Friday, 31 January 2025

 2025-26 ബജറ്റിലേക്ക്: സാമ്പത്തിക വെല്ലുവിളികളും രാഷ്ട്രീയ ആവശ്യകതകളും


 മോദി സർക്കാരിൻ്റെ പത്തുവർഷത്തെ കോർപ്പറേറ്റ് പ്രീണനവും സാമ്പത്തിക കെടുകാര്യസ്ഥതയും ഇന്ത്യയെ ആഴത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.  സാമ്പത്തികവളർച്ചാ നിരക്ക് കുറയുന്നതും യുഎസ് ഡോളറുമായി ബന്ധപ്പെട്ട് രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്നതും മുതൽ ഇന്ത്യയുടെ എക്കാലത്തെയും വർദ്ധിച്ചുവരുന്ന ഇറക്കുമതി ബില്ലും നിത്യോപയോഗ സാധനങ്ങളുടെ കുതിച്ചുയരുന്ന വിലയും വരെ, ഓരോ സൂചകവും വിരൽ ചൂണ്ടുന്നത് ഇന്ത്യയുടെ മോശമായ സാമ്പത്തിക അവസ്ഥയിലേക്കാണ്.  ഇത്രയും ഭയാനകമായ നിലവിലെ സാമ്പത്തികസൂചകങ്ങളിൽനിന്ന്   ശ്രദ്ധ തിരിക്കാൻവേണ്ടി  സർക്കാർ കണ്ടെത്തിയ സൂത്രം ഗോൾപോസ്റ്റ് വിദൂരമായ  2047 ലേക്ക് മാറ്റുക എന്നതായിരുന്നു.  ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൻ്റെ നൂറാം വാർഷികത്തിൽ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റും എന്നാണ് ഏറ്റവും പുതിയ അവകാശവാദം !   അതിനിടെ, കാർഷിക നിയമങ്ങളിലൂടെ കാർഷികമേഖലയുടെ കോർപ്പറേറ്റ് ഏറ്റെടുക്കൽ ഉറപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാൽ, കാർഷിക വിപണനത്തെക്കുറിച്ചുള്ള നിർദ്ദിഷ്ട പോളിസി ഫ്രെയിം വർക്ക്  വഴിയായി  ഇതേ  അജണ്ട മുന്നോട്ട് കൊണ്ടുപോകാനും സർക്കാർ  ശ്രമിക്കുന്നു.  വേതനം കുറയുകയും തൊഴിൽ സാഹചര്യങ്ങൾ കൂടുതൽ പരുഷവും അരക്ഷിതവും ജനാധിപത്യവിരുദ്ധവും ആയി വളരുകയും ചെയ്യുമ്പോഴും തൊഴിൽ മേഖലയെ സംബന്ധിച്ചിടത്തോളം, ഇപ്പോഴത്തെ പ്രധാനപ്പെട്ട ചർച്ച പ്രതിവാര ജോലിസമയം തൊണ്ണൂറ് മണിക്കൂർ ആയി വർദ്ധിപ്പിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ്.

