലവത്തായ പങ്കുവഹിക്കുകയും ചെയ്തു. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റുകാർ കാര്യമായ പുരോഗതി കൈവരിച്ചെങ്കിലും ഒരു മുൻനിര ശക്തിപ്രവാഹമായി ഉയർന്നുവരുന്നതിൽ വിജയിച്ചില്ല. അപ്പോഴും , കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൻ്റെയും പ്രസ്ഥാനത്തിൻ്റെയും ഉത്തേജക സ്വാധീനം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യഥാർത്ഥ സംഘടനാ ശക്തിയേക്കാൾ വളരെ കൂടുതലായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ജ്വലിച്ചുനിന്ന യുവനക്ഷത്രമായ അനശ്വര രക്തസാക്ഷി ഭഗത് സിംഗ്, പല നിലയിലും കമ്മ്യൂണിസ്റ്റ് പാതയിലെ മുൻഗാമി ആയിരുന്നു. ഭൂപ്രഭുത്വത്തിനെതിരെ പോരാടാൻ ശക്തമായ പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിലും തൊഴിലാളിവർഗ്ഗത്തെ സംഘടിപ്പിക്കുന്നതിലും സാമൂഹിക സമത്വത്തിനും സാമുദായിക സൗഹാർദ്ദത്തിനും വേണ്ടി പോരാടുന്നതിലും കമ്മ്യൂണിസ്റ്റ് നേതൃത്വം വിശാലമായ സ്വാധീനം ചെലുത്തുകയും സ്വാതന്ത്ര്യസമരത്തിന് വിശാലമായ പുരോഗമനദിശാബോധം നൽകുകയും ചെയ്തു.
ഇന്ത്യാവിഭജനം, അഭൂതപൂർവമായ വർഗീയ കൂട്ടക്കൊല, ദശലക്ഷക്കണക്കിന് കുടുംബങ്ങളെ അതിർത്തിക്കപ്പുറമുള്ള കുടിയൊഴിപ്പിക്കൽ എന്നിവയുടെ ആഘാതത്തോടെയാണ് കൊളോണിയൽ അധിനിവേശത്തിൽ നിന്നുള്ള സ്വാതന്ത്ര്യം ലഭിച്ചതെങ്കിലും, ഇന്ത്യൻ ചരിത്രത്തിലെ ആഘാതജനകമായ വഴിത്തിരിവിനുശേഷം എഴുതപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്ത ഭരണഘടന ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കുക എന്ന ആശയത്തെ നിരാകരിച്ചു എന്നത് ശ്രദ്ധേയമാണ്. പൗരന്മാരുടെ മത സ്വത്വം എന്തുതന്നെ ആയിരുന്നാലും, മതേതര ജനാധിപത്യം പുതിയ റിപ്പബ്ലിക്കിന്റെ സ്വഭാവമായി സ്വീകരിക്കുകയും , എല്ലാ പൗരന്മാർക്കും സമത്വം നൽകുകയുമാണ് ഭരണഘടന ചെയ്തത്.
ഹിന്ദു രാഷ്ട്രം വേണമെന്നാവശ്യപ്പെട്ട് ഭരണഘടനയെ ശക്തമായി എതിർത്ത ആർഎസ്എസും ഹിന്ദു മഹാസഭയും ഒറ്റപ്പെട്ടും ദുർബ്ബലമായും തുടരുകയായിരുന്നു . 1951 ഒക്ടോബർ 25 നും 1952 ഫെബ്രുവരി 21 നും ഇടയിൽ നടന്ന ആദ്യ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ 16 എംപിമാരുമായി കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടാമത്തെ വലിയ കക്ഷിയായി ഉയരുകയും , ആർഎസ്പി, പിഡബ്ല്യുപി, ഫോർവേഡ് ബ്ലോക്ക് എന്നീ ഇടതുപക്ഷ കക്ഷികളും സോഷ്യലിസ്റ്റു പാർട്ടിയും യഥാക്രമം 22 ഉം 12 ഉം സീറ്റുകൾ നേടുകയും ചെയ്തപ്പോൾ , ഹിന്ദു മഹാസഭയും ജനസംഘവും യഥാക്രമം 4, 3 സീറ്റുകൾ മാത്രമാണ് നേടിയത്.
ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഭൂപടത്തിൽ വളർച്ച പ്രാപിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പാദമുദ്രകൾ നിമിത്തം , പുതുതായി പുനസ്സംഘടിതമായ കേരളസംസ്ഥാനത്തിൽ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ സഖാവ് ഇ എം എസ് നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റുകാർക്ക് വിജയം നേടാനായി. ഒരു സംസ്ഥാന സർക്കാരിനെ നയിക്കുന്ന ആദ്യത്തെ കോൺഗ്രസ് ഇതര പാർട്ടിയായി കമ്മ്യൂണിസ്റ്റുകാർ ഉയർന്നുവന്ന സന്ദർഭമായിരുന്നു അത്. ആ ഗവൺമെന്റിനെ അതിൻ്റെ മുഴുവൻ കാലാവധി പൂർത്തിയാക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ചില്ല. ഒരു പ്രതിപക്ഷ ഗവൺമെൻ്റിനെ കേന്ദ്രം താഴെയിറക്കുന്നതിൻ്റെ ആദ്യ ഇരയായി കേരളം മാറുകയായിരുന്നു. ഇപ്പോഴത്തെ മോദി കാലഘട്ടത്തിൽ ഈ പ്രവണത അസാധാരണമായ അനുപാതങ്ങൾ കൈവരിച്ചിരിക്കുന്നു.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ റാഡിക്കൽ പ്രവണതയും തേഭാഗ, തെലങ്കാന സമരങ്ങളുടെ വിപ്ലവവീര്യത്തെ വീണ്ടും ജ്വലിപ്പിക്കാൻ ശ്രമിച്ചു. തൽഫലമായിട്ടാണ് 1967 മെയ് മാസത്തിൽ നക്സൽബാരി സംഭവിച്ചത്. രണ്ട് വർഷത്തിന് ശേഷം സിപിഐ (എംഎൽ) രൂപീകൃതമായി. നക്സൽബാരിയിലുണ്ടായ കർഷക മുന്നേറ്റം രാജ്യത്തുടനീളം വിപ്ലവത്തിന്റെ പാതയെ ദീപ്തമാക്കിനിർത്തി. ഏറ്റവും നിഷ്ടുരമായ ഭരണകൂട അടിച്ചമർത്തലുകൾക്കിടയിലും അതിന്റെ സ്പിരിറ്റ് നിലനിന്നു. 1970 കളെ ജനകീയ വിമോചനത്തിന്റെ ദശകമാക്കി മാറ്റുക എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ ആ സമരോൽസുകമുന്നേറ്റം പരാജയപ്പെട്ടെങ്കിലും, അത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇന്ത്യയിലെ ഏറ്റവും അടിച്ചമർത്തപ്പെട്ട സാമൂഹിക വിഭാഗങ്ങളിലേക്കും പിന്നോക്ക മേഖലകളിലേക്കും ആഴത്തിൽ വേരൂന്നുന്ന ഒരു നിലയിലേക്ക് എത്തിച്ചു.
പൊതുതെരഞ്ഞെടുപ്പുകളുടെ കാര്യത്തിലായാലും, 1967-ന് ശേഷമുള്ള കാലഘട്ടത്തിലാണ് കമ്മ്യൂണിസ്റ്റ് സ്വാധീനത്തിൻ്റെ ഏറ്റവും വലിയ വികാസം സംഭവിച്ചത്, 1960-കളുടെ അവസാനത്തിലും പ്രത്യേകിച്ച് അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിലും കോൺഗ്രസിൻ്റെ ചരിത്രപരമായ തകർച്ചയുടെയും പിളർപ്പിൻ്റെയും തുടക്കത്തോടെ. ഭൂപരിഷ്കരണം, മെച്ചപ്പെട്ട കൂലിക്ക് വേണ്ടിയുള്ള സമരങ്ങൾ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ വഴിയായുള്ള ജനാധിപത്യപരമായ പ്രതിരോധം, എന്നിവയായിരുന്നു കമ്മ്യൂണിസ്റ്റ് സ്വാധീനം നിലനിർത്താനും വിപുലീകരിക്കാനും സഹായിച്ചത്. മൂന്ന് സംസ്ഥാനങ്ങളിൽ ഇടത്പക്ഷ സർക്കാരുകളെ നയിക്കാനും അറുപത് എം പി മാരെ പാർലമെൻ്റിലേക്ക് അയയ്ക്കാനും ഇടതുപക്ഷത്തിന് കഴിഞ്ഞു .
