Saturday, 25 January 2025

          
         
 ഇന്ത്യയുടെ 'യഥാർത്ഥ സ്വാതന്ത്ര്യം'         എന്ന ദുഷിച്ച RSS ഭാഷ്യം 

         
എം എൽ അപ്ഡേറ്റ്  എഡിറ്റോറിയൽ (ജനുവരി  22- 28, 2025) 

  


 



കർക്കപ്പെട്ട ബാബറി മസ്ജിദിൻ്റെ സ്ഥാനത്ത് സർക്കാർ സ്‌പോൺസർ ചെയ്‌ത രാമക്ഷേത്ര പ്രതിഷ്ഠ ഇന്ത്യയുടെ 'യഥാർത്ഥ സ്വാതന്ത്ര്യ'ത്തിൻ്റെ നിർണായക നിമിഷമാണെന്ന് വിശേഷിപ്പിച്ച മോഹൻ ഭാഗവതിൻ്റെ പ്രസ്താവന, ദേശീയതയെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ആർഎസ്എസ് വീക്ഷണം യഥാർത്ഥ ചരിത്രത്തിന് തികച്ചും വിരുദ്ധമാണെന്ന് ഒരിക്കൽ കൂടി നമ്മെ ഓർമ്മിപ്പിക്കുന്നു.  ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പ്രവർത്തിച്ച  അഭിലാഷവും,  ആർ.എസ്.എസിൻ്റെ ചരിത്രവും പ്രത്യയശാസ്ത്രവും കണക്കിലെടുക്കുമ്പോൾ, സംഘപരിവാർ  മേധാവിയുടെ ഇത്തരമൊരു പ്രസ്താവന ഒരുപക്ഷെ പ്രതീക്ഷിക്കാവുന്നതേയുള്ളൂ.  എന്നാൽ ഇപ്പോൾ മോദി സർക്കാരിലൂടെ ആർഎസ്എസ് രാഷ്ട്രീയ അധികാരത്തിൽ അഭൂതപൂർവമായ രീതിയിൽ പിടിമുറുക്കിയിരിക്കുകയാണ്. റിപ്പബ്ലിക് ഓഫ് ഇന്ത്യ സ്ഥാപിച്ചതിൻ്റെ 75-ാം വാർഷികത്തിൻ്റെ തലേന്ന് വ്യക്തമാക്കപ്പെട്ട  ആർഎസ്എസിൻ്റെ പതിവ് പ്രത്യയശാസ്ത്ര നിലപാട് സ്വാതന്ത്ര്യ സമരത്തിൻ്റെ പാരമ്പര്യത്തെയും ഇന്ത്യൻ ഭരണഘടനയുടെ മതേതര ജനാധിപത്യ സ്വഭാവത്തെയും നിരാകരിച്ചു കൊണ്ടുള്ള യഥാർത്ഥമായ  ഒരു യുദ്ധ പ്രഖ്യാപനത്തിന് തുല്യമാണ്.   