 സാമ്പത്തിക വികസനത്തിൻ്റെ 'ഒലിച്ചിറങ്ങൽ' ('ട്രിക്കിൾ-ഡൗൺ') സിദ്ധാന്തം,  അതിന്റെ നല്ല കാലങ്ങളിൽ പോലും ഒരു ആഗ്രഹചിന്ത  മാത്രമായിരുന്നു.  എന്നാൽ ജിഡിപി വളർച്ച മന്ദഗതിയിലായതോടെ, ട്രിക്കിൾ-ഡൗൺ അവകാശവാദം പോലും  ക്രൂരമായ ഒരു തമാശയായി മാറുകയാണ്.  മോദി ഗവൺമെൻ്റിൻ്റെ രണ്ടാം ഭരണകാലത്ത്, കർഷകത്തൊഴിലാളികളുടെ യഥാർത്ഥ വേതനം പ്രതിവർഷം 1.3 ശതമാനം കുറയുന്നത് തുടർന്നു, കാർഷികേതര ഗ്രാമീണ വേതനത്തിലെ ഇടിവ് 1.4 ശതമാനമായി .  FICCI അടുത്തിടെ തയ്യാറാക്കിയ ഒരു റിപ്പോർട്ട് 2019 നും 2023 നും ഇടയിൽ സ്വകാര്യ മേഖലയിലുടനീളമുള്ള യഥാർത്ഥ വേതനം കുറയുന്നതായി ചൂണ്ടിക്കാണിക്കുന്നു - എഞ്ചിനീയറിംഗ്, നിർമ്മാണം, പ്രോസസ്സ്, ഇൻഫ്രാസ്ട്രക്ചർ എന്നിവ ഉൾക്കൊള്ളുന്ന ഇഎംപിഐ മേഖലയ്ക്ക്  വേതനം നാമമാത്രവാർഷിക നിരക്കിൽ , 0.8  ശതമാനമായി വർദ്ധിച്ചു.   അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉൽപ്പന്ന മേഖല (എഫ്എംസിജി )യിൽ ഇത് 5.0 ശതമാനം ആയിരുന്നു. എന്നാൽ , പണപ്പെരുപ്പം 5.7 ശതമാനം എന്ന വാർഷിക നിരക്കിൽ വളർന്നു.  മറുവശത്ത്, വൻകിട കമ്പനികളുടെ  നികുതിഅടങ്കലിനു ശേഷമുള്ള  ലാഭം കോവിഡിന് ശേഷമുള്ള ഘട്ടത്തിൽ പോലും നാലിരട്ടിയായി വളർന്നു. 2024 ൽ അത് ജി ഡി പി യുടെ  4.8 ശതമാനത്തിലെത്തി.  കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ലാഭ നിരക്കാണ് ഇത്. 