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി, തെരഞ്ഞെടുപ്പുകളിൽ ജയം നേടാനുള്ള ഇന്ത്യൻ ഇടതുപക്ഷത്തിൻ്റെ ശേഷിയിൽ തുടർച്ചയായതും ഗുരുതരമായതുമായ ഇടിവ് സംഭവിച്ചിട്ടുണ്ട് . പശ്ചിമ ബംഗാളിലെ തകർച്ചയ്ക്ക് കാരണമായത് ക്ഷേമ അജണ്ട കയ്യൊഴിഞ്ഞുകൊണ്ട് കോർപ്പറേറ്റ്കൾ നയിക്കുന്ന വികസന മാതൃകയുമായി ഇണങ്ങാൻ ശ്രമിക്കുംവിധത്തിൽ നടത്തിയ നയ ക്രമീകരണമാണ് . അഖിലേന്ത്യാ പശ്ചാത്തലത്തിൽ അതിവേഗം ഉയർന്നുവരുന്ന ഫാസിസ്റ്റ് ഏകീകരണത്താൽ സംസ്ഥാനത്തിനകത്ത് ഉടലെടുത്ത വലതുപക്ഷ വ്യതിയാനം, തന്മൂലം പെട്ടെന്നുതന്നെ ശക്തിപ്പെടുകയാണ് ഉണ്ടായത് . വാസ്തവത്തിൽ, ഇന്ന് ഇന്ത്യയിലെ ഫാസിസത്തിൻ്റെ ഉയർച്ചയും ദൃഢീകരണവും കമ്മ്യൂണിസ്റ്റുകാർക്ക് മാത്രമല്ല, ആധുനിക ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കും തുറന്നതും വൈവിധ്യപൂർണ്ണവുമായ ഒരു സമൂഹവുമെന്ന നിലയിലുള്ള ഭരണഘടനാപരമായ കാഴ്ചപ്പാടിന് തന്നെ ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നു. ജനാധിപത്യത്തിൻ്റെ ഏറ്റവും ധീരവും സ്ഥിരതയുള്ളതുമായ ചാമ്പ്യൻ എന്ന നിലയിലും, ഇന്ത്യൻ ഫാസിസത്തിൻ്റെ കടന്നാക്രമണത്തിനെതിരായ പ്രതിരോധത്തിൻ്റെ കോട്ടയായും കമ്മ്യൂണിസ്റ്റുകാർ ഈ ഘട്ടത്തിൽ സ്വയം പുനഃസ്ഥാപിക്കേണ്ടതുണ്ട്.
ഇന്നത്തെ ഇന്ത്യയിലെ ഫാസിസത്തിൻ്റെ ദേശീയവും ചരിത്രപരവുമായ പ്രത്യേകതകൾ ശ്രദ്ധിക്കുന്നതിന് ഇന്ത്യയിലെ ഫാസിസം എന്ന പൊതുപദത്തേക്കാൾ ഇന്ത്യൻ ഫാസിസം എന്ന പ്രയോഗമാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഇറ്റലി, സ്പെയിൻ, ജർമ്മനി എന്നിവിടങ്ങളിൽ ഫാസിസത്തിൻ്റെ ഉദയത്തിൻ്റെ ആദ്യ കാലഘട്ടത്തിൽ, സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ദേശീയമായ സവിശേഷതകളോടെ സാർവ്വദേശീയ മണ്ഡലത്തിൽ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രവണതയായി ഫാസിസത്തെ ശരിയായി തിരിച്ചറിഞ്ഞിരുന്നു. ഇന്ന് ഇന്ത്യയിൽ ഫാസിസത്തിൻ്റെ ഉദയം സംഭവിക്കുന്നത് തീവ്രവലതുപക്ഷത്തിൻ്റെ ആക്രമണാത്മകമായ പുതിയ കുതിച്ചുചാട്ടത്തിൻ്റെ ആഗോള പശ്ചാത്തലത്തിലാണ്. എന്നാൽ ചരിത്രപരമായി ആർഎസ്എസിന് ഇതിൽ ഉള്ള നിർണ്ണായക പങ്ക് കണക്കിലെടുക്കുമ്പോൾ , ഈ പ്രതിഭാസത്തിൻ്റെ സാധാരണ ഇന്ത്യൻ മാനങ്ങൾ നമുക്ക് ഒരിക്കലും അവഗണിക്കാനാവില്ല.
ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിലെ യൂറോപ്യൻ ഫാസിസത്തിന് വിവിധ സന്ദർഭങ്ങളിൽ ശക്തമായ ഉയർച്ചയും തകർച്ചയും ഉണ്ടായിരുന്നു. ഇതിൽനിന്ന് വ്യത്യസ്തമായി ഇന്ത്യൻ ഫാസിസത്തിന് ഉണ്ടായിട്ടുള്ളത് സാവധാനവും തുടർച്ചയായതുമായ ഉയർച്ചയായിരുന്നു. കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ മാത്രം , പ്രത്യേകിച്ച് 2014-ലെ മോദി ഭരണത്തിന്റെ അധികാരാരോഹണത്തിന് ശേഷം അത് ഗതിവേഗം ആർജ്ജിക്കുകയായിരുന്നു. ഇന്ത്യൻ സമൂഹത്തിൻ്റെ, പ്രത്യേകിച്ച് ജാതി വ്യവസ്ഥ, പുരുഷാധിപത്യ ക്രമം, ഫ്യൂഡൽ അംശങ്ങളുടെ അതിജീവനം എന്നിവയുടേതായ പിന്തിരിപ്പൻ മൂല്യങ്ങളിൽനിന്നാണത് ശക്തി പ്രാപിച്ചത് . വിജയകരമായ ഒരു ജനാധിപത്യ വിപ്ലവത്തിലൂടെ മാത്രം സാദ്ധ്യമാകുന്ന നിർണ്ണായകമായ വിഛേദത്തിന്റെ അഭാവത്തിൽ, ഇന്ത്യൻ ഫാസിസം പാർലമെൻ്ററി ജനാധിപത്യത്തിൻ്റെ വ്യവസ്ഥിത സംവിധാനത്തിലേക്ക് ആഴത്തിൽ കടന്നുകയറുകയും ഇന്ത്യയുടെ ചങ്ങാത്ത മുതലാളിത്തവുമായി ഒരു സങ്കീർണ്ണമായ ബന്ധം സ്ഥാപിക്കുകയും ചെയ്തു. യുഎസ്-ഇസ്രായേൽ അച്ചുതണ്ടുമായുള്ള ഇന്ത്യൻ ഭരണകൂടത്തിന്റെ തന്ത്രപരമായ പങ്കാളിത്തം, ഇന്ത്യൻ വിപണിയുടെയും ഇന്ത്യയുടെ വിഭവങ്ങളുടെയും ആഗോള ആകർഷണങ്ങൾ, അന്താരാഷ്ട്ര രംഗത്ത് ഇന്ത്യൻ പ്രവാസികളുടെ വർദ്ധിച്ചുവരുന്ന സാന്നിദ്ധ്യം എന്നിവയും ഇത് പ്രയോജനപ്പെടുത്തുന്നു. സയണിസവുമായുള്ള ഹിന്ദുത്വത്തിന്റെ അടുത്ത പ്രത്യയശാസ്ത്ര ബന്ധവും , ദേശീയ യാഥാസ്ഥിതികതയുടെ ഉയർന്നുവരുന്ന അന്താരാഷ്ട്ര ബ്രാൻഡിന് കീഴിൽ മറ്റ് തീവ്ര വലതുപക്ഷ പ്രത്യയശാസ്ത്രങ്ങൾക്കിടയിൽ സ്ഥാനം പിടിച്ചുള്ള അതിന്റെ വ്യാപനവും നാം ശ്രദ്ധിക്കേണ്ടതാണ്.