 1925-ൽ ആർ എസ്സ് എസ്സ്  സ്ഥാപിതമായത്, കൊളോണിയൽ അധീനതയിൽ നിന്നുള്ള സമ്പൂർണ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഉണർവിനും വാദത്തിനും ഇന്ത്യ സാക്ഷ്യം വഹിച്ച  അതേ സമയത്താണ്.  സ്വാതന്ത്ര്യസമരത്തിൻ്റെ വിവിധ ധാരകൾക്കിടയിൽ, സമര രൂപങ്ങളെയും അണിനിരത്തലിനെയും കുറിച്ചും , കൊളോണിയൽ അനന്തര സാമൂഹിക രാഷ്ട്രീയ ക്രമത്തിൻ്റെ സ്വഭാവത്തെ കുറിച്ചും, തീർച്ചയായും ചർച്ചകളും ഭിന്നതകളും ഉണ്ടായിരുന്നു.  ഇന്ത്യൻ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിലെ  സ്ഥാപക തലമുറയായ ഭഗത് സിംഗിനും സഖാക്കൾക്കും ഒരു സോഷ്യലിസ്റ്റ് ഇന്ത്യ എന്ന കാഴ്ചപ്പാട് ആണ് ഉണ്ടായിരുന്നത്.  കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള കർഷക പ്രസ്ഥാനം ഭൂപ്രഭുത്വത്തെ സമ്പൂർണമായി ഉന്മൂലനം ചെയ്യാനുള്ള ആഹ്വാനത്തിന്റെ  ബാനർ ഉയർത്തി;  അംബേദ്കർ ജാതി ഉന്മൂലനത്തിന് ആഹ്വാനം ചെയ്തു, സുഭാഷ് ബോസും നെഹ്‌റുവും ആസൂത്രിത സമ്പദ്‌വ്യവസ്ഥയ്ക്ക് വേണ്ടി വാദിച്ചു.  എന്നാൽ , ബ്രിട്ടീഷ് കൊളോണിയലിസവുമായി സഹകരിച്ച് വർഗീയ രാഷ്ട്രീയം പ്രസംഗിച്ചും പ്രയോഗിച്ചും  'വിഭജിച്ച് ഭരിക്കുക' എന്ന അതിൻ്റെ തന്ത്രം സുഗമമാക്കിയ ഒരേയൊരു പ്രത്യയശാസ്ത്ര പ്രവണത ഹിന്ദു മഹാസഭയും , ആർഎസ്എസും , ഒപ്പം  മുസ്ലീം ലീഗും പിന്തുടരുകയായിരുന്നു.  ദേശസ്നേഹികളും ജനാധിപത്യവാദികളുമായ  ഇന്ത്യക്കാർ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്ന കൊളോണിയൽ വിരുദ്ധ കലാപങ്ങളിൽ നിന്നും വിപ്ലവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിരുന്നു, എന്നാൽ ആർഎസ്എസിൻ്റെ പ്രത്യയശാസ്ത്ര പ്രേരണയും സംഘടനാ മാതൃകയും ഇറ്റലിയിലെ മുസ്സോളിനിയിൽ നിന്നും ജർമ്മനിയിലെ ഹിറ്റ്ലറിൽ നിന്നുമാണ് അവർക്ക് ലഭിച്ചത്. 

 കൊളോണിയൽ ഇന്ത്യയിൽ ഒരു യഥാർത്ഥ ദേശീയ ഉണർവ് ആവശ്യപ്പെട്ടത് ദേശീയ വിമോചനത്തിനായുള്ള ഉറച്ച കൊളോണിയൽ വിരുദ്ധ പ്രേരണ മാത്രമല്ല,  മതത്തിൻ്റെ അതിരുകൾക്കപ്പുറത്തുള്ള സാമൂഹിക ഐക്യദാർഢ്യത്തിൻ്റെ ശക്തമായ മാനവിക ബന്ധത്തിൽ കാലുറപ്പിക്കുകയും,  ബ്രാഹ്മണമതം വളർത്തിയെടുക്കുന്ന ജാതി അടിസ്ഥാനമാക്കിയുള്ള ദേശവിരുദ്ധതയുടെ പ്രതിബന്ധങ്ങളെ നിരാകരിക്കുകയുമാണ് അത് ചെയ്തത്. ബഹുജൻ ഭൂരിപക്ഷത്തെ ഒഴിവാക്കുകയും പാർശ്വവൽക്കരിക്കുകയും ചെയ്യുന്ന ശ്രേണീബദ്ധമായ  അസമത്വത്തിൻ്റെ വ്യവസ്ഥയും , അത്  കൈകാര്യം ചെയ്ത പുരുഷാധിപത്യത്തിൻ്റെ ചങ്ങലകളും  സ്ത്രീകളെ വിദ്യാഭ്യാസത്തിൽ നിന്നും പൊതുജീവിതത്തിൽ നിന്നും അകറ്റിനിർത്തുകയായിരുന്നു.  കുട്ടികളെ ഉൽപ്പാദിപ്പിക്കുന്ന യന്ത്രങ്ങളായും വീട്ടുവേലക്കാരായും സ്ത്രീകളെ  ഗാർഹിക മേഖലകളിൽ ഒതുക്കിനിർത്തേണ്ടത് അവർക്കാവശ്യ മായിരുന്നു.  ദേശീയതയുടെ കൊളോണിയൽ വിരുദ്ധവശം സംബന്ധിച്ച  പരീക്ഷണത്തിൽ ആർഎസ്എസ് പരാജയപ്പെടുക മാത്രമല്ല, ഈ വശത്തെ എതിർക്കുന്ന  ബ്രാഹ്മണിക്കൽ ക്രമവുമായി ആർ എസ്സ് എസ്സ്  ആഴത്തിൽ ഐക്യപ്പെടുകയും ചെയ്തു.  ആധുനിക ഇന്ത്യക്ക് വേണ്ടിയുള്ള ഭരണഘടനാ സംഹിതയിലേക്കുള്ള അംബേദ്കറുടെ യാത്ര ആരംഭിച്ചത് മനുസ്മൃതിയുടെ,  ബ്രാഹ്മണ-പിതൃാധിപത്യ സാമൂഹിക അടിമത്തത്തിൻ്റെ ധീരവും ശക്തമായതുമായ നിഷേധത്തോടെയാണ്. ആർഎസ്എസ് മനുസ്മൃതിയെ സ്വീകരിക്കുകയും അംബേദ്കറുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയ ഭരണഘടനയെ നിരാകരിക്കുകയും ചെയ്തതിൽ അതിശയിക്കാനില്ല. അതിനുള്ള പ്രചോദനത്തിൽ 'ഭാരതീയ'മായി ഒന്നുമില്ല എന്നതാണ് സത്യം. 