 കുറഞ്ഞുവരുന്ന വേതനത്തിൻ്റെയും വർദ്ധിച്ചുവരുന്ന ലാഭത്തിൻ്റെയും സംയോജനം, സമ്പത്തിൻ്റെയും വരുമാനത്തിൻ്റെയും സിംഹഭാഗവും നിയന്ത്രിക്കുന്ന ഏറ്റവും മുകളിലുള്ള ശതകോടീശ്വരന്മാരുടെ ഒരു ചെറിയ ക്ലബ് സാമ്പത്തിക അസമത്വത്തിൻ്റെ ഭയാനകമായ തലങ്ങളിലേക്ക് സംഭാവന ചെയ്യുകയാണ് .  ഞെട്ടിപ്പിക്കുന്ന തോതിൽ വളരുന്ന   അസമത്വത്തെ പെരുപ്പിക്കുന്നത് ഇന്ത്യയുടെ  പിന്തിരിപ്പൻ നികുതി സമ്പ്രദായം ആണ്.  ഇന്ത്യയുടെ ജിഡിപിയും ആദായ നികുതിവരുമാനവും (പ്രവിശ്യാ, മുനിസിപ്പൽ നികുതികളും കേന്ദ്ര സർക്കാർ ചുമത്തുന്ന നികുതികളും ഉൾപ്പെടെ)   തമ്മിലുള്ള  അനുപാതം  ഏകദേശം 17 ശതമാനം ആണ് . വികസ്വര രാജ്യങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത് . മൊത്തം നികുതി വരുമാനത്തിൻ്റെ പകുതിയോളം സംഭാവന ചെയ്യുന്നത്  GST പ്രധാന ഘടകമായ പരോക്ഷ നികുതികൾ ആണ്.  അതേസമയം ,  വ്യക്തിഗത ആദായനികുതികളുടെ പങ്ക് ഇപ്പോൾ പ്രത്യക്ഷ നികുതി ഘടകത്തിലെ കോർപ്പറേറ്റ് നികുതികളെ മറികടന്നിരിക്കുന്നു.  മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദരിദ്രരും ഇടത്തരക്കാരും നികുതിഭാരത്തിൻ്റെ ഭാരം വഹിക്കുന്നു, അതേസമയം അതിസമ്പന്നർ ഇന്ത്യയുടെ നികുതി വരുമാനത്തിലേക്ക് വളരെ കുറച്ച് സംഭാവന മാത്രമേ നൽകുന്നുള്ളൂ.  തൻ്റെ സമീപകാല ഇന്ത്യാ സന്ദർശന വേളയിൽ, പ്രശസ്ത ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് പിക്കെറ്റി, സമ്പന്നരായ 100 ഇന്ത്യക്കാർ അടച്ച നികുതിയുടെ വിവരങ്ങൾ പരസ്യമാക്കാൻ ഇന്ത്യാ ഗവൺമെൻ്റിനെ വെല്ലുവിളിച്ചു.   പിക്കറ്റിയും മറ്റ് നിരവധി വികസന സാമ്പത്തിക വിദഗ്ധരും നിർദ്ദേശിച്ചതുപോലെ, പത്തുകോടി രൂപയ്ക്ക് മുകളിലുള്ള സമ്പത്തിനും അനന്തരാവകാശത്തിനും 33 ശതമാനം സ്വത്ത് നികുതിയും 33 ശതമാനം അനന്തരാവകാശ നികുതിയും, അതിസമ്പന്നർക്ക് കൂടുതൽ ഫലപ്രദമായ ആദായനികുതി സമ്പ്രദായവും ഏർപ്പെടുത്തിയിരുന്നുവെങ്കിൽ അത്  ഇന്ത്യയുടെ പൊതുവരുമാനം വളരെയധികം വർദ്ധിപ്പിക്കുമായിരുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, മറ്റ് അവശ്യ പൊതു സേവനങ്ങൾ എന്നിവയുടെ സാർവത്രിക വിതരണത്തിനുള്ള സാമ്പത്തിക അടിത്തറയെ അത് ശക്തിപ്പെടുത്തുമായിരുന്നു. താഴ്ന്ന കോർപ്പറേറ്റ് നികുതിനിരക്കുകൾ വലിയ സ്വകാര്യ നിക്ഷേപങ്ങൾക്കും  തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്കും നയിക്കുമെന്ന  അവകാശവാദം പൂർണ്ണമായും പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുന്നു.  മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ തൻ്റെ സമീപകാല പരസ്യങ്ങളിൽ കോർപ്പറേറ്റ് ലാഭവും കുറയുന്ന തൊഴിലും മുരടിക്കുന്ന വേതനവും തമ്മിലുള്ള വൈരുദ്ധ്യാത്മക സംയോജനത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.  2017-18 നും 2023-24 നും ഇടയിൽ, സ്ഥിരവേതനമുള്ള   ജോലികളുടെ അനുപാതം 5 ശതമാനം കുറഞ്ഞു, അതേസമയം , സ്വയം തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ പങ്ക് ഇതേ കാലയളവിൽ 52 ശതമാനത്തിൽ നിന്ന് 57.7 ശതമാനമായി വർദ്ധിച്ചു.

 യുഎസ് ഡോളറുമായി ബന്ധപ്പെട്ട് രൂപയുടെ മൂല്യം തുടർച്ചയായി കുറയുന്നതാണ് മറ്റൊരു പ്രധാന ആശങ്ക.  2014ൽ ഒരു ഡോളറിന് 58 രൂപയായിരുന്നത്, മോദി സർക്കാരിൻ്റെ കഴിഞ്ഞ ദശകത്തിൽ രൂപയുടെ മൂല്യം ഡോളറിന് 86 രൂപയായി കുറഞ്ഞു.  രൂപയുടെ മൂല്യത്തകർച്ചയ്ക്ക് മൂന്ന് പ്രധാന പ്രതികൂല പ്രത്യാഘാതങ്ങളുണ്ട് - കുതിച്ചുയരുന്ന ഇറക്കുമതി ബിൽ, വർദ്ധിച്ചുവരുന്ന കടം തിരിച്ചടവ്  ഭാരം, ഡോളറിൻ്റെ വരുമാനം കുറയുന്നതിനാൽ വിദേശ സ്ഥാപനനിക്ഷേപം ഇന്ത്യയിൽ നിന്ന് അകന്നുപോകൽ.  ബദൽ കറൻസികൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ആഗോള വ്യാപാരത്തിൻ്റെ പ്രധാന നാണയമായ ഡോളറിൻ്റെ ആധിപത്യം അവസാനിപ്പിക്കുന്നതിലൂടെയും അന്താരാഷ്ട്ര വ്യാപാരത്തിൻ്റെ ഗണ്യമായ മൂല്യത്തകർച്ചയിൽ നിയന്ത്രണം കൈവരിക്കാനുള്ള കൂട്ടായ ദൃഢനിശ്ചയം BRICS രാജ്യങ്ങൾ പ്രകടിപ്പിക്കുന്നുണ്ട് .  എന്നാൽ , യുഎസ് ഡോളർ ഒഴികെയുള്ള കറൻസികളിൽ അന്താരാഷ്ട്ര വ്യാപാരം നടത്താനുള്ള ഏതൊരു ശ്രമവും തടയാൻ ശിക്ഷാപരമായ താരിഫുകൾ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതോടെ, ഈ ബദൽ പദ്ധതിയിൽ നിന്നും സംരംഭത്തിൽ നിന്നും മോദി ഇതിനകം പിന്മാറി.  റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താനുള്ള അമേരിക്കൻ സമ്മർദത്തിന് സർക്കാർ ഇപ്പോൾ വഴങ്ങിയിരിക്കുകയാണ്.