വർദ്ധിച്ചുവരുന്ന ഫാസിസ്റ്റ് ആക്രമണത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് കെട്ടിപ്പടുക്കുന്നതിന്,
അദ്ധ്വാനിക്കുന്ന ജനങ്ങളുടെ സുസ്ഥിരമായ കോർപ്പറേറ്റ് വിരുദ്ധ അണിനിരത്തലിനൊപ്പം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ജാതിവിരുദ്ധ, പുരുഷാധിപത്യ വിരുദ്ധ പോരാട്ടങ്ങളുടെ മൂർച്ച കൂട്ടേണ്ടതുണ്ട്. ഭരണകൂട അധികാരത്തിൽ വേരൂന്നിയ ഫാസിസ്റ്റ് ശക്തികളിൽ നിന്ന് രക്ഷപ്പെടാൻ ഒരിക്കലും എളുപ്പത്തിൽ കഴിഞ്ഞിട്ടില്ലെങ്കിലും, തിരഞ്ഞെടുപ്പ് രംഗത്ത് ഫാസിസ്റ്റ് ക്യാമ്പിനെ ദുർബ്ബലപ്പെടുത്താനും ഒറ്റപ്പെടുത്താനും സാധിക്കണം. ഭരണഘടനയെയും റിപ്പബ്ലിക്കിനെയും ഫാസിസ്റ്റ് ശക്തികളുടെ പിടിയിൽ നിന്ന് രക്ഷിക്കാനും എല്ലാ ശ്രമങ്ങളും നടത്തണം. വിദ്വേഷത്തിൻ്റെയും നുണകളുടെയും അക്രമത്തിൻ്റെയും ഫാസിസ്റ്റ് ക്യാമ്പെയിനുകളെ ചെറുക്കാനും , ജനങ്ങളുടെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കാനും, ഫാസിസ്റ്റ് ഭരണകൂടത്തെ എതിർക്കുന്ന എല്ലാ ശക്തികളെയും പരമാവധി അണിനിരത്തേണ്ടത് അനിവാര്യമാണ്. യുണൈറ്റഡ് ഫ്രണ്ട് തന്ത്രത്തിൻ്റെ പൂർണ്ണമായ വിനിയോഗം ഇത് തീർച്ചയായും ആവശ്യപ്പെടുന്നു.
നമ്മൾ ഇപ്പോൾ ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തോട് അടുക്കുകയാണ്. ഭരണഘടന അംഗീകരിക്കുന്ന സമയത്ത് തന്നെ, റിപ്പബ്ലിക്കിൻ്റെ യാത്രയെ തടസ്സപ്പെടുത്തുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന അപകടങ്ങളെക്കുറിച്ച് അതിൻ്റെ ശില്പികൾ നമുക്ക് മുന്നറിയിപ്പ് നൽകിയിരുന്നു എന്നത് ശ്രദ്ധേയമാണ്. 1949 നവംബർ 25-ന് ഭരണഘടന അംഗീകരിക്കുന്നതിൻ്റെ തലേന്ന് ഭരണഘടനാ അസംബ്ലിയിൽ ഡോ. ബി ആർ അംബേദ്കർ നടത്തിയ പ്രസംഗത്തിൽ ഏറ്റവും ഉൾക്കാഴ്ചയുള്ള ചില പരാമർശങ്ങൾ കാണാം. ഭരണഘടനാ അസംബ്ലി നിയോഗിച്ച ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അദ്ധ്യക്ഷസ്ഥാനത്തിരുന്ന് അംബേദ്കർ അന്ന് നൽകിയ മുന്നറിയിപ്പ് ഇങ്ങനെയായിരുന്നു : "എത്ര നല്ല ഭരണഘടനയാണെങ്കിലും, അത് പ്രവർത്തിപ്പിക്കാൻ വിളിക്കപ്പെടുന്നവർ മോശമായാൽ അത് മോശമായി മാറുമെന്ന് ഉറപ്പാണ്" രൂപീകരണ വർഷങ്ങളിൽ ഭരണഘടനയോടും അതിൻ്റെ അടിസ്ഥാന ആശയങ്ങളോടും തത്വങ്ങളോടും പ്രത്യക്ഷമായി എതിർപ്പ് പുലർത്തിയിരുന്ന ആർഎസ്എസ് ഇന്ന് ഭരണകൂടത്തിൻ്റെ കടിഞ്ഞാണ് പിടിച്ചിരിക്കുമ്പോൾ ഈ വിരോധാഭാസത്തിൻ്റെ ഫലം അനുഭവിക്കുക വഴി നാം ഇന്ന് അഭിമുഖീകരിക്കുന്നത് അത്തരമൊരു ഘട്ടത്തെയാണ്. ഭൂരിപക്ഷവാദം നിയമമാണെന്ന് വിധിക്കുന്ന ഹൈക്കോടതി ജഡ്ജിമാരും, ബിജെപിയിതര