 വിഭജനത്തിൻ്റെ ആഘാതവും മരണവും നാശവും കുടിയിറക്കലും ഉണ്ടായിട്ടും, സ്വാതന്ത്ര്യ സമരത്തിൻ്റെ മതേതര ജനാധിപത്യ സമത്വ ധാർമ്മികതയെ തളർത്താൻ ആർഎസ്എസ്- ഹിന്ദുമഹാസഭ കൂട്ടുകെട്ടിനു കഴിഞ്ഞില്ല.  വിശേഷിച്ചും  മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം ആർഎസ്എസ് ഒറ്റപ്പെടുകയും വലിയ തോതിൽ ജനങ്ങളാൽ അവമതിക്ക പ്പെടുകയും ചെയ്തു, ഗാന്ധി വധത്തെ തുടർന്ന് സർദാർ പട്ടേൽ ഏർപ്പെടുത്തിയ നിരോധനത്തിൽ നിന്ന് പുറത്തുകടക്കുന്നതിന് അവർക്ക്  ഭരണഘടനയോടും ത്രിവർണ്ണ ദേശീയ പതാകയോടും കൂറ് പ്രഖ്യാപിക്കേണ്ടി വന്നു.                                                          1952-ൽ നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പ് സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ-സാമ്പത്തിക ദിശയേക്കുറിച്ച് സൂചന നൽകുന്ന യഥാർത്ഥ റഫറണ്ടമായി മാറി.  തെരഞ്ഞെടുക്കപ്പെട്ട 489 പാർലമെൻ്റംഗങ്ങളുണ്ടായിരുന്ന അന്നത്തെ  ലോക് സഭയിൽ  ആർ എസ്സ് എസ്സ് നിയന്ത്രിച്ച ജനസംഘിനും, ഹിന്ദു മഹാസഭയ്ക്കും   അഖിൽ ഭാരതീയ രാം രാജ്യ പരിഷത്തിനും ആകെക്കൂടി വെറും 10 സീറ്റുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. 
ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം, 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ത്യൻ ജനത ഭരണഘടനയ്‌ക്കെതിരായ വർദ്ധിച്ചുവരുന്ന അപകടം മനസ്സിലാക്കിത്തുടങ്ങിയെന്ന് ഒരിക്കൽക്കൂടി കാണിച്ചുതന്നു.  മതേതര ജനാധിപത്യ ഇന്ത്യയെ വർഗീയ ഫാസിസ്റ്റ് ക്രമമാക്കി മാറ്റാനുള്ള സംഘ്-ബിജെപി പദ്ധതിക്കെതിരായ ജനകീയ ചെറുത്തുനിൽപ്പിൻ്റെ അടയാളങ്ങളാൽ രോഷാകുലരായ സംഘ്-ബിജെപി സംവിധാനങ്ങൾ, സ്വാതന്ത്ര്യ സമരത്തെ തന്നെ മൂല്യച്യുതി വരുത്താനും അപകീർത്തിപ്പെടുത്താനും,  ഹിന്ദു മേൽക്കോയ്മയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ദേശീയതയെ  പുനർനിർവചിക്കുന്നതിനുള്ള ഒരു പ്രതിവാദം സൃഷ്ടിക്കാനും ശ്രമിക്കുകയാണ്. "യഥാർത്ഥ" സ്വാതന്ത്ര്യമായി 
 മോഹൻ ഭഗവത് കണ്ടെത്തിയതിനെയും , അംബേദ്കറെ കുറിച്ച് അമിത് ഷാ നടത്തിയ നിന്ദ്യമായ പരാമർശങ്ങളെയും  ഒരു പാക്കേജായി കാണണം, സ്വാതന്ത്ര്യ സമര ചരിത്രത്തിനും അതിൽ നിന്ന് ഉരുത്തിരിഞ്ഞ ഭരണഘടനാ ദർശനത്തിനും അടിത്തറയ്ക്കും നേരെ ഒരേസമയം അഴിച്ചു വിടപ്പെട്ട ഒരു ദ്വിമുഖ ആക്രമണം ആണ് അത്.  അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് അനുകൂലമായ സുപ്രീം കോടതി വിധി, അയോധ്യ തർക്കം പരിഹരിക്കുന്നതിനുള്ള ഒരു അനുരഞ്ജന സംവിധാനം എന്ന നിലയിൽ ഉദ്ദേശിച്ചുള്ളതാണ്, അതേസമയം മറ്റ് പള്ളികൾക്കെതിരെ ഉന്നയിക്കുന്ന സമാനമായ  അവകാശവാദങ്ങൾ എന്നെന്നേക്കുമായി അനുവദിക്കരുത്.  എന്നാൽ, 1991-ലെ മത ആരാധനാലയങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമം തിരുത്താനും , ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൻ്റെ ചരിത്രവും അർത്ഥവും പുനർനിർവചിക്കാനും വേണ്ടി,  സുപ്രീം കോടതി അനുവദിച്ച ഇളവ് മുതലാക്കാനാണ് സംഘ്-ബിജെപി ബ്രിഗേഡ് ഇപ്പോൾ ശ്രമിക്കുന്നത്.