 കൂലി കുറയുന്നതും സാധാരണക്കാരുടെ വാങ്ങൽ ശേഷി ഇല്ലാതാക്കുന്നതും  ഉപഭോഗത്തിലും ഗാർഹികഡിമാൻഡിലും വൻതോതിലുള്ള ഇടിവ്  സംഭവിക്കുന്നു.  ഗാർഹിക വിപണിയിലെ ഈ മാന്ദ്യം ,  ഉൽപ്പാദന നിക്ഷേപത്തിലും ഉൽപ്പാദന പ്രവർത്തനങ്ങളിലും ഫലപ്രദമായ വളർച്ചയ്ക്ക് ഒരു പ്രധാന തടസ്സമായി മാറിയിരിക്കുന്നു.  ഗവൺമെൻ്റിൻ്റെ ഏറ്റവും വലിയ സാമ്പത്തിക മുൻഗണന പൊതുനിക്ഷേപം വർദ്ധിപ്പിക്കുന്നതിലും  ആഭ്യന്തര ഡിമാൻഡും ഉൽപ്പാദനവും വർദ്ധിപ്പിക്കുന്നതിന് വേണ്ടി വേതനത്തിലും വാങ്ങൽശേഷിയിലും ഗണ്യമായ വർദ്ധനവ് ഉറപ്പാക്കുന്നതിലും ആയിരിക്കണം.   അമേരിക്കയുടെയും മറ്റ് വികസിത സമ്പദ്‌വ്യവസ്ഥകളുടെയും സാമ്പത്തിക ആധിപത്യത്തിനും നിയന്ത്രണത്തിനും എതിരെ കൂട്ടായ പ്രതിരോധം തീർക്കാൻ അന്താരാഷ്ട്ര വ്യാപാര രംഗത്ത് ഇന്ത്യ മറ്റ് വികസ്വര രാജ്യങ്ങളുമായുള്ള സാമ്പത്തിക സഹകരണവും ഏകോപനവും വിപുലീകരിക്കേണ്ടതുണ്ട്.  ആഗോള സാമ്പത്തിക മേഖലയിൽ അദാനി ഗ്രൂപ്പിനെപ്പോലുള്ള അഴിമതിക്കാരായ ചങ്ങാത്ത മുതലാളിമാരുടെ താൽപ്പര്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, സമ്പന്നർക്ക് നികുതി ചുമത്താനും ഇന്ത്യയുടെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കാനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തിയെ ഇത് ആവശ്യപ്പെടുന്നു.  മോദി  ഗവൺമെൻ്റ് കൃത്യമായും വിപരീതമായ പ്രവർത്തനരീതിയാണ് പിന്തുടരുന്നത്, അങ്ങനെ ഭൂരിപക്ഷം വരുന്ന ഇന്ത്യൻ ജനതയുടെ വർദ്ധിച്ചുവരുന്ന സാമ്പത്തിക ബാധ്യതയായി അത് മാറിയിരിക്കുന്നു.

No comments:

Post a Comment