സംസ്ഥാന സർക്കാരുകളെ തടസ്സപ്പെടുത്താനും അട്ടിമറിക്കാനും പ്രത്യേക താൽപര്യം കാണിക്കുന്ന ഗവർണർമാരും, സംശയാസ്പദമായ ഭരണഘടനാവിരുദ്ധ നിയമങ്ങൾ പാസ്സാക്കാൻ മാത്രമായും , വിയോജിപ്പുകളുടെയും സംവാദങ്ങളുടെയും അറവുശാലയായും പാർലമെൻ്റ് സമ്മേളനങ്ങൾ ഉപയോഗിക്കപ്പെടുന്ന അവസ്ഥ നമ്മുടെ മുന്നിൽ ഉണ്ട്. മുൻപ് സൂചിപ്പിച്ച അതേ അഭിസംബോധനയിൽ, രാഷ്ട്രീയത്തിലെ ഭക്തി, വീരാരാധന,എന്നിവയെ "അധഃപതനത്തിലേക്കും ആത്യന്തിക സ്വേച്ഛാധിപത്യത്തിലേക്കും ഉള്ള ഉറപ്പായ വഴി" എന്ന് അംബേദ്കർ വിശേഷിപ്പിക്കുകയും രാഷ്ട്രീയ ജനാധിപത്യത്തെ സാമൂഹിക ജനാധിപത്യം ഉപയോഗിച്ച് ശക്തിപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. അതിന്നും ഒരു വർഷം മുമ്പ് , ഭരണഘടനയുടെ കരട് അവതരിപ്പിക്കുമ്പോൾ അദ്ദേഹം ഇന്ത്യയിലെ ജനാധിപത്യത്തെ "ഇന്ത്യൻ മണ്ണിലെ ഒരു ടോപ്പ് ഡ്രസ്സിംഗ്" (ബാഹ്യാവരണം ) എന്ന് വിശേഷിപ്പിച്ചിരുന്നു. ഭരണഘടനാപരമായ 'ടോപ്പ് ഡ്രസ്സിംഗ്' നിലനിർത്തുന്നതിനായി ഇന്ത്യൻ സാമൂഹിക മണ്ണിൻ്റെ ജനാധിപത്യവൽക്കരണത്തിന്നുള്ള ചുമതലയാണ് അദ്ദേഹം ഉയർത്തിക്കാട്ടിയത് .
റിപ്പബ്ലിക്കിൻ്റെ കാതലായ ഘടകങ്ങളായി ഭരണഘടന ഉയർത്തിപ്പിടിച്ചത് വ്യക്തിഗത പൗരന്മാരെയാണ്, അല്ലാതെ ഏറെ കാല്പനികവൽക്കരിക്കപ്പെട്ട പരമ്പരാഗത ഗ്രാമീണ സമൂഹങ്ങളെയല്ല ; കൂടാതെ , അവരുടെ എല്ലാ വൈവിദ്ധ്യങ്ങൾക്കിടയിലും 'നാം , ഇന്ത്യയിലെ ജനങ്ങൾ ' എന്ന പ്രയോഗത്തിലൂടെയുള്ള കൂട്ടായ ജനാധിപത്യ സ്വത്വത്തിന് മുൻഗണന നൽകി എന്നതും ശ്രദ്ധേയമാണ്. ഇന്ത്യ ഇതിനകം ഒരു രാഷ്ട്രമായി മാറിയിരിക്കുന്നു എന്ന വ്യാമോഹപരമായ ആശയം അവതരിപ്പിക്കുന്നതിന്റെ സ്ഥാനത്തായിരുന്നു ഇങ്ങനെയൊരു വീക്ഷണം . ജാതിയെ ഏറ്റവും വലിയ രാഷ്ട്രവിരുദ്ധ പ്രതിബന്ധമായി അംബേദ്കർ കണക്കാക്കുകയും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ അവിഭാജ്യമായ ത്രിത്വത്തെ സാമൂഹിക ജനാധിപത്യത്തിൻ്റെയും ദേശീയ ഐക്യത്തിൻ്റെയും അടിത്തറയായി ഊന്നിപ്പറയുകയും ചെയ്തു. ഭൂരിപക്ഷവാദത്തിൻ്റെയും അമിത കേന്ദ്രീകരണത്തിൻ്റെയും ആപത്തുകൾക്കും എതിരെ ഭരണഘടന ജീവൽ പ്രധാനമായിരുന്നു.ന്യൂനപക്ഷ അവകാശങ്ങളും ഫെഡറൽ താൽപ്പര്യങ്ങളും മാരകമായ ഭീഷണികളിൽ നിന്ന് സംരക്ഷിക്കുന്നതിൽ അംബേദ്കർ ശ്രദ്ധാലുവായിരുന്നു. ഹിന്ദുരാജ് യാഥാർത്ഥ്യമാകുന്നത് ഇന്ത്യയുടെ ഏറ്റവും വലിയ വിപത്തായിരിക്കുമെന്നും എന്തുവിലകൊടുത്തും അത് തടയേണ്ടതുണ്ടെന്നുമുള്ള ഏറ്റവും വ്യക്തമായ മുന്നറിയിപ്പും നമുക്ക് ഓർക്കാം.