 സാധാരണക്കാരുടെ ജീവിതത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന വർദ്ധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ഭാഗവത്  ബോധവാനാണ്.  അതുകൊണ്ട് അദ്ദേഹം രാമക്ഷേത്രത്തെ ഇന്ത്യയുടെ 'യഥാർത്ഥ സ്വാതന്ത്ര്യ'ത്തിൻ്റെ അടയാളമായി മാത്രമല്ല, ഇന്ത്യയുടെ സാമ്പത്തിക പ്രശ്‌നങ്ങൾക്കുള്ള പരിഹാരമായും അവതരിപ്പിക്കുന്നു, മെച്ചപ്പെട്ട ഉപജീവനത്തിലേക്കുള്ള പാത ക്ഷേത്രത്തിലൂടെ കടന്നുപോകുന്നുണ്ടെന്ന് അവകാശപ്പെടുന്നു.  ഇസ്രയേലിനെ മാതൃകയാക്കിക്കൊണ്ട് ആത്മീയ നവോത്ഥാനത്തിൻ്റെയും സാംസ്കാരിക ദേശീയതയുടെയും അടിസ്ഥാനത്തിൽ സാമ്പത്തിക വികസനത്തെക്കുറിച്ചുള്ള തൻ്റെ തീസിസ് ഊട്ടിയുറപ്പിക്കാൻ അദ്ദേഹം ശ്രമിക്കുന്നു!  കേവല ഭൂമിശാസ്ത്രപരമായി പറഞ്ഞാൽ, പത്ത് ദശലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള ഇസ്രായേൽ പോലെയുള്ള ഒരു രാജ്യവും ഇപ്പോൾ 140 കോടിയിലധികം ജനസംഖ്യയുള്ള ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയും തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ല.  എന്നാൽ,  യഥാർത്ഥ അസംബന്ധം ചരിത്രത്തിലാണ് - ഇസ്രയേലിൻ്റെ അഭിവൃദ്ധി എന്ന് വിളിക്കപ്പെടുന്നത് ഫലസ്തീനിലെ കുടിയേറ്റവും  കൊളോണിയൽ നിയന്ത്രണവും യുഎസിൻ്റെ തടസ്സമില്ലാത്ത പിന്തുണയുമാണ്.  കൊളോണിയൽ കൊള്ളയുടെയും വംശഹത്യയുടെയും ലോകത്തിലെ ഏറ്റവും വലിയ കുറ്റവാളിയുമായുള്ള ഈ ഞെട്ടിക്കുന്ന താരതമ്യത്തേക്കാൾ വലിയൊരു പരിഹാസം ഒരു കോളനി എന്ന നിലയിലുള്ള ഇന്ത്യയുടെ സ്വന്തം ചരിത്രപരമായ ദുരവസ്ഥയെയും ദേശീയ വിമോചനത്തിനായുള്ള നീണ്ടുനിൽക്കുന്ന കൊളോണിയൽ വിരുദ്ധ പോരാട്ടത്തെയും സാമ്രാജ്യത്വ ആധിപത്യത്തിൻ്റെ തുടർയാഥാർത്ഥ്യത്തെയും പരിഹസിക്കാൻ കഴിയുമോ?