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇന്ന് ഇന്ത്യയെ ഈ വിപദ്ഘട്ടത്തിൽ നിന്ന് കരകയറ്റേണ്ടതുണ്ട് . ഭരണകൂട അധികാരത്തിൻ്റെ ദണ്ഡ് ഉപയോഗിച്ച് അനുദിനം ഉൽപാദിപ്പിക്കപ്പെടുന്ന വിപത്തിനെ പല്ലും നഖവും ഉപയോഗിച്ച് ചെറുത്തുതോൽപ്പിക്കേണ്ടിവരും ; റിപ്പബ്ലിക്കിനെ തകർച്ചയിൽനിന്ന് രക്ഷിക്കാനും ജനാധിപത്യത്തെ ശക്തമായ അടിത്തറയിൽ ഉറപ്പിക്കാനും വേണ്ടി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അവസരത്തിനൊത്ത് ഉയരുകയും സമൂഹത്തിൻ്റെയും ഭരണകൂടത്തിൻ്റെയും സമഗ്രമായ ജനാധിപത്യവൽക്കരണത്തിലൂടെ ഫാസിസത്തിൻ്റെ നിർണ്ണായകമായ പരാജയം ഉറപ്പാക്കുകയും വേണം.
സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മുന്നിൽ പരിഹരിക്കപ്പെടാത്ത വെല്ലുവിളികൾക്ക് പരിഹാരം കാണേണ്ട ഉത്തരവാദിത്തം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർക്കും ഉണ്ട്. സോവിയറ്റ് യൂണിയൻ്റെ തകർച്ചയ്ക്ക് പിന്നിൽ ബാക്കിയാവുന്ന ചോദ്യങ്ങളുണ്ട്. വിപ്ലവാനന്തര സാഹചര്യത്തിലായാലും മറ്റുതരത്തിൽ ആയാലും ഭരണസ്ഥാനങ്ങളിൽ ഇരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് അവ പ്രത്യേകിച്ചും പ്രസക്തമാണ്. സോവിയറ്റ് യൂണിയനിൽ ഒടുവിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ജനങ്ങളിൽ നിന്ന് വളരെ വിച്ഛേദിക്കപ്പെട്ടു, ഭരണകൂടത്തിൻ്റെ ദണ്ഡനനീതിയിലും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം നിറഞ്ഞ സംവിധാനത്തിലും പൂർണ്ണമായും മുഴുകിയ ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം പുറത്തുനിന്നോ ഉള്ളിൽ നിന്നോ വലിയ സൈനിക ഇടപെടലില്ലാതെ മുഴുവൻ ഘടനയും ആവിയായിത്തീരുകയായിരുന്നു . സാമ്പത്തികമായ സ്തംഭനത്തിനും വിദേശനയത്തിലെ വൈകല്യങ്ങൾക്കും പുറമെ, ആഭ്യന്തര ജനാധിപത്യത്തിൻ്റെയും ചലനാത്മകതയുടെയും സ്പഷ്ടമായ വലിയ അഭാവമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണപരമായ പങ്കിനുള്ള ജനപിന്തുണയും നിയമസാധുതയും പോലും നഷ്ടപ്പെടുത്താൻ ഇടയാക്കിയത്. പാർട്ടിയും ജനങ്ങളും തമ്മിലും , 'ജനങ്ങളിൽ നിന്ന് ജനങ്ങളിലേക്കും' ഉള്ള ആശയവിനിമയത്തിൻ്റെ അപചയം ജനങ്ങളും പാർട്ടിയും ഭരണകൂടവും തമ്മിലുള്ള സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നു. ഏതൊരു സജ്ജീകരണത്തിലും അധികാരത്തിലിരിക്കുന്ന കമ്മ്യൂണിസ്റ്റുകാർ ജനാധിപത്യം, സുതാര്യത, ഉത്തരവാദിത്തം എന്നിവയുടെ കാര്യത്തിൽ ബൂർഷ്വാ സമ്പ്രദായങ്ങളെ പിന്തുടരുന്നവരെയപേക്ഷിച്ച് മികച്ചവരായി കാണപ്പെടണം . സോവിയറ്റ് പരാജയത്തിൽ നിന്ന് എല്ലായിടത്തുമുള്ള കമ്മ്യൂണിസ്റ്റുകൾ പഠിക്കേണ്ട ഒരു പ്രധാന പാഠമാണിത്.
പുനർവ്വിതരണത്തിലെ തുല്യത , ദാരിദ്ര്യവും തൊഴിലില്ലായ്മയും നിർമ്മാർജ്ജനം ചെയ്യൽ, അദ്ധ്വാനിക്കുന്ന ജനങ്ങളുടെ ജീവിതസാഹചര്യങ്ങളിലും അടിസ്ഥാനപരമായ മെച്ചപ്പെടുത്തലുകൾ , ഇവയുടെ കാര്യത്തിൽ സോഷ്യലിസ്റ്റ് മാതൃകകൾ എല്ലായിടത്തും സ്വയം അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഉൽപ്പാദന പ്രക്രിയകൾ, യന്ത്രങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും ഉപയോഗം, പാരിസ്ഥിതിക പ്രതിസന്ധി , മാനുഷികമായ അന്യവൽക്കരണം എന്നിവയുടെ പ്രതികൂല പ്രത്യാഘാതങ്ങൾ വരുമ്പോൾ, നിലവിലുള്ള സോഷ്യലിസത്തെ മുതലാളിത്തത്തിൽ നിന്ന് വേർതിരിക്കുന്ന അംശങ്ങൾ വളരെ കുറവാണ്. ഇന്നത്തെ കാലാവസ്ഥാപ്രതിസന്ധി, പാരിസ്ഥിതികത്തകർച്ച, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, തൊഴിലാളികളെ കുടിയൊഴിപ്പിക്കുന്ന സാങ്കേതികവിദ്യകളുടെ വിവേചനരഹിതമായ ഉപയോഗം മൂലം ആവർത്തിച്ചുണ്ടാകുന്ന പ്രയാസങ്ങൾ , എന്നിവയ്ക്ക് പരിഹാരം തേടുന്ന സോഷ്യലിസ്റ്റ് മാതൃകകൾ നശീകരണാത്മകവും ദുരന്തവാഹിയുമായ മുതലാളിത്തത്തിൻ്റെ പാതകളിൽ നിന്ന് ഗുണപരമായി വേറിട്ടുനിൽക്കേണ്ടത്തിന്റെ പ്രധാന്യം വിളിച്ചോതുന്ന മറ്റൊരു മേഖലയാകണം.
ഉപസംഹരിക്കാൻ വേണ്ടി , ഞാൻ ഇന്നത്തെ നിർബന്ധിത ദേശീയ സന്ദർഭത്തിലേക്ക് മടങ്ങട്ടെ. ചരിത്രം സാക്ഷ്യപ്പെടുത്തുന്നതുപോലെ , കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വൈവിദ്ധ്യമാർന്ന ധാരകളിലേക്കും രൂപീകരണങ്ങളിലേക്കും ശാഖകളായി പിരിഞ്ഞു. ഇന്ന് നമ്മുടെ റിപ്പബ്ലിക്കിൻ്റെ അഭൂതപൂർവമായ പ്രതിസന്ധിയുടെയും ഭരണഘടനാപരമായ നിയമവാഴ്ചയുടെയും പശ്ചാത്തലത്തിൽ, കമ്മ്യൂണിസ്റ്റുകാർ ആവശ്യമായ അടിയന്തര ബോധത്തോടെ പരസ്പരം കൂടുതൽ അടുക്കേണ്ടതുണ്ട്. പൊരുതുന്ന അണികളുടെ ഐക്യം കൂടുന്തോറും ഫാസിസ്റ്റ് വിരുദ്ധ പ്രതിരോധം ശക്തമാവുകയും ഇന്ത്യയുടെ ജനാധിപത്യത്തിൻ്റെ ഭാവി ശോഭനമാവുകയും ചെയ്യും. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ വ്യാഖ്യാനിച്ചുകൊണ്ട്, സ്വാതന്ത്ര്യത്തിൻ്റെ വാഗ്ദാനങ്ങൾ വീണ്ടെടുക്കാൻ കാത്തിരിക്കുമ്പോൾ നഷ്ടപ്പെടാൻ ഫാസിസത്തിൻ്റെ ചങ്ങലകളല്ലാതെ മറ്റൊന്നും ഇല്ലെന്ന് നമുക്ക് പറയാം.
--
You cannot build anything on the foundations of caste. You cannot build up
a nation, you cannot build up a morality. Anything that you will build on
the foundations of caste will crack and will never be a whole.
-AMBEDKAR
No comments:
Post a Comment