 പതിറ്റാണ്ടുകളുടെ വീരോചിതമായ പോരാട്ടങ്ങളിലൂടെയും അസംഖ്യം സ്വാതന്ത്ര്യ സമര സേനാനികളുടെ പരമോന്നത ത്യാഗങ്ങളിലൂടെയും, ഉജ്ജ്വലമായ ആദിവാസി കലാപങ്ങളിലൂടെയും, സമരോത്സുകമായ കർഷക സമരങ്ങളിലൂടെയും, തൊഴിലാളിവർഗ പോരാട്ടങ്ങളിലൂടെയും, ജനകീയ മുന്നേറ്റങ്ങളിലൂടെയും നേടിയ എഴുപത്തിയേഴു വർഷത്തെ സ്വാതന്ത്ര്യത്തിന് ശേഷം, യഥാർത്ഥ സ്വാതന്ത്ര്യം സ്ഥാപിക്കപ്പെട്ടതേയുള്ളൂവെന്ന് ആർഎസ്എസ് ഇപ്പോൾ നമ്മോട് പറയുന്നു.  അയോധ്യയിൽ മറ്റൊരു രാമക്ഷേത്രം പണിയണം.  ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിൻ്റെ എഴുപത്തഞ്ചാം വാർഷികത്തിൽ ആഭ്യന്തര മന്ത്രി നമ്മോട് പറയുന്നത് ഭരണഘടനയുടെ മുഖ്യ ശില്പിയുടെ പേരും ആദർശങ്ങളും വിളിച്ചറിയിക്കുന്നത് ഒരു 'ഫാഷൻ' ആയി മാറിയിരിക്കുന്നു എന്നാണ്.  ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഒഴിവാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളുകയും ക്ഷേമരാഷ്ട്ര ലക്ഷ്യം ആവർത്തിച്ച് പറയുകയും ചെയ്യുമ്പോഴും, കൃഷി കോർപ്പറേറ്റ്കൾക്ക് ഏറ്റെടുക്കാൻ വിട്ടുകൊടുക്കാനും , തൊഴിലാളിവർഗത്തെ ശിക്ഷാനടപടികൾക്കിടയിൽ കീഴ്പ്പെടുത്താനുമാണ് സർക്കാർ ശ്രമിക്കുന്നത്.  തൊഴിലാളികൾക്ക് ആഴ്ചയിൽ 90 മണിക്കൂർ പ്രവൃത്തി എന്ന് കോർപ്പറേറ്റ്കൾ ഇയ്യിടെ മുറവിളി കൂട്ടിക്കൊണ്ടിരിക്കുകയാണ്.   ആർഎസ്എസിൻ്റെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ തള്ളിക്കളഞ്ഞുകൊണ്ടാണ് നമ്മുടെ മുൻഗാമികൾ സ്വാതന്ത്ര്യം നേടി നമുക്ക് ഭരണഘടന നൽകിയത്.  ആ സ്വാതന്ത്ര്യസമര ചരിത്രത്തോട്‌ യുദ്ധം ചെയ്യാനും , ആ മഹത്തായ ദേശീയ ഉണർവിൻ്റെ ഗതിയിൽ നേടിയ എല്ലാ നേട്ടങ്ങളും മറിച്ചിടാനും വേണ്ടി  ആർഎസ്എസ് ഇന്ന് ഭരണകൂട അധികാരത്തിൽ അള്ളിപ്പി ടിച്ചുനിൽക്കുമ്പോൾ, അതിലെ  ഗൂഢാലോചന പരാജയപ്പെടുത്താൻ ഇന്ത്യയിലെ ജനങ്ങൾ നമ്മുടെ എല്ലാ ശക്തിയും സമാഹരിച്ച് പോരാടേണ്ട സമയമായിരിക്കുന്നു.

No comments:

Post a Comment